നാളികേരം വെച്ച മലർത്തിയ കൈവെള്ളയും നീട്ടിപ്പിടിച്ച് പൂജാരി അഞ്ജനേയുലു മുദ്ദലപുരത്തിന്റെ പാടങ്ങൾക്ക് കുറുകെ നടക്കുന്നു. നാളികേരം കറങ്ങി, ഇളകി വീഴുന്നത് കാത്ത് നടക്കുകയായിരുന്നു അയാൾ. അത് വീഴുന്ന സ്ഥലത്ത് X എന്ന് അടയാളപ്പെടുത്തി അദ്ദേഹം ആശ്വാസിപ്പിക്കുന്നു. “ഇവിടെ നിങ്ങൾക്ക് വെള്ളം കണ്ടെത്താൻ കഴിയും. ഈ സ്ഥലത്ത് ഒരു കുഴൽക്കിണർ കുഴിച്ചുനോക്കിയാൽ മനസ്സിലാവും,” അനന്തപുർ ജില്ലയിലെ ഗ്രാമത്തിൽവെച്ച് അദ്ദേഹം ഞങ്ങളോട് പറയുന്നു.
ഒരു ഗ്രാമത്തിന്റെയപ്പുറത്ത്, രായുലു ധൊമതിമ്മന മറ്റൊരു പാടത്തിന്റെ കുറുകെ നടക്കുന്നുണ്ടായിരുന്നു. ഇരുകൈകളുംകൊണ്ട് പിടിച്ച ഒരു വലിയ മരക്കമ്പ് അയാളെ രായലപ്പദൊഡ്ഡിയിലെ വെള്ളമുള്ള സ്ഥലത്തേക്ക് നയിക്കും. “മരക്കമ്പ് എവിടെവെച്ചാണോ മുകളിലേക്ക് പൊന്തുന്നത്, ആ സ്ഥലത്ത് കുഴിച്ചാൽ വെള്ളം കണ്ടെത്തും,” അയാൾ വിശദീകരിച്ചു. ഈ രീതി ’90 ശതമാനവും വിജയമാണ്’ എന്ന് വിനയത്തോടെ അയാൾ അവകാശപ്പെട്ടു.
കാലാകാലങ്ങളായി തത്ത്വചിന്തകന്മാരെ വിഷമത്തിലാക്കിയ ചോദ്യവുമായി മല്ലിടുകയാണ് അനന്തപുരിലെ മറ്റൊരു മണ്ഡലത്തിൽ താമസിക്കുന്ന ചന്ദ്രശേഖര റെഡ്ഡി. മരണാനന്തര ജീവിതമുണ്ടോ? ഉത്തരം തനിക്കറിയാമെന്ന് റെഡ്ഡി വിശ്വസിക്കുന്നു. “ജലമാണ് ജീവൻ,” അയാൾ പറയുന്നു. അതിനാൽ, ഒരു ശ്മശാനത്തിൽ അയാൾ നാല് കുഴൽക്കിണറുകൾ കുഴിച്ചിട്ടുണ്ട്. തന്റെ പാടത്ത് മറ്റൊരു 32 കിണറുകൾകൂടി അദ്ദേഹത്തിനുണ്ട്. ജംബുലധിനെ ഗ്രാമത്തിൽ വ്യാപിച്ചുകിടക്കുന്ന തന്റെ ജലശേഖരത്തെ അയാൾ 8 കിലോമീറ്റർ നീളമുള്ള ഒരു പൈപ്പുലൈനുമായി ബന്ധിപ്പിച്ചിട്ടുണ്ട്.
വെള്ളത്തിനുവേണ്ടിയുള്ള പരക്കംപാച്ചിലിൽ, അന്ധവിശ്വാസവും, ദുർമ്മന്ത്രവാദവും, ദൈവവും, സർക്കാരും, സാങ്കേതികവിദ്യയും നാളികേരവുമൊക്കെ രംഗത്തിറങ്ങിയിട്ടുണ്ടായിരുന്നു. എന്നാൽ അവയുടെ കൂട്ടായ ശ്രമങ്ങളൊന്നും ഗുണം കണ്ടിട്ടില്ല. എന്നാൽ പൂജാരി അഞ്ജനേയുലുവിന്റെ അവകാശവാദം മറിച്ചാണ്.
