നവൽഗാവ്ഹൺ ഗ്രാമത്തിൽ സൂര്യനസ്തമിക്കുമ്പോൾ, ചെറുപ്പക്കാരും പ്രായമായവരും സ്കൂൾ ഗ്രൌണ്ടിലേക്ക് നീങ്ങാൻ തുടങ്ങുന്നു. അവർ സ്പോർട്ട്സ് മൈതാനം വൃത്തിയാക്കുകയും കല്ലുകളും മാലിന്യങ്ങളും മാറ്റി, അതിന്റെ അതിരുകൾ ചോക്കുപൊടികൊണ്ട് വരയ്ക്കുകയും ഫ്ലഡ്‌ലൈറ്റുകളിട്ട് പ്രകാശമാനമാക്കുകയും ചെയ്യുന്നു.
8-നും 16-നും ഇടയിലുള്ള കുട്ടികൾ ഇതിനകം നീല ജഴ്സിയിലേക്ക് മാറി, ഏഴുപേരടങ്ങുന്ന സംഘങ്ങളായി തിരിഞ്ഞുകഴിഞ്ഞിരുന്നു.
കബഡി! കബഡി! കബഡി!
കളി തുടങ്ങി. സായാഹ്നത്തിന്റെ ബാക്കി സമയവും ചിലപ്പോൾ രാത്രിയും, ഈ ദേശീയവിനോദം നീളുമ്പോൾ മൈതാനത്തുനിന്ന് കളിക്കാരുടെ ഉച്ചത്തിലുള്ള ആർപ്പുവിളികളും ബഹളങ്ങളും മുഴങ്ങും. കുടുംബാംഗങ്ങളും, മറാത്ത്‌വാഡയിലെ അയൽഗ്രാമമായ ഹിംഗോലി ജില്ലയിൽനിന്നുള്ള സുഹൃത്തുക്കളും എല്ലാം കാണികളായി വന്നിട്ടുണ്ടാവും.
ശ്വാസമടക്കിപ്പിടിച്ച്, ഓരോരുത്തരായി, എതിർവിഭാഗത്തിന്റെ സ്ഥലത്തേക്ക് കടന്നുചെന്ന്, ആ കളിക്കാരെ തൊട്ട് പുറത്താക്കാനും, പിടിക്കപ്പെടും മുമ്പേ സ്വന്തം ഭാഗത്തേക്ക് പിൻവലിയാനും നോക്കുന്നു. സ്വന്തം കളിക്കളത്തിലേക്ക് മടങ്ങുന്നതുവരെ ‘കബഡി’ എന്ന് നിർത്താതെ പറഞ്ഞുകൊണ്ടിരിക്കുകയും വേണം. മറുഭാഗത്തുള്ളവർ പിടിച്ചാൽ, കളിക്കാരൻ കളിയിൽനിന്ന് പുറത്താകും.
നവൽഗാവ്ഹണിലെ കളിക്കാരെല്ലാവരും പരിമിതമായ സാഹചര്യങ്ങളിൽനിന്ന് വരുന്നവരാണ്. മിക്കവരും മറാത്ത സമുദായക്കാരും. കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നവരാണവർ
എല്ലാവരും ശ്രദ്ധിക്കുന്നത് രണ്ട് മിടുക്കരായ കളിക്കാരെയാണ്. ശുഭം കോർഡെയും കൻബ കോർഡെയും. എതിരാളികൾക്കും അവരെ പേടിയാണ്. ‘കബഡി അവരുടെ ഞരമ്പിലുള്ളതുപോലെയാണ് അവർ കളിക്കുക,” ആൾക്കൂട്ടത്തിലെ ആരോ ഞങ്ങളോട് പറയുന്നു.
ശുഭവും കൻബയും ടീമിനുവേണ്ടി ആ കളി വിജയിച്ചു. എല്ലാവരും ഒത്തുകൂടി. കളിയെക്കുറിച്ച് വിശദമായി സംസാരിക്കുകയും പിറ്റേന്നത്തെ കളിക്കുള്ള പദ്ധതികൾ ആസൂത്രണ ചെയ്യുകയുമുണ്ടായി. പിന്നീട് കളിക്കാർ വീടുകളിലേക്ക് മടങ്ങി.
