“സ്കൂളിൽനിന്ന് ഞാൻ പഠിക്കുന്ന കാര്യങ്ങൾക്ക് നേർവിപരിതമാണ് വീട്ടിലെ യാഥാർത്ഥ്യങ്ങൾ”.
മലമ്പ്രദേശമായ ഉത്തരാഖണ്ഡ് സംസ്ഥാനത്തിലെ രജപുത്ത് സമുദായത്തിലെ സ്കൂൾ വിദ്യാർത്ഥിനിയാണ് 16 വയസ്സുള്ള പ്രിയ. ആർത്തവസമയത്ത് കർശനവും കൃത്യവുമായ നിയമങ്ങൾ പാലിക്കാൻ നിർബന്ധിതമാകുന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് അവൾ. “രണ്ട് വ്യത്യസ്തലോകങ്ങളിൽ ജീവിക്കുന്നതുപോലെയാണ് അത്. വീട്ടിൽ എനിക്ക് വേറിട്ടിരിക്കുകയും എല്ലാ നിയന്ത്രണങ്ങളും ആചാരങ്ങളും അനുസരിക്കേണ്ടിവരികയും ചെയ്യുന്നു. സ്കൂളിലാകട്ടെ, സ്ത്രീ-പുരുഷ സമത്വത്തെക്കുറിച്ചാണ് ഞാൻ പഠിക്കുന്നത്”.
ഗ്രാമത്തിലെ വീട്ടിൽനിന്ന് 7 കിലോമീറ്റർ അകലെയുള്ള നാനാക്ക്മത്ത പട്ടണത്തിലാണ് 11-ആം ക്ലാസ്സിൽ പഠിക്കുന്ന പ്രിയയുടെ സ്കൂൾ. ദിവസവും സ്കൂളിലേക്കും വീട്ടിലേക്കും സൈക്കിളിലാണ് അവൾ പോയിവരുന്നത്. നന്നായി പഠിക്കുന്ന അവർ, ആദ്യമൊക്കെ ഈ വിഷയത്തെക്കുറിച്ച് സ്വന്തം നിലയിൽ പഠിക്കാൻ ശ്രമിച്ചു. “ഞാൻ പുസ്തകങ്ങൾ വായിക്കുകയും അത് ചെയ്യണം, ഇത് ചെയ്യണമെന്നൊക്കെ ചിന്തിക്കുകയും ചെയ്തു. ലോകത്തെ മാറ്റുമെന്നുമൊക്കെ. പക്ഷേ ഈ ആചാരങ്ങൾക്കൊന്നും ഒരർത്ഥവുമില്ലെന്ന് എന്റെ കുടുംബത്തെ ബോധ്യപ്പെടുത്താൻപോലും എനിക്ക് പറ്റിയിട്ടില്ല. അവരുടെകൂടെ രാവും പകലും താമസിച്ചിട്ടും ഈ നിയന്ത്രണങ്ങൾക്കൊന്നും ഒരർത്ഥവുമില്ലെന്ന് അവരെ പറഞ്ഞ് മനസ്സിലാക്കിക്കാൻ എനിക്കായിട്ടില്ല”, അവൾ പറയുന്നു.
നിയന്ത്രണങ്ങളെക്കുറിച്ചും ആചാരങ്ങളെക്കുറിച്ചും ആദ്യം തോന്നിയ അസ്വസ്ഥതകൾ ഇപ്പോഴും മങ്ങിയിട്ടില്ലെങ്കിലും, ഇപ്പോൾ അവർ അച്ഛനമ്മമാരുടെ താത്പര്യത്തിന് വഴങ്ങി ജീവിക്കുകയാണ്.
(2011-ലെ സെൻസസ് പ്രകാരം) സംസ്ഥാനത്തിൽ ഏറ്റവുമധികം കാർഷികവിളവുത്പാദനമുള്ള താഴ്വാരപ്രദേശത്താണ് പ്രിയയും കുടുംബവും താമസിക്കുന്നത്. വിരിപ്പ് (നെല്ല്, പരുത്തി, എള്ള്, കരിമ്പ് മുതലായവ), റാബി (ഗോതമ്പ്, ബാർളി, കടുക്, പയർ, പുകയില എന്നിവ), ഇടവിള എന്നിവയുടെ വിളവെടുപ്പുകൾ നടക്കുന്ന ഈ പ്രദേശങ്ങളിലെ ഭൂരിഭാഗം ജനങ്ങളും കൃഷിയിലും കന്നുകാലിവളർത്തലിലും (പ്രധാനമായും പശുക്കളും എരുമകളും) ഏർപ്പെടുന്നവരാണ്.

