സഹരിയ ആദിവാസി വിഭാഗത്തിൽപ്പെട്ട ഗുട്ടി സമന്യയെ മധ്യ പ്രദേശ് വനംവകുപ്പ് ‘ചീറ്റ മിത്ര’യായി (ചീറ്റയുടെ ചങ്ങാതി) തിരഞ്ഞെടുത്തപ്പോൾ അദ്ദേഹത്തോട്, “കടുവകളെ കണ്ടാൽ ഫോറസ്റ്റ് റേഞ്ചറേ അറിയിക്കണം”, എന്ന് പറഞ്ഞിരുന്നു.
മതിയായ ശമ്പളം കിട്ടിയിരുന്നില്ലെങ്കിലും ഇതൊരു ഗൗരവമേറിയ ജോലിയായി അദ്ദേഹത്തിന് തോന്നി. എല്ലാത്തിനുമുപരി, ആഫ്രിക്കൻ ചീറ്റപുലികൾ 8,000 കി.മി അകലെനിന്നും കുനോ ദേശീയോദ്യാനത്തിലേക്ക് കാടും മേടും കടന്ന് ചരക്കുകപ്പലിലും സൈനിക വിമാനങ്ങളിലും ഹെലികോപ്റ്ററുകളിലും വരികയായിരുന്നു. അവരുടെ യാത്രാച്ചിലവിനായി പുറത്ത് വെളിപ്പെടുത്താത്തത്ര തുക ഇന്ത്യൻ ഭരണകൂടം വിദേശനാണ്യമായി ചെലവഴിക്കുകയും താമസത്തിനും സംരക്ഷണത്തിനുമായി ഖജനാവ് കാലിയാക്കുകയും ചെയ്തു.
ചീറ്റ ‘മിത്രകൾ’ക്ക് അവയെ വേട്ടക്കാരിൽനിന്നും അവ വഴിതെറ്റി വീടുകളിലെത്തിയാൽ കുപിതരാവാൻ ഇടയുള്ള നാട്ടുകാരിൽനിന്നും സംരക്ഷിക്കുകയും വേണം. അങ്ങനെ കുനോ-പാൽപൂർ ദേശീയോദ്യാനത്തിന്റെ (കെഎൻപി) അതിർത്തിയിലുള്ള ചെറിയ കുഗ്രാമങ്ങളിലും ഗ്രാമങ്ങളിലും വ്യാപിച്ചുകിടക്കുന്ന ഏതാണ്ട് 400-500 ഓളം വരുന്ന, വനവാസികളും കർഷകരും കൂലിപ്പണിക്കാരും അടങ്ങുന്ന മിത്രകൾ രാഷ്ട്രസേവനത്തിനായി തയ്യാറെടുത്തു.
എന്നാൽ ചീറ്റകൾ നാട്ടിൽ കാലുകുത്തിയതുമുതൽ കൂടുതൽ സമയവും ചിലവഴിക്കുന്നത് കൂടുകളിലാണ്. മാത്രമല്ല, കുനോയിലെ വനങ്ങളിൽ വേലികൾ പൊന്തിക്കഴിഞ്ഞു, ചീറ്റകൾ പുറത്തു പോകുന്നില്ലെന്നും അതോടൊപ്പം പുറത്തുനിന്നാരും അകത്തു പ്രവേശിക്കുന്നില്ലെന്നും ഉറപ്പ് വരുത്താനാണ് അത്. “ഞങ്ങൾക്ക് അകത്തേക്ക് പ്രവേശനം ഇല്ല. സെസിയാപുരിലും ബാഗ്ച്ചയിലും പുത്തൻ ഗേറ്റുകളുണ്ട്,” ‘ചീറ്റ മിത’യാവാൻ പേരുനൽകിയവരിൽ ഒരാളായ ശ്രീനിവാസ് ആദിവാസി പറയുന്നു.


ഇടത്: പീപ്പൽബോഡിയിലെ പുതിയ ഗേറ്റ്. വലത്: കുനോ നദി ദേശീയ ഉദ്യാനത്തിലൂടെ ഒഴുകുന്നു, സന്ദർശകർക്ക് പ്രവേശനാനുമതിയില്ലാത്ത ചീറ്റകളുടെ മേഖല നദിയുടെ മറുവശത്താണ്


പുതിയ വേലികൾ (വലത്) വന്നതിനാൽ വിറകും (ഇടത്) മറ്റ് ചെറിയ വനോത്പന്നങ്ങളും ശേഖരിക്കുന്നത് ഇപ്പോൾ ഫോറസ്റ്റ് ഗാർഡുകളുമായുള്ള ഒളിച്ചുകളി പോലെയാണ്
ഗുട്ടിയും മറ്റ് ആയിരക്കണക്കിന് സഹരിയ ആദിവാസികളും ദളിതരും ഒരിക്കൽ കുനോയിലെ വനങ്ങളിൽ പുള്ളിപ്പുലികളോടും മറ്റ് വന്യമൃഗങ്ങളോടും ഒപ്പം താമസിച്ചിരുന്നവരാണ്.
2023 ജൂണിൽ, അതിപ്രധാനമായ ചീറ്റ പദ്ധതിക്കായി, പാർക്കിലെ ബാഗ്ച്ച ഗ്രാമത്തിൽനിന്നും 40 കിലോമീറ്റർ അകലേക്ക് കുടിയൊഴിക്കപ്പെട്ട അവസാനത്തെ താമസക്കാരിൽ ഒരാളാണ് അദ്ദേഹം. വലിയ പൂച്ചകൾക്കായി വീടൊഴിയേണ്ടിവന്ന് എട്ടുമാസത്തിനുശേഷം, അദ്ദേഹത്തെ വനത്തിൽനിന്നുപോലും പുറത്താക്കാൻ പോവുകയാണ് ഭരണകൂടം. അതിൽ അദ്ദേഹത്തിന് പരിഭവമുണ്ട്. "കാട്ടിൽനിന്ന് വളരെ അകലെ താമസിച്ചുകൊണ്ട് എങ്ങനെ ചീറ്റ മിത്രമാകാൻ സാധിക്കും?" അദ്ദേഹം ചോദിക്കുന്നു.
അവയ്ക്ക് ചുറ്റിലുമുള്ള കനത്ത സുരക്ഷയും രഹസ്യാവസ്ഥയും കാരണം ഏതൊരു ആദിവാസിക്കും ചീറ്റപ്പുലികളെ ഒന്ന് കാണുകപോലും അസാധ്യമാണ്. “(വനംവകുപ്പ് പ്രചരിപ്പിച്ച) ഒരു വീഡിയോയിൽ മാത്രമേ ഞങ്ങൾ ചീറ്റപുലിയെ കണ്ടിട്ടുള്ളൂ” എന്ന് ഗുട്ടിയും ശ്രീനിവാസും പറയുന്നു.
2022 സെപ്റ്റംബറിൽ എട്ട് ചീറ്റകളുടെ ആദ്യ ബാച്ച് ഇറങ്ങിയയിട്ട് 2024 ഫെബ്രുവരിയിലേക്ക് 16 മാസം പൂർത്തിയാവുന്നു. തുടർന്ന് 2023 ൽ 12 പൂച്ചകളടങ്ങുന്ന രണ്ടാമത്തെ ബാച്ച്; ഇറക്കുമതി ചെയ്തവയിൽ ഏഴെണ്ണം ചത്തു, ഇപ്പോൾ ഇന്ത്യൻ മണ്ണിൽ ജനിച്ച 10 എണ്ണത്തിൽ മൂന്നും - ഇതുവരെ ആകെ 10 എണ്ണം ചത്തു.
