2019-ൽ മഹാരാഷ്ട്രയിലെ നാസിക്ക് ജില്ലയിലെ വീട്ടിൽനിന്ന് ആടുമേയ്ക്കാനായി അച്ഛൻ അവളെ പറഞ്ഞയക്കുമ്പോൾ വെറും ഏഴ് വയസ്സായിരുന്നു അവൾക്ക്.
മൂന്ന് വർഷം കഴിഞ്ഞ്, 2022 ഓഗസ്റ്റ് അവസാനം, അവളെ വീടിന്റെ മുമ്പിൽ വീട്ടുകാർ കണ്ടെത്തി. അബോധാവസ്ഥയിൽ, ഒരു കമ്പിളികൊണ്ട് പുതപ്പിച്ച നിലയിൽ. കഴുത്തിൽ വരിഞ്ഞുമുറുക്കിയതിന്റെ പാടുണ്ടായിരുന്നു.
“മരിക്കുന്നതുവരെ അവൾ ഒരക്ഷരം മിണ്ടിയില്ല. എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾ അവളോട് ചോദിച്ചുനോക്കിയെങ്കിലും അവൾക്ക് സംസാരിക്കാനായില്ല” കണ്ണ് തുടച്ചുകൊണ്ട്, അവളുടെ അമ്മ, സവിതാബായ് പറഞ്ഞു. “ആരോ അവളെ ദുർമ്മന്ത്രവാദം ചെയ്തുവെന്നാണ് ഞങ്ങൾ കരുതിയത്. അതുകൊണ്ട് അവളെ ഞങ്ങൾ അടുത്തുള്ള മോറ കുന്നിലെ (മുംബൈ-നാസിക്ക് ഹൈവേയിൽനിന്ന് അല്പം മാറി സ്ഥിതി ചെയ്യുന്ന സ്ഥലം) അമ്പലത്തിലേക്ക് കൊണ്ടുപോയി. പൂജാരി അവളുടെ ശരീരത്തിൽ ചാരം പൂശി നോക്കി. അവൾക്ക് ബോധം തിരിച്ചുകിട്ടുന്നുതും കാത്ത് ഞങ്ങളിരുന്നു. എന്നാൽ. അതുണ്ടായില്ല”, സവിതാബായ് പറഞ്ഞു. അഞ്ച് ദിവസം കഴിഞ്ഞ്, 2022 സെപ്റ്റംബർ 2-ന്, ശരീരത്തിലെ പരിക്കുകൾ മൂലം, നാസിക്കിലെ സിവിൽ ആശുപത്രിയിൽവെച്ച് പാരു മരിച്ചു.
ജോലിക്ക് പോയതിനുശേഷമുള്ള മൂന്ന് വർഷത്തിനുള്ളിൽ ഒരേയൊരു തവണ മാത്രമാണ് പാരു വീട്ടിൽ വന്നത്. അവളെ ജോലിക്കായി കൊണ്ടുപോയ ഇടനിലക്കാർ ഒന്നരവർഷത്തിനുശേഷം അവളെ കൊണ്ടുവന്നപ്പോൾ. “ഞങ്ങളുടെ കൂടെ ഏഴോ എട്ടോ ദിവസം അവളുണ്ടായിരുന്നു. എട്ടാമത്തെ ദിവസം കഴിഞ്ഞപ്പോൾ അയാൾ വന്ന് അവളെ തിരിച്ചുകൊണ്ടുപോയി”, എന്നാണ്, പാരുവിനെ അബോധാവസ്ഥയിൽ കണ്ടതിന്റെ പിറ്റേന്ന്, സവിതാബായ് ആ ഇടനിലക്കാരനെക്കുറിച്ച് പൊലീസിൽ കൊടുത്ത പരാതിയിൽ എഴുതിയിരുന്നത്.


