ലക്ഷ്മി ടുഡു ആശുപത്രിയിൽ എത്തിയപ്പോഴേക്കും കൽപന മരിച്ചിരുന്നു. "അന്ന് രാവിലെ മോൾക്ക് നല്ല വിശപ്പായിരുന്നു. എനിക്ക് അവൾക്കുള്ള ചോറ് കൊണ്ടുവരണമായിരുന്നു. പക്ഷെ ഞാൻ താമസിച്ചു പോയി. നല്ല മഴ ഉണ്ടായിരുന്നു”, ലക്ഷ്മി ഓർമ്മിച്ചു.
അത് 2020 ജൂൺ ആയിരുന്നു. അവരുടെ 26-കാരിയായ മകൾ കൽപന തലവേദനയും നിർത്താതെയുള്ള ഛർദ്ദിയും കാരണം ആശുപത്രിയിലും. ലക്ഷ്മിയുടെ നടുക്കത്തെ മകൾ ശിവാനിയും സഹോദരിയുടെ കൂടെ ആശുപത്രിയിൽ ആയിരുന്നു.
കൽപന 2017 മുതൽ ഒരു സ്വകാര്യ രോഗനിർണ്ണയ കേന്ദ്രത്തിൽ ചികിത്സയിലായിരുന്നു. ഗംഗാറാംപൂരിലെ, സർക്കാർ വക സബ്-ഡിവിഷണൽ ആശുപത്രിയിലെ (പ്രാദേശികമായി കാൽദിഘി ആശുപത്രി എന്നറിയപ്പെടുന്നു) ഡോക്ടർമാർ അവരോട് ഒരു സ്വകാര്യ ന്യൂറോളജി വിദഗ്ദ്ധനെ കാണാൻ ഉപദേശിച്ചിരുന്നു. 2019-ൽ രണ്ടാമത്തെ മകന്‍റെ ജനനത്തിനു ശേഷം അവരുടെ അവസ്ഥ കൂടുതൽ മോശമായി.
2020 മാർച്ചിലെ ലോക്ക്ഡൗണോടുകൂടി രോഗനിർണ്ണയ കേന്ദ്രത്തിലേക്കുള്ള ഡോക്ടറുടെ പ്രതിമാസ സന്ദർശനത്തിന് മുടക്കം വന്നു. കോൽക്കത്തയിൽ നിന്നായിരുന്നു അവരെ നോക്കുന്ന ഡോക്ടര്‍ വന്നിരുന്നത്. "ഞങ്ങൾ കാത്തിരിക്കുമായിരുന്നു. പക്ഷെ അദ്ദേഹത്തിന്‍റെ സന്ദർശനം സ്ഥിരമായി നീട്ടിവച്ചു”, ലക്ഷ്മി ഓർമ്മിച്ചു. "അങ്ങനെ, നേരത്തെ കുറിച്ചു തന്ന മരുന്നുകൾ ഞങ്ങൾ വീണ്ടും വീണ്ടും വാങ്ങി.”
ഗംഗാറാം കോളേജിൽ 2014-ൽ ഒന്നാംവർഷ ബിരുദ വിദ്യാർത്ഥിനിയായിരുന്നപ്പോഴാണ് കൽപന വിവാഹിതയായത്. അവരുടെ 29-കാരനായ ഭർത്താവ് നയൻ മാർഡി ഒരു പലവ്യഞ്ജന കട നടത്തുകയും അനന്തപൂർ ഗ്രാമത്തിൽ ഭാഗിക സമയങ്ങളിൽ തയ്യൽ ജോലി ചെയ്യുകയും ചെയ്തിരുന്നു. പശ്ചിമ ബംഗാളിലെ ദക്ഷിണ ദിനാജ്പുർ ജില്ലയിലെ ഗംഗാറാം പട്ടണത്തിൽ നിന്നും 17 കിലോമീറ്റർ മാറിയാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. കൽപനയുടെ ഭർതൃ മാതാപിതാക്കൾ കർഷക തൊഴിലാളികളായിരുന്നു. കൽപനയുടെ ആദ്യത്തെ പുത്രൻ ജനിച്ചതിനു ശേഷം അവരുടെ കടുത്ത തലവേദന (കുട്ടിക്കാലം മുതലേ അവർക്കതുണ്ട്) വഷളാകാൻ തുടങ്ങി.


