ഒരു വർഷം മുമ്പ്, 2023 മേയ് മാസത്തിലാണ് പാര്‍വ്വതിക്ക് എം.എൻ.ആർ.ഇ.ജി.എ.യുടെ കീഴിൽ അവസാനമായി ജോലി ലഭിച്ചത്. അത് വെറും അഞ്ച് ദിവസത്തേക്കായിരുന്നു.
അന്ന് പാര്‍വ്വതി (ഈ പേര്‍ മാത്രമാണ് അവർ ഉപയോഗിക്കുന്നത്) തന്‍റെ ഗ്രാമമായ ഗോർ മധുകർ ശാഹ്പൂരിലെ റോഡ് നിരപ്പാക്കിക്കൊണ്ട് സമയം ചിലവഴിച്ചു. എം.എന്‍.ആര്‍.ഇ.ജി.എ. (മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം) വാഗ്ദാനം ചെയ്യുന്ന 100 ദിവസത്തെ പണി ജാതവ് (പട്ടികജാതി) വിഭാഗത്തില്‍പ്പെട്ട 45-കാരിയായ ഈ ദിവസ വേതനക്കാരിക്ക് ഒരിക്കലും ലഭിച്ചിട്ടില്ല. “അരവയർ നിറച്ചാണ് ഞങ്ങൾ കഴിഞ്ഞുകൂടുന്നത്”, അവര്‍ പറഞ്ഞു.
പ്രധാന്‍മന്ത്രി ആവാസ് യോജനയുടെ കീഴിൽ ഈ ദമ്പതികൾ വീടിന് നല്‍കിയ അപേക്ഷ 2020-ല്‍ നിരസിക്കപ്പെട്ടപ്പോൾ ഭരണകൂടം വീണ്ടും അവരെ പരാജയപ്പെടുത്തി. കൂടുതല്‍ കാത്തിരിക്കാൻ വയ്യാതെ പാര്‍വ്വതിയും അവരുടെ ഭര്‍ത്താവ് ചോട്ടെലാലും 2 മുറികളുള്ള ഒരു നല്ല വീട് വയ്ക്കുന്നതിനായി ബന്ധുക്കളില്‍നിന്നും 90,000 രൂപ വായ്പ വാങ്ങി.
“ആരെങ്കിലും വോട്ട് ചോദിക്കാന്‍ വന്നാൽ വീടിനുള്ള ഉപഭോക്തൃ പട്ടികയില്‍നിന്നും എങ്ങനെ എന്‍റെ പേര് ഒഴിവായെന്നും വോട്ടർ പട്ടികയില്‍ എങ്ങനെ അത് ഇടംപിടിച്ചുവെന്നും എനിക്കറിയണം”, നീരസത്തോടെ അവർ കൂട്ടിച്ചേർത്തു. എം.എൻ.ആർ.ഇ.ജി.എ. തൊഴിലാളിയായിരുന്ന പാര്‍വ്വതിയുടെ ഭർത്താവിന് അഞ്ചുവർഷം മുമ്പ് ശരീരം തളർന്നതിനെത്തുടർന്ന് ജോലിയെടുക്കാൻ സാധിക്കില്ല. നിലവിൽ വാരണാസി നഗരത്തിലെ തൊഴില്‍ മണ്ഡിയിൽ അദ്ദേഹം വല്ലപ്പോഴും ജോലിക്കു പോകും. ദിവസവേതനക്കാർക്ക് 400-500 രൂപയാണ് അവിടെ കൂലി.
ഗ്രാമീണമേഖലയിലെ അവിദഗ്ദ്ധ തൊഴിലാളികൾക്ക് നൂറുദിവസത്തെ തൊഴിൽ എം.എൻ.ആർ.ഇ.ജി.എ. ഉറപ്പ് നൽകുന്നു. പക്ഷെ ഗ്രാമങ്ങളിലുടനീളമുള്ള ഒരു പൊതുപരാതി എന്തെന്നാൽ, “കഴിഞ്ഞ രണ്ട് പ്രധാനികളുടെ” (അവസാന രണ്ട് സർപഞ്ചുകളുടെ കാലയളവ്, അല്ലെങ്കില്‍ ഏതാണ്ട് 10 വര്‍ഷം) കാലം മുതല്‍ വാരണാസി ജില്ലയിൽ 20-25 ദിവസങ്ങളിൽമാത്രമാണ് ഒരു വർഷം തൊഴിൽ ലഭിക്കുന്നത് എന്നതാണ്.
