“ഇതൊക്കെ എന്താണെന്നൊന്നും എനിയ്ക്കറിയില്ല, എനിയ്ക്കു തോന്നുന്നത് മോദിയുമായി ബന്ധപ്പെട്ട എന്തൊക്കെയോ ആണെന്നാണ്. ഞാൻ ഇവിടെ ഭക്ഷണം കഴിയ്ക്കാനാണ് വരുന്നത്. വിശന്നു കിടന്നുറങ്ങുന്നതിനേക്കുറിച്ച് ഇനി ഞങ്ങൾക്ക് ആലോചിച്ചു വിഷമിയ്ക്കേണ്ടതില്ല,” 16-കാരിയായ രേഖ പറയുന്നു (ഈ കഥയിൽ ഉദ്ധരിയ്ക്കപ്പെട്ടിട്ടുള്ള മിയ്ക്കവരേയും പോലെ അവൾ തന്‍റെ പേരിന്‍റെ ആദ്യഭാഗം മാത്രം ഉപയോഗിയ്ക്കാൻ താത്പര്യപ്പെടുന്നു). പാഴ് വസ്തുക്കളില്‍നിന്നും റീസൈക്കിള്‍ ചെയ്തെടുക്കാന്‍ പറ്റുന്ന വസ്തുക്കള്‍ ശേഖരിയ്ക്കുന്ന തൊഴിലില്‍ ഏര്‍പ്പെട്ടിരിയ്ക്കുന്ന അവള്‍ സിംഗുവിലെ സമരസ്ഥലത്തുനിന്നും നിന്നും 8 കി.മീ. മാറി വടക്കൻ ഡൽഹിയിലെ അലിപ്പൂരിൽ താമസിയ്ക്കുന്നു.
സെപ്തംബറില്‍ സർക്കാർ പാസ്സാക്കിയ മൂന്നു പുതിയ കാര്‍ഷിക നിയമങ്ങള്‍ ക്കെതിരെ നവംബർ 26 മുതൽ കർഷകർ സമരം ചെയ്തു കൊണ്ടിരിയ്ക്കുന്ന ഹരിയാന-ഡൽഹി അതിർത്തിയിലെ ഉപരോധം നടക്കുന്ന സിംഗുവിൽ ആണ് അവൾ ഉള്ളത്. സമരത്തിൽ പങ്കെടുക്കുന്ന കർഷകർ, അതിനെ പിന്തുണയ്ക്കുന്നവർ, അതിനോട് വെറുതെ കൗതുകം പുലർത്തുന്നവർ, വിശപ്പുമൂലം ഗുരുദ്വാരകളാലും കർഷകരാലും നടത്തപ്പെടുകയും പാലിയ്ക്കപ്പെടുകയും ചെയ്യുന്ന ലാങ്ങറുകളിൽ നിന്ന് തൃപ്തിയാകുന്നതു വരെ കഴിയ്ക്കുന്ന ചിലർ, എന്നിങ്ങനെ ആയിരക്കണക്കിന് ആളുകളെയാണ് സമരം ആകർഷിച്ചിട്ടുള്ളത്. ഈ സാമൂഹ്യ അടുക്കളകളുമായി ബന്ധപ്പെട്ട് പ്രവർത്തിയ്ക്കുന്നവർ ഭക്ഷണത്തിൽ പങ്കാളികളാകാൻ എല്ലാവരേയും ക്ഷണിയ്ക്കുന്നു.
ഇങ്ങനെ പ്രതിഷേധ സ്ഥലത്തേയ്ക്കു വരുന്നവരുടെയിടയിൽ അടുത്തുള്ള പാതളിലും ചേരി കോളനികളിലും താമസിയ്ക്കുന്ന കുടുംബങ്ങളും ഉണ്ട്. പകല്‍ ഉടനീളം രാവിലെ 8 മുതല്‍ രാത്രി 9 വരെ വിതരണം ചെയ്യപ്പെടുന്ന ലാങ്ങർ - സൗജന്യ ഭക്ഷണം - പ്രധാനമായും ലക്ഷ്യമാക്കിക്കൊണ്ടാണ് ഇവര്‍ വരുന്നത്. ചോറ്, ദാൽ, പകോഡകള്‍, ലഡു, സാഗ്, മക്കി കി റൊട്ടി, വെള്ളം, ജ്യൂസ്, തുടങ്ങി എല്ലാം ഇവിടെ ലഭിയ്ക്കും. മരുന്നുകൾ, ബ്ലാങ്കറ്റുകൾ, സോപ്പുകൾ, ചെരിപ്പുകൾ, തുണികൾ, അങ്ങനെ തുടങ്ങി വളരെ ആവശ്യമുള്ള വസ്തുക്കളെല്ലാം സന്നദ്ധ പ്രവർത്തകരും സൗജന്യമായി വിതരണം ചെയ്യുന്നു.
പഞ്ചാബിലെ ഗുർദാസ്പൂർ ജില്ലയിലെ ഘുമാൻ കലൻ ഗ്രാമത്തിൽ നിന്നുള്ള ബി. എസ്സി. ബിരുദ വിദ്യാർത്ഥിയും 23 വയസ്സുള്ള കർഷകനും ആയ ഹർപ്രീത് സിംഗ് സന്നദ്ധ പ്രവർത്തകരിൽ ഒരാളാണ്. “ഈ നിയമങ്ങളൊക്കെ തെറ്റാണെന്നു ഞങ്ങൾ കരുതുന്നു,” അദ്ദേഹം പറയുന്നു. “ഈ ഭൂമിയൊക്കെ ഞങ്ങളുടെ പൂർവ്വികർ കൃഷി ചെയ്തു വന്നിരുന്നതും സ്വന്തമാക്കിയതും ആണ്, ഇപ്പോൾ സർക്കാർ ഞങ്ങളെ അവിടെ നിന്നും പുറത്താക്കാൻ നോക്കുന്നു. ഈ നിയമങ്ങളെ ഞങ്ങൾ പിന്തുണയ്ക്കുന്നില്ല. ഞങ്ങൾക്ക് റൊട്ടി തിന്നേണ്ട എന്നുണ്ടെങ്കിൽ എങ്ങനെ ആർക്കെങ്കിലും അത് ഞങ്ങളെ തീറ്റിയ്ക്കാൻ പറ്റും? ഈ നിയമങ്ങൾ ഇല്ലാതാകേണ്ടതുണ്ട്.”
“ലോക്ക് ഡൗണിന്‍റെ സമയത്ത് ഞങ്ങൾക്ക് ഭക്ഷണമേ കിട്ടിയിട്ടില്ല, പിന്നെയല്ലേ നല്ല ഭക്ഷണം,” ഉപജീവനത്തിനായി പാതയോരങ്ങളിൽ ബലൂൺ വിൽക്കുന്ന, സിംഗു അതിർത്തിയിൽ നിന്നും 8 കി.മീ. മാറി വടക്കൻ ഡൽഹിയിലെ അലിപ്പൂരിൽ താമസിയ്ക്കുന്ന, 30-കാരിയായ മീന (പച്ച സാരിത്തലപ്പുകൊണ്ട് തല മറച്ചവർ) പറയുന്നു. ഞങ്ങൾക്ക് ഇവിടെ കഴിയ്ക്കാന്‍ കിട്ടുന്നത് മുമ്പു ഞങ്ങൾ കഴിച്ചിട്ടുള്ള എന്തിനേക്കാളും നല്ലതാണ്. കർഷകർ ഞങ്ങൾക്ക് പകൽ മുഴുവൻ നന്നായി ഭക്ഷിയ്ക്കാൻ ആവശ്യമുള്ളതിലും അധികം നല്കുന്നു. ഒരാഴ്ചയായി ഞങ്ങൾ ദിവസം രണ്ടു നേരം വീതം ഇവിടെ വരുന്നു.

