ഗ്രാമീണ സ്ത്രീകള്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരുപാട് തരത്തിലുള്ള ജോലികള്‍ ചിത്രീകരിച്ചിട്ടുള്ള ദൃശ്യമായ ജോലി, അദൃശ്യരായ സ്ത്രീകള്‍, ഒരു ചിത്ര പ്രദര്‍ശനം എന്ന പ്രദര്‍ശനത്തിന്‍റെ ഭാഗമാണ് ഈ പാനല്‍. ഈ ചിത്രങ്ങള്‍ മുഴുവന്‍ 1993 മുതല്‍ 2002 വരെയുള്ള കാലഘട്ടത്തില്‍ വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും പി. സായ്‌നാഥ് എടുത്തതാണ്. നിരവധി വര്‍ഷങ്ങളോളം രാജ്യത്തിന്‍റെ മിക്കഭാഗത്തും പര്യടനം നടത്തിയ യഥാര്‍ത്ഥ പ്രദര്‍ശനത്തെ പാരി ഇവിടെ ക്രിയാത്മകമായി ഡിജിറ്റൈസ് ചെയ്തിരിക്കുന്നു.
ദൃശ്യമായ ജോലി , അദൃശ്യരായ സ്ത്രീകൾ
അവര്‍ മലഞ്ചരിവിലേക്ക് വരികയായിരുന്നു. വലിയ ചുമട് അവരുടെ മുഖം മറച്ചിരുന്നു. ദൃശ്യമായ ജോലി, അദൃശ്യയായ സ്ത്രീ. ഒഡീഷയിലെ മാല്‍കാൻഗിരിയിലെ ഈ ഭൂരഹിത വ്യക്തിക്ക് ഇത് അദ്ധ്വാനത്തിന്‍റെ അടുത്ത ദിവസം മാത്രം. വെള്ളവും വിറകും കാലിത്തീറ്റയും ശേഖരിക്കുക. ഒരു സ്ത്രീയുടെ ജീവിതത്തിന്‍റെ മൂന്നിലൊന്ന് വേണ്ടിവരുന്ന മൂന്ന് ജോലികൾ. രാജ്യത്തിന്‍റെ വിവിധ മേഖലകളിൽ 7 മണിക്കൂറുകൾ വരെ കുടുംബത്തിനുവേണ്ടി വെള്ളവും വിറകും ശേഖരിക്കാനായി സ്ത്രീകൾ ചിലവഴിക്കുന്നു. കാലിത്തീറ്റ ശേഖരിക്കുന്നതിനും സമയമെടുക്കും. ഇവ മൂന്നും ശേഖരിക്കുന്നതിനായി ഗ്രാമീണ ഇന്ത്യയിലെ ദശലക്ഷക്കണക്കിന് സ്ത്രീകൾ ഓരോ ദിവസവും കിലോമീറ്ററുകളോളം നടക്കുന്നു.
ചുമടുകൾക്ക് വലിയ ഭാരമാണ്. മാല്‍കാൻഗിരിയുടെ ചരിവിലൂടെ നടക്കുന്ന ആദിവാസി സ്ത്രീയുടെ തലയിൽ ഏകദേശം 30 കിലോ വിറകുണ്ട്. ഇനിയും അവർക്ക് മൂന്ന് കിലോമീറ്ററുകൾ പോകാനുണ്ട്. ഒരുപാട് സ്ത്രീകൾ വീട്ടിലേക്ക് വെള്ളം കൊണ്ടുവരാൻ വലിയദൂരം ഇതേരീതിയിൽ നടന്നു ബുദ്ധിമുടുന്നു.
മദ്ധ്യപ്രദേശിലെ ജാബുവയിൽ തടിപ്പാലത്തിൽ നിൽക്കുന്ന ആ സ്ത്രീ ചുറ്റുമതിലില്ലാത്ത കിണറ്റിൽ നിന്നും വെള്ളം കോരുകയാണ്. പൊടിയും ചെളിയും വീഴാതിരിക്കാനായി തടിക്കഷണങ്ങൾ കൊണ്ട് കിണർ മൂടിയിരിക്കുകയാണ്. അവ പരസ്പരം ചേർത്ത് കെട്ടിയിട്ടു പോലുമില്ല. ശരീരത്തിന്‍റെ നില തെറ്റിയാല്‍ കിണറിന്‍റെ 20 അടി താഴ്ചയിലേക്കാണ് അവർ വീഴുന്നത്. വശങ്ങളിലേക്കവർ തെന്നിയാൽ തടിക്കഷണങ്ങളാല്‍ പാദങ്ങൾ ചതയും.
വനനശീകരണം നടന്നതോ ജലക്ഷാമമുള്ളതോ ആയ പ്രദേശങ്ങളിൽ കഠിനവും വിരസവുമായ ഈ ജോലി കൂടുതൽ വഷളാകുന്നു. ദൂരം വർദ്ധിക്കുന്നു. അതിനാൽ ഒരൊറ്റത്തവണ തന്നെ കൂടുതൽ ഭാരം ചുമക്കാൻ സ്ത്രീകൾ ശ്രമിക്കുന്നു.