പദ്ധതികളുടെ വിജയത്തിന് 50 ശതമാനം അതിജീവനനിരക്ക് ആവശ്യമാണെന്ന് ചീറ്റപ്പുലിയെ അവതരിപ്പിക്കുന്നതിനായുള്ള ആക്ഷൻ പ്ലാൻ പറയുന്നു. എന്നാൽ ഇത് സ്വതന്ത്രരായ ചീറ്റപ്പുലികളെ സംബന്ധിച്ചതാണ്, അതേസമയം കുനോയിലെ പൂച്ചകളെ 50 x 50 മീറ്ററും 0.5 x 1.5 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയും ഉള്ള അവയെ ക്വാറന്റൈൻ ചെയ്യാനും പൊരുത്തപ്പെടുത്താനും ഏതെങ്കിലും അനാരോഗ്യത്തിൽനിന്ന് കരകയറാനും വേട്ടയാടാനും അനുവദിക്കുന്ന തരത്തിലുള്ള ബോമകളിൽ (അടച്ച ചുറ്റുപാടുകളിൽ) പാർപ്പിച്ചിരിക്കുകയാണ് - എല്ലാം 15 കോടി രൂപ ചെലവിൽ നിർമ്മിച്ചവ. പദ്ധതിയുടെ പ്രധാന ലക്ഷ്യമായിട്ടും അവ കാട്ടിൽ സഞ്ചരിക്കാനും ജീവിക്കാനും പ്രജനനം നടത്താനും വേട്ടയാടാനും അധികസമയം ചിലവഴിച്ചിട്ടില്ല.
പകരം ചീറ്റപ്പുലികൾ നിലവിലെ ക്യാമ്പുകളിൽത്തന്നെ വേട്ടയാടുകയാണ്. എന്നിരുന്നാലും, “അവർക്ക് പ്രദേശങ്ങളിൽ അധികാരം സ്ഥാപിക്കാനും പ്രജനനം ആരംഭിക്കാനും കഴിയില്ല. ദക്ഷിണാഫ്രിക്കൻ പെൺചീറ്റകൾക്കൊന്നുംതന്നെ ആൺപുലികളുമായി ഇടപഴകാൻ മതിയായ സമയം ലഭിച്ചിട്ടില്ല. കുനോയിൽ ജനിച്ച ഏഴ് കുഞ്ഞുങ്ങളിൽ ആറിനും ഒരേ പിതാവാണ്, പവൻ," ഡോ. അഡ്രിയാൻ ടോർഡിഫ് പറയുന്നു. ദക്ഷിണാഫ്രിക്കയിൽനിന്നുള്ള വെറ്ററിനറി ഡോക്ടറായ അദ്ദേഹം പ്രോജക്ട് ചീറ്റയിലെ ഒരു പ്രധാന അംഗമായിരുന്നു, ഒടുവിൽ പലതും തുറന്നുസംസാരിച്ചതിനാൽ ആദ്യം മാറ്റിനിർത്തപ്പെടുകയും പിന്നീട് പുറത്താക്കപ്പെടുകയും ചെയ്തു.


ചീറ്റകൾക്കും ക്വാറന്റൈൻ ബോമകൾക്കുമുള്ള (ഇടത്) സോഫ്റ്റ് റിലീസ് എൻക്ലോസറുകളുടെ ഒരു മാപ്പ് (വലത്)
വന്യമൃഗങ്ങൾക്ക് തുറസ്സായ സ്ഥലത്ത് വേട്ടയാടാനായി, ഒരിക്കൽ 350 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ടായിരുന്ന കുനോയെ ഇരട്ടിയായി വർധിപ്പിച്ച് ദേശീയോദ്യാനമാക്കി. വലിയ മൃഗങ്ങൾക്ക് സ്വതന്ത്രമായി ജീവിക്കാൻവേണ്ടി, 1999 മുതൽ 16,000-ത്തിലധികം ആദിവാസികളെയും ദളിതുകളെയും ഇവിടെനിന്ന് കുടിയൊഴിപ്പിച്ചിട്ടുണ്ട്.
“ഹം ബാഹർ ഹൈ. ചീറ്റ അന്തർ (ഞങ്ങൾ പുറത്തും. ചീറ്റപുലികൾ അകത്തും.)!”, ബാഗ്ചയിലെ സഹരിയ ഗോത്രത്തിൽനിന്നുള്ള മാംഗിലാൽ ആദിവാസി സങ്കടപ്പെടുന്നു. ഈയടുത്തായി കൂടിയിറക്കപ്പെട്ട 31 വയസ്സുകാരനായ ഈ യുവാവ് ഷിയോപൂർ തെഹ്സിലെ ചക്ബാമൂല്യയിലെ തന്റെ പുതിയ വീടും പാടങ്ങളും നന്നായി കൊണ്ടുപോകാൻ പാടുപെടുകയാണ്.
മധ്യ പ്രദേശിലെ പ്രത്യേക ദുർബല ആദിവാസി വിഭാഗമായി (പിവിടിജി) റാങ്ക് ചെയ്യപ്പെട്ട സഹരിയ ആദിവാസികളാണ് ഗുട്ടി, ശ്രീനിവാസ്, മംഗിലാൽ എന്നിവർ, കൂടാതെ റെസിൻ, വിറക്, പഴങ്ങൾ, വേരുകൾ, ഔഷധസസ്യങ്ങൾ എന്നിവയിൽനിന്നുള്ള വരുമാനത്തിനായി വനത്തെ വളരെയധികം ആശ്രയിക്കുന്നവരാണ്.
“ബാഗ്‌ചയിൽ ഞങ്ങൾക്ക് വനങ്ങളിലേക്ക് പ്രവേശനമുണ്ടായിരുന്നു. തലമുറകളായി എന്റെ കുടുംബത്തിന് അവകാശമുള്ള 1,500-ലധികം ചിർ ഗോണ്ട് [റെസിൻ] മരങ്ങൾ ഞാൻ ഉപേക്ഷിച്ചു,” മംഗിലാൽ പറയുന്നു. വായിക്കുക: കുനോയിൽ: ചീറ്റകൾ അകത്ത്, ആദിവാസികൾ പുറത്ത് ഇപ്പോൾ അദ്ദേഹവും അദ്ദേഹത്തിന്റെ ഗ്രാമവും അവരുടെ മരങ്ങളിൽനിന്ന് 30-35 കിലോമീറ്റർ അകലെയാണ്; അവർക്ക് അവരുടെ വനത്തിൽ പ്രവേശിക്കാൻപോലും കഴിയില്ല - അവ വേലി കെട്ടി വളച്ചിരിക്കുന്നു.
"[കുടിയിറക്കപ്പെടുന്നതിന്] 15 ലക്ഷം രൂപ ലഭിക്കുമെന്ന് ഞങ്ങളോട് പറഞ്ഞിരുന്നു, പക്ഷേ ഞങ്ങൾക്ക് വീട് പണിയാൻ മൂന്ന് ലക്ഷം രൂപയും ഭക്ഷണം വാങ്ങാൻ 75,000 രൂപയും വിത്തിനും വളത്തിനും 20,000 രൂപയും മാത്രമാണ് ലഭിച്ചത്,” മാംഗിലാൽ പറയുന്നു. ബാക്കിയുള്ള തുക - 12 ലക്ഷത്തിൽ വലിയൊരു ഭാഗം - വനംവകുപ്പ് രൂപീകരിച്ച സ്ഥലംമാറ്റ കമ്മിറ്റി അദ്ദേഹത്തോട് പറഞ്ഞതനുസരിച്ച് - ഒമ്പത് ബിഗാസ് (ഏകദേശം മൂന്ന് ഏക്കർ) ഭൂമി, വൈദ്യുതി, റോഡുകൾ, വെള്ളം, ശുചിത്വം എന്നിവയിലേക്ക് പോയി.