ഒരിക്കലും എടുത്തിട്ടില്ലാത്ത ഒരു വായ്പയുടെ പേരിൽ പാര്‍വ്വതി ഇന്ന് ബുദ്ധിമുട്ടുകയാണ്. ഭരണകൂടത്തിന്‍റെ ഭാഗത്തുനിന്ന് സഹായം ഒന്നുമില്ലാത്തതിനാൽ താക്കൂർ സമുദായത്തിന്‍റെ പാടങ്ങളിൽ ദിവസവേതനത്തിന് പണിയെടുക്കുകയാണവർ. അവർ പാർവ്വതിക്ക് വിതയ്ക്കുകയും കൊയ്യുകയും ചെയ്യുന്ന കാലയളവില്‍ 15 ദിവസത്തേക്ക് ഏതാണ്ട് 10 കിലോഗ്രാം ധാന്യം നൽകും.


പാർവ്വതി (ഇടത്) ഉത്തർപ്രദേശിലെ വാരണാസി ജില്ലയിലെ ഗോർ മധുകാർ ശാഹ്പൂർ നിവാസിയാണ്. എം.എൻ.ആർ.ഇ.ജി.എ.യുടെ (മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം) കീഴിൽ ഉറപ്പു നൽകുന്ന 100 ദിവസത്തെ പണി തനിക്കൊരിക്കലും ലഭിച്ചിട്ടില്ലെന്ന് അവർ പറയുന്നു. ഭർത്താവായ ചോട്ടെ ലാലിനൊപ്പം (വലത്) വീടിന് മുൻപിൽ
രാജാ തലാബ് തെഹ്സീലിലെ ഗോർ മധുകാർ ശാഹ്പൂർ ഗ്രാമത്തിൽ ഏതാണ്ട് 1,200 വീടുകളുണ്ട്. പട്ടികജാതിക്കാരും മറ്റ് പിന്നാക്കസമുദായക്കാരുമാണ് അവരിൽ ഭൂരിഭാഗവും. ഇവിടെ സ്വന്തം ഉപഭോഗത്തിനുള്ള കൃഷി നടക്കുന്നത് ചെറിയ തുണ്ട് ഭൂമികളിലാണ്. കൂലിപ്പണിയാണ് പ്രധാന ജീവനോപാധി.
വാരണാസി നഗരത്തിൽനിന്നും 20 കിലോമീറ്റർ മാറി വാരണാസി ലോക്സഭാ മണ്ഡലത്തിലാണ് ഗ്രാമം ഉൾപ്പെടുന്നത്. ഇവിടെനിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നാം തവണ ലോക്സഭയിലേക്ക് മത്സരിക്കുകയാണ്. 2014-ലും 2019 അദ്ദേഹം ഇവിടെനിന്ന് വിജയിച്ചിരുന്നു.
തെരഞ്ഞെടുപ്പ് ജൂൺ 1-നാണ്. ഏറ്റവും ശ്രദ്ധയോടെ വീക്ഷിക്കപ്പെടുന്ന മണ്ഡലങ്ങളിലൊന്നാണ് വാരണാസി. ‘ഹർ ദിൽ മെ മോദി’ (മോദി എല്ലാവരുടെയും ഹൃദയങ്ങളിൽ) എന്നെഴുതിയിരിക്കുന്ന കാവി പോസ്റ്ററുകൾ എല്ലാ മുക്കിലും മൂലയിലും കാണാം. ഓട്ടോറിക്ഷകളുടെ പിറകിലും തെരുവ് വിളക്കുകളിലുമൊക്കെ അവ ഒട്ടിച്ചിട്ടുണ്ട്. ഈ ഉന്നത സ്ഥാനാർത്ഥിയുടെ പ്രസംഗങ്ങളും പുതുതായി നിർമ്മിച്ച രാമക്ഷേത്രത്തിൽ അദ്ദേഹത്തിന്‍റെ പങ്കും വിവരിക്കുന്ന സ്പീക്കറുകൾ ഘടിപ്പിച്ചിരിക്കുന്ന ഓട്ടോറിക്ഷകൾ എല്ലായിടത്തും ഒരു സാധാരണ കാഴ്ചയാണ്.