നഗാലയിലേക്കുള്ള വഴിയിലെ നെൽപ്പാടങ്ങൾ. ഉധം സിംഗ് നഗർ ജില്ലയിലെ ഈ താഴ്വരയിലെ പ്രധാന ഉപജീവനം കൃഷിയാണ്
സമീപത്തുള്ള മറ്റൊരു രജപുത്ത വീട്ടിലെ വിധ, ആർത്തവസമയത്തുള്ള അവളുടെ താമസസംവിധാനത്തെക്കുറിച്ച് വിവരിക്കുന്നു. “അടുത്ത ആറുദിവസം ഞാൻ മുറിക്കകത്ത് അടച്ചിരിക്കും. അമ്മയും അച്ഛമ്മയും എന്നോട് പറഞ്ഞിട്ടുണ്ട്, പുറത്തൊന്നും കറങ്ങിനടക്കരുതെന്ന്. എനിക്കാവശ്യമുള്ളതൊക്കെ അമ്മ മുറിയിലെത്തിക്കും“
മുറിയിൽ രണ്ട് കട്ടിലുകളും ഒരു ഡ്രസ്സിംഗ് മേശയും അലമാരയുമുണ്ട്. എന്നാൽ 15 വയസ്സുള്ള വിധ ആ ദിവസങ്ങളിൽ കട്ടിലിൽ കിടക്കാറില്ല. പകരം, നിലത്ത് വിരിച്ച ഒരു മുഷിഞ്ഞ കോസറിയിൽ കിടക്കും. അതിൽ കിടന്നാൽ പുറംവേദന അനുഭവപ്പെടുന്നുണ്ടെങ്കിലും, ‘കുടുംബത്തിന്റെ മനസ്സമാധാനം ഓർത്ത്’ അങ്ങിനെ ചെയ്യുന്നുവെന്ന് അവൾ കൂട്ടിച്ചേർത്തു.
കർശനമായ നിയന്ത്രണങ്ങളുള്ള ഈ ദിവസങ്ങളിൽ സ്കൂളിൽ പോകാൻ അവളെ അനുവദിക്കാറുണ്ടെങ്കിലും, സ്കൂളിൽനിന്ന്, നാനാക്ക്മത്തയിലെ നഗല ഗ്രാമത്തിലുള്ള വീട്ടിലെത്തിയാൽ നേരെ മുറിയിലേക്ക് വേണം പോകാൻ. ഈ 11-ആം ക്ലാസ്സുകാരി ആ ദിവസങ്ങളിൽ സമയം ചിലവഴിക്കുന്നത് അമ്മയുടെ ഫോൺ നോക്കിയും പുസ്തകങ്ങൾ വായിച്ചുമാണ്.
വീട്ടിൽ ഒരു സ്ത്രീ മാറിയിരിക്കാനും, അവരുടെ വസ്തുവകകൾ ഒരു ഭാഗത്തേക്ക് മാറ്റിവെക്കാനും തുടങ്ങിയാൽ, അത്, അവർക്ക് ആർത്തവമായിരിക്കുന്നു എന്നതിന്റെ അടയാളമാണ്. ആർക്കാണ് ആർത്തവമെന്നത് എല്ലാവർക്കും അറിയാൻ കഴിയുന്ന ഈ സാഹചര്യത്തെ വിധ വെറുക്കുന്നു. “എല്ലാവർക്കും മനസ്സിലാവുകയും എല്ലാവരും ചർച്ച ചെയ്യുകയും ചെയ്യും. ആർത്തവമായ ആൾ വളർത്തുമൃഗങ്ങളേയോ, കായ്ക്കുന്ന മരങ്ങളേയോ, തൊടാൻ പാടില്ല. അവർ ഭക്ഷണം പാകം ചെയ്യുകയോ, വിളമ്പുകയോ അരുത്. വീട് സ്ഥിതിചെയ്യുന്ന സീതാർഗഞ്ജ് ബ്ലോക്കിലെ അമ്പലത്തിൽനിന്നുള്ള പ്രസാദംപോലും വാങ്ങാൻ അനുവാദമില്ല”, അവൾ പറയുന്നു.