ഇടത്ത്: പാരുവിന്റെ ഒഴിഞ്ഞുകിടക്കുന്ന വീട്. കുടുംബം തൊഴിലന്വേഷിച്ച് പോയിരുന്നു. വലത്ത്: ഹൈവേക്ക് സമീപമുള്ള കട്കരി സമുദായക്കാരുടെ വീടുകൾ
ആ ഇടനിലക്കാരനെതിരേ നാസിക്ക് ജില്ലയിലെ ഘോടി പൊലീസ് സ്റ്റേഷനിൽ, വധശ്രമത്തിനുള്ള കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. “പിന്നീട്, അയാളുടെ പേരിൽ കൊലപാതകത്തിന് കേസെടുത്ത്, അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു”, സഞ്ജയ് ഷിൻഡെ പറഞ്ഞു. അടിമപ്പണിക്കാരെ വിമോചിപ്പിക്കാനുള്ള പരിശ്രമത്തിലേർപ്പെട്ട ശ്രമജീവി സംഘടന എന്ന സംഘടനയുടെ നാസിക്ക് ജിലാ പ്രസിഡന്റാണ് സഞ്ജയ്. ബോണ്ടഡ് ലേബർ സിസ്റ്റം (അബോളിഷൻ) ആക്ട് പ്രകാരം അഹമ്മദ്നഗർ ജില്ലയിലെ (ഇതേ ജില്ലയിലായിരുന്നു പാരു ആട് മേയ്ച്ചിരുന്നത്) നാല് ഇടയന്മാർക്കെതിരേ സെപ്റ്റംബറിൽ പരാതി രജിസ്റ്റർ ചെയ്തിരുന്നു
ആ ഇടനിലക്കാരൻ തങ്ങളുടെ ചേരിയിൽ വന്ന ദിവസം സവിതബായിക്ക് ഓർമ്മയുണ്ട്. മുംബൈ-നാസിക്ക് ഹൈവേയിൽനിന്ന് അല്പം മാറിയാണ് കട്കരി ആദിവാസികളുടെ ചേരി. “അയാൾ എന്റെ ഭർത്താവിനെ കള്ള് കുടിപ്പിച്ച്, 3,000 രൂപയും കൊടുത്ത് പാരുവിനെ കൊണ്ടുപോയി”, അവർ പറയുന്നു.
“പെൻസിലുപയോഗിച്ച് എഴുതാൻ തുടങ്ങേണ്ട പ്രായത്തിൽ, എന്റെ മകൾ, ചുട്ടുപഴുത്ത വെയിലത്ത്, ആടിനെ മേയ്ക്കാൻ വരണ്ടുണങ്ങിയ സ്ഥലങ്ങളിലൂടെ അലയുകയായിരുന്നു. മൂന്ന് വർഷം അവൾ അടിമയായി ബാലവേല ചെയ്തു”, സവിതാബായ് പറഞ്ഞു.
പാരുവിന്റെ സഹോദരൻ മോഹനനേയും ഏഴാമത്തെ വയസ്സിൽ, 3,000 രൂപ വാങ്ങി, അച്ഛൻ ജോലിക്കയച്ചിരുന്നു. തന്നെ ജോലിക്കെടുത്ത ഇടയന്മാരുടെ കൂടെ ജോലി ചെയ്ത അനുഭവം ഇപ്പോൾ 10 വയസ്സുള്ള മോഹൻ വിവരിച്ചു. “ഞാൻ ചെമ്മരിയാടുകളേയും ആടുകളേയും ഒരു ഗ്രാമത്തിൽനിന്ന് മറ്റൊരു ഗ്രാമത്തിലേക്ക് മേയ്ക്കാൻ കൊണ്ടുപോയിരുന്നു. 50-60 ചെമ്മരിയാടുകളും,5-6 ആടുകളും മറ്റ് വളർത്തുമൃഗങ്ങളുമുണ്ടായിരുന്നു”, അവൻ പറഞ്ഞു. വർഷത്തിലൊരിക്കൽ ആ ഇടയൻ മോഹനനൊരു ഷർട്ടും, പാന്റും, ട്രൌസറും, ചെരുപ്പും തൂവാലയും വാങ്ങിക്കൊടുക്കും. അത്രമാത്രം. ഇടയ്ക്ക് വല്ലപ്പോഴും എന്തെങ്കിലും തിന്നാൻ, 5-10 രൂപയും കൊടുക്കും. “ജോലി ചെയ്തില്ലെങ്കിൽ, ആടുകളുടെ ഉടമസ്ഥൻ തല്ലാറുണ്ടായിരുന്നു. എന്നെ വീട്ടിലേക്ക് തിരിച്ചയയ്ക്കാൻ ഞാൻ അയാളോട് പലതവണ പറഞ്ഞു. ‘അച്ഛനെ വിളിക്കാം’ എന്ന് ഓരോതവണയും അയാൾ മറുപടി പറയുമെങ്കിലും ഒരിക്കലും വിളിച്ചില്ല”.