പുതുതായി മാറ്റി സ്ഥാപിക്കപ്പെട്ട ബാഗ്‌ച ഗ്രാമത്തിന്റെ പട്ടേലാണ് (തലവൻ) ബല്ലു ആദിവാസി - കുടിയിറക്കപ്പെട്ട ആളുകൾ ഗ്രാമത്തിന് പഴയ പേര് തുടരാൻ ആഗ്രഹിക്കുന്നു. ഒരു ശീതകാല സായാഹ്നത്തിന്റെ അസ്തമയ വെളിച്ചത്തിൽ, നിർമ്മാണാവശിഷ്ടങ്ങളിലേക്കും, കറുത്ത ടാർപോളിൻ ടെന്റുകൾ, തണുത്ത കാറ്റിൽ പാറിപ്പറക്കുന്ന പ്ലാസ്റ്റിക് കഷ്ണങ്ങൾ എന്നിവയിലേക്കും അവൻ കണ്ണോടിക്കുന്നു. ഷിയോപൂർ പട്ടണത്തിലേക്കുള്ള തിരക്കേറിയ ഹൈവേക്ക് സമാന്തരമായി ഇഷ്ടികയും സിമന്റുംകൊണ്ടുള്ള പാതി തീർന്ന വീടുകൾ ദൂരെ നീണ്ടുകിടക്കുന്നു. “വീടുകൾ പൂർത്തിയാക്കാനോ നീർച്ചാലുകളും ചരിവുകളും ഉപയോഗിച്ച് വയലുകൾ സ്ഥാപിക്കാനോ ഞങ്ങൾക്ക് പണമില്ല,” അദ്ദേഹം പറയുന്നു.


ബാഗ്ചയിലെ താമസക്കാർ 2023 പകുതിയോടെ അവരുടെ പുതിയ വീട്ടിലേക്ക് താമസം മാറി. തങ്ങൾക്ക് മുഴുവൻ നഷ്ടപരിഹാരവും ലഭിച്ചിട്ടില്ലെന്നും വീടുപണിയാനും പുതിയ വയലിൽ കൃഷി ചെയ്യാനുമായി പാടുപെടുകയാണെന്നും ഇവർ പറയുന്നു


'ഞങ്ങളുടെ വീടുകൾ പൂർത്തിയാക്കാനോ ചാലുകളും ചരിവുകളും ഉപയോഗിച്ച് ഞങ്ങളുടെ വയലുകൾ സ്ഥാപിക്കാനോ ഞങ്ങൾക്ക് പണമില്ല,' തലവൻ ബല്ലു ആദിവാസി പറയുന്നു
“നിങ്ങൾ കാണുന്നത് ഞങ്ങൾ നട്ട വിളവല്ല. ഞങ്ങൾക്ക് ഇവിടെയുള്ള ആളുകൾക്ക് ബട്ടായി [പാട്ടത്തിന്] ഭൂമി നൽകേണ്ടിവന്നു. അവർ തന്ന പണം കൊണ്ട് ഞങ്ങൾക്ക് ഒരു വിളയും നട്ടുപിടിപ്പിക്കാൻ കഴിഞ്ഞില്ല,” ബല്ലു പറയുന്നു. അവരുടെ ഭൂമി ഉയർന്ന ജാതിക്കാരുടെ ഈ ആതിഥേയ ഗ്രാമത്തിലെ നന്നായി ഉഴുതുമറിച്ച് നിരപ്പാക്കിയ ഭൂമിയുമായി താരതമ്യപ്പെടുത്തനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
2022 ൽ പാരി ബല്ലുവുമായി അഭിമുഖം നടത്തിയപ്പോൾ, കുടിയിറക്കപ്പെട്ട മറ്റുള്ളവർ 20 വർഷം മുമ്പ് സർക്കാർ നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റുന്നതിനായി ഇപ്പോഴും കാത്തിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു: “ഞങ്ങൾക്ക് ആ അവസ്ഥയിൽ അകപ്പെടാൻ താത്പര്യമില്ല,” കുടിയൊഴിപ്പക്കലിന് എതിർ നിൽക്കുന്ന അദ്ദേഹം പറഞ്ഞു. വായിക്കുക: കുനോ പാർക്കിൽ ആർക്കും കിട്ടാത്ത സിംഹഭാഗം
എന്നാൽ അദ്ദേഹവും മറ്റുള്ളവരും ഇപ്പോൾ അതേ അവസ്ഥയിലാണെന്നുള്ളതാണ് യാഥാർത്ഥ്യം.
“കുനോയിൽനിന്ന് ഞങ്ങളെ പുറത്താക്കണമെന്ന് തീരുമാനിച്ചപ്പോൾ, പെട്ടെന്നുതന്നെ അവർ ഞങ്ങളുടെ ആവശ്യങ്ങൾക്ക് വഴങ്ങി. ഇപ്പോൾ അതൊക്കെ ആവശ്യപ്പെടുമ്പോൾ അവർ കൈമലർത്തുന്നു,” ചീറ്റ മിത പദവി കിട്ടിയ ഗുട്ടി സമന്യ പറയുന്നു.
*****
അവസാനത്തെ ആദിവാസികളും പുറത്താക്കപ്പെട്ടതോടെ , ദേശീയോദ്യാനത്തിന്റെ 748 ചതുരശ്ര കിലോമീറ്റർ ഇപ്പോൾ ചീറ്റപ്പുലികൾക്ക് സ്വന്തമാണ് - ഇത് ഒരപൂർവമായ പദവിയും ഒപ്പം ഇന്ത്യൻ വന്യജീവിസംരക്ഷകരെ അമ്പരപ്പിക്കുന്നതുമാണ്. ഇന്ത്യയുടെ വന്യജീവി ആക്ഷൻ പ്ലാൻ 2017-2031-ൽ ലിസ്റ്റ് ചെയ്തിരിക്കുന്നത് പ്രകാരം, ഗംഗാ ഡോൾഫിൻ, ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ്, കടലാമകൾ, ഏഷ്യാറ്റിക് സിംഹം, ടിബറ്റൻ അണ്ണാൻ, മറ്റ് തദ്ദേശീയ ജീവിവർഗങ്ങൾ എന്നിവയാണ് "വളരെ വംശനാശഭീഷണി നേരിടുന്ന... മുൻഗണനാ ഇനങ്ങൾ”. ചീറ്റകളല്ല.
ചീറ്റപ്പുലികളെ കുനോയിലേക്ക് എത്തിക്കുന്നതിന് ഇന്ത്യൻ ഭരണകൂടം നിയമപരവും നയതന്ത്രപരവുമായ തടസ്സങ്ങളിലൂടെ കുതിച്ചിട്ടുണ്ട്. ഇന്ത്യയിൽ വംശനാശം സംഭവിച്ച ഏഷ്യാറ്റിക് ചീറ്റകൾക്ക് (അസിനോനിക്സ് ജുബാറ്റസ് വെനാറ്റിക്കസ്) പകരമായി ആഫ്രിക്കൻ ചീറ്റകളെ (അസിനോനിക്സ് ജുബാറ്റസ്) കൊണ്ടുവരാനുള്ള 2013-ലെ പദ്ധതിയെ സുപ്രീം കോടതി ഉത്തരവിലൂടെ ‘നിർത്തിവെച്ച‘താണ്.
