മണിറാമിന്റെ ജീവൻ രക്ഷിച്ചത് വത്സലയാണ്.
“ഞങ്ങൾ പാണ്ഡവ് ഫാൾസിലേക്ക് പോയതായിരുന്നു. വത്സല പുല്ല് മേഞ്ഞ് ദൂരേയ്ക്ക് പോയി. ഞാൻ അവളെ തിരിച്ചുകൊണ്ടുവരാൻ പോയപ്പോഴാണ് കടുവ പ്രത്യക്ഷപ്പെട്ടത്.” മണിറാം പറയുന്നു.
മണിറാം സഹായത്തിനായി നിലവിളിച്ചപ്പോൾ “അവൾ ഓടിവന്ന് അവളുടെ മുൻകാലുകൾ ഉയർത്തി, എനിക്ക് അവളുടെ മുകളിൽ കയറാൻ പാകത്തിൽ. ഞാൻ ഇരുന്നുകഴിഞ്ഞപ്പോൾ, അവൾ നിലത്ത് അമർത്തിച്ചവിട്ടി, മരങ്ങൾ പിഴുതെടുത്തു. കടുവ ജീവനുംകൊണ്ട് ഓടിപ്പോയി,” ആശ്വാസത്തോടെ ആ പാപ്പാൻ പറയുന്നു.
പന്ന ടൈഗർ റിസർവിലെ അമ്മൂമ്മയായ വത്സലയ്ക്ക് 100 വയസ്സിനുമീതെ പ്രായമുണ്ടെന്ന് പറയപ്പെടുന്നു – ലോകത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമുള്ള ആനയാവും അവൾ. “ചിലർ പറയുന്നു 110 ആയി എന്ന്, ചിലർ 115 എന്നും. അത് സത്യമായിരിക്കുമെന്ന് എനിക്ക് തോന്നുന്നു,” 1996 മുതൽ വത്സലയെ പരിപാലിക്കുന്ന മണിറാം എന്ന ഗോണ്ട് ആദിവാസി പറയുന്നു.
ഒരു ഏഷ്യാറ്റിക്ക് ആനയായ ( എലിഫസ് മാക്സിമസ് ) വത്സല, കേരളത്തിലും മധ്യ പ്രദേശിലും ജീവിച്ചിട്ടുണ്ട്. വളരെ മര്യാദക്കാരിയാണെങ്കിലും ചെറുപ്പത്തിൽ അവൾ ചോരത്തിളപ്പുള്ളവളായിരുന്നുവെന്ന് മണിറാം പറയുന്നു. കാഴ്ചയും കേൾവിയും കുറഞ്ഞ ഈ പ്രായത്തിൽപ്പോലും, എന്തെങ്കിലും അപകടങ്ങൾ കണ്ടാൽ ആനക്കൂട്ടങ്ങൾക്ക് ഏറ്റവുമാദ്യം മുന്നറിയിപ്പ് നൽകുന്നത് വത്സലയാണ്.
അവളുടെ ഘ്രാണശക്തി ഇപ്പൊഴും ശക്തമാണെന്ന് മണിറാം പറയുന്നു. മറ്റേതെങ്കിലും മൃഗങ്ങൾ സമീപത്തുണ്ടെങ്കിൽ അവൾ പെട്ടെന്ന് മണത്തറിയുന്നു. ഉടൻ അവൾ ആനക്കൂട്ടങ്ങൾക്ക് വിവരം കൊടുക്കുകയും അവ ഒരുമിക്കുകയും ചെയ്യും. കുട്ടികളെ നടുവിൽ സംരക്ഷിച്ചാവും അവയുടെ നിൽപ്പ്. “മൃഗം ആക്രമിക്കാൻ വന്നാൽ, കല്ലുകളെടുത്ത് എറിയുകയും, തുമ്പിക്കൈകൊണ്ട് പറിച്ചെടുത്ത മരക്കൊമ്പുകൾകൊണ്ട് അവയെ അടിച്ചോടിക്കുകയും ചെയ്യുന്നു ഈ ആനക്കൂട്ടം,” മണിറാം പറയുന്നു. “കുശാഗ്രബുദ്ധിയാണ്,” അയാൾ കൂട്ടിച്ചേർത്തു.


