ശംഖയിൽനിന്ന് (കടൽ ശംഖ്) ശംഖ് വളകൾ കൊത്തിയെടുക്കാൻ ഷാനുവിനെ ആദ്യമായി പഠിപ്പിച്ചത് അദ്ദേഹത്തിന്റെ സഹോദരൻ ബിശ്വനാഥ് സെൻ ആണ്.
"വളകളിൽ ഡിസൈനുകൾ കൊത്തിയതിനുശേഷം ഞാൻ അവ വളകൾ വിൽക്കുന്ന മഹാജന്മാർക്ക് (കരാറുകാർ) അയയ്ക്കും. ഞാൻ സാധാരണ മാതൃകയിലുള്ള ശംഖ് വളകളാണ് ഉണ്ടാക്കുന്നത്. കൊത്തിയെടുത്ത വളകളും പിരിശംഖുകളും സ്വർണ്ണം പൊതിയാൻ അയക്കുന്നവരുമുണ്ട്." ജീവിതത്തിന്റെ പകുതിയിലധികം കാലമായി താൻ ഈ ജോലിയിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് പറഞ്ഞുകൊണ്ട് 31 വയസ്സുകാരനായ ഷാനു ഘോഷ് വിശദീകരിക്കുന്നു.
പശ്ചിമ ബംഗാളിലെ 24 വടക്കൻ പർഗാൻസാസ് ജില്ലയിൽ ഉൾപ്പെടുന്ന ബാരക്ക്പൂരിലുള്ള ശംഖബാണിക് കോളനിയിലെ വർക്ക്ഷോപ്പിൽ ഇരിക്കുകയാണ് ഈ ശംഖ് കൈപ്പണിക്കാരൻ. ശംഖുപയോഗിച്ചുള്ള വിവിധ പ്രവൃത്തികൾ നടക്കുന്ന ഒട്ടേറെ വർക്ക്ഷോപ്പുകൾ ഈ പ്രദേശത്ത് കാണാം. "ലാൽകുത്തി മുതൽ ഘോഷ്പാരവരെയുള്ള പ്രദേശങ്ങളിൽ നിരവധി ശംഖ് കൈപ്പണിക്കാർ വളനിർമ്മാണത്തിൽ ഏർപ്പെടുന്നുണ്ട്," അദ്ദേഹം പറയുന്നു.
മഹാജന്മാർ ആൻഡമാനിൽനിന്നും ചെന്നൈയിൽനിന്നുമാണ് ശംഖുകൾ ഇറക്കുമതി ചെയ്യുന്നത്. കടൽ ഒച്ചുകളുടെ തോടാണ് ശംഖ്. ശംഖിന്റെ വലിപ്പമനുസരിച്ച്, അവയെ ശംഖനാദം മുഴക്കാൻ വേണ്ട പിരിശംഖുകളായി ഉപയോഗിക്കുകയോ വള നിർമ്മിക്കാൻ എടുക്കുകയോ ചെയ്യാം. ചെറിയ, കട്ടി കുറഞ്ഞ ശംഖുകളിൽ ഡ്രിൽ ഉപയോഗിച്ചാൽ അവ പെട്ടെന്ന് തകരുമെന്നതുകൊണ്ട് ഭാരമേറിയതും കട്ടിയുള്ളതുമായ ശംഖുകൾകൊണ്ട് വള ഉണ്ടാക്കുകയാണ് എളുപ്പം. ഇത്തരത്തിൽ കട്ടി കുറഞ്ഞ ശംഖുകൾകൊണ്ട് പിരിശംഖുകൾ ഉണ്ടാക്കുകയും കട്ടിയേറിയവ വള നിർമ്മിക്കാൻ എടുക്കുകയുമാണ് ചെയ്യുന്നത്.


ഇടത്: ബരാക്ക്പൂരിലെ ശംഖബാണിക് കോളനിയിലുള്ള സജൽ നന്ദിയുടെ വർക്ക് ഷോപ്പിലെ ശംഖുവളകൾ. വലത്: ശംഖിനുള്ളിലെ സൂക്ഷ്മജീവികളെ നീക്കി ശുചീകരിക്കാനായി ബിശ്വജിത് സെൻ അവയ്ക്കുള്ളിലേയ്ക്ക് ചൂടുവെള്ളവും സൾഫ്യൂറിക്ക് ആസിഡും ചേർത്ത മിശ്രിതം ഇൻജെക്റ്റ് ചെയ്യുന്നു
ശംഖിന്റെ അകവും പുറവും വൃത്തിയാക്കുന്നതോടെയാണ് വള ഉണ്ടാക്കുന്ന പ്രക്രിയ ആരംഭിക്കുന്നത്. ശംഖ് വൃത്തിയാക്കിയശേഷം അവയെ ചൂടുവെള്ളവും സൾഫ്യൂറിക്ക് ആസിഡും ചേർത്ത മിശ്രിതം ഉപയോഗിച്ച് കഴുകിയെടുക്കും. ഇതിനുപിന്നാലെ ശംഖ് പോളിഷ് ചെയ്ത് തുടങ്ങുകയും അതിലുള്ള ദ്വാരങ്ങളും വിള്ളലുകളും താഴ്ചകളുമെല്ലാം അടച്ച് മിനുക്കിയെടുക്കുകയും ചെയ്യുന്നു.
