കുനോവിലെ ചീറ്റകളെക്കുറിച്ചുള്ള വിവരങ്ങൾ ഇപ്പോൾ ദേശീയ സുരക്ഷയെ ബാധിക്കുന്ന പ്രശ്നമായി മാറിയിട്ടുണ്ട്. പുറത്ത് വിട്ടാൽ, ഇന്ത്യയും വിദേശരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ദോഷകരമായി അത് ബാധിക്കും!
ചീറ്റകളെ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് അന്വേഷിച്ചുകൊണ്ടുള്ള വിവരാവകാശ അപേക്ഷയിൽ (റൈറ്റ് റ്റു ഇൻഫർമേഷൻ - ആർ.ഐ.ടി) മധ്യ പ്രദേശ് സർക്കാർ നൽകുന്ന മറുപടി ഈ മട്ടിലുള്ളതാണ്. ആർ.ടി.ഐ. ഫയൽ ചെയ്ത ഭോപ്പാൽ ആസ്ഥാനമായ ആക്ടിവിസ്റ്റ് അജയ് ദുബെ പറയുന്നു, “കടുവകളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും സുതാര്യമാണ്. അപ്പോൾ എന്തുകൊണ്ട് ചീറ്റകളെക്കുറിച്ച് ആ സുതാര്യതയില്ല? വന്യജീവി മാനേജുമെന്റിൽ, വേണ്ടത് അതാണ്.”
ഭാഗ്യം, തന്റെ ഉപജീവനം ദേശീയ സുരക്ഷയ്ക്കോ നയതന്ത്രബന്ധങ്ങൾക്കോ എന്തെങ്കിലും ഭീഷണി ഉയർത്തുന്നതായി രാം ഗോപാൽ മനസ്സിലാക്കിയിട്ടില്ല. കുനോ പാർക്കിന്റെ അടുത്തുള്ള അഗാര എന്ന ഗ്രാമത്തിലെ താമസക്കാരനാണ് രാം ഗോപാൽ.
ഈയടുത്ത് അദ്ദേഹം ട്രാക്ടർ ഉപയോഗിക്കാൻ തുടങ്ങി. അതിനുള്ള കഴിവുണ്ടായിട്ടോ ഒന്നുമല്ല. അതൊന്നും വാങ്ങാനുള്ള ശേഷിപോലും അദ്ദേഹത്തിനില്ല.
“മോദിജി ഞങ്ങൾക്ക് കല്പന തന്നു. കാളകളെ ഉപേക്ഷിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ ഞങ്ങൾക്ക് അവയെ മേയ്ക്കാൻ കാട് മാത്രമേ ഉള്ളു. അതിനകത്ത് കയറിയാൽ ഫോറസ്റ്റ് റേഞ്ചർമാർ ഞങ്ങളെ പിടിച്ച് ജയിലിലിടും. അപ്പോൾ ഞങ്ങൾ വിചാരിച്ചു, എന്നാൽ ട്രാക്ടർ വാടകയ്ക്കെടുക്കാം എന്ന്.”
ഈ ചെലവ് രാം ഗോപാലിനോ കുടുംബത്തിനോ താങ്ങാൻ കഴിയുന്ന ഒന്നല്ല. അവരുടെ കുടുംബവരുമാനം, ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്. കുനോ ദേശീയോദ്യാനം, ചീറ്റകളുടെ വീടായി മാറിയതിനുശേഷം, കാടുമായി ബന്ധപ്പെട്ട അവരുടെ ഉപജീവനത്തിൽ വലിയ നഷ്ടമാണ് സംഭവിച്ചത്.


