നിഷ നിലത്തിരുന്ന് സ്വയം വീശിക്കൊണ്ടിരിക്കുകയാണ്. ചൂടേറിയ ജൂൺ മാസത്തിലെ ഉച്ചതിരിഞ്ഞ നേരത്ത് ഉയർന്നുകൊണ്ടിരിക്കുന്ന താപനിലക്കൊപ്പം പുകയിലയുടെയും ഉണങ്ങിയ ഇലകളുടെയും മണം അന്തരീക്ഷത്തിൽ ഘനീഭവിച്ചിരിക്കുന്നു. "ഈ ആഴ്ചയിൽ ഇത്ര ബീഡികളേ എനിക്കുണ്ടാക്കാൻ കഴിഞ്ഞുള്ളൂ", 17 ബീഡികളുടെ കെട്ടുകളായി പൊതിഞ്ഞ ഏകദേശം 700 ബീഡികൾ ചൂണ്ടിക്കാണിച്ചുകൊണ്ട് ഇവൾ പറയുന്നു. "അവയ്ക്ക് ഒരുപക്ഷേ രൂ.100-ൽ താഴെയായിരിക്കും വില", ഒരാഴ്ചകൊണ്ട് തീർത്ത തന്റെ ജോലിയെക്കുറിച്ച് 32-കാരിയായ ഈ ബീഡി നിർമ്മാതാവ് പറയുന്നു. മധ്യപ്രദേശിലെ ആയിരം ബീഡികൾ നിർമിച്ചാൽ ദാമോഹ് ജില്ലയിൽ നിങ്ങൾക്ക് 150 രൂപ സമ്പാദിക്കാം.
എല്ലാ ബുധനാഴ്ചയും വെള്ളിയാഴ്ചയും ബീഡിതെറുപ്പുകാർ തങ്ങൾ നിർമിച്ച ബീഡികൾ കൊണ്ടുവരികയും അടുത്ത തവണത്തേക്ക് വേണ്ട അസംസ്കൃത വസ്തുക്കൾ ശേഖരിക്കുകയും ചെയ്യുന്നു. ദാമോഹ് നഗരത്തിന്റ് പ്രാന്തപ്രദേശങ്ങളിൽ ധാരാളം ബീഡി ഫാക്ടറികൾ സ്ഥിതി ചെയ്യുന്നുണ്ട്. ഫാക്ടറികൾ ഠെക്കേദാർമാർക്ക് (കരാറുകാർക്ക്) ജോലി നൽകുകയും, അവരാകട്ടെ കരാറടിസ്ഥാനത്തിൽ പ്രധാനമായും സ്ത്രീകളെ ഈ ജോലി ഏൽപ്പിക്കുകയും ചെയ്യുന്നു.
സ്ത്രീകൾ അവർക്കുള്ള അസംസ്കൃത വസ്തുക്കൾ ശേഖരിച്ചതിനുശേഷം ആഴ്ചയിലുടനീളം പുകയില നിറച്ച് തെന്തു ഇലകൾ ചുരുട്ടുകയും വൃത്തിയായി നേർത്ത നൂലുകൾകൊണ്ട് ബീഡികളുടെ ‘കട്ട‘കളായി (കെട്ടുകൾ) കെട്ടിവെക്കുകയും ചെയ്യും. വീട്ടുജോലികൾ പൂർത്തിയാക്കിയശേഷമാണ് ഇവർ ഈ ജോലിയിൽ ഏർപ്പെടുന്നത്. 8-10 പേരങ്ങിയ കുടുംബങ്ങളെ പോറ്റുന്നതിന്, പ്രതിമാസ ശരാശരി വരുമാനമായ 19,000-20,000-ത്തിനുപുറമേ കൂടുതലെന്തെങ്കിലും സമ്പാദിക്കാൻ ഈ തൊഴിൽ അവരെ സഹായിക്കുന്നു. ഈ സ്ത്രീകളിൽ മിക്കവരും കർഷകത്തൊഴിലാളികളോ ചെറിയ കൃഷിയിടങ്ങളുള്ളവരോ ആണ്.
"ഉണങ്ങിയ തെന്തു ഇലകൾ അവയുടെ ഞരമ്പുകൾ പുറത്തുവരുന്നതുവരെ വെള്ളത്തിൽ മുക്കിവെക്കണം. അതിനുശേഷം, ഇലകളെ ഒരു ഫാർമ [ഇരുമ്പ് മുദ്രണത്തകിട്] ഉപയോഗിച്ച് ചെറിയ ദീർഘചതുരങ്ങളായി മുറിക്കുന്നു. തുടർന്ന് സർദ (സുഗന്ധമുള്ള പുകയില) അകത്ത് ചേർത്തതിനുശേഷം ഇലകളെ ഒരു ബീഡിയുടെ രൂപത്തിൽ ചുരുട്ടുന്നു", നിഷ വിശദീകരിക്കുന്നു. ഓരോ ബീഡിയും ഒരു പ്രത്യേക നിറമുള്ള നൂലുകൊണ്ട് കെട്ടണം, ഇത് ഒരു ബീഡി കമ്പനിയെ മറ്റൊന്നിൽനിന്നും വേർതിരിക്കാൻ സഹായിക്കുന്നു.
