30 കിലോഗ്രാം ഭാരമുള്ള ഗ്യാസ് സിലിണ്ടറും മുതുകിൽ ചുമന്ന് മായ താമി മൂന്ന് കിലോമീറ്റർ നടന്നു. ഈ ഭാരവും ചുമന്ന് അവർ 200 പടികളും നടന്നുകയറി, അന്നത്തെ തന്റെ ആദ്യത്തെ ഉപഭോക്താവിന് സിലിണ്ടറെത്തിച്ചു.
"ഇനി എനിക്ക് അവിടെയുള്ള ആ കുന്നിലേക്ക് മറ്റൊരു സിലിണ്ടർ എത്തിക്കണം," ശ്വാസമടക്കിപ്പിടിച്ച്, ദൂരെയുള്ള ഒരു സ്ഥലത്തേക്ക് ചൂണ്ടിക്കാണിച്ചുകൊണ്ട് 32കാരിയായ മായ പറയുന്നു. ചെയ്ത ജോലിക്ക് 80 രൂപ കൂലി വാങ്ങി, അവർ അടുത്ത സിലിണ്ടർ വിതരണത്തിന് പുറപ്പെട്ടു. അടുത്ത ആറുമണിക്കൂർ നേരം, അവർ എൽപിജി (ദ്രവീകൃത പെട്രോളിയം ഗ്യാസ്) സിലിണ്ടറുകളും ചുമന്ന് കാൽനടയായി കുന്നുകൾ കയറിയിറങ്ങും.
“കൂടുതൽ ഭാരമുള്ള ചുമടുകളാവുമ്പോൾ, പുരുഷന്മാർക്കാണ് മുൻഗണന നൽകുന്നത്. മാത്രമല്ല പുരുഷന്മാരല്ലാത്തതിനാൽ കൂലിയുടെ കാര്യത്തിൽ ഞങ്ങളോട് അവർ കൂടുതൽ വിലപേശുകയും ചെയ്യും”, മായ പറയുന്നു. ഒരേ ദൂരത്തേക്ക് സാധനങ്ങൾ കൊണ്ടുപോകുന്നതിന് സ്ത്രീകൾക്ക് 80 രൂപ ലഭിക്കുമ്പോൾ പുരുഷന്മാർക്ക് ചിലപ്പോൾ 100 രൂപവരെ ലഭിക്കാറുണ്ട് .
കിഴക്കൻ ഹിമാലയത്തിൽ 2,042 മീറ്റർ ഉയരത്തിലാണ് പശ്ചിമ ബംഗാളിലെ തിരക്കേറിയ പട്ടണമായ ഡാർജിലിംഗ് സ്ഥിതി ചെയ്യുന്നത്. അതിലെ കയറ്റിറക്കങ്ങൾ, റോഡ് സഞ്ചാരത്തിന് അനുയോജ്യമല്ലാത്തതിനാൽ, അവശ്യവസ്തുക്കളെത്തിക്കുന്നതിന് താമസക്കാർ ചുമട്ടുതൊഴിലാളികളെയാണ് ആശ്രയിക്കുക. വാഹനങ്ങൾക്ക് അത്തരം കയറ്റങ്ങൾ കയറാൻ കഴിയില്ല, അതിനാൽ ഒന്നുകിൽ സാധനങ്ങൾ സ്വയം കൊണ്ടുപോകേണ്ടിവരും അല്ലെങ്കിൽ ഗ്യാസ് ഏജൻസിയോ കടക്കാരോ അത് അവരുടെ ചുമട്ടുതൊഴിലാളികൾ വഴി എത്തിക്കും.


