“നിനക്കെങ്ങനെയുണ്ട്? നീ എന്തു ചെയ്യുന്നു? ഇതെത്ര നാള്‍ നീണ്ടു നില്‍ക്കും?” ചെനകൊണ്ട ബാലസാമി മകനോടു ഫോണില്‍ ചോദിച്ചു. “ഇതത്ര കടുത്തതാണോ? പോലീസ് നമ്മുടെ സ്ഥലത്തുണ്ടോ? ആളുകള്‍ [കര്‍ഷക തൊഴിലാളികള്‍] ജോലിക്കു പോകുന്നുണ്ടോ?”
ബാലസാമി നവംബറില്‍ ദീപാവലിക്കു ശേഷം ആടുകളെ മേയ്ക്കുന്ന മറ്റു നാലു പേര്‍ക്കൊപ്പം തെലങ്കാനയിലെ വനപര്‍ത്തി ജില്ലയിലെ തന്‍റെ ഗ്രാമമായ കേതെപള്ളി വിട്ടതാണ്. ഏതാണ്ട് ആയിരത്തോളം വരുന്ന ആടുകളുടെയും ചെമ്മരിയാടുകളുടെയും മേല്‍നോട്ടക്കാരനായ അദ്ദേഹം അന്നുമുതല്‍ അവയ്ക്കുള്ള തീറ്റ അന്വേഷിച്ചു നടക്കുകയാണ്. പക്ഷെ അദ്ദേഹത്തിനു സ്വന്തമായി മൃഗങ്ങള്‍ ഒന്നുമില്ല.
കോവിഡ്-19-ന്‍റെ വ്യാപനം തടയുന്നതിന്‍റെ ഭാഗമായി രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിനു രണ്ടു ദിവസം മുന്‍പ് നവംബര്‍ 23-ന് അദ്ദേഹവും മറ്റ് ആട്ടിടയരും കേതെപള്ളിയില്‍ നിന്നും 160 കിലോമീറ്റര്‍ മാറി സ്ഥിതിചെയ്യുന്ന കൊപ്പോലെ ഗ്രാമത്തില്‍ എത്തിച്ചേര്‍ന്നു. തെലങ്കാനയില്‍ ഓ.ബി.സി. പട്ടികയില്‍ പെടുത്തിയിരിക്കുന്ന കാലികളെ മേയ്ക്കുന്ന യാദവ സമുദായത്തില്‍ പെടുന്നവര്‍ ആണ് എല്ലാവരും.
ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനു ശേഷം നൽഗൊണ്ട ജില്ലയിലെ ഗുര്‍റാംപോഡ് മണ്ഡലത്തിലെ കൊപ്പോലെ ഗ്രാമത്തില്‍ അകപ്പെട്ട അവര്‍ കുറച്ചു ദിവസത്തേക്ക് കുറഞ്ഞ അളവില്‍ മാത്രം വാങ്ങിയിരുന്ന അരി, പരിപ്പ്, പച്ചക്കറികള്‍, എണ്ണ, എന്നിവയും മറ്റു സാധനങ്ങളുമൊക്കെ തീരുകയും വീണ്ടും അവ വാങ്ങുക ബുദ്ധിമുട്ടായി തീരുകയും ചെയ്തു.
പൊതു ഗതാഗത സേവനങ്ങള്‍ റദ്ദാക്കിയതും ലോക്ക്ഡൗണ്‍ സൃഷ്ടിച്ച അനിശ്ചിതത്വവും ആട്ടിടയന്മാര്‍ക്ക് പല കാര്യങ്ങളും ബുദ്ധിമുട്ടാക്കി തീര്‍ത്തു - മൃഗങ്ങള്‍ക്കു മരുന്ന് വാങ്ങുക, ഇടയ്ക്കു സ്വന്തം ഗ്രാമങ്ങളും കുടുംബങ്ങളും സന്ദര്‍ശിക്കുക (പതിവായി ചെയ്യുന്നതുപോലെ), മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്യുക, കാലിക്കൂട്ടങ്ങള്‍ക്ക് പുതിയ മേച്ചില്‍പ്പുറങ്ങള്‍ കണ്ടെത്തുക എന്നിങ്ങനെയുള്ള കാര്യങ്ങള്‍. ഇവയൊക്കെ ഏതാണ്ട് അസാദ്ധ്യം തന്നെയായിരുന്നു എന്നവര്‍ പറഞ്ഞു.


