“ആദ്യം കാണുന്ന ഇടത്തോട്ടുള്ള തിരിവെടുക്കുക. ഒരു കറുത്ത തൂണിൽ നിങ്ങൾക്ക് ഒരു പട്ടാളക്കാരന്റെ ചിത്രം കാണാം. അതാണ് വീട്.” പ്രായം ചെന്ന സൈക്കിൾ മെക്കാനിക്കായ രാംഗർ സർദാരൺ അറ്റത്തുള്ള തിരിവിലേക്ക് ചൂണ്ടിക്കാട്ടി. ഗ്രാമത്തിലെ ആളുകൾക്ക് അജയ് കുമാർ ഒന്നുകിൽ സൈനികനോ അല്ലെങ്കിൽ രക്തസാക്ഷിയോ ആണ്.
ഇന്ത്യൻ സർക്കാരിന്റെ കണ്ണിൽ അയാൾ ആരുമല്ല.
ജമ്മു-കശ്മീരിലെ ഭീകരവിരുദ്ധ ഓപ്പറേഷനിൽ തന്റെ അവസാനതുള്ളി രക്തവും നൽകി രാജ്യത്തെ പ്രതിരോധിക്കുകയായിരുന്നു 23 വയസ്സുള്ള ആ ചെറുപ്പക്കാരൻ എന്നതൊന്നും ആർക്കും വിഷയമായില്ല. പെൻഷനോ, മകന് രക്തസാക്ഷിയുടെ പദവിയോ സ്വപ്നം കാണാനാവില്ല അജയുടെ പ്രായമായ, ഭൂരഹിതരും ദളിതരുമായ അച്ഛനമ്മമാർക്ക്. എക്സ്-സർവീസ് കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്കീമിൽനിന്നുള്ള ഒരു അനുകൂല്യത്തിനും അവർക്ക് അർഹതയില്ല. കാന്റീൻ സ്റ്റോർസ് ഡിപ്പാർട്ട്മെന്റിന്റെ ഇളവുകളും അവർക്ക് വിധിക്കപ്പെട്ടിട്ടില്ല. കാരണം, ഔദ്യോഗികരേഖകൾ പ്രകാരം, അജയ് കുമാർ ഒരു സൈനികനോ രക്തസാക്ഷിയോ അല്ല.
അയാൾ വെറുമൊരു അഗ്നിവീറായിരുന്നു.
ഈ ലുധിയാന ജില്ലയിലെ ഗ്രാമത്തിൽ പക്ഷേ സർക്കാരിന്റെ രേഖകൾക്കൊന്നും ഒരു വിലയുമില്ല. ഗ്രാൻഡ് ട്രങ്ക് റോഡിൽനിന്ന് 45 മിനിറ്റ് യാത്ര ചെയ്താൽ, കടുക് പൂക്കൾ പൂക്കുന്ന മനോഹരമായ പാടങ്ങൾ നിങ്ങളെ രാംഗർ സർദാരണിലേക്ക് കൊണ്ടുപോകുന്നു. അവിടെയുള്ള മതിലുകളിൽത്തന്നെ കാണാം അവ സ്വയമെഴുതിയ രേഖകൾ. ഒമ്പത് പതിറ്റാണ്ടുമുമ്പ് സ്വന്തം സുഹൃത്തുക്കളോടൊപ്പം തൂക്കുകയറിലേക്ക് ചുവടിടറാതെ നടന്നുകയറിയ, പിന്നീടുവന്ന സർക്കാരുകളും രക്ഷസാക്ഷി പദവി നൽകാതെ ഒഴിവാക്കിയ ധീരൻ ഭഗത് സിംഗിന്റെ തുടർച്ചപോലെ ഒലീവ് പച്ച യൂണിഫോമിലുള്ള സുന്ദരനായ അജയന്റെ ചിത്രങ്ങൾ പതിച്ച ബോർഡുകൾ ആ മതിലുകളിലെമ്പാടും പതിച്ചിരിക്കുന്നു.
