ലെനിൻദാസൻ 30 ഇനം അരികൾ കൃഷി ചെയ്യുന്നുണ്ട്. കൂടെയുള്ള കൃഷിക്കാർ വളർത്തുന്ന 15 ഇനം അരി വിൽക്കുന്നുമുണ്ട്. 30 ഇനം നെൽവിത്തുകൾ സംരക്ഷിക്കുകയും ചെയ്യുന്നു. ഇതെല്ലാം അദ്ദേഹം ചെയ്യുന്നത്, തമിഴ് നാട്ടിലെ തിരുവണ്ണാമലൈ ജില്ലയിലെ തന്റെ കുടുംബത്തിന്റെ ആറേക്കർ സ്ഥലത്തും.
ഈ എണ്ണങ്ങളല്ല അസാധാരണം. ഏറെക്കാലമായി അവഗണിക്കപ്പെട്ട ഈ ഇനം നെല്ലുകൾ, പ്രദേശത്തെ ചെറുകിട, ഒറ്റപ്പെട്ട കൃഷിയിടങ്ങൾക്കാണ് കൂടുതൽ അനുയോജ്യം. ലെനിനും – അങ്ങിനെയാണ് അദ്ദേഹം വിളിക്കപ്പെടുന്നത് – കൂട്ടുകാരും ശ്രമിക്കുന്നത്, ആധുനിക നെല്ലിനങ്ങൾക്ക് പകരം കണ്ടെത്തി, ഏകവിളകളെ ചെറുക്കാനാണ്. നഷ്ടപ്പെട്ട വൈവിദ്ധ്യങ്ങളെ തിരിച്ചുപിടിക്കാനും ഒരു നെൽവിപ്ലവത്തിന് വിത്തൊരുക്കാനും.
മറ്റൊരു ലെനിന്റെ കീഴിൽ നടക്കുന്ന മറ്റൊരുതരം വിപ്ലവം.
പൊലൂർ താലൂക്കിലെ സെങ്കുണം ഗ്രാമത്തിൽ, സ്വന്തം കൃഷിനിലത്തിനടുത്തായി, പഴയൊരു ആട്ടിൻകൂട് വിപുലീകരിച്ചുണ്ടാക്കിയ ഷെഡ്ഡിലാണ് നൂറുകണക്കിന് ചാക്കുകൾ അദ്ദേഹം സൂക്ഷിച്ചിരിക്കുന്നത്.
പുറത്തുനിന്ന് നോക്കിയാൽ, ആ ചെറിയ കെട്ടിടത്തിന് പ്രത്യേകതയൊന്നുമില്ല. എന്നാൽ, അതിനകത്തേക്ക് കടക്കുന്ന മാത്രയിൽത്തന്നെ നമ്മുടെ അഭിപ്രായം മാറും. “ഇത് കറുപ്പുകവുനി, ഇത് സീരഗ സംബ”, ഓരോ ചാക്കിലും സൂചികൊണ്ട് കുത്തി, അതിൽനിന്ന് ധാന്യമണികളെടുത്തുകൊണ്ട് അയാൾ പറയുന്നു. ഈ രണ്ടിനം നെല്ലുകളും അയാൾ കൈപ്പത്തിയിൽ വെച്ചു. ആദ്യത്തേത് കറുത്ത്, തിളക്കമുള്ള ഒന്നായിരുന്നു. മറ്റേത്, വാസനയുള്ള, മെലിഞ്ഞ ഒരു ഇനവും. ഒരു മൂലയിൽനിന്ന് അയാൾ, ധാന്യമളക്കാനുള്ള ഇരുമ്പിന്റെ പഴയ പാത്രങ്ങൾ, പാടി , മരക്ക എന്നിവ എടുത്തു.
ഈ ഷെഡ്ഡിൽനിന്നാണ്, നിശ്ശബ്ദമായി, യാതൊരു ബഹളവുമില്ലാതെ, ലെനിൻ അരി തൂക്കി, പാക്കറ്റിലാക്കി ബംഗളൂരുവിലേക്കും അവിടെനിന്ന് നാഗർകോവിലിലേക്കും അയയ്ക്കുന്നത്. പതിറ്റാണ്ടുകളായി കൃഷി ചെയ്യുകയും വിൽക്കുകയും ചെയ്യുകയായിരുന്നുവെന്ന് നമുക്ക് തോന്നും. പക്ഷേ അയാളിത് തുടങ്ങിയിട്ട് ആറുവർഷമേ ആയിട്ടുള്ളു.


ഇടത്ത്: ലെനിന്റെ നെൽപ്പാടം. വലത്ത്: മെതിച്ച നെൽവിത്തുകൾ കാണിച്ചുതരുന്നു


ഇടത്ത്: ലെനിൻ തന്റെ ഗോഡൌണിൽ ജോലി ചെയ്യുന്നു. വലത്ത്: കറുപ്പുകവുണി, ഒരു പുത്തൻ തലമുറ നെല്ലിനം
“ഞങ്ങളുടെ ലോകത്ത് ഒരിക്കലും നെല്ലുണ്ടായിരുന്നില്ല,“ 34 വയസ്സുള്ള ലെനിൻ പുഞ്ചിരിച്ചുകൊണ്ട് പറയുന്നു. മഴകൊണ്ട് കൃഷിചെയ്യുന്ന ഈ ജില്ലയിലെ കൃഷിനിലങ്ങളിൽ എപ്പോഴും എണ്ണക്കുരുക്കളും, ചെറുധാന്യങ്ങളും പയറുകളും കൃഷി ചെയ്തിരുന്നു. “ഞങ്ങളുടെ പരമ്പരയിൽ നെൽക്കൃഷി ഉണ്ടായിരുന്നില്ല.” 68 വയസ്സുള്ള അമ്മ സാവിത്രി കരമണി (കറുത്ത പരിപ്പ്) വളർത്തുകയും വിൽക്കുകയും ചെയ്തിരുന്നു. ഓരോ നാല് അളവിനും, രണ്ട് കൈക്കുടന്ന സൌജന്യമായി കൊടുക്കുകയും ചെയ്തിരുന്നു. “അമ്മ വെറുതെ കൊടുത്തിരുന്നതിന്റെ വില നോക്കിയാൽ, അത് വലിയൊരു സംഖ്യായിട്ടുണ്ടാവും ഇന്ന്!“. കുടുംബത്തിന്റെ പ്രധാനപ്പെട്ട വിള കാലക്ക (നിലക്കടല) ആയിരുന്നു. അച്ഛനാണ് അതിന്റ് കൃഷിയും വില്പനയും നടത്തിയിരുന്നത്. “കാലക്കയുടെ പണം അച്ഛന്റെ കൈയ്യിലാവും. കരമണിയുടെ വില്പനയിൽനിന്നുള്ള പണം അമ്മയുടെ കൈയ്യിലും.”
ചെന്നൈയിലാണ് ലെനിന്റെ ‘കൃഷിക്കാരനാവുന്നതിന്റെ മുമ്പുള്ള’ കഥ നടക്കുന്നത്. രണ്ട് ബിരുദങ്ങളെടുത്ത് (മാസ്റ്റേഴ്സ് തുടങ്ങിയെങ്കിലും തുടർന്നില്ല) നല്ല ശമ്പളത്തിൽ അവിടെ ഒരു കോർപ്പറേറ്റ് കമ്പനിയിൽ ജോലിയുണ്ടായിരുന്നു. അപ്പോഴാണ് ഒരു കർഷകനെക്കുറിച്ചുള്ള സിനിമ കാണാനിടയായത്. ഒമ്പതുരൂപൈനോട്ട് (ഒമ്പത് രൂപ നോട്ട്) എന്ന സിനിമ. അത് കണ്ടപ്പോൾ, വീട്ടുകാരുടെകൂടെ വന്ന് ജീവിക്കാൻ ആഗ്രഹം തോന്നി. 2015-ൽ അയാൾ അങ്ങിനെ തിരിച്ച് വീട്ടിലെത്തി.
“അന്ന് എനിക്ക് 25 വയസ്സായിരുന്നു. എന്തെങ്കിലും ലക്ഷ്യമൊന്നുമുണ്ടായിരുന്നില്ല. പച്ചക്കറികളും പയർവർഗ്ഗങ്ങളുമൊക്കെ ഉണ്ടാക്കി.” മൂന്ന് വർഷങ്ങൾ കഴിഞ്ഞപ്പോൾ, വിവിധ ഘടകങ്ങൾ ഒരുമിച്ചുചേരുകയും, നെല്ലിലേക്കും കരിമ്പിലേക്കും അയാളുടെ ശ്രദ്ധ പതിയുകയും ചെയ്തു. യന്ത്രങ്ങൾ, കമ്പോളങ്ങൾ, എല്ലാറ്റിനുമപ്പുറം, കുരങ്ങന്മാരും അയാളുടെ തീരുമാനത്തെ സ്വാധീനിച്ചു.
പിന്നെ മഴയും, എന്ന് അയാൾ കൂട്ടിച്ചേർത്തു. “കർഷകർ ‘കാലാവസ്ഥാ വ്യതിയാനം’ എന്ന വാക്കൊന്നും പറഞ്ഞില്ലെന്ന് വരും. എന്നാൽ അതിനെക്കുറിച്ച് അവർ നിങ്ങൾക്ക് പറഞ്ഞുതരും.” ഭക്ഷണം കഴിക്കാൻ വരാമെന്ന് പറഞ്ഞ വിരുന്നുകാരനെ കാത്തിരിക്കുന്നതുപോലെയാണ് കാലം തെറ്റിയ മഴ എന്ന് ലെനിൻ പറഞ്ഞു. “വിശന്ന് ക്ഷീണിച്ച് നിങ്ങൾ ചാവുമ്പോഴായിരിക്കും, റീത്തുമായി അയാൾ വരുന്നത്.”
വേപ്പിന്റെ ചുവട്ടിലെ ഒരു കൽബെഞ്ചിലിരുന്ന്, പഴുത്ത മാങ്ങകൾ തിന്നുകൊണ്ട് മൂന്ന് മണിക്കൂറോളം ലെനിൻ സംസാരിച്ചു. തമിഴ് നാട്ടിലെ പുരാതന കവിയായ തിരുവള്ളുവരെ ഉദ്ധരിച്ചും ജൈവകൃഷിയുടെ പിതാവായിരുന്ന നമ്മാൾവരെക്കുറിച്ചും, പ്രസിദ്ധ നെൽസംരക്ഷകനായ ദേബാൽ ദേബിനെക്കുറിച്ചുമൊക്കെ. പരമ്പരാഗത നെല്ലിനങ്ങളിലേക്കുള്ള തിരിച്ചുപോക്കും, ജൈവകൃഷിയും അവശ്യവും ഒഴിവാക്കാനാവാത്തതുമാണെന്ന് ലെനിൻ പറയുന്നു.
നാലുവർഷത്തിനിടയിലെ മൂന്ന് മീറ്റിംഗുകളിലൂടെ, അയാൾ എനിക്ക് കൃഷിയെക്കുറിച്ചും, കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും, ജൈവവൈവിധ്യം, കമ്പോളം എന്നിവയെക്കുറിച്ചും പല കാര്യങ്ങളും പറഞ്ഞുതന്നു.
ഇത് ലെനിന്റെ കഥയാണ്. ലെനിന്റെ മാത്രമല്ല. ആഴങ്ങളിൽനിന്നൂറുന്ന ജലംകൊണ്ടും, പേരുകൾക്ക് പകരം സംഖ്യകളും, ചുരുക്കപ്പേരുകളുമുള്ള വിത്തുകൾകൊണ്ടും, ഒരിക്കൽ വരണ്ടുണങ്ങിയിരുന്ന പാടങ്ങളിലും മഴകൊണ്ട് സേചനം നടത്തുന്ന പാടങ്ങളിലും നെല്ല് വളർത്തിയതിന്റെ കഥകൂടിയാണ് ഇത്.


