ചില സമയങ്ങളിൽ ദൈവങ്ങൾ ഭക്തരുടെ കൂടെ സഞ്ചരിക്കും. ചുരുങ്ങിയത് മാ അംഗർമോതിയെങ്കിലും അത് ചെയ്യുന്നുണ്ട്.
45 വർഷം മുമ്പ്, ഈ ദേവത ധായ്-ചൻവർ ഗ്രാമത്തിലായിരുന്നു വസിച്ചിരുന്നത്. “മഹാനദിയെന്നും സുഖ നദിയെന്നും പേരായ രണ്ട് നദികളുടെയിടയിലുള്ള സ്ഥലത്തായിരുന്നു പണ്ട് മാ അംഗർമോതി താമസിച്ചിരുന്നത്” എന്ന് ഈശ്വർ നേതം പറയുനു. 50 വയസ്സുള്ള എ ഗോണ്ട് ആദിവാസി ഗോത്രദേവതയുടെ മുഖ്യ പൂജാരിയാണ്.
സ്ഥലം മാറ്റിയിട്ടും മാ അംഗർമോതിയുടെ പ്രചാരത്തിന് മങ്ങലേറ്റിട്ടില്ല. എല്ലാ ദിവസവും 500-നും 1,000-ത്തിനുമിടയിൽ ഭക്തർ ഗ്രാമത്തിൽനിന്നും മറ്റിടങ്ങളിൽനിന്നും അവിടേക്ക് ഒഴുകിയെത്തുന്നു. ദേവതയുടെ പേരിലാണ് ഉത്സവം അറിയപ്പെടുന്നതെങ്കിലും, ഗ്രാമത്തിന്റെയും സമീപത്തെ അണക്കെട്ടിന്റേയും പേരുകൾ ഓർമ്മിപ്പിക്കുന്ന ഗംഗ്രേൽ മടായ് എന്ന പേരിലും ഉത്സവം അറിയപ്പെടുന്നു. ദേവതയ്ക്ക് തന്റെ കൂട്ടുകാരേയും നഷ്ടമായിട്ടില്ല. ദീപാവലി കഴിഞ്ഞുള്ള ആദ്യത്തെ വെള്ളിയാഴ്ച, എല്ലാ വർഷവും മാ അംഗർമോതി, സമീപ ഗ്രാമങ്ങളിലെ ദേവതകളെ, വാർഷികാഘോഷങ്ങളിൽ പങ്കെടുക്കാൻ ക്ഷണിക്കാറുണ്ട്.
“ഞങ്ങളുടെ പൂർവ്വികരുടെ കാലംതൊട്ട്, എല്ലാ ഗോത്രഗ്രാമങ്ങളിലും ഞങ്ങൾ ഈ മടായ് (ഉത്സവം) ആഘോഷിക്കുന്നു”, ഗംഗ്രേൽ ഗ്രാമത്തിൽ എല്ലാ വർഷവും ഈ ഉത്സവം സംഘടിപ്പിക്കുന്ന സംഘത്തിലെ അംഗവും, ഗോണ്ട് സമുദായത്തിലെ ഗോത്ര നേതാവുമായ വിഷ്ണു നേതം പറയുന്ന്നു.
“മടായി ഞങ്ങൾ ഗോത്രജനതയുടെ സംസ്കാരത്തിന്റെ ഭാഗമാണ്”, അദ്ദേഹം കൂട്ടിച്ചേർത്തു. നാട്ടുകാരും ഗ്രാമത്തിന് പുറത്തുള്ളവരും ഒരുപോലെ ഉത്സവസ്ഥലത്തെത്തി, നല്ല വിളവ് തന്നതിന് ദേവതയ്ക്ക് പൂക്കളർപ്പിക്കുകയും വരും വർഷങ്ങളിലും അനുഗ്രഹമുണ്ടാകണമേയെന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു. ജില്ലയിൽ എല്ലാ വർഷവും സംഘടിപ്പിക്കുന്ന 50 ഉത്സവങ്ങളിലൊന്നാണ് ഇത്. മധ്യേന്ത്യയിൽ നടക്കുന്ന മാടായികളുടെ പരമ്പരയിലെ ആദ്യത്തേതാണ് ഗ്രാംഗ്രേലിലേത്.