ചെനകൊണ്ട ബാലസാമിയും (ഇടത്) അദ്ദേഹത്തിന്‍റെ സഹോദരന്‍ ചെനകൊണ്ട തിരുപ്പതിയ്യയും (വലത്) മറ്റ് ആട്ടിടയരും നവംബര്‍ മുതല്‍ കാലിത്തീറ്റ അന്വേഷിച്ച് നീങ്ങിക്കൊണ്ടിരിക്കുന്നു. ആ അന്വേഷണം നിര്‍ത്താന്‍ അവര്‍ക്കു പറ്റില്ല. അതുപോലെ ലോക്ക്ഡൗണ്‍ സമയത്ത് എങ്ങോട്ടെങ്കിലും നീങ്ങാനോ വീട്ടിലേക്കു തിരിക്കാനോ അവര്‍ക്കു പറ്റില്ല.
“ഗ്രാമങ്ങളില്‍ ഉള്ളവര്‍ക്ക് ഒറ്റപ്പെട്ടു നില്‍ക്കാന്‍ (isolation) പറ്റും. ഞങ്ങളെപ്പോലെ കറങ്ങി നടക്കുന്നവര്‍ക്ക് ഈ ഒരവസ്ഥയെ എങ്ങനെ കൈകാര്യം ചെയ്യാന്‍ പറ്റും?” പ്രായംകൊണ്ട് നാല്‍പ്പതുകളുടെ അവസാനം എത്തി നില്‍ക്കുന്ന ബാലസാമി ചോദിച്ചു.
“പച്ചക്കറികള്‍ വാങ്ങാനായി ഗ്രാമത്തിനുള്ളിലേക്ക് കടക്കാന്‍ ഞങ്ങളെ അനുവദിക്കുന്നില്ല”, മറ്റൊരു ആട്ടിടയനും ബാലസാമിയുടെ സഹോദരനുമായ ചെനകൊണ്ട തിരുപ്പതിയ്യ പറഞ്ഞു.
ഭാഗ്യത്തിന് അവരുടെ ആട്ടിന്‍പറ്റം മേയുകയും തങ്ങുകയും ചെയ്തിരുന്ന സ്ഥലത്തിന്‍റെ ഉടമ അവര്‍ക്ക് കുറച്ച് അരിയും പരിപ്പും പച്ചക്കറികളും നല്‍കി.
പക്ഷെ പെട്ടെന്നുതന്നെ അവര്‍ക്കു മറ്റൊരു മേച്ചില്‍പ്പുറം കണ്ടെത്തേണ്ടതുണ്ടായിരുന്നു. “ഞങ്ങളിവിടെ നാലു ദിവസങ്ങള്‍ക്കു മുന്‍പു വന്നതാണ്”, തിരുപതിയ്യ പറഞ്ഞു. “ഇവിടെ കാര്യമായി കാലിത്തീറ്റയില്ല. ഞങ്ങള്‍ പുതിയ സ്ഥലങ്ങള്‍ അന്വേഷിക്കണം.”
കാലിനോട്ടക്കാരുടെ നടന്നുള്ള ദീര്‍ഘദൂര യാത്രകള്‍ ക്ലേശം നിറഞ്ഞതാണ് - ഇപ്പോഴത് കൂടുതല്‍ ബുദ്ധിമുട്ടായി തീര്‍ന്നിരിക്കുന്നു. പറ്റിയ മേച്ചില്‍പ്പുറങ്ങള്‍ അന്വേഷിച്ച് അവര്‍ കിലോമീറ്ററുകളോളം നടക്കുകയും സ്ഥലത്തിന്‍റെ ഉടമയുമായി കൂടിയാലോചിച്ച് ഒരു ധാരണയില്‍ എത്തുകയും ചെയ്യുന്നു. തുറസ്സായ സ്ഥലം കുറച്ചുമാത്രം ഉണ്ടായിരിക്കുകയും അത് അവിടുത്തെ കര്‍ഷകര്‍ സ്വന്തം ആടുകള്‍ക്കും ചെമ്മരിയാടുകള്‍ക്കുമായി മാറ്റി വച്ചിരിക്കുകയും ചെയ്യുന്നിടത്ത് ഇത് ബുദ്ധിമുട്ടു നിറഞ്ഞ പണിയാണ്. ഇപ്പോള്‍ ഗതാഗതമൊന്നും സാദ്ധ്യമാകാത്തതിനാലും യാത്രാ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതുകൊണ്ടും കാലിത്തീറ്റ അന്വേഷിക്കുക കൂടുതല്‍ ബുദ്ധിമുട്ടായി തീര്‍ന്നിരിക്കുന്നു.