ലെനിന്റെ അമ്മ സാവിത്രി, നെല്ലളക്കാൻ ഉപയോഗിച്ചിരുന്ന പാടിയും മരക്കയും (ഇടത്ത്) കാണിച്ചുതരുന്നു. അവർ പാടിയിൽ, പാരമ്പര്യ ഇനമായ തൂയമല്ലി നെല്ല് (വലത്ത്) നിറയ്ക്കുന്നു
*****
എരുമകൾ നിരവധിയുള്ളോനേ,
കുന്നോളം ധാന്യങ്ങളുള്ളോനേ,
നന്നായുറങ്ങാനാവാതെ
പുലരി പിറക്കും മുമ്പേ നീ ഉണരുന്നു
ആർത്തിപിടിച്ച കൈകൾകൊണ്ട്
ചോറിനെ ഓരോ ഉരുളകളാക്കി
ചുട്ടെടുത്ത കരിങ്കണ്ണൻ വരാലിനെയും കൂട്ടി
നീ ശാപ്പിടുന്നു
നാട്രിനാൽ 60, മരുതം തിണൈ
തമിഴ് ഭൂഭാഗം എല്ലാക്കാലത്തും അരിയുടെ സ്വന്തം വീടായിരുന്നു. ഈ മനോഹരമായ കവിത – ഒരു കർഷകനേയും, അവന്റെ ധാന്യപ്പുരയേയും ഭക്ഷണത്തേയുംകുറിച്ചുള്ളത് – 2,000 വർഷം മുമ്പത്തെ സംഘകാലത്തേതാണ്. 8 സഹസ്രാബ്ദമായി ഉപഭൂഖണ്ഡത്തിൽ നെല്ല് കൃഷി ചെയ്തുവരുന്നു
പുരാവസ്തുഖനനവും ജനിതക തെളിവുകളും സൂചിപ്പിക്കുന്നത്, ഏഷ്യൻ നെല്ലിന്റെ ഉപജാതിയായ ഇൻഡിക്ക (ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കൃഷിചെയ്യപ്പെട്ടിട്ടുള്ള ഒട്ടുമിക്ക നെല്ലുകളും ഈ ഇനത്തിൽപ്പെടുന്നു) 7,000 മുതൽ 9,000 കൊല്ലം മുമ്പുമുതൽക്ക്, കിഴക്കൻ ഹിമാലയത്തിന്റെ താഴെയുള്ള കുന്നുകളിൽ കൃഷി ചെയ്യപ്പെടുന്നുണ്ടെന്നാണ്,” സയന്റിഫിക്ക് അമേരിക്കനിൽ ദേബായ് ദേബ് എഴുതുന്നു. “തുടർന്നുവന്ന, ഇണക്കിയെടുക്കലിന്റേയും കൃഷിയുടേയും സഹസ്രാബ്ദത്തിൽ, കർഷകർ, സാംസ്കാരികവും, പോഷകാഹാരപരവും, ഔഷധാവശ്യങ്ങൾക്കും ഇണങ്ങിയതും, വൈവിധ്യമുള്ള മണ്ണിനും, ഭൂപ്രകൃതിക്കും കാലാവസ്ഥയ്ക്കും പൊരുത്തപ്പെടുന്നതുമായ സ്ഥലങ്ങൾ സൃഷ്ടിച്ചു.” 1970-കൾവരെ “ഏകദേശം 110,000 വ്യത്യസ്ത ഇനങ്ങൾ” ഇന്ത്യൻ പാടങ്ങളിൽ വളർത്തുകയുണ്ടായി.
എന്നാൽ, കുറച്ചുകാലത്തിനകം – പ്രത്യേകിച്ചും ഹരിതവിപ്ലവത്തിനുശേഷം – ഈ വൈവിധ്യം മിക്കവാറും നഷ്ടമായി. 1965-67-കളിലെ ഭക്ഷ്യധാന്യങ്ങളുടെ ഗുരുതരമായ ദൌർല്ലഭ്യത്തിലേക്ക് നയിച്ച, വ്യാപകവും രൂക്ഷവുമായ വരൾച്ചാസ്ഥിതിയെക്കുറിച്ച്, 60-കളിൽ, ഭക്ഷ്യ-കൃഷി മന്ത്രിയായിരുന്ന സി.സുബ്രഹ്മണ്യൻ, ‘ദ് ഗ്രീൻ റെവല്യൂഷൻ’ എന്ന തന്റെ ഓർമ്മക്കുറിപ്പിൽ എഴുതുന്നുണ്ട്. “യുണൈറ്റഡ് സ്റ്റേറ്റ്സുമായുണ്ടാക്കിയ പി.എൽ-480 കരാറനുസരിച്ച്, ഭക്ഷ്യധാന്യങ്ങൾ തുടർച്ചയായി ഇറക്കുമതി ചെയ്യുന്നത്, “നമ്മുടെ അഭിമാനത്തിന് ക്ഷതമേൽപ്പിക്കുന്നതും, നമ്മുടെ സമ്പദ്‌രംഗത്തെ പരിക്കേൽപ്പിക്കുകയും ചെയ്യുന്നു“ എന്ന ഒരു പ്രമേയം ലോകസഭയിൽ അവതരിപ്പിച്ചതിനെക്കുറിച്ചും ആ പുസ്തകത്തിൽ സൂചിപ്പിക്കുന്നുണ്ട്.


തൂയമല്ലി (ഇടത്ത്) മുള്ളൻകൈമ (വലത്ത്) എന്നീ നെല്ലിനങ്ങൾ ലെനിൻ കൃഷി ചെയ്യുകയും സംരക്ഷിക്കുകയും ചെയ്യുന്നു
രാജ്യത്തിനും അതിന്റെ നേതാക്കൾക്കും രണ്ട് വഴിയേ ഉണ്ടായിരുന്നുള്ളു. ഒന്നുകിൽ ഭൂമി പുനർവിതരണം ചെയ്യുക – അത് രാഷ്ട്രീയമായ (എതിർപ്പുകൾക്ക് സാധ്യതയുള്ളതുമായ) പരിഹാരമാണ്. അതല്ലെങ്കിൽ ശാസ്ത്രീയവും സാങ്കേതികവുമായ പരിഹാരം (എല്ലാ കർഷകർക്കും തുല്യമായ ഗുണം കിട്ടാനിടയില്ലാത്തത്). കൂടുതൽ വിളവ് തരുന്ന നെല്ല്-ഗോതമ്പ് ഇനങ്ങൾ അവതരിപ്പിക്കുക എന്ന മാർഗ്ഗമാണ് അവർ അവലംബിച്ചത്.
അഞ്ച് നൂറ്റാണ്ട് കഴിഞ്ഞപ്പോൾ ഇന്ത്യയിൽ അരിയും ഗോതമ്പും ആവശ്യത്തിലധികമായി. ധാന്യങ്ങൾ കയറ്റുമതി ചെയ്യുന്ന സ്ഥിതിയിലായി ഇന്ന് ഇന്ത്യ. എന്നിട്ടും, കാർഷികമേഖല പ്രശ്നഭരിതമായി തുടരുന്നു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയിൽ നാല് ലക്ഷത്തിലധികം കർഷകർ ആത്മഹത്യ ചെയ്തുവെന്ന് നാഷണൽ ക്രൈം റിക്കാർഡ്സ് ബ്യൂറോ പറയുന്നു. ന്യായവിലയും നീതിപൂർവ്വകമായ നയങ്ങളും ആവശ്യപ്പെട്ടുള്ള കർഷകരുടെ നിരവധി വലിയ പ്രതിഷേധങ്ങൾക്ക് രാജ്യം സാക്ഷ്യം വഹിച്ചു. നിങ്ങൾ ഈ ലേഖനം വായിച്ചുതീരുമ്പോഴേക്കും, ഏകദേശം പന്ത്രണ്ടോളം കർഷകർ കൃഷി ഉപേക്ഷിച്ചുകഴിഞ്ഞിരിക്കും.
ഇത് നമ്മെ വീണ്ടും ലെനിനിലേക്കും അദ്ദേഹത്തിന്റെ വിപ്ലവത്തിലേക്കും തിരിച്ചുകൊണ്ടുവരുന്നു. കൃഷിയിലും, വിളയുടെ ഉള്ളിലും വൈവിധ്യമുണ്ടാകേണ്ടത് എന്തുകൊണ്ടാണ് പ്രധാനമാകുന്നത്? കാരണം, കന്നുകാലികൾ, പരുത്തി, വാഴപ്പഴങ്ങൾ എന്നിവയിൽ ചെയ്യുന്നതുപോലെ, ലോക വളരെ കുറച്ച് ഇനങ്ങൾ മാത്രമേ വളർത്തുന്നുള്ളുവെങ്കിലും കൂടുതൽ പാലും, നൂലും, പഴങ്ങളും ലഭിക്കുകയും ചെയ്യുന്നു. എന്നാൽ, ‘ഏകവിളകളുടെ വ്യാപനം, ചില വിളകൾക്ക് വിരുന്നൊരുക്കും” എന്ന് ദേബ് വ്യക്തമാക്കുന്നു
ഇതേ കാര്യംതന്നെയാണ് 1968-ൽത്തന്നെ, പ്രശസ്ത ശാസ്ത്രജ്ഞനും ഇന്ത്യയിലെ ഹരിതവിപ്ലവത്തിന്റെ പിതാവുമായ ഡോ. എം.എസ്. സ്വാമിനാഥൻ നമുക്ക് മുന്നറിയിപ്പ് നൽകിയത്. “പ്രാദേശികമായി ഒത്തുപോവുന്ന വിളയിനങ്ങൾക്ക് പകരം, അധികവിളവ് തരുന്ന ഒന്നോ രണ്ടോ ഇനങ്ങൾ മാത്രം സ്വീകരിക്കുന്നത്, വിളകളെ അപ്പാടെതന്നെ നശിപ്പിക്കുന്ന ഗുരുതര രോഗങ്ങൾ വ്യാപിക്കാൻ കാരണമാകും” എന്നായിരുന്നു അദ്ദേഹത്തിന്റെ മുന്നറിയിപ്പ്.
എന്നാൽ പുതിയ നെല്ലിനങ്ങൾ ലോകത്ത് പ്രചരിക്കാൻ തുടങ്ങി. 1966 നവംബർ 28-ന് ഇന്റർനാഷണൽ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂറ്റ് അവതരിപ്പിച്ച ആദ്യത്തെ ആധുനിക നെല്ലിനത്തിന് ‘ ഐ . ആർ -8‘ എന്നായിരുന്നു പേര്. വളരെ വേഗത്തിൽത്തന്നെ ഈ അർദ്ധ-കുള്ളൻ അരിയിനത്തിന് ‘അത്ഭുത അരി’ എന്ന് പേർ ലഭിക്കുകയും, ഏഷ്യയിലും അതിനപ്പുറത്തും വലിയ മാറ്റങ്ങൾ കൊണ്ടുവരികയും ചെയ്തെന്ന്, റൈസ് ടുഡെ എന്ന ഒരു ലേഖനത്തിൽ സൂചിപ്പിക്കുന്നു.
മദ്രാസിലെ (ഇന്നത്തെ ചെന്നൈ)ഒരു ധനികനായ കർഷകൻ തന്റെ വിരുന്നുകാർക്ക് “ഐ.ആർ-8 ഇഡ്ഡലി വിളമ്പിയതായി ഹംഗ്രി നേഷൻ (വിശക്കുന്ന രാജ്യം) എന്ന പുസ്തതകത്തിൽ ബെഞ്ചമിൻ റോബർട്ട് സെയ്ഗൽ എഴുതുന്നുണ്ട്. “ ഐ . ആർ -8 ഫിലിപ്പീൻസിൽനിന്ന് ഇന്ത്യയിലെത്തിയതായും, നല്ല പതുപതുപ്പുള്ള ഈ ധാന്യം സമൃദ്ധമെന്നതുപോലെ രുചികരവുമാണെന്നും“ ആ കർഷകൻ പത്രക്കാരുൾപ്പെടുന്ന വിരുന്നുകാരോട് പറഞ്ഞതായും അതിൽ സൂചിപ്പിക്കുന്നുണ്ട്.


