ഞങ്ങളോടൊപ്പം ഇന്റേൺ ചെയ്യാൻ ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് എല്ലാ വർഷവും കുട്ടികൾ ഞങ്ങൾക്ക് എഴുതാറുണ്ട്. ഈ വർഷം ഇന്റേണുകളുടെ എണ്ണത്തിൽ റിക്കാർഡായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള കുട്ടികൾ, വിവിധ വിഷയങ്ങളെക്കുറിച്ച് ഇന്റേൺ ചെയ്യാൻ അവസരമാവശ്യപ്പെട്ട് ഞങ്ങൾക്കെഴുതി. മുംബൈയിൽ ടാറ്റ ഇൻസ്റ്റിട്യൂറ്റ് ഓഫ് സോഷ്യൽ സയൻസസ്, ബംഗളൂരുവിലെ അസിം പ്രേംജി യൂണിവേഴ്സിറ്റി, സോണിപാട്ടിലെ അശോക യൂണിവേഴ്സിറ്റി, പുണെയിലെ ഫ്ലേം യൂണിവേഴ്സിറ്റി, രാജസ്ഥാനിലെ സെൻട്രൽ യൂണിവേഴ്സിറ്റി തുടങ്ങി ധാരാളം സ്ഥാപനങ്ങളിൽനിന്നുള്ളവർ.
കഴിഞ്ഞ ചില വർഷങ്ങളായി ഞങ്ങളുടെ ഇന്റേൺഷിപ്പ് പ്രോഗ്രാമുകൾക്ക് വലിയ മാറ്റം വന്നിട്ടുണ്ട്. വലിപ്പത്തിലും സാധ്യതയിലും. പുതിയ ചുമതലകളും ഉത്തരവാദിത്തങ്ങളും കൂട്ടിച്ചേർത്തിട്ടുമുണ്ട് അവയിൽ. എന്നിരിക്കിലും, ലക്ഷ്യത്തിൽ മാറ്റമൊന്നുമുണ്ടായിട്ടില്ല. നമ്മുടെ കാലത്തിന്റെ പ്രശ്നങ്ങളെ - അസമത്വങ്ങൾ, അനീതികൾ, പാർശ്വവത്ക്കരണം മറ്റുള്ളവ - കണ്ടെത്തുകയും അവയുമായി ഇടപെടുകയും ചെയ്യുക എന്നതാണത്.
പാർശ്വവത്കൃതരും ഗ്രാമീണരുമായ സമുദായങ്ങളെക്കുറിച്ച് ഗവേഷണം നടത്താനും, അഭിമുഖം നടത്താനും, എഴുതാനും, പുന:പരിശോധിക്കാനും, ചിത്രങ്ങളും സിനിമകളും എടുക്കാനും, കഥകൾക്ക് ചിത്രങ്ങൾ വരയ്ക്കാനും മറ്റും പാരി ഇന്റേണുകൾക്ക് നിലത്തിറങ്ങി അദ്ധ്വാനിക്കേണ്ടിവരും. ഹിമാചാൽ പ്രദേശ്, മധ്യ പ്രദേശ്, ഗുജറാത്ത്, അരുണാചൽ പ്രദേശ്, തമിഴ് നാട്, ഒഡിഷ, മഹാരാഷ്ട്ര, കേരള, ജമ്മു & കശ്മീർ തുടങ്ങിയ വിവിധ നാടുകളിൽനിന്ന് അവർ കഥകളയച്ചുതന്നിട്ടുണ്ട്.
ലൈബ്രറി റിപ്പോർട്ടുകളിലും, ഫിലിം, വീഡിയോ, സോഷ്യൽ മീഡിയ പോസ്റ്റുകൾ എന്നിവയിലും അവർ ജോലി ചെയ്തു. പരിഭാഷ നടത്താനും, അവശ്യഘട്ടങ്ങളിൽ അവർ സഹായിച്ചിട്ടുണ്ട്.
ലിംഗപരമായ അസമത്വം എന്ന മേഖലയെക്കുറിച്ച് അന്വേഷണം നടത്താനും റിപ്പോർട്ട് ചെയ്യാനുമാണ് മിക്ക വിദ്യാർത്ഥികളും താത്പര്യപ്പെട്ടത്. അതാണവർ ചെയ്തതും.