കുനോ പ്രദേശത്ത് താമസിക്കുന്നവരുടെ ഒരു പ്രധാന ജലസ്രോതസ്സാണ് കുനോ നദി. എന്നാൽ ബാക്കിയുള്ള വനം പോലെ, അതിലേക്കും ഇപ്പോൾ അവർക്ക് പ്രവേശനമില്ല. മരമൊഴിച്ചുള്ള വനോത്പന്നങ്ങൾ ശേഖരിക്കാൻ സഹാരിയ ആദിവാസികൾ കരുതൽ മേഖലയിലേക്ക് പോകുന്നു


ഇടത്ത്: വിജയ്പുർ തെഹ്സിലിലെ അഗാരയിലെ താമസക്കാരായ സന്തുവും രാം ഗോപാലും, ചിർഗോണ്ട് മരങ്ങളിൽനിന്നുള്ള ഉത്പന്നങ്ങൾ ശേഖരിക്കാൻ കാടിനെയായിരുന്നു ആശ്രയിച്ചിരുന്നത്. ഇപ്പോൾ അവിടേക്ക് അവർക്ക് കടക്കാനാവില്ല. വലത്ത്: അവരുടെ മകൻ ഹൻസ്‌രാജ് പഠിപ്പ് നിർത്തി, ഇപ്പോൾ കൂലിപ്പണിക്കായി മറ്റ് സ്ഥലങ്ങളിലേക്ക് പോകാൻ ശ്രമിക്കുകയാണ്
വലിയ മൃഗങ്ങൾ പാർക്കുന്ന ഒരേയൊരു രാജ്യത്തിന്റെ പ്രധാനമന്ത്രി എന്ന പേര് നരേന്ദ്ര മോദിക്ക് ലഭിക്കാൻ, ദക്ഷിണാഫ്രിക്കയിൽനിന്ന് ആഫ്രിക്കൻ ചീറ്റകളെ – അസിനൊണിക്സ് ജുബാറ്റസ് എന്ന് ശാസ്ത്രീയ നാമം – 2022-ൽ കൊണ്ടുവന്നതോടെയാണ് ഈ സംരക്ഷിതവനം ദേശീയവാർത്തകളിൽ പ്രാധാന്യം നേടിയത്. ചീറ്റകളെ സ്വാഗതം ചെയ്തുകൊണ്ടാണ് അദ്ദേഹം പിറന്നാളാഘോഷിച്ചത്.
എന്നാൽ കൌതുകകരമെന്ന് പറയട്ടെ, നമ്മുടെ ദേശീയ വന്യജീവി ആക്ഷൻ പ്ലാൻ 2017-2031- ൽ സംരക്ഷിക്കാനായി ചീറ്റകളെ പുനരവതരിപ്പിക്കുക എന്ന ലക്ഷ്യം ഉണ്ടായിരുന്നതേയില്ല. ഗ്രേറ്റ് ഇന്ത്യൻ ബുസ്റ്റാഡ്, ഗാംജറ്റിക്ക് ഡോൾഫിൻ, ടിബറ്റൻ ആന്റിലോപ്പ് തുടങ്ങി, സ്വദേശികളും വംശനാശഭീഷണിയുള്ളതുമായ മൃഗങ്ങളുടെ പട്ടിക ഉൾക്കൊള്ളുന്നതാണ് ആ ആക്ഷൻ പ്ലാൻ. “വിശദമായ ശാസ്ത്രീയ പഠനം വേണം’ എന്ന് പറഞ്ഞ്, 2013-ൽത്തന്നെ സുപ്രീം കോടതി തള്ളിക്കളഞ്ഞ ഒന്നാണ് ചീറ്റകളെ കൊണ്ടുവരാനുള്ള പദ്ധതി.
ഇതൊക്കെയായിട്ടും, ചീറ്റകളെ കൊണ്ടുവരാനും, പുനരധിവസിപ്പിക്കാനും, പരസ്യത്തിനുമായി കോടിക്കണക്കിന് രൂപയാണ് ചിലവാക്കിയത്.
ഫലമൂലാദികൾ, വേരുകൾ ഔഷധസസ്യങ്ങൾ, പശകൾ, വിറക് തുടങ്ങി, മരമൊഴിച്ചുള്ള വനോത്പന്നങ്ങളെ (നോൺ ടിംബർ ഫോറസ്റ്റ് പ്രൊഡ്യൂസ് – എൻ.ടി.എഫ്.പി) ഉപജീവനത്തിനായി ആശ്രയിക്കുന്ന രാം ഗോപാലിനെപ്പോലുള്ള സഹാരിയ ആദിവാസികളുടെ നിത്യജീവിതത്തെയാണ് ഈ ചീറ്റ സഫാരി പദ്ധതി നിലംപരിശാക്കിക്കളഞ്ഞത്. 1,235 ചതുരശ്ര കിലോമീറ്റർ വരുന്ന വിശാലമായ കുനോ വൈൽഡ്‌ലൈഫ് ഡിവിഷന്റെ വലിയൊരു ഭാഗം ഉൾക്കൊള്ളുന്നതാണ് കെ.എൻ.പി.