പച്ചപുതച്ച നെൽപ്പാടവും (ഇടത്ത്) മെതിച്ച നെൽധാന്യങ്ങളും (വലത്ത്)
ഈ വിത്തുകൾ പ്രവർത്തിക്കണമെങ്കിൽ അവയ്ക്ക് “പരീക്ഷണശാലയിലേതുപോലുള്ള വളർച്ചാ സാഹചര്യങ്ങൾ - ജലസേചനവും, വളങ്ങളും, കീടനാശിനികളും – ആവശ്യമാണ്,” എന്ന് സ്റ്റഫ്ഡ് ആൻഡ് സ്റ്റാർവ്ഡിൽ രാജ് പട്ടേൽ എഴുതുന്നു. “ചിലയിടങ്ങളിൽ, ഹരിതവിപ്ലവത്തിന്റെ സാങ്കേതികതയുടെ സഹായത്താൽ, ഭാഗികമായി, വിശപ്പിന്റെ വ്യാപനത്തെ തടഞ്ഞുനിർത്താൻ കഴിഞ്ഞു. എന്നാൽ സാമൂഹികവും, പാരിസ്ഥിതികവുമായ വില കൊടുക്കേണ്ടിവന്നു” എന്ന് അദ്ദേഹം തുറന്ന് സമ്മതിക്കുന്നു.
ഗോതമ്പ്, അരി, കരിമ്പ് എന്നിവയെ മാത്രം തിരഞ്ഞെടുത്ത് ഇളവുകൾ കൊടുത്തതുമൂലം, “കർഷകർ കൂട്ടമായി ഈ വിളകളിലേക്ക് തിരിയാൻ കാരണമായി” എന്ന് 2020-ലെ സ്റ്റേറ്റ് ഓഫ് റൂറൽ ആൻഡ് അഗ്രേറിയൻ ഇന്ത്യാ റിപ്പോർട്ട് പറയുന്നു. “വരണ്ട പ്രദേശങ്ങളിൽ ജലസേചന വിളകളെ പ്രോത്സാഹിപ്പിക്കാനും ഭക്ഷണത്തിലെ വൈവിധ്യങ്ങളിൽ കുറവ് വരുത്തി, അവയ്ക്ക് പകരം നന്നായി പോളിഷ് ചെയ്ത അരിയും ഗോതമ്പും സംസ്കരിച്ച, കലോറി ഇല്ലാത്ത പഞ്ചസാരയും വിളമ്പാനും ഇടവരുത്തി. ഇതാകട്ടെ, ആളുകളുടെ ആരോഗ്യത്തെ ബാധിക്കുകയും വിളയുടെ രീതികളെ വികലമാക്കുകയും ചെയ്തു” എന്ന് ആ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഇത്, തിരുവണ്ണാമലയുടെ ജീവിക്കുന്ന ഓർമ്മകളിലുണ്ടെന്ന് ലെനിൻ പറയുന്നു. “അപ്പയുടെ കാലത്ത്, മഴകൊണ്ട് നനയ്ക്കുന്ന വിളകളും പയർവർഗ്ഗങ്ങളുമാണ് വ്യാപകമായി കൃഷി ചെയ്തിരുന്നത്. തടാകത്തിനടുത്ത്, സാംബയുടെ (നെല്ല്) ഒരു വിളവ് മാത്രമേ ഉണ്ടായിരുന്നുള്ളു. ഇന്ന് കൂടുതൽ സ്ഥലങ്ങളിൽ ജലസേചനമുണ്ട്. ഇരുപത് വർഷം മുമ്പാണ് അപ്പയ്ക്ക് ഒരു ബാങ്ക് ലോണും, കുഴൽക്കിണർ കണക്ഷനും ലഭിച്ചത്. അതുവരെ, വെള്ളം നിറഞ്ഞ നെൽപ്പാടങ്ങൾ എവിടെയും നിങ്ങൾക്ക് ഇന്നത്തെപ്പോലെ കാണാൻ കഴിഞ്ഞിരുന്നില്ല.” തന്റെ പിന്നിലായി ഇളംപച്ച നിറത്തിൽ കിടക്കുന്ന നെൽപ്പാടവും, മരങ്ങളും, ആകാശവും സൂര്യനും പ്രതിഫലിക്കുന്ന അതിലെ ഇളം ഊതനിറത്തിലുള്ള വെള്ളവും ചൂണ്ടിക്കാട്ടി ലെനിൻ പറയുന്നു.
“പഴയ കർഷകരോട് ചോദിക്കൂ,” ലെനിൻ പറയുന്നു. “ഐ.ആർ-8 അവരുടെ വിശപ്പ് മാറ്റിയത് എങ്ങിനെയെന്ന് അവർ നിങ്ങൾക്ക് പറഞ്ഞുതരും. കന്നുകാലികൾക്കുള്ള തീറ്റ കുറഞ്ഞുവെന്നും അവർ കൂട്ടിച്ചേർക്കും.” കലസപക്കത്തെ കർഷകരുടെ ഒരു കൂട്ടായ്മയിൽ നിരവധി കർഷകർ അതിനെക്കുറിച്ച് തമാശ പറഞ്ഞു. “നിങ്ങൾക്കറിയാമോ, ചില കർഷക കുടുംബങ്ങളിൽ, ഉയരം കുറഞ്ഞ ആളുകളെ വിളിച്ചിരുന്നത് ‘അയ്യാറെട്ട്’ എന്നായിരുന്നു,”. ഇത് കേട്ട്, ചുറ്റുമുള്ളവർ ആർത്തുചിരിച്ചു.
എന്നാൽ, ജൈവവൈവിധ്യമെന്ന വിഷയം ഉയർന്നപ്പോൾ, ആരും ചിരിച്ചില്ല.


ഇടത്ത്: ഗോഡൌണിൽനിന്ന് തന്റെ പാടത്തേക്ക് നടക്കുന്ന ലെനിൻ. വലത്ത്: പരമ്പരാഗത നെല്ലിനങ്ങൾ അദ്ദേഹം കൃഷി ചെയ്യുകയും സംരക്ഷിക്കുകയും ചെയ്യുന്ന പാടം
*****
2021-ൽ ആദ്യമായി ഞാൻ ലെനിനെ കണ്ടുമുട്ടിയപ്പോൾ അയാൾ ഒരു വലിയ സംഘം കർഷകരോട് കാലാവസ്ഥാ മാറ്റത്തെക്കുറിച്ചും കൃഷിയെക്കുറിച്ചും സംസാരിക്കുകയായിരുന്നു. തിരുവണ്ണാമല ജില്ലയിലെ കലസപക്കം പട്ടണത്തിലെ പാരമ്പര്യ വിതൈകൾ മയ്യ ത്തിന്റെ (പരമ്പരാഗത വിത്ത് സംഘം) മീറ്റിംഗായിരുന്നു അത്. എല്ലാ മാസവും 5-ആം തീയതി ആ സംഘം ഒരുമിച്ച് കൂടും. സ്പ്റ്റംബറിലെ ആ പകൽ നല്ല ചൂടും വെയിലുമുണ്ടായിരുന്നു. എന്നാൽ, ഒരമ്പലത്തിന്റെ പിന്നിലുള്ള വേപ്പുമരത്തിന്റെ ചുവട്ടിൽ അല്പം തണുപ്പുണ്ടായിരുന്നു. ചിരിച്ചും, പറയുന്നത് ശ്രദ്ധിച്ചും മനസ്സിലാക്കിയും ഞങ്ങൾ ആ തണലിലിരുന്നു.
“ജൈവകർഷകരാണെന്ന് പറഞ്ഞാലുടനെ, ഒന്നുകിൽ ആളുകൾ ഞങ്ങളുടെ കാൽ തൊട്ട് വന്ദിക്കുകയോ അല്ലെങ്കിൽ വിഡ്ഢികളെന്ന് വിളിക്കുകയോ ചെയ്യും,” ലെനിൻ പറയുന്നു. “എന്നാൽ ഇന്നത്തെ ചെറുപ്പക്കാർക്ക് ജൈവകൃഷിയെക്കുറിച്ച് എന്തറിയാം,” ഫോറത്തിന്റെ ഉപജ്ഞാതാക്കളിലൊരാളായ 68 വയസ്സുള്ള പി.ടി. രാജേന്ദ്ര ചോദിക്കുന്നു. “അവർ പഞ്ചഗവ്യത്തെക്കുറിച്ച് കേട്ടിട്ടുണ്ടവും (പശുവിന്റെ പാൽ, മൂത്രം, ചാണകം, മറ്റ് ചേരുവകൾ എന്നിവ ചേർത്തുണ്ടാക്കുന്ന ഒരു രോഗപ്രതിരോധ മരുന്ന്). എന്നാൽ ഇത് അതിനേക്കാൾ വലുതാണ്”
ചിലപ്പോൾ, കർഷകർക്ക് മാറ്റങ്ങളുണ്ടാവുന്നത് ജൈവപരമായിട്ടാണ്. ലെനിന്റെ അച്ഛൻ ഏളുമലൈ കീടനാശിനികളും വളവും ഉപേക്ഷിച്ചത്, അവയ്ക്ക് വിലക്കൂടുതലാണെന്നതുകൊണ്ടായിരുന്നു. “ഓരോ തവണ തളിക്കുമ്പോഴും കുറച്ച് ആയിരങ്ങൾ കൈയ്യിൽനിന്ന് നഷ്ടമാകും,” ലെനിൻ പറയുന്നു. “പസുമൈ വികടൻ (ഒരു കാർഷിക മാസിക) വായിക്കാറുണ്ടായിരുന്ന അപ്പ സ്വാഭാവികമായ വളങ്ങൾ പരീക്ഷിക്കുകയും അത് എന്നോട് തളിക്കാൻ പറയുകയും ചെയ്തു. ഞാൻ അത് ചെയ്തു.” അത് ഫലിക്കുകയും ചെയ്തു.
ഓരോ മാസവും കർഷകർ ഓരോ വിഷയമെടുത്ത് ചർച്ച ചെയ്യും. ചിലർ കിഴങ്ങുകളും, പയർവർഗ്ഗങ്ങളും ആട്ടിയ എണ്ണയും വിൽക്കാൻ കൊണ്ടുവരും. ചിലർ, അംഗങ്ങൾക്കുവേണ്ടി ഭക്ഷണം തയ്യാറാക്കി കൊണ്ടുവരും, ചിലർ പരിപ്പും പച്ചക്കറിയും കൊണ്ടുവരും. പരമ്പരാഗതമായ ഏതെങ്കിലും നെല്ലിനം, മുറ്റത്ത് സ്ഥാപിച്ച അടുപ്പിൽ പാചകം ചെയ്ത്, ചൂടോടെ, വാഴയിലയിൽ, സാമ്പാറും ഉപ്പേരിയുമൊക്കെയായി വിളമ്പും. 100 ആളുകൾക്ക് ഭക്ഷണം വിളമ്പാൻ 3,000 രൂപ ചിലവാകും.
ആ സമയമൊക്കെ കർഷകർ കാലാവസ്ഥാ മാറ്റം ചർച്ച ചെയ്യും. ജൈവകൃഷി, പുതിയ തലമുറ വിത്തുകൾ, ജൈവവൈവിധവത്ക്കരണം എന്നിവയാണ് അതിനെ നേരിടാനുള്ള വഴികളിൽ ചിലതെന്ന് അവർ ചൂണ്ടിക്കാട്ടി.
“മഴമേഘങ്ങൾ ഉരുണ്ടുകൂടുന്നു. മഴ പെയ്യുമെന്ന് കർഷകർ പ്രതീക്ഷിക്കുന്നു. ഒടുവിലോ..ഒന്നും സംഭവിക്കുന്നില്ല! എന്നാൽ, ജനുവരിയിൽ, നെല്ല് തയ്യാറാവുമ്പോഴേക്കും മഴ പെയ്ത് വിളകൾ നശിക്കുന്നു. ഞങ്ങൾക്ക് എന്തുചെയ്യാൻ കഴിയും? എന്നോട് ചോദിച്ചാൽ, ഒറ്റവിളയിലേക്ക് തിരിയരുതെന്ന് ഞാൻ പറയും,” രാജേന്ദ്രൻ പറയുന്നു. “പാടത്തിന്റെ അതിരിൽ അഗത്തിച്ചെടികൾ നടുക. വരണ്ട സ്ഥലങ്ങളിൽ പനകളും. നിലക്കടലയിലും നെല്ലിലും മാത്രം ഒതുങ്ങരുത്.:


പി.ടി. രാജേന്ദ്രനും (ഇടത്ത്) ലെനിനും (വലത്ത്) കലസപക്കത്തിലെ ജൈവഫോറത്തിൽ കർഷകരോട് സംസാരിക്കുന്നു