2 016-ൽ ഭർത്താവ് മരിച്ചതിനു ശേഷം കുടുംബത്തിലെ വരുമാനമുള്ള ഏക വ്യക്തിയായും, ശിവാനി ( വലത് ) ഉൾപ്പെടെ 4 മക്കളുടെ ഏക രക്ഷാകർത്താവും ലക്ഷ്മി മാറി
ഈ വർഷം ജൂൺ 28-ന് അവർ ആശുപത്രിയിലായപ്പോൾ അനന്തപൂരിൽ നിന്നും കാൽദിഘി ആശുപത്രിയിലേക്ക് പോകുന്നതിനായി അവരുടെ സഹോദരിയായ ശിവാനിയെയും കൂട്ടി നയൻ ഒരു കാർ വാടകയ്ക്കെടുത്തു. ആകെ തകർന്നിരുന്നതിനാൽ ആശുപത്രിയിൽ എന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ ലക്ഷ്മിക്ക് വ്യക്തത ഇല്ലായിരുന്നു. അടുത്ത ദിവസം കൽപന മരിച്ചു എന്നത് മാത്രമാണ് അവർ ഓർമ്മിക്കുന്നത്.
2016 ജനുവരിയിൽ ഭർത്താവ് മരിച്ച് 5 വർഷം തികയുന്നതിനു മുൻപാണ് ഇത് സംഭവിച്ചത്. തണുപ്പകറ്റുന്നതിനായി ശീതകാലത്തെ ഒരു വയ്കുന്നേരം കത്തിച്ച വൈക്കോലിൽ നിന്നും ജ്യേഠു ടുഡുവിന്‍റെ വസ്ത്രത്തിന് എങ്ങനെയോ തീ പിടിച്ചു. ക്ഷയരോഗവും കരൾരോഗവും മൂലം ഒരു ദശകത്തോളമായി 58-കാരനായ അദ്ദേഹം ഏതാണ്ട് ശയ്യാവലംബിയായിരുന്നു. നേരത്തെ അദ്ദേഹം ഗംഗാറാംപൂരിൽ സൈക്കിൾ റിക്ഷ ഓടിക്കുമായിരുന്നു. "ഞങ്ങളദ്ദേഹത്തെ കാൽദിഘി ആശുപത്രിയിലെത്തിച്ചു”, ലക്ഷ്മി ഓർമ്മിച്ചു. "16 ദിവസങ്ങൾക്ക് ശേഷം അദ്ദേഹം മരിച്ചു.”
ഈ സംഭവം ലക്ഷ്മിയെ കുടുംബത്തിലെ വരുമാനമുള്ള ഏക വ്യക്തിയും മൂന്ന് പെൺകുട്ടികളുടെയും (30-കാരിയായ സാന്തന, 26 വയസ്സുണ്ടായിരുന്ന കൽപന, 21-കാരിയായ ശിവാനി) 15-കാരനായ മകൻ ശിവനാഥിന്‍റെയും രക്ഷാകർത്താവായും മാറ്റി.