പഞ്ചാബിലെ ഗുർദാസ്പൂർ ജില്ലയിലെ ഘുമാൻ കലൻ ഗ്രാമത്തിൽ നിന്നുള്ള ബി. എസ്സി. ബിരുദ വിദ്യാർത്ഥിയും 23 വയസ്സുള്ള കർഷകനും ആയ ഹർപ്രീത് സിംഗ് (നീല തലപ്പാവ് ധരിച്ചയാൾ) സമരത്തിൽ ചേരാനുള്ള ആഹ്വാനത്തെ തുടർന്ന് വീടു വിട്ടതാണ്. “ഈ ഭൂമിയൊക്കെ ഞങ്ങളുടെ പൂർവ്വികർ വളരെ വർഷങ്ങളോളം കൃഷി ചെയ്തു വന്നിരുന്നതും സ്വന്തമാക്കിയതും ആണ്, ഇപ്പോൾ സർക്കാർ ഞങ്ങളെ അവിടെ നിന്നും പുറത്താക്കാൻ നോക്കുന്നു. ഈ നിയമങ്ങളെ ഞങ്ങൾ പിന്തുണയ്ക്കുന്നില്ല. ഞങ്ങൾക്ക് റൊട്ടി തിന്നേണ്ട എന്നുണ്ടെങ്കിൽ എങ്ങനെ ആർക്കെങ്കിലും ഞങ്ങളെ അത് തീറ്റിയ്ക്കാൻ പറ്റും? ഈ നിയമങ്ങൾ ഇല്ലാതാകേണ്ടതുണ്ട്,” അദ്ദേഹം ഊന്നി പറയുന്നു.