പക്ഷെ ഗോർ മധുകാർ ശാഹ്പൂരിൽ പ്രചരണ പോസ്റ്ററുകൾ ഒന്നുമില്ല. അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാദിന ചടങ്ങിനോടനുബന്ധിച്ചുള്ള മോദിയുടെ ഒരു ഫോട്ടോ ഈ ബസ്തിയിലെ (താമസസ്ഥലത്തെ) ഹനുമാൻ ക്ഷേത്രത്തിന്റെ പുറത്തായി സ്ഥാപിച്ചിരിക്കുന്നു.
പക്ഷെ ഇവിടെ താമസിക്കുന്ന പാര്‍വ്വതി, ബി.എസ്.പി.യുടെ (ബഹുജൻ സമാജ് പാർട്ടി) നീലപ്പതാക പറത്താനാണ് ആഗ്രഹിക്കുന്നത്. താനുൾപ്പെടുന്ന അഞ്ചംഗ കുടുംബത്തെ പോറ്റാൻ ബുദ്ധിമുട്ടാണെന്നതാണ് അതിനവർ പറയുന്ന കാരണം. ഭരണകൂടം എന്തുകൊണ്ടാണ് സഹായിക്കാൻ മുതിരാത്തതെന്ന് അവർ അത്ഭുതപ്പെടുന്നു. "ആധാർ കാർഡുകൾ ഇറക്കുകയും എല്ലാവരെക്കുറിച്ചുമുള്ള വിവരങ്ങൾ അറിയുകയും ചെയ്യുന്ന സര്‍ക്കാരിന് എന്തുകൊണ്ടാണ് ആരാണ് പാവപ്പെട്ടവർ എന്ന് കണ്ടെത്താൻ കഴിയാത്തത്?"


ഗോർ ഗ്രാമത്തിലെ ഹരിജൻ സെറ്റിൽമെന്‍റിലുള്ള ഹനുമാൻ ക്ഷേത്രത്തിന് പുറത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരു പോസ്റ്റർ ഒട്ടിച്ചിരിക്കുന്നു (ഇടത്). പ്രധാനമായും പട്ടികജാതികളിലും മറ്റു പിന്നാക്ക ജാതിസമുദായങ്ങളിലും പെടുന്നവരുടെ ഏതാണ്ട് 1,200 വീടുകളാണ് ഇവിടുള്ളത്. ബഹുജൻ സമാജ് പാർട്ടിയുടെ ഒരു പതാക (വലത്) പാര്‍വ്വതിയുടെ വീടിനുമുകളിൽ കാണാം


ഇടത്: എം.ജി.എൻ.ആർ.ഇ.ജി.എ. മസ്ദൂർ യൂണിയന്‍റെ കോഓർഡിനേറ്ററായ രേണു ദേവി പറയുന്നത് എം.എൻ.ആർ.ഇ.ജി.എ. തൊഴിലുകൾ കുറഞ്ഞുകൊണ്ടിരിക്കുകയാണ് എന്നാണ്. മണ്ഡലത്തിലെ നഗരങ്ങളിലും ജില്ലയിലും എല്ലായിടത്തും മോദിയുടെ പോസ്റ്ററുകൾ കാണാം. ഇവിടെ മോദി മൂന്നാം തവണയാണ് മത്സരിക്കാൻ പോകുന്നത്
എം.എൻ.ആർ.ഇ.ജി.എ. മസ്ദൂർ യൂണിയനിലെ രേണു ദേവി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ കീഴിലുള്ള ജോലിയുടെ കുറവ് സ്ഥിരീകരിച്ചുകൊണ്ട് പാരിയോട് ഇങ്ങനെയാണ് പറഞ്ഞത്: “2019 മുതൽ എം.എൻ.ആർ.ഇ.ജി.യുടെ അവസ്ഥ മോശമായിക്കൊണ്ടിരിക്കുകയാണ്. മുമ്പ് ഞങ്ങൾ ഗ്രാമവാസികൾക്ക് വേണ്ടി അപേക്ഷകൾ എഴുതുമ്പോൾ, ഒരാഴ്ച നീണ്ടുനിൽക്കുന്ന പണി അനുവദിക്കുമായിരുന്നു. ഇപ്പോൾ വർഷത്തിൽ ഏഴു ദിവസത്തെ ജോലി ലഭിക്കാന്‍പോലും ബുദ്ധിമുട്ടാണ്."
