റുബെൽ ഷെയ്ഖും അനിൽ ഖാനും വാഹനം ഓടിക്കുകയാണ്..എന്നാൽ അവരെ നിലത്തോ നിലത്തിന് സമീപത്തോപോലും കാണാനാകുന്നില്ല. 80 ഡിഗ്രി ചരിവിൽ, ഏറെക്കുറെ കുത്തനെയുള്ള ഒരു പ്രതലത്തിൽ, ഏകദേശം 20 അടി ഉയരത്തിലാണ് ഇരുവരും സഞ്ചരിക്കുന്നത്. അഗർത്തലയിൽ നടക്കുന്ന മേളയിൽ കാണികളായെത്തിയ വലിയ ജനക്കൂട്ടം ആർത്തുവിളിച്ച് അവരെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. റുബെലും അനിലും കാറിന്റെ ജനാലയിലൂടെ പുറത്തേയ്ക്ക് കൈവീശിക്കാണിക്കുന്നു.
മോത്ത് കാ കൂവാ ( മരണക്കിണർ) എന്ന അഭ്യാസം കാഴ്ച്ചവയ്ക്കുകയാണ് അവർ - ഒരു കാറും ഒന്നിലധികം ബൈക്കുകളും 'ചുമരിലൂടെ' അഥവാ വേദിയുടെ വശങ്ങളിലൂടെ കുത്തനെ ഓടിച്ചുകയറ്റി നടത്തുന്ന പ്രകടനമാണിത്.
പത്ത് നിമിഷം വീതം ദൈർഘ്യമുള്ള അഭ്യാസങ്ങളായി നടത്തുന്ന പ്രകടനം മണിക്കൂറുകളോളം നീളും. കിണറിന്റെ ആകൃതിയിലുള്ള വേദി തടിപ്പലകകൾ കൊണ്ടാണ് തീർക്കുന്നത്; മേള നടക്കുന്ന സ്ഥലത്ത് ഇവ സ്ഥാപിക്കാൻ കുറച്ച് ദിവസമെടുക്കും. അഭ്യാസികൾ മിക്കവരും വേദി സജ്ജീകരിക്കുന്ന ജോലികളിലും പങ്കാളികളാകാറുണ്ട്; വേദിയുടെ ഘടന കൃത്യമാകേണ്ടത് പ്രകടനം മികച്ചതാക്കാനും അഭ്യാസികളുടെ സുരക്ഷ ഉറപ്പാക്കാനും അനിവാര്യമാണ്.
'മരണക്കിണർ' എന്ന അപകടഭീതി ഉണർത്തുന്ന പേരുള്ള ഈ അഭ്യാസം, 2023 ഒക്ടോബറിൽ ത്രിപുരയിലെ അഗർത്തലയിൽ ദുർഗാ പൂജയോട് അനുബന്ധിച്ച് സംഘടിപ്പിച്ച മേളയിലെ നിരവധി ആകർഷണങ്ങളിൽ ഒന്നാണ്. യന്ത്ര ഊഞ്ഞാൽ, ആട്ടത്തൊട്ടിൽ, കളിപ്പാട്ട തീവണ്ടി തുടങ്ങിയ വിനോദങ്ങളും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

കിണറിന്റെ ആകൃതിയിലുള്ള വേദികൾ സജ്ജീകരിക്കുന്നതും അഭ്യാസികൾതന്നെയാണ്. പങ്കജ് കുമാറും (ഇടത്) റുബെൽ ഷെയ്ഖും (വലത്) 2023 ഒക്ടോബറിൽ ത്രിപുരയിലെ അഗർത്തലയിൽ ദുർഗാപൂജയുടെ ഭാഗമായി സംഘടിപ്പിച്ച മേളയിൽ വേദി ഒരുക്കുന്ന ജോലിയ്ക്കിടെ