“ഞാൻ എന്‍റെ സഹോദരന്മാരോടൊപ്പം ഇവിടെ ഭക്ഷണം വിളമ്പുന്നു,” ഹർപ്രീത് സിംഗ് (ചിത്രത്തിൽ ഇല്ല) കൂട്ടിച്ചേർക്കുന്നു. “ഇത് ഞങ്ങളുടെ ഗുരുവിന്‍റെ ലാങ്ങർ ആണ്. ഇത് ഒരിയ്ക്കലും തീരില്ല. ഇത് ഞങ്ങളെയും ആയിരക്കണക്കിന് മറ്റുള്ളവരെയും ഊട്ടുന്നു. ഒരുപാടു മനുഷ്യർ ഞങ്ങളെ സഹായിയ്ക്കാൻ വരികയും ഞങ്ങളുടെ ഉദ്ദേശ്യങ്ങൾക്കായി സംഭാവന ചെയ്യുകയും ചെയ്യുന്നു. ഇവിടെ വരുന്ന എല്ലാവരും തന്നെ ഭക്ഷണം കഴിച്ച് മടങ്ങി പോകുന്നു എന്ന് ഉറപ്പു വരുത്തുന്നതിനായി ദിവസം മുഴുവന്‍ ഞങ്ങൾ ലാങ്ങർ പ്രവർത്തിപ്പിയ്ക്കുന്നു.”

വടക്കു-പടിഞ്ഞാറൻ ഡെൽഹിയിലെ രോഹിണിയിൽ നിന്നുള്ള 50 – കാരിയായ രജ്വന്ദ് കൗർ (തന്‍റെയും കൂടെയുള്ള ആളുടെയും തലയിൽ ചുവപ്പ് ദുപ്പട്ട ധരിച്ചവര്‍) ഒരു വീട്ടമ്മയാണ്. അവരുടെ മകൻ എല്ലാ ദിവസവും ഇവിടുത്തെ സാമൂഹ്യ അടുക്കളകളിൽ പണിയെടുക്കാൻ വരുന്നതാണ് അവരെ ഈ പ്രസ്ഥാനത്തിൽ ചേരാൻ പ്രേരിപ്പിച്ചത്. “എന്‍റെ പിന്തുണ അറിയിയ്ക്കാനായി എനിയ്ക്കിവിടെ ഒന്നും ചെയ്യാനില്ല, അവർ പറയുന്നു. അതുകൊണ്ട് എന്‍റെ മകന്‍റെ കൂടെ ഇവിടെ വരാനും ഇവിടെയുള്ളവരെ ഭക്ഷണം പാകം ചെയ്തു സഹായിയ്ക്കാനും എല്ലാ ദിവസവും ഇവിടെ എത്തുന്ന ആയിരക്കണക്കിന് ആളുകളെ ഊട്ടാനും ഞാൻ തീരുമാനിച്ചു. ഇവിടെ ജോലി ചെയ്യുന്നതും ഞങ്ങളുടെ കർഷക സഹോദരങ്ങളെ സേവിയ്ക്കുന്നതും എന്നിൽ സന്തോഷം ഉണ്ടാക്കുന്നു.”

