മൂന്ന് വിരലുകളും സമചതുരാകൃതിയിലുള്ള, നനവുള്ള ഒരു കഷ്ണം തുണിയും ഏറെ സൂക്ഷ്മതയും. "വളരെയധികം ശ്രദ്ധിച്ചു ചെയ്യേണ്ട ഒരു ജോലിയാണിത്."
വിജയ, പോത്രെക്കു ഉണ്ടാക്കുന്നത് എങ്ങനെയെന്ന് വിവരിക്കുകയാണ്; ആന്ധ്രാ പ്രദേശിന്റെ (എ.പി) തീരമേഖലയുടെ തനത് മധുരപലഹാരമാണ് പോത്രെക്കുലു. അരിമാവിന്റെ നേർത്ത പാളികളിൽ ശർക്കരയും ഉണങ്ങിയ ഫലങ്ങളും നിറച്ച് ഉണ്ടാക്കുന്ന പോത്രെക്കുലുവിന് ഉത്സവ സീസണിൽ ആവശ്യക്കാരേറെയാണ്. മധുര പലഹാരങ്ങൾ ഉണ്ടാക്കുന്നതിൽ വിദഗ്ധയായ വിജയ, പ്രദേശത്തെ മധുരപലഹാരങ്ങൾ വിൽക്കുന്ന കടകൾക്കായി ദിവസേന ഏകദേശം 200 രേകു ഉണ്ടാക്കി നൽകുന്നുണ്ട്. "പോത്രെക്കു ഉണ്ടാക്കുമ്പോൾ ശ്രദ്ധ മുഴുവനും അതിൽത്തന്നെ ആവണം. അതിനിടെ എനിക്ക് ആരോടും സംസാരിക്കാനാകില്ല," അവർ പാരിയോട് പറയുന്നു.
"എന്റെ വീട്ടിൽ ആഘോഷിക്കുന്ന ഏതൊരു ഉത്സവവും ചടങ്ങും വിശേഷാവസരവും പോത്രെക്കുലു ഇല്ലെങ്കിൽ അപൂർണ്ണമാണ്," ജി. രാമകൃഷ്ണ പറയുന്നു. ആത്രേയപുരത്ത് താമസിക്കുന്ന അദ്ദേഹം ഏതാനും കടകൾക്ക് പാക്ക് ചെയ്യാനുള്ള സാമഗ്രികളും പെട്ടികളും പ്രാദേശികമായി സംഘടിപ്പിച്ച് കൊടുക്കുന്ന ജോലി ചെയ്യുകയാണ്. "നമ്മെ അത്ഭുതപ്പെടുത്തുന്ന ഒരു മധുരപലഹാരമാണ് പോത്രെക്കുലു എന്നതിനാൽ എനിക്ക് അത് ഒരുപാടിഷ്ടമാണ്. ഒറ്റനോട്ടത്തിൽ അതിന് കടലാസിന്റെ പ്രകൃതമായതിനാൽ, കടലാസ്സ് കഴിക്കുകയാണെന്നാണ് നമുക്ക് തോന്നുക. എന്നാൽ അല്പം എടുത്ത് രുചിക്കുമ്പോൾ അത് വായിൽ അലിഞ്ഞുപോകും. ഇതുപോലെ മറ്റൊരു മധുരപലഹാരം ലോകത്തില്ലെന്നാണ് എനിക്ക് തോന്നുന്നത്," അദ്ദേഹം അഭിമാനത്തോടെ പ്രഖ്യാപിക്കുന്നു.
എ.പിയിലെ ഡോക്ടർ ബി.ആർ അംബേദ്ക്കർ കോണസീമ ജില്ലയിൽ കൃഷി ചെയ്യുന്ന അരി ചേർക്കുന്നതാണ്, ഏറെ ശ്രദ്ധയോടെ തയ്യാറാക്കുന്ന ഈ മധുരപലഹാരത്തിന് അതിന്റെ സവിശേഷമായ രുചി പകരുന്നത്. "ഈ അരിക്ക് ഒട്ടലുള്ളതുകൊണ്ട്, രേകു (അരിമാവിന്റെ പാളി) ഉണ്ടാക്കാനല്ലാതെ മറ്റൊന്നിനും ആരും ഇത് എടുക്കാറില്ല," രാമചന്ദ്രപുരം ബ്ലോക്കിലെ ആത്രേയപുരം ഗ്രാമത്തിൽ താമസിക്കുന്ന, കായല വിജയ കോട്ട സരസ്വതി എന്ന ഈ മധുരപലഹാര നിർമ്മാതാവ് പറയുന്നു. ആത്രേയപുരത്ത് ഉണ്ടാക്കുന്ന പോത്രെക്കുവിനാണ് 2023-ൽ ഭൗമസൂചികാ പദവി ലഭിച്ചത്. വിശാഖപട്ടണത്ത് പ്രവർത്തിക്കുന്ന സർ ആർതർ കോട്ടൺ ആത്രേയപുരം പോത്രെക്കുലു മാനുഫാക്ച്ചറേഴ്സ് വെൽഫയർ അസോസിയേഷന് 2023 ജൂൺ 14-ന് ഭൗമസൂചികാ പദവി സമ്മാനിക്കപ്പെട്ടു.
