മാർച്ചിലെ നല്ല ചൂടുള്ള ഉച്ചനേരമായിരുന്നു. ഔരാപാനി ഗ്രാമത്തിലെ മുതിർന്നവർ ഒരു ചെറിയ വെളുത്ത പള്ളിക്കകത്ത് ഒത്തുചേർന്നു. എന്നാൽ, അവരെ അവിടെയെത്തിച്ചത്, ധാർമ്മികമായ സമ്മർദ്ദമൊന്നുമായിരുന്നില്ല.
നിലത്ത് വട്ടത്തിലിരിക്കുന്ന ആ സംഘത്തിന് പൊതുവായ ഒരു പ്രശ്നമുണ്ടായിരുന്നു. കൂടിയും കുറഞ്ഞുമുള്ള ഗുരുതരമായ രക്താതിസമ്മർദ്ദമുള്ളവരായിരുന്നു അവരെല്ലാവരും. അതിനാൽ, മാസത്തിലൊരിക്കൽ അവർ രക്തസമ്മർദ്ദം പരിശോധിക്കാൻ അവിടെയെത്തുകയും, മരുന്ന് കിട്ടുന്ന സമയംവരെ നാട്ടുവിശേഷങ്ങൾ പരസ്പരം പങ്കുവെക്കുകയും ചെയ്യുന്നു.
“എനിക്കിവിടെ വരാൻ ഇഷ്ടമാണ്, കാരണം, എന്റെ ആശങ്കകളൊക്കെ ഇവിടെ പങ്കുവെക്കാൻ എനിക്ക് സാധിക്കുന്നു,” രൂപി ഭായ് എന്ന് സ്നേഹത്തോടെ വിളിക്കപ്പെടുന്ന രൂപി ബേഗൽ പറയുന്നു. കഴിഞ്ഞ അഞ്ചുകൊല്ലമായി ഇവിടെ വരുന്നുണ്ട് 53 വയസ്സുള്ള അവർ. ബൈഗ ഗോത്രക്കാരിയായ അവർ നിലനിൽപ്പിനായി കൃഷി ചെയ്യുകയും, അധികവരുമാനത്തിനായി, വനത്തിൽനിന്ന് മരമൊഴിച്ചുള്ള വനോത്പന്നങ്ങൾ - വിറകും, മഹുവയുമെല്ലാം - ശേഖരിക്കുകയും ചെയ്യുന്ന സ്ത്രീയാണ്. പർട്ടിക്കുലർലി വൾനെറബിൾ ട്രൈബൽ ഗ്രൂപ്പ്സിൽ (പി.വി.ടി.ജി – വളരെ അവശത അനുഭവിക്കുന്ന ഗോത്രസംഘങ്ങൾ) പട്ടികപ്പെടുത്തിയിട്ടുള്ളവരാണ് ബൈഗകൾ. ബൈഗ സമുദായക്കാർ കൂടുതലുള്ള ഗ്രാമമാണ് ഔരാപാനി (അവ്‌രാപാനി എന്നും വിളിക്കുന്നു).
ബിലാസ്പുർ ജില്ലയിലെ കോട്ട ബ്ലോക്കിൽ ചത്തീസ്ഗഡിലെ അചാനക്മർ-അമർകതങ്ക് ബയോസ്ഫിയർ റിസർവിനോട് (എ.എ.ബി.ആർ) ചേർന്നാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. “മുളകൾ ശേഖരിക്കാൻ ഞാൻ കാട്ടിലേക്ക് പോകാറുണ്ടായിരുന്നു. അതുപയോഗിച്ച്, ചൂലുകളുണ്ടാക്കി വിറ്റാണ് ഞാൻ ജീവിച്ചിരുന്നത്. പക്ഷേ ഇപ്പോൾ ദൂരേക്കൊന്നും പോകാൻ കഴിയാത്തതിനാൽ ഞാൻ വീട്ടിൽത്തന്നെ കഴിയുകയാണ്,” എന്ന് പറയുന്നു, ഫുൽസൊരി ലൿഡ. ഉയർന്ന രക്താതിസമ്മർദ്ദമുണ്ടാക്കുന്ന ക്ഷീണം ജീവിതത്തെ എങ്ങിനെ ബാധിച്ചു എന്ന് വിശദീകരിക്കുകയായിരുന്നു അവർ. അറുപത് വയസ്സായ അവരിപ്പോൾ വീട്ടിലിരുന്ന്, ആടുകളെ പരിപാലിക്കുകയും, പകൽസമയങ്ങളിൽ ചാണകം ശേഖരിക്കുകയും ചെയ്യുന്നു. മിക്ക ബൈഗകളും ഉപജീവനത്തിനായി കാടുകളെയാണ് ആശ്രയിക്കുന്നത്.