തന്റെ രീതി ഒരിക്കലും തെറ്റാറില്ലെന്ന്, മൃദുസ്വഭാവിയായ ആ നല്ല മനുഷ്യൻ അവകാശപ്പെടുന്നു. ഈ കഴിവുകൾ ദൈവത്തിൽനിന്ന് കിട്ടിയതാണ് അദ്ദേഹത്തിന്. “തെറ്റായ സമയത്ത് ഇത് ചെയ്യാൻ ആളുകൾ നിർബന്ധിക്കുമ്പോൾ മാത്രമാണ് എന്റെ മാർഗ്ഗം പരാജയപ്പെടുക,” അയാൾ പറയുന്നു. (ഒരു കുഴൽക്കിണർ സ്ഥാനം കാണിച്ചുകൊടുക്കാൻ ദൈവം 300 രൂപയാണ് വസൂലാക്കുന്നത്). കൈവെള്ളയിലിരുന്നാടുന്ന നാളികേരവുമായി അയാൽ ഞങ്ങൾ പാടങ്ങളിലൂടെ നടത്തിച്ചു.


അനന്തപുരിയിലെ മുദ്ദലപുരത്ത്, കുഴൽക്കിണർ എവിടെ കുഴിക്കണമെന്ന് തീരുമാനിക്കാൻ പൂജാരി അഞ്ജനേയുലു ഉപയോഗിക്കുന്നത് നാളികേരമാണ്


രായലപ്പദൊഡ്ഡിയിലെ ജല ദിവ്യനാണ് രായലപ്പ ധൊമത്തിമ്മന. തന്റെ രീതി ’90 ശതമാനവും വിജയമാണ്’ എന്ന് അദ്ദേഹം പറയുന്നു
എന്നാൽ സംശയാലുക്കൾ എവിടെയുമുണ്ടാവാമല്ലോ. ഈ പരീക്ഷണം നടത്തി പരാജയപ്പെട്ട ഒരു കർഷകൻ പറഞ്ഞതുപോലെ, “വെള്ളം കണ്ടെത്തിയത് ആ മറ്റേടത്തെ നാളികേരത്തിൽ മാത്രമാണ്,” മ്ലാനതയോടെ അയാൾ പറഞ്ഞു.
അതേസമയം രായുലുവിന്റെ കൈയ്യിലെ മരക്കമ്പ് മുകളിലേക്കുയർന്നു. അയാൾ വെള്ളം കണ്ടെത്തിയെന്നത് തീർച്ചയാണ്. അയാളുടെ ഒരു ഭാഗത്ത് ഒരു കുളവും മറുഭാഗത്ത് ഒരു കുഴൽക്കിണറുമുണ്ടായിരുന്നു. താൻ ദൈവത്തിൽ വിശ്വസിക്കുന്നില്ലെന്ന് രായുലു പറയുന്നു. എന്നാൽ പ്രപഞ്ചനിയമം മറ്റൊന്നാണ്. “ഞാൻ ഈ കാണിക്കുന്ന രീതി കാരണം, തട്ടിപ്പ് നടത്തിയതിന്റെ പേരിൽ കോടതിയിലൊന്നും പോകേണ്ടിവരില്ലല്ലോ, അല്ലേ?” ഞങ്ങളുടെ വാക്ക് പ്രതീക്ഷിച്ച് അയാൾ നോക്കിനിന്നു. ഞങ്ങൾ അത് ഉറപ്പ് കൊടുത്തു. എന്തായാലും, സർക്കാരിന്റെ ജല സർവേയറുമാരേക്കാൾ മോശമൊന്നുമാവാൻ ഇടയില്ല അയാളുടെ വിജയശതമാനം.