സംസ്ഥാനത്ത് ഭൗമസൂചികാ പദവി ലഭിക്കുന്ന മൂന്നാമത്തെ ഭക്ഷ്യവിഭവമാണ് പോത്രെക്കു (തിരുപ്പതി ലഡുവും ബന്ദാർ ലഡുവുമാണ് മറ്റ് രണ്ടെണ്ണം). കരകൗശലവസ്തുക്കൾ, ഭക്ഷ്യവിഭവങ്ങൾ, കൃഷിയുമായി ബന്ധപ്പെട്ട സാധനങ്ങൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി എ.പിയിൽനിന്നുള്ള 21 ഉത്പന്നങ്ങൾക്ക് ഭൗമസൂചികാ പദവി ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം, പോത്രെക്കുവിനോപ്പം ഗോവയിൽനിന്നുള്ള ബേബിൻക എന്ന മധുരപലഹാരത്തിനും ഭൗമസൂചികാ പദവി സമ്മാനിക്കപ്പെട്ടിരുന്നു. മൊറേനയിൽനിന്നുള്ള ഗജക്, മുസാഫർനഗറിന്റെ ഗുർ (ശർക്കര) എന്നിവയ്ക്കും നേരത്തെ ഈ അംഗീകാരം കിട്ടിയിട്ടുണ്ട്.


ഇടത്: വിജയ അവരുടെ വീടിന്റെ ഒരു ചെറിയ മൂലയിലിരുന്നാണ് ജോലി ചെയ്യുന്നത്. അത് തന്റെ ജോലിസ്ഥലമാണെന്ന് അവർ പറയുന്നു. കമഴ്ത്തിവെച്ച ഒരു കലം, അരിമാവ്, ഉണങ്ങിയ ഓല, പഴയൊരു അച്ചാർ ഭരണി തുടങ്ങിയ സാധനങ്ങളാണ് അവിടെയുള്ളത്. വലത്: പോത്രെക്കു ഉണ്ടാക്കാൻ ഉപയോഗിക്കുന്ന സവിശേഷമായ ഒരു ഇനം അരിയാണ് ജായ ബിയ്യം. ഈ അരി 30-45 നിമിഷം കുതിർത്തിയശേഷം അരച്ചുണ്ടാക്കുന്ന മാവുകൊണ്ടാണ് അരിമാവിന്റെ നേർത്ത പാളി അഥവാ രേകുലു ഉണ്ടാക്കുന്നത്
മധുരപലഹാരങ്ങൾ ഉണ്ടാക്കുന്നതിൽ വർഷങ്ങളുടെ അനുഭവസമ്പത്തുള്ള വിജയ 2019 മുതൽ രേകു ഉണ്ടാക്കുന്നുണ്ട്. ഈ ജോലി സദാസമയവും തന്റെ പൂർണ്ണശ്രദ്ധ ആവശ്യപ്പെടുന്ന ഒന്നാണെന്ന് അവർ പറയുന്നു. "മറ്റു മധുരപലഹാരങ്ങൾ ഉണ്ടാക്കുക എളുപ്പമായതിനാൽ ജോലിക്കിടയ്ക്ക് എനിക്ക് ആളുകളോട് ഇഷ്ടംപോലെ സംസാരിക്കാനാകും." സുനുണ്ടലു, കോവ എന്നിങ്ങനെ പലതരം മധുരപലഹാരങ്ങൾ അവർ തന്റെ കുടുംബാംഗങ്ങൾക്കായി ഉണ്ടാക്കാറുണ്ട്. ഉഴുന്നുപരിപ്പ് വറുത്ത്, നന്നായി പൊടിച്ചതിനൊപ്പം പഞ്ചാരസാരയോ ശർക്കരയോ ചേർത്ത് നെയ്യിലുണ്ടാക്കുന്ന ലഡുവാണ് സുനുണ്ടലു.