എന്നാൽ 2020 ജനുവരിയിൽ നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റി (എൻടിസിഎ) സമർപ്പിച്ച ഹർജിയിൽ ചീറ്റപ്പുലികൾക്ക് പരീക്ഷണാടിസ്ഥാനത്തിൽ വരാമെന്ന് എസ്.സി പറഞ്ഞു. എന്നാൽ എൻടിസിഎയ്ക്ക് മാത്രം അതിന്റെ പ്രവർത്തനക്ഷമത തീരുമാനിക്കാൻ കഴിയില്ലെന്നും ഒരു വിദഗ്ധസമിതിയെ നിയമിക്കണമെന്നും അതിൽ പറയുന്നു.


പ്രത്യേക ചാർട്ടേഡ് വിമാനങ്ങളിൽ വന്ന ചീറ്റകളെ ഇന്ത്യൻ എയർഫോഴ്‌സ് ഹെലികോപ്റ്ററുകളിൽ കുനോയിലേക്ക് മാറ്റി
ഏകദേശം 10 അംഗങ്ങളുള്ള ഉന്നതതല പ്രോജക്ട് - ചീറ്റ സ്റ്റിയറിങ് കമ്മിറ്റി - രൂപീകരിക്കപ്പെട്ടു. "എന്നെ ഒരിക്കലും [ഒരു മീറ്റിംഗിലേക്ക്] ക്ഷണിച്ചിട്ടില്ല,” എന്നാണ് അതിലുണ്ടായിരുന്ന ശാസ്ത്രജ്ഞനായ ടോർഡിഫ് പറയുന്നത്. അവരുടെ ഉപദേശം പതിവായി അവഗണിക്കപ്പെടുന്നുവെന്ന് ചീറ്റ പ്രോജക്ടിൽ ഉൾപ്പെട്ടിട്ടുള്ള നിരവധി വിദഗ്ധർ പാരിയോട് പറഞ്ഞു, "മുകളിലുള്ള ആളുകൾക്ക് ഒന്നും അറിയില്ല, പക്ഷേ ഞങ്ങളെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കില്ല." എന്നിരുന്നാലും, വളരെ ഉയർന്ന പദവിയിലെ ആരോ പ്രോജക്റ്റ് വിജയിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നുവെന്നും ഏതെങ്കിലും തരത്തിലുള്ള 'നെഗറ്റീവ്' വാർത്തകൾ നിരസിക്കപ്പെടുന്നുവെന്നും വളരെ വ്യക്തമായിരുന്നു.
സുപ്രീം കോടതി വിധിയോടെ ചീറ്റപ്പുലി പദ്ധതി പൂർണമായി നിലച്ചു. 2022 സെപ്റ്റംബറിൽ, ഇത് സംരക്ഷണത്തിന്റെ വിജയമാണെന്ന് അവകാശപ്പെട്ട പ്രധാനമന്ത്രി, ഇറക്കുമതി ചെയ്ത ചീറ്റകളെ ആദ്യമായി പുറത്തിറക്കിക്കൊണ്ട് കുനോയിൽ അദ്ദേഹത്തിന്റെ 72-ആം ജന്മദിനം ആഘോഷിച്ചു.
2000-കളുടെ തുടക്കത്തിൽ മുഖ്യമന്ത്രിയായിരുന്നപ്പോൾ 'ഗുജറാത്തിന്റെ അഭിമാനം ' എന്ന് സംസ്ഥാനം വിശേഷിപ്പിച്ച സിംഹങ്ങളെ സംസ്ഥാനം വിട്ടുപോകാൻ അനുവദിക്കാത്ത പ്രധാനമന്ത്രിയുടെ പ്രവൃത്തി അദ്ദേഹത്തിന്റെ വന്യജീവി സംരക്ഷണ അവകാശവാദങ്ങൾക്ക് എതിരാണ്. വംശനാശഭീഷണി നേരിടുന്ന ജീവികളുടെ ഐ.യു.സി.എൻ. (ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ) റെഡ് ലിസ്റ്റിൽ ഉള്ള ഏഷ്യാറ്റിക് സിംഹങ്ങൾ ഏഷ്യാറ്റിക് സിംഹങ്ങളുടെ കാര്യത്തിൽ സുപ്രീം കോടതി ഉത്തരവുണ്ടായിട്ടുപോലും ഇതാണ് സംഭവിച്ചത്.
രണ്ട് പതിറ്റാണ്ടുകൾക്കുശേഷവും, സിംഹങ്ങൾക്കായുള്ള രണ്ടാമത്തെ ഒരു വാസസ്ഥലം എന്നത് നിർണായകമായ ഒരു സംരക്ഷണ ആവശ്യമായി തുടരുന്നു - ഏഷ്യാറ്റിക് സിംഹം (പന്തേര ലിയോ എസ്എസ്‌പി പെർസിക്ക) ഇവിടെ മാത്രമേയുള്ളു. അവയെല്ലാം ഒരു സ്ഥലത്താണ് താമസിക്കുന്നത് - ഗുജറാത്തിലെ സൗരാഷ്ട്ര ഉപദ്വീപിൽ. കുനോയിലേക്ക് വരേണ്ടിയിരുന്നത് സിംഹങ്ങളായിരുന്നു – ആ വന്യജീവി സംരക്ഷണ അജണ്ട രാഷ്ട്രീയത്തിലല്ല ശാസ്ത്രത്തിലാണ് വേരൂന്നിയിരിക്കുന്നത്.
നമീബിയയെ - അവിടെനിന്നാണ് രണ്ടാമത്തെ ചീറ്റകൾ വന്നത് - തൃപ്തിപ്പെടുത്താൻ ആനക്കൊമ്പ് വിൽപനയ്‌ക്കെതിരായ ശക്തമായ നിലപാട് ഇന്ത്യ പിൻവലിക്കുകപോലും ചെയ്തു. നമ്മുടെ വന്യജീവി (സംരക്ഷണം) നിയമം 1972, വകുപ്പ് 49B, പ്രകാരം, ആനക്കൊമ്പ് സംബന്ധിച്ച വ്യാപാരവും ഇറക്കുമതിയും നിരോധിക്കപ്പെട്ടിരിക്കുന്നു. നമീബിയ ഒരു ആനക്കൊമ്പ് കയറ്റുമതിക്കാരനാണ്, അതിനാൽ 2022-ൽ വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളുടെയും സസ്യജാലങ്ങളുടെയും അന്താരാഷ്ട്ര വ്യാപാരത്തെക്കുറിച്ചുള്ള കൺവെൻഷന്റെ (സി.ഐ.ടി.ഇ.എസ്) സമ്മേളനത്തിന്റെ പനാമ മീറ്റിംഗിൽ ആനക്കൊമ്പിന്റെ വാണിജ്യ വിൽപ്പന സംബന്ധിച്ച വോട്ടെടുപ്പിൽനിന്ന് ഇന്ത്യ വിട്ടുനിന്നു. പകരത്തിന് പകരം എന്ന നിലപാടിന്റെ ഉത്തമമായ ഉദാഹരണം.

