ഒരു പട്ടചിത്ര പെയിന്റിങ് വരയ്ക്കുന്നതിനുള്ള ആദ്യ പടി ഒരു പാട്ട് ചിട്ടപ്പെടുത്തുകയാണ്- ഒരു പട്ടാർ ഗാൻ. "പെയിന്റ് ചെയ്യാൻ തുടങ്ങുന്നതിന് മുൻപ്, ഞങ്ങൾക്ക് പാട്ടിന്റെ ഖണ്ഡികകൾ ചിട്ടപ്പെടുത്തേണ്ടതുണ്ട്. അതിന്റെ താളത്തിനനുസരിച്ചാണ് പെയിന്റിങ് പ്രക്രിയ ക്രമീകരിക്കുന്നത്," മാമോണി ചിത്രകാർ പറയുന്നു. തന്റെ വീട്ടിലിരുന്ന്, പശ്ചിമ ബംഗാളിലെ കിഴക്കൻ കൊൽക്കത്തയിലെ നീർത്തടങ്ങൾ ചിത്രീകരിക്കുന്ന ഒരു പട്ടചിത്ര രചിക്കുകയാണ് എട്ടാം തലമുറയിലെ ഈ കലാകാരി.
തുണിക്കഷ്ണം എന്ന് അർത്ഥമുള്ള 'പട്ട', പെയിന്റിങ് എന്ന് അർത്ഥമുള്ള 'ചിത്ര' എന്നീ സംസ്കൃത പദങ്ങളിൽനിന്നാണ് പട്ടചിത്ര എന്ന കലാരൂപത്തിന് ആ പേര് ലഭിക്കുന്നത്. നീർത്തടങ്ങൾ പരിപോഷിപ്പിക്കുന്ന സങ്കീർണ്ണമായ ആവാസവ്യവസ്ഥ പെയിന്റ് ചെയ്യുന്നതിനൊപ്പം, പട്ടചിത്രയുടെ അവതരണത്തിന് അകമ്പടിയേകുന്ന പട്ടാർ ഗാനവും മാമോണി പാടുന്നു. അവർതന്നെ എഴുതി, ഈണം പകർന്നിട്ടുള്ള ഈ പാട്ട് ഒരു ക്ഷണത്തോടെയാണ് ആരംഭിക്കുന്നത്: "കേൾക്കൂ, എല്ലാവരും കേൾക്കൂ, ശ്രദ്ധിച്ചു കേൾക്കൂ"
"അനേകം ആളുകൾക്ക് അഭയമായ" കിഴക്കൻ കൊൽക്കത്ത നീർത്തടങ്ങളുടെ പ്രാധാന്യമാണ് ഈ പാട്ട് വിവരിക്കുന്നത്. മത്സ്യത്തൊഴിലാളികളും കർഷകരും വിശാലമായ പാടങ്ങളുമെല്ലാം പട്ടയിൽ വരയ്ക്കുകയാണ് അടുത്ത പടി - തുണിയിൽ ഒട്ടിച്ചുവെച്ച കടലാസുചുരുളുകളെയാണ് പട്ട എന്ന് വിളിക്കുന്നത്. അവതരണത്തിനിടയിൽ, അവസാനത്തെ പട്ട നിവർത്തുമ്പോൾ, പെയിന്റിങ്ങിന്റെ ഓരോ ഭാഗവും പാട്ടിന്റെ ഓരോ ഖണ്ഡത്തിനും യോജിക്കുന്നവയായിരിക്കും. ഇത്തരത്തിൽ, പെയിന്റിങ്ങിലൂടെയും സംഗീതത്തിലൂടെയും മാമോണിയുടെ കല നീർത്തടങ്ങളുടെ കഥ പറയുന്നു.
പശ്ചിമ മേദിനിപ്പൂരിലെ പിംഗ്ല താലൂക്കിൽ ഉൾപ്പെടുന്ന നൊയ ഗ്രാമത്തിലെ താമസക്കാരിയാണ് മാമോണി. തന്റെ ഗ്രാമത്തിൽ 400-ഓളം കലാകാരൻമാരുണ്ടെന്നാണ് അവരുടെ ഒരു ഏകദേശക്കണക്ക്. താലൂക്കിലെ പട്ടചിത്ര നിർമ്മാണത്തിൽ വിദഗ്ധരായ ഇത്രയധികം ആളുകളെ മറ്റൊരു ഗ്രാമത്തിലും കാണാൻ കഴിയില്ല. "ഈ ഗ്രാമത്തിലെ 85 വീടുകളിൽ മിക്കതിന്റെയും ചുവരുകളിൽ ചുവർച്ചിത്രങ്ങൾ കാണാം," വൃക്ഷലതാദികളുടെയും വന്യമൃഗങ്ങളുടേയും പൂക്കളുടെയും വർണ്ണാഭമായ ചിത്രങ്ങൾ പരാമർശിച്ച്, 32 വയസ്സുകാരിയായ ഈ കലാകാരി പറയുന്നു. "ഞങ്ങളുടെ ഗ്രാമം ഒന്നാകെ സുന്ദരമാണ്," അവർ കൂട്ടിച്ചേർക്കുന്നു.