മധ്യ പ്രദേശിലെ പന്ന ടൈഗർ റിസർവിൽ വത്സലയും, അവളുടെ പാപ്പാൻ മണിറാമും. വലത്ത്: 100 വയസ്സിന് മീതെ പ്രായമുള്ള വത്സല, ലോകത്തെ ഏറ്റവും പ്രായമുള്ള ആനയാണെന്ന് കരുതപ്പെടുന്നു


ഏഷ്യാറ്റിക്ക് ആനയാണ് (എലിഫാസ് മാക്സിമസ്) വത്സല. കേരളത്തിൽ ജനിച്ച അവളെ 1993-ൽ മഹാരാഷ്ട്രയിൽ ഹോഷംഗബാദിലേക്ക് (ഇപ്പോൾ നർമദാപുരം) കൊണ്ടുവന്നതാണ്
തന്റെ വളർത്തുമൃഗത്തെപ്പോലെ, മണിറാമിനും വന്യജീവികളെ – കടുവകളടക്കം - ഒട്ടും പേടിയില്ല. പന്ന ടൈഗർ റിസർവിൽ 57-60 കടുവകളുണ്ടെന്ന് 2022-ലെ ഈ കണക്കുകൾ സൂചിപ്പിക്കുന്നു. “ഞാൻ എപ്പോഴും ആനയുടെ കൂടെയുണ്ടാവും. അതുകൊണ്ട് കടുവകളെയൊന്നും എനിക്ക് പേടിയില്ല,” അദ്ദേഹം പറയുന്നു.
പന്ന ടൈഗർ റിസർവിലെ ഹിനൌത ഗേറ്റ് എന്ന ആനപ്പന്തിക്ക് സമീപത്തുവെച്ച് അദ്ദേഹവുമായി സംസാരിക്കുകയായിരുന്നു പാരി. അവിടെയുണ്ടായിരുന്ന 10 ആനകൾ - അതിൽ ഒന്ന് ഒരാനക്കുട്ടിയും – അന്നത്തെ ആദ്യത്തെ തീറ്റയും പ്രതീക്ഷിച്ച് നിൽക്കുകയായിരുന്നു. ഒരു മരത്തിന്റെ ചുവട്ടിൽ നിന്നിരുന്ന വത്സലയുടെയടുത്തേക്ക് മണിറാം ഞങ്ങളെ കൊണ്ടുപോയി. നിലത്ത് കുഴിച്ചിട്ട ഒരു മരത്തടിയിലെ ചങ്ങല അവളുടെ കാലുകളിൽ ബന്ധിച്ചിരുന്നു. സമീപത്തായി കൃഷ്ണകാലി അവളുടെ രണ്ട് വയസ്സുള്ള ആനക്കുട്ടിയുമായി നിൽക്കുന്നുണ്ടായിരുന്നു.
വത്സലയ്ക്ക് സ്വന്തമായി കുട്ടികളില്ല. “എന്നാലവൾ മറ്റുള്ളവയുടെ കുട്ടികളെ നന്നായി പരിചരിക്കും. ആനക്കുട്ടികളെ അവൾക്ക് വലിയ ഇഷ്ടമാണ്. അവരുടെയൊപ്പം അവൾ കളിക്കും,” സങ്കടത്തോടെ ചിരിച്ച് മണിറാം പറയുന്നു.
*****
മധ്യ പ്രദേശിന്റെ വടക്കുകിഴക്കൻ പ്രദേശമായ പന്ന ജില്ലയുടെ 50 ശതമാനത്തിലധികം ഭൂമി വനമാണ്. ആ ജില്ലയിലേക്ക് കുടിയേറിവന്നവരാണ് വത്സലയും മണിറാമും. കേരളത്തിൽ ജനിച്ച വത്സലയെ 1993-ലാണ് മധ്യ പ്രദേശിലെ ഹോഷംഗബാദിലേക്ക് (ഇപ്പോൾ നർമ്മദാപുരം) കൊണ്ടുവന്നത്. ആ സ്ഥലത്ത് ജനിച്ചുവീണ മണിറാം അവിടെവെച്ചുതന്നെയാണ് വത്സലയെ കണ്ടുമുട്ടിയതും.