2022 സെപ്തംബർ 17 ന് തന്റെ ജന്മദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യത്തെ ചീറ്റയെ കുനോയിൽ തുറന്നുവിട്ടു
അവസാനത്തെ ആദിവാസികളും പുറത്താക്കപ്പെട്ടതോടെ , ദേശീയോദ്യാനത്തിന്റെ 748 ചതുരശ്ര കിലോമീറ്റർ ഇപ്പോൾ ചീറ്റപ്പുലികൾക്ക് സ്വന്തമാണ്. ഇന്ത്യയുടെ വന്യജീവി സംരക്ഷണം ഗാംജറ്റിക് ഡോൾഫിൻ, ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ്, കടലാമകൾ, ഏഷ്യാറ്റിക് സിംഹം, ടിബറ്റൻ അണ്ണാൻ, മറ്റ് തദ്ദേശീയ ജീവിവർഗങ്ങൾ തുടങ്ങി "വലിയ വംശനാശഭീഷണി നേരിടുന്ന... മുൻഗണനാ ഇനങ്ങൾ”ക്കുവേണ്ടിയാവണം. ചീറ്റകൾക്ക് വേണ്ടിയല്ല
ചീറ്റകളല്ല, ആറ് പേരടങ്ങുന്ന കുടുംബത്തിനുള്ള ഭക്ഷണവും വിറകുമാണ് തന്നെ അലട്ടുന്നതെന്ന് ബാഗ്ചയിലെ മാംഗിലാൽ പറയുന്നു. “കൃഷി മാത്രം കണ്ട് നമുക്ക് അതിജീവിക്കാൻ കഴിയില്ല. അത് സാധ്യമാകില്ല,” അദ്ദേഹം ഉറപ്പിച്ച് പറയുന്നു. കുനോയിലെ അവരുടെ വീടുകളിൽ അവർ ബജ്‌റ, ജോവർ, ചോളം, പയർ, പച്ചക്കറികൾ എന്നിവ വളർത്തുന്നുണ്ട്. "ഈ ഭൂമി നെല്ലിന് നല്ലതാണ്, പക്ഷേ നിലം ഒരുക്കുന്നത് ചെലവേറിയ പണിയാണ്, ഞങ്ങൾക്ക് പണമില്ല.”
ജോലിയാവശ്യത്തിനായി ജയ്പൂരിലേക്ക് കുടിയേറേണ്ടിവരുമെന്ന് ശ്രീനിവാസ് പറയുന്നു. “ഞങ്ങൾക്ക് ഇവിടെ ജോലിയില്ല, ഇപ്പോൾ കാട് അടച്ചതിനാൽ വരുമാനവുമില്ല,” മൂന്ന് കുട്ടികളുടെ ആ പിതാവ് പറയുന്നു, ഇളയവന് വെറും എട്ട് മാസം മാത്രമാണ് പ്രായം.
പരിസ്ഥിതി-വനം-കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (എം.ഒ.ഇ.എഫ്.സി.സി.) 2021 നവംബറിൽ പുറത്തിറക്കിയ ചീറ്റ ഇൻട്രൊഡക്ഷനിനായുള്ള ആക്ഷൻ പ്ലാനിൽ തദ്ദേശവാസികൾക്കുള്ള ജോലികൾ പരാമർശിച്ചിട്ടുണ്ട്. എന്നാൽ ചീറ്റപ്പുലികളുടെ പരിപാലനത്തിനും വിനോദസഞ്ചാരത്തിനും ചുറ്റുമുള്ള നൂറ് തൊഴിലുകൾ കൂടാതെ, ഒരു പ്രദേശവാസികൾക്കും അതുകൊണ്ട് പ്രയോജനം ലഭിച്ചിട്ടില്ല.
*****
ആദ്യം സിംഹങ്ങളും ഇപ്പോൾ ചീറ്റപ്പുലികളും സംസ്ഥാന-ദേശീയ രാഷ്ട്രീയത്തിലും രാഷ്ട്രീയക്കാരുടെ പ്രതിച്ഛായ കെട്ടിപ്പടുക്കുന്നതിലും ഒരു പ്രധാന പങ്ക് വഹിക്കുന്നു. സംരക്ഷണ ലക്ഷ്യങ്ങൾ വെറും ഒരു കണ്ണിൽപ്പൊടിയിടലാണ്.
“'പുൽമേടുകളെ പുനരുജ്ജീവിപ്പിക്കുകയും...കൃഷ്ണമൃഗങ്ങളെ രക്ഷിക്കുകയും...മനുഷ്യരിൽനിന്നും വനങ്ങളെ സ്വതന്ത്രമാക്കുകയും...' ഇക്കോടൂറിസത്തെയും നമ്മുടെ ആഗോള വിനോദസഞ്ചാരത്തെയും പ്രോത്സാഹിപ്പിക്കുകയും ആഗോളതലത്തിൽ നമ്മുടെ പ്രതിഛായ ഉയർത്തുകയും ചീറ്റകളെ സംരക്ഷിക്കാനുള്ള ആഗോളശ്രമങ്ങളിൽ സംഭാവന ചെയ്യുകയും ചെയ്യുന്നതായി ഇന്ത്യ കാണപ്പെടും' എന്നാണ് ചീറ്റപ്പുലികളുടെ പാദങ്ങളിൽ രാജ്യത്തിന്റെ മുഴുവൻ സംരക്ഷണ അജണ്ടയും സ്ഥാപിക്കുന്ന 44 പേജുള്ള ചീറ്റ ആക്ഷൻ പ്ലാൻ എന്ന രേഖ പറയുന്നത്.
എൻ.ടി.സി.എ., എം.ഒ.ഇ.എഫ്.സി.സി, പൊതുമേഖലാ ഇന്ത്യൻ ഓയിലിന്റെ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (സി.എസ്.ആർ) എന്നിവയുടെ ഏകദേശം, 195 രൂപ കോർ ബജറ്റിൽ (2021) നിന്നാണ് പദ്ധതിക്കുള്ള പണം ലഭിച്ചത്. ഡെൽഹിയിൽനിന്ന് വരുന്ന പണവും മനുഷ്യശക്തിയും മാനേജ്‌മെന്റുംകൊണ്ട് മറ്റൊരു മൃഗത്തിനും പക്ഷിക്കും ഇത്രയും ഗുണം ലഭിച്ചിട്ടില്ല
എല്ലാത്തിനും വിരുദ്ധമായി, കേന്ദ്രത്തിന്റെ ഈ തീവ്രമായ ശ്രദ്ധയാണ് ചീറ്റപ്പുലി പദ്ധതിയെ അപകടത്തിലാക്കിയത്. “സംസ്ഥാന സർക്കാരിനെ വിശ്വസിക്കുന്നതിനുപകരം, ഇന്ത്യൻ ഗവൺമെന്റുദ്യോഗസ്ഥർ പദ്ധതി ഡൽഹിയിൽനിന്ന് നിയന്ത്രിക്കാൻ തീരുമാനിച്ചു. അത് പല പ്രശ്‌നങ്ങളും പരിഹരിക്കപ്പെടാതെ കിടക്കുന്നതിലേക്ക് നയിക്കുന്നു,” ജെ.എസ്. ചൗഹാൻ പറയുന്നു.
ചീറ്റപുലികൾ എത്തുമ്പോൾ അദ്ദേഹം മധ്യ പ്രദേശിലെ ചീഫ് വൈൽഡ് ലൈഫ് വാർഡനായിരുന്നു. "20-ലധികം ചീറ്റകൾക്ക് മതിയായ ഇടം കെഎൻപിയിലില്ലെന്നും, ചീറ്റ ആക്ഷൻ പ്ലാനിൽ കണ്ടെത്തിയിരിക്കുന്നതുപോലെ ചില മൃഗങ്ങളെ മറ്റൊരു സ്ഥലത്തേക്ക് അയയ്ക്കാൻ അനുവദിക്കണമെന്നും ഞാൻ അവരോട് അഭ്യർത്ഥിച്ചു." 759 ചതുരശ്ര കിലോമീറ്റർ ചുറ്റളവിൽ വേലി കെട്ടിയ വനങ്ങളുള്ള രാജസ്ഥാനിലെ മുകന്ദ്ര ഹിൽസ് ടൈഗർ റിസർവിനെയാണ് ചൗഹാൻ പരാമർശിക്കുന്നത്.