കിഴക്കൻ കൊൽക്കത്തയിലെ നീർത്തടങ്ങൾ ചിത്രീകരിക്കുന്ന പട്ടചിത്ര. പട്ടചിത്രയിലെ ഓരോ ഭാഗവും, മാമോണിതന്നെ എഴുതി, ചിട്ടപ്പെടുത്തിയ പട്ടാർ ഗാനത്തിലെ ഓരോ ഖണ്ഡവുമായി യോജിക്കുന്നു


പശ്ചിമ മേദിനിപ്പൂരിലെ നൊയ ഗ്രാമത്തിലുള്ള വീടുകളുടെ ചുവരുകൾ അലങ്കരിക്കുന്ന, പൂക്കളും വൃക്ഷലതാദികളും പുലികളുമെല്ലാം നിറയുന്ന ചുവർച്ചിത്രങ്ങൾ. 'ഞങ്ങളുടെ ഗ്രാമം ഒന്നാകെ സുന്ദരമാണ്,' മാമോണി പറയുന്നു
സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിലുള്ള ഈ ഗ്രാമം സന്ദർശിക്കാൻ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നും പുറത്തുനിന്നുമുള്ള സഞ്ചാരികൾ എത്തുന്നു. "ഞങ്ങളോട് സംസാരിച്ച്, ഞങ്ങളുടെ ജീവിതത്തെപ്പറ്റിയും കഴിവുകളെപ്പറ്റിയും ചോദിച്ചറിയാനും ഞങ്ങളുടെ കല പഠിക്കാനും എത്തുന്ന വിദ്യാർത്ഥികളെയും ഞങ്ങൾ സ്വീകരിക്കാറുണ്ട്", മാമോണി പറയുന്നു. "ഞങ്ങൾ അവരെ പട്ടാർ ഗാനവും പട്ടചിത്ര ശൈലിയിലുള്ള ചിത്രരചനയും പഠിപ്പിക്കുകയും പ്രകൃതിയിലെ വസ്തുക്കളിൽനിന്ന് നിറങ്ങളുണ്ടാക്കുന്നത് എങ്ങനെയെന്ന് വിശദീകരിക്കുന്ന പഠനക്ലാസ്സുകൾ എടുക്കുകയും ചെയ്യാറുണ്ട്". അവർ തുടർന്നു.
"ഗുഹയുടെ ചുവരുകളിൽ നടത്തുന്ന ചിത്രരചനയെ സൂചിപ്പിക്കുന്ന ഗുഹാചിത്രയെന്ന പ്രാചീന കലയിൽനിന്നാണ് പട്ടചിത്രയുടെ ഉത്ഭവം," മാമോണി പറയുന്നു. യഥാർത്ഥ ചിത്രരചന നടത്തുന്നതിന് മുൻപും ശേഷവും മണിക്കൂറുകളുടെ അദ്ധ്വാനം ആവശ്യമുള്ള, നൂറ്റാണ്ടുകളോളം പഴക്കമുള്ള ഒരു കരവിരുതാണിത്.
പട്ടാർ ഗാനം സൂക്ഷ്മമായി ചിട്ടപ്പെടുത്തിയതിനുശേഷം യഥാർത്ഥ പെയിന്റിങ് പ്രക്രിയ ആരംഭിക്കുമെന്ന് മാമോണി വിശദീകരിക്കുന്നു. "ഞങ്ങളുടെ പാരമ്പര്യം പിന്തുടർന്ന്, പ്രകൃതിദത്തമായ നിറങ്ങൾ മാത്രമാണ് ഞാൻ ഉപയോഗിക്കുന്നത്." പച്ചമഞ്ഞൾ, ചുട്ട കളിമണ്ണ്, ജമന്തിപ്പൂക്കൾ എന്നിവയിൽനിന്നാണ് നിറങ്ങളുണ്ടാക്കുന്നത്. "അരി കരിയിച്ചെടുത്ത് ഗാഢമായ കറുപ്പ് നിറവും അപരാജിതാ പൂവുകൾ അരിച്ചെടുത്ത് നീല നിറവുമെല്ലാം ഞാൻ ഉണ്ടാക്കും."