വിവിധ ഗ്രാമങ്ങളിൽ ജോലി അനുവദിക്കണമെന്നഭ്യർത്ഥിച്ച് എം.എൻ.ആർ.ഇ.ജി.എ. മസ്ദൂർ യൂണിയന്‍റെ പ്രാദേശിക സന്നദ്ധ പ്രവർത്തകർ വാരണാസിയിലെ ബ്ലോക്ക് തല ഉദ്യോഗസ്ഥർക്ക് 2021-ൽമാത്രം എഴുതിയത് 24 കത്തുകളാണ്.
ജീരാ ദേവിക്ക് ഏറ്റവും അവസാനമായി എം.എൻ.ആർ.ഇ.ജി.എ. തൊഴിൽ ലഭിച്ചതും ഇതേ വർഷമാണ് – ജൂൺ 2021.
ഗോർ മധുകർ ശാഹ്പൂരിലെ അതേ ബസ്തിയിലാണ് ജീരയും. പ്രധാനമന്ത്രി മോദിയുടെ ഫോട്ടോ പതിച്ചിട്ടുള്ള, പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജനയില്‍നിന്നും തനിക്ക് ലഭിച്ച ഒരു ഝോല (തുണിസ്സഞ്ചി) 45-കാരിയായ ആ കൂലിത്തൊഴിലാളി പുറത്തെടുത്തു. വിരോധാഭാസമെന്നു പറയട്ടെ, തനിക്ക് ലഭിക്കാതെപോയ പദ്ധതികളുമായി ബന്ധപ്പെട്ട അവരുടെ പ്രധാനപ്പെട്ട പേപ്പറുകൾ അതിലുണ്ടായിരുന്നു. "മോദിയെ സംബന്ധിച്ചിടത്തോളം അദ്ദേഹം ഓടിക്കുന്ന ഹെലികോപ്റ്ററാണ് ഞങ്ങൾക്ക് ആദ്യം കണ്ടെത്തേണ്ടത്”, അവർ ചിരിച്ചുകൊണ്ട് പറഞ്ഞു.
പ്രധാനമന്ത്രി ആവാസ് യോജന-ഗ്രാമീൺ എന്ന പദ്ധതിപ്രകാരം ലഭിക്കുന്ന വീടിന് പകരമായി പ്രാദേശിക പ്രധാൻ (തലവൻ) തന്നോട് 10,000 രൂപ കൈക്കൂലി ചോദിച്ചതായി ജീര പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് അവർ വാരണാസി ജില്ലാ മജിസ്‌ട്രേറ്റിന് ഒരു കത്തെഴുതിയെങ്കിലും പ്രയോജനമൊന്നുമുണ്ടായില്ല. “ചാക്കുകളും പോസ്റ്ററുകളുംകൊണ്ട് നിർമ്മിച്ച എന്‍റെ വീടിന്‍റെ ചുവരുകൾ നോക്കൂ!” തന്‍റെ വീടിനുള്ളിൽ, ഓലമേഞ്ഞ മേൽക്കൂരയുടെ അടിയിലിരുന്ന്, അവർ കൂട്ടിച്ചേർത്തു.
എം.എൻ.ആർ.ഇ.ജി.എ. ജോലി നഷ്ടപ്പെടുന്നത് ഈ ദിവസവേതന തൊഴിലാളിയെ ദുരിതത്തിലാക്കുന്നു. ഒരേക്കറിന്‍റെ പത്തിലൊന്നിൽ താഴെ ഭൂമി മാത്രമാണ് കുടുംബത്തിന് സ്വന്തമായുള്ളത്. മകൻ ശിവവും ഭർത്താവ് രാംലാലും ജീരായുടെ കൂലിയിൽനിന്നുള്ള വരുമാനത്തെ ആശ്രയിച്ചാണ് കഴിയുന്നത്. എന്നാൽ ഇപ്പോൾ തന്‍റെ നാൽപ്പതുകളിൽ അവർ ബുദ്ധിമുട്ടുകയാണ്: “എനിക്ക് കടുത്ത തലവേദനയും ശരീരവേദനയും ഉണ്ടായി. അതിനാൽ മണ്ണ് കൂട്ടിയിട്ടത് വാരാൻ [ചിലപ്പോൾ എം.എൻ.ആർ.ഇ.ജി.എ. ജോലിയില്‍ ഇതുംപെടും] ഇനിയെനിക്ക് കഴിയില്ല.”


