ഗുരുപ്രതാപ് സിംഗ് 11-ാം ക്ലാസ്സിലും അവന്‍റെ കസിനായ 13-കാരന്‍ സുഖ്ബീർ 7-ാം ക്ലാസ്സിലും പഠിയ്ക്കുന്നു. രണ്ടുപേരും പഞ്ചാബിലെ അമൃത്സർ ജില്ലയിൽ നിന്നുള്ളവരാണ്. ഇപ്പോൾ അവർ തങ്ങളുടെ സ്ക്കൂളിൽ നിന്നും അകലെയാണ്. പക്ഷേ വ്യത്യസ്തമായ ഒരുതരം വിദ്യാഭ്യാസത്തിലൂടെ അവര്‍ കടന്നുപോകുന്നു.
“ഞങ്ങൾ ഇവിടെ എല്ലാ രാത്രികളിലും കർഷകരുടെ പ്രദേശം കാക്കുന്നു, ഞങ്ങൾ അത് തുടരുകയും ചെയ്യും”, ഹരിയാനയിലെ സോണിപതിലെ സിംഘു-ഡെൽഹി അതിർത്തിയിൽ വച്ച് 17-കാരനായ ഗുർപ്രതാപ് എന്നോടു പറഞ്ഞു.
ഡെൽഹി അതിർത്തികളിലെ വിവിധ സ്ഥലങ്ങളിൽ കൂടിച്ചേർന്നിരിയ്ക്കുന്ന നൂറായിരക്കണക്കിനുള്ള കർഷക കുടുംബങ്ങളിൽ നിന്നുള്ളവരാണവർ. കുറച്ചു കർഷകർ കുറച്ചു ആഴ്ചകൾക്കു മുമ്പുതന്നെ തലസ്ഥാനത്തെത്തി വടക്കൻ ഡെൽഹിയിലുള്ള ബുരാരി ഗ്രൗണ്ടിൽ ക്യാമ്പ് ചെയ്യുന്നു.
ഈ വർഷം സെപ്റ്റംബറിൽ പാർലമെന്‍റിലൂടെ പാസ്സാക്കിയെടുത്ത മൂന്ന് കാർഷിക നിയമങ്ങളും പിൻവലിയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എല്ലാ സമര സൈറ്റുകളിലും നടക്കുന്ന വിപുലവും സമാധാനപരവുമായ അവരുടെ പ്രക്ഷോഭങ്ങൾ ശമിയ്ക്കുന്ന ലക്ഷണമൊന്നും കാണുന്നില്ല. തങ്ങളുടെ ആവശ്യങ്ങളിൽ ഉറച്ചു നിന്നുകൊണ്ടും വിഷയത്തോട് പ്രതിബദ്ധത പുലർത്തിക്കൊണ്ടും കർഷകർ മുന്നോട്ടുള്ള നീണ്ട ഒരു സമരത്തിന് സന്നദ്ധരാണ്.
ക്യാമ്പുകൾ സജ്ജമാക്കിയിട്ടുള്ള സിംഘുവിലെയും ബുരാരിയിലെയും ചില സ്ഥലങ്ങളിലൂടെ ഞാൻ പോകുമ്പോൾ ഏറെ സന്ധ്യയായിരുന്നതുകൊണ്ട് പലരും കിടക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. ചില കർഷകർ ട്രക്കുകളിൽ തങ്ങുന്നു, മറ്റു ചിലർ പെട്രോൾ പമ്പുകളിൽ ഉറങ്ങുന്നു, ഇനിയും വേറെ ചിലർ കൂട്ടമായി പാട്ടു പാടിക്കൊണ്ട് രാത്രി തള്ളി നീക്കുന്നു. ഊഷ്മളത, സഹവര്‍ത്തിത്വം, പ്രതിരോധിയ്ക്കുന്നതിനും നിശ്ചയദാർഢ്യം പുലര്‍ത്തുന്നതിനുമുള്ള ഊര്‍ജ്ജം എന്നിവയൊക്കെ ഈ കൂടിയിരിയ്ക്കുന്നവരില്‍ കാണാനുണ്ട്.