ഇത്തരത്തിൽ തയ്യാറാക്കുന്ന നിറങ്ങളുടെ സത്തുകൾ ചിരട്ടകളിൽ സൂക്ഷിച്ച് വെയിലത്ത് ഉണക്കിയെടുക്കും. ചില ചേരുവകൾ എല്ലാ കാലത്തും ലഭ്യമാകാത്തതിനാൽ നിറങ്ങൾ ഉണ്ടാക്കുന്ന ഈ പ്രക്രിയയ്ക്ക് ഒരുവർഷംവരെ സമയമെടുത്തേക്കാം. ഈ പ്രക്രിയകളെല്ലാം ഏറെ ശ്രമകരമാണെങ്കിലും "ഓരോ ഘട്ടവും പ്രധാനമാണെന്നും അവ ഏറെ ശ്രദ്ധയോടെ ചെയ്യണം" എന്നും മാമോണി പറയുന്നു.
പെയിന്റിങ്ങിന് ഉപയോഗിക്കുന്നതിനുമുൻപ് നിറങ്ങളെ ബേലിൽനിന്ന് (കൂവളം) അരിച്ചെടുക്കുന്ന പ്രകൃതിദത്തമായ പശയുമായി സംയോജിപ്പിക്കും. പുതുതായി പൂർത്തിയാക്കിയ പെയിന്റിങ്ങുകൾ ഉണങ്ങിയതിനുശേഷമാണ് അവയെ തുണിയിൽ ഒട്ടിച്ചുചേർക്കുന്നത്. പെയിന്റിങ്ങുകൾ ഒരുപാടുകാലം കേടുകൂടാതെ നിലനിൽക്കാൻ ഇത് സഹായിക്കുന്നു. ഇതോടുകൂടിയാണ് ഒരു പട്ടചിത്ര പൂർത്തിയാകുന്നത്.



ഇടത്തും നടുക്കും: പൂവുകൾ, പച്ചമഞ്ഞൾ, കളിമണ്ണ് എന്നീ ജൈവ ഉറവിടങ്ങളിൽനിന്ന് വേർതിരിച്ചെടുക്കുന്ന നിറങ്ങളുപയോഗിച്ചാണ് മാമോണി പെയിന്റ് ചെയ്യുന്നത്. വലത്: മാമോണിയുടെ ഭർത്താവായ സമീർ ചിത്രകാർ, പട്ടചിത്രയുടെ അവതരണത്തിന് അകമ്പടിയേകുന്ന, മുളകൊണ്ടുണ്ടാക്കിയ ഉപകരണം പ്രദർശിപ്പിക്കുന്നു
മറ്റ് ഗ്രാമവാസികളെപ്പോലെ മാമോണിയും വളരെ ചെറുപ്പംതൊട്ടേ പട്ടചിത്ര അഭ്യസിച്ചുതുടങ്ങിയിരുന്നു. "ഏഴുവയസ്സുമുതൽ ഞാൻ പാടുകയും വരയ്ക്കുകയും ചെയ്യുന്നുണ്ട്. എന്റെ പൂർവികർ പകർന്നുതന്ന പാരമ്പര്യകലയായ പട്ടചിത്ര ഞാൻ എന്റെ അമ്മ സ്വർണ്ണ ചിത്രകാറിൽനിന്നാണ് പഠിച്ചത്." മാമോണിയുടെ അച്ഛൻ, 58 വയസ്സുകാരനായ ശംഭു ചിത്രകാറും പട്ടുവയായി ജോലി ചെയ്യുന്നുണ്ട്. കുടുംബത്തിലെ മറ്റംഗങ്ങൾ - മാമോണിയുടെ ഭർത്താവ് സമീറും അവരുടെ സഹോദരി സൊണാലിയും ഇതേ തൊഴിൽചെയ്യുന്നവരാണ്. മാമോണിയുടെ എട്ടാം ക്ലാസുകാരനായ മകനും ആറാം ക്ലാസുകാരിയായ മകളും അമ്മയിൽനിന്ന് ഈ കലാരൂപം അഭ്യസിക്കുന്നുമുണ്ട്.