പിന്നീടിവ ബീഡി 'ഫാക്ടറി'യിലേക്ക് വിൽപ്പനക്കായി കൊണ്ടുവരുന്നു. ഈ ഫാക്ടറി അടിസ്ഥാനപരമായി ഒരു ബീഡി നിർമ്മാണ ബ്രാൻഡിന്റെ പ്രോസസ്സിംഗ്, പാക്കേജിംഗ് യൂണിറ്റും സംഭരണശാലയുമാണ്. ബീഡി നിർമ്മാതാക്കൾ അവർ നിർമിച്ച ബീഡികൾ കരാറുകാർക്ക് കൈമാറുകയാണ് പതിവ്. കരാറുകാർ അവരോടൊപ്പം ഫാക്ടറിയിലെത്തുകയോ അഥവാ അവർക്കു നേരിട്ട് പണം നൽകുകയോ ചെയ്യുന്നു. ഫാക്ടറിക്കുള്ളിൽ, ബീഡികൾ തരംതിരിക്കപ്പെടുകയും, ചുടുകയും, പൊതിഞ്ഞു സൂക്ഷിക്കപ്പെടുകയും ചെയ്യുന്നു.


സമീപത്തെ ചിന്ദ്‌വാരയിലും മറ്റ് പ്രദേശങ്ങളിലുമുള്ള നിരവധി തെന്തു വനങ്ങൾ തെന്തു ഇലകളുടെ സമ്പന്നമായൊരു ഉറവിടമാണ് - ബീഡി ഉത്പാദനത്തിലെ നിർണായകഘടകമായ ഈ ഇലകൾ പുകയില പൊതിയാനായി ഉപയോഗിക്കുന്നു. വലത്ത്: വീട്ടുജോലികൾക്കിടയിൽ നിഷ ബീഡികൾ ചുരുട്ടുന്നു
ഇവിടെയുള്ള ബീഡി നിർമ്മാതാക്കളിൽ ഭൂരിഭാഗവും മുസ്ലീം സ്ത്രീകളാണെങ്കിലും ഇതാര സമുദായക്കാരും ഈ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നു.
ദാമോഹിൽ ഏകദേശം 25 ബീഡി ഫാക്ടറികൾ സ്ഥാപിക്കപ്പെട്ടതിന്റെ കാരണം, ചുറ്റുമുള്ള ജില്ലകളിലെ തെന്തു വനങ്ങളുടെ സാമീപ്യമാണ് - 31 ശതമാനം വനവിസ്തൃതിയുള്ള മധ്യപ്രദേശിലാണ് ഈ തെന്തു വനങ്ങൾ സ്ഥിതിചെയ്യുന്നത്. സിയോണി, മാണ്ട്‌ല, സെഹോർ, റെയ്സൻ, സാഗർ, ജബൽപൂർ, കട്നി, ചിന്ദ്‌വാര മുതലായ സ്ഥലങ്ങൾ, തെന്തു ഇലകളുടെ സമ്പന്നമായ സ്രോതസ്സാണ്. ബീഡി നിർമ്മാണത്തിലെ മുഖ്യ ഘടകമാണ് തെന്തു ഇലകൾ. പുകയില പൊതിയാൻ ആ ഇലകളാണ് ഉപയോഗിക്കുന്നത്.
*****
വേനൽക്കാലത്തെ ഇളം ചൂടുള്ള ഒരു ഉച്ചസമയം, വർണ്ണശബളമായ സൽവാർ കമീസുകളണിഞ്ഞ, അര ഡസൻ സ്ത്രീകൾ അവരുടെ ബീഡികളുമായി കാത്തിരിക്കുകയാണ്. അടുത്തുള്ള പള്ളിയിൽനിന്നുള്ള വെള്ളിയാഴ്ചയിലെ ബാങ്കുവിളി അവരുടെ സംസാരത്തിനും ഠെക്കേദാറുമായുള്ള വാക്കുതർക്കങ്ങൾക്കും മീതെ കേൾക്കാം. തങ്ങളുടെ ഒരാഴ്ചത്തെ അദ്ധ്വാനം തസ്‌ലയിലാക്കി (വലിയ പാത്രം), അതിന്റെ എണ്ണമെടുപ്പിനായി അവർ കാത്തിരിക്കുകയാണ്.