ഗ്രാമത്തിലെ ഒരു പലകയിൽ ഇങ്ങനെ എഴുതി യിരിക്കുന്നു:
യുവത ഉണർന്നാൽ
കിരീടങ്ങൾ വലിച്ചെറിയും
വിവിധ പേരുകളിലാണെങ്കിലും
ഓരോ ദിനവും ഉയിർക്കുന്നൂ ഭഗത് സിംഗ്


ഇടത്ത്: അജയ് കുമാറിന്റെ വീടിന്റെ കവാടത്തിനരികിലുള്ള ഒരു കറുത്ത തൂണിൽ അയാളുടെ ചിത്രം കാണാം. വലത്ത്: രാംഗർ സർദാരൺ ഗ്രാമത്തിലെ ഒരു പോസ്റ്ററിൽ മുകളിൽ കാണുന്ന കവിത രേഖപ്പെടുത്തിയിരിക്കുന്നു
2024 ജനുവരിയിലാണ് അജയ് കുമാർ തന്റെ ജീവിതം ജമ്മു-കശ്മീരിൽ ഹോമിച്ചത്. അമ്മയുടെ അച്ഛനായ ഹവൽദാർ പ്യാരാ ലാലിൽനിന്ന് പ്രചോദിതനായ അജയിന് കുട്ടിക്കാലംതൊട്ട് ഇന്ത്യൻ സൈന്യത്തിൽ ചേരാനായിരുന്നു ആഗ്രഹം. “പത്താം ക്ലാസ് കഴിഞ്ഞപ്പോൾ അവൻ ഒരുക്കങ്ങൾ തുടങ്ങി,” അജയുടെ അച്ഛൻ ചരൺജിത് സിംഗ് പറയുന്നു.
“എന്നാൽ റിക്രൂട്ട്മെന്റിന്റെ സമയത്ത്, അവന് ഒരു അഗ്നിവീറും ഒരു സൈനികനും തമ്മിലുള്ള വ്യത്യാസം അറിയില്ലായിരുന്നു,” അദ്ദേഹം പറയുന്നു. അജയുടെ രക്തസാക്ഷിത്വത്തിനുശേഷം ഇപ്പോൾപ്പോലും, അയാളുടെ കുടുംബത്തിന് മാത്രമല്ല, ഗ്രാമത്തിലെ ചെറുപ്പക്കാർക്കുപോലും അറിയില്ല, ‘കരാർ വ്യവസ്ഥയിലുള്ള സൈനികൻ’ എന്നാൽ എന്താണ് അർത്ഥമെന്ന്.
“ഞങ്ങൾക്കുണ്ടായ ദുരനുഭവം കണ്ടിട്ട് ചെറുപ്പക്കാരുടെ ആവേശമൊക്കെ ചോർന്നുപോയി,” അജയന്റെ ആറ് സഹോദരിമാരിൽ ഏറ്റവും ഇളയവളായ 22 വയസ്സുള്ള അഞ്ജലി ദേവി പറയുന്നു. “രക്തസാക്ഷിത്വത്തിനുശേഷവും, ഒരു അഗ്നിവീറിന്റെ കുടുംബത്തിന്, മറ്റ് സൈനികർക്ക് കിട്ടുന്ന ഒരാനുകൂല്യവും കിട്ടില്ലെന്ന് ഇപ്പോൾ അവർക്ക് മനസ്സിലായി.”
വേദനയും ദു:ഖവുംകൊണ്ട് തിളയ്ക്കുകയായിരുന്നു അവർ. “അവർ അഗ്നിവീറിനെ ഉപയോഗിക്കുന്നത് ഒരു മറയായിട്ടാണ്. അയാൾ മരിച്ചാൽ, സർക്കാരിന് ഒരു ചുമതലയുമില്ലല്ലോ. ഞങ്ങളുടെ ജീവനൊന്നും അല്ലെങ്കിലും വിലയില്ലല്ലോ.”
മക്കളെ സൈന്യത്തിലയയ്ക്കുന്നതിൽ, ബ്രിട്ടീഷ് രാജിന്റെ കാലം മുതലേ പേരെടുത്ത ഒരു സംസ്ഥാനമാണ് പഞ്ചാബ്. അഗ്നിവീറുകളോടുള്ള ഇത്തരം പെരുമാറ്റത്തെക്കുറിച്ചുള്ള കഥകൾ, സൈന്യത്തിൽ ചേരാനുള്ള അവരുടെ ആവേശത്തെ തണുപ്പിച്ചിരിക്കുന്നു. 1918-ൽ അവസാനിച്ച ഒന്നാം ലോകമഹായുദ്ധത്തിൽ - 106 വർഷം മുമ്പ് – ബ്രിട്ടീഷ് ഇന്ത്യൻ സൈന്യത്തിലെ രണ്ടുപേരിലൊരാൽ പഞ്ചാബിൽനിന്നായിരുന്നു. ഇന്നത്തെ ഹരിയാനയും, ഇന്ന് പാക്കിസ്താനിലുള്ള പടിഞ്ഞാറൻ പഞ്ചാബും അതിൽ ഉൾപ്പെടുമെങ്കിലും, 1929-ലെ ബ്രിട്ടീഷ് ഇന്ത്യൻ സൈന്യത്തിൽ 1,39,200 സൈനികരുണ്ടായിരുന്നതിൽ, 86,000-വും പഞ്ചാബി ഭടന്മാരായിരുന്നു.