“സൂര്യോദയം മുതൽ സൂര്യാസ്തമയംവരെ 12 മണിക്കൂറിനുള്ളിൽ ഞാൻ 50-ഓളം മരങ്ങൾ ചെത്തിവെക്കും. നാല് ദിവസം കഴിഞ്ഞ് പോയി അതിൽനിന്നുള്ള റെസിൻ ശേഖരിക്കും. എന്റെ ചിർ മരങ്ങളിൽനിന്നുള്ള വരുമാനംതന്നെ മാസത്തിൽ 10,000 രൂപയായിരുന്നു,” രാം ഗോപാൽ പറയുന്നു. ആ 1,200 മരങ്ങളുള്ള ഭാഗത്തേക്ക് ഇപ്പോൾ നാട്ടുകാർക്ക് പ്രവേശനമില്ല. പാർക്ക് ചീറ്റാ പ്രോജക്ടാക്കി മാറ്റിയപ്പോൾ, അവ പുതിയ കരുതൽ മേഖലയ്ക്കകത്തായിപ്പോയി.
മുപ്പതുകളിലെത്തിയ രാം ഗോപാലും ഭാര്യയും സ്വന്തമാവശ്യത്തിനായി, കെ.എൻ.പി.യുടെ അരികിലുള്ള, മഴകൊണ്ട് നനയ്ക്കുന്ന ഏതാനും ബിഗ വരുന്ന ഭൂമിയിൽ കൃഷി ചെയ്യുന്നു. “ഞങ്ങൾ ബജ്ര കൃഷി ചെയ്ത് കഴിക്കുന്നു. കുറച്ച്, കടുകും, എള്ളും വിൽക്കുന്നു,” രാം ഗോപാൽ പറഞ്ഞു. വിതയ്ക്കുന്ന സീസണിൽ ഈ ഭാഗത്ത് ഉപയോഗിക്കാനാണ് അയാൾ ട്രാക്ടർ വാടകയ്ക്കെടുത്തിരിക്കുന്നത്.


ഇടത്ത്: റെസിൻ എടുക്കാൻ പാകത്തിൽ ചിർ മരങ്ങളുടെ ഞെട്ട് മുറിക്കുന്നത് എങ്ങിനെയെന്ന് രാം ഗോപാൽ ഞങ്ങൾക്ക് കാണിച്ചുതരുന്നു. കുനോ കാടുകളോട് ചേർന്ന ഒരു തടാകക്കരയിൽ ആ ദമ്പതികൾ അല്പനേരം നിന്നു. ആ കാടുകളിലാണ് അവരുടെ മരങ്ങൾ


ഇടത്ത്: രാം ഗോപാലും ഭാര്യയും സ്വന്തമാവശ്യത്തിനായി, കെ.എൻ.പി.യുടെ അരികിലുള്ള, മഴകൊണ്ട് നനയ്ക്കുന്ന ഏതാനും ബിഗ വരുന്ന ഭൂമിയിൽ കൃഷി ചെയ്യുന്നു. വലത്ത്: വനോത്പന്നങ്ങൾ കിട്ടാത്തത്, അഗാരയിലെ വ്യാപാരികൾക്കും നഷ്ടമുണ്ടാക്കുന്നുണ്ട്
“കാടല്ലാതെ മറ്റൊന്നും ഞങ്ങൾക്കില്ല. പാടത്ത്, ആവശ്യത്തിനുള്ള വെള്ളംപോലും ഞങ്ങൾക്കില്ല. കാട് കൊട്ടിയടച്ചതോടെ, പണിക്കുവേണ്ടി അലയാൻ നിർബന്ധിതരായി ഞങ്ങൾ,” അയാൾ പറയുന്നു. വനം വകുപ്പ് അവരിൽനിന്ന് തെണ്ടു ഇലകൾ പതിവായി വാങ്ങിയിരുന്നതിൽ കുറവ് വന്നത്, ആദിവാസികൾക്ക് മറ്റൊരു പ്രഹരമായി. അതിൽനിന്നുള്ള വരുമാനം കുറഞ്ഞത്, രാം ഗോപാലിന്റെ വരുമാനത്തെയും ബാധിച്ചു.