ശംഖിനെ ചുറ്റികവെച്ച് ഉടച്ച്, ഡ്രില്ലുപയോഗിച്ച് മുറിച്ചെടുത്തതിനുശേഷമാണ് വളകൾ വേർപ്പെടുത്തുന്നത്. അടുത്ത പടിയായി ഓരോ വളയും ചെത്തിമിനുക്കുന്ന ജോലി കൈപ്പണിക്കാർ ഏറ്റെടുക്കുന്നു. "ചിലർ ശംഖ് ഉടയ്ക്കുന്ന ജോലി ചെയ്യുമ്പോൾ മറ്റു ചിലർ വള ഉണ്ടാക്കുന്നു. ഞങ്ങൾ എല്ലാവരും വിവിധ മഹാജന്മാരുടെ കീഴിലാണ് ജോലി ചെയ്യുന്നത്," ഷാനു പറയുന്നു.


ഇടത്; സമർ നാഥ് സെന്നിന്റെ വീടിനകത്തെ വർക്ക്ഷോപ്പിൽ പണി പൂർത്തിയാകാതെ കിടക്കുന്ന ശംഖുകൾ. വലത്: ശംഖ് മുറിക്കുന്ന പ്രക്രിയയുടെ ഇടയ്ക്കുള്ള ഒരു ഘട്ടം
ശംഖബാണിക് കോളനിയിലുടനീളം കാണാവുന്ന ശംഖ് വർക്ക്ഷോപ്പുകളിൽ മിക്കവയ്ക്കും ചെറിയ ഒരു കിടപ്പുമുറിയുടെയോ ഗാരേജിന്റെയോ വലിപ്പമേയുള്ളൂ. ഷാനുവിന്റെ വർക്ക്ഷോപ്പിൽ ആകെയൊരു ജനാലയാണുള്ളത്; ശംഖ് മുറിക്കുമ്പോൾ ഉയരുന്ന വെളുത്ത പൊടിയിൽ ചുവരുകൾ മുങ്ങിക്കിടക്കുന്നു. വർക്ക്ഷോപ്പിന്റെ ഒരു മൂലയിൽ രണ്ട് ഗ്രൈൻഡിങ് മെഷീനുകളും മറ്റേ ഭാഗത്ത് പണി ചെയ്യാനായി കൂട്ടിയിട്ടിരിക്കുന്ന അസംസ്‌കൃത ശംഖുകളുമാണുള്ളത്.
മിക്ക മഹാജന്മാരും സംസ്കൃത ഉത്പന്നങ്ങൾ തങ്ങളുടെ കടയിൽത്തന്നെ വിൽക്കുകയാണ് പതിവെങ്കിലും ശംഖുവളകളുടെ മൊത്തക്കച്ചവടം നടക്കുന്ന ഒരു വിപണി എല്ലാ ബുധനാഴ്ചയും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.
ചിലപ്പോഴെല്ലാം സ്വർണ്ണത്തിൽ പൊതിഞ്ഞ ശംഖ് വളകൾ മഹാജന്മാർ അവ ഓർഡർ ചെയ്ത ഉപഭോക്താക്കൾക്ക് നേരിട്ട് വിൽക്കും.
ഇക്കഴിഞ്ഞ വർഷങ്ങളിൽ ശംഖുകളുടെ ദൗർലഭ്യംമൂലം ശംഖുവളകളുടേയും പിരിശംഖുകളുടേയും വില്പന കുറഞ്ഞിട്ടുണ്ടെന്ന് ഷാനു പറയുന്നു. "അസംസ്കൃത വസ്തുക്കളുടെ വില അല്പം കുറഞ്ഞ്, ഞങ്ങൾക്ക് താങ്ങാവുന്ന നിലയിലെത്തണം. അവയുടെ വില്പന കരിഞ്ചന്തയിൽ നടക്കുന്നത് തടയാൻ സർക്കാർ നടപടികൾ എടുക്കുകയും വേണം”, ഷാനു പറയുന്നു.


ബിശ്വജിത് സെൻ ശംഖുകൾ വൃത്തിയാക്കിയെടുക്കുന്നു. വലത്: സുശാന്താ ധർ തന്റെ മഹാജന്റെ വർക്ക്ഷോപ്പിൽ ശംഖ് മിനുക്കിയെടുക്കുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുന്നു
ശംഖിൽനിന്ന് വളകളും മറ്റ് അലങ്കാരവസ്തുക്കളും നിർമ്മിക്കുന്ന പ്രക്രിയ അതിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. അഭിഷേക് സെൻ എന്ന 23-കാരൻ ശംഖബാണിക് കോളനിയിൽ ജോലിചെയ്യുന്ന ഒരു കൈപ്പണിക്കാരനാണ്. "ശംഖ് മുറിക്കുമ്പോൾ ഉയരുന്ന പൊടി ഞങ്ങളുടെ മൂക്കിലും വായിലുമാണ് പോകുന്നത്. ഹാനികരമായ രാസവസ്തുക്കളും ഞങ്ങൾക്ക് കൈകാര്യം ചെയ്യേണ്ടതുണ്ട്," അദ്ദേഹം പറയുന്നു. ശംഖുവളകളും പിരിശംഖുകളും നിർമ്മിക്കുന്ന ജോലിയാണ് അഭിഷേക് ചെയ്യുന്നത്.