ഏതാനും വർഷം മുമ്പുവരെ ഇതേ പ്രവണത നിലനിന്നിരുന്നു. 2021 മാർച്ച് 15-ൽ പാർലമെന്റിന് മുമ്പാകെ പ്രതിരോധ മന്ത്രാലയം വെച്ച കണക്കുപ്രകാരം, 89,000 സൈനികരെ അയച്ച പഞ്ചാബായിരുന്നു ഇന്ത്യയിൽ, ഏറ്റവുമധികം സൈനികരെ അയച്ച രണ്ടാമത്തെ സംസ്ഥാനം. (പഞ്ചാബിന്റെ ജനസംഖ്യയുടെ ഏഴരയിരട്ടി അധികമുള്ള ഉത്തർ പ്രദേശായിരുന്നു പട്ടികയിൽ ഒന്നാം സ്ഥാനത്ത്). ഇന്ത്യയിലെ മൊത്തം ജനസംഖ്യയുടെ 2.3 ശതമാനം മാത്രമാണ് പഞ്ചാബിന്റേതെങ്കിലും, സൈനികരുടെ എണ്ണത്തിൽ പഞ്ചാബിന്റെ മാത്രം സംഭാവന 7.7 ശതമാനമാണ്.

2022- ൽ സംഗ്രൂർ ജില്ലയിലെ ഫിസിക്കൽ അക്കാദമി ലെഹ്രാഗാഗയിൽ സൈന്യത്തിലേക്ക് പ്രവേശനം പ്രതീക്ഷിച്ച് വന്നവർ നിരന്നുനിൽക്കുന്ന ഒരു ചിത്രം. രണ്ടുവർഷം മുമ്പ് അഗ്നിവീർ ആരംഭിച്ചതോടെ ആ അക്കാദമി അടച്ചുപൂട്ടി
എന്നാൽ, അഗ്നിവീർ പദ്ധതി ആരംഭിച്ചതോടെ, നിലവിലെ സ്ഥിതിയിൽ നാടകീയമായ മാറ്റം വന്നു. സംസ്ഥാനത്തെ ചെറുതും വലുതുമായ മിക്ക പട്ടണങ്ങളിലും സൈനിക റിക്രൂട്ട്മെന്റ് പരിശീലനകേന്ദ്രങ്ങളുണ്ടായിരുന്നു. എന്നാൽ, സൈന്യത്തിൽ ചേരാനുള്ള ആവേശവുമായി വരുന്നവരുടെ എണ്ണത്തിലുണ്ടായ വൻ ഇടിവിനെത്തുടർന്ന്, കഴിഞ്ഞ രണ്ട് വർഷങ്ങൾക്കുള്ളിൽ അവയിൽ പലതും പൂട്ടേണ്ടിവന്നു.
കഴിഞ്ഞ ഒരു പതിറ്റാണ്ടായി, സംഗ്രൂർ ജില്ലയിലെ ലെഹ്രഗാഗ പട്ടണത്തിൽ സുരീന്ദർ സിംഗ് നടത്തിവന്നിരുന്ന ‘ഫിസിക്കൽ അക്കാദമി’ എന്ന് പേരുള്ള സൈനിക റിക്രൂട്ട്മെന്റ് പരിശീലനകേന്ദ്രവും പൂട്ടി. പാട്യാല, സംഗ്രൂർ, ബർണാല, ഫത്തേഗർ സാഹിബ്, മാനസ ജില്ലകളിൽനിന്നായി വർഷംതോറും ആയിരക്കണക്കിന് യുവജനങ്ങളാണ് വിവിധ ബാച്ചുകളിലായി, ശാരീരിക പരിശീലനം നേടിയിരുന്നതെന്ന് അദ്ദേഹം പാരിയോട് പറഞ്ഞു. എന്നാൽ അഗ്നിവീർ പദ്ധതി ആരംഭിച്ച വർഷം, പരിശീലനാർത്ഥികളുടെ എണ്ണം വെറും 50 ആയി ഇടിഞ്ഞു. “ഞങ്ങൾക്ക് ചിലവിനുപോലും തികയാത്ത സ്ഥിതി വന്നു. അതുകൊണ്ട് ആ കേന്ദ്രം പൂട്ടി,” സങ്കടത്തോടെ അയാൾ പറഞ്ഞു.