“എനിക്ക് ആനകളെ എന്നും ഇഷ്ടമായിരുന്നു,” ഇപ്പോൾ 50-കളിലെത്തിയ മണിറാം പറയുന്നു. കുടുംബത്തിലെ ആരും ഇതിനുമുൻപ് മൃഗങ്ങളെ പരിപാലിച്ചിട്ടില്ല. സ്വന്തമായുള്ള അഞ്ചേക്കർ പാടത്ത് കൃഷി ചെയ്താണ് അച്ഛൻ ജീവിച്ചത്. മണിറാമിന്റെ മകനും ആ ജോലിയാണ് ചെയ്യുന്നത്. “ഞങ്ങൾ ഗോതമ്പും, കടുകും ചണയുമൊക്കെ വളർത്തിയിരുന്നു,” അയാൾ പറയുന്നു.
വത്സലയ്ക്ക് 100 വയസ്സിനുമീതെയുണ്ടെന്ന് പറയപ്പെടുന്നു. അങ്ങിനെയെങ്കിൽ ലോകത്തെ ഏറ്റവും പ്രായമുള്ള ആനയാവും അവളെന്ന്, മണിറാം എന്ന ഗോണ്ട് ആദിവാസി പറയുന്നു
വത്സല വരുമ്പോൾ, ഹോഷംഗബാദിൽ മണിറാം ഒരു മഹാവത്തി നെ (പാപ്പാനെ) സഹായിക്കുന്ന ജോലിയിലായിരുന്നു. “ട്രക്കുകളിൽ മരം കയറ്റാൻ അവളെ നിയോഗിച്ചു,” അയാൾ ഓർക്കുന്നു. രണ്ടുവർഷം കഴിഞ്ഞപ്പോൾ വത്സലയെ പന്നയിലേക്ക് കൊണ്ടുപോയി. “കുറച്ച് വർഷങ്ങൾ കഴിഞ്ഞപ്പോൾ മഹാവത്ത് സ്ഥലമാറ്റം കിട്ടി പോയി. അപ്പോൾ അവരെന്നെ വിളിച്ചു,” മണിറാം പറയുന്നു. അന്നുമുതൽ തുടങ്ങിയതാണ് മണീറാം പന്ന ടൈഗർ റിസർവിലെ ഇരുമുറിയുള്ള വീട്ടിൽ താമസിച്ച്, ഈ ആനയെ പരിചരിക്കാൻ.
മണിറാം വനംവകുപ്പിലെ സ്ഥിരം ജീവനക്കാരനല്ല. “സർക്കാർ ആവശ്യപ്പെട്ടാൽ പുറത്ത് പോകേണ്ടിവരും,” അയാൾ പറയുന്നു. കരാർ ശമ്പളമായ 21,000 രൂപ എല്ലാ വർഷവും പുതുക്കിനൽകാറുണ്ടെങ്കിലും, എത്രകാലം ഈ ജോലിയിൽ പിടിച്ചുനിൽക്കാനാകുമെന്ന് അയാൾക്കറിയില്ല.
“എന്റെ ദിവസം രാവിലെ 5 മണിക്ക് തുടങ്ങും,” മണിറാം പറയുന്നു. ദാലിയ (പൊട്ടിച്ച ഗോതമ്പ്) പാചകം ചെയ്ത് വത്സലയ്ക്ക് കൊടുത്ത്, അവളെ കാട്ടിലേക്ക് വിടും. അവിടെയുള്ള ഏകദേശം 20 ആനകളോടൊപ്പം വത്സല കാട്ടിൽ അലഞ്ഞുനടക്കും. ആ സമയത്ത് വത്സലയുടെ ആനപ്പന്തി വൃത്തിയാക്കി, രാത്രിക്കുള്ള 10 കിലോ ദാലിയ തയ്യാറാക്കിവെക്കും മണിറാം. പിന്നെ, തനിക്കുള്ള ഭക്ഷണവും. റൊട്ടിയോ ചോറോ എന്തെങ്കിലും. ആനകൾ 4 മണിയോടെ മടങ്ങിവരും. പിന്നെ വത്സലയെ കുളിപ്പിച്ച്, ഭക്ഷണം കൊടുക്കണം. അതോടെ മണിറാമിന്റെ ഒരു ദിവസം അവസാനിക്കുന്നു.
