അഴുക്കുചാലുകൾ ശുചിയായിരുന്നപ്പോൾ തെളിഞ്ഞ ജലമായിരുന്നു, 20 വർഷം മുമ്പുവരെ. നദിയിലേക്കൊരു നാണയമിട്ടാൽ, മുകളിൽനിന്ന് കാണാൻ കഴിയുമായിരുന്നു. യമുനയിൽനിന്ന് നേരിട്ട് വെള്ളമെടുത്ത് കുടിക്കാനും സാധിച്ചിരുന്നു. പുഴയിൽനിന്ന് ഒരു കൈക്കുടന്ന അഴുക്കുവെള്ളമെടുത്ത് മുഖത്തിനടുത്തേക്ക് കൊണ്ടുവന്ന് രാമൻ ഹൽദർ എന്ന മുക്കുവൻ പറഞ്ഞു. ഞങ്ങൾ പരിഭ്രമത്തോടെ നോക്കുമ്പോൾ, ഒരു ചെറിയ ചിരിയോടെ അയാൾ ആ വെള്ളം നദിയിലേക്കുതന്നെ കളഞ്ഞു.
തലസ്ഥാനത്തിന്‍റെ ഭൗതികവും അനിതരസാധാരണവുമായ ഉപഭോഗത്തെ പ്രതിഫലിപ്പിച്ചുകൊണ്ട് യമുനയിൽ പ്ലാസ്റ്റിക്കും, അലുമിനിയം പൊതികളും, ചെളിവെള്ളവും പഴകിയ ഭക്ഷണവും, തേങ്ങയും, കോൺക്രീറ്റ് അവശിഷ്ടങ്ങളും, തുണികളും, രാസപദാർത്ഥങ്ങളും പായലും എല്ലാം കെട്ടിക്കിടക്കുന്നു.
യമുനയുടെ 22 കിലോമീറ്ററുകൾ മാത്രമാണ് (ഏതാണ്ട് 1.6 ശതമാനം) രാജ്യതലസ്ഥാന പ്രദേശത്തിലൂടെ ഒഴുകുന്നത്. എന്നിട്ടും 1,376 കിലോമീറ്റർ നീളമുള്ള ആ നദിയുടെ അത്രയും ചെറിയ പ്രദേശത്തേക്കാണ് അവശിഷ്ടങ്ങളും വിഷവുമടങ്ങുന്ന മാലിന്യത്തിന്‍റെ 80 ശതമാനവും ഒഴുക്കിവിടുന്നത്. അത് ശരിവെച്ചുകൊണ്ട്, ദേശീയ ഹരിത ട്രിബ്യൂണലിന്‍റെ മോണിറ്ററിംഗ് കമ്മിറ്റി റിപ്പോർട്ട് ദില്ലിയിലെ ആ നദിയെ വിശേഷിപ്പിക്കുന്നത് “അഴുക്കുചാൽ’ എന്നാണ്. തത്ഫലമായുണ്ടാകുന്ന ജലത്തിലെ ഓക്സിജന്‍റെ കുറവ് വൻതോതിലുള്ള മത്സ്യനാശത്തിനാണ് ഇടവരുത്തുന്നത്.
ദില്ലിയുടെ ദക്ഷിണഭാഗത്തുള്ള കാളിന്ദി കുഞ്ജ് ഘട്ടിൽ കഴിഞ്ഞ വർഷം ആയിരക്കണക്കിന് മീനുകൾ ചത്തുപൊങ്ങുകയുണ്ടായി. ദില്ലിയിലെ പുഴയുടെ ആ ഭാഗത്ത് മറ്റ് ജലജീവികളുടെ നാശവും എല്ലാ വർഷവും ആവർത്തിക്കുകയാണ്.
ഒരു പുഴയുടെ ആവാസവ്യവസ്ഥ നിലനിൽക്കണമെങ്കിൽ, അതിൽ 6 മുതൽ മുകളിലേക്കുള്ള അളവിൽ ഓക്സിജൻ കലർന്നിരിക്കണം. മീനുകൾക്ക് ആവശ്യമായ ഡി.ഒ. അളവ് (Dissolved Oxygen level) 4 മുതൽ 5 വരെയാണ്. യമുനയുടെ ദില്ലി ഭാഗത്താകട്ടെ ഈ അളവ് 0-ത്തിനും 0.4-നും ഇടയിൽ മാത്രവും. ചിക്കാഗോ സർവ്വകലാശാലയിലെ ടാറ്റാ സെന്‍റർ ഫോർ ഡെവലപ്പ്മെന്‍റിന്‍റെ വാട്ടർ റ്റു ക്ലൗഡ് (Water-to-Cloud) പ്രോജക്ടിന്‍റെ ഡയറക്ടർ പ്രിയങ്ക് ഹിറാനി പറയുന്നു. നദികളിലെ മാലിന്യത്തിന്‍റെ നിജസ്ഥിതി രേഖപ്പെടുത്തുന്ന പ്രോജക്ടാണിത്.

“പണ്ട് ഇവിടെ (കാളിന്ദി കുഞ്ജ് ഘട്ടിൽ) ധാരാളം മീനുകളുണ്ടായിരുന്നു. ഇപ്പോൾ ഒന്നുമില്ല. കുറച്ച് കണവ മത്സ്യം മാത്രം”. രമൻ ഹൽദർ (വലത്ത്) പറഞ്ഞു
ദില്ലിയുടെ വടക്ക്-കിഴക്ക് ഭാഗത്തെ രാം ഘട്ടിന്‍റെ തീരത്തിരുന്ന് പുകവലിക്കുകയായിരുന്നു 52 വയസ്സുള്ള ഹൽദറും അയാളുടെ രണ്ട് സുഹൃത്തുക്കളും. “കാളിന്ദി കുഞ്ജ് ഘട്ടിൽനിന്ന് മൂന്നുവർഷം മുൻപാണ് ഞാൻ ഇങ്ങോട്ടേക്ക് മാറിയത്. അവിടെ ഇപ്പോൾ മത്സ്യമൊന്നുമില്ല. പണ്ട് ധാരാളമുണ്ടായിരുന്നു. ഇപ്പോൾ കണവ മത്സ്യം മാത്രമാണ് ബാക്കിയുള്ളത്. അവയിൽ ചിലത് കഴിച്ചാൽ അലർജിയും, ചൊറിച്ചിലും ച്ഛർദ്ദിയും പനിയുമൊക്കെ ഉണ്ടാവും”, ദൂരെനിന്ന് നോക്കിയാൽ മേഘം പോലെ തോന്നിക്കുന്ന ഒരു വെളുത്ത വലയിലെ കുടുക്കുകൾ അഴിച്ചുകൊണ്ട് അയാൾ പറഞ്ഞു.