പെങ്ങളെപ്പോലെ മോഹനനും മൂന്ന് വർഷത്തിലൊരിക്കൽ മാത്രമാണ് കുടുംബത്തിലേക്ക് വന്നത്. “അവന്റെ ഉടമസ്ഥൻ അവനെ വീട്ടിലേക്ക് കൊണ്ടുവന്ന് പിറ്റേദിവസം തിരിച്ചുകൊണ്ടുപോയി”, സവിതാബായി പറഞ്ഞു. പിന്നീട് അവനെ കണ്ടപ്പോഴേക്കും അവൻ അവരുടെ ഭാഷയൊക്കെ മറന്നുപോയിരുന്നു. “അവൻ ഞങ്ങളെ തിരിച്ചറിഞ്ഞതേയില്ല”.

റീമാബായിയും ഭർത്താവും, മുംബൈ-നാസിക്ക് ഹൈവേയിൽനിന്ന് അല്പം മാറിയുള്ള അവരുടെ കുടിലിൽ


റീമാബായിയെപ്പോലെയുള്ള കട്കരി ആദിവാസികൾ സാധാരണയായി തൊഴിലന്വേഷിച്ച് ഇഷ്ടികക്കളങ്ങളിലേക്കും നിർമ്മാണ സൈറ്റുകളിലേക്കും പോവുകയാണ് ചെയ്യുക
“എന്റെ കുടുംബത്തിലെ ആർക്കും തൊഴിലുണ്ടായിരുന്നില്ല. കഴിക്കാനും ഒന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് ഞങ്ങൾ കുട്ടികളെ പണിക്കയച്ചു”, ഇതേ കട്കരി ചേരിയിൽ താമസിക്കുന്ന റീമാബായി വിശദീകരിക്കുന്നു. റീമാബായിയുടെ രണ്ട് ആണ്മക്കളേയും ഇതുപോലെ, ആടുകളെ മേയ്ക്കാൻ കൊണ്ടുപോയിരുന്നു. “അവർക്കെങ്കിലും ജോലി ചെയ്ത് ഭക്ഷണം കഴിക്കാൻ സാധിക്കട്ടെ എന്ന് ഞങ്ങൾ കരുതി”.
ഒരു ഇടനിലക്കാരൻ വന്ന് റീമാബായിയുടെ ആണ്മക്കളെ കൊണ്ടുപോയി, അഹമ്മദ്നഗർ ജില്ലയിലെ പാർനർ ബ്ലോക്കിലെ ഒരു ഇടയനെ ഏൽപ്പിച്ചു. പണത്തിന്റെ കൈമാറ്റം ഇരുഭാഗത്തുമുണ്ടായി. കുട്ടികളെ കൊണ്ടുപോകാൻ ഇടനിലക്കാർ അച്ഛനമ്മമാർക്കും, ഈ കുട്ടികളെ കിട്ടാൻ ഇടയന്മാർ ഇടനിലക്കാർക്കും പണം കൊടുത്തു. ചില സമയങ്ങളിൽ, ഒരു ആടിനേയോ, ചെമ്മരിയാടിനേയോ വാഗ്ദാനവും ചെയ്യും.
