ഒരു ആന ഒരിക്കലും അതിന്റെ ഫണ്ടിയെ (ചട്ടക്കാരൻ) മറക്കില്ലെന്ന് ശരത് മോറാൻ പറയുന്നു. അദ്ദേഹം നാളിതുവരെ 90-ലധികം ആനകളെ ചട്ടം പഠിപ്പിച്ചിട്ടുണ്ട്. ഒരിക്കൽ ഒരു ആനയെ പരിശീലിപ്പിച്ചുവെന്നാൽ, അതിന്റെ ജീവിതകാലം മുഴുവൻ, അത് ഒരു കൊടുംകാട്ടിൽ ഒരു കാട്ടാനക്കൂട്ടത്തിന്റെ ഇടയിൽ നിന്നാണെങ്കിൽപ്പോലും, അത് ചട്ടക്കാരനെ തേടി ഓടിയെത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
ആനകളെ ചട്ടം പഠിപ്പിക്കാനുള്ള താത്കാലിക ക്യാമ്പായ പിൽഖാനയിൽ എത്തിക്കുന്ന ഒരു കുട്ടിയാനയ്ക്ക് മനുഷ്യസ്പർശം പരിചിതമാക്കുകയാണ് ആദ്യപടി. തുടർച്ചയായ ദിവസങ്ങളിൽ ഇത് ആവർത്തിക്കുന്നതോടെ കുട്ടിയാനയ്ക്ക് ഇത് ശീലമാകും. "പരിശീലനത്തിനിടെ ഒരു ചെറിയ വേദന ഉണ്ടായാൽപോലും അതിന് താങ്ങാൻ കഴിയില്ല," ശരത് പറയുന്നു.
ദിവസങ്ങൾ ചെല്ലുംതോറും, കുട്ടിയാനയുടെ ചുറ്റിലും ഉണ്ടാകുന്ന ആളുകളുടെ എണ്ണം കൂടിവരും. ഒടുവിൽ ഒരു ഘട്ടമെത്തുമ്പോൾ, ആളുകളുടെ സാന്നിധ്യം അതിന് അസ്വസ്ഥത ഉളവാക്കാത്ത സ്ഥിതിയാകും.
ആനയെ പരിശീലിപ്പിക്കുന്നതിനിടെ ശരത്തും മറ്റു ചട്ടക്കാരും അതിന് സാന്ത്വനമേകുന്ന പാട്ടുകൾ പാടിക്കൊടുക്കുന്നത് പതിവാണ്. ആനയും ചട്ടക്കാരനും തമ്മിലുള്ള ആഴത്തിലുള്ള ബന്ധം പ്രതിപാദിക്കുന്ന പാട്ടുകളാണ് അവർ പാടാറുള്ളത്.
"വലിയ കാകോ മുളകൾ തിന്ന്
നീ മലനിരകളിൽ മദിച്ച് നടക്കുകയായിരുന്നു.
ചട്ടക്കാരന്റെ മായയിൽ മയങ്ങി
നീ ഈ താഴ്വരയിലെത്തി
ഞാൻ നിന്നെ പഠിപ്പിക്കാം
ഞാൻ നിന്നെ കൊഞ്ചിക്കാം
ഇത് പഠിക്കാനുള്ള നേരമാണ്!
ഈ ഫണ്ടി നിന്റെ പുറത്തേറി
ഒരുനാൾ വേട്ടയ്ക്ക് പോകും."
വീണ്ടും കുറച്ചുനാൾ കഴിയുമ്പോൾ, ആനയുടെ ചലനങ്ങൾ നിയന്ത്രിക്കാൻ കെട്ടിയിരിക്കുന്ന കയറുകൾ പതിയെ അയയ്ക്കുകയും ഒടുവിൽ തീർത്തും ഒഴിവാക്കുകയും ചെയ്യും. ഒരു ആനയെ പരിശീലിപ്പിക്കാൻ പലതരം കയറുകൾ ആവശ്യം വരുമെന്നും അവയ്ക്ക് ഓരോന്നിനും വെവ്വേറെ പേരുകളും ഉപയോഗവുമാണെന്നും ഈ പരിശീലകൻ പറയുന്നു. അതിനൊപ്പം, മായികമായ അനുഭൂതി ഉണ്ടാക്കുന്ന ഇമ്പമാർന്ന പാട്ടുകൾകൊണ്ട് ആനയെ ഇണക്കിയെടുക്കുകയും ചെയ്യുന്നു. നേരത്തെയെല്ലാം ഈയൊരു വിശ്വാസത്തിന്റെ ബലത്തിലാണ് വേട്ടയ്ക്കും കാട്ടാനകളെ പിടിക്കാനുമെല്ലാം ആളുകൾ പോയിരുന്നത്.