നാട്ടുകാരും ഗ്രാമത്തിന് പുറത്തുള്ളവരും ഒരുപോലെ ഉത്സവസ്ഥലത്തെത്തി, നല്ല വിളവ് തന്നതിന് ദേവതയ്ക്ക് പൂക്കളർപ്പിക്കുകയും വരും വർഷങ്ങളിലും അനുഗ്രഹമുണ്ടാകണമേയെന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു
1978-ൽ ഭിലായ് സ്റ്റീൽ പ്ലാന്റിലെ ജലസേചനത്തിനും അവിടേക്കുള്ള ജലവിതരണത്തിനുമായി മഹാനദി എന്ന നദിയിൽ ഒരു അണക്കെട്ട് നിർമ്മിച്ചു. എന്നാൽ, പണ്ഡിറ്റ് രവിശങ്കർ ഡാം എന്ന് ഔദ്യോഗികനാമമുള്ള അണക്കെട്ട്, ഗോത്രദേവതയ്ക്കും അവളുടെ ആരാധകർക്കും ദുരിതങ്ങൾ സൃഷ്ടിച്ചു.
അതിന്റെ നിർമ്മാണസമയത്തുണ്ടായ വെള്ളപ്പൊക്കം മൂലം, ചൻവാർ ഗ്രാമത്തിലെ ജനങ്ങൾക്ക് വീടുകളുപേക്ഷിച്ച് മറ്റൊരു സ്ഥലത്തേക്ക് പലായനം ചെയ്യേണ്ടിവന്നു. “ഏകദേശം 52-54 ഗ്രാമങ്ങൾ മുങ്ങിപ്പോയി, ആളുകൾക്ക് ഭൂമി നഷ്ടപ്പെട്ടു”, ഈശ്വർ പറയുന്നു.
അങ്ങിനെ അവർ സ്ഥലം വിട്ടു. പക്ഷേ അവരൊറ്റയ്ക്കല്ല പോയത്. അവരുടെ ദേവതയേയും അവർ കൂടെ കൂട്ടി. അണക്കെട്ടിൽനിന്ന് 16 കിലോമീറ്റർ അകലെ ധംതരിയിലെ ഗംഗ്രേലിലിൽ അവർ പാർപ്പ് തുടങ്ങി.
അരനൂറ്റാണ്ടിനുശേഷം, അണക്കെട്ട് ഒരു വലിയ വിനോദസഞ്ചാരകേന്ദ്രമായി മാറിയെങ്കിലും, അന്ന് സ്ഥലം നഷ്ടപ്പെട്ട പല ഗ്രാമീണരും ഇപ്പോഴും സർക്കാരിൽനിന്ന് നഷ്ടപരിഹാരവും കാത്തിരിക്കുകയാണ്.


ഇടത്ത്: മടായിലേക്ക് നയിക്കുന്ന പാത. വലത്ത്: ഈശ്വർ നേതം (ഇടത്തുനിന്ന് മൂന്നാമത്) തന്റെ സഹപൂജാരിമാരുടെ കൂടെ ആഘോഷങ്ങളിൽ പങ്കുചേരുന്നു


ഇടത്ത്: അംഗടിയോകളെ പ്രതിനിധീകരിക്കുന്ന മരംകൊണ്ടുള്ള പല്ലക്കുകൾ സമീപഗ്രാമങ്ങളിൽനിന്ന് കൊണ്ടുവരുനു. വലത്ത്: ദേവ നാച്ചിൽ (ദേവനൃത്തത്തിൽ) ഉപയോഗിക്കുന്ന ഉപകരണങ്ങൾ
പകൽ മുഴുവൻ നീളുന്ന ഉത്സവത്തിന്റെ ആഘോഷങ്ങൾ ഉച്ചയ്ക്ക് ആരംഭിച്ച് വൈകീട്ടാണ് അവസാനിക്കുക. ദേവതയെ അണക്കെട്ടിനോട് ചേർന്ന് പ്രതിഷ്ഠിച്ച്, ഭക്തർ രാവിലെ മുതൽ എത്തിത്തുടങ്ങും. ചിലർ ഫോട്ടോകളെടുക്കാനും അണക്കെട്ടിൽ പോയി സെൽഫിയെടുക്കാനും കുറച്ചുനേരത്തേക്ക് മുങ്ങും.
ഉത്സവം നടക്കുന്ന സ്ഥലത്തേക്കുള്ള വഴി മുഴുവനും മധുരവും പലഹാരങ്ങളും വിൽക്കുന്ന കടകളാണ്. ചിലതെല്ലാം പഴയതും, ചിലത് ഉത്സവത്തിനായി മാത്രം നിർമ്മിച്ചവയുമാണ്.
മടായ് ഔദ്യോഗികമായി ആരംഭിച്ചുകഴിഞ്ഞാൽ, അടുത്തുനിന്നും അകലെനിന്നുമായി അയ്യായിരം, ആറായിരത്തിനുമിടയ്ക്ക് ആളുകൾ എത്തും. ധംതരി പട്ടണത്തിലെ താമസക്കാരനായ നീലേഷ് റായ്ച്ചൂര സംസ്ഥാനത്തുടനീളമുള്ള നിരവധി മടായികളിൽ പങ്കെടുത്തിട്ടുണ്ട്. “കാകേർ, നർഹാർപുർ, നഗ്രി-സിഹാവ, ചരാമ, പഖാൻജൂർ തുടങ്ങി പല സ്ഥലങ്ങളിലേയും മടായികൾ ഞാൻ കണ്ടിട്ടുണ്ട്. എന്നാൽ ഗാഗ്രേൽ മടായിലേത് തികച്ചും വ്യത്യസ്തമാണ്”, അദ്ദേഹം പറയുന്നു.