മഹാരാഷ്ട്രയിലെ നവൽഗാവ്ഹൺ ഗ്രാമത്തിലെ ദിനചര്യയാണ് ഇത്. ‘കബഡിയിൽ ഞങ്ങളുടെ ഗ്രാമത്തിന് ദീർഘമായ ഒരു പാരമ്പര്യമുണ്ട്. ധാരാളം തലമുറകൾ ഈ കളി കളിച്ചിട്ടുണ്ട്. ഇന്നും, ഓരോ വീട്ടിലും ഒരാളെങ്കിലും ഇത് കളിക്കുന്നുണ്ട്,” മാരുതിറാവ് കോർഡെ പറയുന്നു. ഗ്രാമത്തിന്റെ സർപാഞ്ചാണ് അയാൾ. ‘എന്നെങ്കിലുമൊരിക്കൽ നവൽഗാവ്ഹണിലെ കുട്ടികൾ വലിയ സ്ഥലങ്ങളിൽ കളിക്കും. അത് ഞങ്ങളുടെ സ്വപ്നമാണ്.”
നൂറ്റാണ്ടുകളായി ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കബഡി കളി നടക്കുന്നുണ്ട്. 1918-ലാണ് ഈ കളിക്ക് ദേശീയവിനോദം എന്ന പദവി ലഭിച്ചത്. 1936-ൽ, ബർലിൻ ഒളിമ്പിക്സിൽ അതിന് ആദ്യത്തെ അവസരം ലഭിച്ചു. 2014-ൽ പ്രൊ-കബഡി ലീഗ് സ്ഥാപിതമായതോടെ, കളിക്ക് പ്രചാരം വർദ്ധിച്ചു.
ഗ്രാമത്തിൽനിന്നുള്ള കളിക്കാർ പരിമിതമായ സാഹചര്യങ്ങളിൽനിന്ന് വരുന്നവരാണ്. ഏതാനും വീടുകളൊഴിച്ച്, മിക്കവരും മറാത്ത സമുദായക്കാരും, നിലനില്പിനായി കൃഷിയെ ആശ്രയിക്കുന്നവരുമാണ്. ചുവന്ന വെട്ടുകല്ലുകളുള്ള പാറപ്രദേശമാണ് ഇത്.


ഇടത്ത്: 2024-ലെ മാതൃത്വ സന്മാൻ കബഡി ടൂർണമെന്റിൽ ഏറ്റവും നല്ല കളിക്കാർക്കുള്ള ഒന്നും രണ്ടും സമ്മാനങ്ങൾ നേടിയവരാണ് ശുഭവും കൻബ കോർഡെയും. വലത്ത്: നവൽഗാവ്ഹണിൽ കബഡി കളിക്കാർക്ക് ലഭിച്ച ട്രോഫികളും പുരസ്കാരങ്ങളും


ഇടത്ത്: നൂറ്റാണ്ടുകളായി ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കബഡി കളി നടക്കുന്നുണ്ട്. 2014-ൽ പ്രൊ-കബഡി ലീഗ് സ്ഥാപിതമായതോടെ, കളിക്ക് പ്രചാരം വർദ്ധിച്ചു. വലത്ത്: പരിശീലനത്തിനുശേഷം, കളിക്കാർ ഒരുമിച്ചിരുന്ന് കളിയെക്കുറിച്ച് ചർച്ച ചെയ്യുന്നു
ഒരു കർഷക കുടുംബത്തിലെ അംഗമാണ് ശുഭം. ആറുവയസ്സുമുതൽ അയാൾ കബഡി കളിക്കുന്നുണ്ട്. “ഗ്രാമത്തിലെ അന്തരീക്ഷം പ്രോത്സാഹജനകമാണ്. ഞാൻ ദിവസേന ഇവിടെ വന്ന്, ചുരുങ്ങിയത്, അരമണിക്കൂറെങ്കിലും പരിശീലിക്കുന്നു,” 6-ആം ക്ലാസ്സുകാരനായ ആ 12 വയസ്സുകാരൻ പറയുന്നു. “ഞാൻ പുനേരി പൽട്ടാന്റെ (ഒരു പ്രോ-കബഡി ലീഗ് അംഗം) വലിയൊരു ആരാധകനാണ്. ഭാവിയിൽ അവർക്കുവേണ്ടി കളിക്കാനാകുമെന്ന് ഞാൻ കരുതുന്നു,” അവൻ പറഞ്ഞു.