ഇടത്ത്: വിവിധ പയർവർഗ്ഗങ്ങളും ധാന്യങ്ങളും അരിയും മീറ്റിംഗ് സ്ഥലത്ത് വിൽക്കുന്നു. വലത്ത്: ഭക്ഷണം പാചകം ചെയ്ത് എല്ലാവർക്കും വിളമ്പുന്നു
ജൈവകർഷകരുടെ പ്രസ്ഥാനം – ചുരുങ്ങിയത് തിരുവണ്ണാമലയിലെങ്കിലും – ഇപ്പോൾ കർഷകരെ ബോധവത്കരിക്കുന്നതിൽനിന്ന് ഉപഭോക്താക്കളെ ബോധവത്കരിക്കുന്നതിലേക്ക് തിരിഞ്ഞിരിക്കുന്നു. “എല്ലായ്പ്പോഴും ഒരേ നെല്ലിനം പ്രതീക്ഷിക്കരുത്,” എന്നതാണ് ഇപ്പോഴത്തെ മുദ്രാവാക്യം. “ഉപഭോക്താക്കൾക്ക് അഞ്ച് കിലോവിന്റെ ബാഗിൽ അരി വേണം. കൂടുതൽ അളവിൽ ശേഖരിക്കാൻ സ്ഥലമില്ലെന്നാണ് അവരുടെ പരാതി,” “വീട്ടിൽ കാറിനും സ്കൂട്ടറിനും സ്ഥലം കണ്ടെത്താൻ നിങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടെങ്കിൽ ഒരു ചാക്ക് അരി സൂക്ഷിക്കാനാവില്ലേ?” എന്നാണ് പ്രായം ചെന്ന ഒരു കർഷകൻ തിരിച്ചടിച്ചത്.
കുറഞ്ഞ അളവുകൾ ഒരു തലവേദനയാണെന്ന് കർഷകർ വാദിക്കുന്നു. ഒരു ബാഗ് അരി അയയ്ക്കുന്നതിനേക്കാൾ സമയവും, അദ്ധ്വാനവും പണവുമാണ് ചിലവഴിക്കുന്നത്. “ഹൈബ്രിഡ് അരി (വ്യത്യസ്ത നെൽച്ചെടികളിൽനിന്ന് സൃഷ്ടിച്ചത്) ഇപ്പോൾ ഒരു സിപ്പം (26 കിലോഗ്രാം) എന്ന കണക്കിലാണ് വിൽക്കുന്നത്. പത്തുരൂപയിൽ താഴെ മാത്രമാണ് പാക്കിംഗ് ചിലവ്. എന്നാൽ ഇതേ അളവ് അരി അഞ്ച് കിലോവിന്റെ ബാഗിലാക്കാൻ ഞങ്ങൾ 30 രൂപയാണ് ചിലവാക്കുന്നത്,” ലെനിൻ വിശദീകരിച്ചു. “നാക്ക് തള്ളുത്,” അയാൾ പറയുന്നു. അദ്ധ്വാനംകൊണ്ട് ക്ഷീണിക്കുന്നതിന് തമിഴിൽ പറയുന്നതാണ് അത്. “ഗ്രാമത്തിൽ ഇതൊക്കെ എങ്ങിനെയാണ് നടക്കുന്നതെന്ന് പട്ടണത്തിലുള്ളവർക്ക് മനസ്സിലാവില്ല.”
ജോലിയെ ലെനിൻ വ്യാഖ്യാനിക്കുന്നത് ലളിതമായാണ്. “ഉറങ്ങുകയോ, ബൈക്കോടിക്കുകയോ ചെയ്യാത്തപ്പോഴെല്ലാം ഞാൻ ജോലിയിലാണ്” എന്നാണ് അയാളുടെ നിർവ്വചനം. എന്നാൽ, ബൈക്കോടിക്കുമ്പോഴും അയാൾ ജോലി ചെയ്യുകയാണ്. ബൈക്കിൽ ചാക്കുകൾ കെട്ടിവെച്ച്, ആളുകൾക്ക് വിതരണം ചെയ്യുകയായിരിക്കും അയാൾ. അയാളുടെ ഫോണും പ്രവർത്തിച്ചുകൊണ്ടേയിരിക്കും. രാവിലെ അഞ്ച് മണിക്ക് അത് അടിക്കാൻ തുടങ്ങും, രാത്രി പത്തുമണിവരെ. സമയം കിട്ടുമ്പോൾ അയാൾ വാട്ട്സാപ്പിന് മറുപടികളയക്കും. എഴുതാനും അയാൾ സമയം കണ്ടെത്തുന്നു.
“ഞങ്ങൾ തിരുവണ്ണാമല ജില്ലയിൽ ഒരു ലഘുപുസ്തകം ഇറക്കി. എല്ലാ നെല്ലിനങ്ങളെയും ഉൾക്കൊള്ളിച്ച്.” ആ പുസ്തകത്തിന് പ്രചാരവും പ്രശസ്തിയും കിട്ടി. എന്റെ മാമൻപൊണ്ണ് (അമ്മാവന്റെ മകൾ) എനിക്ക് വാട്ട്സാപ്പിൽ അയച്ചുതന്നു,” ലെനിൻ ചിരിക്കുന്നു. “‘നോക്കൂ, ആരോ നല്ല ഭംഗിയായി ചെയ്തിരിക്കുന്നു’ എന്ന് അവൾ എന്നോട് പറഞ്ഞു. ഞാൻ അവളോട് അതിലെ അവസാനത്തെ പേജ് നോക്കാൻ പറഞ്ഞു. അവിടെ അവൾ എന്റെ പേര് കണ്ടു. ലെനിൻദാസൻ.”
ആത്മവിശ്വാസവും അഭിപ്രായങ്ങൾ തുറന്ന് പറയുകയും ചെയ്യുന്ന ലെനിൻ എന്ന കർഷകൻ ഇംഗ്ലീഷിലും തമിഴിലും ഭംഗിയായി സംസാരിക്കും. ആ രണ്ട് ഭാഷകളും ഭംഗിയായി ഇടകലർത്തി അയാൾ സംസാരിക്കും. അദ്ദേഹത്തിന്റെ അച്ഛൻ ഏളുമലൈ ഒരു കമ്മ്യൂണിസ്റ്റായിരുന്നു (അതുകൊണ്ടാണ് ലെനിൻ എന്ന് പേരിട്ടത് എന്ന് പറഞ്ഞ് അയാൾ ചിരിക്കുന്നു). ചെറുപ്പക്കാരനായ അയാൾ കൃഷിയിടത്തിൽ ധാരാളം സമയം ചിലവഴിക്കുന്നുണ്ടെങ്കിലും, ഒരു മുഴുവൻ സമയം ജൈവകർഷകനോ അരി സംരക്ഷകനോ ആവാൻ ഉദ്ദേശിക്കുന്നില്ല.

പരമ്പരാഗത നെല്ലിനങ്ങൾ പ്രദർശിപ്പിക്കുന്ന ലെനിൻ
“ഇരട്ടബിരുദമെടുത്തതിനുശേഷം ഞാൻ ചെന്നൈയിൽ എഗ്‌മൂറിൽ ഒരു ജോലിക്ക് ചേർന്ന് അവിടെ താമസിച്ചു. 2015-ൽ മാർക്കറ്റ് റിസർച്ച് ജോലി ചെയ്ത് മാസത്തിൽ 25,000 രൂപ സമ്പാദിച്ചു. അത് നല്ല വരുമാനമായിരുന്നു..”
സെങ്കുണത്ത് തിരിച്ചെത്തിയ അയാൾ രാസപദാർത്ഥങ്ങളുപയോഗിച്ച് കൃഷി ചെയ്തു. പടവലം, വഴുതനങ്ങ, തക്കാളി എന്നിവ കൃഷി ചെയ്ത് ഇവിടെയിരുന്ന് വിറ്റു,” ഞങ്ങളുടെ തൊട്ടടുത്തുള്ള റോഡിലേക്ക് ചൂണ്ടി അയാൾ പറയുന്നു. എല്ലാ ആഴ്ചയും അയാൾ ഉഴവർ സന്താളിലേക്ക് (കർഷകരുടെ കുടിലുകളിലേക്ക്) യാത്ര ചെയ്യും. ആ സമയത്ത് അയാളുടെ മൂന്ന് സഹോദരിമാരും വിവാഹിതരായി.
“എന്റെ നടുവിലുള്ള അനിയത്തിയുടെ വിവാഹച്ചിലവ്, മഞ്ഞൾ വിറ്റാണ് നടത്തിയത്. പക്ഷേ അത് കഠിനമായ ജോലിയായിരുന്നു. കുടുംബം മുഴുവൻ മിനക്കെട്ടിട്ടാണ് മഞ്ഞള് തിളപ്പിച്ചത്,” അയാൾ പറയുന്നു.
അനിയത്തിമാർ ഭർത്തൃവീടുകളിലേക്ക് പോയപ്പോൾ, വീട്ടിലേയും പാടത്തേയും പണിയിൽ ലെനിന് മുഷിപ്പ് തോന്നാൻ തുടങ്ങി. മഴകൊണ്ട് ചെയ്യുന്ന വിവിധയിനം വിളകൾ ഒറ്റയ്ക്ക് കൈകാര്യം ചെയ്യുന്നതും, ദിവസേന വിളകൾ പറിക്കുകയു വിൽക്കുകയും ചെയ്യേണ്ടിവരുന്നതും ബുദ്ധിമുട്ടായിത്തുടങ്ങി. സീസണലായിട്ടുള്ള വിളകളേയും നോക്കിനടത്താൻ അയാൾ വിഷമിച്ചു. വിളവിനുള്ള സമയം കണക്കാക്കി, അതിനെ മൃഗങ്ങളിൽനിന്നും, കീടങ്ങളിൽനിന്നും പക്ഷികളിൽനിന്നുമൊക്കെ വേണ്ടുംവണ്ണം സംരക്ഷിക്കാൻ അയാൾ പാടുപെട്ടു. “ചോളം, നിലക്കടല, വെള്ളപ്പയർ എന്നിവയൊക്കെ പറിക്കാനും സംരക്ഷിക്കാനും ധാരാളമാളുകൾ വേണം. വയസ്സായ അച്ഛനമ്മമാരെ മാത്രം വെച്ച്, എങ്ങിനെ ഞാനിതൊക്കെ എന്റെ രണ്ട് കൈയ്യും കാലുംവെച്ച് നോക്കിനടത്തും?”
ഇതേ കാലത്തുതന്നെ, കുരങ്ങന്മാരുടെ ആക്രമണവും വർദ്ധിച്ചു. “ആ തെങ്ങ് കാണുന്നില്ലേ? അവിടെനിന്ന് ഇങ്ങോട്ടേക്ക് അവ തെങ്ങുകളിലൂടെ വരും. ആ അരയാലുകളിലാണ് അവ ഉറങ്ങുക. നാല്പതും അറുപതും വരുന്ന കൂട്ടം ഞങ്ങളുടെ പാടങ്ങൾ ആക്രമിക്കും. അവയ്ക്ക് എന്നെ കുറച്ച് പേടിയുണ്ടായിരുന്നു. ഞാനവയെ ഓടിക്കും. എന്നാൽ അവറ്റകൾ സമർത്ഥരാണ്. എന്റെ അച്ഛനമ്മമാരെ മനശ്ശസ്ത്രപ്രരമായിട്ടാണ് അവ പറ്റിക്കുക. ഒരുത്തൻ ഇവിടേക്ക് വരും. അവനെ ഓടിക്കാൻ ചെല്ലുമ്പോൾ മറ്റൊരുത്തൻ തെങ്ങിനെ മുകളിൽനിന്ന് വന്ന് വിളവെടുത്തുകൊണ്ട് ഓടും. നമ്മൾ കഥാപുസ്തകങ്ങളിൽ വായിക്കുന്നത് ശരിയല്ല. കുരങ്ങന്മാർ സാമർത്ഥ്യക്കാരാണ്.”
നാലുവർഷത്തോളം അവയുടെ ശല്യമുണ്ടായി. ഈ സ്ഥലത്തിന്റെ മൂന്ന് കിലോമീറ്റർ ചുറ്റളവിലുള്ള കർഷകർ, കുരങ്ങന്മാർ തിന്നാത്ത വിളകളിലേക്ക് തങ്ങളുടെ കൃഷി മാറ്റി. ലെനിനും കുടുംബവും നെല്ലും കരിമ്പും വിളയിക്കാൻ തുടങ്ങി.


ലെനിനും (ഇടത്ത്) കൃഷിക്കാരനും വിതരണക്കാരനുമായ മറ്റൊരു സുഹൃത്ത് എസ്. വിഘ്നേഷും (വലത്ത്) ബൈക്കിൽ അരിച്ചാക്കുകൾ കയറ്റുന്നു
*****
“നെല്ല് അഭിമാനമാണ്”, ലെനിൻ പറയുന്നു. “ഇവിടെ അത് മാന്യമായ ഒരു വിളവാണ്. കന്നുകാലികൾ മറ്റുള്ളവരുടെ പാടങ്ങളിൽ പോയി വിളവുകൾ തിന്നാൽ അവയെ വളർത്തുന്നവർക്ക് കൂസലൊന്നുമില്ല. എന്നാൽ, നെല്ലാണെങ്കിൽ, ഇനി, കന്നുകാലികൾ അബദ്ധത്തിൽ തിന്നാൽപ്പോലും അവർ വന്ന് ക്ഷമ ചോദിക്കും. നഷ്ടപരിഹാരം തരാമെന്ന് പറയുകയും ചെയ്യും. അത്രമാത്രം ബഹുമാന്യമാണ് നെല്ല്.”
സാങ്കേതികമായ നേട്ടങ്ങളും, യന്ത്രംകൊണ്ടുണ്ടാവുന്ന ഗുണഫലങ്ങളും കമ്പോളങ്ങളുടെ ലഭ്യതയുമൊക്കെ ആ വിളയ്ക്കുണ്ട്. ലെനിൻ അതിനെ ‘സ്വൈര്യം’ (സൌകര്യം) എന്നാണ് വിശേഷിപ്പിക്കുന്നത്. “നെൽക്കർഷകർ സാമൂഹികമായ പരിഹാരമല്ല നോക്കുന്നത്. സാങ്കേതികമായ പരിഹാരമാണ്. ഏകവിളയിലേക്കുള്ള സഞ്ചാരം”.
കൃഷിഭൂമിയെ പരമ്പരാഗതമായി പുഞ്ചൈനിലം (വരണ്ടതോ മഴകൊണ്ട് നനയ്ക്കുന്നതോ ആയ നിലം) നഞ്ചൈനിലം (നനവുള്ള, ജലസേചനം ചെയ്യുന്ന നിലം) എന്നിങ്ങനെ വിഭജിക്കാറുണ്ട്. “പുഞ്ചൈയിൽ നിങ്ങൾക്ക് വൈവിധ്യമുള്ള കൃഷികൾ നടത്താം,” ലെനിൻ വിശദീകരിക്കുന്നു. “അടിസ്ഥാനപരമായി, നിങ്ങളുടെ വീടിന് ആവശ്യമുള്ളതെല്ലാം. സമയം കിട്ടുമ്പോഴൊക്കെ കർഷകർ പുഴുതി – വരണ്ട, പൊടിപിടിച്ച നിലം – ഉഴുകാറുണ്ടായിരുന്നു. ഇതൊരു ‘സമ്പാദ്യം’പോലെയാണ് അവർ കരുതുന്നത്. ഒരു ബാങ്കിലെ നീക്കിയിരിപ്പുപോലെ. എന്നാൽ യന്ത്രവത്കരണം വന്നതോടെ എല്ലാം മാറി. ഒറ്റ ദിവസംകൊണ്ട് നിങ്ങൾക്ക് 20 ഏക്കർ കൃഷി ചെയ്യാൻ സാധിക്കുമെന്ന അവസ്ഥ വന്നു.”
പുഞ്ചനിലത്ത്, ഒരു വിളവെടുപ്പ് സമയചക്രത്തിൽ കർഷകർ തദ്ദേശീയമായ നെല്ലിനങ്ങൾ വളർത്തും. “ഒരേപോലെ തോന്നിക്കുന്ന, പൂങ്കാർ , കുല്ലങ്കർ ഇനങ്ങളാണ് അവർ ശ്രമിക്കുക,” ലെനിൻ പറയുന്നു. “വിളവുചക്രത്തിലെ കാലയളവിൽ മാത്രമാണ് വ്യത്യാസമുള്ളത്. വെള്ളം തീരും എന്ന് തോന്നുകയാണെങ്കിൽ പൂങ്കാർ നെൽച്ചെടി നടുന്നതാണ് നല്ലത്. അതാവുമ്പോൾ 75 ദിവസത്തിനകം വിളവെടുക്കാറാകും. മറ്റേ ഇനമാകുമ്പോൾ, 90 ദിവസം പിടിക്കും.”
അധികം വെള്ളം കെട്ടിനിൽക്കാതെ, ചെറിയ തുണ്ട് ഭൂമികളിൽ നെല്ല് കൃഷി ചെയ്യാൻ യന്ത്രവത്കരണം സഹായിക്കുമെന്ന് ലെനിൻ ചൂണ്ടിക്കാട്ടി. “കഴിഞ്ഞ 10-15 കൊല്ലമായി ഈ ഭാഗത്ത് എരുമകളെ ഉപയോഗിച്ചിട്ടില്ല. പുതിയ പുതിയ യന്ത്രങ്ങൾ ഉപയോഗിച്ച് (വാടകയ്ക്കോ, സ്വന്തമായി വാങ്ങിയോ) ഒന്നോ, അരയോ ഏക്കർ നിങ്ങൾക്ക് ഉഴുവാൻ സാധിക്കും. കൂടുതൽ ആളുകൾക്ക് നെല്ല് വളർത്താനും സാധിക്കും.” പിന്നീട്, അയാൾ മറ്റ് യന്ത്രങ്ങളെക്കുറിച്ച് പറയാൻ തുടങ്ങി. നടീലിനും, മാറ്റിനടാനും, കള പറിക്കാനും, വിളവെടുക്കാനും, മെതിക്കാനുമുള്ള യന്ത്രങ്ങൾ. “വിത്തുമുതൽ വിത്തുവരെ, യന്ത്രങ്ങൾ എല്ലാം ചെയ്തുതരും. കൃഷി ചെയ്യാനുള്ള നെല്ലുണ്ടെങ്കിൽ.”
ചിലപ്പോൾ മനുഷ്യനും യന്ത്രങ്ങളും തമ്മിലുള്ള കേവലം കൊടുക്കൽ-വാങ്ങലുകൾ മാത്രമല്ല ആവശ്യ വരിക. മഴകൊണ്ട് കൃഷി ചെയ്യുന്ന വിളകൾ - എള്ളുപോലുള്ളവ – ശേഖരിക്കാനും, ഉണക്കാനും, മെതിക്കാനും കൂടുതൽ സ്ഥലമാവശ്യമാണ്. “ഇത് വളർത്താൻ അധികം അദ്ധ്വാനം ആവശ്യമില്ല. ഒരിക്കൽ വിതച്ചുകഴിഞ്ഞാൽ, നിങ്ങൾക്ക് ചാരിയിരിക്കാം.” എന്നാൽ നെല്ല് അതിനേയും പകരംവെച്ചു. കാരണം, നെല്ലിൽ വിളവ് കൂടുതലാണ്. “നിങ്ങൾ 2.5 ഏക്കറിൽ എള്ള് വളർത്തിയാലും നിങ്ങൾക്ക് പത്ത് ചാക്ക് മാത്രമേ കിട്ടൂ. ഒരു ഓട്ടോറിക്ഷയിൽ കൊണ്ടുപോകാവുന്ന അത്രമാത്രം. എന്നാൽ നെല്ലാണെങ്കിൽ, ഒരു ടിപ്പറിൽ കൊണ്ടുപോകേണ്ടിവരും.”