റീമാബായിയുടെ ആണ്മക്കൾ അടുത്ത മൂന്ന് വർഷം പാർനർ ബ്ലോക്കിൽ കഴിഞ്ഞു. ആടുകളെ മേയ്ക്കുകയും അവയ്ക്ക് തീറ്റകൊടുക്കുകയും ചെയ്യുന്നതിനുപുറമേ, കിണറ്റിൽനിന്ന് വെള്ളം കോരുകയും, തുണികളലക്കുകയും തൊഴുത്തുകൾ വൃത്തിയാക്കലുമൊക്കെ അവരുടെ ജോലിയിലുൾപ്പെട്ടിരുന്നു. ഒരിക്കൽ മാത്രമാണ് അവരെ വീട്ടിൽ പോകാൻ അനുവദിച്ചത്.
രാവിലെ 5 മണിക്ക് എഴുന്നേറ്റില്ലെങ്കിൽ തല്ലാറുണ്ടായിരുന്നുവെന്ന് ഇളയ കുട്ടി ഏക്നാഥ് അറഞ്ഞു. “മുതലാളി എന്റെ പുറത്തും കാലിലുമൊക്കെ തല്ലും. ചീത്ത വിളിക്കുകയും ചെയ്യും. ഞങ്ങളെ പട്ടിണിക്കിട്ടിട്ടുമുണ്ട്. ഞങ്ങൾ മേയ്ക്കുന്ന ആടുകൾ ഏതെങ്കിലും കൃഷിസ്ഥലത്ത് കയറിയാൽ അവിടുത്തെ കൃഷിക്കാരനും ഞങ്ങളുടെ മുതലാളിയും ഞങ്ങളെ തല്ലും. രാത്രി ഏറെ വൈകുംവരെ ജോലി ചെയ്യിപ്പിക്കും”, അവൻ പാരി യോട് പറഞ്ഞു. ഒരിക്കൽ ഒരു നായ അവന്റെ ഇടത്തേ കയ്യിലും കാലിലും കടിച്ചിട്ടുപോലും ഒരു ചികിത്സയും നൽകിയില്ലെന്നും ആടുമേയ്ക്കാൻ പോകേണ്ടിവന്നുവെന്നും ഏക്നാഥ് പറഞ്ഞു.
റീമാബായിയുടേയും സവിതാബായിയുടേയും കുടുംബം കട്കരി ആദിവാസി സമുദായക്കാരാണ്. മഹാരാഷ്ട്രയിലെ അതീവദുർബ്ബല ഗോത്രവിഭാഗത്തിൽ ഉൾപ്പെടുന്നവരാണ് അവർ. അവർക്ക് സ്വന്തമായി ഭൂമിയൊന്നും ഇല്ല. എന്തെങ്കിലും തൊഴിൽ ചെയ്തോ, തൊഴിലന്വേഷിച്ച് മറ്റെവിടേക്കെങ്കിലും കുടിയേറിയോ ഒക്കെയാണ് അവർ വരുമാനം കണ്ടെത്തുന്നത്. മിക്കവാറും ഇഷ്ടികച്ചൂളയോ നിർമ്മാണ സൈറ്റുകളോ ഒക്കെയാവും അത്. കുടുംബത്തെ പോറ്റാനുള്ള വരുമാനമില്ലാതെ, മിക്കവരും അവരുടെ മക്കളെ ആടുമേയ്ക്കാനായി, അർദ്ധനാടോടി വിഭാഗമായ ധംഗർ സമൂഹത്തിലെ ഇടയന്മാരുടെയടുത്തേക്ക് പറഞ്ഞയക്കും.