എണ്ണം കണക്കാക്കുന്നതിൽ അസന്തുഷ്ടയാണ് ആമിന (യഥാർത്ഥ പേരല്ല) "ഇതിലും എത്രയോ അധികം [ബീഡികൾ] ഉണ്ടായിരുന്നു, പക്ഷേ തരംതിരിക്കുമ്പോൾ ഠെക്കേദാർ അവയെയൊക്കെ ഒഴിവാക്കി" അവൾ പറയുന്നു. സ്ത്രീകൾ അവരെത്തന്നെ സ്വയം വിശേഷിപ്പിക്കുന്നത് ബീഡി മജ്ദൂർ (തൊഴിലാളികൾ) എന്നാണ്. തങ്ങളുടെ അദ്ധ്വാനവുമായി തട്ടിച്ചുനോക്കുമ്പോൾ, 1,000 ബീഡികൾക്കായി ലഭിക്കുന്ന 150 രൂപ വളരെ കുറവാണെന്ന് അവർ പരാതിപ്പെടുന്നു.
"ഇതിലും നല്ലത് തയ്യൽ തുടങ്ങുന്നതാണ്. അതാകുമ്പോൾ എനിക്ക് ഇതിലുമധികം പ്രതിഫലം ലഭിക്കും", ദാമോഹിൽനിന്നുള്ള മുൻ ബീഡിതെറുപ്പുകാരിയായ ജാനു പറയുന്നു. പക്ഷെ 14-ആം വയസ്സിൽ ജോലിയാരംഭിച്ചപ്പോൾ, "എനിക്ക് അധികം വൈദഗ്ധ്യമോ ഒരു നിശ്ചയമോ ഒന്നും ഉണ്ടായിരുന്നില്ല", എന്നവർ പറയുന്നു.


സുഗന്ധമുള്ള പുകയില, സർദ (ഇടത്ത്) തെന്തു ഇലകളിൽ പൊതിഞ്ഞ് ബീഡികളുണ്ടാക്കുന്നു (വലത്ത്)
മണിക്കൂറുകൾതോറും കുനിഞ്ഞിരിക്കേണ്ടിവരുന്നതുമൂലം തൊഴിലാളികൾക്ക് കഠിനമായ പുറംവേദനയും കഴുത്തുവേദനയും, കൈകളിൽ തരിപ്പും അനുഭവപ്പെടാറുള്ളതിനാൽ പതിവ് വീട്ടുജോലികൾ ചെയ്യാൻ ഇവർ നന്നെ ബുദ്ധിമുട്ടുന്നു. സ്ത്രീകൾക്ക് നഷ്ടപരിഹാരമോ വൈദ്യസഹായമോ ഒന്നും ലഭിക്കുന്നില്ല, ഫാക്ടറി ഉടമകളാകട്ടെ ഇവരുടെ ബുദ്ധിമുട്ടുകൾ നിസ്സാരമായി തള്ളിക്കളയുന്നു. ഇവരുടെ ജോലിയുമായി ബന്ധപ്പെട്ട രോഗങ്ങൾ പൂർണ്ണമായും അവഗണിച്ചുകൊണ്ട് ഫാക്ടറി ഉടമകളിൽ ഒരാൾ പറഞ്ഞത്, "സ്ത്രീകൾ വെറുതെ വീട്ടിൽ ഇരുന്ന് ബീഡി ചുരുട്ടുകയല്ലേ ചെയ്യുന്നുള്ളു" എന്നായിരുന്നു.
"അവർക്ക് ആഴ്ചയിൽ 500 രൂപവരെ സമ്പാദിക്കാൻ കഴിയും", അയാൾ പറഞ്ഞു, തന്റെ അഭിപ്രായത്തിൽ ഗാർഹികച്ചെലവുകൾ നിറവേറ്റുന്നതിന് ഇതൊരു നല്ല 'മാർഗ്ഗ’മാണെന്ന് അയാൾ കൂട്ടിച്ചേർത്തു. പക്ഷെ, അയാളുടെ കണക്കുപ്രകാരം ആഴ്ചയിൽ 500 രൂപ സമ്പാദിക്കാൻ ഒരു തൊഴിലാളി ഏകദേശം 4,000 ബീഡികൾ നിർമ്മിക്കേണ്ടിവരും നിലവിൽ ഇത്ര ബീഡികൾ നിർമ്മിക്കാൻ അവർക്ക് ഒരു മാസമെങ്കിലും വേണ്ടിവരുകയും ചെയ്യും.