മേള ആരംഭിക്കാനുള്ള സമയമടുക്കുമ്പോൾ വേദിയിൽ അവസാനഘട്ട ഒരുക്കങ്ങൾ നടക്കുന്നു
"ഞങ്ങൾക്ക് ഏത് കാറും ചുവരിലൂടെ ഓടിക്കാൻ സാധിക്കുമെങ്കിലും, മാരുതി 800 ഓടിക്കാനാണ് ഞങ്ങൾക്ക് താത്പര്യം. അതിന്റെ വിൻഡോകൾ വലുതായതിനാൽ (പ്രകടനത്തിനിടെ) അതിലൂടെ പുറത്ത് കടക്കാൻ എളുപ്പമാണ്," അഭ്യാസിയായ റുബെൽ പറയുന്നു. തങ്ങൾ നാല് യമഹ RX-135 ബൈക്കുകളും ഉപയോഗിക്കുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. "ഞങ്ങൾ പഴയ ബൈക്കുകളാണ് ഉപയോഗിക്കുന്നതെങ്കിലും അവ നന്നായി സൂക്ഷിക്കുന്നുണ്ട്."
പശ്ചിമ ബംഗാളിലെ മാൽഡ സ്വദേശിയായ റുബെലാണ് സംഘത്തിന്റെ നേതാവ്; അഭ്യാസത്തിനുപയോഗിക്കുന്ന വാഹനങ്ങൾ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ളതാണ്. പത്ത് വർഷത്തിലധികമായി ഇതേ മോട്ടോർ സൈക്കിളുകളാണ് താൻ ഉപയോഗിക്കുന്നതെന്ന് പറയുന്ന റുബെൽ, 'ഞങ്ങൾ അവ പതിവായി സർവീസ് ചെയ്യാറുണ്ട്" എന്ന് കൂട്ടിച്ചേർക്കുന്നു.
ഗ്രാമീണ പ്രദേശങ്ങളിൽനിന്നുള്ള ആൺകുട്ടികളാണ് ഇത്തരം അഭ്യാസപ്രകടനങ്ങൾ കാഴ്ചവയ്ക്കുന്നത്. ജാർഖണ്ഡിലെ ഗൊദ്ദ ജില്ലയിൽനിന്നുള്ള മുഹമ്മദ് ജഗ്ഗാ അൻസാരി താൻ എങ്ങനെയാണ് പ്രകടനത്തിന്റെ ഭാഗമായത് എന്ന് വിശദീകരിച്ചുകൊണ്ട് പറയുന്നു, " എന്റെ ചെറുപ്പത്തിൽ ഇത്തരം മേളകൾ എന്റെ പട്ടണത്തിൽ എത്തുമ്പോൾ അതിൽ പങ്കെടുക്കാൻ എനിക്ക് വലിയ ഇഷ്ടമായിരുന്നു." അങ്ങനെ ചെറുപ്രായത്തിൽത്തന്നെ അദ്ദേഹം സർക്കസിൽ ചേർന്നു. ചെറിയ ജോലികൾ ചെയ്യാൻ സഹായിച്ചുകൊണ്ടായിരുന്നു തുടക്കം. "പതിയെ, ഞാൻ വാഹനം ഓടിക്കാൻ പഠിച്ചു," എന്ന് പറഞ്ഞ് 29 വയസ്സുള്ള ഈ അഭ്യാസി കൂട്ടിച്ചേർക്കുന്നു, "ജോലിയുടെ ഭാഗമായി പല സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാൻ സാധിക്കുമെന്നത് എനിക്ക് ഇഷ്ടമുള്ള കാര്യമാണ്."
ബീഹാറിലെ നവാഡ ജിലയിലുള്ള വരിസാലിഗഞ്ജ് എന്ന ഗ്രാമത്തിൽനിന്നുള്ള പങ്കജ് കുമാറും ചെറുപ്പത്തിളേ ഈ ലോകത്ത് എത്തിപ്പെട്ടതാണ്. "10-ആം ക്ലാസ് കഴിഞ്ഞപ്പോൾ ഞാൻ സ്ക്കൂളിലെ പഠിത്തം നിർത്തി വാഹനം ഓടിക്കാൻ പഠിച്ചുതുടങ്ങി."
അൻസാരിയെയും പങ്കജിനെയുംപോലുള്ള മറ്റ് അഭ്യാസികളും അഭ്യാസവേദി ഒരുക്കുന്നവരും ഇന്ത്യയുടെ പല ഭാഗങ്ങളിൽനിന്നുള്ളവരാണ്. അഭ്യാസി സംഘത്തോടൊപ്പം ഓരോ മേളയിലേയ്ക്കും സഞ്ചരിക്കുന്ന ഇവർ മേള നടക്കുന്ന സ്ഥലത്തിന് സമീപത്തായിതന്നെ കൂടാരം കെട്ടിയാണ് താമസിക്കുക. റുബെലിനെയും അൻസാരിയെയുംപോലെ ചിലർ കുടുംബസമേതമാണ് സഞ്ചരിക്കുന്നത്; പങ്കജ് ജോലിയില്ലാത്ത സമയത്ത് വീട്ടിലേയ്ക്ക് പോകും.