ഇടത്ത്: നാസിക്കിലെ സിവിൽ ആശുപത്രിയുടെ മുമ്പിൽ കാത്തിരിക്കുന്ന അച്ഛനമ്മമാർ. വലത്ത്: അടിമവേലയിൽനിന്ന് മോചിപ്പിക്കപ്പെട്ട കുട്ടികളുടെ മൊഴിയെടുക്കുന്ന പൊലീസ്
ഈ മേഖലകളിൽ നിലനിൽക്കുന്ന ബാലവേലയിലേക്കും, അതിൽനിന്നുള്ള അവരുടെ മോചനത്തിലേക്കും നയിച്ചത്, 10 വയസ്സുള്ള പാരുവിന്റെ നിർഭാഗ്യകരമായ മരണമായിരുന്നു. നാസിക്ക് ജില്ലയിലെ ഡിംഡോരി ബ്ലോക്കിലെ സംഗംനർ, അഹമ്മദ്നഗർ ജില്ലയിലെ പാർനർ എന്നീ ഗ്രാമങ്ങളിൽനിന്ന് 42 കുട്ടികളെയാണ് ശ്രമജീവി സംഘടന മോചിപ്പിച്ചത്. നാസിക്ക് ജില്ലയിലെ ഇഗത്പുരി, ത്രിംബകേശ്വർ ബ്ലോക്കുകളിൽനിന്നും, അഹമ്മദ്നഗർ ജില്ലയിലെ അകോല ബ്ലോക്കിൽനിന്നുമുള്ള കുട്ടികളായിരുന്നു അവർ. തുച്ഛമായ പൈസയ്ക്ക് പകരമായി, ആടുമേയ്ക്കാൻ കൊണ്ടുപോയതായിരുന്നു അവരെ എന്ന് സഞ്ജയ് ഷിൻഡെ പറഞ്ഞു. അവരിൽ, ആ ചേരിയിലെ 13 കുട്ടികളുണ്ടായിരുന്നു. പാരുവിന്റെ സഹോദരൻ മോഹനനും, അയൽക്കാരൻ ഏക്നാഥും ഉൾപ്പെടെ.
ഘോടിക്ക് സമീപത്തുള്ള ഈ ചേരിയിൽ കഴിഞ്ഞ 30 വർഷത്തിലേറെയായി താമസിക്കുന്ന 26 കട്കരി കുടുംബങ്ങളാണുള്ളത്. അവരുടെ കുടിലുകൾ നിൽക്കുന്നത് സ്വകാര്യഭൂമിയിലാണ്. പുല്ലുകൊണ്ടോ പ്ലാസ്റ്റിക്ക് ഷീറ്റുകൊണ്ടോ മറച്ച മേൽക്കൂരയുള്ള ഈ കുടിലുകളിൽ ചിലതിൽ ചിലപ്പോൾ ഒന്നിലധിക കുടുംബങ്ങൾ താമസിച്ചുവരുന്നു. സവിതാബായിയുടെ കുടിലിന് വാതിലുകളില്ല. വൈദ്യുതിയും.
“98 ശതമാനം കട്കരി കുടുംബങ്ങൾക്കും സ്വന്തമായി ഭൂമിയില്ല. അവരുടെ ജാതി തെളിയിക്കുന്ന രേഖകളും അവരിൽ പലരുടേയും കൈവശം ഉണ്ടാവാറില്ല”, മുംബൈ സർവ്വകലാശാലയിലെ ഇക്കണോമിക്സ് പ്രൊഫസ്സർ ഡോ. നീരജ് ഹടേകർ പറയുന്നു. “തൊഴിലവസരങ്ങൾ കുറവായതിനാൽ, കുടുംബം ഒന്നടങ്കം വീടുവിട്ട് തൊഴിലന്വേഷിച്ച് പോവുന്നു. ഇഷ്ടികച്ചൂളയിലും, മത്സ്യബന്ധനമേഖലയിലും തൊഴിലെടുത്തും, പാഴ്വസ്തുക്കൾ ശേഖരിച്ചും മറ്റും അവർ ജീവിക്കുന്നു”.


രക്ഷപ്പെടുത്തിയ കുട്ടികളോടൊപ്പം സുനിൽ വാഗ് (കറുത്ത ഷർട്ട് ധരിച്ചയാൾ) ഇഗത്പുരിയിലെ തഹസീൽദാറിന്റെ ഓഫീസിനുമുന്നിൽ (വലത്ത്) നിൽക്കുന്നു
കേന്ദ്ര ഗോത്രകാര്യ മന്ത്രാലയത്തിന്റെ പിന്തുണയോടെ 2021-ൽ, മഹാരാഷ്ട്രയിലെ കട്കരി സമുദായത്തിന്റെ സാമൂഹിക-സാമ്പത്തിക അവസ്ഥയെക്കുറിച്ച് പഠിക്കാനായി ഡോ. ഹടേകരുടെ നേതൃത്വത്തിൽ ഒരു സർവ്വേ നടക്കുകയുണ്ടായി. സർവ്വേ ചെയ്യപ്പെട്ടവരിൽ 3 ശതമാനത്തിനുമാത്രമേ ജാതി സർട്ടിഫിക്കറ്റുകളുള്ളൂവെന്നും, പലർക്കും ആധാർ കാർഡോ റേഷൻ കാർഡോ ഇല്ലെന്നും സംഘം കണ്ടെത്തി. “സർക്കാരിന്റെ ഭവനപദ്ധതികളുടെ ഗുണം അനുഭവിക്കാൻ കട്കരി സമുദായത്തിന് സാധിക്കണം. അവർ താമസിക്കുന്ന സ്ഥലങ്ങളിൽ സർക്കാർ തൊഴിലുത്പാദന പദ്ധതികൾ ആരംഭിക്കണം”, ഹടേകർ പറയുന്നു.