ആഴങ്ങളിൽ ജീവിക്കുന്ന മറ്റ് മത്സ്യയിനങ്ങളിൽനിന്ന് വ്യത്യസ്തമായി കണവകൾക്ക് ജലോപരിതലത്തിൽ വന്ന് വായു ശ്വസിക്കാൻ കഴിയുന്നതിനാൽ, അവയ്ക്ക് അതിജീവിക്കാൻ കഴിയുന്നു. ഭക്ഷ്യശൃംഖലയിലെ ഏറ്റവും താഴ്ന്ന തലത്തിലുള്ളതും, ജലത്തിലെ വിഷാംശങ്ങൾ ഭക്ഷിക്കുന്നതുമായ ജീവികളെ ആഹാരമാക്കുന്ന മത്സ്യങ്ങളാണിവ എന്ന് ദില്ലി ആസ്ഥാനമായ ജലസംരക്ഷണ പ്രവർത്തക ദിവ്യ കർണാഡ് പറയുന്നു. “അതുകൊണ്ട്, കണവ മത്സ്യങ്ങളെ കഴിക്കുന്നവർക്ക് അസുഖങ്ങൾ വരുന്നതിൽ അത്ഭുതമൊന്നുമില്ല”.
*****
ഇന്ത്യയിൽ കിട്ടുന്ന മീനുകളുടെ 87 ശതമാനവും ജലാശയങ്ങളുടെ 100 മീറ്റർ ആഴത്തിൽനിന്നുതന്നെ കണ്ടെത്താനാവുമെന്നാണ് ദില്ലി ആസ്ഥാനമായ റിസർച്ച് കളക്ടീവ് എന്ന ലാഭേതര സംഘടനയുടെ പ്രസിദ്ധീകരണമായ ഒക്യുപേഷൻ ഓഫ് ദ് കോസ്: ദ് ബ്ലൂ ഇക്കോണമി ഇൻ ഇന്ത്യ ( Occupation of the Coast: the Blue Economy in India ) പറയുന്നത്. ഇന്ത്യയിലെ മുക്കുവസമുദായത്തിന് പ്രാപ്യമാണ് ഇവയിൽ ഭൂരിഭാഗവും. ഭക്ഷണത്തെ മാത്രമല്ല, നിത്യജീവിതത്തെയും സംസ്കാരത്തിനേയും സംരക്ഷിക്കുന്നവയാണ് അവ.
“മുക്കുവരുടെ ചെറുകിട സമ്പദ്‌വ്യവസ്ഥയെ തകർക്കുകയാണ് ഇപ്പോൾ നിങ്ങൾ ചെയ്യുന്നത്”. ചെറുകിട മത്സ്യബന്ധനക്കാരുടെ ദേശീയവേദിയുടെ (National Platform for Small Scale Fish Workers (Inland)) (NPSSFWI) അദ്ധ്യക്ഷനായ പ്രദീപ് ചാറ്റർജി ചൂണ്ടിക്കാട്ടി. “അവരാണ് പ്രാദേശികവിപണിയിലേക്ക് മത്സ്യമെത്തിക്കുന്നത്. അത് കിട്ടാതെ വന്നാൽ, വാഹനങ്ങളിൽ പോയി ദൂരസ്ഥലങ്ങളിൽനിന്ന് നിങ്ങൾക്ക് മത്സ്യം കൊണ്ടുവരേണ്ടിവരും. അതാകട്ടെ, പ്രതിസന്ധിയെ രൂക്ഷമാക്കുകയും ചെയ്യും. ഭൂഗർഭജലത്തിലേക്ക് മാറാൻ കൂടുതൽ ഊർജ്ജം ഉപയോഗിക്കണം. അതാകട്ടെ, ജലശൃംഖലയെ ബാധിക്കുകയും ചെയ്യും” അദ്ദേഹം പറയുന്നു.
“ജലാശയങ്ങളെ അത് ബാധിക്കുകയും, പുഴകൾക്ക് പുനരുജ്ജീവനം നഷ്ടപ്പെടുകയും ചെയ്യും” എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പരമ്പരാഗത സ്രോതസ്സുകളിൽനിന്ന് കൂടുതൽ ഊർജ്ജമുപയോഗിച്ചുവേണം ഇത് ചെയ്യാൻ. ഇത് ശരിയാക്കിയാലേ കുടിക്കാനുള്ള ശുദ്ധജലം പുഴകളിൽനിന്ന് ലഭിക്കൂ. പറഞ്ഞുവരുന്നത്, സ്വാഭാവികമായ സമ്പദ്‌വ്യവസ്ഥകളെ ബലപ്രയോഗത്തിലൂടെ തകർത്ത്, കൂടുതൽ ഊർജ്ജ-മൂലധനാധിഷ്ഠിതമായ കോർപ്പറേറ്റ് ശൃംഖലയിലേക്ക് അദ്ധ്വാനത്തേയും ഭക്ഷണത്തേയും ഉത്പാദനത്തേയും വഴിതിരിച്ചുവിടുകയാണ് നമ്മൾ ചെയ്യുന്നത് എന്നർത്ഥം. അതേസമയം, മാലിന്യങ്ങൾ നിക്ഷേപിക്കാൻ പുഴകളെ ഉപയോഗിക്കുകയും ചെയ്യുന്നു.