പരമ്പരാഗതമായി, പ്രാദേശിക ഐതിഹ്യങ്ങളോ രാമായണത്തിലെയോ മഹാഭാരതത്തിലെയോ പരിചിതമായ രംഗങ്ങളോ ആണ് പട്ടചിത്രയിൽ ചിത്രീകരിച്ചിരുന്നത്. മാമോണിയുടെ മുത്തച്ഛനേയും മുത്തശ്ശിയേയും അവരുടെ പൂർവികരെയും പോലെയുള്ള, പട്ടചിത്ര ശൈലിയിൽ ചിത്രരചന നടത്തിയിരുന്ന മുൻതലമുറയിലെ പട്ടുവമാർ ഗ്രാമങ്ങൾതോറും സഞ്ചരിച്ച്, പട്ടചിത്രയിൽ ആലേഖനം ചെയ്ത കഥകൾ അവതരിപ്പിച്ചുപോന്നിരുന്നു. ഇതിന് പ്രതിഫലമായി ലഭിച്ചിരുന്ന പണവും ഭക്ഷണവുംകൊണ്ട് അവർ ജീവിതം മുന്നോട്ട് കൊണ്ടുപോയി.
"അവ (പട്ടചിത്രകൾ) വില്പനയ്ക്കായി നിർമ്മിക്കപ്പെട്ടവയായിരുന്നില്ല," മാമോണി വിശദീകരിക്കുന്നു. ഒരു ചിത്രരചനാശൈലി എന്നതിനപ്പുറം, ദൃശ്യ, ശ്രവ്യ മാധ്യമങ്ങൾ ഉപയോഗിച്ചുള്ള ഒരു കഥാകഥന രീതിയായിരുന്നു പട്ടചിത്ര.
കാലക്രമേണ, മാമോണിയെപ്പോലെയുള്ള പട്ടുവകൾ പട്ടചിത്ര ശൈലിയുടെ പരമ്പരാഗത പ്രമാണങ്ങളെ കാലികപ്രസക്തിയുള്ള വിഷയങ്ങളുമായി ലയിപ്പിച്ചുതുടങ്ങി. "എനിക്ക് പുതിയ വിഷയങ്ങളും മേഖലകളും കൈകാര്യം ചെയ്യാൻ ഏറെ ഇഷ്ടമാണ്," അവർ പറയുന്നു. "എന്റെ ചിത്രങ്ങളിൽ ചിലത് സുനാമിപോലെയുള്ള പ്രകൃതിദുരന്തങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. മനുഷ്യക്കടത്ത്, ലൈംഗികാതിക്രമം എന്നുതുടങ്ങി, സാമൂഹികപ്രസക്തിയുള്ള വിഷയങ്ങളെക്കുറിച്ചുള്ള ചിന്തകൾ പങ്കുവെക്കാനും ഞാൻ എന്റെ രചനകൾ മാധ്യമമാക്കാറുണ്ട്."


കിഴക്കൻ കൊൽക്കത്ത നീർത്തടങ്ങൾ ചിത്രീകരിക്കുന്ന പട്ടചിത്രയുടെ നിർമ്മാണത്തിൽ സഹകരിച്ച ഡിസപ്പിയറിങ് ഡയലോഗ്സ് കളക്ടീവിലെ അംഗങ്ങളുമായി മാമോണി സംസാരിക്കുന്നു. വലത്: വിവിധ പട്ടചിത്ര പെയിന്റിങ്ങുകൾ പ്രദർശനത്തിന് വെച്ചിരിക്കുന്നു

തന്റെ രചനകളുടെ വില്പന മെച്ചപ്പെടുത്താനായി മാമോണി അവയുടെ ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്. മാമോണി, കിഴക്കൻ കൊൽക്കത്ത നീർത്തടങ്ങളുടെ പട്ടചിത്രയ്ക്കൊപ്പം
കോവിഡ്-19 ഉണ്ടാക്കുന്ന ആഘാതവും അതിന്റെ ലക്ഷണങ്ങളും അവയെക്കുറിച്ചുള്ള അറിവുകളും പങ്കുവെക്കുന്ന ഒന്നാണ് മാമോണിയുടെ സമീപകാലരചന. മാമോണിയും മറ്റുചില കലാകാരന്മാരും ചേർന്ന് ഈ പട്ടചിത്ര ആശുപത്രികളിലും ഹാട്ടുകളിലും (ആഴ്ചച്ചന്തകൾ) നൊയയ്ക്ക് ചുറ്റുമുള്ള ഗ്രാമങ്ങളിലും അവതരിപ്പിക്കുകയുണ്ടായി.