പൂങ്കർ ഇനം നെല്ല് കൃഷിചെയ്യുന്ന പാടം


ഇടത്ത്: മെതിക്കുന്ന സ്ഥലം. വലത്ത്: ലെനിൻ ഗോഡൌണിൽ
മറ്റൊരു ഘടകം, നെല്ലിന്റെ നിയന്ത്രിത കാർഷിക കമ്പോളങ്ങളാണ്. വിതരണശൃംഖല മുഴുവൻ പുതിയ നെല്ലിനങ്ങൾക്കാണ് മുൻഗണന നൽകുന്നത്. ഹരിത വിപ്ലവത്തിനുശേഷം നിലവിൽ വന്ന ആധുനിക അരി മില്ലുകളിൽ, അരിപ്പകളടക്കം ഒരേപോലുള്ള യന്ത്രങ്ങളാണുള്ളത്. ഇവ, വ്യത്യസ്ത വലിപ്പവും ആകൃതിയുമുള്ള തദ്ദേശീയ ഇനങ്ങൾക്ക് അനുയോജ്യമല്ല. മാത്രമല്ല, നിറമുള്ള അരി, ആധുനിക മില്ലുകളിൽ സംസ്കരിക്കാനാവില്ല. “അരിമില്ലുടമകൾ ഹരിതവിപ്ലവത്തിന്റെ വലിയ പ്രചാരകരോ അതിനെക്കുറിച്ച് അഭിപ്രായമുള്ളവരോപോലും ആവണമെന്നില്ല. എന്നാൽ ആളുകൾ നല്ല, മെലിഞ്ഞ, തിളക്കമുള്ള വെളുത്ത അരി വേണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് അവർക്കറിയാം – ഹൈബ്രിഡ് അരി – അതിനനുസരിച്ച് അവർ അവരുടെ മില്ലുകളിൽ മാറ്റം വരുത്തുകയും ചെയ്യുന്നു.”
പരമ്പരാഗത അരി വളർത്തുകയും അതിൽ വൈവിധ്യങ്ങൾ കൊണ്ടുവരികയും ചെയ്യുന്ന കർഷകന് അവന്റെ അഥവാ അവളുടെ സ്വന്തം അറിവിനെയും, കുറഞ്ഞുകുറഞ്ഞുവരുന്ന സംസ്കരണ യൂണിറ്റുകളേയും, പ്രവചിക്കാനാവാത്ത സാമൂഹിക പിന്തുണയേയും ആശ്രയിക്കേണ്ടിവരുന്നതിൽ അത്ഭുതമില്ലെന്ന് ലെനിൻ പറയുന്നു. “അതേസമയം, ഈ ഘടകങ്ങളെല്ലാം, ആധുനികവും, അധികവിളവ് ലഭിക്കുന്നതുമായ അരിയിനങ്ങൾക്ക് ചോദിക്കാതെതന്നെ ലഭ്യവുമാണ്”.
*****
ചെന്നൈയുടെ 190 കിലോമീറ്റർ തെക്ക്-കിഴക്കായി കിടക്കുന്ന, കരയാൽ ചുറ്റപ്പെട്ട ജില്ലയാണ് തിരുവണ്ണാമല. ഇവിടെ താമസിക്കുന്ന രണ്ടുപേരിൽ ഒരാളെങ്കിലും ‘കൃഷിയുമായി ബന്ധപ്പെട്ട പ്രവൃത്തികളെ‘ ആശ്രയിക്കുന്നു. ഈ ഭാഗത്ത്, പഞ്ചസാര മില്ലുകൾക്ക് പുറമേ, ധാരാളം അരിമില്ലുകളുമുണ്ട്.
2020-2021 കാലത്ത്, തമിഴ് നാട്ടിൽ ഏറ്റവുമധികം സ്ഥലത്ത് നെൽക്കൃഷി ചെയ്തിരുന്ന മൂന്നാമത്തെ സ്ഥലമായിരുന്നു തിരുവണ്ണാമല. എന്നാൽ ഉത്പാദനത്തിൽ അത് ഒന്നാം സ്ഥാനത്തായിരുന്നു. സംസ്ഥാനത്തുനിന്ന് വരുന്ന അരിയുടെ 10 ശതമാനത്തിനും അല്പം കൂടുതൽ. “തമിഴ് നാട്ടിലെ മറ്റ് ജില്ലകൾ ഒരു ഹെക്ടറിൽനിന്ന് 3,500 കിലോഗ്രാം അരി ശരാശരി ഉത്പാദിപ്പിക്കുമ്പോൾ, തിരുവണ്ണാമല 3,907 കിലോഗ്രാം അയച്ച് മറ്റുള്ളവരെ കടത്തിവെട്ടുന്നു,” എന്ന് എം.എസ്.സ്വാമിനാഥൻ റിസർച്ച് ഫൌണ്ടേഷന്റെ ഇക്കോടെക്നോളജി പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ആർ. ഗോപിനാഥ് ചൂണ്ടിക്കാട്ടുന്നു.
നെൽക്കൃഷി തിരുവണ്ണാമലയിൽ ഊർജ്ജിതമായി നടക്കുന്നുവെന്ന്, എം.എസ്.എസ്.ആർ.എഫിന്റെ ഇക്കോടെക്നോളജി ഡയറക്ടറായ ഡോ. ആർ. രംഗലക്ഷ്മി പറയുന്നു. “നിരവധി കാരണങ്ങളുണ്ട് ഇതിന്. ഒന്ന്, മഴയുണ്ടാവുമ്പോൾ, നഷ്ടസാധ്യത പരിഹരിക്കാൻ കർഷകർ ആഗ്രഹിക്കുകയും കിട്ടുന്ന ജലമുപയോഗിച്ച് നെല്ല് വളർത്തുകയും ചെയ്യുന്നു. ഇത് അവർക്ക് നല്ല വിളവും, സ്വാഭാവികമായി നല്ല ലാഭവും നൽകുന്നു. രണ്ട്, വീട്ടിലെ അടുക്കളയാവശ്യത്തിനുവേണ്ടി നെല്ല് വളർത്തുന്ന പ്രദേശങ്ങളിൽ - വീട്ടിലെ ഭക്ഷ്യസുരക്ഷയ്ക്ക് – കർഷകർ ഇത് തീർച്ചയായും ചെയ്യും. അവസാനമായി, ഭൂഗർഭ ജലസേചനത്തിന്റെ വർദ്ധനവോടെ, കൂടുതൽ നെല്ല് വിളയിക്കാൻ തുടങ്ങി, ഓരോ വിളവുചക്രത്തിലും. അതുകൊണ്ട്, ഉപരിതലത്തിലെ ജലത്തിനെ ആശ്രയിച്ചുള്ള നെൽക്കൃഷി വർദ്ധിച്ചില്ലെങ്കിലും, ഉത്പാദനം വർദ്ധിക്കുകയുണ്ടായി.”
നെല്ല്, ദാഹമുള്ള ഒരു വിളയാണ്. “നബാർഡിന്റെ ‘വാട്ടർ പ്രൊഡക്ടിവിറ്റി മാപ്പിംഗ് ഓഫ് മേജർ ഇന്ത്യൻ ക്രോപ്പ്സ് (2018)‘ പ്രകാരം, ഒരു കിലോഗ്രാം അരി ഉത്പാദിപ്പിക്കാൻ ഏകദേശം, 3,000 ലിറ്റർ വെള്ളം ആവശ്യമാണ്. പഞ്ചാബ്-ഹരിയാന ഭാഗങ്ങളിൽ ഇത് 5,000 ലിറ്റർവരെ വർദ്ധിക്കും” എന്ന് ഡോ. ഗോപിനാഥ് പറയുന്നു.