"ഞാൻ പൂർണ്ണ ദുഃഖിതയായിരുന്നു. മൂന്ന് പെൺകുട്ടികളും ഒരു ചെറിയ ആൺകുട്ടിയും”, ഗംഗാറാംപൂരിലെ തന്‍റെ വീടിന്‍റെ മുറ്റത്തിരുന്ന് ലക്ഷ്മി ഞങ്ങളോട് പറഞ്ഞു (പട്ടിക വർഗ്ഗത്തിൽ പെടുന്ന സന്താൾ സമുദായക്കാരിയാണ് ലക്ഷ്മി). "കടുത്ത വേദന ഞാൻ സഹിച്ചു. ഒരു ദിവസം പോലും ഒന്നും ചെയ്യാതിരിക്കുന്നതായി നിങ്ങൾക്കെന്നെ കാണാൻ കഴിയില്ല.” അവർ കൂട്ടിച്ചേർത്തു. "എല്ലാ ദിവസവും ഞാൻ ജോലി ചെയ്യുന്നു. അങ്ങനെയാണ് ഞാൻ കുട്ടികളെ വളർത്തിയത്.
ജ്യേഠു മരിച്ച് 11 ദിവസങ്ങൾക്കു ശേഷം അദ്ദേഹത്തിന്‍റെ 53-കാരനായ സഹോദരൻ സുഫൽ ടുഡുവും മരിച്ചു. മേസ്തിരിയായി ജോലി ചെയ്യുകയായിരുന്ന അദ്ദേഹം ജ്യേഠുവിന്‍റെ മരണാനന്തര ചടങ്ങുകൾക്കായി ബന്ധുക്കളെ ക്ഷണിക്കാൻ പോയപ്പോൾ ശരീരികാഘാതത്തെ തുടർന്ന് മരിക്കുകയായിരുന്നു.


പ്രധാനമന്ത്രി ആവാസ യോജനയുടെ കീഴിൽ നിർമ്മിച്ച ലക്ഷ്മിയുടെ വീടിന്‍റെ പിന്നാമ്പുറത്ത് (ഇടത് ) ഒരു ചെറിയ കുളം ഉണ്ട്. ടാർപോളിനും തകര ഭിത്തിയും മൺതറയും ( വലത് ) ചേർന്നതാണ് അടുക്കള
പ്രധാനമന്ത്രി ആവാസ യോജനയുടെ കീഴിൽ നിർമ്മിച്ച രണ്ട് മുറിയുള്ള ഒരു വീട്ടിലാണ് ലക്ഷ്മി ഇപ്പോൾ വസിക്കുന്നത്. വീടിന്‍റെ പിന്നാമ്പുറത്ത് (ഇടത്) ഒരു ചെറിയ കുളം ഉണ്ട്. ടാർപോളിനും തകര ഭിത്തിയും മൺതറയും (വലത്) ചേർന്നതാണ് അടുക്കള. ലക്ഷ്മിയും സുഫൽ ടുഡുവിന്‍റെ വിധവയായ ഹിസിമുനിയും ഒരു സ്ഥലം പങ്കിട്ടാണ് താമസിക്കുന്നത്. ഹിസിമുനിയുടെ വീട് ഒരു മൺകുടിലാണ്. രണ്ടുപേരും കർഷകത്തൊഴിലാളികളും നിർമ്മാണ മേഖലകളിലെ തൊഴിലാളികളുമായി പണിയെടുക്കുന്നു.