എം.എൻ.ആർ.ഇ.ജി.എ. തൊഴിൽ ഇല്ലാത്തതിനാല്‍ ജീരാ ദേവി തന്‍റെ കുടുംബത്തെ പോറ്റാൻ പാടുപെടുന്നു. താൻ ദരിദ്രയാണെന്നത് വളരെ വ്യക്തമായ കാര്യമാണെങ്കിലും സർക്കാർ പദ്ധതി പ്രകാരമുള്ള വീട് അവർക്ക് നിഷേധിക്കപ്പെട്ടു. എന്നിരിക്കിലും അവയെപ്പറ്റിയൊക്കെ പ്രഖ്യാപിക്കുന്ന ഒരു സഞ്ചി അവർക്കുണ്ട് (വലത്)


ജീരാ ദേവി മകൻ ശിവത്തോടൊപ്പം (ഇടത്ത്) ഗോര്‍ മധുകർ ശാഹ്പൂർ ഗ്രാമത്തിലെ ഹരിജൻ സെറ്റിൽമെന്‍റിലുള്ള തന്‍റെ മോശാവസ്ഥയിലുള്ള വീടിനും അടുക്കളയ്ക്കും (വലത്) സമീപം
ഉത്തർപ്രദേശിൽ മറ്റ് പിന്നാക്ക വിഭാഗത്തിൽപ്പെടുന്ന ബിന്ദ്/മല്ല സമുദായക്കാരാണ് ഈ കുടുംബം. അവരുടെ ഭർത്താവ് ജോലി ചെയ്യുന്നില്ല. കാഴ്ചവൈകല്യമുള്ള മകന് പെൻഷൻ ലഭിച്ചിരുന്നു. പക്ഷെ അത് കഴിഞ്ഞ കൊല്ലം നിലച്ചു, വീണ്ടും ശരിയാക്കാൻ അവർക്ക് കഴിഞ്ഞിട്ടുമില്ല.
കർഷകത്തൊഴിലാളിയായി അന്നത്തെ ദിവസം ജോലി ചെയ്തതിന്‍റെ പ്രതിഫലമായി തനിക്ക് ലഭിച്ച കുറച്ച് വെളുത്തുള്ളി തണ്ടുകൾ കൈയിൽ പിടിച്ചുകൊണ്ട് ജീരാദേവി ഈ റിപ്പോർട്ടറോടും ഞങ്ങൾക്ക് ചുറ്റുമുള്ളവരോടുമായി ഇങ്ങനെ പറഞ്ഞു: “ഞങ്ങളെപ്പോലുള്ളവരെ പിന്തുണയ്ക്കുന്ന ഒരു സ്ത്രീക്ക് ഞാൻ വോട്ട് ചെയ്യും – മായാവതിക്ക്!”
ഉന്നതനായ ഒരു വ്യക്തിയുടെ നിയോജകമണ്ഡലത്തിൽ എടുക്കാന്‍ ബുദ്ധിമുട്ടുള്ള ഒരു നിലപാടാണിത്.
പക്ഷെ ജീരയും പാര്‍വ്വതിയും ഒറ്റയ്ക്കല്ല. "ഇപ്പോഴും ഞാനെന്‍റെ മനസ്സ് തയ്യാറാക്കിയിട്ടില്ല [ആർക്ക് വോട്ട് ചെയ്യണമെന്ന കാര്യത്തിൽ]. പക്ഷെ മോദിജിയുടെ പ്രവർത്തനത്തിൽ ഞങ്ങൾ സന്തുഷ്ടരല്ല", അതേ ഗ്രാമത്തിലെ ദിവസവേതനക്കാരനായ അശോക് പറഞ്ഞു. അദ്ദേഹത്തിന്‍റെ ഭാര്യ സുനിതയ്ക്ക് ഈയിടെ എം.എൻ.ആർ.ഇ.ജി.എ.യുടെ കീഴിൽ ലഭിച്ചത് 3 ദിവസത്തെ ജോലിയാണ്, കഴിഞ്ഞ വർഷം (2023) ലഭിച്ചത് അഞ്ചു ദിവസത്തെയും. തങ്ങളുടെ മൂന്ന് മക്കളോടൊപ്പം ഗോർ മധുകർ ശാഹ്പൂരിലാണ് ആ ദമ്പതികൾ താമസിക്കുന്നത്. 14-കാരിയായ സഞ്ജനയും 12-കാരിയായ രഞ്ജനയും 10 വയസ്സുകാരനായ രാജനുമാണ് അവരുടെ മക്കൾ.