വ്യവസായങ്ങൾ മാലിന്യം പുഴയിലേക്ക് ഒഴുക്കിവിടുമ്പോൾ ആദ്യം അത് തിരിച്ചറിയുന്നത് മുക്കുവന്മാരാണ്. “മത്സ്യങ്ങൾ ചത്തുതുടങ്ങുമ്പോൾ ഗന്ധത്തിൽനിന്നുതന്നെ ഞങ്ങൾക്കത് പറയാൻ കഴിയും”. 45 വയസ്സുള്ള മംഗൾ സാഹ്നി പറഞ്ഞു. ദില്ലി-ഹരിയാന അതിർത്തിയിൽ, യമുന തലസ്ഥാനത്തേക്ക് പ്രവേശിക്കുന്ന പല്ല എന്ന സ്ഥലത്താണ് മംഗൾ സാഹ്നി താമസിക്കുന്നത്. ബിഹാറിലെ ഷിയോഹർ ജില്ലയിലെ വീട്ടിലെ 15 അംഗ കുടുംബത്തെ എങ്ങിനെ പോറ്റും എന്നാലോചിച്ച് വിഷമിക്കുകയാണ് അദ്ദേഹം. “ആളുകൾ ഞങ്ങളെക്കുറിച്ച് എഴുതുന്നുണ്ടെങ്കിലും, ഞങ്ങളുടെ ജീവിതം ഒട്ടും മെച്ചപ്പെട്ടിട്ടില്ല, കൂടുതൽ മോശമാവുകയാണ് ചെയ്യുന്നത്” എന്ന് പറഞ്ഞ് അയാൾ ഞങ്ങളെ ഒഴിവാക്കി.


വ്യവസായങ്ങൾ പുഴയിലേക്ക് മാലിന്യം പുറന്തള്ളുമ്പോൾ ആദ്യം അത് തിരിച്ചറിയുന്നത് മുക്കുവരാണ് . “മത്സ്യങ്ങൾ ചത്തുതുടങ്ങുമ്പോൾ ഗന്ധത്തിൽനിന്നുതന്നെ ഞങ്ങൾക്കത് മനസ്സിലാവും”. 45 വയസ്സുള്ള മംഗൾ സാഹ്നി പറഞ്ഞു. ദില്ലി-ഹരിയാന അതിർത്തിയിൽ, യമുന തലസ്ഥാനത്തേക്ക് പ്രവേശിക്കുന്ന പല്ല എന്ന സ്ഥലത്താണ് മംഗൾ സാഹ്നി താമസിക്കുന്നത് (വലത്ത്)
കേന്ദ്ര മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിട്യൂട്ടിന്‍റെ കണക്കുപ്രകാരം, ഏകദേശം 8.4 ലക്ഷം കുടുംബങ്ങളിൽനിന്നായി, 4 ദശലക്ഷം ആളുകൾ, ഇന്ത്യയുടെ തീരപ്രദേശങ്ങളിൽ, പരമ്പരാഗത മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ട്. എന്നാൽ, മത്സ്യസമ്പത്തുമായി ബന്ധപ്പെട്ട ആളുകളുടെ ശരിയായ സംഖ്യ, അതിന്‍റെ ഏഴോ എട്ടോ ഇരട്ടിയിലധികമായിരിക്കും. അതിൽത്തന്നെ, 4 ദശലക്ഷമാളുകൾ ഉൾനാടൻ മത്സ്യത്തൊഴിലാളികളാണെന്ന് എൻ.പി.എസ്.എസ്.എഫ്.ഡബ്ല്യു.ഐ-യുടെ (NPSSFWI) ചാറ്റർജി പറയുന്നു. മുഴുവൻസമയ തൊഴിലാളികളായി, അഥവാ, സംഘടിത തൊഴിലാളികളായി ഈ മേഖലയിൽ പ്രവർത്തിച്ചിരുന്ന ദശലക്ഷക്കണക്കിനാളുകൾ കഴിഞ്ഞ കുറേ ദശകങ്ങൾക്കുള്ളിൽ ഈ തൊഴിൽ ഉപേക്ഷിച്ചുപോവുകയും ചെയ്തിരിക്കുന്നു. “സമുദായം കൂടുതൽ പ്രാന്തവത്ക്കരിക്കപ്പെട്ടതോടെ, 60-70 ശതമാനം ആളുകളും മറ്റ് തൊഴിലുകളിലേക്ക് ചുവടുമാറിയിട്ടുണ്ട്”, ചാറ്റർജി സൂചിപ്പിച്ചു.
തലസ്ഥാനത്തെ മുക്കുവന്മാർ എന്ന ആശയംതന്നെ അസ്വാഭാവികമായതുകൊണ്ടോ എന്തോ, യമുനയുടെ ദില്ലി തീരങ്ങളിൽ എത്ര മുക്കുവന്മാർ ഉണ്ടായിരുന്നുവെന്നോ, ഇപ്പോൾ എത്രപേരുണ്ടെന്നോ ഉള്ളതിന് യാതൊരു രേഖയും നിലവിലില്ല. പോരാത്തതിന് സാഹ്നിയെപ്പോലെ നിരവധി കുടിയേറ്റക്കാരുള്ളത് പ്രശ്നത്തെ കൂടുതൽ സങ്കീർണ്ണമാക്കുകയും ചെയ്യുന്നു. എന്തായാലും അവരുടെ സംഖ്യ കുറഞ്ഞിട്ടുണ്ടെന്നത് എല്ലാവരും സമ്മതിക്കുന്ന കാര്യമാണ്. സ്വാതന്ത്ര്യത്തിന് മുമ്പ് ആയിരക്കണക്കിന് മുഴുവൻസമയ മുക്കുവരുണ്ടായിരുന്നത് ഇപ്പോൾ നൂറിൽത്താഴെയാണെന്നാണ് ലോംഗ് ലിവ് യമുന (Long Live Yamuna) പ്രസ്ഥാനത്തെ നയിക്കുന്ന വിരമിച്ച ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥൻ മനോജ് മിശ്ര പറയുന്നത്.