സ്ത്രീകളെ ‘അശുദ്ധ’വും ‘ദുശ്ശകുനവു’മായി കാണുന്ന ഈ കാഴ്ചപ്പാട്, ഉധം സിംഗ് നഗറിലെ ജനസംഖ്യാക്കണക്കിൽ പ്രതിഫലിക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ ശരാശരി ലിംഗാനുപാതം 1000 പുരുഷന്മാർക്ക് 963 സ്ത്രീകളാണെങ്കിൽ, ഇവിടെയത് 920 ആണ്. പുരുഷന്മാരുടെ സാക്ഷരതാനിരക്ക് 82 ശതമാനവും, സ്ത്രീകളുടേത് 65-ഉം ആണ് (2011-ലെ സെൻസസ് പ്രകാരം).

ഈ പ്രദേശത്തെ മിക്ക വീടുകളിലും കന്നുകാലികളെ – പശുക്കളും എരുമകളും- വളർത്തുന്നു. വീടുകളിലെ മിക്ക ആചാരങ്ങളിലും ഗോമൂത്രം ഉപയോഗിക്കുന്നു
സ്ത്രീകളെ ‘അശുദ്ധ’വും ‘ദുശ്ശകുനവു’മായി കാണുന്ന ഈ കാഴ്ചപ്പാട്, ഉധം സിംഗ് നഗറിലെ ജനസംഖ്യാക്കണക്കിൽ പ്രതിഫലിക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ ശരാശരി ലിംഗാനുപാതം 1000 പുരുഷന്മാർക്ക് 963 സ്ത്രീകൾ ആണെങ്കിൽ ഇവിടെയത്, 920 ആണ്
വിധയുടെ കട്ടിലിനുതാഴെ, ഒരു പാത്രം, ഗ്ലാസ്സ്, സ്പൂൺ, സ്റ്റീലിന്റെ മൊന്ത എന്നിവയൊക്കെയുണ്ട്. ഈ ദിവസങ്ങളിൽ ഉപയോഗിക്കുന്നതിനുള്ള സാധനങ്ങളാണ് അവ. നാലാം ദിവസം അവൾ നേരത്തേ എഴുന്നേറ്റ് ഈ പാത്രങ്ങളൊക്കെ കഴുകി വൃത്തിയാക്കി, വെയിലത്ത് ഉണങ്ങാൻ വെക്കും. “അതിനുശേഷം എന്റെ അമ്മ, പാത്രങ്ങളിൽ വീണ്ടും ഗോമൂത്രം തളിച്ച്, വീണ്ടും കഴുകി അടുക്കളയിൽ തിരിച്ചുവെക്കും. അടുത്ത രണ്ടുദിവസത്തേക്ക് വേറെ പാത്രങ്ങളാവും എനിക്ക് തരിക”, താൻ അനുഷ്ഠിക്കേണ്ടുന്ന കാര്യങ്ങളെല്ലാം അവൾ വിശദീകരിക്കുന്നു.
വീടിന് പുറത്ത് ചുറ്റിനടക്കാനോ, “ആ ദിവസങ്ങളിൽ അമ്മ തരുന്ന വസ്ത്രങ്ങളല്ലാതെ മറ്റെന്തെങ്കിലും ധരിക്കാനോ’ പാടില്ല എന്നവൾ പറയുന്നു. അവളുടെ ഒരു ജോഡി വസ്ത്രങ്ങൾ അലക്കി, വീടിന്റെ പിൻഭാഗത്ത് ഉണക്കാനിടണം. അവ മറ്റ് വസ്ത്രങ്ങളുമായി കൂട്ടിക്കലർത്താനും അനുവാദമില്ല.