"എനിക്കും എന്റെ കുടുംബത്തിനുംവേണ്ടി കുറച്ച് പണം സമ്പാദിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. എനിക്ക് മറ്റു ജോലികൾ ഒന്നും അറിയാത്തതുകൊണ്ട് ഞാൻ ഈ ജോലി ചെയ്യാൻ തുടങ്ങി," മധുരപലഹാരങ്ങൾ വിൽക്കുന്ന കടകൾക്ക് രേകു ഉണ്ടാക്കി കൊടുക്കുന്ന ജോലി താൻ ചെയ്യാൻ തുടങ്ങിയത് എങ്ങനെയെന്ന് വിജയ വിശദീകരിക്കുന്നു. അവരുണ്ടാക്കുന്ന മറ്റ് മധുരപലഹാരങ്ങളൊന്നും അവർ വില്പനയ്ക്ക് കൊടുക്കാറില്ല.
മാസത്തിന്റെ തുടക്കത്തിൽ, വിജയ അടുത്തുള്ള അങ്ങാടിയിൽനിന്ന് 50 കിലോ അരി വാങ്ങിക്കും. പോത്രെക്കുലു ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ഒരേയൊരു അരിയിനമായ ജായ ബിയ്യമിന് കിലോയ്ക്ക് 35 രൂപയാണ് വില. "ഈ അരി വേവിക്കുമ്പോൾ ഒട്ടലുണ്ടാകുമെന്നതുകൊണ്ട് രേകു ഉണ്ടാക്കാനല്ലാതെ വേറൊന്നിനും ആരും ഇത് ഉപയോഗിക്കാറില്ല," അവർ വിശദീകരിക്കുന്നു.
എല്ലാ ദിവസവും രാവിലെ 7 മണിക്ക് വിജയ മധുരപലഹാരം ഉണ്ടാക്കാനുള്ള പണികൾ ആരംഭിക്കും. രേകു ഉണ്ടാക്കുന്നതിനായി, അരക്കിലോ ജായ ബിയ്യം അരി കഴുകി, കുറഞ്ഞത് അരമണിക്കൂർ കുതിർത്താനിടുകയാണ് ആദ്യപടി.
വിജയയുടെ ആൺമക്കൾ സ്കൂളിലേയ്ക്ക് പോയതിനുശേഷം, അവർ കുതിർന്ന അരി അരച്ച്, തീരെ തരിയില്ലാത്ത, കട്ടിയുള്ള മാവ് ഉണ്ടാക്കുന്നു. ഈ അരിമാവ് ഒരു പാത്രത്തിൽ ഒഴിച്ച്, വീടിന് പുറത്തെ ചെറിയ വർക്ക്ഷോപ്പിലെ മരത്തിന്റെ സ്റ്റൂളിൽ കയറ്റിവെക്കും.
ഒടുവിൽ സമയം ഏതാണ്ട് 9 മണിയാകുമ്പോൾ, വിജയ തന്റെ വർക്ക്ഷോപ്പിന്റെ ഒരു മൂലയിൽവെച്ച്, മൃദുലമായ, നൂലുപോലെ നേർത്ത രേകുലു ഉണ്ടാക്കാൻ തുടങ്ങുന്നു. ഒരു വശത്ത് ദ്വാരമുള്ള, പ്രത്യേക തരം കലം കമഴ്ത്തി വച്ച്, അതിന്മേലാണ് രേകു ഉണ്ടാക്കുന്നത്. "ഈ കലം, ഈ പ്രദേശത്ത് മാത്രം കിട്ടുന്ന മണ്ണുപയോഗിച്ച് ഇവിടെ മാത്രം ഉണ്ടാക്കുന്നതാണ്. മറ്റ് തരത്തിലുള്ള കലങ്ങളോ പാത്രങ്ങളോ ഇതിനായി എടുക്കാനാകില്ല. ഈ കലം ഉപയോഗിക്കുന്നതുകൊണ്ടാണ് രേകുവിന് കമഴ്ത്തിവെച്ചതുപോലെയുള്ള ആകൃതി ലഭിക്കുന്നത്." അവർ വിശദീകരിക്കുന്നു.