ഭൂഗർഭജല വകുപ്പിലെ ജിയോളജിസ്റ്റുകളുടെ പ്രവർത്തനം – അങ്ങിനെയൊന്ന് നടക്കുന്നുണ്ടെങ്കിൽ - നിരാശാജനകമാണ്. ചില കേസുകളിൽ പ്രത്യേകിച്ചും. വെള്ളം കണ്ടുപിടിക്കുന്ന ഒരു ദിവ്യനായി സ്വകാര്യമായി ജോലി ചെയ്യുന്നതാണ് കൂടുതൽ ലാഭകരം. ‘വിദഗ്ദ്ധൻ‘ എന്നൊരു മുദ്രകൂടിയുണ്ടെങ്കിൽ സ്ഥിരമായ ജോലി ഉറപ്പാണ്. വെള്ളമുണ്ടെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിച്ച ആറ് ജില്ലകളിലും പ്രവചനം പരാജയപ്പെടുകയാണ് ചെയ്തത്. 400 അടി കുഴിച്ചിട്ടുപോലും. അതിനാൽ പൂജാരിയേയും രായുലുവിനേയുംപോലെയുള്ള ദിവ്യന്മാരുടെ എണ്ണം വർദ്ധിക്കുകയാണ്.
ഈ ദിവ്യാത്ഭുത പരിപാടിയിൽ പങ്കെടുക്കുന്നവരുടെ രീതികൾ സാമ്പ്രദായികമല്ല. സംസ്ഥാനത്തൊട്ടാകെ അവർ പ്രവർത്തിക്കുന്നുണ്ട്. അവരുടെ സൂത്രം, നൽഗൊണ്ടയിലെ ദി ഹിന്ദു റിപ്പോർട്ടർ എസ്. രാമു വെളിപ്പെടുത്തിയിട്ടുണ്ട്. ‘ഒ പൊസിറ്റീവ്’ രക്തഗ്രൂപ്പിലുള്ള ദിവ്യന്മാർ വേണമെന്നാണ് ഒരു നിബന്ധന. മറ്റൊരാൾ വെള്ളം അന്വേഷിക്കുന്നത്, പാമ്പുകളുടെ മാളങ്ങളുടെ താഴെയാണ്. ഏറ്റവുമധികം അനന്തപുരിലാണ് ഏറ്റവുമധികം ജല കിറുക്കന്മാരുള്ളത്
ഇത്തരം ചാപല്യങ്ങൾക്ക് താഴെയുള്ളത്, തുടർച്ചയായി വിളനഷ്ടമുണ്ടായിക്കൊണ്ടിരിക്കുന്ന ജില്ലയുടെ അതിജീവനത്വരയാണ്. പ്രതീക്ഷിച്ചതിലും റെഡ്ഡിയുടെ ശ്മശാന കുഴൽക്കിണറുകളിൽനിന്നും പ്രതീക്ഷിച്ചതുപോലെയുള്ള വെള്ളമൊന്നും ലഭിക്കുന്ന്നില്ല. വെള്ളത്തിനായുള്ള അന്വേഷണത്തിനായി ഈ വില്ലേജ് ഉദ്യോഗസ്ഥൻ (വി.ഒ.) ഇതുവരെയായി ഒരു ദശലക്ഷത്തിലധികം രൂപ ചിലവഴിച്ചിട്ടുണ്ട്. മാസാമാസം കടം വർദ്ധിക്കുകയാണ്. “കഴിഞ്ഞയാഴ്ച ഞാൻ സർക്കാരിന്റെ ഹെൽപ്പ്‌ലൈനിലേക്ക് വിളിച്ചു. ഈ മട്ടിൽ തുടർന്നുപോകാൻ എനിക്കാവില്ല. ഞങ്ങൾക്ക് കുറച്ച് വെള്ളമെങ്കിലും കിട്ടിയേ തീരൂ,” അദ്ദേഹം പറയുന്നു.