ഈ മൂന്ന് നിയമങ്ങൾക്കെതിരെയാണ് കർഷകരൊക്കെ സമരം ചെയ്യുന്നത്:
കാര്‍ഷികോത്പന്ന വ്യാപാരവും വാണിജ്യവും (പ്രോത്സാഹിപ്പിയ്ക്കുന്നതും സുഗമമാക്കുന്നതും) സംബന്ധിച്ച 2020-ലെ നിയമം
;
വില ഉറപ്പാക്കല്‍, കാര്‍ഷിക സേവനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട കര്‍ഷക (ശാക്തീകരണ, സംരക്ഷണ) കരാറിനെ സംബന്ധിച്ച 2020-ലെ നിയമം
;
അവശ്യ സാധന (ഭേദഗതി) നിയമം, 2020
കൃഷിയിലെ തങ്ങളുടെ അവകാശങ്ങളും ഭാഗധേയങ്ങളുമൊക്കെ രാജ്യത്തെ ഏറ്റവും ശക്തരായ കോർപ്പറേഷനുകൾക്ക് കൈമാറിക്കൊണ്ട്, അത്തരം ബിസിനസ്സുകാരുടെ ദയയിൽ ജീവിയ്ക്കാൻ തങ്ങളെ വിട്ടുകൊടുക്കുന്ന ഒന്നായിട്ടാണ് ഈ നിയമത്തെ അവർ കാണുന്നത്. “ഇത് വഞ്ചനയല്ലെങ്കിൽ മറ്റെന്താണ്?” ഇരുട്ടിൽ നിന്നൊരു ചോദ്യം ഉയരുന്നു.
“ഞങ്ങൾ കർഷകർക്ക് ഈ കോർപ്പറേറ്റുകളിൽ നിന്നുള്ള അനുഭവം മുമ്പും ഉണ്ടായിട്ടുണ്ട്- ഞങ്ങൾ അവരെ വിശ്വസിയ്ക്കില്ല. അവർ ഞങ്ങളെ നേരത്തേ വഞ്ചിച്ചു, ഞങ്ങൾ വിഡ്ഢികളല്ല. ഞങ്ങളുടെ അകാശം എന്തെന്ന് ഞങ്ങൾക്കറിയാം.” സിംഘുവിൽ സജ്ജമാക്കിയിട്ടുള്ള ക്യാമ്പുകളിലൂടെ അന്നു വയ്കുന്നേരം വൈകി ഞാൻ കടന്നു പോകുമ്പോൾ പലരില്‍ ഒരാള്‍ പറഞ്ഞു.
നിയമങ്ങൾ പിൻവലിയ്ക്കാനുള്ള ഏതു സാദ്ധ്യതയും സർക്കാർ തള്ളിക്കളയുമ്പോൾ അതുമൂലമുണ്ടാകുന്ന സ്തംഭനാവസ്ഥയെക്കുറിച്ച് അവർ ആശങ്കാകുലരല്ലേ? അവർ തുടർന്നു നിൽക്കുമോ?
“ഞങ്ങൾ ശക്തരാണ്”, പഞ്ചാബിൽ നിന്നുള്ള മറ്റൊരു കർഷകൻ പറയുന്നു. “ഞങ്ങൾ ഞങ്ങൾക്കുള്ള ഭക്ഷണം ഉണ്ടാക്കുന്നു, അത് മറ്റുള്ളവർക്കുകൂടി കൊടുക്കുകയും ചെയ്യുന്നു. ഞങ്ങൾ കർഷകരാണ്, എങ്ങനെ ശക്തരായി നിൽക്കണമെന്ന് ഞങ്ങൾക്കറിയാം.”