പുതുതായി മാറ്റിപ്പാർപ്പിച്ച നെൽച്ചെടികൾ
100 അടി ആഴമുള്ള ഒരു കിണറിനെ ആശ്രയിച്ചാണ് ലെനിന്റെ പാടങ്ങളുടെ നിലനിൽപ്പ്. ഞങ്ങളുടെ വിളകൾക്ക് അത് മതി. മൂന്നിഞ്ച് പൈപ്പുള്ള മോട്ടോർ രണ്ട് മണിക്കൂർ, അല്ലെങ്കിൽ പരമാവധി അഞ്ച് മണിക്കൂർ പ്രവർത്തിപ്പിക്കാൻ സാധിക്കും. എന്നാൽ മോട്ടോർ ഓൺ ചെയ്ത്, പുറത്ത് പോകാൻ പറ്റില്ല,” ലെനിൻ പറയുന്നു.
ജലസേചനശേഷി 2000-ത്തിനും 2010-നുമിടയിൽ വർദ്ധിച്ചു എന്ന് ഡോ. രംഗലക്ഷ്മി പറയുന്നു. “അക്കാലത്ത്, കൂടുതൽ കുതിരശക്തിയുള്ള ബോർവെൽ മോട്ടോറുകളും ലഭ്യമായിത്തുടങ്ങി. ഡ്രില്ലിംഗ് യന്ത്രങ്ങളും സാധാരണമായി. ബോർവെൽ റിഗ്ഗുകളുടെ കേന്ദ്രമായിരുന്നു തമിഴ് നാട്ടിലെ തിരുച്ചെങ്കോട് എന്ന സ്ഥലം.
ചിലപ്പോൾ, മൂന്നോ നാലോ വർഷം കൂടുമ്പോൾ കർഷകർ പുതിയ കുഴൽക്കിണർ കുഴിച്ചു. മഴവെള്ളത്തിനെ മാത്രം ആശ്രയിക്കുന്നവരണെങ്കിൽ, മൂന്നോ അഞ്ചോ മാസം മാത്രമേ പണി ഉണ്ടാവൂ. ജലസേചനം വന്നതോടെ, അവർക്ക് തുടർച്ചയായി പണിയുണ്ടായി. ഉത്പാദനക്ഷമതയെ ബാധിച്ചതുമില്ല. ഇത്, അരിയെ സംബന്ധിച്ചിടത്തോളം ഒരു വഴിത്തിരിവായിരുന്നു. 1970-കൾവരെ ഇത് പ്രധാനമായും ഒരു ഉത്സവാഹാരമായിരുന്നു. എന്നാലിപ്പോൾ ഇത് ദിവസവും പാചകം ചെയ്തുതുടങ്ങി. അതോടെ, ഇത് പൊതുവിതരണ സംവിധാനത്തിലൂടെ വ്യാപകമായി ലഭ്യമാവുകയും ചെയ്തുതുടങ്ങി”.
ഇപ്പോൾ, തമിഴ് നാട്ടിൽ, കൃഷി നടക്കുന്ന മൊത്തം പ്രദേശത്തിന്റെ 35 ശതമാനത്തിലും അരി വളർത്താൻ തുടങ്ങിയിരിക്കുന്നു. എന്നാൽ എത്ര കർഷകർ, ജൈവവളത്തിലൂടെ, തദ്ദേശീയമായ ഇനങ്ങൾ വളർത്തുന്നുണ്ട്?
അത് നല്ല ചോദ്യമാണെന്ന് പറഞ്ഞ് ലെനിൻ ചിരിക്കുന്നു. “ഒരു എക്സൽ ഷീറ്റിൽ എഴുതുകയാണെങ്കിൽ പരമ്പരാഗത ഇനങ്ങൾ, ജലസേചനം ചെയ്യുന്ന നെൽപ്പാടങ്ങളുടെ 1-ഓ 2-ഓ ശതമാനം മാത്രമേ കാണൂ. അതുതന്നെ കൂടിയ കണക്കാണ്. ഏറ്റവും വലിയ ഗുണം, സംസ്ഥാനത്ത് മൊത്തം ഇത് വ്യാപിച്ചിരിക്കുന്നു എന്നതാണ്.”
ആധുനിക അരിയിനങ്ങൾ വളർത്തുന്ന കൃഷിക്കാർക്ക് ഏതുതരം പരിശീലനമാണ് കിട്ടുന്നതെന്ന് ലെനിൻ ചോദിക്കുന്നു.”ഇത് ഉത്പാദനം കൂട്ടുന്നതിനെക്കുറിച്ച് മാത്രമാണ്. വരുമാനം വർദ്ധിപ്പിക്കുന്നതിനെക്കുറിച്ചും. എല്ലാ നിർദ്ദേശങ്ങളും ‘മുകളിൽനിന്ന് താഴേക്ക്’ ആണ് വരുന്നത്. ചെന്നൈയിൽനിന്ന് കോയമ്പത്തൂരിലേക്ക്. വിവിധ ബ്ലോക്കുകളിലേക്കും വ്യക്തിഗത കർഷകരിലേക്കും. ആളുകളെ (ചിന്തിക്കുന്നതിൽനിന്നും) തടയുന്നതിനല്ലേ അത്?” ലെനിൻ അത്ഭുതപ്പെടുന്നു.
മൂല്യവർദ്ധനയെക്കുറിച്ച് അവർ പറയുമ്പോൾ മാത്രമാണ് ‘താഴെനിന്ന് മുകളിലേക്ക്,’ ലെനിൻ പറയുന്നു. “അരി സംസ്കരിക്കാനും പാക്ക് ചെയ്യാനുമൊക്കെ ഞങ്ങളോട് ആവശ്യപ്പെടുന്നു...” ഉത്പാദനം, ലാഭം എന്നിവയിലൂന്നി, കർഷകനെ പരിഭ്രമിപ്പിക്കുന്നു. കൂടുതൽ വിളവ് എന്ന മരീചികയിലേക്ക് ആട്ടിയോടിക്കുകയാണ്.

വിവിധയിനം നെല്ലുകളുമായി ലെനിനും സുഹൃത്തുക്കളും
ജൈവകർഷകർക്ക്, ഒരു സംഘമെന്ന നിലയിൽ, വൈവിധ്യം, സുസ്ഥിരത, തുടങ്ങി, ആളുകളെ ബാധിക്കുന്ന വിഷയങ്ങളെക്കുറിച്ച് മാത്രമേ താത്പര്യമുള്ളു. “അരിയെക്കുറിച്ച്, അഥവാ, കൃഷിയെക്കുറിച്ചുള്ള ഒരു ചർച്ചയിൽ, ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് എല്ലാവരും, തുല്യരെപ്പോലെ സംസാരിക്കുകയല്ലേ ചെയ്യേണ്ടത്? ധാരാളം അനുഭവസമ്പത്തുള്ള കർഷകരെ അതിൽനിന്ന് ഒഴിവാക്കുന്നത് എന്തിനുവേണ്ടിയാണ്?, അയാൾ ചോദിക്കുന്നു.
തിരുവണ്ണാമലയിൽ, ജൈവകൃഷിക്ക് വളരെ പ്രചാരമുണ്ട്, “പ്രത്യേകിച്ചും ചെറുപ്പക്കാരായ പുരുഷ കർഷകർക്കിടയിൽ. അവരിൽ 25-30 പ്രായപരിധിയിലുള്ള പകുതിയോളമാളുകളും, രാസവളവിമുക്തമായ കൃഷിയാണ് പരിശീലികുന്നത്,” ലെനിൻ പറയുന്നു. അതുകൊണ്ടാണ് ഈ ഭാഗത്ത്, അടിസ്ഥാന പ്രവർത്തനങ്ങൾ ശക്തമായത്. ജില്ലയിൽ ധാരാളം രക്ഷാപുരുഷന്മാരുമുണ്ട്.”ഭൂവുടമകൾ മുതൽ, ഒരു സെന്റുപോലുമില്ലാത്തവർവരെ, ധാരാളം അദ്ധ്യാപകരുണ്ട്!” കലസപക്കം ഫോറത്തിന്റെ സ്ഥാപകനായ വെങ്കടാചലം ഐയ, ജൈവകൃഷിയുടെ പിതാവായ നമ്മാൾവർ, ചിന്തകനും ജൈവകർഷകനുമായ പാമയൻ, ജൈവകർഷകയായ മീനാക്ഷി സുന്ദരം, കാർഷിക ശസ്ത്രജ്ഞനും യുവാക്കളുടെ പ്രചോദകനുമായ ഡോ.വി. അറിവുദയ് നമ്പി, എന്നിവരുടെ പങ്ക് ലെനിൻ എടുത്തുപറഞ്ഞു. “ധാരാളം പ്രശസ്തർ ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ട്.”
ചില കർഷകർക്ക് ഒരു അധികവരുമാനവുമുണ്ട് (കൃഷിയേതര). “കൃഷിയിൽനിന്നുള്ള പണം മാത്രം മതിയാവില്ല എന്ന് അവർ മനസ്സിലാക്കുന്നു.” ആ പണംകൊണ്ടാണ് അവർ കൊടുക്കാനുള്ളത് കൊടുത്തുതീർക്കുന്നത്.
ഒരു കർഷകൻ ഒരിക്കലും പഠനം അവസാനിപ്പിക്കുന്നില്ല എന്ന്, 2024 മാർച്ചിൽ മൂന്നാമത്തെ എന്റെ സന്ദർശനത്തിനിടയിൽ ലെനിൻ എന്നോട് പറഞ്ഞു. “അനുഭവം എന്നെ വിളകളെക്കുറിച്ച് പഠിപ്പിക്കുന്നു. കൂടുതൽ പൊക്കത്തിലുള്ള വിളകൾ, കൂടുതൽ അളവ് തരുന്നവ. മഴയെ ചെറുക്കാൻ കഴിവുള്ളവ, അങ്ങിനെയങ്ങിനെ. നാല് ‘സി’കളുടെ ചട്ടക്കൂടിനെയാണ് ഞാൻ ആശ്രയിക്കുന്നത്. കൺസർവേഷൻ, കൾട്ടിവേഷൻ, കൺസംപ്ഷൻ, കൊമ്മേഴ്സ് (യഥാക്രമം, സംരക്ഷണം, കൃഷി, ഉപഭോഗം, വ്യാപാരം).“
ഞങ്ങൾ അയാളുടെ പാടത്തേക്ക് നടന്നു. കുറച്ചകലെയായി, ഉഴുന്നുപരിപ്പ് പാടങ്ങൾക്കടുത്ത്, കരിമ്പിൻതോട്ടത്തിനരികിലായിരുന്നു അത്. പരന്ന മേൽക്കൂരയുള്ള വീടുകൾ പൊട്ടിമുളച്ചതിനടുത്ത്. “ഇവിടെ സ്ഥലം വിൽക്കുന്നത് ചതുരശ്രയടി കണക്കിലാണ്,” ലെനിൻ പറയുന്നു. “സോഷ്യലിസ്റ്റ് മനസ്സുള്ളവർപോലും മുതലാളിത്തത്തിന്റെ കെണിയിൽപ്പെട്ടു.”
25 സെന്റിൽ (ഒരേക്കറിന്റെ നാലിലൊന്ന്) അയാൾ പൂങ്കാർ വളർത്തുന്നു. “ഞാൻ പൂങ്കാർ വിത്തുകൾ മറ്റൊരു കർഷകന് കൊടുത്തിരുന്നു. വിളവെടുപ്പ് കഴിഞ്ഞപ്പോൾ അയാൾ എനിക്കത് തിരിച്ചുതന്നു.” വിത്തുകൾ എല്ലായ്പ്പോഴും ചുറ്റിക്കറങ്ങുന്നുവെന്ന്, ഇത്തരം സൌജന്യമായ കൈമാറ്റങ്ങൾ ഉറപ്പുവരുത്തുന്നു.
മറ്റൊരു കഷണം പാടത്ത്, അയാൾ ഞങ്ങൾക്ക് മറ്റൊരു ഇനം നെല്ല്, വാഴൈപൂ സാംബ’ കാണിച്ചുതന്നു. “നെല്ലുസംരക്ഷകനായ കാർത്തി അണ്ണനാണ് എനിക്ക് ഈ വിത്തുകൾ തന്നത്.” പഴുത്ത നെൽക്കതിരുകൾ ഒരു കെട്ടായി കയ്യിൽ പിടിച്ചുകൊണ്ട് ലെനിൻ പറയുന്നു, “ഈ ഇനത്തിലേക്ക് മാറേണ്ടിവരും ഞങ്ങൾക്ക്.” ഒരു ജുവലറി ഡിസൈനർ ഉണ്ടാക്കിയ വാഴൈപൂ (വാഴയുടെ പൂ) പോലെ, അതിന്റെ കതിരുകൾ ഭംഗിയായി തൂങ്ങിക്കിടന്നു.