വിധയുടെ അച്ഛൻ പട്ടാളത്തിലാണ്. അവളുടെ അമ്മയാണ് 13 അംഗങ്ങളുള്ള വീട് നോക്കിനടത്തുന്നത്. ഇത്ര വലിയ ഒരു കുടുംബത്തിൽ മാറിത്താമസിക്കുക എന്നതും, ഇളയ സഹോദരന്മാരെ അതിന്റെ കാരണം പറഞ്ഞുമനസ്സിലാക്കിക്കുക എന്നതും അത്ര സുഖമുള്ള കാര്യമല്ല. “പെൺകുട്ടികൾക്ക് ചില ദിവസങ്ങളിൽ രോഗബാധയുണ്ടാകുമെന്നും അതിനാൽ മാറിത്താമസിക്കേണ്ടിവരുമെന്നുമാണ് വീട്ടുകാർ അവരോട് പറഞ്ഞിട്ടുള്ളത്. ആരെങ്കിലും അറിയാതെ എന്നെ തൊട്ടുപോയാൽ, അവരേയും ‘അശുദ്ധ’രായി കണക്കാക്കും. പിന്നീട്, ഗോമൂത്രം തെളിച്ചാൽ മാത്രമേ അവർ വീണ്ടും ശുദ്ധിയാവൂ”. ആ ആറുദിവസം, വിധ കൈകാര്യം ചെയ്യുന്ന എല്ലാ വസ്തുക്കളിലും ഗോമൂത്രം തെളിക്കും. വീട്ടിൽ നാല് പശുക്കളെ വളർത്തുന്നതുകൊണ്ട്, ഗോമൂത്രം കിട്ടാൻ ബുദ്ധിമുട്ടില്ല.
സമുദായം ചില കാര്യങ്ങളിലൊക്കെ ചില്ലറ വിട്ടുവീഴ്ചകൾ വരുത്തിയിട്ടുണ്ട്. അതുകൊണ്ട്, 2022-ൽ വിധക്ക്, രാത്രി കിടക്കാൻ പ്രത്യേകമായ കോസറിയൊക്കെ അനുവദിച്ചിട്ടുണ്ട് എന്ന് ആശ്വസിക്കാം. എന്നാൽ, 70 വയസ്സ് കഴിഞ്ഞ ബീനയുടെ ഓർമ്മയിൽ, ആർത്തവകാലത്ത് തൊഴുത്തിൽ കിടക്കേണ്ടിവന്നതിന്റെ ഓർമ്മകളാണ്. “ഞങ്ങൾ നിലത്ത് കൈതച്ചെടിയുടെ ഇലകൾ വിരിച്ചാണ് ഇരിക്കുക”, അവർ ഓർത്തെടുക്കുന്നു.
പ്രായമായ മറ്റൊരു സ്ത്രീ ഓർമ്മിക്കുന്നു “മധുരമില്ലാത്ത ചായയും ഉണങ്ങിയ റൊട്ടിയുമായിരുന്നു എനിക്ക് തന്നിരുന്നത്. അല്ലെങ്കിൽ, വളർത്തുമൃഗങ്ങൾക്ക് കൊടുക്കുന്ന ധാന്യങ്ങൾകൊണ്ടുള്ള റൊട്ടി. ചിലപ്പോൾ നമ്മളുടെ കാര്യം അവർ മറക്കുകയും ചെയ്യും. അപ്പോൾ വിശന്നിരിക്കേണ്ടിവരും”, അവർ പറയുന്നു.


പ്രദേശത്തെ കുളം (ഇടത്ത്) വിധയുടെ വീട്ടിൽനിന്ന് ഏകദെശം 500 മീറ്റർ അകലെയാണ്. ഉപയോഗിച്ച ആർത്തവ പാഡുകൾ ഇവിടെയാണ് (വലത്ത്) മറ്റ് മാലിന്യങ്ങളുടെ കൂടെ കളയുന്നത്
ഈ ആചാരങ്ങളെല്ലാം മതഗ്രന്ഥങ്ങളിൽ എഴുതിവെക്കപ്പെട്ടതാണെന്നും അലംഘനീയമാണെന്നുമാണ് ധാരാളം സ്ത്രീകളും പുരുഷന്മാരും വിശ്വസിച്ചുപോരുന്നത്. ഇതൊക്കെ ചെയ്യുന്നതിൽ വല്ലായ്മ തോന്നുന്നുണ്ടെങ്കിലും, ഇത്തരത്തിൽ മാറിയിരുന്നില്ലെങ്കിൽ ദൈവങ്ങൾ കോപിക്കുമെന്ന് ചില സ്ത്രീകൾ അഭിപ്രായപ്പെടുന്നു.
