വടക്കൻ മുംബൈയിലെ മാധ് ദ്വീപിലെ മത്സ്യബന്ധനഗ്രാമമാണ് ദൊങ്കാർപാഡ. കോലി മത്സ്യബന്ധന വിഭാഗത്തിൽപ്പെട്ട 40 മുതൽ 45 കുടുംബങ്ങൾ ഇവിടെ ജീവിക്കുന്നു. അവർ കൂട്ടമായി ഖാല (മീനുണക്കുന്ന രീതി) എന്ന തൊഴീലിൽ ഏർപ്പെട്ടിരിക്കുന്നു. മാധിൽ ഇത്തരം നിരവധി കേന്ദ്രങ്ങളുണ്ട്.
ഓരോ കോലി കുടുംബവും അഞ്ചുമുതൽ 10 തൊഴിലാളികളെവരെ ജോലിക്കെടുക്കാറുണ്ട്. ഉത്തർപ്രദേശ്, ആന്ധ്രപ്രദേശ്, മഹാരാഷ്‌ട്ര പോലെയുള്ള വിവിധ സംസ്ഥാനങ്ങളിൽനിന്ന് കുടിയേറിയവരാണ് ഇവർ. എല്ലാ വർഷവും സെപ്റ്റംബർബർ – ജൂൺ കാലയളവിൽ ഇവർ മുംബൈയിലേക്ക് കുടിയേറും. കോലികളുമായി കരാറിൽ ഏർപ്പെടുന്ന ഇവർ എട്ടുമാസത്തിനുള്ളിൽ 65,000 മുതൽ 75,000 രൂപവരെ സമ്പാദിക്കും.
പുരുഷൻമാരായ തൊഴിലാളികൾ കോലി കുടുംബം നൽകുന്ന മുറി പങ്കുവയ്ക്കും - -ഒരു മുറിയിൽ നാലും അഞ്ചും പേർ. ഇവിടെയുള്ള സ്‌ത്രീകളിൽ കൂടുതലും ആന്ധ്രപ്രദേശുകാരാണ്. അവർ കുട്ടികളടക്കം കുടുംബവുമായിട്ടാകും വരിക. ഒരുമാസം 700 രൂപ വാടകയ്ക്ക് തൊഴിലുടകമകളുടെ സ്ഥലത്ത് ഇവർക്ക് പ്രത്യേകം സ്ഥലം നൽകും.

ആന്ധ്രപ്രദേശിലെ കുർണൂൽ ജില്ലയിലെ മന്ത്രികൈ ഗ്രാമത്തിൽനിന്നാണ് രംഗമ്മ വരുന്നത് (ഇടത്ത്; തന്റെ ആദ്യനാമം മാത്രം ഉപയോഗിക്കാനാണ് അവർക്ക് താത്പര്യം). തെലുങ്കിന് പുറമേ മറാത്തിയും ഹിന്ദിയും അനായാസമായി അവർ സംസാരിക്കും. ഭർത്താവിനും കുടുംബത്തിനുമൊപ്പം 20 വർഷമായി രംഗമ്മ മാധിലെത്തുന്നുണ്ട്. അധ്യാപകനായ മകൻ മാത്രമാണ് ഗ്രാമത്തിൽ നിൽക്കുക. 'അവിടെ മഴയില്ല', അവർ ഹിന്ദിയിൽ പറയുന്നു, 'അതുകൊണ്ട് കൃഷി നടക്കില്ല. അതുകൊണ്ട് ജോലിക്കായി ഞങ്ങൾ ജോലിക്കായി ഇവിടെവരുന്നു'

ഉത്തർപ്രദേശിലെ ജോൻപൂർ ജില്ലയിലെ ധരംപൂർ ഗ്രാമവാസിയാണ് സുരേഷ് രജക്. ഏഴുവർഷം ധാനെയിലെ പെയിന്റ് ഫാക്ടറിയിൽ ജോലിചെയ്തശേഷം കുറച്ചുമാസങ്ങൾക്കുമുമ്പാണ് സുരേഷ് മാധിലെത്തിയത്. 'എന്റെ ഗ്രാമത്തിൽനിന്നുള്ളവർ വർഷങ്ങളായി ഇവിടെ വരുന്നവരാണ്. ഇവിടുത്തെ ജോലിയും കൂലിയും മെച്ചമാണ്,' സുരേഷ് പറഞ്ഞു