മധ്യ പ്രദേശിലുടനീളം, കാടുകളിലും അതിന്റെ ചുറ്റുവട്ടത്തും താമസിക്കുന്നവർക്ക്, എൻ.ടി.എഫ്.പി. ഒരു ജീവൻരക്ഷയായിരുന്നു. അതിൽ പ്രധാനമായിരുന്നു ചിർ മരങ്ങളിൽനിന്നുള്ള റെസിൻ. മാർച്ച് മുതൽ ജൂലായ്‌വരെയുള്ള ചൈത് , ബൈശാഖ് , ജൈത് , ആഷാഢ് എന്നീ വേനൽമാസങ്ങളൊഴിച്ച് ബാക്കിയുള്ള കാലത്ത് അവരത് ശേഖരിക്കുക പതിവായിരുന്നു. കെ.എൻ.പി.യിലും ചുറ്റുവട്ടത്തും താമസിക്കുന്ന മിക്കവരും സഹാരിയ ആദിവാസി വിഭാഗക്കാരാണ്. അതീവദുർബ്ബല ഗോത്രവിഭാഗമായി (പർട്ടിക്കുലർലി വൾനറബിൾ ട്രൈബൽ ഗ്രൂപ്പ് – പി.വി.ടി.ജി) പട്ടികപ്പെടുത്തിയവരാണ് അവർ. അവരിൽ 90 ശതമാനവും, വനോത്പന്നങ്ങളെ ആശ്രയിക്കുന്നവരാണെന്ന് 2022-ലെ ഈ റിപ്പോർട്ട് പറയുന്നു.
വനോത്പന്നങ്ങൾ വിൽക്കാൻ, രാജു തിവാരിയെപ്പോലുള്ള വ്യാപാരികളെ സമീപിക്കുന്ന പ്രദേശവാസികളുടെ പ്രധാന കച്ചവടകേന്ദ്രമാണ് അഗാര എന്ന ഗ്രാമം. കാടുകളിലേക്കുള്ള പ്രവേശനം വിലക്കുന്നതിന് മുമ്പ്, ആയിരക്കണക്കിന് കിലോഗ്രാം റെസിനും, വേരുകളും, ഔഷധസസ്യങ്ങളും ചന്തയിലേക്ക് വരാറുണ്ടായിരുന്നുവെന്ന് തിവാരി പറയുന്നു.
“ആദിവാസികൾ വനവുമായി ബന്ധമുള്ളവരാണ്. ഞങ്ങളാണെങ്കിൽ ആദിവാസികളുമായി ബന്ധപ്പെടുന്നവരും,” ഈ വിധത്തിലാണ് തിവാരി ആ ബന്ധത്തെ നിർവ്വചിക്കുന്നത്. “കാടുമായി അവർക്കുള്ള ബന്ധത്തെ മുറിച്ചുകളഞ്ഞപ്പോൾ, ഞങ്ങളും അതിന്റെ പ്രകമ്പനങ്ങൾ അനുഭവിക്കുന്നു.”
മധ്യ പ്രദേശിലുടനീളം, കാടുകളിലും അതിന്റെ ചുറ്റുവട്ടത്തുമുള്ളവർക്ക്, മരമൊഴിച്ചുള്ള വനോത്പന്നങ്ങൾ (എൻ.ടി.എഫ്.പി) ഒരു ജീവൻരക്ഷയായിരുന്നു
*****
ഒരു തണുപ്പുള്ള ജനുവരിയിലെ പ്രഭാതത്തിൽ, ചുരുട്ടിവെച്ച ഏതാനും മീറ്റർ കയറും അരിവാളുമായി രാം ഗോപാൽ വീട്ടിൽനിന്ന് ഇറങ്ങി. അഗാരയിലെ വീട്ടിൽനിന്ന് മൂന്ന് കിലോമീറ്റർ അകലെയായിരുന്നു, കുനോ ദേശീയോദ്യാനത്തിന്റെ അതിർത്തിയിലുള്ള കന്മതിൽ. സാധാരണ പതിവുള്ള ഒരു യാത്രയായിരുന്നു അത്. അന്ന് അവർ പോയത്, വിറക് ശേഖരിക്കാനായിരുന്നു. അത് കെട്ടിവെക്കാനുള്ളതായിരുന്നു ആ കയർ.
അയാളുടെ ഭാര്യ സന്തുവിന് പരിഭ്രമമായിരുന്നു. വിറക് കിട്ടുമോ എന്ന സംശയത്തിലായിരുന്നു അവർ. “അവർ (വനമുദ്യോഗസ്ഥർ) നിങ്ങളെ അകത്ത് കടക്കാൻ അനുവദിക്കില്ല. നമുക്ക് തിരിച്ചുപോകേണ്ടിവരും” എന്ന് പറയുന്നുണ്ടായിരുന്നു അവർ. ഗ്യാസിന്റെ കണക്ഷനൊന്നും അവർക്ക് താങ്ങാൻ പറ്റുന്നതായിരുന്നില്ല.