*****
കുട്ടികൾ തിരിച്ചുവന്ന സ്ഥിതിക്ക് അവരെ സ്കൂളിൽ ചേർക്കണമെന്ന് റീമാബായി ആഗ്രഹിക്കുന്നു. “ഇന്നുവരെ ഞങ്ങൾക്ക് റേഷൻ കാർഡ് കിട്ടിയിട്ടില്ല. ഞങ്ങൾക്ക് ഇതിനെക്കുറിച്ചൊന്നും അറിയില്ല. എന്നാൽ ഈ കുട്ടികൾക്ക് വിദ്യാഭ്യാസമുണ്ട്. അവർ ഞങ്ങൾക്ക് ഒരു കാർഡ് സംഘടിപ്പിച്ചുതന്നു”, ശ്രമജീവി സംഘടനയുടെ ജില്ലാ സെക്രട്ടറി സുനിൽ വാഗെയെ ചൂണ്ടിക്കാണിച്ച് റീമാദേവി പറയുന്നു. കുട്ടികളെ മോച്ചിപ്പിച്ച സംഘത്തിലെ ഒരംഗമായിരുന്നു സുനിൽ. കട്കരി സമുദായത്തിൽപ്പെട്ട സുനിൽ തന്റെ ആളുകളെ സഹായിക്കുന്നതിൽ വളരെ തത്പരനാണ്.
“പാരുവിന്റെ ഓർമ്മയ്ക്കായി ഭക്ഷണം നേദിക്കേണ്ടതുണ്ട്. ഭക്ഷണം പാചകം ചെയ്യണം”, പാരു മരിച്ചതിന്റെ പിറ്റേന്ന് കണ്ടപ്പോൾ സവിതാബായി എന്നോട് പറഞ്ഞു. കുടിലിനോട് ചേർന്ന് കല്ലുകൾകൊണ്ടുണ്ടാക്കിയ താത്ക്കാലികമായ ഒരടുപ്പിൽ അവർ തീ കൂട്ടുകയായിരുന്നു. ഒരു പാത്രത്തിൽ രണ്ട് പിടി അരി അവർ ഇട്ടു. ഒരു പിടി തന്റെ മരിച്ചുപോയ മകൾക്കും, ബാക്കിയുള്ള മൂന്ന് മക്കൾക്കും ഭർത്താവിനുമായി ശേഷിച്ച ഒരു പിടിയും. വീട്ടിൽ അരി മാത്രമേയുണ്ടായിരുന്നുള്ളു. മറ്റുള്ളവരുടെ പറമ്പിൽ ജോലി ചെയ്ത് പ്രതിദിനം 200 രൂപ സമ്പാദിക്കുന്ന ഭർത്താവ് ചോറിന്റെ കൂടെ കഴിക്കാൻ എന്തെങ്കിലും കൊണ്ടുവരുമെന്ന പ്രതീക്ഷയിലായിരുന്നു സവിതാബായി.
കുട്ടികളുടേയും അച്ഛനമ്മമാരുടേയും സ്വകാര്യത സംരക്ഷിക്കുന്നതിനായി അവരുടെ യഥാർത്ഥ പേരുകൾ മാറ്റിയിട്ടുണ്ട്.
പരിഭാഷ: രാജീവ് ചേലനാട്ട്