2011-ൽ തുറക്കുകയും 2022-ൽ പൂട്ടുകയും ചെയ്യുന്നതിനിടയ്ക്ക് “ഞങ്ങൾ ഇവിടെ പരിശീലനം നൽകിയവരിൽ 1,400- 1,500 ചെറുപ്പക്കാർ ഇന്ത്യൻ സൈന്യത്തിൽ ജോലിക്ക് കയറിയിരുന്നു,”
പഞ്ചാബ്, രാജസ്ഥാൻ, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെ ശാരീരിക പരിശീലനകേന്ദ്രങ്ങളിലേയും സ്ഥിതി വ്യത്യസ്തമല്ല എന്ന് സുരീന്ദർ സിംഗ് പറയുന്നു. 80 ശതമാനവും അടച്ചുപൂട്ടി,” അയാൾ പറയുന്നു. ബാക്കിയുള്ള 20 ശതമാനം സ്ഥാപനങ്ങൾ ഇപ്പോൾ, പൊലീസ്, പാരാമിലിറ്ററി റിക്രൂട്ട്മെന്റുകളിലേക്ക് ശ്രദ്ധ മാറ്റിയിരിക്കുന്നുവത്രെ.
“മുമ്പൊക്കെ ഒരു ഗ്രാമത്തിൽനിന്ന് 50 മുതൽ 100 ചെറുപ്പക്കാർവരെ സൈന്യത്തിൽ ചേരാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെങ്കിൽ, ഇന്ന് അവരുടെ എണ്ണം രണ്ടിനും അഞ്ചിനുമിടയ്ക്കാണ്. അത്ര വലിയ ആഘാതമാണ് അഗ്നിവീർ പദ്ധതി സൃഷ്ടിച്ചിരിക്കുന്നത്,” അയാൾ പറയുന്നു.
2023-ൽ സൈന്യത്തിലേക്കുള്ള എഴുത്തുപരീക്ഷയിൽ 60 വിദ്യാർത്ഥികൾ വിജയിച്ചുവെന്ന് പാട്യാല ജില്ലയിലെ നഭ പട്ടണത്തിലെ ന്യൂ സൈനിക് പബ്ലിക്ക് അക്കാദമി നടത്തിയിരുന്ന കരംജിത് സിംഗ് പറയുന്നു. പക്ഷേ, കായികക്ഷമതാ പരിശീലനത്തിന് വന്നവർ വളരെ കുറച്ചുപേർ മാത്രമായിരുന്നു. ചേർന്നുകഴിഞ്ഞാലുള്ള അവസ്ഥയെക്കുറിച്ച് അവർ മനസ്സിലാക്കി എന്നതായിരുന്നു കാരണം. ഒടുവിൽ, അക്കാദമി പൂട്ടുകയും ചെയ്തു.


സൈന്യത്തിൽ ചേരാൻ മോഹിച്ച് വരുന്നവരുടെ എണ്ണത്തിൽ പെട്ടെന്ന് സാരമായ കുറവ് വന്നതോടെ, സംഗ്രൂരിലെ ഈ സൈനിക റിക്രൂട്ട്മെന്റ് ട്രെയിനിംഗ് സെന്റർപോലെയുള്ള നിരവധി സ്ഥാപനങ്ങൾ ഇക്കഴിഞ്ഞ രണ്ടുവർഷത്തിനുള്ളിൽ പൂട്ടിപ്പോയി
എഴുത്തുപരീക്ഷയിൽ ജയിച്ചിട്ടും കായികക്ഷമതാ പരീക്ഷയ്ക്ക് പോകാതിരുന്നവരിൽ ഒരാളാണ് സംഗ്രൂർ ജില്ലയിലെ അലിപുർ ഖൽസ എന്ന ഗ്രാമത്തിലെ ജഗ്സിർ ഗാർഗ്. എന്തായിരുന്നു കാരണം? “നാല് വർഷത്തെ ജോലിക്കുവേണ്ടി ജീവിതം അപകടത്തിലാക്കേണ്ടതില്ല എന്ന് അച്ഛനമ്മമാർ പറഞ്ഞു. എന്തെങ്കിലും സംഭവിച്ചാൽ കുടുംബത്തിന് യാതൊന്നും കിട്ടില്ല. എന്നെപ്പോലെ നിരവധിപേരുണ്ട് എന്റെ ബാച്ചിൽ, എഴുത്തുപരീക്ഷ ജയിച്ചിട്ടും കായികക്ഷമതയ്ക്ക് പോകാതിരുന്നവർ,” അവൻ പറയുന്നു. മോട്ടോർബൈക്കുകൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന കച്ചവടം ചെയ്യുകയാണ് അയാളിപ്പോൾ.