ബിലാസ്പുർ ജില്ലയിലെ ഔരാപാനി ഗ്രാമത്തിലെ സംഘത്തിന് പൊതുവായുള്ള ഒരു കാര്യം, അവരിലെല്ലാവരിലും, കൂടിയും കുറഞ്ഞുമുള്ള അളവിൽ ഗുരുതരമായ രക്താതിസമ്മർദ്ദം കണ്ടെത്തി എന്നതാണ്
ചത്തീസ്ഗഢിൽ ഗ്രാമീണ ജനസംഖ്യയുടെ 14 ശതമാനം ആളുകൾക്കും ഹൈപ്പർടെൻഷൻ ഉണ്ടെന്ന് 2019-21-ലെ ദേശീയ കുടുംബാരോഗ്യ സർവേ-5 - (എൻ.എഫ്.എച്ച്.എസ്-5) ചൂണ്ടിക്കാട്ടുന്നു. “ഒരു വ്യക്തിയുടെ സിസ്റ്റോളിക്ക് ബ്ലഡ് പ്രഷർ 140 എം.എം.എച്ച്.ജിയോ കൂടുതലോ ആണെങ്കിലും, ഡയസ്റ്റോളിക്ക് ബ്ലഡ് പ്രഷർ 90 എം.എം.എച്ച്.ജി.യോ കൂടുതലോ ആണെങ്കിൽ, ആ വ്യക്തി ഹൈപ്പർടെൻഷൻ ഉള്ള ആളായി കണക്കാക്കപ്പെടുന്നു” എന്നാണ് ആ സർവേ പറയുന്നത്.
തുടക്കത്തിലേ ഹൈപ്പർടെൻഷൻ കണ്ടുപിടിക്കുന്നത്, സാംക്രമികേതര രോഗങ്ങൾ വർദ്ധിക്കുന്നത് തടയാൻ സഹായിക്കുമെന്ന് ദേശീയ ആരോഗ്യ മിഷൻ ചൂണ്ടിക്കാട്ടുന്നു. ബിപി നിരക്ക് കുറയ്ക്കുന്നതിന് ജീവിതശൈലിയിൽ വരുത്തേണ്ട മാറ്റങ്ങൾ ഇത്തരം സപ്പോർട്ട് ഗ്രൂപ്പുകൾ നൽകുന്നുണ്ട്. “മീറ്റിംഗുകളിൽനിന്ന് ഞാൻ യോഗ പോലുള്ള നല്ല ശീലങ്ങൾ പഠിക്കുന്നു. ശരീരത്തെ സംരക്ഷിക്കുന്നതിൽ അത് എന്നെ സഹായിക്കുന്നുണ്ട്” എന്ന് ഫുൽസോരി പറയുന്നു.
ജൻ സ്വാസ്ഥ്യ സഹായോഗ് (ജെ.എസ്.എസ്) എന്ന സന്നദ്ധ ചികിത്സാ സംഘത്തിലെ 31 വയസ്സുള്ള മുതിർന്ന ആരോഗ്യ പ്രവർത്തക സൂരജ് ബൈഗ നൽകുന്ന വിവരങ്ങളെക്കുറിച്ചായിരുന്നു അവർ സൂചിപ്പിച്ചത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനയാണ് ജെ.എസ്.എസ്. രക്തസമ്മർദ്ദം കൂടുകയും കുറയുകയും ചെയ്താലുണ്ടാകുന്ന ഭവിഷ്യത്തുകളെക്കുറിച്ച് സൂരജ് വിശദീകരിക്കുന്നു. തലച്ചോറിലെ രക്തധമനികളിൽ അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ ഒരു സ്വിച്ചിന്റെ പ്രവർത്തനത്തോടാണ് അവർ ഉപമിച്ചത്. “നമ്മുടെ തലച്ചോറിലെ സ്വിച്ചുകളെ ബിപി ദുർബ്ബലപ്പെടുത്തരുതെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, മരുന്നുകൾ കൃത്യമായി കഴിക്കുകയും വ്യായാമം ചെയ്യുകയും വേണം.”
മനോഹർ കാക്ക എന്ന് അറിയപ്പെടുന്ന 87 വയസ്സുകാരനായ മനോഹർ ഉരാൺവ് കഴിഞ്ഞ 10 വർഷമായി ഈ സഹായസംഘത്തിലേക്ക് വരുന്നുണ്ട്. “എന്റെ ബി.പി. ഇപ്പോൾ നിയന്ത്രണവിധേയമായിട്ടുണ്ട്. പക്ഷേ എന്റെ ദേഷ്യത്തെ നിയന്ത്രിക്കാൻ ധാരാളം സമയമെടുത്തു,” അദ്ദേഹം പറയുന്നു. എന്നിട്ട് ഇത്രയുംകൂടി കൂട്ടിച്ചേർത്തു, “സമ്മർദ്ദങ്ങൾ ഏറ്റെടുക്കാതിരിക്കാൻ ഞാൻ പഠിച്ചു.”