സമീപ ഗ്രാമമായ ഭാണ്ടെഗാംവിലെ സുഖ്ദേവാനന്ദ് ഹൈസ്കൂളിലാണ് ശുഭവും കൻബയും പഠിക്കുന്നത്. കൻബ 10-ആം ക്ലാസ്സിലാണ്. അവരോടൊപ്പമുള്ള വേദാന്ത് കോർഡെയും ആകാശ് കോർഡെയും നല്ല കളിക്കാരാണ്. 4-5 കളിക്കാരെ ഒറ്റയടിക്ക് കളിയിൽനിന്ന് പുറത്താക്കാൻ കഴിവുള്ളവരെന്നാണ് അവർ വിശേഷിക്കപ്പെടുന്നത്. “ബാക്ക് കിക്ക്, സൈഡ് കിക്ക്, പിന്നെ സിൻഹാചിയൂഡി” (ചാടി കുതറി മാറുന്നത്) ഇതാണ് കളിയിൽ ഞങ്ങൾക്കിഷ്ടപ്പെട്ട ഭാഗം,” അവരെല്ലാവരും പറയുന്നു. ഇവരെല്ലാവരും ഓൾ റൌണ്ടർമാരാണ്.
നവൽഗാവ്ഹണിൽ, ടീമുകളെ ഭാരത്തിന്റെ അടിസ്ഥാനത്തിലാണ് തരംതിരിക്കുനത്. 30 കിലോഗ്രാം ഭാരത്തിനകത്തുള്ളവർ, 0 കിലോഗ്രാമുള്ളവർ, ഓപ്പൺ ഗ്രൂപ്പ് എന്നിങ്ങനെ.
കൈലാസ് കോർഡെയാണ് ഓപ്പൺ ഗ്രൂപ്പിന്റെ ക്യാപ്റ്റൻ. “ഇതിനകംതന്നെ ധാരാളം ട്രോഫികൾ ഞങ്ങൾ നേടിയിട്ടുണ്ട്” 26 വയസ്സുള്ള കൈലാസ് പറയുന്നു. 2024-ൽ മാതൃത്വ സന്മാൻ കബഡി ടൂർണ്ണമെന്റിലും, 2022-ലും 2023-ലും വസുന്ധര ഫൌണ്ടേഷൻ കബഡി ചഷകിലും അവർ വിജയിക്കുകയുണ്ടായി. സുഖ്ദേവാനന്ദ് കബഡി ക്രീഡാ മണ്ഡൽ സംഘടിപ്പിച്ച നിരവധി സംസ്ഥാന ടൂർണ്ണമെന്റുകളിലും അവർ വിജയിച്ചിട്ടുണ്ട്.
“ജനുവരി 26 റിപ്പബ്ലിക് ദിനത്തിൽ നടത്തിയ മാച്ച് ഒരു വലിയ സംഭവമായിരുന്നു. ധാരാളം ആളുകൾ വരും കാണാൻ. സമീപ ഗ്രാമങ്ങളിൽനിന്നുള്ള ടീമുകൾ മത്സരിക്കാൻ വരും. ഞങ്ങൾക്കും അവാർഡുകളും ക്യാഷ് പ്രൈസുകളും കിട്ടിയിട്ടുണ്ട്.” കൂടുതൽ മത്സരങ്ങൾ നടക്കണമെന്ന് അയാൾ ആഗ്രഹിക്കുന്നു. ഇപ്പോൾ, വർഷത്തിൽ രണ്ടോ മൂന്നോ മാത്രമേ നടക്കുന്നുള്ളു. ചെറിയ കളിക്കാർക്കുള്ള ധാരാളം മത്സരങ്ങൾ വേണമെന്ന് കൈലാസ് പറയുന്നു.