“അവൾക്ക് ചോറ് ഇഷ്ടമാണ്. കേരളത്തിലാവുമ്പോൾ അതാണ് അവൾ കഴിച്ചിരുന്നത്,” മണിറാം പറയുന്നു. എന്നാൽ 15 വർഷം മുമ്പ് രാം ബഹാദൂർ എന്ന പേരുള്ള ഒരു കൊമ്പനാന 90-100 വയസ്സുള്ള വത്സലയെ ആക്രമിച്ചതോടെ ആ ഭക്ഷണക്രമത്തിൽ മാറ്റം വന്നു. പുറത്തും വയറ്റിലും വത്സലയ്ക്ക് പരിക്ക് പറ്റി. ഡോക്ടറെ വിളിച്ചു. “ഞാനും ഡോക്ടർ സാബും ചേർന്ന് അവളെ ശുശ്രൂഷിച്ചു,” മണിറാം പറയുന്നു. ആക്രമണത്തിൽ പരിക്ക് പറ്റിയ അവളുടെ ആരോഗ്യം വീണ്ടെടുക്കാനായിട്ടാണ് ഭക്ഷണത്തിൽ മാറ്റം വരുത്തിയത്.


ഇടത്ത്: ആനകൾക്കുള്ള ദാലിയ തയ്യാറാക്കുന്ന ഫോറസ്റ്റ് കെയർടേക്കർ ആഷിഷ്. വലത്ത്: പ്രാതൽ കഴിക്കാൻ വത്സലയെ കൊണ്ടുപോകുന്ന മണിറാം


പതിനഞ്ച് വർഷം മുമ്പ് ഒരു കൊമ്പനാന അന്ന് 90-100 വയസ്സുള്ള വത്സലയെ ആക്രമിക്കുകയും അവളുടെ പുറത്തും വയറ്റിലും പരിക്ക് പറ്റുകയും ചെയ്തു. ‘ആക്രമണത്തിൽ ക്ഷീണിതയായ അവളുടെ ആരോഗ്യം വീണ്ടെടുക്കാനാണ് ഭക്ഷണത്തിൽ മാറ്റം വരുത്തിയത്,’ മണിറാം പറയുന്നു
പിന്നീട് വത്സലയും ജോലിയിൽനിന്ന് വിരമിച്ചു. ട്രക്കുകളിൽ മരം കയറ്റുക എന്ന ജോലിക്ക് പകരം, കാട്ടിൽ റോന്തടിച്ച്, കടുവകളെ കണ്ടുപിടിച്ച് പിന്തുടരുകയാണ് ഇപ്പോൾ അവളുടെ ജോലി.
പിരിഞ്ഞുനിൽക്കുന്നത് കൂട്ടുകാർ ഇരുവർക്കും വലിയ വിഷമമാണ്. “വീട്ടിലേക്ക് പോകുമ്പോൾ എനിക്കവളെ ഇടയ്ക്കിടയ്ക്ക് കാണാൻ തോന്നും. അവൾ എന്ത് ചെയ്യുകയാവും, ആവശ്യത്തിന് ഭക്ഷണം കഴിക്കുന്നുണ്ടാവുമോ എന്നൊക്കെയാണ് എന്റെ ചിന്ത. ആനയ്ക്കും അങ്ങിനെത്തന്നെയാണ്. മണിറാം ഒരാഴ്ചയിലധികം അവധിക്ക് പോകുമ്പോൾ വത്സലയും വയർ നിറച്ച് ഭക്ഷണം കഴിക്കാൻ മടി കാണിക്കുന്നു.
“പാപ്പാൻ തിരിച്ചുവന്ന് എന്ന് അവൾക്ക് മനസ്സിലാവും,” മണിറാം പറയുന്നു. നാന്നൂറ്, അഞ്ഞൂറടി ദൂരത്ത് ഗേറ്റിൽ നിന്നാൽപ്പോലും അവൾ വേഗം തിരിച്ചറിഞ്ഞ്, മണിറാമിന്റെ തിരിച്ചുവരവ് ആഘോഷിച്ച്, ഉറക്കെ ചിന്നം വിളിക്കും.
വർഷങ്ങളിലൂടെ അവരുടെ ആത്മബന്ധം ദൃഢമാവുകയാണ് ചെയ്തത്. “എനിക്കവൾ എന്റെ അമ്മൂമ്മയെപ്പോലെയാണ്,” പല്ലുകൾ വെളിയിൽക്കാട്ടി, മണിറാം ചിരിക്കുന്നു.
ഈ കഥ തയ്യാറാക്കാൻ സഹായിച്ച ദേവശ്രീ സൊമാനിയോട് റിപ്പോർട്ടർക്കുള്ള നന്ദി രേഖപ്പെടുത്തുന്നു.
പരിഭാഷ: രാജീവ് ചേലനാട്ട്