ഗ്യാൻചന്ദ് മൗര്യയും (ഇടത്ത്) ധരംപൂരിൽനിന്നാണ്. 2016-ൽ ദൊങ്കാർപാഡയിൽ എത്തുന്നതിനുമുമ്പ് മധ്യമുംബൈയിലെ സാത് രാസ്തയിൽ മരപ്പണി വർക്‌ഷോപ്പിൽ ജോലിചെയ്യുകയായിരുന്നു. അതേഗ്രാമത്തിൽനിന്നുള്ള മറ്റ് ചിലരും മാധിലുണ്ട് – സുബേന്ദർ ഗൗതം (മധ്യത്തിൽ) അഞ്ചുവർഷമായി ഇവിടെയെത്തുന്നുണ്ട്; 20-കാരനായ ധീരജ് വിശ്വകർമ ഇപ്പോഴും പഠിക്കുന്നുണ്ട്. പരീക്ഷയ്ക്കായി ജോൻപൂരിലേക്ക് ഇടയ്ക്ക് മടങ്ങുകയും ചെയ്യുന്നു

'നക്‌വകൾ (തൊഴിലുടമകൾ) വലിയ ബോട്ടുകളിൽ രാത്രി മുഴുവൻ മീൻ പിടിക്കാൻ പോകും', സുരേഷ് പറഞ്ഞു. 'പുലർച്ചെ മൂന്നിനും നാലിനുമിടയ്ക്ക് വയർലെസ് വാക്കിടോക്കിയിൽ ബോട്ട് എത്തിയതായി അറിയിപ്പ് ലഭിക്കും. തുടർന്ന് ഞങ്ങൾ ചെറുബോട്ടുകളിൽ പോയി പിടിച്ച മീനിനെ കരയിലെത്തിക്കും....ഞങ്ങളുടെ ഗ്രാമത്തിൽനിന്നുള്ള ആർക്കും മത്സബന്ധന യാനത്തിൽ പോകാൻ താത്പര്യമില്ല. ആഴക്കടൽ ഞങ്ങളെ മടുപ്പിക്കുന്നു. അത് നക്‌വകൾതന്നെ ചെയ്യുന്നതാണ് നല്ലത്'

കടലിൽനിന്നുള്ള ലോഡ് എത്തിയാൽ രംഗമ്മയുടെ ജോലി തുടങ്ങും. അവർ ഒരു കൊട്ട ചൂണ്ടികാണിച്ചുകൊണ്ട് പറഞ്ഞു, ‘നോക്കൂ, ഇതിൽ വലിയ മീനുകൾമുതൽ ചെറിയതുവരെയുണ്ട്. കൊഞ്ചും മാലിന്യങ്ങളു എല്ലാം. ഞങ്ങൾ അത് വേർപെടുത്തുകയാണ്.' ഉണങ്ങാൻവേണ്ടി വെയിലത്തിട്ട ജവാല (ചെമ്മീൻ) ഉച്ച കഴിഞ്ഞതോടെ പിങ്ക് നിറത്തിലായി

ഖാലയിലെ തൊഴിലുടമകളിൽപ്പെട്ടവരാണ് ലതാ കോലിയും (ഇടത്ത്) രേഷ്‌മ കോലിയും (മധ്യത്തിൽ). കോലികൾ അവരുടെ തൊഴിലാളികളെ നൌക്കർ (ജോലിക്കാരൻ) എന്നാണ് വിളിക്കുന്നത് - അവരിലൊന്നായ മാരിയപ്പ ഭാരത (വലത്ത്) മന്ത്രകൈ ഗ്രാമത്തിൽനിന്നുള്ളതാണ്. 'ഞങ്ങളുടെ കുടുംബങ്ങൾ പത്ത് കുടിയേറ്റത്തൊഴിലാളികളെ ജോലിക്ക് വെച്ചിട്ടുണ്ട്. ഞങ്ങളും (കോലികൾ) അവരും ഒരേ ജോലിയാണ് എടുക്കുന്നത്', രേഷ്‌മ പറഞ്ഞു. കോലി വിഭാഗത്തിൽപ്പെട്ടവർ കുറവായതിനാലും അവരുടെ കുട്ടികൾ മറ്റ് തൊഴിൽമേഖലകൾ തേടിപ്പോകുന്നതിനാലും കുടിയേറ്റത്തൊഴിലാളികളുടെ ആവശ്യമുണ്ട്