“പഴയ ഗ്രാമത്തിൽ (പാർക്കിനകത്ത്) കുനോ പുഴയുണ്ടായിരുന്നതിനാൽ 12 മാസവും വെള്ളത്തിനൊരു കുറവുണ്ടായിരുന്നില്ല. തെണ്ടു , ബയർ , മഹുവ , ജാതി, വേരുകൾ, ഔഷധസസ്യങ്ങൾ എന്നിവ കിട്ടിയിരുന്നു..” നടക്കുമ്പോൾ സന്തു പറഞ്ഞുകൊണ്ടിരുന്നു.
സന്തു വളർന്നത് കുനോ പാർക്കിനകത്തായിരുന്നു. 1999- ൽകുടിയിറക്കപ്പെട്ട 16,500 ആളുകളോടൊപ്പം കുനോ പാർക്കിനെ അവരുടെ രണ്ടാമത്തെ വീടാക്കി മാറ്റുകയായിരുന്നു ആ കുടുംബം. ഏഷ്യാറ്റിക്ക് സിംഹങ്ങളുടെ വാസസ്ഥലമായിരുന്നു ആ കാട് ഒരിക്കൽ. ഇന്ന് അവയെല്ലാം ഗുജറാത്തിലെ ഗിർ വനങ്ങളിലാണ്. വായിക്കുക: കുനോ പാർക്കിൽ: ആർക്കും കിട്ടാത്ത സിംഹഭാഗം
“മുന്നോട്ട് പോവുന്നു, മാറ്റം വരുന്നുണ്ട്. ഇനി കാട്ടിലേക്ക് പോകാനാവില്ല,” രാം ഗോപാൽ പറയുന്നു.


‘പഴയ ഗ്രാമത്തിൽ (പാർക്കിനകത്ത്) കുനോ പുഴയുണ്ടായിരുന്നതിനാൽ 12 മാസവും വെള്ളത്തിനൊരു കുറവുണ്ടായിരുന്നില്ല. തെണ്ടു, ബയർ, മഹുവ, ജാതി, വേരുകൾ, ഔഷധസസ്യങ്ങൾ എന്നിവ കിട്ടിയിരുന്നു..’ സന്തു പറയുന്നു. വിറക് ശേഖരിക്കാനാണ് ആ ദമ്പതിമാർ വീട്ടിൽനിന്ന് കുനോയിലേക്ക് പോയത്


വീട്ടിലേക്ക് കൊണ്ടുവരാനുള്ള വിറക് വനത്തിൽനിന്ന് ശേഖരിക്കുന്ന രാം ഗോപാലും ഭാര്യയും. ഗ്യാസ് സിലിണ്ടറൊന്നും വാങ്ങാനുള്ള കഴിവില്ലെന്ന് പറയുന്നു അവർ
2006-ലെ വനാവകാശനിയമപ്രകാരം , പ്രദേശവാസികളുടെ അനുവാദമില്ലാതെ അവരുടെ ഭൂമി തട്ടിയെടുക്കാൻ സംസ്ഥാനത്തിന് അധികാരമില്ലെങ്കിലും, ചീറ്റകൾ വന്നതോടെ 1972-ലെ വന്യജീവി (സംരക്ഷണ) നിയമം പ്രാബല്യത്തിൽ വന്നു “...റോഡുകളോ, പാലങ്ങളോ, കെട്ടിടങ്ങളോ, വേലികളോ, അതിർത്തി ഗേറ്റുകളോ നിർമ്മിക്കാമെന്നും (ബി) സങ്കേതത്തിനകത്തെ വന്യജീവികളുടെ സുരക്ഷയും സങ്കേതത്തിന്റേയും വന്യജീവികളുടേയും സംരക്ഷണവും ഉറപ്പാക്കുകയും ചെയ്യാനുള്ള നടപടികളെടുക്കാവുന്നതാണ്” എന്നാണ് ആ നിയമം അനുശാസിക്കുന്നത്.