ഹൈപ്പർടെൻഷന് മാത്രമല്ല, മറ്റ് ഗുരുതര രോഗങ്ങൾ അനുഭവിക്കുന്നവർക്കുള്ള സഹായസംഘങ്ങളും ജെ.എസ്.എസ് നടത്തുന്നുണ്ട്. 50 ഗ്രാമങ്ങളിലായി അത്തരം 84 ഗ്രൂപ്പുകളുണ്ട്. ആയിരക്കണക്കിനാളുകളെ അവ അതിലേക്ക് കൊണ്ടുവരുന്നു. ചെറുപ്പക്കാരായ ജോലിക്കാരും വരുന്നുണ്ടെങ്കിലും കൂട്ടമായി വരുന്നവർ അധികവും പ്രായമായ പൌരന്മാരാണ്.


ഇടത്ത്: ഗ്രൂപ്പിന്റെ ഒരു ഭാഗമാണ് മഹാരംഗി എക്ക. വലത്ത്: സംഘത്തിലെ അംഗങ്ങളുടെ രക്തസമ്മർദ്ദം പരിശോധിക്കുന്ന ഗ്രാമീണ ആരോഗ്യപ്രവർത്തകയ്യാണ് ബാസന്തി എക്ക
“ഉത്പാദനക്ഷമത നഷ്ടപ്പെട്ടവരായതിനാൽ മുതിർന്നവരെ എളുപ്പത്തിൽ ഒഴിവാക്കുകയാണ് എല്ലാവരും ചെയ്യുന്നത്. മാനസികവും ശാരീരികവുമായ ആരോഗ്യം ക്ഷയിക്കുകയും അവർ ഒറ്റപ്പെടുകയും പലപ്പോഴും ജീവിതത്തിന്റെ അവസാനഘട്ടങ്ങളിൽ അന്തസ്സ് നഷ്ടപ്പെട്ടവരായി ജീവിക്കേണ്ടിവരികയും ചെയ്യുന്നു,” ജെ.എസ്.എസിന്റെ പ്രോഗ്രാം കോാർഡിനേറ്ററായ മിനാൽ മന്ദേകർ പറയുന്നു.
ഈ പ്രായത്തിലുള്ളവരാണ് വൈദ്യശാസ്ത്രപരമായ ശ്രദ്ധയും പിന്തുണയും ആവശ്യപ്പെട്ട് വരുന്നവരിൽ അധികവും. ഭക്ഷണത്തെക്കുറിച്ചുള്ള ഉപദേശവും അവർ പ്രതീക്ഷിക്കുന്നു. “സ്വയം പരിചരിക്കേണ്ടത് എങ്ങിനെ എന്നുള്ള കാര്യങ്ങളൊക്കെ ഇവിടെനിന്ന് എനിക്ക് പഠിക്കാനാവുന്നു. അരിയേക്കാൾ നല്ലത് ചെറുധാന്യങ്ങളാണെന്ന വിവരമൊക്കെ. പിന്നെ എന്റെ മരുന്നുകളും ഇവിടെനിന്ന് കിട്ടുന്നു,” രൂപ ബാഗേൽ പറയുന്നു.