ഇവിടെ എല്ലാ ദിവസവും രാത്രി കർഷകരുടെ പ്രദേശം തങ്ങൾ കാക്കുകയാണെന്ന് അമൃത്സർ ജില്ലയിൽ നിന്നുള്ള സ്ക്കൂൾ വിദ്യാർത്ഥികൾ 17-കാരനായ ഗുർപ്രതാപ് സിംഗും 13-കാരനായ സുഖ്ബീർ സിംഗും സിംഘുവിൽ വച്ച് ഞങ്ങളോടു പറഞ്ഞു.
തങ്ങൾക്ക് പറ്റുന്ന രീതിയിൽ ഏറ്റവും നന്നായി സമരക്കാരെ സഹായിയ്ക്കാനായി ഹരിയാനയിൽ നിന്നുള്ളവരും ഇവിടെ എത്തിയിട്ടുണ്ട്. കൈഥൽ ജില്ലയിൽ നിന്നുള്ള 50-കാരനായ ശിവ് കുമാർ ബഭാദ് പറയുന്നു: “തങ്ങളുടെ ഭവനങ്ങളിലെ സുഖസൗകര്യങ്ങളിൽ നിന്നും ഒഴിഞ്ഞുനിന്നുകൊണ്ട്, ഈ വഴിയെല്ലാം കടന്ന് ഞങ്ങളുടെ കർഷക സഹോദരങ്ങൾ ഡെൽഹി അതിർത്തിയിലെത്തിയിരിയ്ക്കുന്നു. ഞങ്ങൾ ഞങ്ങൾക്ക് കഴിയുന്നതെല്ലാം അവർക്കു നല്കുന്നു.
തങ്ങളുടെ സഹ പൗരന്മാരിൽ നിന്നും ലഭിയ്ക്കുന്ന കരുതലിനെക്കുറിച്ചും സൗമനസ്യത്തെക്കുറിച്ചും സിംഘുവിലെയും ബുരാരിയിലെയും കർഷകരും പറയുന്നു. “ആൾക്കാർ ഞങ്ങളുടെ സഹായത്തിനായി വരുന്നു. അതിർത്തിയിലെ വിവിധ സ്ഥലങ്ങളിൽ ക്യാമ്പുകൾ സജ്ജീകരിച്ചുകൊണ്ട് ഡോക്ടർമാർ ഞങ്ങൾക്ക് വൈദ്യ സഹായം നല്കുന്നു,” ഒരു സമരക്കാരൻ പറയുന്നു.
“ഞങ്ങൾ ആവശ്യത്തിന് വസ്ത്രങ്ങൾ കൊണ്ടു വന്നിട്ടുണ്ട്.” മറ്റൊരാൾ എന്നോടു പറയുന്നു, “പക്ഷേ ഇപ്പോഴും ആൾക്കാർ കൂടുതൽ കൂടുതൽ വസ്ത്രങ്ങളും ബ്ലാങ്കറ്റുകളും സംഭാവന ചെയ്യുന്നു. ഇത് വീടുപോലെ അനുഭവപ്പെടുന്ന ഒരു സാർത്ഥവാഹക സംഘം ആണ്.”
സർക്കാരിനോടും കോർപ്പറേറ്റ് ലോകത്തോടും കടുത്ത അമർഷവും പരാതിയുമാണ് കർഷകർക്കുള്ളത്. “സർക്കാർ കർഷകരെ ചതിച്ചിരിയ്ക്കുന്നു”, ഒരു പ്രക്ഷോഭകൻ പറയുന്നു. ഞങ്ങൾ ഈ രാജ്യത്തിന് ഭക്ഷണം നല്കുന്നു, കണ്ണീർ വാതകവും ജലപീരങ്കിയുമാണ് ഞങ്ങൾക്ക് തിരിച്ചു കിട്ടുന്നത്.