ഞങ്ങൾ സംസാരിച്ച എല്ലാ സ്ത്രീകളും അവർ നേരിടുന്ന ശാരീരികക്ലേശങ്ങളെക്കുറിച്ചും പരിക്കുകളെക്കുറിച്ചും ഞങ്ങളോടു പരാതിപ്പെട്ടു. തുടർച്ചയായി നനഞ്ഞ ഇലകൾ ചുരുട്ടുന്നതും പുകയിലയുമായുള്ള നിരന്തര സമ്പർക്കവും ത്വക്ക് രോഗങ്ങൾക്കും കാരണമാകുന്നുണ്ട്. “എന്റെ കൈകളിൽ നിറയെ മുറിവുകളാണ്. ചിലപ്പോൾ ആ പാടുകൾ മായാതെ അവശേഷിക്കുകയും ചെയ്യുന്നു”, 10 വർഷത്തെ ജോലിക്കിടെ തനിക്കേറ്റ മുറിവുകൾ കാണിച്ചുകൊണ്ട് ഒരു തൊഴിലാളി സ്ത്രീ പറയുന്നു.
നനഞ്ഞ ഇലകൾ തുടർച്ചയായി കൈകാര്യം ചെയ്യേണ്ടിവരുന്നതിന്റെ ബുദ്ധിമുട്ട് ഇല്ലാതാക്കാൻ "ഉറങ്ങുന്നതിനുമുമ്പ് ഞാൻ എന്റെ കൈകളിൽ ബോറോളിൻ (സുഖപ്പെടുത്തുന്ന തൈലം) പുരട്ടും, ഇല്ലെങ്കിൽ പുകയിലയുടെയും നനഞ്ഞ ഇലകളുടെയും സമ്പർക്കംമൂലം എന്റെ തൊലി ഉരിഞ്ഞുവരും" എന്ന് മറ്റൊരു തൊഴിലാളിയായ സീമ (പേര് മാറ്റി) പറയുന്നു. "ഞാൻ പുകയില കഴിക്കാറില്ല, പക്ഷേ അതിന്റെ മണം കിട്ടിയാൽത്തന്നെ ഞാൻ ചുമക്കാൻ തുടങ്ങും" 40 വയസ്സുള്ള അവർ കൂട്ടിച്ചേർക്കുന്നു. ഒടുവിൽ ഏതാണ്ട് 12-13 വർഷങ്ങൾക്കുമുമ്പ്, അവർ ഈ തൊഴിലുപേക്ഷിച്ച് നഗരത്തിൽ ഒരു വീട്ടുജോലിക്കാരിയായി ജോലി ആരംഭിച്ച്, ഇപ്പോൾ പ്രതിമാസം 4,000 രൂപ സമ്പാദിക്കുന്നു.
റസിയ (യഥാർത്ഥ പേരല്ല) അവർക്ക് ഓർമിക്കാൻ കഴിയുന്നതിനേക്കാൾ എത്രയോ മുൻപുമുതൽ ബീഡി ചുരുട്ടിത്തുടങ്ങിയതാണ്. "നിങ്ങൾ ഏതുതരം ഇലകളാണ് ഞങ്ങൾക്ക് നൽകുന്നത്? ഇവയുപോയാഗിച്ച് ഞങ്ങൾ എങ്ങനെ നല്ല ബീഡികൾ നിർമ്മിക്കും? പിന്നീട് പരിശോധിക്കുമ്പോൾ നിങ്ങൾ ഇവയെല്ലാം നിരസിക്കാനാണ് പോകുന്നത്." തെന്തു ഇലകൾ തൂക്കിനോക്കുന്ന ഠെക്കേദാറിനോട് അവർ പരാതി പറയുന്നു.

ബുധനാഴ്ചകളിലും വെള്ളിയാഴ്ചകളിലും ബീഡിതെറുപ്പുകാർ ഫാക്ടറിയിൽ അസംസ്കൃത വസ്തുക്കൾ - തെന്തു ഇലകളും സർദയും - ശേഖരിക്കാൻ വരുന്നു
മഴക്കാലം മറ്റൊരു തലവേദനയാണ്. “മഴക്കാലത്തെ നാല് മാസങ്ങളിൽ, മിക്കവാറും എല്ലാ ബീഡികളും ചവറ്റുകുട്ടയിലേക്ക് പോകുന്നതുപോലെ തോന്നാറുണ്ട്", നനഞ്ഞ തെന്തു ഇലയിൽ പൊതിഞ്ഞ പുകയില ശരിയായി ഉണങ്ങിയില്ലെങ്കിൽ, അതിൽ പൂപ്പൽ പിടിക്കുകയും അതടങ്ങിയ കെട്ട് മുഴുവൻ നശിക്കുകയും ചെയ്യുന്നു. "ഞങ്ങൾക്ക് ഞങ്ങളുടെ വസ്ത്രങ്ങൾതന്നെ (മഴക്കാലത്ത്) വൃത്തിയായി ഉണക്കാൻ സാധിക്കുന്നില്ല, പക്ഷേ ഞങ്ങൾക്ക് ആ ബീഡികൾ ഉണക്കിയേ പറ്റൂ", ഇല്ലെങ്കിൽ ഇവർക്ക് ഒന്നും സമ്പാദിക്കാനുണ്ടാവില്ല.