കുട്ടികളെ സൈന്യത്തിലേക്കയയ്ക്കുന്ന അതിദീർഘമായ ഒരു പാരമ്പര്യമുണ്ടായിരുന്നതിനാൽ, പഞ്ചാബിലെ ചെറുതും വലുതുമായ എല്ലാ പട്ടണങ്ങളിലും റിക്രൂട്ട്മെന്റ് അക്കാദമികളുടെ സാന്നിധ്യമുണ്ടായിരുന്നു. എന്നാലിന്ന്, സുരീന്ദർ സിംഗ് പറഞ്ഞതുപോലെ അവയിൽ മിക്കതും അടച്ചുപൂട്ടുകയോ, പൊലീസ് റിക്രൂട്ട്മെന്റിലേക്ക് വഴിമാറുകയോ ചെയ്തിരിക്കുന്നു. ഈ കേന്ദ്രങ്ങളെ ആദ്യം തകർത്തത്, 2020 മാർച്ചിനും 2022 മാർച്ചിനുമിടയിൽ വന്ന നിരോധനമാണ്. കോവിഡായിരുന്നു പ്രധാന കാരണമെങ്കിലും, പിന്നാലെ, ചോദ്യപ്പേപ്പർ ചോർന്ന ഒരു സംഭവവുമുണ്ടായി.
അതിനുശേഷം സർക്കാർ അഗ്നിപഥ് പദ്ധതിയുമായി വന്നു. ‘ആകർഷണീയമായ’ ഒരു റിക്രൂട്ട്മെന്റ് പദ്ധതിയായി 2022 ജൂൺ 14-നാണ് കേന്ദ്രമന്ത്രിസഭ അത് പ്രഖ്യാപിച്ചത്. അതിൻപ്രകാരം, ചെറുപ്പക്കാർക്ക് സൈന്യത്തിൽ നാലുവർഷം സേവനം ചെയ്യാനുള്ള അവസരം കൊടുക്കുകയായിരുന്നു. 15 വർഷത്തെ മിനിമം സേവനം എന്ന സ്ഥിര കേഡർ നിയമനത്തിന് പകരമായിരുന്നു ഈ നാലുവർഷ നിയമനം.
“മൂന്ന് സൈനികവിഭാഗങ്ങളുടേയും ഹ്യൂമൻ റിസോഴ്സ് പോളിസിയിൽ പുതിയൊരു കാലഘട്ടം കൊണ്ടുവരും” എന്ന് കൊട്ടിഘോഷിച്ചാണ് സർക്കാർ ഈ പദ്ധതി കൊണ്ടുവന്നത്. 2020 വരെ സൈന്യത്തിലേക്കുള്ള ശരാശരി വാർഷിക റിക്രൂട്ട്മെന്റ് ഏകദേശം 61,000 ആയിരുന്നത്, അഗ്നിപഥ് പദ്ധതിൽ 46,000 ചെറുപ്പക്കാരായി കുറയുമെന്ന് ഇതിനുമുമ്പ് പ്രസിദ്ധീകരിച്ച വിവിധ റിപ്പോർട്ടുകളിൽ പാരിയുടെ റിപ്പോർട്ടർമാർ ചൂണ്ടിക്കാണിച്ചിരുന്നു.
സൈന്യത്തിൽ ജീവിതകാലം മുഴുവൻ തൊഴിലെടുക്കണമെന്ന ഗ്രാമീണയുവാക്കളുടെ സ്വപ്നത്തിന്റെ മരണമായിരുന്നു എണ്ണത്തിലെ ആ കുറവ്. ഇനിമുതൽ അവർക്ക് നാലുവർഷംവരെ സൈന്യത്തിൽ പണിയെടുക്കാം, അതിനുശേഷം, സൈന്യത്തിന്റെ സ്ഥിര കേഡറിൽ പ്രവേശിക്കുന്നവരാകട്ടെ, അവരിൽ, നാലിലൊരാൾ മാത്രവുമായിരിക്കും.