ലെനിൻ ഞങ്ങൾക്ക് വാഴൈപൂ സാംബ എന്ന ഒരു പരമ്പരാഗത നെല്ലിനം കാട്ടിത്തരുന്നു
മേളകളും പരിശീലനപരിപാടികളും സംഘടിപ്പിക്കുന്നതിലൂടെ, സർക്കാർ ജൈവകൃഷിയേയും തദ്ദേശീയ ഇനങ്ങളേയും പ്രചരിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് ലെനിൻ സമ്മതിക്കുന്നു. “ഒറ്റദിവസം കൊണ്ട് മാറ്റങ്ങൾ വരുത്താനാവില്ല. വള ഫാക്ടറികളും വിത്തുകടകളും അങ്ങിനെ പെട്ടെന്ന് പൂട്ടാനാവില്ലല്ലോ അല്ലേ? മാറ്റം സാവധാനത്തിലായിരിക്കും,” അയാൾ ചൂണ്ടിക്കാട്ടുന്നു.
പരമ്പരാഗത നെല്ലിനങ്ങളുടെ സംരക്ഷണത്തിനായുള്ള നെൽ ജയരാമൻ മിഷന്റെ കിഴിൽ, 2023-2024-ൽ, 12,400 ഏക്കറിൽ പരമ്പരാഗത വിത്തുകൾ കൃഷി ചെയ്തതിലൂടെ 20,979 കർഷകർക്ക് ഗുണഫലം കിട്ടിയെന്ന്, തമിഴ് നാട് കൃഷി,കർഷകക്ഷേമ മന്ത്രി എം.ആർ.കെ. പന്നീർസെൽവം, 2024-ലെ കർഷക ബഡ്ജറ്റ് പ്രസംഗത്തിൽ പറഞ്ഞു.
ഈ ദൌത്യം, അന്തരിച്ച നെൽ ജയരാമനുള്ള ഉചിതമായ ആദരവാണ്. സേവ് അവർ റൈസ് കാമ്പെയിനിന്റെ ഭാഗമായി 2007-ൽ തുടങ്ങിയ നെൽ തിരുവിഴ – പരമ്പരാഗത നെൽവിത്തുകൾ കൈമാറ്റം ചെയ്യുന്ന തമിഴ് നാട്ടിലെ ഉത്സവം – ആരംഭിച്ചത് അദ്ദേഹമായിരുന്നു. “12 വർഷത്തിനുള്ളിൽ, അദ്ദേഹവും അനുയായികളും, ഊർജ്ജസ്വലരായ ജൈവകർഷകരും വിത്ത് സൂക്ഷിപ്പുകാരും എല്ലാം ചേർന്ന് 174 ഇനം വിത്തുകൾ - അധികവും നാശത്തിന്റെ പടിവാതിൽക്കലെത്തിയവ – ശേഖരിച്ചിരുന്നു.
പിന്തുടർച്ചാ നെല്ലുകൾ കർഷകർക്കിടയിലും ഉപഭോക്താക്കൾക്കിടയിൽ പ്രചരിപ്പിക്കാനുള്ള അദ്ധ്വാനത്തെക്കുറിച്ച് ലെനിന് നന്നായറിയാം. “സംരക്ഷണമാന് പ്രധാന മേഖല. ചെറിയൊരു സ്ഥലത്ത് നെല്ല് നടുകയാണ് അതിൽ ചെയ്യുന്നത്. ജനിതക ശുദ്ധിയിലും ഇനം സംരക്ഷിക്കലിലുമാണ് ശ്രദ്ധയൂന്നുന്നത്. കൃഷി ചെയ്യണമെങ്കിൽ, നിങ്ങൾക്ക് സമൂഹത്തിൽനിന്ന് പിന്തുണ ആവശ്യമാണ്. അവസാനത്തെ രണ്ട് ‘സി’കളും, - കൺസംപ്ഷനും കൊമ്മേഴ്സും – ഒരുമിച്ച് പോവുന്ന കാര്യങ്ങളാണ്. നിങ്ങൾ വിപണിയുണ്ടാക്കി ഉപഭോക്താക്കളുടെയടുത്തേക്ക് അത് കൊണ്ടുപോകണം. ഉദാഹരണത്തിന് ഞങ്ങൾ സീരാഗ സാമ്പയിൽനിന്ന് അവിൽ (പരത്തിയ നെല്ല്) ഉണ്ടാക്കിനോക്കി. അതൊരു വമ്പിച്ച വിജയമായിരുന്നു. ഇപ്പോൾ ഞങ്ങളുടെ ശ്രദ്ധ, അതിലെ നഷ്ടങ്ങൾ ഒഴിവാക്കുന്നതിലും പ്രചരിപ്പിക്കുന്നതിലുമാണ്,” ലെനിൻ സന്തോഷത്തോടെ പറയുന്നു.
സീരാഗ സാമ്പ യ്ക്ക് തമിഴ് നാട്ടിൽ ‘ദിവ്യപ്രഭയുള്ള വിപണി’യുണ്ടെന്ന് ലെനിൻ പറയുന്നു. “ബിരിയാണി ഉണ്ടാക്കാൻ ബസുമതിയേക്കാൾ അവർ താത്പര്യപ്പെടുന്നത് ഇതിനെയാണ്. അതുകൊണ്ടാണ് ഇതുവരെ ഈ ഭാഗങ്ങളിൽ ബസുമതി സംസ്കരണശാലകളില്ലാത്തത്.” ചുറ്റും വണ്ടികളുടെ ഹോൺ മുഴങ്ങുന്നുണ്ടായിരുന്നു. അവയും സീരാഗ സാമ്പയെ നോക്കി ആർത്തുവിളിക്കുന്നതുപോലെ. അതുപോലെ, കൃഷിക്കാർക്കിടയി കരുപ്പുകവുണിയെ താരതമ്യം ചെയ്യുന്നത്, ധോണിയുടെ സിക്സറിനോടാണ്. പക്ഷേ ഒരൊറ്റ കുഴപ്പമേയുള്ളു. “വളരെ വലിയ കൃഷിയിടമുള്ള ആരെങ്കിലും വിപണിയിൽ വന്ന്, കറുപ്പുകവണി കൃഷി ചെയ്തുവെന്ന് സങ്കൽപ്പിക്കുക – ഉദാഹരണത്തിന് 2,000 ചാക്ക് അരി – അത് കളിയുടെ സമനില തെറ്റിച്ച് വില കൂപ്പുകുത്താൻ ഇടയാക്കും.” ചെറുകിട കർഷകരുടെ ഏറ്റവും വലിയ മേൽക്കൈ – അവരുടെ വൈവിധ്യവും, ചെറിയ അളവിലുള്ള ഉത്പാദനവും – പെട്ടെന്നുതന്നെ അവർക്ക് ദോഷകരമായിത്തീരുകയും ചെയ്യും.


ഇടത്ത്: ലെനിൻ കൃഷി ചെയ്ത കറുപ്പുകവുനി. വലത്ത്: ഫോറത്തിൽ വിറ്റ, അസംസ്കൃത അരിയിനം ഇല്ലപൈപു സാംബ
*****
ഏറ്റവും വലിയ പ്രോത്സാഹനം സാമ്പത്തികമാണ്. അത് മനസ്സിലാക്കാവുന്നതേയുള്ളു. ജൈവസംഭാവനകൾകൊണ്ട് പരമ്പരാഗത നെല്ലിനങ്ങൾ വളർത്തുന്നത് ലാഭകരമാണോ? “ആണ്’ എന്ന് ലെനിൻ, മൃദുവായി, ഉറപ്പിച്ച് പറയുന്നു.
ഒരേക്കറിൽനിന്ന് 10,000 രൂപ ലാഭം പ്രതീക്ഷിക്കുന്നു ലെനിൻ. “ഒരേക്കറിൽ പിന്തുടർച്ചാ നെല്ലിനങ്ങൾ ജൈവമായി വളർത്തുന്നതിനുള്ള ചിലവ് 20,000 രൂപവരും. രാസവളങ്ങൾ ഉപയോഗിച്ചാൽ അത് 30,000-ത്തിനും 35,000-ത്തിനും ഇടയിലാവും. വിളവും ഇതിന് ആനുപാതികമായി കിട്ടും. പരമ്പരാഗത നെല്ലിൽനിന്ന്, 75 കിലോഗ്രാമിന്റെ 15-22 ചാക്കുകൾ ലഭിക്കും. ആധുനിക ഇനങ്ങളാണെങ്കിൽ 30 ചാക്കും.”
പരമാവധി ജോലികൾ താൻതന്നെ ചെയ്ത്, ലെനിൻ ഉത്പാദനച്ചിലവ് കുറയ്ക്കുന്നുണ്ട്. വിളവെടുപ്പ് കഴിഞ്ഞാൽ അയാൾ സ്വയം അത് കെട്ടുകളാക്കി, മെതിച്ച്, ധാന്യം എടുത്ത്, ചാക്കുകളിൽ സൂക്ഷിക്കും. ഇതുവഴി, ഒരേക്കറിൽനിന്ന് 12,000 രൂപ അയാൾക്ക് ലാഭമുണ്ട്. എന്നാൽ ഈ തൊഴിലിനെ വലിയൊരു കാര്യമായോ കാല്പനീകരിക്കാനോ അയാൾക്ക് താത്പര്യമില്ല. “നമുക്ക് കൂടുതൽ ഡേറ്റകൾ ആവശ്യമാണ്. ഉദാഹരണത്തിന് ഒരു 30 സെന്റിൽ മാപ്പിളൈ സാംബ എന്ന പരമ്പരാഗത നെല്ല് കൃഷി ചെയ്യുക. കൈകൊണ്ടും, യന്ത്രം കൊണ്ടും വിളവെടുത്താൽ എത്ര ചിലവ് വരുമെന്ന് കണക്കുകൂട്ടി അത് ശ്രദ്ധിച്ച് പഠിക്കുക.” യന്ത്രംകൊണ്ട് ചെയ്താൽ നഷ്ടം കുറയ്ക്കാൻ കഴിയുമെങ്കിലും ചിലവ് കുറയില്ല എന്ന് അയാൾ പ്രായോഗികമതിയായി തിരിച്ചറിയുന്നു. “എന്തെങ്കിലും ലാഭമുണ്ടെങ്കിൽ, അത് തീർച്ചയായും കർഷകനിലെത്തില്ല. ആവിയായിപ്പോവും.”
ലാഭത്തെ വ്യത്യസ്തമായ രീതിയിൽ മനസ്സിലാക്കണമെന്ന് ദേബാൽ ദേബിനെ ഉദ്ധരിച്ചുകൊണ്ട് ലെനിൻ പറയുന്നു. “എല്ലാം കൂട്ടുകയാണെങ്കിൽ - വൈക്കോൽ, ഉമി, പരത്തിയ അരി, വിത്തുകൾ, പിന്നെ അരിയും – ലാഭകരമാണ്. മണ്ണിന് കിട്ടുന്ന ഗുണമാണ് മറഞ്ഞുകിടക്കുന്ന ലാഭം. വിപണിയിൽ അരി വിൽക്കുന്നതിന്റെ അപ്പുറത്തേക്കും നോട്ടമെത്തേണ്ടത് പ്രധാനമാണ്.”
പരമ്പരാഗത ഇനങ്ങൾക്ക് ചുരുങ്ങിയ രീതിയിലുള്ള സംസ്കരണം മതി. “ജൈവ ഉത്പന്നങ്ങളിൽനിന്ന് ഉപഭോക്താവ് വലിയ പൂർണ്ണതയൊന്നും പ്രതീക്ഷിക്കില്ല.” ഇത് കർഷകർ എല്ലായിടത്തും വിശദീകരിക്കുന്ന ഒരു കാര്യമാണ് – ആപ്പിളുകളുടെ ആകൃതി പ്രതീക്ഷിക്കുന്നതുപോലെയാവില്ല, കാരറ്റുകളിൽ മുഴകളും മുറിവുകളും കാണും, എല്ലാ അരിയും ഒരേ വലിപ്പമോ നിറമോ ഉണ്ടാവില്ല – എന്നൊക്കെ. എന്നാലും, അവയെല്ലാം സമ്പൂർണ്ണമാണ്. പുറംമോടി കണ്ട് അവയെ തിരസ്കരിക്കരുത് എന്ന്.
എന്നാൽ സാമ്പത്തികം പ്രാവർത്തികമാകണമെങ്കിൽ വിൽപ്പനയുടേയും വിതരണത്തിന്റെയും ശൃംഖലയെ കർഷകർ കണക്കിലെടുക്കേണ്ടത് പ്രധാനമാണ്. അത്യാവശ്യവും. ലെനിൻ അതിൽ വലിയൊരു പങ്ക് വഹിക്കുന്നുണ്ട്. രണ്ടുവർഷമായി തന്റെ ഗോഡൌണിൽനിന്ന് അദ്ദേഹം തദ്ദേശീയമായ അരി പ്രദേശത്തെ നിരവധി കർഷകർക്ക് വിതരണം ചെയ്യുന്നു. കഴിഞ്ഞ 6 മാസത്തിനിടയ്ക്ക്, തന്റെ 10x11 അടി നീളമുള്ള ഷെഡ്ഡിൽനിന്ന് 60 ടൺ അരി വിൽക്കാൻ സഹായിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഗുണഭോക്താക്കൾക്ക് അയാളെ വിശ്വാസമുണ്ട്. നന്നായി അറിയുകയും ചെയ്യാം. “ഞാൻ മീറ്റിംഗുകളിൽ സംസാരിക്കുന്നത് അവർ കേട്ടിട്ടുണ്ട്. അവർക്കെന്റെ വീടറിയാം. എന്റെ ജോലിയെക്കുറിച്ചും അറിയാം. അതുകൊണ്ട് അവർ അവരുടെ വിളവുകൾ ഇവിടെ കൊണ്ടുവന്ന് എന്നെ ഏൽപ്പിച്ച്, വിറ്റുകഴിയുമ്പോൾ പൈസ തന്നാൽ മതി എന്ന് പറയും.”