“തണുപ്പു കാലത്ത് തണുപ്പു സഹിച്ചുകൊണ്ട് കർഷകർ പാടം നനയ്ക്കുമ്പോൾ ഈ കോർപ്പറേറ്റുകളും, ഈ രാഷ്ട്രീയക്കാരുമൊക്കെ തങ്ങളുടെ കിടക്കയിൽ സുഖമായി ഉറങ്ങുകയായിരിയ്ക്കും”, മറ്റൊരു കർഷകൻ കൂട്ടിച്ചേർക്കുന്നു.
പക്ഷേ പ്രതിരോധിയ്ക്കാനുള്ള നിശ്ചയദാർഢ്യവും വളരെ ശക്തമാണ്: “എല്ലാവർഷവും തണുപ്പുകാലം ഞങ്ങൾ അതിജീവിയ്ക്കുന്നു, പക്ഷേ ഈ തണുപ്പുകാലം ഞങ്ങളുടെ ഹൃദയം എരിയുന്ന കനലുകളാണ്”, ദേഷ്യം പൂണ്ട ഒരു കർഷകൻ പറയുന്നു.
“ഈ ടാക്ടറുകൾ നിങ്ങൾ കാണുന്നില്ലേ?” അവരിലൊരാൾ ചോദിയ്ക്കുന്നു. “ഇതും ഞങ്ങളുടെ ആയുധങ്ങൾ ആണ്. ഞങ്ങൾ ഞങ്ങളുടെ കുട്ടികളെ പരിപാലിയ്ക്കുന്നതു പോലെ ഇവയും പരിപാലിയ്ക്കുന്നു.” ഡൽഹിയുടെ അതിർത്തികളിൽ ആയിരക്കണക്കിന് ട്രാക്ടറുകളും അവയോടു ഘടിപ്പിച്ചിട്ടുള്ള ടോളികളിലായി എണ്ണാനാവാത്ത വിധം ആയിരക്കണക്കിന് ആളുകളും ഇപ്പോൾ ഇവിടെ എത്തിയിട്ടുണ്ട്.
മറ്റൊരു വ്യക്തി സംസാരിയ്ക്കുന്നു: “ഞാന്‍ മെക്കാനിക് ആയി ജോലിനോക്കുന്ന ആളാണ്. ഓരോ കർഷകന്‍റെയും ട്രാക്ടർ സൗജന്യമായി നന്നാക്കിക്കൊടുക്കുമെന്ന് ഞാൻ എന്നോടുതന്നെ പ്രതിജ്ഞ ചെയ്തിരിയ്ക്കുന്നു.”
നീണ്ടു നിൽക്കുന്ന ഒരു സമരത്തിലാണ് തങ്ങൾ എന്ന് എല്ലാവർക്കും ബോദ്ധ്യപ്പെടുന്നുണ്ട്. ഈ ഒരു അസന്നിഗ്ദാ വസ്ഥ കുറേ മാസങ്ങൾ കൂടി നീളാമെന്നും ചിലർ പറയുന്നു. പക്ഷെ ആരും ഇത് ഉപേക്ഷിയ്ക്കാന്‍ തയ്യാറല്ല.
ഒരാൾ അത് ചുരുക്കത്തില്‍ പറയുന്നു: “ആ മൂന്നു നിയമങ്ങളും പിൻവലിയ്ക്കുന്നതുവരെ ഞങ്ങൾ ഇവിടെ താമസിയ്ക്കാൻ പോകുന്നു. അല്ലെങ്കിൽ മരണം എത്തുന്നതുവരെ.”