ഇടത്ത് പോത്രെക്കുലു ഉണ്ടാക്കാൻ ഉപയോഗിക്കുന്ന അരിമാവും തുണികളും. വലത്ത്: വിജയ, താൻ തയ്യാറാക്കിയ അരിമാവിൽ ഒരു തുണി മുക്കിയെടുത്ത് രേകു ഉണ്ടാക്കാൻ തുടങ്ങുന്നു


മധുരപലഹാരങ്ങൾ ഉണ്ടാക്കുന്നതിൽ വർഷങ്ങളുടെ അനുഭവസമ്പത്തുള്ള വിജയ 2019 മുതൽ രേകു ഉണ്ടാക്കുന്നുണ്ട്. ഈ ജോലി സദാസമയവും തന്റെ പൂർണമായ ശ്രദ്ധ ആവശ്യപ്പെടുന്ന ഒന്നാണെന്ന് അവർ പറയുന്നു. അരിമാവിൽ മുക്കിയ തുണി അവർ കമഴ്ത്തിവച്ച കലത്തിന് മുകളിൽ പതിക്കുമ്പോൾ, അരിമാവിന്റെ നേർത്ത ഒരു പാളി കലത്തിന് മുകളിൽ രൂപപ്പെടുന്നു (വലത്)
ഉണങ്ങിയ ഓലകൾ കത്തിച്ച് കലം ചൂടാക്കുകയാണ് അടുത്ത പടി. "(മറ്റ് വിറകുകളിൽനിന്ന് വ്യത്യസ്തമായി) ഓല പെട്ടെന്ന് കത്തിപ്പിടിച്ച് തുടർച്ചയായി, ഉയർന്ന ചൂട് ഉത്പാദിപ്പിക്കും. കൃത്യമായ പാത്രവും കൃത്യമായ ചൂടും ഇല്ലെങ്കിൽ, രേകുലു ശരിക്ക് രൂപപ്പെടില്ല," അവർ പറയുന്നു.
"ഒരു കലത്തിന് 300-400 രൂപയാണ് വില. രണ്ട്, മൂന്ന് മാസം കൂടുമ്പോൾ ഞാൻ പുതിയ കലം വാങ്ങിക്കും. അതിൽ കൂടുതൽ ഒരു കലം ഉപയോഗിക്കാനാകില്ല," അവർ കൂട്ടിച്ചേർക്കുന്നു. രണ്ടാഴ്ച കൂടുമ്പോൾ, അടുത്തുള്ള അങ്ങാടികളിൽനിന്ന് വിജയ ഉണങ്ങിയ ഓല വാങ്ങിക്കും. ഒരു ഓലക്കെട്ടിന് 20-30 രൂപവെച്ച് 5-6 കെട്ട് ഓലയാണ് അവർ വാങ്ങിക്കുക.
കമഴ്ത്തിവെച്ച കലം ചൂടാകുന്നതോടെ, വിജയ വൃത്തിയുള്ള, ചതുരാകൃതിയിലുള്ള ഒരു തുണിക്കഷ്ണം എടുത്ത് നനയ്ക്കുന്നു. അവരുടെ സാരിയിൽനിന്നോ മറ്റെന്തെങ്കിലും വസ്ത്രത്തിൽനിന്നോ ഉള്ള, ഒരു കഷ്ണം പരുത്തിത്തുണി ഈ ആവശ്യത്തിനായി കഴുകി ഉപയോഗിക്കുകയാണ് പതിവ്. പാത്രത്തിൽ വെച്ചിരിക്കുന്ന അരിമാവ് വലിയ ഒരു പ്ളേറ്റിലേയ്ക്ക് ഒഴിച്ചതിനുശേഷം അവർ തുണി മാവിൽ മുക്കിയെടുക്കുന്നു.
അടുത്തതായി, വിജയ ആ തുണി പതിയെ പുറത്തെടുത്ത്, അതിലെ നേർത്ത മാവ് പാളി, കമഴ്ത്തിവെച്ച കലത്തിന് മുകളിലേയ്ക്ക് പതിപ്പിക്കുന്നു. ഉടൻ തന്നെ ധാരാളം ആവി ഉയരുകയും ചാരനിറവും വെള്ളയും കലർന്ന നിറത്തിൽ, വളരെ നേർത്ത ഒരു പാളി കലത്തിന് മുകളിൽ രൂപപ്പെടുകയും ചെയ്യും. കലത്തിലെ പാളി മുഴുവനായും വേവാൻ ഏതാനും സെക്കൻഡുകൾ എടുക്കും.