ഈ ദിവസത്തെ ആദ്യത്തെ ഗ്യാസ് സിലിണ്ടർ വിതരണം ചെയ്യാൻ മായ താമി 200 പടികൾ കയറുന്നു. മറ്റ് ചുമട്ടുതൊഴിലാളികളെപ്പോലെ, ഇവരും നേപ്പാളിൽനിന്ന് പശ്ചിമ ബംഗാളിലെ ഡാർജിലിംഗിലേക്ക് ജോലിക്കായി കുടിയേറിയതാണ്


ഇടത്ത്: ഒരു സിലിണ്ടർ എത്തിച്ചശേഷം മായ താമി വിശ്രമിക്കുന്ന വലത്: 60 കിലോ ഭാരമുള്ള ഉരുളക്കിഴങ്ങ് ചാക്കുകളുമായി നിൽക്കുന്ന ലക്ഷ്മി താമിയും (ഇടത്) റെബിക താമിയും (വലത്)
നേപ്പാളിൽനിന്നുള്ള മായ താമി 12 വർഷമായി ഡാർജിലിംഗിൽ ചുമട്ടുതൊഴിലാളിയാണ്. അവരെപ്പോലെ, നഗരത്തിലെ മറ്റ് ചുമട്ടുതൊഴിലാളികളും ഭൂരിഭാഗവും നേപ്പാളിൽനിന്ന് കുടിയേറിയ, താമി സമുദായത്തിൽപ്പെട്ട (പശ്ചിമ ബംഗാളിൽ ഇവർ മറ്റ് പിന്നോക്കവിഭാഗമാണ്) സ്ത്രീകളാണ്. നാംലോ എന്ന വീതിയുള്ള വള്ളി ഉപയോഗിച്ച് ഉറപ്പിച്ച ഒരു മുളങ്കൊട്ടയിലാണ് അവർ പച്ചക്കറികളും സിലിണ്ടറുകളും വാട്ടർ ക്യാനുകളും ചുമക്കുന്നത്.
“വിവാഹത്തിനുശേഷം കൂടുതൽ ഉത്തരവാദിത്തങ്ങൾ വന്നതിനാൽ ഞാൻ മുഗ്ലനിലേക്ക് [ഇന്ത്യ] മാറി”, മായ ഓർമ്മിക്കുന്നു. നേപ്പാളിലായിരുന്നപ്പോൾ, അവളും ഭർത്താവ് ബൗധേയും 2 കത്ത (0.06 ഏക്കർ) സ്ഥലത്ത് നെല്ലും തിനയും ഉരുളക്കിഴങ്ങും കൃഷി ചെയ്യാറുണ്ടായിരുന്നു. കൂടാതെ അവർ ചെറിയ കടകളിൽ ദിവസക്കൂലിക്കുംജോലി ചെയ്തിരുന്നു. 2021-ൽ നേപ്പാൾ അതിർത്തിയിൽനിന്ന് റോഡ് മാർഗം ഏതാനും മണിക്കൂറുകൾ ദൂരെയുള്ള ഡാർജിലിംഗിലേക്ക് ആ ദമ്പതികൾ താമസം മാറ്റി.
മായ ഗ്യാസ് ഏജൻസികളിൽനിന്ന് ഉപഭോക്താക്കളുടെ വീടുകളിൽ സിലിണ്ടറുകളെത്തിക്കുന്നു. “ഞാൻ സാധാരണയായി രാവിലെ 7 മണിക്ക് എന്റെ ജോലിസ്ഥലത്തെത്തും. സിലിണ്ടർ ഡെലിവറിക്ക് എത്തിയവർ അവരുടെ ഊഴത്തിനായി കാത്തുനിൽക്കും”. അവർ പറയുന്നു. അവർക്ക് സാധാരണയായി ഒരു ദിവസം നാലോ അഞ്ചോ ഡെലിവറികളുണ്ട്. ചിലപ്പോൾ അവർ രണ്ട് സിലിണ്ടറുകൾവരെ ചുമക്കാറുണ്ട്. ഈ കഠിനാധ്വാനത്തിന് ഒരു ദിവസം 500 രൂപയാണ് അവർ സമ്പാദിക്കുന്നത്. “നാംലോ ഉപയോഗിച്ച് തുടർച്ചയായി സിലിണ്ടറുകൾ തലച്ചുമടായി കൊണ്ടുപോകുന്നത്, മുടി കൊഴിച്ചിലിനും ശരീരവേദനയ്ക്കും കാരണമാകുന്നുണ്ട്,” മായ പറയുന്നു. കൂടാതെ രക്തസമ്മർദ്ദത്തിലും ഏറ്റക്കുറച്ചിലുണ്ടെന്ന് അവർ കൂട്ടിച്ചേർക്കുന്നു.
