രാവിലെ 7 മണി, ഡാല്‍ട്ടോഗഞ്ജ് പട്ടണത്തിലെ സാദിഖ് മൻസിൽ ചൗക്ക് നേരത്തെതന്നെ പ്രവർത്തനനിരതമായി - ട്രക്കുകൾ അലറിക്കുതിക്കുന്നു, കടകളുടെ ഷട്ടർ വലിച്ചുയർത്തുന്നു, അടുത്തുള്ള ഒരു ക്ഷേത്രത്തിൽനിന്ന് ഹനുമാൻ ചാലിസയുടെ റെക്കോര്‍ഡ് ചെയ്ത ശബ്ദം കേൾക്കുന്നു.
ഒരു കടയുടെ പടിക്കെട്ടിലിരുന്ന് സിഗരറ്റ് വലിച്ചുകൊണ്ട് ചുറ്റുമുള്ള ആളുകളോട് ഉയർന്ന ശബ്ദത്തിൽ റിഷി മിശ്ര സംസാരിക്കുകയാണ്. ഇപ്പോൾ കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിനെയും പുതിയ സർക്കാരിന്‍റെ രൂപീകരണത്തെയും ചുറ്റിപ്പറ്റിയാണ് ഈ പ്രഭാതത്തിലെ അവരുടെ ചർച്ച. ചുറ്റുമുള്ളവര്‍ വാദിക്കുന്നത് ശ്രദ്ധിച്ചുകൊണ്ട്, കൈവെള്ളയിലിട്ട് പുകയില തിരുമ്മിക്കൊണ്ടിരുന്ന നസറുദ്ദീൻ അഹമ്മദ് ഒടുവിൽ ഇടപെട്ടുകൊണ്ട് പറഞ്ഞു, “നിങ്ങൾ എന്തിനാണ് വഴക്കിടുന്നത്? ആരു സർക്കാർ ഉണ്ടാക്കിയാലും നമ്മുടെ ഉപജീവനത്തിനുള്ളത് നമ്മൾ കണ്ടെത്തണം.”
‘തൊഴിൽ ചൗക്ക്’ എന്നറിയപ്പെടുന്ന ഇവിടെ എല്ലാ ദിവസവും ഒത്തുകൂടുന്ന നിരവധി ദിവസക്കൂലിക്കാരിൽപ്പെടുന്നവരാണ് റിഷിയും നസറുദ്ദീനും. പലാമുവിന് ചുറ്റുമുള്ള ഗ്രാമങ്ങളിലൊന്നും തൊഴിലില്ല, അവർ പറയുന്നു. സാദിഖ് മൻസിലിലെ തൊഴിൽ ചൗക്കിൽ (നാല്‍ക്കവല) 25-30 തൊഴിലാളികൾ കൂലിപ്പണിക്കായി കാത്തിരിക്കുകയാണ്. പട്ടണത്തിലെ ഇത്തരത്തിലുള്ള 5 ചൗക്കുകളിലൊന്നായ ഇവിടെ ഝാർഖണ്ഡിലെ അടുത്തുള്ള ഗ്രാമങ്ങളിൽനിന്നുള്ളവർ എല്ലാ ദിവസവും രാവിലെ തൊഴിലന്വേഷിച്ച് ഒത്തുകൂടുന്നു.


സിൻഗ്രഹ കലാനിൽനിന്നുള്ള റിഷി മിശ്രയും (ഇടത്) പലാമു ജില്ലയിലെ ന്യൂറാ ഗ്രാമത്തിലെ നസറുദ്ദീനും (വലത്) ജോലിതേടി ഡാല്‍ട്ടോഗഞ്ജിലെ സാദിഖ് മൻസിലിൽ എല്ലാ ദിവസവും രാവിലെ ഒത്തുകൂടുന്ന നിരവധിയാളുകളിൽ രണ്ടുപേരാണ്. ഗ്രാമങ്ങളിൽ തൊഴിലുകളില്ലെന്ന് അവർ പറയുന്നു