ജാർഖണ്ഡിലെ ഗൊദ്ദ ജില്ലയിൽനിന്നുള്ള ഇരുപത്തിയൊൻപതുകാരൻ അൻസാരി പ്രകടനത്തിനിടെ ഒരു കാണിയുടെ കയ്യിൽനിന്ന് പണം വാങ്ങുന്നു; ഏതാനും നോട്ടുകൾ അദ്ദേഹം വായിൽ പിടിച്ചിരിക്കുന്നതും കാണാം. 'പ്രകടനത്തിനിടെ ഞങ്ങൾക്ക് തരുന്ന പണമാണ് ഞങ്ങളുടെ പ്രധാനം വരുമാനം,' അദ്ദേഹം പറയുന്നു
കിണറിന്റെ ആകൃതിയിലുള്ള വേദി ഒരുക്കുന്നതോടെയാണ് മരണക്കിണർ അഭ്യാസത്തിന് മുന്നോടിയായുള്ള ജോലികൾ ആരംഭിക്കുന്നത്. "സാധാരണയായി 3-6 ദിവസം എടുത്താണ് വേദി സജ്ജീകരിക്കുന്നത്; എന്നാൽ ഇത്തവണ സമയം കുറവായത് കാരണം ഞങ്ങൾക്ക് മൂന്നുദിവസം കൊണ്ട് ജോലികൾ തീർക്കേണ്ടിവന്നു," വേണ്ടത്ര സമയം എടുത്തുമാത്രമേ തങ്ങൾ ജോലി ചെയ്യാറുള്ളൂ എന്ന് കൂട്ടിച്ചേർത്ത് റുബെൽ പറയുന്നു.
ഒടുവിൽ പ്രകടനം തുടങ്ങാനുള്ള സമയമായി. വൈകീട്ട് 7 മണിയായപ്പോഴേക്കും അഗർത്തലയിലെ ജനങ്ങൾ ടിക്കറ്റെടുക്കാൻ വരിനിന്നുതുടങ്ങി - മുതിർന്നവർക്ക് 70 രൂപയാണ് ടിക്കറ്റ് നിരക്ക്; കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. രണ്ട് കാറിലും രണ്ട് ബൈക്കിലുമായി കുറഞ്ഞത് നാല് അഭ്യാസികൾ നടത്തുന്ന ഓരോ പ്രകടനവും 10 നിമിഷം നീണ്ടുനിൽക്കും. 15-20 നിമിഷം നീളുന്ന ഇടവേളകൾ എടുത്ത് ഒരു രാത്രി കുറഞ്ഞത് 30 തവണയെങ്കിലും ഇവർ പ്രകടനം നടത്താറുണ്ട്.
അഗർത്തലയിലെ മേളയിൽ പ്രകടനത്തിന് ലഭിച്ച ജനപിന്തുണ കണക്കിലെടുത്ത് അഞ്ച് ദിവസത്തേയ്ക്ക് നിശ്ചയിച്ച പരിപാടി രണ്ട് ദിവസംകൂടി അവർ തുടരുകയായിരുന്നു.
"ഞങ്ങൾക്ക് ദിവസക്കൂലിയായി 600-700 രൂപ ലഭിക്കുമെങ്കിലും പ്രകടനത്തിനിടെ ആളുകൾ തരുന്ന പണമാണ് ഞങ്ങളുടെ പ്രധാന വരുമാനം," അൻസാരി പറയുന്നു. ധാരാളം പ്രകടനങ്ങൾ നടക്കുന്ന മാസം, അവർക്ക് 25,000 രൂപ വരെ സമ്പാദിക്കാനാകും.
വർഷത്തിൽ ഉടനീളം പ്രകടനം സംഘടിപ്പിക്കാനാകില്ലെന്ന് റുബെൽ ചൂണ്ടിക്കാട്ടുന്നു: "മഴക്കാലത്ത് ഈ പ്രകടനം നടത്തുക ബുദ്ധിമുട്ടാണ്." ഈ ജോലി ചെയ്യാൻ കഴിയാത്ത മാസങ്ങളിൽ, റുബെൽ സ്വഗ്രാമത്തിലേയ്ക്ക് മടങ്ങി കൃഷിയിൽ ഏർപ്പെടും.
ഈ അഭ്യാസപ്രകടനം ഉയർത്തുന്ന അപകടസാധ്യതകൾ പങ്കജ് നിസ്സാരമായി തള്ളിക്കളയുന്നു: "എനിക്ക് അത്തരം അപകടസാധ്യതകളെക്കുറിച്ച് പേടിയൊന്നുമില്ല. നിങ്ങൾക്ക് പേടി ഇല്ലെങ്കിൽ പിന്നെ പേടിക്കാനും ഒന്നുമില്ല." തങ്ങൾ ജോലി ചെയ്ത് തുടങ്ങിയ കാലംമുതൽക്ക് ഇന്നോളം മാരകമായ അപകടങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്ന് സംഘം പറയുന്നു.
"ഞങ്ങളുടെ പ്രകടനം കണ്ട് കാണികൾ സന്തോഷിക്കുന്നത് കാണാൻ എനിക്ക് ഇഷ്ടമാണ്," റുബെൽ പറയുന്നു.