"എന്റെ ഗ്രാമം കാടിനകത്താണെന്ന് മാത്രമല്ല കാട്ടിൽ നിറയെ ആനകളുമുണ്ട്," വിദഗ്ധ പരിശീലകനായ ശരത്, താൻ ഫണ്ടി ആയത് വിശദീകരിക്കുന്നത് ഇങ്ങനെയാണ്. "ഞങ്ങൾ ചെറുപ്പംതൊട്ട് ആനകളോടൊപ്പം കളിച്ചുവളർന്നവരാണ്. അങ്ങനെയാണ് ഞാൻ അവയെ പരിശീലിപ്പിക്കുന്നത് എങ്ങനെയെന്ന് പഠിച്ചത്."
ഒരു ആനയെ പരിശീലിപ്പിക്കാൻ കൂട്ടായ പരിശ്രമം അനിവാര്യമാണ്." ഫണ്ടിയാണ് പരിശീലകസംഘത്തിന്റെ നേതാവ്. . ലുഹോതിയ, മഹൗട്ട്, ഖാസി എന്ന് വിളിക്കുന്ന സഹായികളും കൂടെയുണ്ടാകും. ഇത്രയും വലിയ ഒരു മൃഗത്തെ നിയന്ത്രിക്കാൻ കുറഞ്ഞത് അഞ്ചുപേർ വേണം. ആനയ്ക്ക് തീറ്റ ശേഖരിക്കുന്ന ജോലിയുമുണ്ട്," ശരത് കൂട്ടിച്ചേർക്കുന്നു. പലപ്പോഴും ഗ്രാമവാസികളും ഇവരുടെ സഹായത്തിനെത്താറുണ്ട്.
അസമിലെ ടിൻസുക്കിയ ജില്ലയിൽ, അപ്പർ ദിഹിങ് റിസർവ് വനത്തിന്റെ അതിരിലുള്ള ടൊറാനി എന്ന ചെറുഗ്രാമമാണ് ശരത്തിന്റെ സ്വദേശം. ആനകളെ ചട്ടം പഠിപ്പിക്കുന്നതിൽ നൂറ്റാണ്ടുകളുടെ അനുഭവസമ്പത്തും പെരുമയുമുള്ളവരാണ് ശരത് ഉൾപ്പെടുന്ന മോറാൻ സമുദായക്കാർ. ഒരുകാലത്ത്, ആനകളെ മെരുക്കി യുദ്ധത്തിന് പരിശീലിപ്പിക്കുന്നതിൽ അവർക്കുള്ള കഴിവ് വിഖ്യാതമായിരുന്നു.തദ്ദേശീയ സമുദായമായ മൊറാനുകൾ അപ്പർ അസമിലെ ഏതാനും ജില്ലകളിലും അയൽസംസ്ഥാനമായ അരുണാചൽ പ്രദേശിലുമായിട്ടാണ് താമസിക്കുന്നത്.
കാട്ടാനകളെ മെരുക്കുന്നത് ഇപ്പോൾ നിയമവിരുദ്ധമാണെങ്കിലും, ജനിച്ച് അധികമായിട്ടില്ലാത്ത കുട്ടിയാനകൾക്ക് മനുഷ്യസാമീപ്യം പരിചിതമാക്കേണ്ട ആവശ്യമുണ്ട്. ഒന്നുമുതൽ മൂന്നുമാസംവരെയെടുക്കുന്ന ഈ ജോലിക്ക് ശരത്തിനെപ്പോലെയുള്ള ഫണ്ടികൾക്കും സംഘത്തിനും ഒരു ലക്ഷം രൂപവരെ ലഭിക്കും.