അശോക് (ഈ പേര് മാത്രമാണദ്ദേഹം ഉപയോഗിക്കുന്നത്) ഉയർന്ന വിലയുള്ള ബനാറസി സാരികളുടെ നെയ്ത്തുകാരനായിരുന്നു ഒരു കാലത്ത്. പക്ഷെ കാലം കഴിയുന്തോറും അദ്ദേഹത്തിന്‍റെ കുടുംബത്തിന് അതിൽനിന്നുള്ള വരുമാനം പര്യാപ്തമാവാതെ വന്നു. നെയ്ത്ത് നിർത്തിയതുമുതൽ വാരണാസി നഗരത്തിലെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങളിലും തൊഴിലാളി മണ്ഡിയിലും അദ്ദേഹം ജോലി ചെയ്തുപോന്നു. മാസം ഏകദേശം 20-25 ദിവസങ്ങളാണ് അദ്ദേഹത്തിന് ജോലി ലഭിക്കുന്നത്, പ്രതിദിന വേതനം ഏകദേശം 500 രൂപയും. “എങ്ങനെയൊക്കെയോ ഞങ്ങൾ ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ശ്രമിക്കുന്നു”, ഹരിജൻ ബസ്തിയിലെ വീട്ടിൽനിന്ന് തൊഴിലാളി മണ്ഡിയിലേക്കുള്ള വഴിയിലെ മൺപാത്രങ്ങളും ചെങ്കൊടികളും കടന്ന് പോകുമ്പോൾ 45-കാരനായ അദ്ദേഹം പറഞ്ഞു.


എം.ജി.എൻ.ആർ.ഇ.ജി.എ.യുടെ കീഴിൽ ജോലി ചെയ്യുന്നത് കുറച്ച് വർഷങ്ങൾക്ക് മുമ്പ് അശോക് നിർത്തി. ഒരുകാലത്ത് ബനാറസി സാരി നെയ്ത്തുകാരനായിരുന്ന അദ്ദേഹം ഇപ്പോൾ കൂലിപ്പണി ചെയ്യുന്നു. മോദിയുടെ പോസ്റ്ററുകൾ രഖൗന ഗ്രാമത്തില്‍


രഖൗന ഗ്രാമത്തിലെ സന്താരാ ദേവിക്കും എം.എൻ.ആർ.ഇ.ജി.എ. പ്രകാരം ജോലി ലഭിച്ചിട്ടില്ല. നിലവിൽ തന്‍റെ വീട്ടിൽ രുദ്രാക്ഷ മുത്തുകൾ കോർക്കുന്ന അവർക്ക് ഏതാനും മാസങ്ങൾ കൂടുമ്പോൾ ഏതാണ്ട് 2,000-5,000 രൂപയാണ് ഉണ്ടാക്കാൻ പറ്റുന്നത്
‘മേം ഹൂം മോദി കാ പരിവാർ [ഞങ്ങൾ മോദിയുടെ കുടുംബത്തിൽപ്പെട്ടവരാണ്]’ എന്ന് രേഖപ്പെടുത്തിയിരിക്കുന്ന നീല സ്റ്റിക്കറുകൾ വാരണാസി ജില്ലയിലെ രഖൗന ഗ്രാമത്തിലെ വീടുകളുടെ ഗേറ്റുകളിൽ പതിച്ചിട്ടുണ്ട്. സന്താരാ ദേവിയുടെ വീട്ടിൽ, മോദിയുടെയും ഉത്തർപ്രദേശ് മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥിന്‍റെയും മുഖങ്ങളുള്ള ഒരു പോസ്റ്റർ കട്ടിലിൽ കിടക്കുന്നു. “ഡബിൾ എഞ്ചിൻ കി സർക്കാർ” എന്ന, അവരുടെ നേട്ടം പ്രഖ്യാപിക്കുന്ന, ഒരു പോസ്റ്ററാണിത്.