ആർത്തവമുള്ള സ്ത്രീകളുമായി മുഖാമുഖം വരുന്നതും അവരെ കാണേണ്ടിവരുന്നതും വളരെ അപൂർവ്വമാണെന്ന് ഗ്രാമത്തിലെ ചെറുപ്പക്കാരനായ വിനയ് സമ്മതിക്കുന്നു. ‘അമ്മ ഇപ്പോൾ അശുദ്ധിയായിരിക്കുന്നു’ എന്നുകേട്ടാണ് അയാൾ വളർന്നത്.
നാനാക്മത്ത് പട്ടണത്തിലെ ഒരു വാടകവീട്ടിൽ ഭാര്യയോടൊത്ത് താമസിക്കുന്നയാളാണ് വിനയ്. ഉത്തരാഖണ്ഡിലെ ചമ്പാവത് ജില്ലയിലാണ് സ്വദേശമെങ്കിലും, ഒരു സ്വകാര്യസ്കൂളിൽ പഠിപ്പിക്കുന്നതിനാണ് ഒരു ദശകം മുമ്പ് അയാൾ ഇങ്ങോട്ടേക്ക് താമസം മാറ്റിയത്. “ഇതൊരു സ്വാഭാവിക പ്രക്രിയയാണെന്ന് ആരും ഞങ്ങൾക്ക് പറഞ്ഞുതന്നിട്ടില്ല. കുട്ടിക്കാലം മുതലേ ഈ നിയന്ത്രണങ്ങളൊക്കെ അനുസരിക്കുന്നത് നിർത്തിയിരുന്നെങ്കിൽ ഒരുപക്ഷേ, ആർത്തവമുള്ള സ്ത്രീകളേയും പെൺകുട്ടികളേയും ഈ വിധത്തിൽ കാണുന്നത് അവസാനിച്ചേനേ”, അയാൾ പറയുന്നു.
സാനിറ്ററി പാഡുകൾ വാങ്ങുകയും ഒഴിവാക്കുകയും ചെയുന്നത് ഒരു വലിയ വെല്ലുവിളിയാണ്. ഈ സാധനങ്ങൾ സ്ഥിരമായി ലഭിക്കുന്ന ഗ്രാമത്തിലെ ഒരേയൊരു കടയിൽ ചിലപ്പോൾ ഇത് സ്റ്റോക്കുണ്ടാവാറുമില്ല. മാത്രമല്ല, സാനിറ്ററി പാഡുകൾ ചോദിക്കുമ്പോൾ കടക്കാരൻ വല്ലാത്തൊരു നോട്ടം നോക്കാറുണ്ടെന്നും ചാവിയെപ്പോലെയുള്ള ചില പെൺകുട്ടികൾ അഭിപ്രായപ്പെട്ടു. സാധനം വാങ്ങി വീട്ടിലേക്ക് പോവുമ്പോൾ ആളുകൾ കാണാതിരിക്കാൻ അത് മറച്ചുപിടിക്കേണ്ടിവരികയും ചെയ്യുന്നു എന്ന് അവർ പറയുന്നു. ഒടുവിൽ, 500 മീറ്റർ അപ്പുറത്തുള്ള ഒരു കനാലിൽ ചെന്ന്, ചുറ്റും നോക്കി ആരും കാണുന്നില്ലെന്ന് ഉറപ്പുവരുത്തിവേണം, ഇത് വലിച്ചെറിയാനും.