ഇടത്ത്: കൈലാസ് കോർഡെയാണ് ക്യാപ്റ്റൻ. അയാളാണ് നവൽഗാവ്ഹണിലെ കബഡി ഗ്രൂപ്പിലെ കുട്ടികളെ പരിശീലിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം അയാൾ, പുണെയിൽ ഒരു 10 ദിവസത്തെ പരിശീലന ക്യാമ്പിൽ പങ്കെടുത്തു. വലത്ത്: നാരായൺ ചവാനും ചെറിയ ആൺകുട്ടികളെ പരിശീലിപ്പിക്കുന്നു. പൊലീസ് റിക്രൂട്ട്മെന്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നുമുണ്ട് നാരായൺ. സ്റ്റാമിന ഉണ്ടാക്കാൻ സഹായിക്കുന്നതുകൊണ്ടാണ് കബഡി കളിക്കുന്നതെന്ന് അയാൾ പറയുന്നു
പൊലീസ് റിക്രൂട്ട്മെന്റിന് തയ്യാറെടുക്കുകയാണ് കൈലാസ്. എല്ലാ ദിവസവും രാവിലെ 13 കിലോമീറ്റർ യാത്ര ചെയ്ത്, ഹിംഗോലിയിൽ പോയി രണ്ട് മണിക്കൂർ പഠിക്കുന്നുണ്ട്. പിന്നെ സ്പോർട്ട്സ് മൈതാനത്തിൽ പോയി ശാരീരികമായ പരിശീലനങ്ങൾ നടത്തും. സ്പോർട്ട്സ്, വ്യായാമം, പഠനം എന്നിവയിൽ അയാൾ കാണിക്കുന്ന ഉത്സാഹം ധാരാളം ചെറുപ്പക്കാരായ കുട്ടികൾക്ക് പ്രചോദനമായിട്ടുണ്ട്.
“നവൽഗാവ്ഹണിലും, സാടംബ, ഭണ്ടേഗാംവ്, ഇൻക തുടങ്ങിയ സമീപഗ്രാമങ്ങളിലുമുള്ള നിരവധി ചെറുപ്പക്കാരെ, അവരുടെ തൊഴിലിൽ അഭിവൃദ്ധിപ്പെടാൻ കബഡി സഹായിച്ചിട്ടുണ്ട്,” നാരായൺ ചവാൻ പറയുന്നു. കൈലാസിനെപ്പോലെ ഈ 21 വയസ്സുകാരനും പൊലീസ് റിക്രൂട്ട്മെന്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണ്. സ്റ്റാമിന നിലനിർത്താനും ശാരീരിക വ്യായാമത്തിനും കബഡി അയാളെ സഹായിക്കുന്നു. “ഞങ്ങൾ കബഡിയെ സ്നേഹിക്കുന്നു. കുട്ടിക്കലം തൊട്ട് ഞങ്ങളത് കളിക്കുന്നുണ്ട്.”
വിവിധ വയസ്സുകാർക്കുള്ള വാർഷിക കബഡി ടൂർണമെന്റുകൾക്ക് ഹിംഗോലിയെപ്പോലുള്ള ചെറുപട്ടണങ്ങൾ സാക്ഷിയാകാറുണ്ട്. ശ്രീപത്‌റാവു കട്കർ ഫൌണ്ടേഷൻ നടത്തുന്ന ഇത്തരം മത്സരങ്ങൾ ‘മാതൃത്വ സന്മൻ കബഡി മത്സരം’ എന്നാണ് അറിയപ്പെടുന്നത്. കബഡിയിൽ പരിശീലനം നൽകുന്നതോടൊപ്പ, ഈ മത്സരങ്ങളും സംഘടിപ്പിക്കുന്നത്, കട്കർ ഫൌണ്ടേഷന്റെ സ്ഥാപകനായ സഞ്ജയ് കട്കറാണ്. പ്രാദേശികമായ കച്ചവടവും വ്യാപാരവും മെച്ചപ്പെടുത്തുകവഴി, ആളുകൾ ജോലി തേടി മറുനാടുകളിലേക്ക് പലായനം ചെയ്യുന്നത് തടയുക എന്നതാണ് ഫൌണ്ടേഷന്റെ മുഖ്യ ലക്ഷ്യങ്ങളിലൊന്ന്. ഹിംഗോലി ജില്ലയിലെ എല്ലാ താലൂക്കുകളിലും കബഡി ടൂർണമെന്റുകൾ നടത്തി പേരെടുത്തിട്ടുണ്ട് ഇവർ.