ഠെക്കേദാർ ഒരു ബീഡി നിരസിക്കുമ്പോൾ, തൊഴിൽ സമയത്തിന്റെ നഷ്ടത്തിനുപുറമെ, അത് നിർമ്മിക്കാൻ ഉപയോഗിച്ച അസംസ്കൃത വസ്തുക്കളുടെ വിലയും തൊഴിലാളികളുടെ വരുമാനത്തിൽനിന്ന് കുറയ്ക്കാറുണ്ട്. "ബീഡികൾ എണ്ണുന്നതിനായുള്ള വരി വളരെ നീളമുള്ളതായിരിക്കും. ഒടുവിൽ ഞങ്ങളുടെ ഊഴം വരുമ്പോൾ, ഠെക്കേദാർമാർ അവയിൽ പകുതിയും നീക്കം ചെയ്യും”, ആ കാത്തിരിപ്പും ഉത്കണ്ഠയും ഓർത്തുകൊണ്ട് ജാനു പറയുന്നു.
നീളം, കനം, ഇലകളുടെ ഗുണനിലവാരം, ചുരുട്ടൽ തുടങ്ങി നിരവധി മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ബീഡികൾ നിരസിക്കപ്പെടാറുള്ളത്. "ചുരുട്ടുമ്പോൾ ഇലകൾ പൊട്ടുകയും ചെറുതായി കീറുകയും ചെയ്താൽ, അല്ലെങ്കിൽ അവയെ ബന്ധിപ്പിക്കുന്ന നൂൽ അയഞ്ഞാൽ, ബീഡികൾ നിരസിക്കപ്പെടും", അറുപതുകളിലെത്തിയ ഒരു ബീഡി മജ്ദൂർ വിശദീകരിക്കുന്നു. നിരസിക്കപ്പെട്ട ബീഡികൾ ഠെക്കേദാർമാർ സ്വയം സൂക്ഷിക്കുകയും കുറഞ്ഞ വിലയ്ക്ക് വിൽക്കുകയും ചെയ്യുന്നുവെന്ന് തൊഴിലാളികൾ പറയുന്നു. “എന്നാൽ അതിനുള്ള പ്രതിഫലം ഞങ്ങൾക്ക് ലഭിക്കാറില്ല. നിരസിക്കപ്പെട്ട ആ ബീഡികൾ ഞങ്ങൾക്ക് തിരികെ ലഭിക്കാറുമില്ല", അവർ പറയുന്നു.
*****
1976 ലെ ബീഡി വർക്കേഴ്സ് വെൽഫെയർ ഫണ്ട് ആക്ട് പ്രകാരം 1977-ൽ ബീഡിതെറുപ്പിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാവർക്കുമായി കേന്ദ്ര സർക്കാർ ബീഡി കാർഡുകൾ നിർമ്മിക്കാൻ തുടങ്ങി. തൊഴിലാളികളെ തിരിച്ചറിയുക എന്നതാണ് ബീഡി കാർഡുകളുടെ പ്രധാന ലക്ഷ്യമെങ്കിലും, സർക്കാർ ആശുപത്രികളിൽ സൌജന്യ ചികിത്സ, പ്രസവ ആനുകൂല്യങ്ങൾ, മരിച്ചവരുടെ അന്ത്യകർമങ്ങൾക്കുള്ള പണം, നേത്രപരിശോധനയും കണ്ണടയും, സ്കൂൾ കുട്ടികൾക്കുള്ള സ്കോളർഷിപ്പുകൾ, സ്കൂൾ യൂണിഫോം ഗ്രാന്റുകൾ തുടങ്ങി നിരവധി സർക്കാർ പദ്ധതികൾ പ്രയോജനപ്പെടുത്താനും ഇത് അവരെ പ്രാപ്തരാക്കുന്നു. 1966-ലെ ബീഡി ആൻഡ് സിഗാർ വർക്കേഴ്സ് (തൊഴിൽ വ്യവസ്ഥകൾ) നിയമം , ഈ ആനുകൂല്യങ്ങൾ നേടാൻ അവരെ സഹായിക്കുന്നു. മിക്കപ്പോഴും, കാർഡുള്ള ബീഡിത്തൊഴിലാളികൾ നിർദ്ദിഷ്ട ഡിസ്പെൻസറികളിൽനിന്ന് സൌജന്യമോ സബ്സിഡിയുള്ളതോ ആയ മരുന്ന് ലഭിക്കാൻ ഇത് ഉപയോഗിക്കുന്നു.