ഗ്രാമീണ സമൂഹത്തിൽ ലഭിക്കുന്ന ബഹുമാനത്തിന് പുറമേ, സൈന്യത്തിൽ നിലനിൽക്കുന്ന അനുകൂലമായ തൊഴിൽസാഹചര്യങ്ങളും, ഈ മേഖലയിലേക്ക് കടന്നുവരാൻ പഞ്ചാബികളെ പ്രേരിപ്പിക്കുന്നതിൽ മുഖ്യഘടകമാവുന്നുണ്ടെന്ന്, ഡോ.ഉമ്രാവോ സിംഗ് പറയുന്നു. പാട്യാലയിലെ പഞ്ചാബി സർവകലാശാലയിലെ ഡിപ്പാർട്ട്മെന്റ് ഓഫ് ഡിഫൻസ് ആൻഡ് സ്ട്രാറ്റജിക് സ്റ്റഡീസിലെ മുൻ മേധവിയാണ് അദ്ദേഹം.


കുട്ടികളെ സൈന്യത്തിലേക്കയയ്ക്കുന്ന അതിദീർഘമായ ഒരു പാരമ്പര്യമുണ്ടായിരുന്നതിനാൽ, പഞ്ചാബിലെ ചെറുതും വലുതുമായ എല്ലാ പട്ടണങ്ങളിലും റിക്രൂട്ട്മെന്റ് അക്കാദമികളുടെ സാന്നിധ്യമുണ്ടായിരുന്നു
“അഗ്നിവീർ പദ്ധതിയുടെ വരവോടെ, ഈ തൊഴിലിന് പണ്ട് ലഭിച്ചിരുന്ന ബഹുമാനം ഇല്ലാതായി. ഇപ്പോൾ അവരെ വിളിക്കുന്നത്, കരാർ സൈനികർ എന്നാണ്. ബഹുമാന്യത ഇല്ലാതായതോടെ, ഇതിലേക്ക് ആകർഷിക്കപ്പെട്ട് വരുന്നവരുടെ എണ്ണത്തിലും ഭീമമായ കുറവുണ്ടായി. അഗ്നിവീർ പദ്ധതിക്ക് തുടക്കമായപ്പോൾ, വിദേശത്തേക്ക് പോകുന്ന ചെറുപ്പക്കാരുടെ എണ്ണത്തിലും വർദ്ധനവുണ്ടായി. എന്നാൽ, കാനഡ തുടങ്ങിയ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വിദേശബന്ധം മോശമായതോടെ ആ വഴിയും അടഞ്ഞു. ഇപ്പോൾത്തന്നെ അഗാധമായ കാർഷികപ്രതിസന്ധി നേരിടുന്ന പഞ്ചാബിലെ ഗ്രാമീണസമൂഹം, സമ്പൂർണ്ണമായ ഒരു തകർച്ചയെ അഭിമുഖീകരിക്കുകയാണ്,” ഡോ. സിംഗ് പറയുന്നു.
റിക്രൂട്ട് ചെയ്യപ്പെട്ടവരിൽ ഭൂരിഭാഗവും ഒന്നുകിൽ കാർഷിക കുടുംബങ്ങളിൽനിന്നുള്ളവരോ ഭൂരഹിത ആദിവാസിവിഭാഗത്തിലുള്ളവരോ ആയിരുന്നു. മൻസ ജില്ലയിലെ രംഗ്രിയാൽ ഗ്രാമത്തിൽ, സൈനികാർത്ഥികളെ എഴുത്തുപരീക്ഷയ്ക്ക് തയ്യാറക്കുന്ന യദ്‌വിന്ദർ സിംഗ് പറയുന്നു: “അഞ്ചോ ഏഴോ ഏക്കർ ഭൂമിയുള്ള കുടുംബത്തിലെ ആൺകുട്ടികളിൽപ്പോലും വലിയ ആവേശമായിരുന്നു പണ്ടുണ്ടായിരുന്നത്. എന്നാലിപ്പോൾ, ആ വിഭാഗത്തിൽനിന്ന് നമുക്ക് വളരെ കുറച്ച് മത്സരാർത്ഥികളെ മാത്രമേ കിട്ടുന്നുള്ളു. മറ്റ് നിവൃത്തിയൊന്നുമില്ലാത്തതിനാൽ, ദളിത് കുടുംബങ്ങളിലെ ചെറുപ്പക്കാർ മാത്രമാണ് ഇപ്പോൾ താത്പര്യം കാണിക്കുന്നത്.”