മായ സിലിണ്ടറുകൾ വീടുകളിലെത്തിക്കുന്നു. രാവിലെ 7 മണിക്ക് അവരുടെ ഒരു ദിവസം ആരംഭിക്കുന്നു. സാധാരണ ഒരു ദിവസം അവർക്ക് നാലോ അഞ്ചോ ഡെലിവെറികൾ ഉണ്ടാവുകയും ഈ കഠിനാധ്വാനത്തിന് 500 രൂപ വരെ കൂലി ലഭിക്കുകയും ചെയ്യും
പച്ചക്കറികളെത്തിക്കുന്ന ചുമട്ടുതൊഴിലാളികൾ സിലിണ്ടറുകൾ വിതരണം ചെയ്യുന്നവരിൽനിന്ന് വ്യത്യസ്തരാണ്. വ്യാഴാഴ്ച ഒഴികെയുള്ള എല്ലാ ദിവസവും രാത്രി 8 മണിവരെ അവർ ചൗക്ക് ബസാറിൽ കാത്തിരിക്കുന്നു. വ്യാഴാഴ്ച മാർക്കറ്റ് അടഞ്ഞുകിടക്കും. "പച്ചക്കറികൾ ഉപഭോക്താക്കൾക്ക് വിറ്റശേഷം, ഞങ്ങൾ അടുത്തുള്ള ഒരു പോർട്ടറെ വിളിക്കും, ബാക്കിയുള്ളത് അവരും വാങ്ങുന്നവരും തമ്മിലുള്ള കരാറാണ്,” ബീഹാറിൽനിന്നുള്ള ഒരു കടയുടമ മനോജ് ഗുപ്ത പറയുന്നു.
“70 കിലോഗ്രാം ഭാരം ചുമക്കുന്നത് എനിക്ക് ശീലമായിരിക്കുന്നു],” 70 കിലോ പച്ചക്കറികൾ ഹോട്ടലിലേക്കെത്തിക്കാൻ പോകുന്ന പച്ചക്കറി പോർട്ടറായ 41-കാരിയായ മൻകുമാരി താമി പറയുന്നു. “എനിക്ക് അത് ചെയ്യാൻ കഴിയില്ലെന്ന് ഞാൻ അവരോട് പറഞ്ഞാൽ, ഈ ജോലി മറ്റാരെയെങ്കിലും ഏൽപ്പിക്കും, എനിക്ക് 80 രൂപ നഷ്ടമാവുകയും ചെയ്യും”, അവൾ കൂട്ടിച്ചേർക്കുന്നു.
“ഹോട്ടലുകൾ സ്ഥിതി ചെയ്യുന്നത് ചൗക്ക് ബസാറിനു മുകളിലായതിനാൽ, ഏകദേശം 15 മുതൽ 20 മിനിറ്റ് വരെ മല കയറേണ്ടിവരും. 10 മിനിറ്റ് അകലെയുള്ള ഹോട്ടലുകൾക്ക് 60 മുതൽ 80 രൂപയും കൂടുതൽ അകലെയുള്ള ഹോട്ടലുകൾക്ക് 100 മുതൽ 150 രൂപവരെയുമാണ് ലഭിക്കുന്നത്,” മറ്റൊരു പച്ചക്കറി പോർട്ടറായ ധനകുമാരി താമി പറയുന്നു.
സ്ത്രീകൾ വിവേചനം നേരിടുന്നുണ്ടെന്ന് പച്ചക്കറി ചുമട്ടുതൊഴിലാളിയായ ധനകുമാരി താമി സമ്മതിക്കുന്നു: “സാധാരണ നിലയ്ക്ക് ‘പുരുഷന്മാർക്ക് മാത്രമേ ഈ ജോലി ചെയ്യാൻ കഴിയൂ“, എന്നാൽ ഇത് അങ്ങനെയല്ല, സഹോദരീ. ഇവിടുത്തെ ചുമട്ടുതൊഴിലാളികളിൽ ഭൂരിഭാഗവും സ്ത്രീകളാണ്. 15 വർഷം മുമ്പ് മദ്യപാനത്തിനടിമപ്പെട്ട് ഭർത്താവിനെ നഷ്ടപ്പെട്ടതോടെയാണ് ഇവർ ഈ ജോലി ഏറ്റെടുത്തത്.