വിവിധ മീനുകളെയും കൊഞ്ചുകളേയും വേർതിരിച്ചുകഴിഞ്ഞാൽ അവ പായ്ക്ക് ചെയ്ത് ഐസിട്ട് വടക്കൻ മുംബെയിലെ മലാഡിലെ ചന്തയിലേക്ക് കൊണ്ടുപോകും. കുറച്ച് മീൻ വെയിലത്ത് ഉണക്കാനിടും. അരദിവസം കഴിഞ്ഞാൽ ഇവ തിരിച്ചിട്ട് ഇരുവശവും ഉണങ്ങിയെന്ന് ഉറപ്പാക്കും

വിൽക്കുന്നതോ ഉണക്കാനുള്ളതോ ആയ എല്ലാ മത്സ്യങ്ങളും മന്ത്രികൈ ഗ്രാമത്തിൽനിന്നുള്ള ദാനെർ ഗണ്ഡൽ കഴുകി വൃത്തിയാക്കും

കുറച്ച് ജോലിക്കാൻ ബോംബൈ ഡക്ക് എന്നറിയപ്പെടുന്ന ബോംബിലിനെ ഉണക്കുകയാണ്. മത്സ്യത്തിന്റ താടിയെല്ലുകൾ തമ്മിൽ കൂട്ടിച്ചേർത്ത് മുളയിൽ തൂക്കിയിട്ടാണ് ഉണക്കുക. രണ്ടുവശത്തും തുല്യമായി സൂര്യപ്രകാശം ലഭിക്കുന്നതിന് കിഴക്കും പടിഞ്ഞാറും അഭിമുഖമായി ഇവ വിരിച്ചിടും

കാക്കകളെ ഓടിക്കാൻ കറുത്ത പ്ലാസ്റ്റിക് കവറുകളെ കമ്പുകളിൽ കെട്ടിയിടുന്നു. എന്നാൽ ചിലപ്പോൾ മാത്രമേ ഇത് ഫലം കാണൂ

ഒരുദിവസത്തെ തരംതിരിക്കലും ഉണക്കലും പൂർത്തിയാകുമ്പോൾ, വലകൾ നന്നാക്കുന്നതുപോലെയുള്ള മറ്റ് ജോലികൾ അവശേഷിക്കും. ഖാലയിലെ ഏറ്റവും മുതിർന്നതും ബഹുമാന്യനുമായ കോലികളിൽ ഒരാളായ ഡൊമിനിക് കോലി (51) കുടിയേറ്റക്കാരായ ആറ് തൊഴിലാളികൾക്ക് ജോലി നൽകുന്നുണ്ട്. കപ്പലിൽ പോകൽ, മീൻപിടുത്തം, ഉണക്കൽ, വല നന്നാക്കൽ തുടങ്ങി തന്റെ തൊഴിലാളികൾക്കൊപ്പം എല്ലാ ജോലിയിലും അദ്ദേഹവുമുണ്ടാകും. കേടായ വലകൾ നന്നാക്കാൻ വലനെയ്ത്തുകാരനായ അബ്ദുൾ റജ്ജാക്ക് സോൽക്കറെ (മുകളിൽ) ജോലിക്ക് വച്ചിരിക്കുകയാണ് അദ്ദേഹവും ദോങ്കർപാഡയിലെ മറ്റ് കോലി കുടുംബങ്ങളും. മഹാരാഷ്ട്രയിലെ രത്‌നഗിരി ജില്ലയിലെ രാജപൂർ താലൂക്കിൽ നിന്നുള്ളയാളാണ് സോൽക്കർ. 'എന്റെ അച്ഛൻ വല നെയ്യുമായിരുന്നു, ഇപ്പോൾ ഞാനും അത് ചെയ്യുന്നു', അദ്ദേഹം പറയുന്നു. 'ഞാനൊരു ദിവസക്കൂലിക്കാരനാണ്. ഇപ്പോൾ ഇവിടെയാണെങ്കിൽ, നാളെ ഞാൻ മറ്റെവിടെയെങ്കിലുമായിരിക്കും'

ഉണക്കൽ സംബന്ധിച്ച ജോലികൾ തുടരുമ്പോൾ, മറ്റുള്ളവർ അവരുടേതായ ജോലികളിൽ വ്യാപൃതരാണ്. ഖാലയ്ക്ക് ചുറ്റുമുള്ള മത്സ്യത്തിന്റെ രൂക്ഷഗന്ധം പിടിച്ച് കാക്കകളും നായ്ക്കളും കൊക്കുകളും ഒരു മീൻ കഷണം കിട്ടുമെന്ന പ്രതീക്ഷയിലാണ് ദിവസം മുഴുവൻ നിൽക്കുന്നത്
പരിഭാഷ: അശ്വതി ടി കുറുപ്പ്