പ്രസവം , കൂടുതൽ ഒറ്റപ്പെടലിന് ഇടയാക്കുന്നു
പുതുതായി പ്രസവിച്ച സ്ത്രീകളിലേക്കും ഈ ‘അശുദ്ധി’ സങ്കല്പം നീളുന്നുണ്ട്. ലതയുടെ കുട്ടികളൊക്കെ കൌമാരപ്രായക്കാരായെങ്കിലും, അവരെ പ്രസവിച്ച കാലം ലത നന്നായി ഓർക്കുന്നുണ്ട്. “ആർത്തവമുള്ളവരെ 4 മുതൽ 6 ദിവസംവരെ മാറ്റിനിർത്താറുണ്ടെങ്കിൽ, പുതിയ അമ്മമാരെ 11 ദിവസത്തേക്കുവരെ വീട്ടിൽനിന്ന് മാറ്റിനിർത്താറുണ്ടായിരുന്നു. ചിലപ്പോൾ 15 ദിവസംവരെയും. അതായത്, കുട്ടിയുടെ പേരിടൽച്ചടങ്ങിന്റെ ദിവസംവരെ”. 15 വയസ്സായ ഒരു പെൺകുട്ടിയുടേയും 12 വയസ്സുള്ള ഒരാൺകുട്ടിയുടേയും അമ്മയാണ് ലത. പുതുതായി പ്രസവിച്ച സ്ത്രീകൾ കിടക്കുന്ന കട്ടിൽ, മറ്റുള്ളവരിൽനിന്ന് വേർതിരിക്കാൻ, ചാണകംകൊണ്ട് വരയിടുകയായിരുന്നു പതിവെന്ന് ലത പറയുന്നു.



ലാലയുടെ വീട്ടിലെ ആർത്തവക്കാരായ സ്ത്രീകൾക്ക് പ്രത്യേകമായി ഏർപ്പെടുത്തിയ പാത്രങ്ങളും (ഇടത്ത്) കഴുകുന്ന സ്ഥലവും (വലത്ത്). ശുദ്ധീകരണത്തിന് ഉപയോഗിക്കുന്ന ‘ഗോമൂത്രം’ ഒരു പാത്രത്തിൽ (വലത്ത്) വെച്ചിരിക്കുന്നു
ഭർത്താവിന്റെ കൂട്ടുകുടുംബത്തോടൊപ്പം, ഖാത്തിമ ബ്ലോക്കിലെ ജൻഖട്ട് ഗ്രാമത്തിൽ കഴിഞ്ഞ സമയത്ത് ലത ഈ നിയമങ്ങളൊക്കെ അനുസരിച്ചിരുന്നു. അവരും ഭർത്താവും മാറിത്താമസിക്കാൻ തുടങ്ങിയതിൽപ്പിന്നെയാണ് അവർ അതൊക്കെ അനുഷ്ഠിക്കുന്നത് നിർത്തിയത്. “കഴിഞ്ഞ കുറച്ച് വർഷങ്ങളായി വീണ്ടും ഇതിലൊക്കെ വിശ്വസിക്കാൻ തുടങ്ങിയിട്ടുണ്ട്”, പൊളിറ്റിക്സിൽ മാസ്റ്റർ ബിരുദമുള്ള ലത പറയുന്നു. “ആർത്തവമുള്ള ഒരു സ്ത്രീ രോഗബാധിതയായാൽ, ദൈവത്തിന് അസന്തുഷ്ടിയുണ്ടെന്നാണ് ആളുകളുടെ വിശ്വാസം. ആചാരം അനുസരിക്കാത്തതുകൊണ്ടാണ് കുടുംബത്തിലും ഗ്രാമത്തിലും അനർത്ഥങ്ങൾ ഉണ്ടാവുന്നതെന്നാണ് പറയുക”, ആചാരങ്ങളെ വീണ്ടും അനുസരിക്കുന്നത് ഇതുകൊണ്ടാക്കെയാണെന്ന് പറയാതെ പറയുകയായിരുന്നു ലത.
നവജാതശിശു ജനിച്ച ഒരു വീട്ടിൽനിന്ന് ഒരു ഗ്ലാസ്സ് വെള്ളംപോലും ഗ്രാമത്തിലുള്ളവർ സ്വീകരിക്കില്ല. കുടുംബം മുഴുവനും അശുദ്ധരായി കണക്കാക്കപ്പെടും. കുട്ടി ആണോ പെണ്ണോ എന്നത് ഒരു വ്യത്യാസവുമുണ്ടാക്കുകയുമില്ല. പ്രസവിച്ച സ്ത്രീയേയോ ജനിച്ച കുട്ടിയേയോ തൊടുന്നവരുടെ അശുദ്ധി മാറാൻ ഗോമൂത്രം തളിക്കണം. കുട്ടി ജനിച്ച് പതിനൊന്നാം ദിവസം അമ്മയേയും കുട്ടിയേയും ഗോമൂത്രത്തിൽ കുളിപ്പിച്ച് വൃത്തിയാക്കും. അതിനുശേഷമാണ് പേരിടൽ ചടങ്ങ് നടക്കുക.
