ഒരു ഷർട്ട് ഇസ്തിരിയിടാൻ സരോജിനിയ്ക്ക് ഒരു മിനിറ്റ് മതി. മുണ്ടാണെങ്കിൽ (ധോത്തി), രണ്ട് മിനിറ്റ്. ഇടയ്ക്കൊന്ന് പണി നിർത്തി, അവർ നനഞ്ഞ തുണിക്കഷണങ്ങൾ നിറച്ച് ഒരു കിഴികൊണ്ട് ചുളിഞ്ഞ ഷർട്ടിൽ ബലമായി അമർത്തുന്നു. ചുളിവുകൾ നിവർത്താനുള്ള ഒരു സൂത്രവിദ്യയാണത്.
15 വയസ്സുമുതൽ കേരളത്തിലെ ഫോർട്ട് കൊച്ചിയിലെ ധോബി ഖാനയിൽ തൊഴിലെടുക്കുന്ന തൊഴിലാളിയാണ് ഇപ്പോൾ 80 വയസ്സിലെത്തിനിൽക്കുന്ന സരോജിനി. അലക്ക് മുഖ്യ തൊഴിലാക്കിയ ഒരു പ്രദേശമാണ് ധോബി ഖാന. “ആരോഗ്യമുള്ളിടത്തോളം ഞാൻ ഈ തൊഴിൽ ചെയ്യും (തുണിയലക്കലും ഇസ്തിരിയിടലും). തനിക്ക് അനുവദിച്ച് സ്ഥലത്ത് നിന്ന് ഇസ്തിരിയിടുന്നതിനിടയിൽ അവർ പറഞ്ഞു.
60 വയസ്സായ കുമരേശനും ആ സ്ഥലത്തുണ്ട്. “ഇവിടെ ആവശ്യമുള്ളത് കഠിനാദ്ധ്വാനം മാത്രമാണ്”. അദ്ദേഹം പറഞ്ഞു. എല്ലാ ദിവസവും അതിരാവിലെ 5 മണിക്ക് തന്റെ സൈക്കിളിൽ ഈ സ്ഥലത്ത് കുമരേശൻ എത്തും. വീട്ടിൽനിന്ന് ഒരു കിലോമീറ്ററിൽത്താഴെ ദൂരമേയുള്ളു ഈ സ്ഥലത്തേക്ക്. അത്യാവശ്യമായി ചെയ്യേണ്ട ജോലികളുണ്ടെങ്കിൽ രാവിലെ 4 മണിക്കും എത്താറുണ്ട്. രാത്രി 11 മണിവരെ നീളും ഈ ജോലി. “ഇന്നെനിക്ക് കുറച്ച് വിശ്രമിക്കാൻ സമയം കിട്ടും. നാളെ കൊടുക്കേണ്ട തുണികളാണ്. നാളെ എനിക്ക് കുറച്ചധികം അദ്ധ്വാനിക്കേണ്ടിവരും”, അദ്ദേഹം പറഞ്ഞു.