അത്തരമൊരു കുടുംബത്തിൽനിന്ന് വരുന്നയാളാണ് അജയ് കുമാർ. ഈ സ്വപ്നം സാക്ഷാത്കരിക്കുന്നതിനുവേണ്ടി വർഷങ്ങളോളം അവൻ ദിവസക്കൂലിക്ക് ജോലിയെടുത്തു. ഭൂവുടമകളുടെ തൊഴുത്തുകൾ കഴുകുന്നതുമുതൽ എം.ജി.എൻ.ആർ.ഇ.ജി.എ. തൊഴിലുവരെ എല്ലാ ജോലിക്കും പോയിരുന്നു അവന്റെ അമ്മ,” അച്ഛൻ ചരൺജിത് സിംഗ് പറയുന്നു. “എന്നിട്ട് ഞങ്ങൾക്കെന്ത് കിട്ടി? പണമോ? പണം, ഇതാ എന്ന് പറയുമ്പോഴേക്കും അപ്രത്യക്ഷമാകും.” (ഇൻഷുറൻസിൽനിന്നുള്ള പണമാണ് അദ്ദേഹം ഉദ്ദേശിച്ചത്. നഷ്ടപരിഹാരമല്ല. അജയിന് അതിന് അർഹതയില്ല)
ബാക്കിവന്ന ഒരേയൊരു വസ്തുവിലേക്ക് ചരൺജിത് വിരൽചൂണ്ടി. ശ്രദ്ധാപൂർവ്വം വെച്ച ഒരു കറുത്ത സൈനിക ട്രങ്ക്പെട്ടി. അതിൽ, വെളുത്ത പെയിന്റുകൊണ്ട്, ചെരിഞ്ഞ അക്ഷരങ്ങളിൽ എഴുതിവെച്ചിരുന്നു, ‘അഗ്നിവീർ അജയ് കുമാർ,’ നഷ്ടപ്പെട്ട സ്വപ്നങ്ങളുടെ കഥ പറയുന്നതുപോലെ തോന്നി ആ മൂന്ന് വാക്കുകൾ. അജയുടെ മാത്രമല്ല. പഞ്ചാബിലെ ഒരു തലമുറയിൽപ്പെട്ട മുഴുവൻ ചെറുപ്പക്കാരുടേയും സ്വപ്നങ്ങൾ.


ഇടത്ത്: വീട്ടിൽ വെച്ചിരിക്കുന്ന അഗ്നിവീർ അജയ് കുമാറിന്റെ ച്ഛായാചിത്രം. വലത്ത്: അജയൻ അംഗമായിരുന്ന 25- ആമത് ഇൻഫാൻട്രി ഡിവിഷന്റെ ജനറൽ ഓഫീസർ കമാൻഡിംഗ് ആയ മേജർ ജനറൽ ഗൌരവ് ഋഷി കുടുംബത്തിനയച്ച അനുശോചന സന്ദേശം


ഇടത്ത്: വീട്ടിലെ മുറിയിൽ സൂക്ഷിച്ചിരിക്കുന്ന അഗ്നിവീർ അജയ് കുമാറിന്റെ ട്രങ്ക്പെട്ടി. വലത്ത്: മാതൃഭൂമിയേയും ജീവത്യാഗത്തെയും കുറിച്ച് എഴുതിയ ഒരു കവിത (താഴെ നോക്കുക) ആലേഖനം ചെയ്ത ഒരു ഫ്ലെക്സ് ബോർഡിന്റെ പശ്ചാത്തലത്തിൽ, അജയ് കുമാറിന്റെ അച്ഛൻ ചരൺജിത് സിംഗും അമ്മ മഞ്ജീത് കൌറും
അജയുടെ വീട്ടിൽ പുതുതായി പണികഴിപ്പിച്ച മുറി ഭൂതകാലവുമായി ഇഴുകിച്ചേർന്നതുപോലെ തോന്നി. വീട്ടിലെ ഒരേയൊരു മകന്റെ, ആറ് സഹോദരിമാരുടെ - അവരിൽ രണ്ടുപേർ അവിവാഹിതകളാണ് – ഒരേയൊരു സഹോദരന്റെ ഓർമ്മകളും, തേച്ചുവെച്ച യൂണിഫോമും, ശ്രദ്ധയോടെ വെച്ച തലപ്പാവും, പോളിഷ് ചെയ്ത ഷൂസും, ഫ്രെയിം ചെയ്ത ചിത്രങ്ങളുമായി.