ലതയുടെ 31 വയസ്സുള്ള നാത്തൂൻ സവിതക്കും, 17-ആം വയസ്സിൽ വിവാഹം കഴിഞ്ഞപ്പോൾ ഈ ആചാരമൊക്കെ പിന്തുടരേണ്ടിവന്നു. വിവാഹം കഴിഞ്ഞ്, ആദ്യത്തെ ഒരുവർഷം, ഒരു സാരിമാത്രം ധരിച്ചിട്ടായിരുന്നു അവർക്ക് ഭക്ഷണം കഴിക്കേണ്ടിവന്നത്. അടിവസ്ത്രങ്ങൾ പാടില്ലെന്ന കർശനമായ നിയമം അവർക്ക് അനുസരിക്കേണ്ടിവന്നു. “ആദ്യത്തെ കുട്ടിയുണ്ടായതിനുശേഷം, ഞാൻ ആ ശീലം അവസാനിപ്പിച്ചു”, അവർ പറയുന്നു. എങ്കിലും അതിനുശേഷവും, ആർത്തവനാളുകളിൽ നിലത്ത് കിടക്കുന്ന പതിവ് അവർ തുടർന്നുപോരുകയും ചെയ്തു.
അത്തരം ആചാരങ്ങൾ പിന്തുടരുന്ന വീടുകളിൽ വളരുന്ന ആ പ്രദേശത്തെ ആൺകുട്ടികൾക്ക്, ആകെ ആശയക്കുഴപ്പമാണ്. 10-ആം ക്ലാസ്സിൽ പഠിക്കുന്ന നിഖിൽ എന്ന ആൺകുട്ടി, ബർക്കിദണ്ടി ഗ്രാമത്തിലാണ് താമസിക്കുന്നത്. കഴിഞ്ഞ വർഷം ആർത്തവത്തെക്കുറിച്ച് വായിച്ചപ്പോൾ അവനൊന്നും മനസ്സിലായില്ല. “എന്നാലും, സ്ത്രീകളെ പ്രത്യേകമായി മാറ്റിനിർത്തുന്നത് ശരിയല്ല എന്ന് എനിക്ക് തോന്നി”. പക്ഷേ വീട്ടിൽ ഇത് പറഞ്ഞാൽ, കുടുംബത്തിലെ മുതിർന്നവരിൽനിന്ന് ചീത്ത കേൾക്കുമെന്ന് അവൻ പറയുന്നു.


പർവ്വീൺ നദി (ഇടത്ത്) ജൻഘട്ട് ഗ്രാമത്തിലൂടെയാണ് ഒഴുകുന്നത്. അതിനുചുറ്റുമുള്ള സ്ഥലങ്ങളിൽ (വലത്ത്) സാനിറ്ററി പാഡുകളും മറ്റ് മാലിന്യങ്ങളും ചിതറിക്കിടക്കുന്നു
ദിവ്യാംശും ഈ ഭയം പങ്കുവെക്കുന്നു. സുൻഖാരി ഗ്രാമത്തിലെ, 12 വയസ്സുള്ള ഈ കുട്ടി, അവന്റെ അമ്മ, മാസത്തിൽ അഞ്ച് ദിവസം മാറിയിരിക്കുന്നത് കണ്ടിട്ടുണ്ടെങ്കിലും അവന് ഒന്നും മനസ്സിലായില്ല. “ഇത് അത്ര സാധാരണമായ കാര്യമായതിനാൽ, എല്ലാ പെൺകുട്ടികൾക്കും സ്ത്രീകൾക്കും സംഭവിക്കുന്ന കാര്യമാണെന്ന് ഞാൻ കരുതി. പക്ഷേ ഇത് ശരിയല്ല എന്ന് ഇപ്പോൾ എനിക്ക് തോന്നുന്നുണ്ട്. വളർന്നുവലുതായാൽ, ഞാനും ഈ ആചാരം പിന്തുടരുമോ, അതോ എനിക്ക് അത് നിർത്തലാക്കാൻ പറ്റുമോ എന്ന് അറിയില്ല” എന്ന് പറയുന്നു അവൻ.