"ഇത് അത്ര വലിയ കാര്യമൊന്നുമല്ല, പക്ഷേ ശരീരവേദനയ്ക്കും പനിക്കും അടിസ്ഥാനമരുന്നുകൾ വാങ്ങാനെങ്കിലും ഇതിലൂടെ സാധിക്കുന്നു", ദാമോഹിൽനിന്നുള്ള 30 വയസ്സുകാരിയായ ഖുശ്ബു രാജ് എന്ന ബീഡി കാർഡുടമ പറയുന്നു. 11 വർഷമായി ബീഡിതെറുപ്പിൽ ഏർപ്പട്ടിരുന്ന ഇവർ അടുത്തിടെ ദാമോഹ് നഗരത്തിലെ ഒരു ചെറിയ വളക്കടയിൽ സെയിൽസ് അസിസ്റ്റന്റായി ജോലി ചെയ്യാൻ പോയി.

തൊഴിലാളികളെ തിരിച്ചറിയുന്നതിനുള്ള ബീഡി കാർഡ്
കാർഡ് നിരവധി ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും നിർദ്ദിഷ്ട ഡിസ്പെൻസറികളിൽ നിന്ന് സൌജന്യമോ സബ്സിഡിയുള്ളതോ ആയ മരുന്ന് വാങ്ങാനായിട്ടാണ് മിക്ക ബീഡി തൊഴിലാളികളും കാർഡുപയോഗിക്കുന്നത്. കാർഡെടുക്കാനുള്ള പ്രക്രിയ ചൂഷണത്തിനിരയാക്കുന്ന ഒരനുഭവമാകാനും സാധ്യതയുണ്ട്
കാർഡ് ലഭിക്കുന്നതിന്, "ഞങ്ങൾ ഓഫീസറുടെ മുന്നിൽ കുറച്ച് ബീഡികൾ നിർമ്മിക്കണം", ഖുശ്ബു പറയുന്നു, “ഞങ്ങൾക്ക് ബീഡികൾ നിർമ്മിക്കാൻ ശരിക്കും അറിയാമോ അതോ ആനുകൂല്യങ്ങൾ തട്ടിയെടുക്കാനായി വ്യാജ കാർഡുണ്ടാക്കാൻ ശ്രമിക്കുകയാണോ എന്ന് പരിശോധിക്കാനാണ് അത് ചെയ്യുന്നത്”, അവർ കൂട്ടിച്ചേർക്കുന്നു.
"ഞങ്ങൾ ഞങ്ങളുടെ കാർഡുണ്ടാക്കിയാൽ അവർ പണം വെട്ടിക്കുറയ്ക്കും", ഒരു സ്ത്രീ പറഞ്ഞു. അവർക്ക് അവരുടെ പഴയ ഗ്രാമത്തിൽ കാർഡുണ്ടായിരുന്നു. കാർഡുമായി ബന്ധപെട്ട് നടക്കുന്ന ദുരുപയോഗങ്ങൾക്കെതിരേ വിരൽ ചൂണ്ടാൻ വിസമ്മതിച്ചുവെങ്കിലും, ഉടമകൾ തൊഴിലാളികളിൽനിന്ന് പണം വെട്ടിക്കുറച്ച് ഫണ്ടിനായി ഉപയോഗിക്കുന്നുണ്ടെന്ന് അവർ തുറന്ന് സമ്മതിച്ചു. 1976ലെ നിയമപ്രകാരം സർക്കാരും ഈ ഫണ്ടിലേക്ക് തുല്യ തുക സംഭാവന ചെയ്യുന്നുണ്ട്. തൊഴിലാളികൾക്ക് ഒന്നുകിൽ മേൽപ്പറഞ്ഞ ചില ആവശ്യങ്ങളുടെ പേരിൽ ഈ പണം പിൻവലിക്കാം, അല്ലെങ്കിൽ ബീഡിതെറുപ്പ് പൂർണമായും നിർത്തിയതിനുശേഷം അവർക്ക് മുഴുവൻ നിക്ഷേപവും തിരികെ ലഭിക്കും.