ഇടത്ത്: ധനകുമാരി താമി (നീല ജാക്കറ്റ്), മൻബഹദൂർ താമി, മന്മയ താമി (ചുവന്ന സ്വെറ്റർ) എന്നിവർ ഡെലിവെറിക്കിടയിൽ ചൗക്ക് ബസാറിൽ വിശ്രമിക്കുന്നു. വലത്ത്: ക്യാനുകളിൽ വെള്ളം നിറയ്ക്കുന്ന അസ്തി താമി പിന്നീടത് ഉപഭോക്താക്കൾക്കെത്തിക്കും


അസ്തി താമിയും (ഇടത്ത്) ജുങ്കി താമിയും (വലത്ത്) വിതരണം ചെയ്യാനുള്ള വാട്ടർ ക്യാനുകൾ ചുമക്കുന്നു
വെള്ളം കയറ്റുന്നത് കൂടുതൽ ദുർഘടമാണെന്ന് വീടുകളിൽ വാട്ടർ ക്യാനുകളെത്തിക്കുന്ന പാണ്ടം ടീ ഗാർഡനിലെ ദമ്പതികളായ അസ്തി താമിയും ജുങ്കി താമിയും പറയുന്നു. ഡാർജിലിംഗിലെ ചില പ്രദേശങ്ങളിൽ അനുഭവപ്പെടുന്ന ജലക്ഷാമം മൂലം ഇവർക്ക് നിത്യവും ജോലിയുണ്ട്.
“ഞാനും ഭർത്താവും ദിവസവും രാവിലെ 6 മണിക്ക് പാണ്ടത്ത് നിന്ന് വെള്ളമെടുക്കാൻ വരും. ജെറി ക്യാനുകളിൽ വെള്ളം നിറച്ചതിനുശേഷം വെള്ളമാവശ്യപ്പെട്ട എല്ലാ വീടുകളിലേക്കും അത് ഞങ്ങൾ എത്തിക്കുന്നു“, ആസ്തി പറയുന്നു. വെള്ളം ശേഖരിക്കുന്ന സ്ഥലത്തുനിന്ന് ഏകദേശം 2 കിലോമീറ്റർ ദൂരെയാണ് പാണ്ടത്തെ ഇവരുടെ വാടകമുറി.
ഒരിക്കൽ അവർ മാംസം വിൽക്കാൻ ശ്രമിച്ചിരുന്നുവെന്നും എന്നാൽ കോവിഡ് കാരണം ബിസിനസ്സ് ലാഭകരമല്ലെന്നും ജംഗേ പരാമർശിച്ചു. ദമ്പതികൾ പോർട്ടർ ജോലിയിലേക്ക് മടങ്ങി.
*****
!['Until [my children] Bhawana and Bhawin finish studying, I will carry cylinders,' says Maya Thami](/media/images/06-IMG_9533-RC-In_Darjeeling-women_porters.max-1400x1120.jpg)
[എന്റെ മക്കൾ] ഭാവനയുടേയും ഭവിന്റേയും പഠിപ്പ് തീരുന്നതുവരെ ഞാൻ സിലിണ്ടറുകൾ ചുമക്കും,' മായ താമി പറയുന്നു
മായ താമിയുടെ ഭർത്താവ് ബൗധേ താമി രണ്ടാം തലമുറയിലെ കുടിയേറ്റക്കാരനാണ്. അദ്ദേഹത്തിന്റെ മാതാപിതാക്കളും ചുമട്ടുതൊഴിലാളികളായി ജോലി ചെയ്യുകയും ഡാർജിലിംഗിലെ ഹോട്ടലുകളിൽ പച്ചക്കറികൾ വിതരണം ചെയ്യുകയും ചെയ്തിരുന്നു. മായയും ബൗധേയും അവരുടെ ജോലിസ്ഥലമായ ചൗക്ക് ബസാറിൽനിന്ന് 50 മിനിറ്റ് അകലെയുള്ള ഗൗശാലയ്ക്ക് സമീപം പ്രതിമാസം 2,500 രൂപയ്ക്ക് ഒരു മുറി വാടകയ്ക്കെടുത്തിട്ടുണ്ട്.
കുറഞ്ഞ വാടകയ്ക്ക് മുറികൾ ലഭിക്കുന്നതിനാൽ നിരവധി ചുമട്ടുതൊഴിലാളികൾ, അവരുടെ കുടുംബങ്ങൾക്കൊപ്പം ഈ പ്രദേശത്ത് ഒറ്റമുറികൾ വാടകയ്‌ക്കെടുത്ത് താമസിക്കുന്നു.
മായയുടെയും ബൗധേയുടെയും മക്കളായ ഭാവനയും ഭവിനും ഇപ്പോഴും സ്കൂളിലാണ്; അവരുടെ വിദ്യാഭ്യാസമാണ് മായയുടെ മുൻഗണന: ഭാവനയും ഭവിനും പഠനം പൂർത്തിയാകുന്നതുവരെ, ഞാൻ സിലിണ്ടറുകൾ ചുമക്കുന്നത് തുടരും".
പരിഭാഷ: അനുഗ്രഹ നായർ