ഇടത്ത്: കൊച്ചിയിലെ, പൊതു അലക്കൽകേന്ദ്രമായ ധോബി ഖാന, വെളി മൈതാനത്തിന്റെ ഒരറ്റത്താണ് ഇത്. വലത്ത്: ചുളിവുകൾ നിവർത്തുന്ന സരോജിനി. 15 വയസ്സുമുതൽ ജോലി ചെയ്യുകയാണ് അവരിവിടെ
എറണാകുളം ജില്ലയിലെ ഫോർട്ട് കൊച്ചി ഗ്രാമത്തിലെ വെളി മൈതാനത്തിന്റെ ഒരറ്റത്തായി രണ്ടേക്കറിൽ വ്യാപിച്ചുകിടക്കുന്ന ധോബി ഖാന നിർമ്മിച്ചത് ഗ്രേറ്റർ കൊച്ചിൻ ഡെവലപ്പ്മെന്റ് ഒഥോറിറ്റി യാണ് (വിശാലകൊച്ചി വികസന അതോറിറ്റി). സംസ്ഥാനത്ത് പട്ടികജാതിക്കാരായി അടയാളപ്പെടുത്തിയ വണ്ണാൻ സമുദായക്കാരാണ് ഇത് നടത്തുന്നത്. “150 വണ്ണാൻ സമുദായക്കാരുള്ളതിൽ, 30-ഓളം കുടുംബങ്ങൾ മാത്രമാണ് ഇപ്പോൾ ധോബി ഖാനയിൽ ജോലിയിലേർപ്പെട്ടിരിക്കുന്നത്”, ഗ്രാമത്തിലെ സമുദായത്തിന്റെ സെക്രട്ടറിയായ എം.പി. മനോഹരൻ പറഞ്ഞു.
സമുദായത്തിലെ അംഗങ്ങൾക്ക് മക്കളെക്കുറിച്ചുള്ള പ്രതീക്ഷകളിൽ ഈ തൊഴിൽ ഉൾപ്പെടുന്നില്ല. “എന്റെ കുട്ടികളെ ഈ തൊഴിൽ പഠിപ്പിക്കണമെന്ന് എനിക്ക് തോന്നിയിട്ടില്ല. അവർക്ക് വിദ്യാഭ്യാസം നൽകി. അവർ പഠിച്ചു. ഇനി അവരുടെ തീരുമാനമാണ്”, ധോബി ഖാനയിലെ ഒരു അലക്കുകാരനായ കെ.പി. രാജൻ പറയുന്നു.
ഇതിനുമുൻപ്, രാജൻ വിവിധ ദിവസക്കൂലി ജോലികൾക്ക് പോകാറുണ്ടായിരുന്നു. കേബിളുകളിടാൻ കുഴി വെട്ടുക, കല്ലുപണി, പുല്ലുവെട്ടൽ തുടങ്ങിയ പണികൾ. “പക്ഷേ ഈ തൊഴിൽ (തുണിയലക്കലും ഇസ്തിരിയിടലും) ഞാനൊരിക്കലും കൈവിട്ടില്ല”, അദ്ദേഹം പറയുന്നു. “ചില ദിവസം എനിക്ക് 1,000 രൂപ കിട്ടും. മറ്റ് ചില ദിവസങ്ങളിൽ 500 രൂപയും. ചില ദിവസങ്ങളിൽ ഒന്നും കിട്ടാതെ വീട്ടിൽ പോകേണ്ടിവരാറുമുണ്ട്. ഒരു ദിവസം എത്ര ജോലി ചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കും അത്”, 53 വയസ്സായ രാജൻ പറഞ്ഞു.
ധോബി ഖാനയിലെ ജോലിക്കാർക്ക് സ്വന്തമായി ആളുകളെ (ഗുണഭോക്താകളെ) കണ്ടെത്തണം. തുണികൾ അലക്കുക, ബ്ലീച്ച് ചെയ്യുക, നീട്ടിവലിക്കുക, ഇസ്തിരിയിടുക തുടങ്ങിയ സേവനങ്ങളാണ് ഇവർ നൽകുന്നത്. ഒരു വസ്ത്രം ഇസ്തിരിയിടുന്നതിന് 15 രൂപയാണ് വാങ്ങുന്നത്. അലക്കലും ഇസ്തിരിയിടലും ചെയ്യണമെങ്കിൽ 30 രൂപയും.


ഇടത്ത്: ഡിസംബറിനും ഫെബ്രുവരിക്കുമിടയിൽ വിനോദസഞ്ചാരികളിൽനിന്നും സന്ദർശകരിൽനിന്നും കെട്ടുകണക്കിന് തുണികൾ അലക്കാനും ഇസ്തിരിയിടാനും കിട്ടും. വലത്ത്: ഒരു വിനോദസഞ്ചാരി നൽകിയ ഒരു ഡോളറിന്റെ നോട്ട് കാണിക്കുന്ന ജയപ്രകാശ്
ഡിസംബറിലും ഫെബ്രുവരിയിലും വിനോദസഞ്ചാരികളെക്കൊണ്ടും സന്ദർശകരെക്കൊണ്ടും ഫോർട്ട് കൊച്ചി നിറയുമെന്ന് കുമരേശൻ പറയുന്നു. ഈ മാസങ്ങളിൽ കെട്ടുകണക്കിന് തുണികൾ ധോബി ഖാനയിലെത്തും. മറ്റ് സമയങ്ങളിൽ, ആശുപത്രികളും പ്രദേശത്തെ ഹോട്ടലുകളും വീടുകളുമാണ് അവരുടെ തൊഴിൽദാതാക്കൾ.
കഴിഞ്ഞ കുറച്ച് ദശകങ്ങളായി വാഷിംഗ് മെഷീനുകളും ആധുനിക അലക്കൽ യന്ത്രങ്ങളും (ലാണ്ട്രോമാറ്റ്) ഉപയോഗിക്കുന്ന വീടുകളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായിട്ടുണ്ടെന്ന് നാഷണൽ സാമ്പിൾ സർവ്വേയുടെ 68—ആം റൌണ്ട് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
എന്നാൽ കൈകൊണ്ട് അലക്കുകയും ഇസ്തിരിയിടുകയും ചെയ്യുന്ന രാജനെ ഈ മത്സരം ഒട്ടും അലട്ടുന്നില്ല. “കഞ്ഞിപിഴിയൽ പോലുള്ള ജോലികളൊന്നും യന്ത്രങ്ങൾകൊണ്ട് ചെയ്യാനാവില്ല. രാഷ്ട്രീയക്കാരിടുന്ന വസ്ത്രങ്ങൾ കൈകൊണ്ടുതന്നെ അലക്കുകയും ഇസ്തിരിയിടുകയും വേണം”, അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 23 കൊല്ലമായി ഈ അലക്കുകേന്ദ്രത്തിൽ ജോലി ചെയ്യുകയാണ് എ.എസ്. ജയപ്രകാശ്. “ഇത് നിങ്ങളുടെ കോർപ്പറേറ്റ് ജോലിപോലെയല്ല. എപ്പോൾ ജോലി ചെയ്യണമെന്ന് ഞങ്ങളാണ് തീരുമാനിക്കുക”, താളത്തിൽ, തുണികളലക്കിക്കൊണ്ട് 58 വയസ്സുള്ള അദ്ദേഹം പറഞ്ഞു.