ഇടത്: താത്കാലിക ക്യാമ്പായ പിൽഖാനയിൽ പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്ന ബീർബോൽ എന്ന ആന. വലത്: ഗ്രാമത്തിലെ കുട്ടികൾ സ്കൂൾ സമയം കഴിഞ്ഞാലുടൻ ബീർബോലിനെ കാണാനെത്തും. ചിത്രത്തിലുള്ളവർ ഇടത്തുനിന്ന് വലത്തേയ്ക്ക്: ഉജ്ജൽ മോറാൻ, ദോൺഡോ ദോഹൂത്തിയ, സുബഖി ദോഹൂത്തിയ, ഹിരുമോണി മോറാൻ, ഫിരുമോണി മോറാൻ, ലോഖിമോണി മോറാൻ, റോഷി മോറാൻ

ആനകളെ മെരുക്കുന്നതിൽ നൂറ്റാണ്ടുകളുടെ അനുഭവസമ്പത്തും പെരുമയുമുള്ളവരാണ് മോറാൻ സമുദായക്കാർ. ഒരുപാടുപേർ ചേർന്നാണ് ബീർബോലിനെ പരിചരിക്കുന്നത്: (ഇടത്തുനിന്ന് വലത്തേയ്ക്ക്) ദിക്കോം മോറാൻ, സൂസൻ മോറാൻ, ശരത് മോറാൻ, ജിതേൻ മോറാൻ
ഗ്രാമത്തിന്റെ പുറത്ത് സ്ഥാപിച്ചിട്ടുള്ള ക്യാമ്പ് പെട്ടെന്നുതന്നെ ജനശ്രദ്ധയാകർഷിക്കും. ആളുകൾ ആനയെ ജീവനുള്ള ദൈവമായി കാണുന്നതുകൊണ്ടുതന്നെ പലരും ആനയുടെ അനുഗ്രഹം തേടിയെത്താറുണ്ട്. ആനയുടെ ചട്ടക്കാരനായ ഫണ്ടിയെ പുരോഹിതനായാണ് ആളുകൾ പരിഗണിക്കാറുള്ളത്. അതിനാൽ, ജോലിയ്ക്കിടെ സ്വന്തം വീട്ടിൽപ്പോലും പോകാനോ മറ്റുള്ളവർ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കാനോ അദ്ദേഹത്തിന് അനുവാദമില്ല. സുവ എന്നാണ് ഈ സമ്പ്രദായം അറിയപ്പെടുന്നത്. ആനയെ കാണാനെത്തുന്ന കുട്ടികളുടെ കൈവശമാണ് താൻ വീട്ടിലേയ്ക്ക് ആവശ്യമായ പണം കൊടുത്തുവിടാറുള്ളതെന്ന് ശരത് പറയുന്നു.
കൊയ്ത്തുത്സവമായ മാഘ് ബിഹുവിന്റെ സമയത്താണ് ഈ ഡോക്യുമെന്ററി ചിത്രീകരിക്കുന്നത്. കുമ്പളങ്ങ ചേർത്ത് താറാവിനെ പൊരിക്കുന്നതുൾപ്പെടെ ആഘോഷപരിപാടികൾ സജീവമായിരുന്നു. "ഇവിടെ ഒരു വെടിക്ക് രണ്ടു പക്ഷിയെന്ന സ്ഥിതിയാണ്. അതായത്, ഞങ്ങൾ ആനയെ പരിശീലിപ്പിക്കുന്നുമുണ്ട് മാഘ് ബിഹു ആഘോഷിക്കുന്നുമുണ്ട്. ഞങ്ങൾ ഇപ്പോൾ താറാവ് പൊരിക്കുകയാണ്. എല്ലാവരും ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിക്കുക," ശരത് പറയുന്നു.
നാലുചുറ്റും ആഘോഷം കനക്കുമ്പോഴും ശരത്തിന്റെ മനസ്സിൽ ആശങ്കയാണ്. ആനയെ മെരുക്കുന്ന ജോലി പഠിച്ചെടുക്കാൻ ഒരുപാട് സമയം വേണമെന്നതിനാൽ, ചെറുപ്പക്കാർ അധികം ഈ മേഖലയിലേയ്ക്ക് കടന്നുവരുന്നില്ല. അധികം വൈകാതെ ഈ തൊഴിൽ അന്യംനിന്നുപോകുമോയെന്നാണ് ശരത്തിന്റെ ആധി. ഗ്രാമത്തിലെ ചെറുപ്പക്കാർക്ക് പ്രചോദനം പകർന്ന്, ഈ പാരമ്പര്യം നിന്നുപോകാതെ നോക്കാൻ അദ്ദേഹം ശ്രമിക്കുന്നുണ്ട്. "എനിക്കും പതിയെ ആരോഗ്യം കുറഞ്ഞുവരികയാണ്. ഗ്രാമത്തിലെ കുട്ടികളോട് ഈ തൊഴിൽ പഠിക്കണമെന്ന് ഞാൻ പറയാറുണ്ട്. എനിക്ക് ആരോടും അസൂയയില്ല. എല്ലാവരും ഈ വിദ്യ പഠിച്ചെടുക്കണമെന്നും ഞങ്ങളുടെ അറിവ് തലമുറകളിലേയ്ക്ക് കൈമാറണമെന്നുമാണ് എന്റെ ആഗ്രഹം," അദ്ദേഹം പറയുന്നു.
പരിഭാഷ: പ്രതിഭ ആര്‍. കെ .