പഞ്ചാബിലെ സംഗ്‌രൂർ ജില്ലയിലെ മലെർകോട്ല എന്ന പട്ടണത്തിൽ നിന്നുള്ള ഒരു കൂട്ടം മുസ്ലിംങ്ങൾ അവരുടെ സ്പെഷ്യൽ ചോറായ സർദ വിതരണം ചെയ്യുന്നു. സമരത്തിന്‍റെ ആദ്യ ദിവസം മുതൽ അവർ ഇവിടെ ഉണ്ട്. പഞ്ചാബ് മുസ്ലിം ഫെഡറേഷനിൽ അംഗമായ മലെർകോട്ലയിൽ നിന്നുള്ള താരിഖ് മൻസൂർ ആലത്തിന്‍റെ വിശദീകരണം മുസ്ലിം-സിഖ് സഹോദരന്മാർ നൂറ്റാണ്ടുകളായി പരസ്പരം സഹായിച്ചുകൊണ്ടു നിൽക്കുന്ന ഒരു പ്രദേശത്തു നിന്നാണ് തങ്ങൾ വരുന്നതെന്നാണ്. കർഷക വിഷയത്തെ സഹായിയ്ക്കാനായി അവർ തങ്ങളുടെ സിഗ്നേച്ചര്‍ വിഭവവും കൂടെക്കൊണ്ടുപോന്നു. “അവര്‍ സമരം ചെയ്യുന്ന കാലത്തോളം ഞങ്ങള്‍ അവരെ പിന്തുണയ്ക്കും, അവരോടൊപ്പം ഞങ്ങള്‍ നില്‍ക്കും,” താരിഖ് പറയുന്നു.

കരൺവീർ സിംഗിന് 11 വയസ്സ് ഉണ്ട്. അവന്‍റെ അച്ഛൻ സിംഗു അതിർത്തിയില്‍ ഒരു വണ്ടിയിൽ ചൗമെയ്ൻ (ഫ്രൈഡ് നൂഡില്‍സ്) വിൽക്കുന്നു. “എന്‍റെ സുഹൃത്തുക്കൾ എന്നോട് ഇവിടെ വരാന്‍ പറഞ്ഞു. ഞങ്ങൾക്ക് ഗജാർ കാ ഹൽവാ വേണമായിരുന്നു,” കാവി നിറത്തിലുള്ള ചോറായ സാർദാ കഴിയ്ക്കുന്നതിനിടയിൽ ചിരിച്ചുകൊണ്ട് കരൺവീർ പറയുന്നു.

ഹരിയാനയിലെ സോണിപ്പാത്ത് ജില്ലയിലെ കുണ്ട്ലി ഗ്രാമത്തിൽ നിന്നുള്ള മുന്നി നിർമ്മാണ മേഖലയിൽ പണിയെടുക്കുന്നു. അവർ അവരുടെ കുട്ടികളെ സമര സ്ഥലത്തേയ്ക്ക് ഭക്ഷണത്തിനായി കൊണ്ടുവന്നിരിയ്ക്കുകയാണ്. “എനിയ്ക്ക് കൊച്ചു കുട്ടികളാണ് ഉള്ളത്, അവർക്ക് എന്തെങ്കിലും കഴിയ്ക്കാൻ വേണം,” അവർ പറയുന്നു. “ഞാൻ അവരെ ഇവിടേയ്ക്ക് എന്‍റെയൊപ്പം കൊണ്ടു പോന്നു. ഇതെന്തിനെക്കുറിച്ചുള്ളതാണെന്നൊന്നും എനിയ്ക്കറിയില്ല, വിളകൾക്കും വിളവെടുപ്പുകൾക്കും വേണ്ടിയാണ് അവർ സമരം ചെയ്യുന്നതെന്ന് എനിയ്ക്കു തോന്നുന്നു.”