യമുനയിലെ മുക്കുവന്മാരെ ഇന്ന് കാണുന്നില്ലെങ്കിൽ, അതിനൊരു അർത്ഥമേയുള്ളു, ആ പുഴ മരിച്ചുകഴിഞ്ഞുവെന്ന്, അതല്ലെങ്കിൽ മരിച്ചുകൊണ്ടിരിക്കുകയാണെന്ന്. കാര്യങ്ങളുടെ ഇന്നത്തെ സ്ഥിതിയുടെ അടയാളമാണത്. മനുഷ്യരുടെ പ്രവർത്തനഫലമായി സൃഷ്ടിക്കപ്പെട്ടതും കാലാവസ്ഥാ പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നതുമായ കാര്യങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. പരിസ്ഥിതിയെ പുനരുജ്ജീവിപ്പിക്കുന്ന ജൈവവൈവിധ്യം നടക്കുന്നില്ല എന്നാണ് അതിന്‍റെ അർത്ഥം”. ചക്രവർത്തി പറയുന്നു.
*****
ദില്ലിയിലെ 40 ശതമാനം ആളുകൾക്കും അഴുക്കുചാൽ സൗകര്യങ്ങളില്ലാത്തതിനാൽ, സെപ്റ്റിക്ക് ടാങ്കുകളിൽനിന്നും മറ്റിടങ്ങളിൽനിന്നും ലക്ഷക്കണക്കിന് ടൺ മനുഷ്യവിസർജ്ജ്യവും, അവശിഷ്ടങ്ങളുമാണ് വെള്ളത്തിലേക്ക് ഒഴുക്കിവിടുന്നത്. 1,797 അനധികൃത കോളണികളിൽ കേവലം 20 ശതമാനത്തിനുമാത്രമേ അഴുക്കുചാൽ സൗകര്യങ്ങളുള്ളു എന്ന് ദേശീയ ഹരിത ട്രിബ്യൂണൽ കണ്ടെത്തുമ്പോൾത്തന്നെ, ജനവാസകേന്ദ്രങ്ങളിൽ നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന 51,837 വ്യവസായങ്ങളുണ്ട്. അവയിൽനിന്ന് അഴുക്കുചാലുകളിലേക്ക് ഒഴുക്കിവിടുന്ന വ്യവസായമാലിന്യവും രാസപദാർത്ഥങ്ങളും ഒടുവിൽ എത്തിച്ചേരുന്നതും യമുനയിലേക്കുതന്നെയാണ്.
ഒരു പുഴയുടെ മരണത്തിന്‍റെ പശ്ചാത്തലവും, ആ പുഴയുമായി ബന്ധപ്പെട്ട് നടക്കുന്ന മനുഷ്യപ്രവർത്തനത്തിന്‍റെ തോതും രീതിയും സമ്പദ്‌വ്യവസ്ഥയും കൂട്ടിയിണക്കി വേണം ഇന്നത്തെ പ്രതിസന്ധിയെ നോക്കിക്കാണാൻ
പുഴയിൽനിന്നുള്ള മത്സ്യത്തിന്‍റെ ലഭ്യത ഗണ്യമായി കുറഞ്ഞതോടെ, മുക്കുവന്മാരുടെ വരുമാനവും ശോഷിച്ചിരിക്കുന്നു. മുൻപ്, അവർക്ക് നന്നായി സമ്പാദിക്കാൻ കഴിഞ്ഞിരുന്നു. വിദഗ്ദ്ധരായ മത്സ്യത്തൊഴിലാളികൾക്ക് ചില മാസങ്ങളിൽ 50,000 രൂപവരെ കിട്ടാറുണ്ടായിരുന്നു.
രാം ഘട്ടിൽ താമസിക്കുന്ന 42 വയസ്സുള്ള ആനന്ദ് സാഹ്നി, കൗമാരപ്രായത്തിലാണ് ബിഹാറിലെ മോട്ടിഹാരി ജില്ലയിൽനിന്ന് ദില്ലിയിലേക്കെത്തിയത്. “കഴിഞ്ഞ 20 വർഷത്തിനുള്ളിൽ എന്‍റെ വരുമാനം പകുതിയായി കുറഞ്ഞിരിക്കുന്നു. ഇപ്പോൾ ദിവസത്തിൽ 100-200 രൂപ മാത്രമാണ് കിട്ടുന്നത്. കുടുംബം പോറ്റാൻ ഞാനിനി വേറെ വഴി കണ്ടെത്തേണ്ടിയിരിക്കുന്നു. മീൻപിടിത്തംകൊണ്ട് ഇനി രക്ഷയില്ല”, ആനന്ദിന്‍റെ വാക്കുകളിൽ നിരാശ.
മത്സ്യത്തൊഴിലാളികളുടേയും വഞ്ചിക്കാരുടേയും സമുദായമായ മല്ല വിഭാഗത്തിൽപ്പെട്ട 30-40 കുടുംബങ്ങൾ രാംഘട്ടിൽ ജീവിക്കുന്നുണ്ട്. യമുനയിലെ താരതമ്യേന മാലിന്യം കുറഞ്ഞ സ്ഥലമാണ് രാംഘട്ട്. സ്വന്തം ഉപഭോഗത്തിന് അല്പം മത്സ്യം മാറ്റിവെച്ച്, ബാക്കിവരുന്നത്, അവർ കിലോഗ്രാമിന് 50 മുതൽ 200 വരെ ഇനത്തിനനുസരിച്ച് വിൽക്കുന്നു.