പക്ഷേ അത്തരം സംഘർഷങ്ങളൊന്നും ഗ്രാമത്തിലെ മുതിർന്നവർക്ക് അനുഭവപ്പെടുന്നില്ല. “ഉത്തരാഞ്ചൽ [ഉത്തരാഖണ്ഡിന്റെ പഴയ പേർ] ദൈവങ്ങളുടെ ആസ്ഥാനമാണ്. അതിനാൽ, ആചാരങ്ങൾ പ്രധാനമാണ് ഇവിടെ”, നരേന്ദർ പറയുന്നു
ആർത്തവം ആരംഭിക്കുന്നതിനും മുൻപ്, 9-10 വയസ്സുകളിൽ, തന്റെ സമുദായത്തിലെ പെൺകുട്ടികൾ വിവാഹിതരാകാറുണ്ടായിരുന്നു എന്ന് അദ്ദേഹം പറയുന്നു. “ആർത്തവം ആരംഭിച്ചാൽ, എങ്ങിനെയാണ് ഞങ്ങൾ കന്യാദാനം നടത്തുക?” അയാൾ ചോദിക്കുന്നു. പെൺകുട്ടിയെ ഭർത്താവിന് ‘സമ്മാന’മായി കൊടുക്കുന്ന ആചാരത്തെക്കുറിച്ചാണ് അയാൾ സൂചിപ്പിക്കുന്നത്. “ഇപ്പോൾ സർക്കാർ, വിവാഹപ്രായം 21 വയസ്സായി മാറ്റിയിട്ടുണ്ട്. അന്നുമുതൽ, സർക്കാരിനും ഞങ്ങൾക്കും വ്യത്യസ്ത നിയമങ്ങളാണ്”.
ഹിന്ദിയിൽ തയ്യാറാക്കിയ റിപ്പോർട്ടാണിത് . ആളുകളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി , യഥാർത്ഥ പേരുകൾ മാറ്റിയിട്ടുണ്ട് .
ഈ റിപ്പോർട്ട് തയ്യാറാക്കാൻ സഹായിച്ച റോഹൻ ചോപ്രയ്ക്ക് പാരി വിദ്യാഭ്യാസപ്രവർത്തകർ നന്ദി അറിയിക്കുന്നു .
ഗ്രാമീണ ഇന്ത്യയിലെ കൗമാരക്കാരായ പെൺകുട്ടികളെയും യുവതികളെയും കുറിച്ച് പ്രോജക്റ്റ് പോപുലേഷൻ ഫൗ ണ്ടേഷൻ ഓഫ് ഇന്ത്യയുടെ പിന്തുണയോടെ പാരിയും കൗ ണ്ടർ മീഡിയ ട്രസ്റ്റും രാജ്യവ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പ്രധാനപ്പെട്ട ജനവിഭാഗവും എന്നാല്‍ പാര്‍ശ്വവത്കൃതരുമായ മേല്‍പ്പറഞ്ഞ വിഭാഗങ്ങളുടെ അവസ്ഥ സാധാരണക്കാരുടെ ശബ്ദത്തിലൂടെയും ജീവിതാനുഭവങ്ങളിലൂടെയും മനസ്സിലാക്കുന്നതിനുള്ള ഒരു ഉദ്യമത്തിന്‍റെ ഭാഗമാണ് ഈ പ്രോജക്റ്റ്.
ഈ ലേഖനം പുന:പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ zahra@ruralindiaonline.org എന്ന അഡ്രസ്സിൽ മെയിലയക്കുക. namita@ruralindiaonline.org എന്ന അഡ്രസ്സിൽ കോപ്പിയും ചെയ്യുക.
പരിഭാഷ: രാജീവ് ചേലനാട്ട്