ആദ്യമായി, അതിർത്തി മതിലിനെക്കുറിച്ച് കേട്ടപ്പോൾ, “അത് തോട്ടത്തിനുവേണ്ടിയാണെന്നാണ് എന്നോട് പറഞ്ഞത്, അതിൽ കുഴപ്പമില്ലല്ലോ എന്ന് ഞാനും കരുതി,” എന്ന് രാം ഗോപാൽ ഓർമ്മിക്കുന്നു. “എന്നാൽ മൂന്ന് വർഷം കഴിഞ്ഞപ്പോൾ അവർ പറയുന്നു, ‘ഇനി നിങ്ങൾക്ക് ഇവിടേക്ക് കടക്കാനാവില്ല; എന്ന്. ‘ആ മതിലിന്റെ അപ്പുറത്തേക്ക് പോകരുത്. നിങ്ങളുടെ വളർത്തുമൃഗങ്ങൾ അകത്തേക്ക് പോയാൽ, പിഴ അടയ്ക്ക്കയോ ജയിലിൽ പോകേണ്ടിവരികയോ ചെയ്യും’” എന്ന്. “ഞങ്ങൾ അകത്തേക്ക് പോയാൽ 20 വർഷം ജയിലിൽ കിടക്കേണ്ടിവരുമെന്ന് പറഞ്ഞു. ജാമ്യമെടുക്കാനുള്ള പണമൊന്നും എന്റെ കൈയ്യിലില്ല,” ചിരിച്ചുകൊണ്ട് അയാൾ പറയുന്നു.
കന്നുകാലികളെ മേയ്ക്കാനുള്ള സ്ഥലം ചുരുങ്ങിയപ്പോൾ, കന്നുകാലികളുടെ സംഖ്യ ചുരുങ്ങുകയും, കന്നുകാലിച്ചന്തകൾ എന്നത് പഴയകാല ഓർമ്മയായി മാറുകയും ചെയ്തുവെന്ന് പ്രദേശവാസികൾ പറയുന്നു. 1999-ലുണ്ടായ കുടിയൊഴിയലിൽ, പുതിയ സ്ഥലത്ത് എവിടെ മേയാൻ വിടുമെന്നറിയാതെ നിരവധി ആളുകൾ, കന്നുകാലികളെ പാർക്കിൽ ഉപേക്ഷീച്ച് പോയി. ഇപ്പോഴും പാർക്കിന് ചുറ്റുമുള്ള കരുതൽ മേഖലയിൽ പശുക്കളും കാളകളും അലഞ്ഞുതിരിയുന്നു. നോക്കാൻ കഴിവില്ലാതെ, ഉടമസ്ഥർ ഉപേക്ഷിച്ചവയാണ് അവ. റേഞ്ചർമാർ മുന്നറിയിപ്പ് കൊടുത്തതുപോലെ, കാട്ടുനായ്ക്കൾ കന്നുകാലികളെ ആക്രമിച്ചാലോ എന്ന പേടിയും അവരെ അലട്ടിയിരുന്നു. “നിങ്ങളോ കന്നുകാലികളോ പാർക്കിനകത്തേക്ക് വന്നാൽ അവ നിങ്ങളെ വകവരുത്തും” എന്നായിരുന്നു ഭീഷണി.
എന്നാൽ ഇന്ധനത്തിന്റെ ആവശ്യം അത്രയധികമായതുകൊണ്ട്, ഇപ്പോഴും ആളുകൾ “ഒളിച്ചും പാത്തും” കാട്ടിൽ പോകാറുണ്ട്. അഗാരയിലെ താമസക്കാരിയായ സാഗൂ ഒരു കെട്ട് ഇലകളും ചുള്ളിക്കമ്പുകളും തലയിലേന്തി മടങ്ങുന്നുണ്ടായിരുന്നു. അറുപതുകളിലെത്തിയ അവർക്ക് അതിൽക്കൂടുതൽ ഭാരം താങ്ങാനാവില്ല.
“ഞങ്ങൾക്ക് കാട്ടിലേക്ക് പ്രവേശനമില്ല,” അല്പം ഇരുന്ന് വിശ്രമിക്കാൻ അവസരം കിട്ടിയപ്പോൾ അവർ മറുപടി പറഞ്ഞു. “ബാക്കിയുള്ള പോത്തുകളേയും എനിക്ക് വിൽക്കേണ്ടിവരും.”