രണ്ടുമാസം മുമ്പ് അവർ ബീഡിതെറുപ്പ് നിർത്തിയപ്പോൾ ഖുശ്ബുവിന് 3,000 രൂപ ഫണ്ടിൽനിന്ന് ലഭിച്ചു. ചില തൊഴിലാളികൾക്ക്, ഈ ഫണ്ട് സംവിധാനം പ്രയോജനകരമാണെന്ന് തോന്നുന്നുണ്ടെങ്കിലും മറ്റ് പലർക്കും ഇതിലൂടെ അവരുടെ അധ്വാനത്തിന് ലഭിക്കേണ്ടതിലും കുറഞ്ഞ വേതനമാണ് ഉടൻ ലഭിക്കുന്നതെന്ന് തോന്നുന്നു. ഇതിനുപുറമേ, ഫണ്ട് പണം ഭാവിയിൽ അവർക്ക് തിരികെ കിട്ടുമെന്നതിന് യാതൊരു ഉറപ്പുമില്ല.
ബീഡി കാർഡ് പ്രയോജനകരമാണെന്ന് തോന്നുമെങ്കിലും, അത് നിർമ്മിക്കുന്നതിനുള്ള പ്രക്രിയ ശരിയായ മേൽനോട്ടമില്ലാത്തതും ചിലർക്കെങ്കിലും, ചൂഷണത്തിനിരയാക്കുന്ന ഒരനുഭവവുമാവാറുണ്ട്. ബീഡി കാർഡ് നിർമ്മിക്കാൻ പ്രാദേശിക കേന്ദ്രത്തിൽ പോയപ്പോൾ, അവിടെയുള്ള ഉദ്യോഗസ്ഥനിൽനിന്ന് ലൈംഗികമായ ഉപദ്രവം നേരിട്ട ഒരു സംഭവം ഒരു സ്ത്രീ വിവരിച്ചു. "അയാൾ എന്നെ അടിമുടി ഒന്ന് നോക്കി, അടുത്ത ദിവസം വരാൻ ആവശ്യപ്പെട്ടു. പിറ്റേന്ന് ഞാൻ എന്റെ ഇളയ സഹോദരനെയും കൂട്ടികൊണ്ടാണ് അവിടെ ചെന്നത്. എന്തുകൊണ്ടാണ് ഞാൻ സഹോദരനെ കൂട്ടിവന്നതെന്ന് അയാൾ എന്നോട് ചോദിച്ചു, ഒറ്റയ്ക്ക് വരേണ്ടതായിരുന്നില്ലേ എന്നും അയാൾ സൂചിപ്പിച്ചു”, അവർ പറയുന്നു.
കാർഡുണ്ടാക്കാൻ അവർ വിസമ്മതിച്ചപ്പോൾ അയാൾ ശല്യപ്പെടുത്താനും തുറിച്ചുനോക്കാനും തുടങ്ങി. "കഴിഞ്ഞ ദിവസം, ഞാൻ ആ വഴിയിലൂടെ കടന്നുപോകുമ്പോൾ, അയാൾ എന്നെ ഉച്ചത്തിൽ വിളിക്കാൻ തുടങ്ങി, ഒരു വലിയ കോലാഹലംതന്നെ അയാൾ സൃഷ്ടിച്ചു", അവർ കൂട്ടിച്ചേർക്കുന്നു. "എന്നെ പറ്റിക്കാമെന്ന് നിങ്ങൾ കരുതരുത്, നിങ്ങളുടെ വൃത്തികേടിന് കൂട്ടുനിൽക്കാനല്ല ഞാൻ വന്നത്. ഇനിയും നിങ്ങൾ ഈ സ്വഭാവം തുടരുകയാണെങ്കിൽ, ഞാൻ പരാതി പറഞ്ഞ്, നിങ്ങളെ സ്ഥലം മാറ്റിക്കും", എന്ന് അവർക്ക് അയാളെ ഭീഷണിപ്പെടുത്തേണ്ടിവന്നു. ആ സംഭവം വിവരിക്കുമ്പോൾപ്പോലും അവർ മുഷ്ടി ചുരുട്ടിപ്പിടിച്ചിരുന്നു. ശബ്ദം ഉയരുകയും ചെയ്തു. “ധൈര്യം സംഭരിച്ചാണ് ഞാനത് പറഞ്ഞത്", അവർ പറയുന്നു, "സ്ഥലംമാറ്റം കിട്ടി പോവുന്ന തിനുമുമ്പ് വേറെയും 2-3 സ്ത്രീകളോട് അയാൾ ഈ വിധത്തിൽ പെരുമാറിയിരുന്നു".