ഏറ്റവും സൂക്ഷ്മത ആവശ്യപ്പെടുന്ന ഘട്ടമാണ് അടുത്തത്. മൂന്ന് വിരലുകൾ മാത്രം ഉപയോഗിച്ച് വിജയ കലത്തിൽ നിന്ന് രേകു വേർപ്പെടുത്തുന്നു. "കലത്തിൽ നിന്ന് ഇത് അടർത്തിയെടുക്കുന്നതാണ് ഏറ്റവും ബുദ്ധിമുട്ടുള്ള ജോലി. അല്പമൊന്ന് പൊടിഞ്ഞാൽ പോലും അത് വെറുതെയാകും. അതുകൊണ്ട് വളരെ ശ്രദ്ധിച്ചുവേണം ഈ ജോലി ചെയ്യാൻ," വിദഗ്ധമായി ഒരു രേകു അടർത്തി, നേരത്തെ തയ്യാറാക്കിയ രേകു തൊട്ടടുത്ത് അടുക്കിയിരിക്കുന്നതിലേയ്ക്ക് വെക്കുന്നതിനിടെ വിജയ പറയുന്നു. ഒരു മണിക്കൂറിൽ തനിക്ക് 90-100 രേകു ഉണ്ടാക്കാൻ കഴിയുമെന്നാണ് വിജയയുടെ കണക്കുകൂട്ടൽ; ഇത്തരത്തിൽ രണ്ട്, മൂന്ന് മണിക്കൂറിനുള്ളിൽ അവർ 150-200 രേകു ഉണ്ടാക്കിയെടുക്കുന്നു. ഉത്സവദിനങ്ങൾക്ക് മുൻപുള്ള നാളുകളിൽ, ഒരു ദിവസം 500 രേകുവരെ ഉണ്ടാക്കാനുള്ള ഓർഡറുകൾ ലഭിക്കുമെന്നതിനാൽ അവർ അതിനനുസരിച്ചുള്ള അളവിൽ മാവ് തയ്യാറാക്കാറുണ്ട്.


ഇടത്: അരിമാവിന്റെ പാളി കൃത്യമായി രൂപപ്പെട്ടിട്ടുണ്ടോ എന്നറിയാനായി വിജയ വിരൽകൊണ്ട് അത് ഇളക്കിനോക്കുന്നു. വലത്: വിജയ ഏതാനും വിരലുകൾ മാത്രം ഉപയോഗിച്ച് കമഴ്ത്തിവെച്ച കലത്തിൽ നിന്ന് നേർത്ത മാവ് പാളി അടർത്തിയെടുക്കുന്നു


ശ്യാമളയും സത്യയും ആത്രേയപുരത്തെ കെ.കെ നേതി പോത്രെക്കുലു എന്ന കടയിൽ ജോലി ചെയ്യുന്നു
ആത്രേയപുരത്ത് ഒരുപാട് സ്ത്രീകൾ രേകുലു ഉണ്ടാക്കുന്ന ജോലിയിൽ ഏർപ്പെടുന്നുണ്ട്; മിക്കവരും വീട്ടിൽവെച്ചാണ് ഇത് ചെയ്യുന്നതെങ്കിലും ചിലർ കടയിലും ജോലി ചെയ്യുന്നുണ്ട്.
54 വയസ്സുകാരിയായ വി.ശ്യാമള ആത്രേയപുരം ബസ് സ്റ്റോപ്പിന് അടുത്തുള്ള കെ.കെ നേതി പോത്രെക്കുലു എന്ന സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ്. കടയിൽനിന്ന് നാല് കിലോമീറ്റർ അകലെ താമസിക്കുന്ന അവർ കഴിഞ്ഞ 25-30 വർഷമായി പോത്രെക്കുലു ഉണ്ടാക്കുന്ന ജോലി ചെയ്തുവരുന്നു. വിജയയെ പോലെ, വീട്ടിൽവെച്ച് രേകു ഉണ്ടാക്കിയാണ് ശ്യാമളയും ഈ മേഖലയിൽ പ്രവേശിച്ചത്. "ദിവസേന 100 ഷീറ്റുകൾ ഉണ്ടാക്കുന്നതിന് എനിക്ക് 25-30 രൂപ ലഭിച്ചിരുന്നു," അവർ ഓർത്തെടുക്കുന്നു. ഇന്നിപ്പോൾ, പോത്രെക്കു ഉണ്ടാക്കുന്നതിന്റെ അവസാനഘട്ടത്തിലുള്ള പ്രവൃത്തിയാണ് അവർ പ്രധാനമായും ചെയ്യുന്നത്. പഞ്ചസാര, ശർക്കര, ഉണങ്ങിയ ഫലങ്ങൾ, ധാരാളം നെയ്യ്, മറ്റു സാധനങ്ങൾ എന്നിവ നിറച്ച് രേകു മടക്കുന്ന പ്രക്രിയയാണിത്. 'എന്റെ കാൽമുട്ടുകളിൽ വേദനയുണ്ട്", അതിനാൽ ജോലിസ്ഥലത്തേക്ക് നടന്നുവരാൻ ബുദ്ധിമുട്ടാണെന്ന് ശ്യാമള പറയുന്നു. അതുകൊണ്ട് എല്ലാ ദിവസവും മകനാണ് അവരെ കടയിൽ എത്തിക്കുന്നത്.