കൃത്യമായി ഭക്ഷണം ലഭിയ്ക്കുന്ന ഒരു സ്ഥലം എന്നതിനു പുറമേ, പൂജയെപ്പോലെ പല ഓഫീസുകളിൽ നിന്നും പതിവായി പാഴ്വസ്തുക്കൾ ശേഖരിയ്ക്കുന്ന, പാഴ്വസ്തുക്കളിൽ നിന്നുള്ള സാധനങ്ങൾ പെറുക്കി ഉപജീവനം കഴിയ്ക്കുന്നവർക്കു കൂടിയുള്ള ഒരു സ്രോതസ്സായി സമരസ്ഥലം മാറുന്നു. ഹരിയാനയിലെ കുണ്ട്ലിയിലെ സെർസാ ബ്ലോക്കിൽ താമസിയ്ക്കുന്ന അവർ ഭർത്താവിനോടൊപ്പം സിംഗു സമര സ്ഥലത്ത് വന്നിരിയ്ക്കുന്നത് കുപ്പികളും പെട്ടികളും പെറുക്കാനാണ്. “ഞാൻ തറകൾ തുടയ്ക്കുകയും പാഴ്വസ്തുക്കൾ ശേഖരിയ്ക്കുകയും ചെയ്യുന്നു,” അവർ പറയുന്നു. “അവർ എനിയ്ക്ക് ഭക്ഷണവും മകൾക്ക് പാലും തരുന്നു. അവർ ഇവിടെ തമ്പടിച്ചിരിയ്ക്കുന്നതു മുതൽ എല്ലാ ദിവസവും ഞങ്ങൾ ഇവിടെ വരുന്നു. അവർ തരുന്നത് എല്ലാം ഞങ്ങൾക്കിഷ്ടമാണ്. ചില സമയത്ത് അവ വാഴപ്പഴങ്ങളും ഓറഞ്ചുമായിരിയ്ക്കും, മറ്റു ചില സമയത്ത് സോപ്പുകളും ബ്ലാങ്കറ്റുകളും ആയിരിയ്ക്കും. ഞാൻ കുപ്പികൾ വിറ്റ് ദിവസവും 200-300 രൂപ ഉണ്ടാക്കുന്നു. എന്‍റെ കുട്ടികളുടെ ചിലവുകൾക്കായി ഉപയോഗിയ്ക്കാൻ ഈ പണം എന്നെ സഹായിയ്ക്കുന്നു. ഇവർ ഞങ്ങളോട് വളരെ കരുണയുള്ളവരാവുകയാൽ വാനെ വഹെഗുരു ഇവർക്ക് വേണ്ടതൊക്കെ കൊടുക്കുമെന്ന് ഞാൻ വിചാരിയ്ക്കുന്നു.”

ഹരിയാനയിലെ കർണാലിലെ ആശ്രാമിൽ നിന്നുള്ള സന്നദ്ധ പ്രവർത്തകർ കർഷകരെ രാത്രിയിൽ ഉന്മേഷത്തോടെ നിർത്തുന്നതിനായി അവർക്ക് ചൂടുപാൽ ഉണ്ടാക്കി കൊടുക്കുന്നു. ഉണക്കിയ പഴങ്ങൾ, നെയ്യ്, ഈന്തപ്പഴം, കുങ്കുമപ്പൂവ്, തേൻ, എന്നിവയൊക്കെ ഈ പാലിൽ ചേരുവകളായി ചേർക്കുന്നു. എല്ലാ ദിവസവും രാവിലെ കർണാലിലുള്ള ഡയറികളിൽ നിന്നും ശുദ്ധമായ പാൽ സംഭരിയ്ക്കുന്നു.

പഞ്ചാബിലെ കപൂർത്തല ജില്ലയിലെ ഒരു വെൽഫെയർ സൊസൈറ്റിയിൽ നിന്നുള്ള സന്നദ്ധ പ്രവർത്തകർ വയ്കുന്നേരത്തേയ്ക്കുള്ള സ്നാക്ക് ആയി ചൂടുള്ള പകോടകൾ ഉണ്ടാക്കുന്നു. പ്രതിഷേധ സ്ഥലത്തെ ഏറ്റവും തിരക്കുള്ള സ്റ്റാൾ സാധാരണയായി ഇതു തന്നെയായിരിയ്ക്കും.

അക്ഷയ്ക്ക് 8 വയസ്സും സഹിലിന് 4 വയസ്സും ഉണ്ട്. “ഞങ്ങളുടെ മാതാപിതാക്കൾ ഒരു ഫാക്ടറിയിൽ ജോലി നോക്കുന്നു. ഞങ്ങളുടെ അമ്മ രാവിലെ നേരത്തേ തന്നെ പോകുന്നു, അതുകൊണ്ട് ഞങ്ങൾക്ക് പ്രഭാത ഭക്ഷണം ഉണ്ടാക്കി തരാൻ പറ്റില്ല. അതുകൊണ്ട് ഞങ്ങൾ എല്ലാ ദിവസവും രാവിലെ ഇവിടെ കഴിയ്ക്കാൻ വരുന്നു,” അവർ പറയുന്നു. “എനിയ്ക്ക് സ്‌പ്രൈറ്റ് ഇഷ്ടമാണ്, അവന് [സഹിലിന്] ബിസ്ക്കറ്റും,” അക്ഷയ് കൂട്ടിച്ചേർക്കുന്നു.