വടക്കൻ ഡെൽഹിയിലെ ബുരാരി ഗ്രൗണ്ടില്‍ നിന്നുള്ള 70-കാരനായ ഈ സമരക്കാരൻ കർഷകരെ വഞ്ചിയ്ക്കുന്നതിൽ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നു. മൂന്നു കാർഷിക നിയമങ്ങളും പിൻവലിയ്ക്കുന്നതു വരെ തങ്ങൾ ചഞ്ചലപ്പെടുകയില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറയുന്നു. അല്ലെന്നു വരികിൽ ‘മരണംവരെ ഞങ്ങൾ ഇവിടെ താമസിയ്ക്കാൻ പോവുകയാണ്’.

സന്ധ്യാ നേരത്ത് വടക്കൻ ഡെൽഹിയിലുള്ള ബുരാരി ഗ്രൗണ്ടിൽ ഒരു യുവ പ്രക്ഷോഭകൻ

ഹരിയാനയിലെ സോണിപതിലുള്ള സിംഘു അതിർത്തിയിൽ കർഷകർ അവുടെ സന്ധ്യാ പ്രാർത്ഥനയിൽ. ഒരുപാട് ഗുരുദ്വാരകള്‍ അവിടെ ലാങ്ങറുകള്‍ (സിഖ് സാമൂഹ്യ അടുക്കള ഭക്ഷണം) ഒരുക്കിയിട്ടുണ്ട്. ചില പോലീസുകാര്‍ പോലും അവിടെനിന്നും ഭക്ഷണം കഴിയ്ക്കുന്നു.

ഒരുകൂട്ടം കർഷകർ സിംഘു അതിർത്തിയിൽ തങ്ങളുടെ സമരക്കാർക്കുവേണ്ടി ഭക്ഷണം പാകം ചെയ്യുന്നതിനുവേണ്ടി ഒത്തുചേരുന്നു, സിംഘു, ബുരാരി എന്നിവിടങ്ങളിലൊക്കെ കാണാവുന്ന ഇത്തരത്തിലുള്ള പല ഉദ്യമങ്ങളിൽ ഒന്ന്.

സിംഘു അതിർത്തിയിലെ ഈ ക്യാമ്പിൽ രാത്രിയിലും ലാങ്ങർ (സിഖ് സാമൂഹ്യ അടുക്കള) പ്രവർത്തിയ്ക്കുന്നു.

ബുരാരി ഗ്രൗണ്ടിലെ ട്രക്കിൽ കയറാൻ ശ്രമിയ്ക്കുന്ന പ്രായമുള്ള ഒരു കർഷകൻ. സമരം നടക്കുമ്പോള്‍ ചില കർഷകർ തങ്ങളുടെ ട്രക്കുകളിൽ കിടന്നുറങ്ങുന്നു.

സിംഘു അതിർത്തിയിലെ തങ്ങളുടെ ട്രക്കിൽ വിശ്രമിയ്ക്കുന്ന കർഷകർ

സിംഘു അതിർത്തിയിലെ ഒരു പെട്രോൾ പമ്പിൽ ഒരുകൂട്ടം സമരക്കാർ ഉറങ്ങുന്നു.

പ്രക്ഷോഭകർ ആയിരക്കണക്കിന് ട്രാക്ടറുകൾ കൊണ്ടു വന്നിട്ടുണ്ട്. ഗതാഗതത്തിനുള്ള ഒരു മാര്‍ഗ്ഗം എന്നതിനേക്കാൾ അത് അവര്‍ക്കു വേണ്ടപ്പെട്ടതാണ്. ബുരാരിയിലുള്ള അവരിൽ നിന്നൊരാൾ പറയുന്നതു പോലെ, “ഈ ട്രാക്ടറുകളും ഞങ്ങളുടെ ആയുധങ്ങൾ ആണ്”.

“ഞാൻ ഉറങ്ങുകയല്ല, സർക്കാർ എന്‍റെ ഉറക്കം കെടുത്തിയിരിയ്ക്കുന്നു”, വടക്കൻ ഡെൽഹിയിലെ ബുരാരി സമര സൈറ്റിൽ നിന്നുള്ള ഈ കർഷകൻ പറയുന്നു.
പരിഭാഷ: റെന്നിമോന്‍ കെ. സി.