രുദ്രാക്ഷമുത്തുകളുപയോഗിച്ച് മാല നെയ്യുന്ന തിരക്കിൽ അവർ മൺതറയിൽ ഇരിക്കുകയാണ്. ആ സാധാരണ വീട്ടിൽ പ്രാണികളുടെ ഒരു കൂട്ടം അവരെ വട്ടമിട്ടു പറക്കുന്നു. അവരുടെ ആറംഗ കുടുംബത്തെ കടുത്ത വേനൽവെയിലിൽനിന്ന് സംരക്ഷിക്കുന്നത് സാധാരണ രീതിയില്‍ മേഞ്ഞ ഒരു മേൽക്കൂര മാത്രമാണ്. “ഞങ്ങൾക്ക് കൃഷിഭൂമിയോ തോട്ടമോ ഇല്ല. ജോലി ചെയ്തില്ലെങ്കിൽ എങ്ങനെയാണ് ഭക്ഷിക്കാന്‍ കഴിയുക?”, അവര്‍ ഈ റിപ്പോർട്ടറോട് ചോദിച്ചു.
എം.എൻ.ആർ.ഇ.ജി.എ. തൊഴിലാളിയായി രജിസ്റ്റർ ചെയ്തതിനുശേഷം കഴിഞ്ഞ ഓഗസ്റ്റിൽ (2023) എട്ട് ദിവസത്തെ പണിയാണ് ലഭിച്ചത് – പൊഖാരി (കുളം) കുഴിക്കുന്ന പണി. എം.എൻ.ആർ.ഇ.ജി.എ.ക്ക് കീഴിലുണ്ടാകുന്ന തൊഴിൽനഷ്ടം നികത്താൻ സന്താരയെപ്പോലുള്ള സ്ത്രീകൾ കൂലികുറഞ്ഞ മറ്റു തൊഴിലുകളെ ആശ്രയിക്കുന്നു. രുദ്രാക്ഷമാലകൾ ഉണ്ടാക്കുന്നതുപോലെയുള്ള അത്തരം ജോലികളിൽനിന്ന് ഏതാനും മാസങ്ങൾ കൂടുമ്പോൾ 2,000-5,000 രൂപ ലഭിക്കും. “ഒരു ഡസനിന് 25 രൂപയാണ് ഞങ്ങൾക്ക് ലഭിക്കുക. മൊത്തക്കച്ചവടക്കാർ ഞങ്ങൾക്ക് ഒരുതവണ 20-25 കിലോ രുദ്രാക്ഷ മുത്തുകൾ നൽകും", അവർ കൂട്ടിച്ചേർത്തു.
സന്താരയുടെ അയൽവാസിയായ മുങ്കാദേവിയും (50 വയസ്സ്) കഴിഞ്ഞ വർഷത്തെ എം.എൻ.ആർ.ഇ.ജി.എ. തൊഴിലിന്‍റെ കാര്യങ്ങളറിയാൻ റോസ്ഗർ സഹായകിനെ (റെക്കോർഡുകൾ തയ്യാറാക്കാൻ സഹായിക്കുന്ന ആൾ) കാത്തിരിക്കുകയാണ്. മുങ്കയ്ക്ക് അവരുടെ ഭർത്താവിന്‍റെ പേരിൽ 1.5 ബിഘാ ഭൂമിയുണ്ട്. അവിടെ അവർ വിൽക്കാനുള്ള പച്ചക്കറികൾ വളർത്തുന്നു, കൂടാതെ മറ്റുള്ളവരുടെ വയലുകളിൽ പണിയെടുക്കുകയും ചെയ്യുന്നു. "ഇതെന്‍റെ കുടുംബത്തെ ഏറ്റവും കുറഞ്ഞത് ഉപ്പും എണ്ണയും മേടിക്കാൻ സഹായിക്കും”, ഏറ്റവും അടിസ്ഥാനപരമായ ഭക്ഷ്യവസ്തുക്കളെ പരാമർശിച്ചുകൊണ്ട് അവർ പറഞ്ഞു.