"എന്‍റെ അച്ഛൻ പറഞ്ഞത് ജയ് ബംഗ്ല [1971-ലെ ബംഗ്ലാദേശ് വിമോചന യുദ്ധ സമയത്ത് ഉണ്ടാവുകയും ഇന്ത്യയെ മൊത്തത്തില്‍ ബാധിക്കുകയും ചെയ്ത ഒരു നേത്രരോഗമായതിനാൽ ജയ് ബംഗ്ല എന്ന് ഇത് പ്രാദേശികമായി അറിയപ്പെടുന്നു] ഉണ്ടായ സമയത്ത് എനിക്ക് രണ്ട് വയസ്സായിരുന്നു എന്നാണ്”, ലക്ഷ്മി പറഞ്ഞു. ആധാർ കാർഡ് പ്രകാരം അവർക്ക് 55 വയസ്സാണെങ്കിലും ഇത് പ്രകാരം അവർക്ക് 49 വയസ്സാണ്. കുട്ടിയായിരുന്നപ്പോൾ, മകള്‍ക്ക് ഉണ്ടായിരുന്നതു പോലെ, ഉണ്ടായിരുന്ന വിട്ടുമാറാത്ത തലവേദന മൂലം അവർക്ക് സ്ഥിരമായി സ്ക്കൂളിൽ പോകാൻ കഴിഞ്ഞില്ല - അവർ ഒന്നാം ക്ലാസ്സ് പൂർത്തിയാക്കിയതേയുള്ളൂ. അങ്ങനെ ലക്ഷ്മിയുടെ മാതാപിതാക്കൾ അവരെ കാലികളെ നോക്കുന്ന ദൗത്യം ഏൽപ്പിച്ചു. അവരുടെ അച്ഛൻ ഒരു മേസ്തിരിയും അമ്മ ഗംഗാറാംപൂരിൽ ഒരു കർഷക തൊഴിലാളിയും ആയിരുന്നു.
"വായിക്കാനും എഴുതാനും എനിക്കറിയില്ല”, ലക്ഷ്മി പറഞ്ഞു. എങ്കിലും അവരുടെ സഹോദരിമാർ 10-ാം ക്ലാസ്സ് വരെ പഠിച്ചു. ഒരുപക്ഷെ അതുകൊണ്ടാവാം മക്കളുടെ വിദ്യാഭ്യാസം അവർക്ക് വളരെ പ്രധാനമായി തീർന്നത്. ജ്യേഠു മരിച്ചയുടനെ ലക്ഷ്മിയുടെ സഹോദരിമാരിൽ ഒരാൾ ശിവനാഥിനെ തന്നോടൊപ്പം കൊണ്ടുപോയി. അയൽ ജില്ലയായ ദിനാജ് പൂരിലെ നന്ദൻഗാവ് ഗ്രാമത്തിലാണ് പ്രസ്തുത സഹോദരിയുടെ വീട്. അംഗൻവാടി അദ്ധ്യാപികയായി ജോലി ചെയ്യുന്ന അവർ അവന്‍റെ സ്ക്കൂൾ കാര്യങ്ങൾ ശ്രദ്ധിക്കുന്നു. "ബോർഡ് പരീക്ഷകൾ കഴിഞ്ഞാൽ ഞാനവനെ എന്നോടൊപ്പം താമസിക്കാൻ കൊണ്ടുവരും”, 10-ാo വിദ്യാർത്ഥിയായ ശിവനാഥിനെക്കുറിച്ച് ലക്ഷ്മി പറഞ്ഞു.
ലക്ഷ്മിക്ക് കൃഷി ഭൂമിയൊന്നുമില്ല. മൂത്ത പെൺമക്കളുടെ വിവാഹങ്ങളെ (സാന്തനയെ 2007-ലും കൽപനയെ 2014-ലും) തുടർന്നുണ്ടായ കടബാദ്ധ്യതകൾ തീർക്കാനായി ഭർത്താവിന്‍റെ ഭൂമി വിറ്റു (അതെപ്പറ്റി കൂടുതൽ പറയാതിരിക്കാൻ അവർ ശ്രദ്ധിച്ചു). ഗംഗാറാംപൂരിൽ നിന്നും 12 കിലോമീറ്റർ മാറി സുതായീൽ ഗ്രാമത്തിലാണ് സാന്തന താമസിക്കുന്നത്. അവിടെ അവരുടെ ഭർത്താവ് കർഷക തൊഴിലാളിയായും ഭാഗികമായ സമയങ്ങളിൽ സ്വകാര്യ ട്യൂട്ടറായും ജോലി ചെയ്യുന്നു.