ദേശീയ ഉദ്യാനത്തിന്റെ നൂറുകണക്കിന് ചതുരശ്ര കിലോമീറ്റർ ഇപ്പോൾ ആഫ്രിക്കൻ ചീറ്റകൾക്ക് മാത്രമുള്ളതാണ്. വലിയ പൂച്ചകളുടെ ചലനങ്ങൾ നിരീക്ഷിക്കാൻ റേഡിയോ കോളറുകൾ സഹായിക്കുന്നു
മുതിർന്ന ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസറായ ചൗഹാൻ, “ഇനങ്ങളുടെ ആവശ്യകത കണക്കിലെടുത്ത് ഉചിതമായ തീരുമാനങ്ങൾ എടുക്കാൻ” അഭ്യർത്ഥിച്ചുകൊണ്ട് എൻടിസിഎയിലെ മെമ്പർ സെക്രട്ടറി എസ്പി യാദവിന്, ഒന്നിലധികം കത്തുകൾ എഴുതിയിരുന്നുവെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ല. 2023 ജൂലൈയിൽ അദ്ദേഹത്തെ തന്റെ പദവിയിൽനിന്ന് താത്കാലിമായി ഒഴിവാക്കി. കുറച്ച് മാസങ്ങൾക്കുശേഷം അദ്ദേഹം വിരമിച്ചു.
അന്നത്തെ പ്രതിപക്ഷമായ കോൺഗ്രസ് സർക്കാർ ഭരിച്ചിരുന്ന ഒരു സംസ്ഥാനത്തേക്ക് (രാജസ്ഥാൻ) മൃഗങ്ങളെ അയയ്ക്കുന്നത് സാധ്യമല്ലെന്ന് ചീറ്റകളെ പരിപാലിക്കുന്നവരോട് വ്യക്തമായി പറഞ്ഞിരുന്നു. “കുറഞ്ഞത് [2023 നവംബർ, ഡിസംബർ മാസങ്ങളിൽ നടന്ന] തിരഞ്ഞെടുപ്പ് വരെയെങ്കിലും.”.
ചീറ്റപ്പുലികളുടെ ക്ഷേമം പിന്നീട് മുൻഗണനയിൽ ഒരിക്കലുമുണ്ടായില്ല.
"ഇതൊരു സാധാരണ സംരക്ഷണ പദ്ധതിയാണെന്ന് വിശ്വസിക്കാൻ മാത്രം നിഷ്കളങ്കരായിരുന്നു ഞങ്ങൾ”, പദ്ധതിയിൽനിന്ന് വിട്ടുനിൽക്കണമെന്ന് ഇപ്പോൾ ആഗ്രഹിക്കുന്ന ടോർഡിഫ് പറയുന്നു. "ഇതിന്റെ രാഷ്ട്രീയ പ്രത്യാഘാതം ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല". താൻ മറ്റ് നിരവധി ചീറ്റകളുടെ പുനരധിവാസം നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. എന്നാൽ അവയെല്ലാം ശരിയായ വന്യജീവിസംരക്ഷണം ഉദ്ദേശിച്ചുകൊണ്ടുള്ളതായിരുന്നു. ഇത്തരം രാഷ്ട്രീയ ചെപ്പടിവിദ്യകളായിരുന്നില്ല.
ഡിസംബറിൽ ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടി എംപി അധികാരത്തിൽ തിരിച്ചെത്തിയപ്പോൾ, ചീറ്റപ്പുലികളുടെ അടുത്ത സ്ഥാനമാറ്റത്തിനായി മധ്യ പ്രദേശിലെ ഗാന്ധി സാഗർ വന്യജീവി സങ്കേതം (കടുവ സങ്കേതമല്ല) ഒരുക്കുമെന്ന് ഒരു പത്രക്കുറിപ്പ് ഇറക്കി.
എന്നാൽ മൂന്നാം ഘട്ടത്തിനായുള്ള ചീറ്റകൾ എവിടെനിന്ന് വരുമെന്നത് വ്യക്തമല്ല, കാരണം കൂടുതൽ മൃഗങ്ങളെ അയയ്‌ക്കാൻ ദക്ഷിണാഫ്രിക്കയ്ക്ക് വലിയ താല്പര്യമില്ല, എന്തെന്നാൽ, മരിക്കാൻ വേണ്ടി ഇന്ത്യയിൽ ചീറ്റകളെ അയയ്‌ക്കുന്നത് എന്തിനാണെന്ന് ചോദിച്ച അവിടുത്തെ മൃഗസംരക്ഷകരിൽനിന്ന് അവരുടെ സർക്കാരിനുതന്നെ തിരിച്ചടികൾ ലഭിച്ചു. "കെനിയയോട് ചോദിക്കുന്നതിനെക്കുറിച്ച് ചില പരാമർശങ്ങൾ ഉണ്ടായിരുന്നു, പക്ഷേ കെനിയയിലെ ചീറ്റകളുടെ എണ്ണം കുറയുകയാണ് ," അജ്ഞാതനായി തുടരാൻ ആഗ്രഹിക്കുന്ന ഒരു വിദഗ്ദ്ധൻ പറയുന്നു.
*****
“കാടുമുഴുവൻ ആഘോഷത്താൽ പ്രകാശഭരതമായി,” പാതി താമശയോടെ മാംഗിലാൽ പറയുന്നു.
ഒരു സഫാരി പാർക്കിന് വന്യമായ ചീറ്റപ്പുലികളെ ആവശ്യമില്ല, കൂട്ടിലടച്ചവയയാലും ധാരാളം.
ചീറ്റപ്പുലികൾക്ക് പിന്നിൽ ഇന്ത്യൻ ഭരണകൂടത്തിന്റെ വലിയൊരു സന്നാഹംതന്നെ ഉണ്ട് - ഒരു കൂട്ടം വെറ്ററിനറി ഡോക്ടർമാർ, ഒരു പുതിയ ആശുപത്രി, 50-ലധികം ട്രാക്കറുകൾ, 15 ക്യാമ്പർ വാനുകളുടെ ഡ്രൈവർമാർ, 100 ഫോറസ്റ്റ് ഗാർഡുകൾ, വയർലെസ് ഓപ്പറേറ്റർമാർ, ഇൻഫ്രാറെഡ് ക്യാമറ ഓപ്പറേറ്റർമാർ, കൂടാതെ പ്രധാനപ്പെട്ട സന്ദർശകർക്കായുള്ള ഒന്നിലധികം ഹെലിപാഡുകൾ. അത് കോർ ഏരിയയിലെ മാത്രം കണക്കാണ്. ബഫർ സോണിൽ അതിനായുള്ള ഗാർഡുകളുടെയും റേഞ്ചർമാരുടെയും സ്റ്റാഫ് ഉണ്ട്.
റേഡിയോ കോളർ ഘടിപ്പിച്ച് ട്രാക്ക് ചെയ്ത ചീറ്റകൾ 'വന്യജീവികൾ' അല്ലാത്തതിനാൽ മനുഷ്യരുമായുള്ള അവരുടെ സമ്പർക്കം നടക്കാനിരിക്കുന്നതേയുള്ളു. വലിയ പൂച്ചകൾ ഇറങ്ങുന്നതിന് ആഴ്‌ചകൾക്ക് മുമ്പ് തന്നെ, ആയുധധാരികളായ കാവൽക്കാർ തോക്കുകളും സ്‌നിഫർ അൽസേഷ്യൻ പട്ടികളുടെയും അകമ്പടിയോടെ കെഎൻപിയുടെ അതിർത്തിയിലുള്ള അവരുടെ കുഗ്രാമങ്ങളിലേക്ക് കടന്നതിനാൽ നാട്ടുകാരാരും ആഹ്ലാദത്തിലല്ല. പുരുഷന്മാർ അവരുടെ യൂണിഫോം മിന്നിച്ചു, നായ്ക്കൾ പല്ലുകൾ മിന്നിച്ചു- ചീറ്റപ്പുലികളുടെ കാര്യത്തിൽ ഇടപെട്ടാൽ, സ്നിഫർ നായ്ക്കളെ വിട്ട്, മണം കണ്ടെത്തി കൊല്ലിക്കുമെന്ന് യൂണിഫോം ധാരികൾ ആളുകൾക്ക് മുന്നറിയിപ്പ് നൽകി.