ഒരു എം.എൻ.ആർ.ഇ.ജി.എ. തൊഴിൽ കാർഡ് (ഇടത്). എം.എൻ.ആർ.ഇ.ജി.എ. പട്ടികയിൽനിന്ന് തന്‍റെ പേര് തെറ്റായി ഒഴിവാക്കപ്പെട്ടതായി ശകുന്തള ദേവി കണ്ടെത്തി. ഇപ്പോഴവർ ശിലാവിഗ്രഹങ്ങൾ മിനുക്കുന്ന ജോലി ചെയ്യുന്നു. അവരുടെ കൈകളിൽ എപ്പോഴും മുറിവുകളാണ്


മുങ്കാദേവി (ഇടത്) പുതുതായി നിർമ്മിച്ച തന്‍റെ വീടിന്റെ പുറത്ത്. ‘മോദി ഞങ്ങളുടെ എൻ.ആർ.ഇ.ജി.എ. ജോലി തട്ടിമാറ്റി’, ഷീല (വലത്) പറയുന്നു
ഖേവാലി ഗ്രാമത്തിൽനിന്നുള്ള ശകുന്തള ഇത്തവണ വോട്ട് വേണ്ടെന്ന് തീരുമാനിച്ചിരിക്കുകയാണ്. “സർക്കാർ എനിക്ക് ജോലിയൊന്നും നൽകാത്തതിനാൽ ഞാൻ ആർക്കും വോട്ട് ചെയ്യില്ല,” അവർ പ്രഖ്യാപിച്ചു. സജീവമായ തൊഴിൽ കാർഡുകൾ ഉണ്ടായിരുന്നവരുടെ പട്ടികയിൽനിന്ന് അബദ്ധത്തിൽ പേര് നീക്കം ചെയ്യപ്പെട്ട ഈ ഗ്രാമത്തിലെ 12 സ്ത്രീകളിൽ ഒരാളാണ് ശകുന്തള. വ്യാജ എം.എൻ.ആർ.ഇ.ജി.എ. പേരുകൾ നീക്കം ചെയ്തപ്പോൾ സംഭവിച്ച ഒരു ക്ലറിക്കൽ അബദ്ധമായിരുന്നു അത്.
"ഞങ്ങളുടെ എൻ.ആർ.ഇ.ജി.എ. തൊഴിൽ മോദി തട്ടിക്കളഞ്ഞതാണ്. ഞങ്ങൾക്ക് കുറഞ്ഞത് രണ്ട് മാസം സ്ഥിരമായ ജോലിയും ദിവസക്കൂലിയായി 800 രൂപയും വേണം", ഖെവാലിയിലെ മറ്റൊരു താമസക്കാരിയായ ഷീല പറഞ്ഞു. “സൗജന്യ റേഷൻ പദ്ധതിയുടെ ഭാഗമായി ഗോതമ്പ്, അരി എന്നിവയ്‌ക്ക് പുറമേ പയർവർഗ്ഗങ്ങൾ, ഉപ്പ്, എണ്ണ എന്നിവയും കിട്ടണം", ശകുന്തള കൂട്ടിച്ചേർത്തു.
അവരുടെ വീടിന്‍റെ തുറസ്സായ സ്ഥലം നന്ദികേശന്‍റെ ശിലാവിഗ്രഹങ്ങളാൽ അലങ്കരിക്കപ്പെട്ടിരിക്കുന്നു. “ഇവയുടെ മിനുക്ക്പണികൾ ചെയ്യുമ്പോൾ എന്‍റെ കൈകൾക്ക് മുറിവേൽക്കാറുണ്ട്. പക്ഷെ എനിക്ക് ഒരെണ്ണത്തിന് 150-200 രൂപ ലഭിക്കും.” അദ്ധ്വാനംമൂലം അവരുടെ കൈവിരലുകൾ വീർത്തിരിക്കുന്നു, പക്ഷെ എം.എൻ.ആർ.ഇ.ജി.എ.യുടെ കീഴിൽ സ്ഥിരമായി ജോലി ലഭിക്കാത്ത അവരെപ്പോലുള്ള സ്ത്രീകൾക്ക് ഇതരമാർഗ്ഗങ്ങൾ കുറവാണ്.
പരിഭാഷ: റെന്നിമോന്‍ കെ. സി.