“കുടുംബം പോറ്റാൻ ഞാനിനി വേറെ വഴി കണ്ടെത്തേണ്ടിയിരിക്കുന്നു . മീൻപിടിത്തംകൊണ്ട് ഇനി രക്ഷയില്ല”, രാംഘട്ടിൽ താമസിക്കുന്ന ആനന്ദ് സാഹ്നി പറയുന്നു
*****
മഴയുടെ തോതിലുള്ള വ്യതിയാനവും താപനിലയുമടക്കമുള്ള കാലാവസ്ഥാപ്രതിസന്ധിയും യമുനയുടെ പ്രശ്നങ്ങളെ ഇരട്ടിപ്പിക്കുന്നുവെന്ന് തിരുവനന്തപുരം ആസ്ഥാനമായ പരിസ്ഥിതി കൺസൾട്ടന്‍റ് ഡോ. രാധാ ഗോപാലൻ പറയുന്നു. വെള്ളത്തിന്‍റെ ഗുണത്തിലും അളവിലും ഉണ്ടാകുന്ന കുറവുകളും കാലാവസ്ഥയുടെ അനിശ്ചിതത്വവും ചേർന്ന് മത്സ്യത്തിന്‍റെ ലഭ്യതയിലും ഗുണത്തിലും പ്രതികൂലമായ മാറ്റങ്ങൾ ഉണ്ടാവുന്നുണ്ട്.
“മീനുകൾ ചാവുന്നത് വെള്ളം മലിനമാവുന്നതുകൊണ്ടാണ്”. 35 വയസ്സുള്ള സുനിതാ ദേവി പറയുന്നു. അവരുടെ ഭർത്താവ് നരേഷ് സാഹ്നി ദിവസവേതനമുള്ള ജോലിയന്വേഷിച്ച് ദൂരത്തെവിടെയോ ആയിരുന്നു. “ആളുകൾ എല്ലാവിധ മാലിന്യങ്ങളും, പ്രത്യേകിച്ച് പ്ലാസ്റ്റിക്ക് കളയുന്നത് പുഴയിലാണ്. ഉത്സവങ്ങളും മറ്റുമുണ്ടാകുമ്പോൾ, പാകം ചെയ്ത ഭക്ഷണസാധനങ്ങൾപോലും - പൂരി, ജിലേബി, ലഡ്ഡു എന്നിവപോലും – ആളുകൾ പുഴയിലൊഴുക്കുന്നുണ്ട്. അവയെല്ലാം കെട്ടിക്കിടന്ന് അഴുകി, പുഴ നശിച്ചു”, അവർ പറഞ്ഞു.
100 വർഷത്തിനിടയിൽ ഇതാദ്യമായി 2019 ഒക്ടോബറിൽ ദുർഗ്ഗാപൂജക്കുശേഷമുള്ള പുഴകളിലെ വിഗ്രഹനിമജ്ജനം നിരോധിക്കുകയുണ്ടായി. അത്തരം നിമജ്ജനങ്ങൾ പുഴയെ വലിയ രീതിയിൽ ദോഷകരമായി ബാധിക്കുന്നു എന്ന ദേശീയ ഹരിത ട്രിബ്യൂണലിന്‍റെ റിപ്പോർട്ടിനെത്തുടർന്നായിരുന്നു നിരോധനം.
ഒരു നഗരത്തെ നഗരമാക്കിത്തീർക്കുന്നത് പുഴകളും മേഘങ്ങളും ചക്രവർത്തിയുമാണെന്ന് ഒരു പഴമൊഴിയുണ്ട്. അതിനെ യാഥാർത്ഥ്യമാക്കുന്ന വിധത്തിലായിരുന്നു 16-ഉം 17-ഉം നൂറ്റാണ്ടുകളിൽ മുഗൾ രാജാക്കന്മാർ ദില്ലിയിൽ അവരുടെ രാജ്യം നിർമ്മിച്ചത്. ഒരു കലാരൂപമായിത്തന്നെ ഗണിച്ചിരുന്ന അവരുടെ ജലസംവിധാനം ഇന്ന് ചരിത്രാവശിഷ്ടമായി ചിതറിക്കിടക്കുന്നു. യമുനയിൽനിന്ന് മുഖം തിരിച്ചുനിൽക്കുന്ന നിലയിൽ ന്യൂദില്ലിയെ പണിതുയർത്തിയ ബ്രിട്ടീഷുകാരാകട്ടെ, 18-ആം നൂറ്റാണ്ടിൽ പുഴയെ കേവലം ഒരു പ്രകൃതിവിഭവമായിട്ടുമാത്രമാണ് വീക്ഷിച്ചിരുന്നത്. കാലാന്തരത്തിൽ ജനസംഖ്യാസ്ഫോടനവും നഗരവത്ക്കരണവും പിന്തുടരുകയും ചെയ്തു.
ദില്ലിയിലെ ഒഖ്‌ല ഭാഗത്ത്, 1940-നും 1970-നും ഇടയിലുള്ള കാലത്ത്, ആളുകൾ ബോട്ട്സവാരിക്കും മീൻ പിടിക്കാനും നീന്താനും ചുറ്റിനടക്കാനും വന്നിരുന്നതായി പഴമക്കാർ ഓർത്തെടുത്തത് ദില്ലിയിലെ പരിസ്ഥിതിയെക്കുറിച്ചുള്ള വിവരണങ്ങൾ (Narratives of the Environment of Delhi) എന്ന പുസ്തകത്തിൽ (കലാ-സാംസ്കാരിക പൈതൃകത്തിനായുള്ള ഇന്ത്യൻ ദേശീയ ട്രസ്റ്റ് - Indian National Trust for Art and Cultural Heritage - പ്രസിദ്ധീകരിച്ചത്) സൂചിപ്പിച്ചിട്ടുണ്ട്. ഓഖ്‌ല ബാരേജിന്‍റെ താഴത്തുള്ള ഭാഗത്ത് ഡോൾഫിനുകൾ നീന്തിത്തുടിക്കുകയും, വെള്ളം കുറയുന്ന സമയത്ത് നദിയിൽ പ്രത്യക്ഷമാവുന്ന ചെറിയ തുരുത്തുകളിൽ ആമകൾ വെയിൽ കായുകയും ചെയ്തിരുന്നു.