ഒരു അതിർത്തിമതിലിനടുത്ത് രാം ഗോപാൽ. 350 ചതുരശ്ര കിലോമീറ്ററുള്ള ചെറിയ വന്യസങ്കേതമായിരുന്ന കുനോയുടെ വിസ്തൃതി ഇപ്പോൾ ആഫ്രിക്കൻ ചീറ്റകളെ സ്വീകരിക്കാനായി ഇരട്ടിയാക്കിയിട്ടുണ്ട്


ഇടത്ത്: വീട്ടാവശ്യത്തിനായി ഇപ്പോഴും വിറക് ശേഖരിക്കാൻ ശ്രമിക്കാറുണ്ട് അഗാരയിലെ 60 വയസ്സ് കഴിഞ്ഞ സാഗൂ. വലത്ത്: എൻ.ടി.എഫ്.പി. ശേഖരിക്കാൻ കാശി റാമും വനത്തിൽ പോകാറുണ്ടായിരുന്നുവെങ്കിലും ഇപ്പോൾ അത് അടച്ചിരിക്കുകയാണെന്ന് അയാൾ പറയുന്നു
മുമ്പൊക്കെ കെട്ടുകണക്കിന് വിറക് കൊണ്ടുവന്ന്, മഴക്കാലത്തേക്കുപോലും സംഭരിച്ചുവെക്കാറുണ്ടായിരുന്നുവെന്ന് സാഗൂ പറയുന്നു. ഈ കാട്ടിൽനിന്നുള്ള മരവും ഇലകളും ഉപയോഗിച്ചാണ് തങ്ങളുടെ വീട് നിർമ്മിച്ചതെന്ന് അവർ ഓർത്തെടുത്തു. “മൃഗങ്ങളെ മേയ്ക്കാൻ വിട്ട്, ഞങ്ങൾ വിറകും, മറ്റ് മൃഗങ്ങൾക്കുള്ള തീറ്റയും, വിൽക്കാനുള്ള തെണ്ടു ഇലകളും ശേഖരിക്കും.”
ആ നൂറുകണക്കിന് ചതുരശ്ര കിലോമീറ്ററുകൾ ഇപ്പോൾ ചീറ്റകൾക്കും അവയെ കാണാൻ വരുന്ന വിനോദസഞ്ചാരികൾക്കും മാത്രം അവകാശപ്പെട്ടതാണ്.
എല്ലാം നഷ്ടപ്പെട്ട നിരവധി ആളുകൾക്കുവേണ്ടി അഗാര ഗ്രാമത്തിലെ കാശി റാം പറയുന്നു. “ചീറ്റകളുടെ വരവുകൊണ്ട് ഞങ്ങൾക്കൊരു ഗുണവുമുണ്ടായില്ല. നഷ്ടങ്ങൾ മാത്രം.”
*****
ചെണ്ടിഖേഡ, പാദ്രി, പൈര-ബി, ഖജൂരിഖുർദ്, ചക്പരോൺ ഗ്രാമങ്ങൾക്ക് കൂടുതൽ വലിയ പ്രശ്നങ്ങളാണുള്ളത്. കുവാരി നദിയിൽ ഒരു അണക്കെട്ട് നിർമ്മിക്കാനുള്ള സർവേ നടത്തിയെന്നും പണി ആരംഭിച്ചുവെന്നും അവർ പറയുന്നു. അത് അവരുടെ വീടുകളേയും കൃഷിയിടങ്ങളേയും മുക്കിക്കളയുമെന്നും അവർ ഭയപ്പെടുന്നു
“കഴിഞ്ഞ 20 വർഷമായി ഞങ്ങൾ ഈ ഡാമിനെക്കുറിച്ച് കേൾക്കുന്നു. ‘നിങ്ങളുടെ ഗ്രാമത്തിനുപകരം ഇവിടെ ഡാം വരാൻ പോകുന്നതുകൊണ്ട്, ദേശീയ തൊഴിലുറപ്പൊന്നും കിട്ടില്ല’ എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്” എന്ന് ജസ്‌രാം ആദിവാസി പറയുന്നു. ചെണ്ടിക്കെഡയിലെ മുൻ സർപാഞ്ച് പറയുന്നത് പലർക്കും എൻ.ആർ.ഇ.ജി.എ.യുടെ ഗുണഫലങ്ങൾ കിട്ടിയിട്ടില്ലെന്നാണ്.
തന്റെ വീടിന്റെ മുകളിൽ കയറിനിന്ന്, കുറച്ചപ്പുറത്ത് മാറി ഒഴുകുന്ന കുവാരി പുഴയെ നോക്കി അദ്ദേഹം പറയുന്നു, “ഡാം ഈ ഭാഗത്താണ് വരാൻ പോകുന്നത്. ഞങ്ങളുടെ ഗ്രാമവും മറ്റ് 7-8 ഗ്രാമങ്ങളും മുങ്ങിപ്പോകും. എന്നാൽ ഞങ്ങൾക്ക് നോട്ടീസൊന്നും കിട്ടിയിട്ടില്ല.”