2023-ൽ വിജയ് കോർഡെയും കൈലാസ് കോർഡെയും പുണെയിൽ ഒരു 10 ദിവസത്തെ പരിശീലനത്തിൽ പങ്കെടുത്തു. ഇന്ന് അവർ നവൽഗാവ്ഹണിലെ കുട്ടികളേയും ചെറുപ്പക്കാരേയും പരിശീലിപ്പിക്കുന്നു. “കുട്ടിക്കാലം തൊട്ട് ഈ കളി എന്നെ അതിശയിപ്പിച്ചിരുന്നു. ഇതിനെക്കുറിച്ച് കൂടുതൽക്കൂടുതൽ അറിയാൻ ഞാൻ ആഗ്രഹിച്ചു. ഈ ചെറുപ്പക്കാർ നന്നായി പരിശീലിച്ച് കളിക്കുമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്,” വിജയ് കോർഡെ പറയുന്നു.


ഇടത്ത്: നവൽഗാവ്ഹണിലെ ജില്ലാ പരിഷദ് സ്കൂളിന്റെ മൈതാനത്തിൽ ദിവസവും വൈകീട്ട് ചെറുപ്പക്കാരും പ്രായമായവരും എത്തുന്നു. വലത്ത്: നീല ജഴ്സിയണിച്ച ആൺകുട്ടികൾ കളിക്ക് തയ്യാറായി നിൽക്കുന്നു!
കുട്ടികൾ നല്ല കഴിവുള്ളവരാണെന്നും ദേശീയ, അന്തർദ്ദേശീയ തലങ്ങളിൽ കളിക്കാൻ അവർക്ക് സാധിക്കുമെന്നും അയാൾ വിശ്വസിക്കുന്നു. എന്നാൽ, എല്ലാ കാലാവസ്ഥയ്ക്കും അനുയോജ്യമായ വിധത്തിലുള്ള നല്ല സൌകര്യങ്ങളുടെ അഭാവമുണ്ട്. “മഴ പെയ്യുമ്പോൾ ഞങ്ങൾക്ക് പരിശീലിക്കാൻ പറ്റില്ല,” വിജയ് പറയുന്നു.
വേദാന്തും നാരായണും അവരുടെ പ്രശ്നങ്ങൾ അവതരിപ്പിച്ചു. “ഞങ്ങൾക്കൊരു ഗ്രൌണ്ടില്ല. മറ്റുള്ള കളിക്കാരെപ്പോലെ മാറ്റിൽ കളിക്കാൻ സാധിച്ചാൽ, ഞങ്ങൾക്ക് നന്നായി ശോഭിക്കാൻ കഴിയും,” അവർ പറയുന്നു.
നവൽഗാവ്ഹണിലെ കബഡി പാരമ്പര്യം പെൺകുട്ടികൾക്ക് അധികം ഇടം കൊടുത്തിറ്റില്ല. സ്കൂൾതലത്തിൽ കളിക്കുന്ന ധാരാളം കുട്ടികൾ ഗ്രാമത്തിലുണ്ടെങ്കിലും, നല്ല സൌകര്യങ്ങളോ, നല്ല ഒരു പരിശീലകനെപ്പോലും അവർക്ക് ലഭിച്ചിട്ടില്ല.
*****
വെളിമ്പ്രദേശത്ത് കളിക്കുന്ന മറ്റ് വിനോദങ്ങൾ നേരിടുന്ന വെല്ലുവിളികൾ കബഡിയും നേരിടുന്നുണ്ട്. പവൻ കോർഡെക്ക് അത് നന്നായറിയാം.
കഴിഞ്ഞ വർഷം, ഹോളിയുടെ ദിവസം, നവൽഗാവ്ഹണിൽ മത്സരങ്ങൾ നടന്നു. മുഴുവൻ ഗ്രാമവും കാണാനെത്തി. 50 കിലോഗ്രാമിൽ താഴെയുള്ള ഗ്രൂപ്പിലായിരുന്നു പവൻ കോർഡെ കളിച്ചിരുന്നത്. “ഞാൻ എതിർഗ്രൂപ്പിന്റെ സ്ഥലത്ത് പോയി കുറച്ചുപേരെ പുറതാക്കി. തിരിച്ചുവരുമ്പോൾ, പെട്ടെന്ന് ബാലൻസ് പോയി പുറമടിച്ച് വീണു,” പവൻ പറയുന്നു. നല്ല പരിക്ക് പറ്റി.