കെ.കെ നേതി പോത്രെക്കു എന്ന ചെറിയ കടമുറിയിൽ എത്തിക്കഴിഞ്ഞാൽ, അവർ ഉയരമുള്ള ഒരു ലോഹസ്റ്റൂൾ എടുത്ത്, സാരി ഒതുക്കിയതിനുശേഷം വെയിൽ അധികം അടിക്കാത്ത ഒരു സ്ഥലം നോക്കി ഇരിക്കും. ശ്യാമള റോഡിനെ അഭിമുഖീകരിച്ചാണ് ഇരിക്കുന്നത് എന്നതുകൊണ്ട് തന്നെ, ദിവസം മുഴുവൻ അവർ പോത്രെക്കു പൊതിയുന്നത് അതുവഴി കടന്നുപോകുന്ന ഉപഭോക്താക്കൾക്ക് കാണാൻ സാധിക്കും.
രേകു കൂട്ടിവെച്ചിരിക്കുന്നതിൽനിന്ന് ഒരെണ്ണം പതിയെ എടുത്ത് അതിൽ ധാരാളം നെയ്യ് പുരട്ടുകയാണ് ശ്യാമള ആദ്യം ചെയ്യുന്നത്. അടുത്തതായി അവർ അതിനുമുകളിൽ ശർക്കര പൊടിച്ചത് പരത്തും. "ഒരു സാധാരണ പോത്രെക്കുവിന് ഇത്ര ചേരുവകൾ മാത്രമേ ഉള്ളൂ," മറ്റൊരു രേകുവിന്റെ പകുതി അതിന് മുകളിൽ വയ്ക്കുന്നതിനിടെ അവർ പറയുന്നു. ഉള്ളിൽ നിറച്ച ചേരുവകൾ ഒന്നും വീണുപോകാതെ, ഒരു നിമിഷത്തിനേക്കാൾ അൽപസമയം മാത്രം അധികമെടുത്ത് അവർ രേകു ശ്രദ്ധയോടെ മടക്കുന്നു. പരമ്പരാഗതമായി ചതുരാകൃതിയിലാണ് രേകു മടക്കുന്നതെങ്കിലും, സമോസയുടേത് പോലെ ത്രികോണാകൃതിയിലും അതിനെ മടക്കാവുന്നതാണ്.
സമോസയുടെ ആകൃതിയിൽ മടക്കുന്ന ഓരോ പോത്രെക്കുവിനും ശ്യാമളയ്ക്ക് 3 രൂപ അധികം ലഭിക്കും. "സമോസയുടെ ആകൃതിയിൽ മടക്കുക എനിക്കുപോലും ബുദ്ധിമുട്ടാണ്. വളരെയധികം ശ്രദ്ധിച്ചു ചെയ്തില്ലെങ്കിൽ രേകു പൊട്ടിപ്പോകും," അവർ പറയുന്നു.


പോത്രെക്കുലു ഉണ്ടാക്കുന്നതിനായി ശ്യാമള, റൈസ് പേപ്പറിൽ ഉണങ്ങിയ ഫലങ്ങളും ശർക്കരപ്പൊടിയും മറ്റു ചേരുവകളും നിറച്ച് മടക്കുന്നു. ആദ്യം അവർ നേർത്ത പാളി ശ്രദ്ധയോടെ നിവർത്തുകയും അതിനുശേഷം അതിൽ അല്പം പഞ്ചസാരപ്പാനിയും പിന്നെ ധാരാളം നെയ്യും പുരട്ടിയതിന് ശേഷം ഉണങ്ങിയ ഫലങ്ങൾ ചേർക്കുകയുമാണ് ചെയ്യുന്നത്


'വളരെയധികം ശ്രദ്ധിച്ചു ചെയ്തില്ലെങ്കിൽ രേകു പൊട്ടിപ്പോകും,' ശ്യാമള (ഇടത്) പറയുന്നു. പോത്രെക്കുലു നിറച്ചത് മറ്റു സ്ഥലങ്ങളിലേക്ക് കൊണ്ടുപോകാൻ തയ്യാറായിരിക്കുന്നു
"എന്റെ അഭിപ്രായത്തിൽ, വെറും പഞ്ചസാരയോ ശർക്കരയോ മാത്രം നിറയ്ക്കുന്നതാണ് ശരിക്കുള്ള പോത്രെക്കു. ഞങ്ങളുടെ ഗ്രാമത്തിൽ തലമുറകളായി കൈമാറിവരുന്ന പാചകവിധി ഇതാണ്," പോത്രെക്കുവിൽ ഉണങ്ങിയ ഫലങ്ങൾ ചേർക്കുന്നത് താരതമ്യേന പുതിയ സമ്പ്രദായമാണെന്ന് കൂട്ടിച്ചേർത്ത് ശ്യാമള വിശദീകരിക്കുന്നു.