' കിണറിന്റെ ' ചുവര്‍ തീർക്കാൻ ഉപയോഗിക്കുന്ന തടിപ്പലകകൾ മേള നടക്കുന്ന മൈതാനത്ത് നിരത്തിവച്ചിരിക്കുന്നു . നിലത്തുനിന്ന് ഏകദേശം 20 അടി ഉയരത്തിൽ , 80 ഡിഗ്രി ചരിവിൽ കുത്തനെയാണ് ഇവ സ്ഥാപിക്കുന്നത്

പൂജ നടക്കുന്ന പന്തലിന് പുറകിലായി ജഗ്ഗാ അൻസാരി ( വലത് ) കൂടാരം ഉറപ്പിക്കുന്നു . മേള നടക്കുമ്പോൾ ഇവിടെയാണ് സംഘം താമസിക്കുക

ബീഹാറിലെ നവാഡ ജിലയിലുള്ള വരിസാലിഗഞ്ജ് എന്ന ഗ്രാമത്തിൽനിന്നുള്ള പങ്കജ് കുമാർ ( കറുത്ത ടീഷർട്ട് ധരിച്ചിരിക്കുന്നു ), റുബെൽ ഷെയ്ഖിന്റെ സഹായത്തോടെ കാണികൾക്കുള്ള ഗാലറി സജ്ജീകരിക്കുന്നു

കിണർ സ്ഥാപിക്കുന്നത് പൂർത്തിയാക്കിയശേഷം , കൂടാരത്തിന്റെ മേൽക്കൂര താങ്ങിനിർത്തുന്ന കാലുകൾ ഒരു കൂട്ടം ആളുകൾ ചേർന്ന് ഉയർത്തുന്നു

മേള നടക്കുന്ന ദിവസങ്ങളിൽ അഭ്യാസികൾ താമസിക്കുന്ന താത്കാലിക കൂടാരത്തിനരികെ, അഭ്യാസപ്രകടനത്തിൽ ഉപയോഗിക്കുന്ന നാല് യമഹ RX-135 ബൈക്കുകൾ സൂക്ഷിച്ചിരിക്കുന്നു. 10 വർഷത്തോളമായി താൻ ഇതേ മോട്ടോർ സൈക്കിളുകളാണ് ഉപയോഗിക്കുന്നതെന്നും എന്നാൽ അവയെ താൻ നല്ലവണ്ണം സൂക്ഷിക്കുന്നുണ്ടെന്നും, അവ പതിവായി സർവീസ് ചെയ്യാറുണ്ട്' എന്നും റുബെൽ ഷെയ്ഖ് പറയുന്നു

ജഗ്ഗാ അൻസാരിയും (ഇടത്) പങ്കജ് കുമാറും (വലത്) അഭ്യാസത്തിന് അവർ ഉപയോഗിക്കുന്ന ബൈക്കുകളിലൊന്നിൽ 'മരണക്കിണറിന്' അകത്ത് ചിത്രത്തിനായി പോസ് ചെയ്യുന്നു

മേള നടക്കുന്ന മൈതാനത്തേയ്ക്കുള്ള വഴിയിൽ, വ്യത്യസ്ത ഉത്പന്നങ്ങൾ വിൽക്കുന്ന ഒരുപാട് താത്കാലിക കടകളുണ്ട്