ഏറ്റവും നല്ല സമയങ്ങളിലെ ബുദ്ധിമുട്ട് നിറഞ്ഞ പണികളാണിതൊക്കെ. പക്ഷെ ദശലക്ഷക്കണക്കിനാളുകൾക്ക് ഗ്രാമത്തിലെ പൊതുഭൂമി (village common lands) പ്രാപ്യമല്ലാത്തതിനാൽ പ്രശ്നങ്ങൾ വഷളാവുന്നു. രജ്യത്തുടനീളം മിക്ക സംസ്ഥാനങ്ങളിലും പൊതുഭൂമി അതിവേഗം സ്വകാര്യവത്കരിച്ചുകൊണ്ടിരിക്കുന്നു. ഇത് ദരിദ്രരെ, പ്രത്യേകിച്ച് കർഷകത്തൊഴിലാളികളെ, ബാധിക്കുന്നു. കാലങ്ങളോളം അവർ ഉപഭോഗം ചെയ്ത വിളകളുടെ വലിയൊരു പങ്കും പൊതുഭൂമി അവർക്ക് നൽകിയിട്ടുണ്ട്. പൊതുഭൂമി നഷ്ടപ്പെടുക എന്നു പറഞ്ഞാൽ കുളങ്ങൾ, വഴികൾ, മേച്ചൽ പുറങ്ങൾ, വിറക്, വളർത്തു ജന്തുക്കൾക്കുള്ള തീറ്റ, വെള്ളം എന്നിവയൊക്കെ മറ്റു പലതിനോടുമൊപ്പം നഷ്ടപ്പെടുക എന്നാണ്. ഇതിന്‍റെയർത്ഥം ഫലങ്ങൾ ലഭിക്കാമായിരുന്ന മരക്കൂട്ടങ്ങളും സസ്യങ്ങളും ഇല്ലാതായിരിക്കുന്നു എന്നാണ്.



പൊതുഭൂമികളുടെ സ്വകാര്യവത്കരണവും വാണിജ്യവത്കരണവും പാവപ്പെട്ട പുരുഷന്മാരെയും സ്ത്രീകളെയും ഒരുപോലെ ബാധിക്കുന്നു. പക്ഷെ സ്ത്രീകളാണ് പൊതുഭൂമിയിൽ നിന്നും ആവശ്യമുള്ളതൊക്കെ ശേഖരിച്ചിരുന്നത്. ദളിതരും ഭൂരഹിത തൊഴിലാളികളുടെ പാർശ്വവത്കൃത കൂട്ടങ്ങളുമാണ് ഏറ്റവുമധികം ബാധിക്കപ്പെടുന്നവർ. ഹരിയാന പോലെയുള്ള സംസ്ഥാനങ്ങളിൽ ഫാക്ടറികൾ, ഹോട്ടലുകൾ, ഡിസ്റ്റിലറികൾ, ആഡംബര കാർഷിക തോട്ടങ്ങൾ എന്നിവയ്ക്കു വേണ്ടിയും കോളനികൾ നിർമ്മിക്കുന്നതിനു വേണ്ടിയും ഉയർന്ന ജാതിക്കാൻ നയിക്കുന്ന പഞ്ചായത്തുകൾ അവ പാട്ടത്തിനെടുക്കുന്നു.
ട്രാക്ടറുകളുടെ കാര്യം പോകട്ടെ, കൊയ്ത്ത് യന്ത്രങ്ങളുടെ വലിയ രീതിയിലുള്ള ഉപയോഗം തന്നെ ഭൂഉടമകൾക്ക് കുറച്ച് തൊഴിലാളികൾ മതി എന്നായിക്കിയിട്ടുണ്ട്. അതുകൊണ്ട് ഒരിക്കൽ ദരിദ്രരെ നിലനിർത്താനും കഴിഞ്ഞു കൂടാനും സഹായിച്ചിരുന്ന പൊതു ഭൂമികൾ വിൽക്കാൻ അവർക്ക് തോന്നിത്തുടങ്ങി. പലപ്പോഴും പാവപ്പെട്ട മനുഷ്യർ അതിനെ പ്രതിരോധിക്കുമ്പോൾ ഭൂഉടമകൾ ജാതിപരവും സാമ്പത്തികമായ ബഹിഷ്കരണം നടത്തിക്കൊണ്ട് തിരിച്ചടിച്ചു. പൊതുഭൂമി നഷ്ടപ്പെടുന്നുവെന്നും ബഹിഷ്കരണം നേരിടുന്നുവെന്നും പറഞ്ഞാൽ അതിനർത്ഥം നിരവധി പ്രദേശങ്ങളിൽ സ്ത്രീകൾക്ക് കക്കൂസ് സൗകര്യം പോലും നഷ്ടമായിരിക്കുന്നു എന്നാണ്. ഇത് അവരിൽ നിരവധി പേർക്കും നിലവിൽ വലിയൊരു പ്രശ്നമാണ്.
വിറകും കാലിത്തീറ്റയും വെള്ളവും ശേഖരിച്ചുകൊണ്ട് ദശലക്ഷക്കണക്കിന് വീടുകളാണ് മുന്നോട്ടു പോകുന്നത്. പക്ഷെ ഈ തൊഴിൽ ചെയ്യുന്നവർ വലിയ വിലയാണ് അതിനു നൽകുന്നത്.

പരിഭാഷ: റെന്നിമോന്‍ കെ. സി.