ചീറ്റകളെ കൊണ്ടുവരാൻ പല ദേശീയ ഉദ്യാനങ്ങളിൽനിന്നും കുനോയെ തിരഞ്ഞെടുത്തത് ചിറ്റൽപോലെ (ആക്സിസ് ആക്സിസ്) (വലത്) മതിയായ ഇരകൾ ഉള്ളതിനാലാണ്
"ആവശ്യമായ ഇരകൾ" ഉള്ളതിനാലാണ് കുനോയെ തിരഞ്ഞെടുത്തത് എന്നാണ് ഇൻട്രോഡൈക്ഷൻ ഓഫ് ചീറ്റ ഇൻ ഇന്ത്യയുടെ, 2023ലെ വാർഷിക റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ, ഒന്നുകിൽ ആ വസ്തുതകൾ തെറ്റാണ്, അല്ലെങ്കിൽ സർക്കാർ ഇതൊന്നും കാര്യത്തിൽ എടുക്കുന്നില്ല. “നമുക്ക് കെഎൻപിയിൽ ഇരകളുടെ ഒരു വലയത്തെ കെട്ടിപ്പടുക്കേണ്ടതുണ്ട്,” റിപ്പോർട്ടറോട് ഇത് പറഞ്ഞത്, മധ്യപ്രദേശിലെ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (പിസിസിഎഫ്) അസീം ശ്രീവാസ്തവയാണ്. 2023 ജൂലൈയിൽ അദ്ദേഹം ചുമതലയേറ്റു. ഭക്ഷണത്തിൽ ശ്രദ്ധ ചെലുത്തിയതിനാൽ പുള്ളിപ്പുലികളുടെ എണ്ണം ഏകദേശം 100 മൃഗങ്ങളായി ഉയർന്നു.
“ഇരയുടെ അനുബന്ധം നിർണായകമായതിനാൽ ചിറ്റൽ [പുള്ളിമാൻ] വളർത്തിയെടുക്കുന്നതിനായി ഞങ്ങൾ 100 ഹെക്ടർ വലയം നിർമ്മിക്കുന്നുണ്ട്,” പീഞ്ച്, കൻഹ, ബാന്ധവ്ഗഡ് കടുവ സങ്കേതങ്ങൾ കൈകാര്യം ചെയ്യാൻ രണ്ട് പതിറ്റാണ്ടിലേറെ ചെലവഴിച്ച ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥനായ ശ്രീവാസ്തവ കൂട്ടിച്ചേർക്കുന്നു
ചീറ്റപ്പുലികളുടെ കാര്യത്തിൽ ഫണ്ട് ഒരു പ്രശ്‌നമല്ല - അടുത്തിടെ പുറത്തിറങ്ങിയ റിപ്പോർട്ടിൽ പറയുന്നു, "ചീറ്റ പദ്ധതിയുടെ ആദ്യ ഘട്ടം, 39 കോടി രൂപ (5 മില്യൺ യുഎസ് ഡോളർ) ബഡ്ജറ്റിൽ ൽ, അഞ്ച് വർഷത്തേക്കാണ്.”
“അമിതമായി പ്രചരിക്കപ്പെട്ടതും ചെലവേറിയതുമായ സംരക്ഷണ പദ്ധതികളിൽ ഒന്ന്,"- ഇങ്ങനെയാണ് സംരക്ഷണ ശാസ്ത്രജ്ഞനായ ഡോ. രവി ചെല്ലം ചീറ്റപ്പുലി പദ്ധതിയെ വിവരിക്കുന്നത്. പൂച്ചകൾക്ക് സപ്ലിമെന്ററി ഭക്ഷണം നൽകുന്നത് അപകടകരമായ ഒരു മാതൃകയാണെന്ന് അദ്ദേഹം പറയുന്നു. “ഇത് സംരക്ഷണത്തെ പറ്റിയുള്ളതാണെങ്കിൽ, ഇരയെ സപ്ലിമെന്റ് ചെയ്യുന്നതിലൂടെ, അജ്ഞാതമായ പ്രത്യാഘാതങ്ങളാൽ നമ്മൾ നൈസർഗികമായ പ്രക്രിയയെ തകിടം മറിക്കുകയാണ്. ഈ ചീറ്റപ്പുലികളെ നമ്മൾ വന്യമൃഗങ്ങളെപ്പോലെയാണ് കണക്കാക്കേണ്ടത്,” സിംഹങ്ങളെക്കുറിച്ച് പഠിച്ചിട്ടുള്ള വന്യജീവി ജീവശാസ്ത്രജ്ഞൻ കൂട്ടിച്ചേർക്കുന്നു. ഇപ്പോൾ അദ്ദേഹം ചീറ്റ പ്രോജക്റ്റ് ശ്രദ്ധാപൂർവ്വം വീക്ഷിക്കുന്നു.
ദീർഘകാലത്തേക്ക് അവയെ ബന്ദികളാക്കി, ഇരകളെ താരതമ്യേന ചെറിയ ചുറ്റുപാടുകളിലേക്ക് വിട്ടയക്കുന്നതിലൂടെ, ദീർഘകാലാടിസ്ഥാനത്തിൽ നമ്മൾ അവയുടെ ശാരീരികക്ഷമത കുറയ്ക്കുകയാണ്, 2022-ൽ മുന്നറിയിപ്പ് നൽകിയ ചെല്ലം കൂട്ടിച്ചേർക്കുന്നു: “ഇത് മഹത്വവൽക്കരിച്ചതും ചെലവേറിയതുമായ ഒരു സഫാരി പാർക്കല്ലാതെ മറ്റൊന്നുമാകില്ല." അദ്ദേഹത്തിന്റെ വാക്കുകൾ യാഥാർത്ഥ്യമാകുന്നു: 2023 ഡിസംബർ 17-ന് അഞ്ച് ദിവസത്തെ ഉത്സവത്തോടെയാണ് ചീറ്റ സഫാരികൾ ആരംഭിച്ചത്, ഒരു ദിവസം ഏകദേശം 100-150 ആളുകൾ ഇതിനകം ഉപയോഗിച്ചു കഴിഞ്ഞു. കുനോയിലേക്ക് ഒരു ജീപ്പ് സഫാരിക്ക് 3,000 മുതൽ 9,000 വരെയാണ് നിരക്ക്.

ഏഷ്യൻ സിംഹങ്ങൾ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ ഐ.യു.സി.എൻ. റെഡ് ലിസ്റ്റിൽ ഉള്ളതിനാൽ 1999-ൽ കുനോയിൽ സിംഹങ്ങൾക്കുവേണ്ടി വഴിയൊരുക്കാനായി തദ്ദേശീയരെ കുടിയൊഴിപ്പിച്ചു
അവിടെ വരാൻ പോകുന്ന ഹോട്ടലുകൾക്കും സഫാരി നടത്തിപ്പുകാർക്കും അത് ആവേശം നൽകുന്നു - ചീറ്റ സഫാരിയുമായി ഒരു 'ഇക്കോ' റിസോർട്ടിൽ ഒരു രാത്രി താമസത്തിന് രണ്ട് പേർക്ക് 10,000 മുതൽ 18,000 രൂപ വരെയാണ് നിരക്ക്.