2020 ഓഗസ്റ്റിൽ ഖരീഫ് നെൽകൃഷി നന്നായി നടന്നിരുന്ന സമയത്ത് അടുത്തുള്ള ഭൂവുടമകളുടെ ഭൂമിയിൽ പണിയെടുക്കുന്നതില്‍ തന്നെ സഹായിക്കുന്നതിനായി ശിവാനിയേയും (ഏറ്റവും ഇളയ മകൾ) ലക്ഷ്മി കൂടെചേർത്തു.


2020 ഓഗസ്റ്റിൽ ഖരീഫ് നെൽകൃഷി നന്നായി നടന്നിരുന്ന സമയത്ത് പാടത്ത് പണിയെടുക്കുന്നതില്‍ തന്നെ സഹായിക്കാനായി ശിവാനിയേയും ( വലത് ) ലക്ഷ്മി ( ഇടത് ) കൂടെ ചേർത്തു
ഈ ഭാഗങ്ങളിൽ ചിലപ്പോൾ ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള സമയങ്ങളിൽ നെല്ല് വിതയ്ക്കുകയും ഒക്ടോബറിനും ഡിസംബറിനും ഇടയ്ക്കുള്ള സമയത്ത് വിളവെടുക്കുകയും ചെയ്യുന്നു. ലക്ഷ്മി മറ്റ് വിളകളും കൃഷി ചെയ്യാന്നുണ്ട് – പ്രധാനമായും ചണവും അതുകൂടാതെ കടുക്, ഉരുളക്കിഴങ്ങ്, മുളക് എന്നിവയും. ചിലപ്പോൾ ജൂലൈയിലും ഓഗസ്റ്റിലും ചണം വിളവെടുപ്പും നെൽകൃഷിയുമായി ബന്ധപ്പെട്ട ജോലികളും ഒരേസമയത്ത് നടക്കുന്നു. നെൽപ്പാടങ്ങളിൽ പണിയെടുക്കാനാണ് ലക്ഷ്മി കൂടുതൽ താൽപര്യപ്പെടുന്നത്. ചണം വിളവെടുപ്പ് അവർക്ക് ബുദ്ധിമുട്ട് നിറഞ്ഞതാണ്. പക്ഷെ, പലപ്പോഴും ഇതിലേത് വേണമെന്ന തീരുമാനിക്കാന്‍ അവർക്ക് അവസരം ലഭിക്കാറില്ല.
"മൊത്തത്തിൽ, ഒരു വർഷം 2-3 മാസങ്ങൾ പാടത്തും ബാക്കി സമയങ്ങളിൽ നിർമ്മാണ മേഖലയിലും ഞങ്ങൾ പണിയെടുക്കുന്നു”, ലക്ഷ്മി പറഞ്ഞു. അതുകൂടാതെ ഇടയ്ക്കിടെ വീടുകളിൽ നന്നാക്കൽ പോലെയുള്ള ചില്ലറ പണികളും ചെയ്യാറുണ്ട്. പക്ഷെ ഗംഗാറാം മുനിസിപ്പാലിറ്റി പ്രദേശങ്ങളിൽ കർഷക തൊഴിലാളികൾക്ക് നിർമ്മാണ ജോലികൾ കണ്ടെത്തുക എളുപ്പമല്ലെന്നും അവർ കൂട്ടിച്ചേർത്തു. കാരണം ലക്ഷ്മിയെപ്പോലുള്ള തൊഴിലാളികളുടെ പേരുകൾ കരാറുകാരുടെ സ്ഥിരം പട്ടികയിലില്ല. ജോലിക്കായി പലതവണ അവർ ഒരുപാട് ദിവസങ്ങൾ കാത്തിരുന്നിട്ടുണ്ട്.