അലക്കുകേന്ദ്രം സ്ഥിതി ചെയ്യുന്ന ഫോർട്ട് കൊച്ചിയിലെ വെളി മൈതാനം

അലക്കുകാർ രാവിലെ 5 മണിമുതൽ ഇവിടെ ജോലി ആരംഭിക്കുന്നു

തുണികളലക്കാൻ ഓരോ തൊഴിലാളിക്കും ഓരോ തൊട്ടി (വെള്ളം നിറയ്ക്കാനുള്ള സ്ഥലം) തൊഴിലാളികളുടെ കുറവുമൂലം ചില തൊട്ടികൾ ഉപയോഗശൂന്യമായി കിടക്കുന്നു

തന്റെ തൊട്ടിയിൽ നിന്ന് ജോലി ചെയ്യുന്ന കുമരേശൻ

മുളകളിൽ ഞാത്തിയ കയറുകളിൽ തുണികൾ തോരിയിടുന കമലമ്മ

കയറുകൾക്കിടയിൽ ശ്രദ്ധാപൂർവ്വം തുണികൾ തൂക്കിയിടുന്ന രാജൻ

ആധുനിക അലക്കൽ യന്ത്രങ്ങളും വാഷിംഗ് മെഷീനുകളും ഉണ്ടാക്കുന്ന മത്സരത്തെക്കുറിച്ച് ആശങ്കയില്ലാത്ത രാജൻ പറയുന്നു, ‘കഞ്ഞിപിഴിയൽ പോലുള്ള പണികളൊന്നും യന്ത്രങ്ങൾ ചെയ്യില്ല. രാഷ്ട്രീയക്കാരുടെ വസ്ത്രങ്ങളൊക്കെ കൈകൊണ്ടുതന്നെ അലക്കുകയും ഇസ്തിരിയിടുകയും ചെയ്യണം’

ധോബി ഖാനയ്ക്കകത്ത് ഇരുമ്പുകൊണ്ടുള്ള ഷെഡ്ഡിനകത്ത്, പശയുള്ള വെളുത്ത തുണികൾ ഉണക്കുന്നു

പുതുതായി അലക്കി വൃത്തിയാക്കിയ വെളുത്ത കിടക്കവിരികൾ മടക്കുന്ന രാജൻ

ഇവിടെ ഉപയോഗത്തിലുള്ള ചുരുക്കം ചില ഉണക്കൽ യന്ത്രങ്ങളിലൊന്ന്

ഒന്ന് നടുനിവർത്താനായി, ചുടു ചായ കുടിക്കുന്ന ഒരു തൊഴിലാളി

ദൈവങ്ങളുടെ പടങ്ങൾ തൂക്കിയ ഇരുമ്പ് ഷെഡ്ഡ്

ധോബികളുടെ ചിരന്തനസുഹൃത്താണ് പരമ്പരാഗത ഇരുമ്പ് ഇസ്തിരിപ്പെട്ടികൾ. ഇസ്തിരിയിടുന്നതിനുമുൻപ്, പെട്ടിക്കകത്തെ കരിക്കട്ട ചൂടാക്കണം

ചൂടുള്ള കരിക്കട്ട നിറച്ച ഇസ്തിരിപ്പെട്ടിയിൽ ഊതുന്ന 80 വയസ്സുള്ള സരോജിനി

തുണികളിലെ ചുളിവുകൾ നിവർത്താൻ സരോജിനി ഉപയോഗിക്കുന്നത്, നനഞ്ഞ തുണിക്കഷണങ്ങൾ നിറച്ച ഒരു കിഴിയാണ്

ഇപ്പോഴും ഉപയോഗത്തിലുള്ള, ധോബി ഖാനയിലെ ആദ്യത്തെ വൈദ്യുത ഇസ്തിരിപ്പെട്ടി

പുതുതായി അലക്കിയ തുണികൾ ശ്രദ്ധയോടെ മടക്കിവെക്കുന്ന സരോജിനി

ആളുകൾക്ക് തിരിച്ചുകൊടുക്കാൻ പാകത്തിൽ വെച്ചിരിക്കുന്ന വൃത്തിയായി കെട്ടിവെച്ച ഭാണ്ഡങ്ങൾ
പരിഭാഷ: രാജീവ് ചേലനാട്ട്