വൈദ്യപരിശോധനകളും മറ്റും കഴിഞ്ഞ ശേഷം അംഗങ്ങൾക്ക് കോഡൊ എന്ന ചെറുധാന്യംകൊണ്ടുണ്ടാക്കിയ പായസം നൽകുന്നു. ഇതുവഴി, അംഗങ്ങളെ മില്ലറ്റ് പരിചയപ്പെടുത്താമെന്നും അടുത്ത മാസവും അവരെ ഇങ്ങോട്ട് ആകർഷിക്കാമെന്നും ജെ.എസ്.എസ്. പ്രതീക്ഷിക്കുന്നു. ബിലാസ്പുർ, മുംഗേലി ജില്ലകളിൽ ജെ.എസ്.എസ് സേവനം നൽകുന്ന ഗ്രാമീണർ മിക്കവർക്കും പ്രമേഹം കുറവാണ്. ചെറുധാന്യങ്ങളിലേക്കും, പൊതുവിതരണ സംവിധാനംവഴി (പിഡിഎസ്) ലഭിക്കുന്ന വെളുത്ത അരിപോലെ, സംസ്കരിച്ച കാർബോഹൈഡ്രേറ്റുകളിലേക്കും തങ്ങളുടെ ഭക്ഷണക്രമം മാറിയതിന്റെ ഫലമാണ് ഇതെന്ന് അവർ വിശ്വസിക്കുന്നു
കൃഷിയിലേക്കും ഭക്ഷണക്രമീകരണത്തിലേക്കുമുള്ള ഒരു മാറ്റമുണ്ടായിട്ടുണ്ട്. ഇവിടെയുള്ള സമൂഹങ്ങൾ വിവിധയിനം ചെറുധാന്യങ്ങൾ കൃഷി ചെയ്യുകയും ഭക്ഷിക്കുകയും ചെയ്തിരുന്നു. ആരോഗ്യപ്രദവും പോഷകപ്രദവുമാണ് അവ. എന്നാൽ ഇപ്പോൾ അവർ മിനുസപ്പെടുത്തിയ വെളുത്ത അരിയിലേക്ക് മാറിയെന്ന് മിനാൽ പറയുന്നു. ചെറുധാന്യങ്ങൾ പൂർണ്ണമായി ഒഴിവാക്കി, കൂടുതലും അരിയും ഗോതമ്പുമായിരുന്നു തങ്ങൾ കഴിച്ചിരുന്നതെന്ന് പല സംഘാംഗങ്ങളും സമ്മതിച്ചു.


ചത്തീസ്ഗഢിൽ ഗ്രാമീണ ജനസംഖ്യയുടെ 14 ശതമാനം ആളുകൾക്കും ഹൈപ്പർടെൻഷൻ ഉണ്ടെന്ന് 2019-21-ലെ ദേശീയ കുടുംബാരോഗ്യ സർവേ-5- (എൻ.എഫ്.എച്ച്.എസ്-5) ചൂണ്ടിക്കാട്ടുന്നു. ജീവിതശൈലിയിലെ മാറ്റങ്ങളും യോഗയും ബിപി കുറയ്ക്കാൻ സഹായിക്കുമെന്ന അറിവ് സപ്പോർട്ട് ഗ്രൂപ്പുകളിലൂടെ ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുന്നു
മുമ്പ് ചെയ്തിരുന്ന കൃഷിരീതികളിലും ഇപ്പോൾ മാറ്റങ്ങൾ വന്നിട്ടുണ്ട്. പോഷകവും വൈറ്റമിനും ഉറപ്പുതരുന്ന പല തരം പരിപ്പുകളും, എണ്ണക്കുരുക്കളും, പയർവർഗ്ഗങ്ങളും അച്ചിങ്ങകളുമൊക്കെയായിരുന്നു അവർ കൃഷി ചെയ്തിരുന്നത്. ഇപ്പോൾ അത് ചെയ്യുന്നില്ല. കടുകുപോലെയുള്ള പോഷകഗുണമുള്ള എണ്ണക്കുരുക്കൾ, നിലക്കടല, കടുക്, ചണ എന്നിവയൊക്കെ ഇപ്പോൾ അവരുടെ ഭക്ഷണക്രമത്തിൽനിന്ന് ഏറെക്കുറെ അപ്രത്യക്ഷമായിരിക്കുന്നു.
ചർച്ചയും രക്താതിസമ്മർദ്ദ പരിശോധനയും കഴിഞ്ഞാൽ തമാശ തുടങ്ങുകയായി – ശരീരം നിവർത്താനും യോഗ ചെയ്യാനുമുള്ള സമയമാണത്. ഞരക്കങ്ങളും, മുറുമുറുക്കലുകളും, അമർത്തിപ്പിടിച്ച ചിരിയുമൊക്കെ അപ്പോൾ കേൾക്കാം.
“എണ്ണയിട്ടാൽ ഒരു യന്ത്രം പ്രവർത്തിച്ചുകൊണ്ടിരിക്കും. അതുപോലെ, ഞങ്ങളുടെ പേശികൾക്കും എണ്ണയിടേണ്ടത് ആവശ്യമാണ്. ഒരു മോട്ടോർബൈക്ക് പോലെ, ഞങ്ങളുടെ എൻജിനിലും എണ്ണയിട്ടുകൊണ്ടേയിരിക്കണം,” എന്ന് സൂരജ് പറഞ്ഞത് ചുറ്റും ചിരി പടർത്തി. അധികം താമസിയാതെ, ആ സംഘം പിരിഞ്ഞ്, അവരവരുടെ വീടുകളിലേക്ക് തിരിച്ചു.
പരിഭാഷ: രാജീവ് ചേലനാട്ട്