സംഭാഷണങ്ങൾക്കിടയിലെ നീണ്ട മൌനങ്ങൾക്കിടയിൽ, ഞങ്ങൾ അജയുടെ അച്ഛനോട് ഒരു ചോദ്യം ചോദിച്ചു. ഗ്രാമത്തിലെ മറ്റ് ആൺകുട്ടികളെ സൈന്യത്തിൽ ചേരാൻ പ്രേരിപ്പിക്കുമോ? “ഞാൻ എന്തിനത് ചെയ്യണം? എന്റെ മകന്റെ ജീവിതം വെറുതെയായില്ലേ? മറ്റുള്ളവരുടെ ആണ്മക്കൾക്കും ഇതേ വിധി വരണോ?” അദ്ദേഹം തിരിച്ച് ചോദിക്കുന്നു.
അദ്ദേഹത്തിന് പിന്നിലായി, അജയുടെ ഫോട്ടോ പതിപ്പിച്ച ഫ്ലെക്സ് സംസാരിക്കുന്നു:
ജന്മഭൂമിയോടുള്ള സ്നേഹത്തിന്, ചോരകൊണ്ട് അനശ്വരമായ കഥ എഴുതുക
ജന്മഭൂമിയോടുള്ള സ്നേഹത്തിന്, പോയി ജീവിതം ഹോമിക്കുക.
ഓർമ്മകളുടെ സമുദ്രത്തിൽ സ്വയം നഷ്ടപ്പെട്ട്, ചരൺജിത്തിന്റെ കണ്ണുകൾ തിരിച്ചൊരു ചോദ്യം ചോദിക്കുന്നതുപോലെ തോന്നി: പകരം, ജന്മഭൂമി ഞങ്ങൾക്കെന്ത് തരും?
അനുബന്ധം:
2025 ജനുവരി 24- ന് ത്രിവർണ്ണപതാകയിൽ പൊതിഞ്ഞ് മറ്റൊരു മൃതദേഹംകൂടി, പഞ്ചാബിലെ മാൻസ ജില്ലയിലെ അകില ഗ്രാമത്തിലുള്ള ഒരു ചെറുകിട കർഷകന്റെ വീട്ടിലെത്തി. 24 വയസ്സുള്ള ലവ്പ്രീത് സിംഗ് എന്ന അഗ്നിവീറിന്റെ ചേതസ്സറ്റ ശരീരമായിരുന്നു അത്. രാജ്യത്തിന്റെ അതിർത്തികൾ കാക്കുന്നതിനിടയിൽ, കഴിഞ്ഞ 15 മാസത്തിനുള്ളിൽ കൊല്ലപ്പെടുന്ന, പഞ്ചാബിൽനിന്നുള്ള മൂന്നാമത്തെ ആളാണ് ലവ്പ്രീത്.
എല്ലാവരും കൊല്ലപ്പെട്ടത് കശ്മീരിൽ വെച്ചായിരുന്നു. 2023 ഒക്ടോബറിൽ കൊല്ലപ്പെട്ട അഗ്നിവീർ അമൃത്പാൽ സിംഗായിരുന്നു അവരിൽ ആദ്യത്തേത്. 2024 ജനുവരിയിൽ മരിച്ച അജയ് കുമാർ പിന്നീട്. അയാളുടെ കഥയാണ് ഇവിടെ ചേർത്തത്. അജയ്കുമാറിന്റെ കുടുംബത്തെപ്പോലെ, ലവ്പ്രീതിന്റെ അച്ഛൻ ബിയാന്ത് സിംഗിനും ഇനി ബാക്കിയുള്ളത് മകനെക്കുറിച്ചുള്ള ഓർമകൾ മാത്രമാണ്.
“ ലവ്പ്രീതിന് ഒരു പുതിയ വാച്ച് പാർസലിൽ വന്നിട്ടുണ്ടായിരുന്നു. തിരിച്ചുവരുമ്പോൾ അത് കൈയ്യിൽ കെട്ടാൻ കാത്തിരിക്കുകയായിരുന്നു അവൻ. ഇനിയത് ഉണ്ടാവില്ല,” മാധ്യമ പ്രവർത്തകരോട് സംസാരിക്കുമ്പോൾ, ബിയാന്ത് പൊട്ടിക്കരഞ്ഞു. മറ്റൊരു കുടുംബത്തിനും, സമയം നിശ്ചലമായിരിക്കുന്നു. എന്നാൽ, ഓരോ ചെറുപ്പക്കാരും മണ്ണടിയുമ്പോൾ, അഗ്നിവീറുകൾക്ക് നീതിയും അംഗീകാരവും കിട്ടണമെന്ന ആവശ്യം, ദിവസം കഴിയുന്തോറും പഞ്ചാബിൽനിന്ന് ഉച്ചത്തിലുയർന്ന് വരുന്നുണ്ട്.
പരിഭാഷ: രാജീവ് ചേലനാട്ട്