കുവാരി നദിയിലെ ഡാമിൽ ഇല്ലാതാവാൻ പോകുന്ന ചെണ്ടിഖേഡ ഗ്രാമത്തിലെ മുൻ സർപാഞ്ച് ജസ്‌രാം ആദിവാസി. ഭാര്യ മസ്‌ല ആദിവാസിയോടൊപ്പം


കുവാരി നദിയിലെ ഡാമിന്റെ പണി തുടങ്ങിക്കഴിഞ്ഞു. നാല് ഗ്രാമങ്ങളേയും നൂറ് കണക്കിന് കുടുംബങ്ങളേയും അത് കുടിയൊഴിപ്പിക്കും
2013-ലെ ഭൂമി ഏറ്റെടുക്കൽ, പുനരധിവാസ, പുനർവിന്യാസ നിയമം (ലാൻഡ് അക്വിസിഷൻ, റീഹാബിലിറ്റേഷൻ ആൻഡ് റീസെറ്റിൽമെന്റ് ആക്ട് (എൽ.എ.ആർ.ആർ.എ) നീതിപൂർവ്വകമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കുമുള്ള അവകാശത്തിലാണ് ഊന്നുന്നത്. ഈ ഡാം നിർമ്മാണം അതിനെതിരാണ്. ഗ്രാമീണരെ ഉൾക്കൊള്ളിച്ചുകൊണ്ട് കൃത്യമായ നടപടികളിലൂടെ ഇത്തരം കുടിയൊഴിക്കലിന്റെ സാമൂഹികാഘാതം പഠിച്ചിട്ടുവേണം നടപടികളെടുക്കാൻ എന്ന് ആ നിയമം വ്യക്തമായി അനുശാസിക്കുന്നുണ്ട്. ഇതിനുള്ള നോട്ടീസ് പ്രാദേശിക ഭാഷയിൽ തയ്യാറാക്കി, എല്ലാവർക്കും നൽകി, എല്ലാവരേയും പങ്കെടുപ്പിക്കണമെന്നും (സി.എച്ച് II A 4 (1)) നിയമത്തിന്റെ വകുപ്പുകൾ നിർദ്ദേശിക്കുന്നു.
“23 വർഷം മുമ്പ് ഞങ്ങളെ കുടിയിറക്കി. ഏറെ ബുദ്ധിമുട്ടുകൾ സഹിച്ചാണ് ഞങ്ങൾ ജീവിതം പുനർനിർമ്മിച്ചത്”, ചക്പാര ഗ്രാമത്തിലെ സത്നാം ആദിവാസി പറയുന്നു. ജയ്പുരിലും ഗുജറാത്തിലും മറ്റ് സ്ഥലങ്ങളിലുമുള്ള നിർമ്മാണസൈറ്റുകളിൽ ഇടയ്ക്കിടയ്ക്ക് ജോലിക്ക് പോകാറുണ്ട് സത്നാം.
ഗ്രാമത്തിൽ ആളുകളുടെയിടയിലുള്ള വാട്ട്സാപ്പ് ഗ്രൂപ്പിൽ പ്രചരിച്ച ഒരു വാർത്താകഥയിൽനിന്നാണ് ഡാമിനെക്കുറിച്ച് സത്നാം അറിഞ്ഞത്. “ആരും ഞങ്ങളോട് സംസാരിച്ചിട്ടില്ല. ആരൊക്കെ, എത്രപേർ വെള്ളത്തിനടിയിലാവും എന്നൊന്നും ഞങ്ങൾക്കറിയില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു. അടച്ചുറപ്പുള്ളതും അല്ലാത്തതുമായ വീടുകൾ ഏതൊക്കെയാ്, എത്ര സ്ഥലം അവർക്കുണ്ട് എന്ന കണക്കൊക്കെ റെവന്യൂ ഉദ്യോഗസ്ഥർ തയ്യാറാക്കിയിട്ടുണ്ട്.
രണ്ടാം തവണയും കുടിയിറങ്ങാൻ പോകുന്ന അദ്ദേഹത്തിന്റെ അച്ഛൻ സുജൻ സിംഗിന്റെ ഓർമ്മകളിൽനിന്ന് ആദ്യത്തെ കുടിയിറക്കത്തിന്റെ ഓർമ്മകൾ ഇപ്പോഴും മാഞ്ഞുപോയിട്ടില്ല. “ഇരട്ട ദുരിതത്തിലാവാൻ പോവുകയാണ് ഞങ്ങൾ.”
പരിഭാഷ: രാജീവ് ചേലനാട്ട്