ഞായറാഴ്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും രാവിലെ 10 മുതൽ വൈകീട്ട് 5 വരെ കടയുടമ, 36 വയസ്സുകാരിയായ കാസനി നാഗസത്യവതിയോടൊപ്പം ശ്യാമള കടയിൽ ജോലി ചെയ്യുന്നു. ഈ ജോലിയ്ക്ക് ദിവസേന 400 രൂപയാണ് ശ്യാമളയ്ക്ക് ശമ്പളം ലഭിക്കുന്നത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെയും, പോത്രെക്കുവിന് ഭൗമസൂചികാ പദവി കിട്ടിയതിനുശേഷംപോലും ഈ തുകയിൽ വർദ്ധനവുണ്ടായിട്ടില്ല.
ആത്രേയപുരം പോത്രെക്കുവിന് ഭൗമസൂചികാ പദവി ലഭിച്ചത് വിജയയെയും ശ്യാമളയെയുംപോലുള്ള തൊഴിലാളികളുടെ ജീവിതത്തിൽ യാതൊരു മാറ്റവും ഉണ്ടാക്കിയിട്ടില്ല. ഭൗമസൂചികാ പദവി ലഭിച്ചതിനുശേഷവും തങ്ങളുടെ ദിവസക്കൂലി കൂട്ടിയിട്ടില്ലെന്ന് പറയുന്ന ഇവർ എന്നാൽ കട ഉടമകളും വലിയ കച്ചവടക്കാരും നല്ല രീതിയിൽ ലാഭം ഉണ്ടാക്കുന്നുണ്ടെന്നും പറയുന്നു.
തെലുഗു സംസ്ഥാനങ്ങളായ ആന്ധ്രാ പ്രദേശിലും തെലങ്കാനയിലും പോത്രെക്കു എല്ലാകാലത്തും പ്രസിദ്ധമായിരുന്നെന്നാണ് സത്യ പറയുന്നത്. "എന്നാൽ ഇപ്പോൾ കൂടുതൽ ആളുകൾക്ക് ഇതേപ്പറ്റി അറിയാം. നേരത്തെയെല്ലാം മറ്റ് സംസ്ഥാനങ്ങളിൽനിന്നുള്ള ആളുകൾക്ക് പോത്രെക്കു എന്താണെന്ന് ഞങ്ങൾ വിശദീകരിച്ച് കൊടുക്കണമായിരുന്നു. ഇപ്പോൾ, അത്തരമൊരു വിവരണത്തിന്റെ ആവശ്യമില്ല," അവർ പറയുന്നു.
സർ ആർതർ കോട്ടൺ ആത്രേയപുരം പോത്രെക്കുലു മാനുഫാക്ചച്ചറേഴ്‌സ് വെൽഫെയർ അസോസിയേഷന്റെ അംഗങ്ങളിൽ ഒരാളാണ് സത്യ. പോത്രെക്കുവിന് ഭൗമസൂചികാ പദവി നൽകണമെന്ന് അസോസിയേഷൻ 10 വർഷത്തിൽ കൂടുതലായി ആവശ്യപ്പെടുകയായിരുന്നു. അതുകൊണ്ടുതന്നെ 2023 ജൂണിൽ ഈ അംഗീകാരം ലഭിച്ചത് "ഗ്രാമത്തിന് ഒന്നാകെ ഒരു അഭിമാനനിമിഷമായിരുന്നു."