ഡാല്‍ട്ടോഗഞ്ജിലെ അത്തരത്തിലുള്ള 5 നാൽക്കവലകളിലൊന്നാണ് ‘തൊഴിൽ ചൗക്ക്’ എന്നുകൂടി അറിയപ്പെടുന്ന സാദിഖ് മൻസിൽ. ‘എല്ലാദിവസവും 500-ഓളംപേർ ഇവിടെത്തും, 10 പേർക്ക് മാത്രം ജോലി കിട്ടും, ബാക്കിയുള്ളവർ വെറുംകൈയുമായി വീട്ടിൽ പോകും’, നസറുദ്ദീൻ പറയുന്നു
"എട്ടുമണിവരെ കാത്തുനിൽക്കുക. ഒരുപാട് പേരുള്ളതുകൊണ്ട് ഇവിടെ നിൽക്കാൻ സ്ഥലമില്ല", തന്‍റെ മൊബൈൽ ഫോണിൽ സമയം നോക്കിക്കൊണ്ട് റിഷി പറഞ്ഞു.
ഐ.ടി.ഐ. പരിശീലനം 2014-ൽ പൂർത്തിയാക്കി, ഡ്രില്ലിംഗ് മെഷീൻ പ്രവർത്തിപ്പിക്കാൻ പഠിച്ച റിഷി ഇന്നത്തെ ദിവസം ആ ജോലി കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. "ഈ സർക്കാരിന് ഞങ്ങൾ വോട്ട് ചെയ്തത് ജോലി കിട്ടുമെന്ന് പ്രതീക്ഷിച്ചാണ്. [നരേന്ദ്ര] മോദി 10 വർഷമായി അധികാരത്തിലുണ്ട്. എത്ര ഒഴിവുകൾ പ്രഖ്യാപിച്ച്, എത്ര ജോലി നൽകിയിട്ടുണ്ട്?”, സിൻഗ്രഹ കലാനിൽനിന്നുള്ള 28-കാരൻ ചോദിക്കുന്നു. "അടുത്ത 5 വർഷംകൂടി ഈ സർക്കാർ തുടർന്നാൽ പിന്നെ ഞങ്ങൾക്ക് പ്രതീക്ഷിക്കാൻ ഒന്നും ബാക്കിയുണ്ടാവില്ല."
നസറുദ്ദീനും അതുതന്നെയാണ് തോന്നുന്നത്. തന്‍റെ ഏഴംഗ കുടുംബത്തിലെ വരുമാനമുള്ള ഏക വ്യക്തി ഈ കൽപ്പണിക്കാരനാണ്. "കർഷകരേയും തൊഴിലാളികളേയും ആര് ശ്രദ്ധിക്കുന്നു?", നസറുദ്ദീൻ ചോദിക്കുന്നു. "എല്ലാദിവസവും 500 പേർ ഇവിടെത്തും. 10 പേർക്ക് മാത്രം ജോലി കിട്ടും, ബാക്കിയുള്ളവർ വെറുംകൈയോടെ വീട്ടിൽ പോകും.”


സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടുന്ന തൊഴിലാളികൾ റോഡിനിരുവശത്തും വരിനിൽക്കുന്നു. ആരെയെങ്കിലും കാണുമ്പോൾ അന്നത്തെ ജോലി കിട്ടുമെന്നു കരുതി ഈ ആൾക്കൂട്ടം അയാള്‍ക്ക് ചുറ്റും കൂടുന്നു
മോട്ടോർ ബൈക്കിൽ ഒരാൾ എത്തിയതോടെ സംഭാഷണം തടസ്സപ്പെട്ടു. അന്നത്തെ ജോലി കിട്ടുമെന്ന് പ്രതീക്ഷിച്ച് ആളുകൾ തിരക്കിട്ട് അയാൾക്ക് ചുറ്റുംകൂടി. കൂലി തിട്ടപ്പെടുത്തിയ ശേഷം ഒരു ചെറുപ്പക്കാരനെ തിരഞ്ഞെടുത്തു. അയാളെയും പിന്നിലിരുത്തി ബൈക്ക് പാഞ്ഞുപോയി.
റിഷിയും കൂടെയുള്ള തൊഴിലാളികളും തങ്ങളുടെ ഇടങ്ങളിലേക്ക് തിരിച്ചെത്തി. "ഈ തമാശ നോക്കൂ, ഒരാൾ വരുന്നു എല്ലാവരും ചാടുന്നു”, ചിരി വരുത്താൻ ബുദ്ധിമുട്ടിക്കൊണ്ട് റിഷി പറഞ്ഞു.
ചാരിയിരുന്നുകൊണ്ട് അയാൾ പറഞ്ഞു, "ആര് സർക്കാർ രൂപീകരിച്ചാലും പാവങ്ങൾക്ക് നേട്ടമുണ്ടാകണം. വിലക്കയറ്റം കുറയണം. അമ്പലം പണിയുന്നതുകൊണ്ട് പാവങ്ങളുടെ വയറു നിറയുമോ?"
പരിഭാഷ: റെന്നിമോന്‍ കെ. സി.