“യമുന അപകടകരമായ വിധത്തിൽ നശിച്ചിരിക്കുന്നു” എന്ന് ആഗ്ര ആസ്ഥാനമായ പരിസ്ഥിതിപ്രവർത്തകൻ ബ്രിജ് ഖണ്ഡേൽവാൾ പറഞ്ഞു. 2017-ൽ, ഗംഗയേയും യമുനയേയും ‘ജീവനുള്ള സത്ത‘കളായി ഉത്തരാഖണ്ഡ് ഹൈക്കോടതി പ്രഖ്യാപിച്ചതിന് പിന്നാലെ, “പുഴകളെ വധിക്കാനുള്ള ശ്രമം” ആരോപിച്ച് നഗരത്തിലെ സർക്കാർ ഉദ്യോഗസ്ഥർക്കെതിരേ ഖണ്ഡേൽവാൾ കേസ് ഫയൽ ചെയ്തിരുന്നു.
അതേസമയം, രാജ്യത്താകെയുള്ള ജലാശയങ്ങളെ തുറമുഖവുമായി ബന്ധിപ്പിക്കുന്ന സാഗരമാലാ പദ്ധതി കേന്ദ്രസർക്കാർ ആരംഭിച്ചിട്ടുണ്ട്. പക്ഷേ “വലിയ കപ്പൽച്ചരക്കുകളെ ഉൾനാടൻ ജലമാർഗ്ഗങ്ങള്‍ക്ക് തുറന്നുകൊടുത്താൽ അത് വീണ്ടും പുഴകളെ മലിനമാക്കും” എന്ന് എൻ.പി.എസ്.എസ്.എഫ്.ഡബ്ല്യു.ഐയുടെ (NPSSFWI) ചാറ്റർജി പറഞ്ഞു.


(ഇടത്ത്) ചെറുകിട മത്സ്യത്തൊഴിലാളികളുടെ (ഉൾനാടൻ) ദേശീയവേദിയുടെ അദ്ധ്യക്ഷൻ പ്രദീപ് ചാറ്റർജി. ദില്ലി ആസ്ഥാനമായി, ഈ വിഷയത്തിൽ പ്രവർത്തിക്കുന്ന ഒരു ലഭേതര സംഘമായ റിസർച്ച് കളക്ടവീന്‍റെ അദ്ധ്യക്ഷനാണ് അദ്ദേഹം

കഴിഞ്ഞ വർഷം ദില്ലിയിൽ , യമുനയുടെ തെക്കേക്കരയിലെ കാളിന്ദി കുഞ്ജ് ഘട്ടിൽ ആയിരക്കണക്കിന് മത്സ്യങ്ങളെ ചത്ത നിലയിൽ കണ്ടിരുന്നു
*****
തന്‍റെ കുടുംബത്തിലെ മുക്കുവന്മാരുടെ തലമുറയിലെ അവസാന കണ്ണിയാണ് ഹൽദർ. പശ്ചിമബംഗാളിലെ മാൾഡ സ്വദേശിയാണ് അയാൾ. മാസത്തിൽ 15-20 ദിവസം രാംഘട്ടിൽ താമസിക്കും. ബാക്കി ദിവസങ്ങളിൽ നോയിഡയിലുള്ള 25-ഉം 27-ഉം വയസ്സുള്ള രണ്ട് ആണ്മക്കളുടെ കൂടെയും. ഒരാൾ മൊബൈലുകൾ റിപ്പയർ ചെയ്യുന്നു. മറ്റയാൾ എഗ് റോളുകളും മോമോസും വിൽക്കുന്നു. “എന്‍റെ തൊഴിൽ കാലഹരണപ്പെട്ടുവെന്നാണ് മക്കൾ പറയുന്നത്. എന്‍റെ ഇളയ അനിയനും മുക്കുവനാണ്. അതൊരു പാരമ്പര്യമാണ്. മഴയായാലും വെയിലായാലും, ഞങ്ങൾക്കറിയുന്ന ഒരേയൊരു പണി ഇതാണ്. അതില്ലാതെ എങ്ങിനെ ജീവിക്കുമെന്ന് എനിക്കറിയില്ല”.
“ഇപ്പോൾ മത്സ്യസ്രോതസ്സ് നശിച്ചുപോയ സ്ഥിതിക്ക്, ഇനി അവരെന്ത് ചെയ്യും?” ഡോ. ഗോപാലൻ ചോദിക്കുന്നു. “അവരെ സംബന്ധിച്ചിടത്തോളം, പോഷകത്തിന്‍റെ സ്രോതസ്സുകൂടിയാണ് മത്സ്യം. സാമ്പത്തികഘടകത്തെ ഉൾച്ചേർത്തുകൊണ്ട്, സാമൂഹിക-പാരിസ്ഥിതിക ഇടത്തിലാണ് നമ്മളവരെ സ്ഥാപിക്കേണ്ടത്. കാലാവസ്ഥാമാറ്റത്തിൽ ഇവയെ രണ്ടായി വേർതിരിക്കാനാവില്ല. “വരുമാനത്തിന്‍റെയും ജൈവവ്യവസ്ഥിതിയുടേയും വൈവിദ്ധ്യം ഒരുപോലെ പ്രധാനമാണ്”.
അതേസമയം, കയറ്റുമതിക്കുവേണ്ടിയുള്ള മത്സ്യവളർത്തലിലേക്ക് ഊന്നിക്കൊണ്ടാണ് ആഗോളതലത്തിൽ കാലാവസ്ഥാപ്രതിസന്ധിയെക്കുറിച്ച് സർക്കാർ സംസാരിക്കുന്നതെന്ന് റിസർച്ച് കളക്ടീവിലെ ചക്രവർത്തി പറഞ്ഞു.