ഇടത്ത്: കബഡി കളിക്കാരനായ പവൻ കോർഡെക്ക് ഒരിക്കൽ കളിക്കിടയിൽ ഗുരുതരമായ പരിക്ക് പറ്റി. ആറുമാസം കഴിഞ്ഞപ്പോഴാണ് പിന്നെ നടക്കാനും ഓടാനും സാധിച്ചത്. വലത്ത്: നിലനില്പ് ബുദ്ധിമുട്ടായപ്പോൾ, വികാസ് കൊർഡെ കളി അവസാനിപ്പിച്ച്, ഒരു സെക്കൻഡ് ഹാൻഡ് ടെമ്പോ വാങ്ങി, പാടത്ത് ഉത്പാദിപ്പിക്കുന്ന സാധനങ്ങൾ ഗ്രാമത്തിൽനിന്ന് ഹിംഗോലിയിലെ ചന്തയിലേക്ക് വിൽക്കാൻ കൊണ്ടുപോയിത്തുടങ്ങി
വേഗം ഹിംഗോലിയിലേക്ക് കൊണ്ടുപോയെങ്കിലും, ശസ്ത്രക്രിയ ആവശ്യമാണെന്ന് പറഞ്ഞ്, നന്ദദിലെ ഒരു ആശുപത്രിയിലേക്ക് പറഞ്ഞുവിട്ടു. ശസ്ത്രക്രിയ വിജയിച്ചുവെങ്കിലും, പണ്ടത്തെപ്പോലെ കളിക്കാനാവില്ലെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകി.
“അത് കേട്ടതോടെ ഞങ്ങൾ തകർന്നുപോയി,” അയാൾ പറയുന്നു. എന്നാലും അയാൾ തോറ്റുകൊടുത്തില്ല. ശസ്ത്രിക്രിയയ്ക്കുശേഷം ഭേദമായതോടെ, പവൻ പരിശീലനത്തിന് വീണ്ടും പോയിത്തുടങ്ങി. ആറുമാസത്തിനുശേഷം ഇപ്പോൾ അയാൾക്ക് നടക്കാനും ഓടാനും സാധിക്കുന്നു. “അവന് പൊലീസ് റിക്രൂട്ട്മെന്റിന് ശ്രമിക്കണമെന്നുണ്ട്,” അയാളുടെ അച്ചൻ പറയുന്നു.
അയാളുടെ ചികിത്സാച്ചിലവ് മുഴുവൻ എടുത്തത് കട്കർ ഫൌണ്ടേഷനായിരുന്നു.
നവൽഗാവ്ഹൺ കബഡിയിൽ അഭിമാനം കൊള്ളുന്നുണ്ടെങ്കിലും, എല്ലാവർക്കും അത് തുടരാൻ കഴിയുന്നില്ല. എന്തെങ്കിലും വരുമാനമില്ലാതെ ജീവിക്കാൻ വയ്യെന്ന് മനസ്സിലാക്കിയപ്പോൾ വികാസ് കോർഡ് കളി അവസാനിപ്പിച്ചു. “കബഡി കളിക്കാൻ എനിക്കിഷ്ടമാണ്. പക്ഷേ സാമ്പത്തിക പ്രതിസന്ധിയും കൃഷിപ്പണിയുമെല്ലാം ചേർന്ന്, എനിക്ക് പഠിത്തവും കളിയും ഉപേക്ഷിക്കേണ്ടിവന്നു,” 22 വയസ്സുള്ള അയാൾ പറയുന്നു. കഴിഞ്ഞ വർഷം വികാസ് ഒരു പഴയ ടെമ്പോ വാങ്ങി. “കൃഷിയിൽനിന്ന് കിട്ടുന്ന വിളകൾ (മഞ്ഞൾ, സോയാബീൻ, പച്ചക്കറികൾ എന്നിവ) ഗ്രാമത്തിൽനിന്ന് ഹിംഗോലിയിൽ കൊണ്ടുപോയി വിറ്റ് പൈസ സമ്പാദിക്കുന്നുണ്ട് ഞാൻ,” അയാൾ പറയുന്നു.
കബഡിയുടെ പേരിൽ അറിയപ്പെടണമെന്നുണ്ട് നവൽഗാവ്ഹണിന്. അവിടുത്തെ ചെറുപ്പക്കാർക്ക് “ആത്യന്തിക ലക്ഷ്യം കബഡിയാണ്!”
പരിഭാഷ: രാജീവ് ചേലനാട്ട്