ജോലിയുടെ സ്വഭാവവും നിലവാരവും അനുസരിച്ചാണ് എന്റെ വരുമാനം. വളകളുടെ ഭാരവും വീതിയും കൂടുന്നതനുസരിച്ച് പ്രതിഫലവും കൂടും. ചില ദിവസങ്ങളിൽ എനിക്ക് 1,000 രൂപവരെ ലഭിക്കാറുണ്ടെങ്കിലും മറ്റ് ചില ദിവസങ്ങളിൽ കഷ്ടി 350 രൂപയേ ലഭിക്കൂ. മിക്ക ദിവസവും രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 3 മണി വരെയും പിന്നെ വൈകീട്ട് 6 മണി മുതൽ രാത്രി 9 വരെയും ഞാൻ ജോലി ചെയ്യാറുണ്ട്," അഭിഷേക് പറയുന്നു.


ഇടത്: പോളിഷ് ചെയ്ത ഒരു ശംഖ്. വലത്: കൊത്തുപണികൾ ചെയ്തിട്ടുള്ള ശംഖുവളകൾ
32 വയസുകാരനായ സജൽ കഴിഞ്ഞ 12 വർഷമായി ശംഖുകൾ മുറിച്ച്, പോളിഷ് ചെയ്യുന്ന ജോലി ചെയ്യുകയാണ്. "ഞാൻ ജോലി തുടങ്ങിയ സമയത്ത് ജോഡി ഒന്നിന് (വളകൾക്ക്) രണ്ടര രൂപയാണ് എനിക്ക് കിട്ടിയിരുന്നത്. ഇപ്പോൾ എനിക്ക് നാല് രൂപ കിട്ടുന്നുണ്ട്." വളയ്ക്ക് ഫിനിഷിങ് ലഭിക്കാനായി പശയും സിങ്ക് ഓക്സൈഡും ചേർത്തുണ്ടാക്കുന്ന പേസ്റ്റ് കൊണ്ട് വളയിലുള്ള ദ്വാരങ്ങളും വിള്ളലുകളും അടയ്ക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. തനിക്ക് ദിവസേന 300-400 രൂപ ലഭിക്കുമെന്ന് സജൽ പറയുന്നു.
"ഞങ്ങളുണ്ടാക്കുന്ന പിരിശംഖുകളും വളകളും അസം, ത്രിപുര, കന്യാകുമാരി, ബംഗ്ളാദേശ് എന്നിവിടങ്ങളിലേയ്ക്കെല്ലാം കൊണ്ടുപോകുന്നുണ്ട്. ഉത്തർ പ്രദേശിൽനിന്നുള്ള മൊത്തക്കച്ചവടക്കാരും ഇവിടെ എത്താറുണ്ട്," സുശാന്താ ധർ പറയുന്നു. പൂക്കൾ, ഇലകൾ, ദേവതകൾ തുടങ്ങിയ ഡിസൈനുകളാണ് താൻ വളകളിൽ കൊത്താറുള്ളതെന്നാണ് 42 വയസ്സുകാരനായ ഈ കൈപ്പണിക്കാരൻ പറയുന്നത്. "ഞങ്ങൾ ഒരുമാസം ഏകദേശം 5,000-6,000 സമ്പാദിക്കും. അസംസ്കൃതവസ്തുക്കളുടെ വില കൂടുകയും വിപണി ശോഷിക്കുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. മഴക്കാലത്ത് മൊത്തക്കച്ചവടക്കാർ വരില്ലെന്നതിനാൽ ആ സമയത്ത് സ്ഥിതി കൂടുതൽ വഷളാകും," സുശാന്താ പറയുന്നു.
"ഒരുദിവസം 50 ജോഡി ശംഖുവളകൾ ഉണ്ടാക്കിയാൽ എനിക്ക് 500 രൂപ സമ്പാദിക്കാനാകും. പക്ഷെ ഒരുദിവസം 50 ജോഡി ശംഖ് വളകളിൽ കൊത്തുപണികൾ ചെയ്യുന്നതുപോലും ഏറെക്കുറെ അസാധ്യമാണ്," ഷാനു പറയുന്നു.
ദുർബലമായ വിപണിയും സാമ്പത്തിക അനിശ്ചിതത്വവും സർക്കാർ പിന്തുണയുടെ അഭാവവുമെല്ലാം മൂലം ഷാനുവിനും ശംഖബാണിക് കോളനിയിലെ മറ്റ് കൈപ്പണിക്കാർക്കും ഭാവിയിൽ കച്ചവടം മെച്ചപ്പെടുമെന്ന പ്രതീക്ഷപോലുമില്ല.
പരിഭാഷ: പ്രതിഭ ആര്‍. കെ .