2017-18-ൽ 4800 കോടി ഡോളർ വിലമതിക്കുന്ന കൊഞ്ചാണ് ഇന്ത്യ കയറ്റുമതി ചെയ്തത്. ഇത് പ്രത്യേകരീതിയിൽ കൃഷിചെയ്യപ്പെട്ട വിശേഷപ്പെട്ട ഒരു മത്സ്യയിനമായിരുന്നു. മെക്സിക്കൻ ജലാശയങ്ങളിൽ കാണുന്ന പസിഫിക്ക് വൈറ്റ് ഷ്രിമ്പ് എന്നാണ് പേർ. “മെക്സിക്കൻ കൊഞ്ചിന് അമേരിക്കയിൽ വലിയ വിപണിയാണുള്ളത്’ എന്നതുകൊണ്ടാണ് ഇന്ത്യ ഇത് കൃഷിചെയ്യുന്നതെന്ന് ചക്രവർത്തി സൂചിപ്പിച്ചു. ഇന്ത്യൻ ജലാശയങ്ങളിൽ സാധാരണയായി കാണുന്നതും വ്യാപകമായി പിടിക്കുന്നതുമായ ബ്ലാക്ക് ടൈഗർ പ്രോൺസ് നമ്മുടെ കയറ്റുമതിയുടെ 10% മാത്രമാണ്. ജൈവവൈവിധ്യനഷ്ടവും തന്മൂലമുണ്ടാവുന്ന ഉപജീവന നഷ്ടവുമാണ് ഇന്ത്യയെ ഇന്ന് ബാധിക്കുന്നത്. “കയറ്റുമതിയിൽ ഊന്നുന്ന നയം പിന്തുടരുകയാണെങ്കിൽ, അത് ചിലവേറിയതും, പ്രാദേശിക ആവശ്യങ്ങൾക്കും പോഷകത്തിനും നിരക്കാത്തതുമായ ഒന്നായിരിക്കും”.
ശോഭനമല്ലാത്ത ഒരു ഭാവിയെ ഉറ്റുനോക്കുമ്പോഴും, തന്‍റെ തൊഴിലിൽ ഹൽദർ അഭിമാനം കൊള്ളുന്നുണ്ട്. വഞ്ചിക്ക് 10,000 രൂപയും വലയ്ക്ക് 3,000-ത്തിനും 5,000-ത്തിനും ഇടയിലാണ് വില. കയറും റബ്ബറും ചളിയും ഉപയോഗിച്ച് അവരുണ്ടാക്കുന്ന മത്സ്യവലകൾ ഹൽദർ ഞങ്ങൾക്ക് കാണിച്ചുതന്നു. അത്തരം വലകളുപയോഗിച്ച് ദിവസത്തിൽ 50-100 രൂപയ്ക്കുള്ള മീനുകൾ സമ്പാദിക്കാൻ കഴിയുന്നുണ്ട് അയാൾക്ക്.
മുളയും കയറുമുപയോഗിച്ചുള്ള കൂടുവെച്ചാണ് 45 വയസ്സുള്ള രാം പർവേശ് മീൻ പിടിക്കുന്നത്. ഒന്നുരണ്ട് കിലോഗ്രാം മീൻ കിട്ടാറുമുണ്ട്. “ഗ്രാമത്തിൽനിന്നാണ് ഇതുണ്ടാക്കാൻ ഞങ്ങൾ പഠിച്ചത്. ഇരുഭാഗത്തും ഗോതമ്പുമാവ് ഉരുട്ടിവെച്ച് കൂട വെള്ളത്തിലേക്കിറക്കും. മണിക്കൂറുകൾക്കുള്ളിൽ ചെറിയ പുതി മത്സ്യങ്ങൾ കിട്ടും”. രാം പർവേശ് പറഞ്ഞു. ആ ഭാഗത്ത് സാധാരണയായി കിട്ടുന്ന മത്സ്യമാണ് പുതി എന്ന് ഭീം സിംഗ് റാവത്ത് സൂചിപ്പിച്ചു. ചിൽവയും ബച്ചുവയും ഇപ്പോൾ കുറവാണ്. ബാമും മല്ലിയും വംശനാശം വന്നുകഴിഞ്ഞിരിക്കുന്നു. ‘സൗത്ത് ഏഷ്യ നെറ്റ്‌വർക്ക് ഓഫ് ഡാംസ്, റിവേഴ്സ് ആൻഡ് പീപ്പിൾ’ (South Asia Network on Dams, Rivers and People) എന്ന സംഘടനയിലെ പ്രവർത്തകനാണ് റാവത്ത്.


“ഞങ്ങളാണ് യമുനയുടെ സംരക്ഷകർ”, അരുൺ സാഹ്നി (ഇടത്ത്) പ്രഖ്യാപിക്കുന്നു. വംശനാശം സംഭവിച്ച നിരവധി മത്സ്യയിനങ്ങളെക്കുറിച്ചാണ് രാംഘട്ടിലെ രാം പർവേശ് സംസാരിച്ചത്. രാം പർവേശ് ഭാര്യയും മകളുമൊത്ത് (വലത്ത്)
“ഞങ്ങളാണ് യമുനയുടെ സംരക്ഷകർ” പുഞ്ചിരിച്ചുകൊണ്ട് അരുൺ സാഹ്നി പറഞ്ഞു. ബിഹാറിലെ വൈശാലി ജില്ലയിൽനിന്നുള്ള അരുൺ സാഹ്നി നാല് പതിറ്റാണ്ട് മുമ്പാണ് ദില്ലിയിലെത്തിയത്. കുടുംബം നാട്ടിലാണ്. 1980-90 –കളിൽ, ദിവസവും 50 കിലോഗ്രാം മത്സ്യംവരെ - അതും, രോഹു, ചിഗ്രി, സാൾ, മല്ലി തുടങ്ങിയ ഇനങ്ങൾ - കിട്ടിയിരുന്നുവെന്ന് സാഹ്നി അവകാശപ്പെടുന്നു. ഇന്നാകട്ടെ, പരമാവധി കിട്ടുന്നത്, 10 കിലോഗ്രാമാണ്. നല്ല ദിവസമാണെങ്കിൽ 20 കിലോഗ്രാമും.