ചന്ദ്രശേഖർ റെഡ്ഡീ ഒരു ശ്മശാനത്തിൽ നാല് കുഴൽക്കിണറുകൾ കുഴിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പാടത്തും 32 കിണറുകളുണ്ട്. ജംബുലധിനെ ഗ്രാമത്തിൽ വ്യാപിച്ചുകിടക്കുന്ന തന്റെ ജലശേഖരത്തെ 8 കിലോമീറ്റർ നീളമുള്ള ഒരു പൈപ്പുലൈനുമായി ബന്ധിപ്പിച്ചിട്ടുണ്ട് അദ്ദേഹം
തുടർന്നുകൊണ്ടിരിക്കുന്ന കർഷക ആത്മഹത്യകളുടേയും മൂർച്ഛിക്കുന്ന കാർഷികപ്രതിസന്ധിയുടേയും പശ്ചാത്തലത്തിൽ, ദുരിതമനുഭവിക്കുന്നവരുമായി ബന്ധപ്പെടാൻ, ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡി ആരംഭിച്ചതാണ് ഈ ഹെൽപ്പ്‌ലൈൻ. കർഷക ആത്മഹത്യകൾ ഏറ്റവുമധികം നടക്കുന്ന സംസ്ഥാനത്ത്, ആത്മഹത്യകളുടെ എണ്ണത്തിൽ മുന്നിലാണ് അനന്തപുർ ജില്ല. ഇവിടെ, കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ, ‘ഔദ്യോഗിക കണക്കുപ്രകാരം’ 500-ലധികം കർഷകർ ആത്മഹത്യ ചെയ്തിട്ടുണ്ട്. മറ്റുള്ള ചില കണക്കുപ്രകാരം യഥാർത്ഥ സംഖ്യ ഇതിന്റെ എത്രയോ ഇരട്ടിയാണ്.
ഹെൽപ്പ്‌ലൈനിലേക്ക് റെഡ്ഡിക്ക് വിളിക്കേണ്ടിവന്നത് ഒരു അപായ സൂചനയാണ്. അപകടമേഖലയിലാണ് അദ്ദേഹമുൾപ്പെടുന്ന ആളുകൾ. വെള്ളം സ്വപ്നം കണ്ട്, കടത്തിൽ മുങ്ങിത്താഴുന്നവർ. അയാൾ നിക്ഷേപമിറക്കിയ കൃഷിയൊക്കെ താറുമാറായിരിക്കുന്നു. കുഴൽക്കിണറുകളും.
ഇത്തരം പ്രതിസന്ധികളെ ചൂഷണം ചെയ്യാൻ പാകത്തിലാണ് ധനികരുടെ നിൽപ്പ്. സ്വകാര്യ വെള്ളവിതരണക്കാർ പെട്ടെന്ന് പൊങ്ങിവന്നിരിക്കുന്നു. തങ്ങൾ കുഴിക്കുന്ന കുഴൽക്കിണറുകളിൽനിന്നുള്ള ജലം വിറ്റ് കൃഷിയിൽനിന്ന് ഉണ്ടാക്കുന്നതിനേക്കാളധികം ലാഭം കൊയ്യുന്ന ‘ജലപ്രഭു’‘ക്കളാണ് രംഗം കൈയ്യടക്കിയിരിക്കുന്നത്.
7,000 രൂപയോ അതിൽക്കൂടുതലോ കൊടുത്താൽ മാത്രമേ, പാവപ്പെട്ട കൃഷിക്കാർക്ക് നിലം ‘നനയ്ക്കാ‘നാവൂ. അതായത്, കന്നുകാലികളെ സൂക്ഷിക്കുന്നതുമുതൽ, വെള്ളം കിട്ടാൻവരെ, അയൽക്കാരന് പൈസ കൊടുക്കേണ്ട അവസ്ഥ വരുന്നു എന്നർത്ഥം. അല്ലെങ്കിൽ ടാങ്കറിൽ വരുന്ന വെള്ളത്തെ ആശ്രയിക്കേണ്ടിവരുന്നു.
ഇത്തരം സാഹചര്യങ്ങളിൽ, സമുദായത്തേക്കാൾ പ്രാധാന്യം വ്യാപാരത്തിന് കൈവരുന്നു. “ഒരേക്കർ കൃഷി ചെയ്യാനുള്ള ചിലവിനെ ഇത് എങ്ങിനെ ബാധിക്കുന്നു എന്ന് ഓർത്തിട്ടുണ്ടോ?” റെഡ്ഡി ചോദിക്കുന്നു. ഹൈവേയിലൂടെ അലയുന്ന കുഴൽക്കിണർ കമ്പനികളുമായി ഒത്തുകളിക്കുകയാണ് ജലദിവ്യന്മാർപോലും. പരസ്പര സഹായമാണ് അവരുടേത്. കുടിവെള്ളവും വലിയ പ്രതിസന്ധിയിലാണ്. കുടിവെള്ളത്തിനായി ഹിന്ദുപുർ പട്ടണത്തിലെ 1.5 ലക്ഷം താമസക്കാർ ചിലവിടുന്നത് വർഷത്തിൽ ഏതാണ്ട് 80 ദശലക്ഷം രൂപയാണ്. മുനിസിപ്പൽ ഓഫീസിന് ചുറ്റും ധാരാളം സ്ഥലങ്ങൾ വാങ്ങിക്കൂട്ടിയിട്ടുണ്ട് ഒരു പ്രാദേശിക ‘’ജലപ്രഭു’.

ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ ചുറ്റിക്കറങ്ങുന്ന കുഴൽക്കിണർ കുഴിക്കുന്ന റിഗ്ഗുകൾ
വെള്ളത്തിനുവേണ്ടിയുള്ള അനന്തപുരിന്റെ പരക്കംപാച്ചിലിൽ, അന്ധവിശ്വാസവും, ദുർമ്മന്ത്രവാദവും, ദൈവവും, സർക്കാരും, സാങ്കേതികവിദ്യയും നാളികേരവുമൊക്കെ രംഗത്തിറങ്ങിയിട്ടുണ്ടെങ്കിലും, എന്നാൽ അവയുടെ കൂട്ടായ ശ്രമങ്ങളൊന്നും വിജയിക്കുന്നില്ല
ഒടുവിൽ, മഴ എത്തിയെന്ന് തോന്നി. നാല് ദിവസത്തെ മഴ കിട്ടിയാൽ വിതയ്ക്കൽ മുന്നോട്ട് പോവും. പ്രതീക്ഷകൾ തളിരിടുമെന്നും, ആത്മഹത്യകൾ കുറയുമെന്നുമാണ് അതിന്റെയർത്ഥം. എന്നാൽ പ്രശ്നം പിന്നെയും ബാക്കിയാവുകയാണ്. നല്ലൊരു വിളവ് എപ്പോഴും സ്വാഗതാർഹമാണെങ്കിലും, മറ്റ് ചില നീറുന്ന പ്രശ്നങ്ങൾ തല പൊക്കാൻ തുടങ്ങും.
“വിചിത്രമെന്ന് തോന്നാം, നല്ല വിളവ് കിട്ടിയാൽ ആത്മഹത്യകൾ വർദ്ധിക്കാനും ഇടയുണ്ട്,” എന്ന്, അനന്തപുരിലെ ഇക്കോളജി സെന്റർ ഓഫ് ദ് റൂറൽ ഡെവലപ്മെന്റ് ട്രസ്റ്റിന്റെ ഡയറക്ടറായ മല്ല റെഡ്ഡി പറയുന്നു. “ചുരുങ്ങിയത് ഒരുലക്ഷം രൂപ ഒരു കർഷകന് കിട്ടിയേക്കും. എന്നാൽ, തുടർച്ചയായ കൃഷിനാശം മൂലം, 5 ലക്ഷം മുതൽ 6 ലക്ഷം രൂപവരെ കടബാധ്യതയിലായിട്ടുണ്ടാവും അയാൾ. വിവാഹങ്ങളെയൊക്കെ ഈ പ്രതിസന്ധി ബാധിക്കുന്നുണ്ട്. അതെല്ലാം നടത്തേണ്ടിവരുന്നത്, ഈ കിട്ടുന്ന പണംകൊണ്ടാണ്.
“നേരിടേണ്ടിവരുന്ന മറ്റൊരു പ്രശ്നം കൃഷിയിലിറക്കുന്ന ചിലവിന്റേതാണ്. ഒരു കർഷകൻ ഇതെല്ലാം എങ്ങിനെ മറികടക്കും. അടുത്ത ചില മാസങ്ങളിൽ, കടക്കാരിൽനിന്നുള്ള സമ്മർദ്ദവും വളരെയധികം വർദ്ധിക്കും. വായ്പാ പണയം അധികകാലം നിൽക്കുകയുമില്ല.”
ഇവിടെയുള്ള കർഷകരുടെ പ്രശ്നങ്ങൾ നോക്കിയാൽ, മഴയല്ല, ദുരിതങ്ങളാണ് പെയ്യുന്നത്. വെള്ളം സ്വപ്നം കണ്ട്, കടത്തിൽ മുങ്ങുകയാണ് അവർ.
പരിഭാഷ: രാജീവ് ചേലനാട്ട്