ലക്ഷ്മിയെപ്പോലുള്ള ‘അവിദഗ്ദ്ധ’ തൊഴിലാളികൾക്ക് നിർമ്മാണ
ജോലികൾക്ക് ലഭിക്കുന്നത് പ്രതിദിന നിശ്ചിത
വേതനമായ 200 രൂപയാണ്. അതേസമയം
പാടത്ത് പണിയെടുത്താൽ പ്രതിദിനം 150-നും
300-നും ഇടയ്ക്ക് ഉണ്ടാക്കാൻ
പറ്റും (പശ്ചിമ ബംഗാളിൽ അവിദഗ്ദ്ധ
തൊഴിലിനുള്ള കുറഞ്ഞ ദിവസ വേതനം 257 രൂപയാണ്). തന്‍റെ ശരാശരി മാസ
വരുമാനമായ 4,000-5,000 രൂപയ്ക്കൊപ്പം അരി, ആട്ട, മണ്ണെണ്ണ എന്നിവ പോലുള്ള
അവശ്യ സാധനങ്ങൾക്കായി പൊതു വിതരണ സമ്പ്രദായത്തേയും ലക്ഷ്മിആശ്രയിക്കുന്നു. അവർക്ക്
മുൻഗണന ഗാർഹിക റേഷൻ കാർഡുണ്ട്. അതിനാല്‍ അരി,
ഗോതമ്പ്, പഞ്ചസാര (അത് പലപ്പോഴും ലഭ്യമല്ല), മണ്ണെണ്ണ എന്നിവയൊക്കെ
സബ്സിഡി നിരക്കിൽ ലഭിക്കാൻ അവർ അർഹയാണ്.
കൃഷി സീസണിൽ ലക്ഷ്മിയുടെ ഒരു ദിവസം ആരംഭിക്കുന്നത് രാവിലെ 4 മണിക്കാണ്. ഗാർഹിക ജോലിയോടെ തുടങ്ങുന്ന അവർ 4 മണിക്കൂറിന് ശേഷം പണിക്കു പോകുന്നു. അമ്മയെ പാടത്ത് സഹായിച്ചതിനു ശേഷം മകളായ ശിവാനിക്ക് വീട്ടിലെ ജോലികൾ ചേയ്യേണ്ടതില്ല. "എനിക്ക് കാര്യങ്ങൾ ചെയ്യാൻ പറ്റുമ്പോഴൊക്കെ ഞാൻ അവളെ പഠിക്കാൻ വിടും”, ലക്ഷ്മി പറഞ്ഞു.


വിവിധ കായിക മേളകളിലെ മത്സരങ്ങളിൽ പങ്കെടുത്ത് ശിവാനി സമ്മാനങ്ങൾ നേടിയിട്ടുണ്ട് – ഒരു സൈക്കിൾ ഉൾപ്പെടെ. പക്ഷെ അമ്മയെ വരുമാനം നേടാനായി സഹായിക്കുന്നതിന്‍റെ ഭാഗമായി അവൾക്ക് അതെല്ലാം ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ട്
ഗംഗാറാംപൂർ കോളേജിലെ രണ്ടാംവർഷ ബി. എ. വിദ്യാർത്ഥിനിയായ ശിവാനിക്ക് നാഷണൽ കേഡറ്റ് കോർപ്സിന്‍റെ (ഇന്ത്യൻ സായുധ വിഭാഗങ്ങളോട് ബന്ധിപ്പിച്ചിട്ടുള്ള എൻ.സി.സി.) കോളേജ് യൂണിറ്റിൽ ചേരണമെന്നുണ്ട്. കായികതാരമായ അവള്‍ കോൽക്കത്തയിൽ 2011-ലും 2012-ലും നടന്ന സംസ്ഥാനതല കബഡി ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുത്തതിന്‍റെ സർട്ടിഫിക്കറ്റുകൾ എന്നെ കാണിച്ചു. 2011-ൽ പൂനെയിൽ നടന്ന ദേശീയ കബഡി ചാമ്പ്യൻഷിപ്പിൽ ഉത്തർ ബംഗ പ്രദേശത്തെ (പശ്ചിമ ബംഗാളിലെ വടക്കൻ ജില്ലകൾ ഉൾപ്പെടുന്ന ഭാഗം) തന്‍റെ 13-ാം വയസ്സിൽ അവള്‍ പ്രതിനിധീകരിച്ചിട്ടുണ്ട്. 2013-ൽ ഒരു പ്രാദേശിക മാരത്തോൺ ഓട്ടത്തിൽ പങ്കെടുത്ത് സമ്മാനമായി നേടിയ ഒരു സൈക്കിൾ അഭിമാനപൂർവം അവൾ ഞങ്ങളെ കാണിച്ചു.