എല്ലാ നവംബറിലും നൊയയിൽ പട്ട-മായ എന്ന ഒരു മേള സംഘടിപ്പിക്കാറുണ്ട്. "ഇന്ത്യയ്ക്കകത്തും പുറത്തുംനിന്നുള്ള വിനോദസഞ്ചാരികളും കലാസ്വാദകരും മേളയിൽ പങ്കെടുത്ത് പെയിന്റിങ്ങുകൾ വാങ്ങാനെത്താറുണ്ട്," മാമോണി പറയുന്നു. നൊയയിലും ചുറ്റുവട്ടത്തും വിൽക്കുന്ന ടീഷർട്ടുകൾ, ഗൃഹോപകരണങ്ങൾ, പാത്രങ്ങൾ, സാരികൾ, മറ്റ് തുണിത്തരങ്ങൾ, വീട്ടുസാധനങ്ങൾ തുടങ്ങിയവയില്ലെല്ലാം പട്ടചിത്ര ശൈലി കാണാനാകും. ഈയൊരു കലാരൂപത്തോടുള്ള ആളുകളുടെ താത്പര്യം വർധിപ്പിക്കാനും കോവിഡ്-19 മഹാമാരിയുടെ കാലത്ത് നഷ്ടം നേരിട്ടിരുന്ന വില്പന മെച്ചപ്പെടുത്താനും ഇത് സഹായകമായിട്ടുണ്ട്. മാമോണി തന്റെ രചനകൾ സാമൂഹികമാധ്യമങ്ങളിൽ, പ്രത്യേകിച്ചും ഫേസ്ബുക്കിൽ പങ്കുവെക്കാറുണ്ട്. വർഷത്തിലുടനീളം അവയുടെ വില്പന ഉറപ്പുവരുത്താൻ അതവരെ സഹായിക്കുന്നു.
മാമോണി തന്റെ കരവിരുതുമായി ഇറ്റലി, ബഹ്‌റൈൻ, ഫ്രാൻസ്, യു.എസ്.എ എന്നീ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. "ഞങ്ങളുടെ കലയിലൂടെയും പാട്ടുകളിലൂടെയുമാണ് ഞങ്ങൾക്ക് ഒരുപാട് പേരിലേക്ക് എത്തിച്ചേരാനാകുക," ഈ കലാരൂപം തുടർന്നും മുന്നോട്ടുപോകുമെന്ന പ്രതീക്ഷയിൽ മാമോണി പറയുന്നു.
വ്യത്യസ്ത സമുദായങ്ങൾക്കൊപ്പവും അവയ്ക്കിടയിലും പ്രവർത്തിക്കുന്ന ദി ഡിസപ്പിയറിങ് ഡയലോഗ്സ് കളക്ടീവ് (ഡിഡി), കലയും സംസ്കാരവും മാധ്യമങ്ങളാക്കി അകലങ്ങൾ മറികടക്കുകയും സംവാദങ്ങൾ തുടങ്ങിവെക്കുകയും പുതിയ ആഖ്യാനങ്ങൾ നിർമ്മിക്കുകയും ചെയ്യുന്നു. ഇന്ന് നിലനിൽക്കുന്ന പൈതൃകവും സംസ്കാരവും പരിസ്ഥിതിയും സംരക്ഷിക്കാൻ സഹായിക്കുകയും അവയുടെ മൂല്യം വർധിപ്പിക്കുകയുമാണ് കളക്ടീവിന്റെ ലക്‌ഷ്യം.
പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയുമായി സഹകരിച്ച്, ഇന്ത്യ ഫൗണ്ടേഷൻ ഫോർ ദി ആർട്ട്സ് അവരുടെ ആർക്കൈവ്സ് ആൻഡ് മ്യൂസിയംസ് പ്രോഗ്രാമിന് കീഴിൽ നടപ്പാക്കുന്ന, ജോൽ-ആ-ഭൂമിർ ഗോൽപോ ഓ കഥ / സ്റ്റോറീസ് ഓഫ് ദി വെറ്റ് ലാൻഡ് എന്ന പ്രൊജക്ടിന് കീഴിൽ തയ്യാറാക്കിയ ലേഖനമാണിത്. ഡൽഹിയിലെ ഗോയ്ഥേ ഇൻസ്റ്റിറ്റ്യൂട്ട് /മാക്സ് മുള്ളർ ഭവന്റെ സഹായത്തോടെയാണ് ഇത് സാധ്യമായത്.
പരിഭാഷ: പ്രതിഭ ആർ.കെ.