ഇടത്: അവുല മല്ലേഷിനെയും മറ്റു ആട്ടിടയെരെയും പച്ചക്കറികള്‍ വാങ്ങാന്‍ ഗ്രാമത്തിനുള്ളിലേക്കു കടക്കാന്‍ അനുവദിക്കുന്നില്ല. വലത്: ആട്ടിന്‍പറ്റം മേയുകയായിരുന്ന സ്ഥലത്തിന്‍റെ ഉടമ നല്‍കിയ അരിയും പരിപ്പും പച്ചക്കറികളും ഉപയോഗിച്ച് തിരുപ്പതിയ്യ ഭക്ഷണം ഉണ്ടാക്കുന്നു.
“ഞങ്ങള്‍ക്ക് ബൈക്കില്‍ പോലും പോകാന്‍ കഴിയില്ല”, ബാലസാമി പറഞ്ഞു. ചിലപ്പോള്‍ അദ്ദേഹത്തിന്‍റെ ഗ്രാമത്തില്‍ നിന്നുള്ള ആളുകള്‍ കാലി മേയ്ക്കുന്നവര്‍ എവിടെയാണോ അവിടെയെത്തി അവരെ തിരിച്ചു ഗ്രാമത്തിലേക്കു എത്തിക്കുകയോ അല്ലെങ്കില്‍ കുറച്ചു കിലോമീറ്ററുകള്‍ക്കപ്പുറം മേച്ചില്‍പ്പുറങ്ങള്‍ അന്വേഷിക്കുന്നതിനായി കൊണ്ടുപോവുകയോ ചെയ്യുമായിരുന്നു. “അവര്‍ [പോലീസുകാര്‍] ഭയങ്കരമായി തല്ലും [ബൈക്കിലുള്ള ആളുകളെ]”, തന്‍റെ മൊബൈല്‍ ഫോണില്‍ കണ്ട വീഡിയോയെപ്പറ്റി പരാമര്‍ശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
പാനഗല്‍ മണ്ഡലത്തിലെ തന്‍റെ ഗ്രാമമായ കേതെപള്ളിയിലെ വീട്ടിലേക്ക് ഈ ആഴ്ച പോകാന്‍ പദ്ധതിയിട്ടതായിരുന്നു ബാലസാമി. ആടുകളെ മേയിക്കുന്ന ജോലിക്ക് ആടുകളുടെ ഉടമയില്‍ നിന്നും അദ്ദേഹം 120,000 രൂപ വാര്‍ഷിക ശമ്പളമായി വാങ്ങുന്നു. വീട് സന്ദര്‍ശിക്കുക എന്നത് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതായിരുന്നു: കുടുംബത്തെ കണ്ടുമുട്ടുക എന്നതു മാത്രമായിരുന്നില്ല അതിന്‍റെ ഉദ്ദേശ്യം, ശമ്പളത്തിന്‍റെ ഒരു പങ്ക് വാങ്ങുക എന്നതു കൂടിയായിരുന്നു. തിരിച്ചു പോകാന്‍ സാധിക്കാതെ ഉടനെതന്നെ അവരുടെ കൈയിലെ പണം തീരും. “എനിക്കെങ്ങനെ എന്‍റെ ഭാര്യയെയും കുട്ടികളെയും അമ്മയെയും കാണാന്‍ പറ്റും? എങ്ങനെ ഞാന്‍ ഉപ്പും പപ്പും [പരിപ്പ്] വാങ്ങും?” ബാലസാമി ചോദിച്ചു. “ബസുകളൊക്കെ എന്ന് വീണ്ടും ഓടാന്‍ തുടങ്ങുമെന്നാണ് നിങ്ങള്‍ വിചാരിക്കുന്നത്?”
ചിലപ്പോള്‍ പണത്തിനായി ആട്ടിടയര്‍ ഒന്നോ രണ്ടോ ആടുകളെയോ ചെമ്മരിയാടുകളെയോ വില്‍ക്കാറുണ്ട്. പക്ഷെ ലോക്ക്ഡൗണ്‍ കാരണം ഒരാഴ്ചയിലധികമായി ആരും അവരെ സമീപിച്ചിട്ടില്ല.


ഇടത്: ഒരു കര്‍ഷക കുടുംബം അവരുടെ പാടത്ത് ആടുകളെ മേയാന്‍ അനുവദിക്കാതിരുന്നതുകൊണ്ട് ആട്ടിന്‍പറ്റത്തെ മറ്റൊരിടത്തേക്കു നയിക്കുന്നു. വലത്: കാലിത്തീറ്റ ഏതാണ്ടൊട്ടും തന്നെയില്ലാത്ത കൊയ്ത്തു കഴിഞ്ഞ ഒരു പരുത്തിപ്പാടം. ലോക്ക്ഡൗണ്‍ മൂലമുള്ള യാത്രാ നിയന്ത്രണം ആട്ടിന്‍പറ്റങ്ങള്‍ക്കു വേണ്ടിയുള്ള തീറ്റതേടല്‍ കൂടുതല്‍ ബുദ്ധിമുട്ടുള്ളതാക്കി തീര്‍ക്കുന്നു.