“ഞങ്ങളുടെ അയൽക്കാരൻ ആണ് ഞങ്ങളോടു പറഞ്ഞത് അതിർത്തിയിലേയ്ക്ക് പോകൂ, അവിടെ ഇഷ്ടം പോലെ ഭക്ഷണം ഉണ്ടെന്ന്,” 9 ഉം 7 ഉം വയസ്സുള്ള സുഹൃത്തുക്കളായ അഞ്ചലും സാക്ഷിയും (നിലത്തിരിയ്ക്കുന്നവര്‍) പറയുന്നു.

പ്രതിഷേധ സ്ഥലത്ത് മെഡിയ്ക്കൽ ക്യാമ്പുണ്ട്, അവിടെ കർഷകർക്കു മാത്രമല്ല സ്റ്റാളുകൾ സന്ദർശിയ്ക്കുന്ന എല്ലാവർക്കും മരുന്നുകൾ സൗജന്യമായി നല്കുന്നു.

ഉത്തർപ്രദേശിലെ ഹർദോയി ജില്ലയിൽ നിന്നുള്ള 37-കാരിയായ കാഞ്ചൻ പറഞ്ഞത് അവർ ഒരു ഫാക്ടറിയിൽ 6500 രൂപ മാസ വേതനത്തിൽ ജോലി ചെയ്യുന്നു എന്നാണ്. “കുറച്ചു ദിവസങ്ങളായി എനിയ്ക്കു പനിയുണ്ട്. നേരത്തേ തന്നെ കുറച്ചു പണം ചികിത്സയ്ക്കായി ചിലവഴിച്ചിട്ടുമുണ്ട്. സിംഗു അതിർത്തിയിൽ സൗജന്യമായി മരുന്നുകൾ നല്കുന്നുണ്ടെന്ന് ഫാക്ടറിയിൽ നിന്നുള്ള ഒരാൾ എന്നോടു പറഞ്ഞു. ഞാൻ ഇവിടെ വന്ന് എനിയ്ക്കു വേണ്ടത്ര മരുന്നുകൾ വാങ്ങി. ആവശ്യങ്ങളിൽ എല്ലാവരേയും സഹായിയ്ക്കുന്ന നമ്മുടെ സഹോദരന്മാർക്ക് നന്ദി പറയാൻ ഞാൻ യഥാർത്ഥത്തിൽ ആഗ്രഹിയ്ക്കുന്നു. അവർ ഞങ്ങൾക്ക് ഭക്ഷണവും മരുന്നുകളും തന്നു, അല്ലായിരുന്നെങ്കിൽ അവയ്ക്കൊക്കെ ഞാൻ നൂറു കണക്കിന് രൂപ മുടക്കേണ്ടി വരുമായിരുന്നു.

പഞ്ചാബിലെ ടാൺ ടരാനിൽ നിന്നുള്ള 20 കാരനായ സുഖ്പാൽ സിംഗ് ടൂത്ത് പേസ്റ്റ്, സോപ്പ്, ബിസ്ക്കറ്റുകൾ എന്നിവയൊക്കെ വിതരണം ചെയ്യുന്നു. ഡൽഹി-ഹരിയാന അതിർത്തിയിലെ റോഡ് ഉപരോധം തുടരുന്നതിനാൽ ട്രാക്ടറുകളുടെ ഒരു നീണ്ട നിര സമരം ചെയ്യുന്ന കർഷകരെ മാത്രമല്ല, ചുറ്റുപാടുമുള്ള പാവപ്പെട്ട ആൾക്കാരേയും എല്ലാത്തരം സാധനങ്ങളും – സാനിറ്ററി നാപ്കിനുകൾ മുതൽ ബ്ലാങ്കറ്റുകൾ വരെ, ഭക്ഷണം മുതൽ മരുന്നുകൾ വരെ, എന്തിന് ടൂത്ത് ബ്രഷുകൾ മുതൽ സോപ്പു വരെ- വിതരണം ചെയ്തുകൊണ്ട് സേവിയ്ക്കുന്നു.
പരിഭാഷ: ഡോ. റെന്നിമോന്‍ കെ. സി.