പക്ഷെ ശിവാനിയെ എൻ.സി.സി.യിൽ ചേരാൻ അനുവദിക്കാൻ ലക്ഷ്മി തയ്യാറല്ല. "അതിനർത്ഥം വസ്ത്രങ്ങൾക്കായി വീണ്ടും പണം ചിലവാകുമെന്നാണ്”, ലക്ഷ്മി പറഞ്ഞു. "പിന്നെ എല്ലാ ദിവസവും അവൾക്ക് കോളേജിൽ പോകേണ്ടിയും വരും.” ശിവാനി കോളേജിൽ പോകുന്നത് പരീക്ഷകൾക്കും മറ്റു പ്രധാന ദിവസങ്ങളിലുമാണ്. കൃഷി നടക്കുന്ന മാസങ്ങളിൽ അവൾക്ക് അമ്മയ ജോലിയില്‍ സഹായിക്കണം.
"എനിക്ക് വല്ലാത്ത ദുഃഖം തോന്നി”, തന്‍റെ എൻ.സി.സി. സ്വപ്നം ഉപേക്ഷിക്കേണ്ടി വന്നതിനെക്കുറിച്ചും കായിക പ്രവർത്തനങ്ങൾ മാറ്റി വയ്ക്കേണ്ടി വന്നതിനെക്കുറിച്ചും ശിവാനി പറഞ്ഞു. "പക്ഷെ മറ്റ് വഴികളൊന്നുമില്ല.”
വിദ്യാഭ്യാസം ഉണ്ടായാൽ തന്നെയും ശിവാനിക്കും ശിവ്നാഥിനും ജോലി കണ്ടെത്താൻ ബുദ്ധിമുട്ടായിരിക്കുമെന്ന് ലക്ഷ്മിക്കറിയാം. “സമയം നല്ലതല്ല. എനിക്ക് നല്ല ഫലം വേണം [കുട്ടികളുടെ കാര്യത്തിൽ]”, അവർ പറഞ്ഞു. "പക്ഷെ ഞാനൊരു പ്രതീക്ഷയും ശക്തമായി വച്ചുപുലർത്തുന്നില്ല.” സായുധ സേനയിൽ ചേരണമെന്നുള്ള ശിവനാഥിന്‍റെ സ്വപ്നത്തെ ലക്ഷ്മി പിന്തുണയ്ക്കുന്നു. എന്തായാലും ശിവാനിയുടെ വിവാഹം ആസന്നമായിരിക്കുന്നതിനാൽ അനുയോജ്യനായ വരനു വേണ്ടിയുള്ള അന്വേഷണം നടക്കുന്നു.
"എനിക്കും ഇതേപോലെ തന്നെ [എന്‍റെ അമ്മയെപ്പോലെ] കൃഷിയെ ആശ്രയിക്കുന്നത് തുടരേണ്ടി വരും", ശിവാനി പറഞ്ഞു. അവൾ ഒരു ബന്ധുവിൽ നിന്നും തയ്യൽ പഠിക്കുന്നു. ഒരു ദിവസം കട തുറന്ന് ലക്ഷ്മിയെ സഹായിക്കാൻ കഴിയുമെന്നും അവൾ പ്രതീക്ഷിക്കുന്നു.
പരിഭാഷ: റെന്നിമോന്‍ കെ. സി.