*****


ഇടത്ത്: ചുരുട്ടിയ ബീഡികൾ വില്പനയ്ക്ക് തയ്യാറായിരിക്കുന്നു. വലത്ത്: മുൻകാല തൊഴിലാളികളായ അനിതയും (ഇടത്) ജൈനവതിയും (വലത്) അവരുടെ ബീഡിതെറുപ്പ് അനുഭവങ്ങളെക്കുറിച്ച് സംസാരിക്കുന്നു
ഉത്പന്നങ്ങൾ വിൽക്കാൻ ഒത്തുചേരുമ്പോൾ, സ്ത്രീകൾ പരസ്പരം തമാശ പറയുകയും ചിരിക്കുകയും ചെയ്യുന്നു. അവരുടെ ഊഴത്തിനായി കാത്തിരിക്കുമ്പോൾ അവർ അവരുടെ പുറംവേദനയേയും വേദനിക്കുന്ന കൈകളേയും മറക്കുന്നു. ഈരണ്ടാഴ്ച കൂടുമ്പോൾ നടക്കുന്ന ഇത്തരം കൂടിച്ചേരലുകൾ അവർക്കൊരു കൂട്ടായ്മയുടെ ധൈര്യവും നൽകുന്നു.
"ഈ കൂടിച്ചേരലുകളിലെ തമാശയും സംസാരവും... എനിക്ക് സന്തോഷം നൽകുന്ന ഹൃദ്യമായ അനുഭവമാണ്. വീട്ടിൽ നിന്ന് ഒന്ന് പുറത്തിറങ്ങുകയും ചെയ്യാം", ചില സ്ത്രീകൾ ഈ റിപ്പോർട്ടറോട് പറഞ്ഞു.
കുടുംബങ്ങളിലെ പുതിയ വിശേഷങ്ങൾ, നിർദ്ദോഷമായ പരദൂഷണങ്ങൾ, മക്കളുടെയോ പേരക്കുട്ടികളുടെയോ തമാശകൾ, തങ്ങളുടെ ആരോഗ്യത്തെക്കുറിച്ചുള്ള യഥാർത്ഥമായ ഇവരുടെ ആശങ്കകൾ എന്നിവ പരസ്പരം പങ്കുവെക്കുന്നു. രാവിലെ മകൾ കന്നുകാലികളെ കറക്കുമ്പോൾ അവളെ ശല്യം ചെയ്ത നാലുവയസ്സുള്ള തന്റെ കൊച്ചുമകനെ പശു ചവിട്ടിയ കഥ സീമ വിവരിക്കുമ്പോൾ; അയൽവാസിയുടെ മകളുടെ വിവാഹത്തിന്റെ ഏറ്റവും പുതിയ വാർത്തയുമായി മറ്റൊരുവൾ പങ്കുചേരുന്നു.
എന്നാൽ വീടുകളിലേക്ക് മടങ്ങുമ്പോൾ, സന്തോഷകരമായ ശബ്ദങ്ങൾ അവസാനിക്കുന്നു. പരിമിതമായ വരുമാനത്തിൽ വീട് കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ തിരികെയെത്തുന്നു. അധ്വാനവും ആരോഗ്യവും ബലികഴിച്ച് അവർ നേടുന്ന തുച്ഛമായ വരുമാനം വലിയൊരു നീതികേടായി അനുഭവപ്പെടുന്നു.
താൻ അനുഭവിക്കുന്ന വേദനകളും പ്രശ്നങ്ങളും സീമ ഓർക്കുന്നു: "പുറവും കൈകളും....എല്ലാം വല്ലാതെ വേദനിച്ചിരുന്നു. ഈ ബീഡികൾ ചുരുട്ടിയാണ്, നിങ്ങൾ കാണുന്ന ഈ വിരലുകൾ ഇങ്ങനെ മെലിഞ്ഞും തഴമ്പുള്ളതുമായി തീർന്നത്".
ദുരിതങ്ങൾക്കും ആശങ്കകൾക്കുമിടയിലും, മധ്യപ്രദേശിലെ ബീഡിതെറുപ്പുകാർ, ജീവിതം നിലനിർത്താൻ, ഈ തുച്ഛമായ വേതനത്തിൽ തങ്ങളുടെ അദ്ധ്വാനം തുടരുകയാണ്. “ഒരാൾക്ക് ഒറ്റയ്ക്ക് എന്തുചെയ്യാൻ കഴിയും, എല്ലാവർക്കും അവരുടേതായ ബുദ്ധിമുട്ടുകളുണ്ട്”. മറ്റൊരാൾ സൂചിപ്പിക്കുന്നു.
ഈ കഥയിലെ ചില പേരുകൾ മാറ്റിയിട്ടുണ്ട്.
പരിഭാഷ: വിശാലാക്ഷി ശശികല