സാധാരണയായി ആട്ടിടയര്‍ തിരികെ ഗ്രാമങ്ങളിലേക്കു പോകുന്നതിനു മുന്‍പ് മിര്യാലഗുഡ പട്ടണത്തില്‍ പോകാറുണ്ടായിരുന്നു. കൊപ്പോലെ ഗ്രാമത്തിനടുത്ത് ഇപ്പോഴവര്‍ തങ്ങിയിരിക്കുന്നിടത്തു നിന്നും 60 കിലോമീറ്റര്‍ അകലെയാണ് ഈ പട്ടണം സ്ഥിതി ചെയ്യുന്നത്. ഏപ്രില്‍ മാസത്തെ നെല്ല് കൊയ്ത്തിന്‍റെ സമയത്ത് ധാരാളം തീറ്റ പട്ടണത്തിനു ചുറ്റുമുള്ള ഗ്രാമങ്ങളില്‍ ഉണ്ടാകാറുണ്ട്. പക്ഷെ ഭക്ഷണത്തിന്‍റെ അപര്യാപ്തതയും യാത്രാ നിയന്ത്രണങ്ങളും തങ്ങളുടെ വഴിയിലെ അവസാനത്തെ ഇടത്തിലൂടെ കടന്നുപോകുന്നത് ആട്ടിടയര്‍ക്ക് ബുദ്ധിമുട്ടാക്കി തീര്‍ത്തു.
ആടുകള്‍ക്കു തീറ്റ കൊടുക്കേണ്ടതുള്ളതുകൊണ്ട് തീറ്റയ്ക്കു വേണ്ടിയുള്ള അന്വേഷണം നിര്‍ത്തുക സാദ്ധ്യമല്ല. ജൂണില്‍ മണ്‍സൂണ്‍ തുടങ്ങുന്നതിനു മുന്‍പ് ഗ്രാമങ്ങളിലേക്കു തിരിക്കുകയെന്നതും നല്ല മാര്‍ഗ്ഗമല്ല. എന്തുകൊണ്ടെന്നാല്‍ കാലികള്‍ക്ക് അവിടെ കുറച്ചു മേച്ചില്‍പ്പുറങ്ങളേയുള്ളൂ. “ഞങ്ങളുടെ പ്രദേശത്ത് ധാരാളം മലകളും കുന്നുകളും ഉണ്ട് [ഒക്ടോബര്‍ അവസാനത്തോടു കൂടി അവ ഉണങ്ങുന്നു]”, തിരുപ്പതിയ്യ പറഞ്ഞു. “അവിടെ ഒരുപാട് മൃഗങ്ങള്‍ ഉണ്ട് – ഞങ്ങളുടെ ഗ്രാമത്തില്‍ ഏകദേശം 20,000 ആടുകളും ചെമ്മരിയാടുകളും ഉണ്ട്. അതുകൊണ്ട് ഈ യാത്ര ഒഴിവാക്കാന്‍ ഞങ്ങള്‍ക്കു സാധിക്കില്ല.”
തങ്ങളുടെ ക്ഷേമത്തെക്കുറിച്ച് കുടുംബത്തെ അറിയിക്കാന്‍ ബാലസാമി എല്ലാ രീതിയിലും ശ്രമിക്കുന്നുണ്ട്. “അവര്‍ ഫോണും [മൊബൈല്‍ സേവനങ്ങള്‍] പൂട്ടാന്‍ പോവുകയാണോ?”, അദ്ദേഹം ചോദിച്ചു. “അങ്ങനെയെങ്കില്‍ ആളുകള്‍ ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നുപോലും ഞങ്ങള്‍ക്ക് അറിയാന്‍ പറ്റില്ല. ആളുകള്‍ പറയുന്നത് ഇത് [ലോക്ക്ഡൗണ്‍] മൂന്നു മാസത്തിലധികം നീളുമെന്നാണ്. അങ്ങനെയെങ്കില്‍ യഥാര്‍ത്ഥ അസുഖത്തേക്കാള്‍ ലോക്ക്ഡൗണ്‍ തന്നെ കൂടുതല്‍ ആളുകളുടെ ജീവനെടുക്കും.”
പരിഭാഷ: റെന്നിമോന്‍ കെ. സി.