രാംഘട്ടിൽനിന്ന് നോക്കിയാൽ കാണാവുന്ന യമുനയിലെ പ്രശസ്തമായ സിഗ്നേച്ചർ ബ്രിഡ്ജ് – കുത്തബ് മിനാറിന്‍റെ രണ്ടിരട്ടി ഉയരമുള്ളതാണ് ആ പാലം – നിർമ്മിക്കാൻ ചിലവായത് 1,518 കോടി രൂപയാണെന്നതും സാന്ദർഭികമായി ഓർക്കാവുന്നതാണ്. അതേസമയം, 1993 മുതൽക്കിങ്ങോട്ട്, യമുനയെ ശുദ്ധീകരിക്കാൻ ചിലവിട്ട ആകെ സംഖ്യ 1,515-ന് മീതെയാണ്. അതുകൊണ്ട് യാതൊരു ഫലവുമുണ്ടായില്ല എന്നുമാത്രം.
“..അധികൃതരുടെ പരാജയം, പൗരന്മാരുടെ ആരോഗ്യത്തെയും ജീവനെയും ബാധിക്കുകയും, നദിയുടെ അസ്തിത്വത്തെ അപകടത്തിലാക്കുകയും, അതൊന്നും പോരാഞ്ഞ്, ഗംഗയെത്തന്നെ ബാധിക്കുകയും ചെയ്യുന്നു” എന്ന് ദേശീയ ഹരിത ട്രിബ്യൂണൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
“നയപരമായ തലത്തിലുള്ള പ്രശ്നമെന്താണെന്ന് വെച്ചാൽ, യമുനാ കർമ്മപദ്ധതി രേഖയെ (യമുനാ ആക്ഷൻ പ്ലാൻ - 1993-ൽ നിലവിൽ വന്നതാണ്ഈ പ്ലാൻ) – സർക്കാർ തികച്ചും സാങ്കേതികമായി മാത്രം കാണുന്നു എന്നതാണ്”. ജൈവവ്യവസ്ഥയായോ, ജൈവികമായ ഒന്നായോ ഒരിക്കലും അതിനെ വീക്ഷിക്കുന്നില്ല. “ഒരു നദി എന്നത്, അതിന്‍റെ മേഖലയുടെ പ്രവർത്തനമാണ്. യമുനയുടെ മേഖല എന്നത് ദില്ലിയാണ്. ആ പ്രദേശം ശുചീകരിക്കാതെ, നിങ്ങൾക്ക് നദിയെ ശുദ്ധീകരിക്കാൻ കഴിയില്ല”.
“നമ്മുടെ കൽക്കരിഖനികളെക്കുറിച്ച് വിവരങ്ങൾ നൽകുന്നവരെപ്പോലെത്തന്നെയാണ് ഈ മുക്കുവരും“, ജലസംരക്ഷണ പ്രവർത്തകയായ ദിവ്യ കർണാഡ് പറയുന്നു. “ഭാരമുള്ള ലോഹങ്ങൾ കേന്ദ്രനാഡീവ്യൂഹത്തെ തകർക്കുന്നത് എന്തുകൊണ്ടാണ് നമ്മൾ കാണാതിരിക്കുന്നത്? അതുപോലെത്തന്നെയല്ലേ, ഏറ്റവുമധികം മലിനപ്പെട്ടിരിക്കുന്ന പുഴയുടെ സമീപപ്രദേശത്തുനിന്ന് ഭൂഗർഭജലം ഊറ്റിയെടുക്കുന്നത് നമ്മുടെ മാനസികാരോഗ്യത്തെ ബാധിക്കുമെന്ന് കാണാതിരിക്കുന്നതും? ഇവ തമ്മിലുള്ള ബന്ധവും, നമ്മുടെ ജീവിതത്തിൽ അതുണ്ടാക്കുന്ന അടിയന്തിരമായ പ്രത്യാഘാതവും തിരിച്ചറിയുന്നവരാണ് മുക്കുവർ”.
“എനിക്ക് ആകെയുള്ള ഒരിറ്റ് സമാധാനം ഇതുമാത്രമാണ്” സൂര്യാസ്തമയത്തിനുശേഷം വല വിരിക്കാൻ തയ്യാറെടുക്കുന്ന ഹൽദർ പുഞ്ചിരിച്ചുകൊണ്ട് പറയുന്നു. ഏകദേശം രാത്രി 9 മണിക്ക് വലവിരിച്ച്, സൂര്യോദയത്തിൽ വലയുയർത്തുന്നത് നന്നായിരിക്കുമെന്ന് അയാൾ പറയുന്നു. അങ്ങിനെയായാൽ “അധികം പഴക്കമില്ലാത്ത ചത്ത മീനുകളെയെങ്കിലും കിട്ടിയേക്കും”.
കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് യു.എന്‍.ഡി.പി.യുടെ സഹായത്തോടെ പാരി നടത്തുന്ന ദേശീയവ്യാപകമായ റിപ്പോര്‍ട്ടിംഗ് പ്രോജക്റ്റ് പ്രസ്തുത പ്രതിഭാസത്തെ സാധാരണക്കാരുടെ ശബ്ദങ്ങളിലൂടെയും ജീവിതാനുഭവങ്ങളിലൂടെയും മനസ്സിലാക്കുന്നതിന്‍റെ ഭാഗമാണ്.
ഈ ലേഖനം പുനഃപ്രസിദ്ധീകരിക്കണമെന്നുണ്ടെങ്കിൽ zahra@ruralindiaonline.org എന്ന മെയിലിലേക്ക് , namita@ruralindiaonline.org എന്ന മെയിൽ ഐഡി കൂടി കാർബൺ കോപ്പി ചെയ്ത്, എഴുതുക .
പരിഭാഷ: രാജീവ് ചേലനാട്ട്