ഇടത്ത്: കമഴ്ത്തിവെച്ച ഒരു കലത്തിന് മുകളിൽ രേകു പാകപ്പെടുന്നു. വലത്ത്: 2018-ലാണ് സത്യ തന്റെ ബിസിനസ് ആരംഭിച്ചത്


എ.പിയിലെ ഡോക്ടർ ബി.ആർ അംബേദ്ക്കർ കോണസീമ ജില്ലയിൽ കൃഷിചെയ്യുന്ന അരി ചേർക്കുന്നതാണ്, ഏറെ സൂക്ഷ്മതയോടെ തയ്യാറാക്കുന്ന ഈ മധുരപലഹാരത്തിന് അതിന്റെ സവിശേഷമായ രുചി പകരുന്നത്.' എന്റെ വീട്ടിൽ ആഘോഷിക്കുന്ന ഏതൊരു ഉത്സവവും ചടങ്ങും വിശേഷാവസരവും പോത്രെക്കുലു ഇല്ലെങ്കിൽ അപൂർണ്ണമാണ്,' ആത്രേയപുരത്തെ താമസക്കാരനായ ജി. രാമകൃഷ്ണ പറയുന്നു
സത്യ പറയുന്നതനുസരിച്ച്, അവരുടേതുൾപ്പെടെയുള്ള എല്ലാ കടകളിലും പോത്രെക്കുലുവിന് വേണ്ടിയുള്ള ഓർഡറുകൾ വർദ്ധിച്ചിട്ടുണ്ട്. "10 പെട്ടികൾമുതൽ 100 പെട്ടികൾവരെ ആവശ്യപ്പെട്ടുകൊണ്ടുള്ള വലിയ ഓർഡറുകളാണ് മിക്കപ്പോഴും ഞങ്ങൾക്ക് ലഭിക്കുന്നത്," അവർ പറയുന്നു. ഓരോ പെട്ടിയിലും 10 പോത്രെക്കുലു വീതം ഉണ്ടായിരിക്കും.
"ഡൽഹി, മുംബൈ തുടങ്ങി പല സ്ഥലങ്ങളിൽനിന്നുള്ള ആളുകൾ ഓർഡർ ചെയുന്നുണ്ട്," അവർ പറയുന്നു. ഇവിടെ ഗ്രാമത്തിൽ ഞങ്ങൾ ഒരു പോത്രെക്കു 10-12 രൂപയ്ക്കാണ് കൊടുക്കുന്നതെങ്കിലും അവർ (പുറത്തുള്ള കടകൾ) ഒരെണ്ണത്തിന് 30 രൂപവരെ ഈടാക്കുന്നുണ്ട്," അവർ വിശദീകരിക്കുന്നു
"ഭൗമസൂചികാ പദവി ലഭിച്ചതിനുശേഷവും വിലയിൽ കാര്യമായ മാറ്റം വന്നിട്ടില്ല," സത്യ വിശദീകരിക്കുന്നു. "പത്തുവർഷം മുൻപ് ഒരു പോത്രെക്കുവിന് 7 രൂപ ആയിരുന്നു വില," അവർ പറയുന്നു.
"കഴിഞ്ഞ ആഴ്ച ദുബായിൽനിന്നൊരു പെൺകുട്ടി എന്റെ കടയിൽ വന്നിരുന്നു. പോത്രെക്കുലു എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് ഞാൻ അവൾക്ക് കാണിച്ചുകൊടുത്തപ്പോൾ അവൾക്ക് അതിൽ വലിയ താത്പര്യം തോന്നി. പോത്രെക്കുലു വായിൽവെച്ചതും അലിഞ്ഞു പോകുന്നത് അവൾക്ക് വലിയ അത്ഭുതമായിരുന്നു. ഈ മധുരപലഹാരം ഉണ്ടാക്കുന്നത് ഒരു കലയാണെന്നാണ് അവൾ പറഞ്ഞത്. സത്യം പറയാമല്ലോ, ഞാൻ ഒരിക്കൽപ്പോലും ഇതേപ്പറ്റി അത്തരത്തിൽ ചിന്തിച്ചിട്ടില്ല. പക്ഷെ അത് സത്യമാണ് - വർഷത്തിൽ ഉടനീളം രേകു ഉണ്ടാക്കി, ഇത്ര പൂർണ്ണതയോടെ മടക്കുന്ന ജോലി ചെയ്യുന്ന ഞങ്ങൾക്ക് പകരം വെക്കാൻ ആരുമില്ല," അവർ കൂട്ടിച്ചേർത്തു.
രംഗ് ദേ നൽകിയ ധനസഹായം ഉപയോഗിച്ചാണ് ഈ ലേഖനം തയ്യാറാക്കിയിരിക്കുന്നത്.
പരിഭാഷ: പ്രതിഭ ആര്‍. കെ .