തിരികെ ബാഗ്ചയിൽ വന്നാൽ, പണം ദുർലഭവും ഭാവി അനിശ്ചിതവുമാണ്. “ചീറ്റപ്പുലികൾ വന്നതുകൊണ്ട് ഞങ്ങൾക്ക് ഒരു പ്രയോജനവുമുണ്ടായില്ല,” ബല്ലു പറയുന്നു. പറഞ്ഞ 15 ലക്ഷം രൂപ അവർ നൽകിയിരുന്നെങ്കിൽ, ഞങ്ങൾക്ക് ഞങ്ങളുടെ വയലുകൾ ചാലുകളും ലെവലുകളും ഉപയോഗിച്ച് ശരിയായി നിരത്തി ഞങ്ങളുടെ വീടുകളുടെ നിർമ്മാണം പൂർത്തിയാക്കാമായിരുന്നു. മാംഗിലാൽ ആശങ്കയോടെ കൂട്ടിച്ചേർക്കുന്നു, "ഞങ്ങൾ ജോലിയൊന്നും ചെയ്യുന്നില്ല, പിന്നെ എങ്ങനെ ഭക്ഷണം കഴിക്കും?”
സഹരിയ വിഭാഗക്കാരുടെ ദൈനംദിന ജീവിതത്തിന്റെ മറ്റ് ഘടകങ്ങളും പ്രതിസന്ധിയിലായി. എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ദീപി, പുതിയ സ്ഥലത്ത് എത്തിയതോടെ പഠനം ഉപേക്ഷിച്ചു. “അടുത്തൊന്നും ഒരു സ്കൂളില്ല,” അവൻ പറയുന്നു. ഏറ്റവും അടുത്തുള്ള സ്കൂൾ വളരെ അകലെയാണ്. ചെറിയ കുട്ടികൾ ഭാഗ്യവാന്മാരാണ് - എല്ലാ ദിവസവും രാവിലെ ഒരു ടീച്ചർ എത്തുന്നു, തുറന്ന ആകാശത്തിന് കീഴിൽ അവർക്ക് ഉപദേശം നൽകാൻ - പക്ഷെ കെട്ടിടമില്ല. “എന്നാൽ അവരെല്ലാം പോകുന്നുണ്ട്,” മാംഗിലാൽ ചിരിച്ചുകൊണ്ട് പറയുന്നു. ആ ചിരി എന്നെ അത്ഭുതപ്പെടുത്തുകയും ചെയ്തു. ജനുവരി ആദ്യവാരം അവധിയാണെന്നും ഇന്ന് ടീച്ചർ വന്നിട്ടില്ലെന്നും അദ്ദേഹം എന്നെ ഓർമ്മിപ്പിക്കുന്നു.
താമസക്കാർക്ക് കുടിവെള്ളത്തിനായി കുഴിച്ച കുഴൽക്കിണറും വലിയ ജലസംഭരണികളും വെറുതെ കിടക്കുന്നു. ശുചിത്വസൗകര്യങ്ങളുടെ പൂർണ്ണമായ അഭാവം സ്ത്രീകൾക്ക് പ്രത്യേകിച്ച് ബുദ്ധിമുട്ടാണ്. “ഞങ്ങൾ [സ്ത്രീകൾ] എന്താണ് ചെയ്യേണ്ടതെന്ന് എന്നോട് പറയൂ?” ഓംവതി പറയുന്നു. “കക്കൂസുകളില്ല. പിന്നെ ഭൂമി പൂർണ്ണമായി വെട്ടിത്തെളിച്ചിരിക്കുന്നു, സ്ത്രീകൾക്ക് മറയായി ഉപയോഗിക്കാൻ കഴിയുന്ന മരങ്ങളൊന്നുമില്ല. ഞങ്ങൾക്ക് തുറസ്സായ സ്ഥലത്തോ ചുറ്റും നിൽക്കുന്ന കൃഷിയിടത്തിലോ പോകാൻ കഴിയില്ല.”


വിനോദസഞ്ചാരത്തിൽനിന്നുള്ള വരുമാനത്തിന്റെ 40 ശതമാനം തിരിച്ചുപിടിക്കണമെന്ന് ചീറ്റ ആക്ഷൻ പ്ലാൻ സൂചിപ്പിച്ചിരുന്നു, എന്നാൽ തങ്ങൾക്ക് അന്തിമ നഷ്ടപരിഹാരംപോലും ലഭിച്ചിട്ടില്ലെന്ന് കുടിയിറക്കപ്പെട്ടവർ പറയുന്നു
35 വയസ്സുള്ള അഞ്ച് കുട്ടികളുടെ ആ അമ്മ, തങ്ങൾ ഇപ്പോൾ താമസിക്കുന്ന വൈക്കോലിന്റെയും ടാർപ്പിന്റെയും ടെന്റുകളെക്കാൾ വലിയ ഗുരുതരമായ പ്രശ്‌നങ്ങൾ തനിക്കുണ്ടെന്ന് പറയുന്നു: “വിറക് കൊണ്ടുവരാൻ ഞങ്ങൾക്ക് വളരെ ദൂരം പോകേണ്ടതുണ്ട്. കാട് ഇപ്പോൾ അകലെയാണ്. ഞങ്ങൾ എങ്ങനെ [ഭാവിയിൽ] ഇത് കൈകാര്യം ചെയ്യും?" മറ്റുചിലർ പറയുന്നത്, അവർ വരുമ്പോൾ കൊണ്ടുവന്ന ചെറിയ തടിയും തങ്ങളുടെ ഭൂമിയിൽനിന്ന് പറിച്ചെടുക്കുന്ന വേരുകളും വെച്ച് കൈകാര്യം ചെയ്യുന്നു എന്നാണ്, എന്നാൽ അത് ഉടൻ തീരും.
ചീറ്റ പദ്ധതി പുതിയ വേലികൾ തീർക്കുന്നതോടെ, എൻ.ടി.എഫ്.പി.യുടെ നഷ്ടം കുനോക്ക് ചുറ്റും അനുഭവപ്പെടുന്നുണ്ട്. അതിനെക്കുറിച്ച് കൂടുതൽ അടുത്ത ലേഖനത്തിൽ ചേർക്കാം.
വിനോദസഞ്ചാരത്തിൽനിന്നുള്ള വരുമാനത്തിന്റെ 40 ശതമാനം ചുറ്റുപാടുമുള്ള സമുദായങ്ങളിലേക്ക് കൊടുക്കണമെന്ന് ചീറ്റ ആക്ഷൻ പ്ലാൻ സൂചിപ്പിച്ചിരുന്നു, "കുടിയൊഴിക്കപ്പെട്ടവർക്കായുള്ള ചീറ്റാ കൺസർവേഷൻ ഫൗണ്ടേഷൻ ഓരോ ഗ്രാമത്തിലെയും ചീറ്റപ്പുലി നിരീക്ഷകർക്കും, റോഡുകൾ, ശുചീകരണം, സ്‌കൂളുകൾ തുടങ്ങി ചുറ്റുമുള്ള ഗ്രാമങ്ങൾക്കുള്ള പരിസ്ഥിതി വികസന പദ്ധതികൾക്കും പ്രോത്സാഹനത്തുക നൽകിയിരുന്നു.’ എന്നാൽ പതിനെട്ട് മാസങ്ങൾക്ക് ശേഷം അത് ഇപ്പോഴും കടലാസിൽ മാത്രം അവശേഷിക്കുന്നു.
“ഇനി എത്ര നാൾ ഞങ്ങൾ ഇങ്ങനെ ജീവിക്കും?” ഓമവതി ആദിവാസി ചോദിക്കുന്നു.
മുഖചിത്രം: അഡ്രിയാൻ ടോർഡിഫ്
പരിഭാഷ: നതാഷ പുരുഷോത്തമൻ