മടായിയിൽ എത്തിച്ചേരുന്ന ഭക്തരിൽ, പ്രസവിക്കാൻ കഴിഞ്ഞിട്ടില്ലാത്ത സ്ത്രീകളുമുണ്ടായിരിക്കും. “കുട്ടികളില്ലാത്ത സ്ത്രീകൾ ഇവിടെ മാ അംഗർമോതിയുടെ അനുഗ്രഹം തേടി എത്താറുണ്ട്. പലർക്കും അവരുടെ ആഗ്രഹങ്ങൾ സഫലമായിട്ടുമുണ്ട്”, ഗോത്രനേതാവും ആക്ടിവിസ്റ്റുമായ ഈശ്വർ മണ്ഡാവി പറയുന്നു.


ഉത്സവം നടക്കുന്ന സ്ഥലത്തേക്കുള്ള വഴി നീളെ, മധുരവും പലഹാരങ്ങളും വിൽക്കുന്ന കടകളാണ്


ഇടത്ത്:അംഗർമോതിയുടെ അനുഗ്രഹം തേടി സ്ത്രീകൾ ഉത്സവത്തിനെത്താറുണ്ട്. ‘പലരുടേയും ആഗ്രഹങ്ങൾ സഫലമാകാറുണ്ട്’, ഗോത്രനേതാവും ആക്ടിവിസ്റ്റുമായ ഈശ്വർ മാണ്ഡവി പറയുന്നു. വലത്ത്: ദേവതകളെ പ്രതിനിധീകരിക്കുന്ന പതാകകൾ കെട്ടിയ മുളങ്കമ്പുകളും മറ്റുമായിട്ടാണ് ഭക്തർ മടായിലേക്ക് എത്തുന്നത്
85 കിലോമീറ്റർ അകലെയുള്ള റായ്പുരിൽനിന്നും, 265 കിലോമീറ്റർ അകലെയുള്ള ജംജ്ഗിറിൽനിന്നും, 130 കിലോമീറ്റർ ദൂരത്തുള്ള ബെമെതരയിൽനിന്നുമുള്ള സ്ത്രീകളെ ഞങ്ങൾ കണ്ടുമുട്ടി. അവർ, അനുഗ്രഹം കിട്ടാനുള്ള ഊഴവും കത്ത് വരിയിൽ നിൽക്കുകയായിരുന്നു.
“എന്റെ വിവാഹം കഴിഞ്ഞിട്ട് അഞ്ചുവർഷമായി. കുട്ടികളായിട്ടില്ല ഇതുവരെ. അതുകൊണ്ട് അനുഗ്രഹം വാങ്ങാൻ വന്നതാണ്”, പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു സ്ത്രീ പറഞ്ഞു. രാവിലെമുതൽ ഉപവസിച്ചുകൊണ്ടിരിക്കുന്ന നാന്നൂറോളം സ്ത്രീകൾ വരുന്ന ഒരു സംഘത്തിലെ ഒരാളായിരുന്നു അവർ.
ദേവതകളെ സൂചിപ്പിക്കുന്ന കൊടിതോരണങ്ങൾ കെട്ടിയ മുളങ്കോലുകളും, വിഗ്രഹങ്ങളുമായി ദേവനൃത്തത്തിൽ പങ്കെടുക്കുന്നതിനായി മറ്റ് ഗ്രാമങ്ങളിൽനിന്നുള്ള ഭക്തരും വന്നുകൊണ്ടിരുന്നു. അവർ ഈ മുളങ്കോലുകളും മരംകൊണ്ടുണ്ടാക്കിയ പല്ലക്കുകളുമായി പ്രദക്ഷിണം വെച്ചുകൊണ്ടിരിക്കും. ഭക്തർ അനുഗ്രഹാശിസ്സുകൾക്കായി പ്രാർത്ഥിക്കുകയും ചെയ്യും.
“ഈ മടായികളിൽ, എനിക്ക് ഗോത്രസംസ്കാരവും ഗോത്രജീവിതവും വളരെ അടുത്തുനിന്ന് കാണാൻ കഴിയുന്നുണ്ട്”, നീലേഷ് പറയുന്നു.
പരിഭാഷ: രാജീവ് ചേലനാട്ട്