2023 ഒക്ടോബറിൽ ത്രിപുരയിലെ അഗർത്തലയിൽ ദുർഗാപൂജയോട് അനുബന്ധിച്ച് സംഘടിപ്പിച്ച മേളയിലെ നിരവധി ആകർഷണങ്ങളിൽ ഒന്നാണ് മരണക്കിണർ. യന്ത്ര ഊഞ്ഞാൽ, ആട്ടത്തൊട്ടിൽ, കളിപ്പാട്ട തീവണ്ടി തുടങ്ങിയ വിനോദങ്ങളും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്

മരണക്കിണർ പ്രകടനം കാണാനുള്ള ടിക്കറ്റിന്റെ നിരക്ക് 70-80 രൂപയാണ്. കാണികളുടെ തിരക്കനുസരിച്ച് സംഘം നിരക്കുകളിൽ മാറ്റം വരുത്തുമെങ്കിലും കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്

മരണക്കിണർ വേദിയിലെ കാണികൾ നിൽക്കുന്ന ഗാലറിയിൽനിന്നുള്ള, മേള നടക്കുന്ന മൈതാനത്തിന്റെ ദൃശ്യം

കുറഞ്ഞത് രണ്ട് ബൈക്കുകളും കാറുകളും ചുവരിലൂടെ ഓടിച്ചുകൊണ്ട് നടത്തുന്ന ഓരോ പ്രകടനവും 10 നിമിഷം നീണ്ടുനിൽക്കും; ചിലപ്പോഴെല്ലാം പ്രകടനത്തിന് മൂന്ന് ബൈക്കുകൾ ഉപയോഗിക്കാറുണ്ട്

കാണികളിലൊരാൾ പ്രകടനത്തിന്റെ വീഡിയോ എടുക്കുന്നു. ഈ മേളയിൽ പ്രകടനത്തിന് ലഭിച്ച തുടർച്ചയായ ജനപിന്തുണമൂലം അഞ്ച് ദിവസത്തേയ്ക്ക് നിശ്ചയിച്ച പരിപാടി രണ്ട് ദിവസത്തേയ്ക്ക് കൂടി നീട്ടുകയുണ്ടായി

അഭ്യാസപ്രകടനത്തിനുശേഷം പങ്കജ് കുമാർ, ജഗ്ഗാ അൻസാരി, അനിൽ ഖാൻ എന്നിവർക്കൊപ്പം ഒരു കുടുംബം ഫോട്ടോ എടുക്കുന്നു

റുബെൽ ഷെയ്ഖ് പ്രകടനത്തിനുശേഷം മകനോടൊപ്പം കളിക്കുന്നു. സാധാരണയായി രണ്ട് പ്രകടനങ്ങൾക്കിടയിൽ അഭ്യാസികൾ 15-20 നിമിഷത്തേക്ക് ഇടവേള എടുക്കും. ഒരു രാത്രി കുറഞ്ഞത് 30 തവണയെങ്കിലും അവർ പ്രകടനം നടത്താറുണ്ട്

പങ്കജ് കുമാർ പ്രകടനത്തിനിടെ. '10-ആം ക്ലാസ് കഴിഞ്ഞപ്പോൾ ഞാൻ സ്ക്കൂളിലെ പഠിത്തം നിർത്തി വാഹനം ഓടിക്കാൻ പഠിച്ചു തുടങ്ങി,' അദ്ദേഹം പറയുന്നു

പ്രകടനത്തിനുശേഷം പങ്കജ് കുമാർ ഒരു ചെറിയ ഗേറ്റിലൂടെ പുറത്തേയ്ക്ക് വണ്ടിയോടിച്ചുപോകുന്നു

'ഞങ്ങളുടെ പ്രകടനം കണ്ട് കാണികൾ സന്തോഷിക്കുന്നത് കാണാൻ എനിക്ക് ഇഷ്ടമാണ്,' റുബെൽ പറയുന്നു

വർഷത്തിൽ ഉടനീളം അഭ്യാസപ്രകടനം സംഘടിപ്പിക്കാൻ സാധിക്കില്ലെന്ന് റുബെൽ ചൂണ്ടിക്കാട്ടുന്നു. ഈ ജോലി ചെയ്യാൻ കഴിയാത്ത സമയങ്ങളിൽ, റുബെൽ സ്വഗ്രാമത്തിലേയ്ക്ക് മടങ്ങി കൃഷിയിലേർപ്പെടുന്നു
പരിഭാഷ: പ്രതിഭ ആര്‍. കെ.