അധ്യേതാ മിശ്രയുടെ ശൌചസകര്യങ്ങളില്ലാതെ അദ്ധ്വാനിക്കുമ്പോൾ എന്ന റിപ്പോർട്ട്, പശ്ചിമ ബംഗാളിലെ ചായത്തോട്ടങ്ങളിൽ അദ്ധ്വാനിക്കുന്ന സ്ത്രീകളുടെ ജീവിതത്തെക്കുറിച്ചും, സ്ത്രീകളായിപ്പോയതുമൂലം അവരനുഭവിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും സൂക്ഷ്മമായി വിവരിക്കുന്നു. ജാദവ്‌പുർ യൂണിവേഴ്സിറ്റിയിൽ അന്ന് താരതമ്യ സാഹിത്യം പഠിച്ചുകൊണ്ടിരുന്ന അധ്യേതയ്ക്ക് ആ എസ്റ്റേറ്റുകളുടേയും തൊഴിലാളികളുടേയും വിവരങ്ങൾ ശ്രദ്ധിച്ച് കൈകാര്യം ചെയ്യേണ്ടിവന്നു, അവരുടെ തൊഴിലിനെ ബാധിക്കാതിരിക്കാൻ.


ഇടത്ത്: ശൌചാലയങ്ങൾ ഉപയോഗിക്കുന്നതിൽ പശ്ചിമ ബംഗളിലെ ചായത്തോട്ടങ്ങളിൽ പണിയെടുക്കുന്ന സ്ത്രീകൾ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചുമായിരുന്നു അധ്യേതാ മിശ്രയുടെ ലേഖനം. വലത്ത്: മറ്റൊരു ഉപജീവനമാർഗ്ഗവുമില്ലാതെ, ബിഹാറിലെ ഓർക്കസ്ട്ര സംഘങ്ങളിൽ ജോലി ചെയ്യേണ്ടിവരുന്ന ചെറുപ്പക്കാരികളായ കലാകാരികൾക്ക് നേരിടേണ്ടിവരുന്ന പീഡനങ്ങളെക്കുറിച്ചാണ് ദീപ്ശിഖ സിംഗ് എഴുതിയത്
ബിഹാറിൽ ജോലിചെയ്യുമ്പോൾത്തന്നെ ഞങ്ങളോടൊപ്പം ഇന്റേൺ ചെയ്തിരുന്ന ദീപ്ശിഖ സിംഗ് എന്ന അസിം പ്രേംജി യൂണിവേഴ്സിറ്റിയിലെ എം.എം.ഡെവലപ്മെന്റ് വിദ്യാർത്ഥിനി, എഴുതിയ ഞെട്ടിപ്പിക്കുന്ന ഒരു റിപ്പോർട്ടായിരുന്നു, ബിഹാറിലെ ഗ്രാമപ്രദേശങ്ങളിൽ നൃത്തം അവതരിപ്പിക്കുന്ന ചെറുപ്പക്കാരായ കലാകാരികളെക്കുറിച്ചുള്ള ബിഹാറിൽ അശ്ലീല ഈണങ്ങൾക്ക് ചുവടുവെക്കുമ്പോൾ എന്ന ലേഖനം.
ആ വർഷംതന്നെ പിന്നീട്, കുഹുവോ ബജാജ് എന്നൊരു ഇന്റേൻ മധ്യ പ്രദേശിലെ ദമോഹിലെ ബീഡിത്തൊഴിലാളികളെ അഭിമുഖം നടത്തുകയും ബീഡിതെറുപ്പുകാർക്ക് എന്നും കഠിനാദ്ധ്വാനത്തിന്റെ ദിനങ്ങൾ എന്ന ലേഖനം എഴുതുകയും ചെയ്തു. ‘യഥാർത്ഥ പത്രപ്രവർത്തനത്തിലേക്കുള്ള എന്റെ ആദ്യചുവടായിരുന്നു അത്..ആ പ്രക്രിയയിൽനിന്ന് ഞാൻ പല കാര്യങ്ങളും പഠിച്ചു..ഓരോ കഥകൾക്കുപിന്നിലുമുള്ള അദ്ധ്വാനത്തെ ഞാൻ തിരിച്ചറിയാൻ തുടങ്ങി’ എന്നാണ്, അശോകാ യൂണിവേഴ്സിറ്റിയിലെ ഈ വിദ്യാർത്ഥി പറഞ്ഞത്. മറ്റ് ഉപജീവനമാർഗ്ഗങ്ങളൊന്നും പ്രാപ്യമല്ലാത്തതിനാൽ, അധികവും സ്ത്രീകൾമാത്രം തൊഴിലിലേർപ്പെട്ടുകൊണ്ടിരിക്കുന്നതും ചൂഷണവും ശാരീരികമായ അദ്ധ്വാനവും നിലനിൽക്കുന്നതുമായ ഈ തൊഴിലിടത്തെക്കുറിച്ചുള്ള ആഖ്യാനങ്ങൾക്ക് ഈ വിദ്യാർത്ഥിയുടെ ഈ റിപ്പോർട്ട് ഒരു മുതൽക്കൂട്ടായി.


ഇടത്ത്: മധ്യ പ്രദേശിലെ ദമോഹ് ജില്ലയിലെ ബീഡിതെറുപ്പുകാരായ സ്ത്രീകളുടെ ഉപജീവനത്തെയും ജീവിതത്തെയും കുറിച്ചുള്ളതായിരുന്നു കുഹുവോ ബജാജിന്റെ കഥ. വലത്ത്: താൻ ജീവിക്കുന്ന തുംകൂർ ജില്ലയിലെ ഗ്രാമത്തിലെ രേണുക പ്രസാദ് എന്ന ഒരു ഗ്രാമീണ തപാൽ ജീവനക്കാരനെക്കുറിച്ചുള്ളതായിരുന്നു ഞങ്ങളുടെ ഏറ്റവും പ്രായം കുറഞ്ഞ റിപ്പോർട്ടറായ ഹാനി മഞ്ജുനാഥിന്റെ കഥ
ഈ വർഷത്തെ ഞങ്ങളുടെ ഏറ്റവും പ്രായം കുറഞ്ഞ റിപ്പോർട്ടറായ 10-ആം ക്ലാസ്സിൽ പഠിക്കുന്ന ഹാനി മഞ്ജുനാഥിന്റെ കഥ, തന്റെ ഗ്രാമത്തിലെ ഒരു തപാൽജീവനക്കാരനെക്കുറിച്ചുള്ളതായിരുന്നു. ദേവരായപട്ടണത്തിൽ, ‘നിങ്ങൾക്കൊരു കത്തുണ്ട്’ എന്ന റിപ്പോർട്ട്
പാരിയുടെകൂടെ ഇന്റേൺ ചെയ്യാനാഗ്രഹിക്കുന്നുവെങ്കിൽ education@ruralindiaonline.org – ലേക്ക് എഴുതുക
ഈ കഥ നിങ്ങൾക്ക് ഇഷ്ടപ്പെടുകയും പാരിയിലേക്ക് നിങ്ങളുടെ കൃതികൾ നൽകണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ contact@ruralindiaonline.org.എന്ന മേൽവിലാസത്തിൽ ബന്ധപ്പെടുക. ഫ്രീലാൻസായും സ്വതന്ത്രമായും പ്രവർത്തിക്കാൻ താത്പര്യമുള്ള എഴുത്തുകാർ, റിപ്പോർട്ടർമാർ, ഫോട്ടോഗ്രാഫർമാർ, സിനിമനിർമ്മാതാക്കൾ, പരിഭാഷകർ, എഡിറ്റർമാർ, ചിത്രകാരന്മാർ, ഗവേഷകന്മാർ എന്നിവരെ ഞങ്ങൾ ഞങ്ങളോടൊപ്പം പ്രവർത്തിക്കാൻ ക്ഷണിക്കുന്നു.
പാരി ഒരു ലാഭാധിഷ്ഠിത സംഘമല്ല. ഞങ്ങളുടെ ബഹുഭാഷാ ഓൺലൈൻ മാധ്യമവും സമാഹരണദൌത്യവും ഇഷ്ടപ്പെടുന്നവരിൽനിന്നുള്ള സംഭാവനകളെ മാത്രമാണ് ഞങ്ങൾ ആശ്രയിക്കുന്നത്. പാരിയിലേക്ക് സംഭാവന ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഡോണേറ്റ് എന്ന ലിങ്കിൽ അമർത്തുക.
പരിഭാഷ: രാജീവ് ചേലനാട്ട്