വിളവെടുത്ത നെല്ല് മെതിക്കാൻ വെച്ചിരിക്കുന്നു


ഇടത്ത്: മരക്ക ഉപയോഗിച്ച് ലെനിൻ നെല്ലളന്ന് തൂക്കം നോക്കുന്നു. വലത്ത്: വിതരണം ചെയ്യാനുള്ള അരിച്ചാക്കുകൾ ലെനിൻ വിഘ്നേഷിന്റെ ബൈക്കിൽ കയറ്റുന്നു
അയാളുടെ ഉപഭോക്താക്കൾ ദിവസം മുഴുവൻ വിളിക്കുകയും മെസ്സേജുകളയയ്ക്കുകയും ചെയ്യുന്നു. നല്ല അദ്ധ്വാനമുള്ള പണിയാണ്. ഭാരം നോക്കലും, പാക്ക് ചെയ്യലും, അടുത്തുള്ള തിരുവണ്ണാമലൈ, ആരണി, കണ്ണംമംഗലം പട്ടണങ്ങളിലേക്ക് അയയ്ക്കലും മറ്റുമായി അയാൾ എപ്പോഴും ഓട്ടത്തിലാണ്.
പ്രതീക്ഷിക്കാത്ത ഉപഭോക്താക്കളും ലെനിനെ കാണാൻ വരുന്നുണ്ട്. “വളം വിൽക്കുന്നവരും, ഹൈബ്രിഡ് വിത്തുകൾ പ്രചരിപ്പിക്കുന്നവരും, അവരെല്ലാം എന്റെ കൈയ്യിൽനിന്ന് അരി വാങ്ങുന്നു,” അതിന്റെ വിരോധാഭാസമോർത്ത് ചിരിച്ചുകൊണ്ട് ലെനിൻ പറയുന്നു. “ചില കാർഷിക കമ്പനികൾ എന്നോട്, എന്റെ അരി, പേരെഴുതാത്ത ഒരു ചാക്കിൽ നിറച്ച്, അവരുടെ കടയിൽ വെക്കാൻ പറയും. എന്നിട്ട് അവർ ജി-പേ ചെയ്യും. ഇതൊക്കെ രഹസ്യമായി ചെയ്യാനാണ് അവരുടെ ആഗ്രഹം.”
അരി വിതരണത്തിൽനിന്ന് മാസം മൊത്തം ലഭിക്കുന്നത് നാലോ എട്ടോ ലക്ഷമാന്. ലാഭം, 4,000 മുതൽ 8,000 വരെ. എന്നാൽ ലെനിൻ സന്തോഷവാനാണ്. “അരി സൂക്ഷിക്കാൻ ഞാൻ പട്ടണത്തിൽ ഒരു മുറി വാടകയ്ക്കെടുത്തപ്പോൾ, ചിലവുകൾ ഭയങ്കരമായിരുന്നു. വാടക കൂടുതലായിരുന്നു. പാടത്തുനി മാറിനിൽക്കാൻ ബുദ്ധിമുട്ടായിരുന്നു. ഒരു സഹായിക്ക് കൂലി കൊടുത്താൽ കൈയ്യിലുള്ളതിൽ കുറവ് വരുമായിരുന്നു. അന്നൊക്കെ സമീപത്തുള്ള അരിമില്ലുകളെ ഓർത്ത് എനിക്ക് പേടിയായിരുന്നു. ധാരാളം ശാഖകളും പുതിയ യന്ത്രങ്ങളുമുണ്ടായിരുന്നു അവർക്കൊക്കെ. അതിന്റെയകത്ത് പോകാൻതന്നെ എനിക്ക് പേടിയായിരുന്നു. എന്നാൽ പിന്നീട് മനസ്സിലായി, അവർക്കൊക്കെ ഭീമമായ കടമുണ്ടെന്ന്.”
മുമ്പത്തെ തലമുറ, പരമ്പരാഗത അരി വിറ്റ് പൈസയൊന്നും ഉണ്ടാക്കിയിരുന്നില്ല എന്ന് അയാൾ സൂചിപ്പിച്ചു. “ഞാൻ ഒരു ചെറിയ ലാഭമുണ്ടാക്കുന്നു, പ്രകൃതിയോടൊത്ത് ജീവിക്കുന്നു. പരിസ്ഥിതിക്ക് വലിയ കോട്ടമുണ്ടാക്കുന്നില്ല, നഷ്ടപ്പെട്ട വിത്തിനങ്ങൾക്ക് പുതുജീവൻ നൽകുന്നു.” എങ്ങിനെ ജീവിതത്തെ സ്നേഹിക്കാതിരിക്കും എന്നമട്ടിലുള്ള ഒരു ചിരി ലെനിന്റെ ചുണ്ടിൽ വിരിയുന്നു.
ലെനിന്റെ പുഞ്ചിരി എപ്പോഴും അയാളുടെ കണ്ണുകളിലേക്കെത്തും. തന്റെ പദ്ധതികളെക്കുറിച്ച് പറയുമ്പോൾ അയാളുടെ കണ്ണുകൾ തിളങ്ങുന്നു. അഞ്ച് പ്രധാനപ്പെട്ട മേഖലകളിൽ മാറ്റം കൊണ്ടുവരാനാണ് അയാളുടെ ആഗ്രഹം: വിത്തുകൾ, വ്യാപാരം, പുസ്തകങ്ങൾ, കരകൌശലവസ്തുക്കൾ, സംരക്ഷണം.
പാടത്തിന് ചുറ്റും നടക്കുന്ന രണ്ട് നായ്ക്കൾ ഞങ്ങളുടെ സംഭാഷണം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. “പൂച്ചകളാണ് കർഷകർക്ക് കൂടുതൽ പ്രയോജനമുള്ളത്.” ഞാൻ ഫോട്ടോകളെടുക്കുമ്പോൾ ലെനിൻ പറയുന്നു. “പ്രത്യേകിച്ചും അവ എലികളെ പിടിക്കുന്നതിൽ മിടുക്കരാണെങ്കിൽ.”
*****
2024 മാർച്ചിലെ പ്രതിമാസ മീറ്റിംഗിൽ, കലസപക്കം ജൈവകർഷക ഫോറം അന്താരാഷ്ട്ര വനിതാദിനം 5-ആം തീയതി ആചരിച്ചു. മൂന്ന് ദിവസം മുമ്പേത്തന്നെ. പുരുഷന്മാർ പിൻസീറ്റുകളിൽ ഇരുന്നു. സ്ത്രീകൾ സംസാരിച്ചു. സുമതി എന്ന കർഷക പുരുഷന്മാരോട് ചോദിക്കുന്നു, “നിങ്ങളുടെ വീട്ടിലെ എല്ലാ സ്ത്രീകൾക്കും – സഹോദരിക്കും, ഭാര്യയ്ക്കും - അവരുടെ പേരിൽ ഭൂമിയുണ്ടായിരുന്നെങ്കിൽ, ഇവിടെ കൂടുതൽ സ്ത്രീകളുണ്ടാവുമായിരുന്നു, അല്ലേ?” ആളുകൾ കൈയ്യടിയോടെയാണ് ആ ചോദ്യത്തെ സ്വീകരിച്ചത്.


2024 മാർച്ച് 5-ന് കൂടിയ കലസപക്കം ജൈവകർഷക ഫോറത്തിന്റെ യോഗത്തിൽ അന്താരാഷ്ട്ര വനിതാദിനം ആചരിച്ചു


2023 ജൂലായിലെ കലസപക്കത്തിലെ വെള്ളിയാഴ്ച ചന്തയിൽ കർഷകർ അവരുടെ ഉത്പന്നങ്ങളുമായി വന്ന്, വിൽക്കുന്നു
“ഞങ്ങൾ എല്ലാ വർഷവും വനിതാദിനം ആചരിക്കാൻ പോവുകയാണ്,” രാജേന്ദ്രൻ പ്രഖ്യാപിക്കുന്നു. എല്ലാവരും കൈയ്യടിച്ചു. അദ്ദേഹത്തിന് മറ്റ് ചില പദ്ധതികളുമുണ്ട്. രണ്ടുവർഷം മുമ്പ് തുടങ്ങിയ വെള്ളിയാഴ്ചകളിലെ ചന്ത വൻവിജയമായി. സമീപത്തുള്ള ഗ്രാമങ്ങളിൽനിന്നുള്ള പത്ത് ഗ്രാമീണർ അവരുടെ ഉത്പന്നങ്ങളുമായി വന്ന് കലസപക്കത്തെ ഒരു സ്കൂളിന്റെ എതിർവശത്തുള്ള പുളിമരത്തിന്റെ ചുവട്ടിലിരുന്ന് വിൽക്കുന്നു. തമിഴ് മാസമായ ആടിയിലെ (ജൂലായ് പകുതി മുതൽ ഓഗസ്റ്റ് പകുതിവരെ) വിത്ത് പാകുന്ന മാസത്തിനുമുമ്പ്, വാർഷിക വിത്തുത്സവത്തിനുള്ള തീയ്യതി തീരുമാനിക്കുന്നു. ജനുവരിയിൽ ഒരു ഭക്ഷ്യോത്സവവും. “മേയ് മാസത്തിൽ നമുക്കൊരു മഹാപഞ്ചായത്തും നടത്താം,” രാജേന്ദ്രൻ പറയുന്നു. “നമുക്ക് കൂടുതൽ സംസാരിക്കാനുണ്ട്. ചെയ്യാനും.”
എന്നാൽ പരസ്യമായി ചർച്ച ചെയ്യാത്ത ചില പ്രശ്നങ്ങളുണ്ട്. നെല്ല് കർഷകർക്കിടയിൽ അഭിമാനമുള്ള കാര്യമാണെങ്കിലും, കർഷകർ സമൂഹത്തിലില്ല എന്ന് ലെനിൻ പറയുനു. “സിനിമകൾ നോക്കൂ, നായകന്മാർ എപ്പോഴും ഡോക്ടർമാരും, എൻജിനീയമാരും, അഭിഭാഷകരുമൊക്കെയാണ്. എവിടെയാണ് കർഷകൻ,” രാജേന്ദ്രൻ ചോദിക്കുന്നു. “ഇതുമൂലം വിവാഹ കമ്പോളത്തിൽ കർഷകരുടെ വില ഇടിയുന്നു,” ലെനിൻ ചൂണ്ടിക്കാട്ടുന്നു.
“ഞങ്ങൾക്ക് സ്വന്തമായി ഭൂമിയും, ബിരുദവും (ചിലപ്പോൾ രണ്ടെണ്ണംവരെ) നല്ല വരുമാനവുമൊക്കെയുണ്ടെങ്കിൽപ്പോലും കർഷകരായതുകൊണ്ട് തള്ളിക്കളയപ്പെടുകയാണ്,” ലെനിൻ പറയുന്നു. “കൃഷിതന്നെ അനിശ്ചിതാവസ്ഥയിലായിരിക്കുകയാണ്. വിവാഹപ്പരസ്യത്തിലൊന്നും ആരും കർഷകരെ ആവശ്യപ്പെടുന്നില്ലല്ലോ, ഉവ്വോ?”
മനസ്സാക്ഷിയുള്ള ഒരു കർഷകനും വിതരണക്കാരനുമെന്ന നിലയ്ക്ക്, സമൂഹത്തിന്റെ പല പ്രശ്നങ്ങൾക്കുമുള്ള ഉത്തരമായിട്ടാണ് ലെനിൻ വൈവിധ്യത്തെ കാണുന്നത്. :ജീവിതത്തിലെപ്പോലെ, ഉപജീവനത്തിലും, വിഭവസമാഹരണം വർദ്ധിപ്പിച്ചാൽ നിങ്ങൾ വിജയിക്കാനുള്ള സാധ്യത കൂടുതലാണ്.”
കൂടുതൽ ഇനങ്ങൾ കൃഷി ചെയ്യുകയും വിൽക്കുകയും ചെയ്യുമ്പോൾ നിങ്ങൾ നഷ്ടസാധ്യതകൾ കുറയ്ക്കുകയാണ് ചെയ്യുന്നത്,” അയാൾ പറയുന്നു. “അങ്ങിനെ മാത്രമേ നിങ്ങൾക്ക് കാലാവസ്ഥാ മാറ്റത്തെ ചെറുക്കാനാവൂ.” വിവിധ ഉദാഹരണങ്ങളും വളർച്ചാകാലഘട്ടവും ഉദാഹരിച്ച് അയാൾ ഇത് വിശദീകരിച്ചു. “ആധുനിക വിത്തിനങ്ങൾ വേഗത്തിൽ വിളവെടുക്കാൻ തയ്യാറാവുമെന്നും തദ്ദേശീയ ഇനങ്ങൾ കൂടുതൽ സമയമെടുക്കുമെന്നുമുള്ള ഒരു ധാരണയുണ്ട്. അത് ശരിയല്ല. പരമ്പരാഗത വിത്തുകളിലും ഹ്രസ്വവും ദീർഘവുമായ വിളവെടുപ്പ് ചക്രങ്ങളുണ്ട്. അതേസമയം ഹൈബ്രിഡുകൾ മിക്കതും മധ്യനിലയിലാണ്. ഒന്നോ രണ്ടോ വിളസീസണുകളേയുള്ളു അവയ്ക്ക്.”
പിന്തുടർച്ചാ നെല്ലിനങ്ങളിൽ കൂടുതൽ സാധ്യതകളുണ്ട്. “ചിലത് ഉത്സവങ്ങൾക്കായി വളർത്തുന്നവയാണ്. ചിലത് ഔഷധത്തിനും. അവയും നല്ല ബലമുള്ള, കീടങ്ങളോട് ചെറുക്കുന്ന, വരൾച്ചയോടും ലവണത്വത്തോടും കിടനിൽക്കുന്ന ഇനങ്ങളാണ്.”


കുതിരവാൽ സാംബ (ഇടത്ത്) രക്തശാലി (വലത്ത്) എന്നീ നെല്ലിനങ്ങൾ ലെനിൻ വളർത്തുന്നുണ്ട്
സംഘർഷം കൂടുതലുള്ളപ്പോൾ വൈവിധ്യവും കൂടുതലാണെന്ന് ഡോ. രംഗലക്ഷ്മി പറയുന്നു. “തീരദേശ തമിഴ് നാട് നോക്കാം. ഗൂഢല്ലൂർ മുതൽ രാമനാഥപുരം ജില്ലവരെയുള്ള സ്ഥലം. അവിടെയുള്ള ലവണാംശവും മണ്ണിന്റെ ഘടനയും, നിരവധി, തനതായ പരമ്പരാഗത നെല്ലിനങ്ങളിലേക്ക് നയിച്ചിട്ടുണ്ട്. വിവിധ കാലയളവിൽ പാകമാകുന്നവ. ഉദാഹരണത്തിന്, നാഗപട്ടണത്തിനും വേദാരണ്യത്തിനുമിടയിലുള്ള സ്ഥലത്ത് കുഴിവെടിച്ചൻ എന്നൊരു അരിയുണ്ട്. 20-ലധികം അതുപോലുള്ള ഇനങ്ങളും.
“നാഗപട്ടണത്തിനും പൂംപുഹാറിനുമിടയിൽ, കലുരുണ്ടൈ എന്നൊരു ഇനമുണ്ടായിരുന്നു. അതുപോലെ നിരവധി മറ്റിനങ്ങളും. കഴിഞ്ഞ കാലങ്ങളിൽ, സൂക്ഷ്മ-കാർഷിക പരിസ്ഥിതിയെ കൈകാര്യം ചെയ്യാൻ കൃഷി ചെയ്തിരുന്നവയാണ് ഇവയൊക്കെ. ഈ വിത്തുകൾ പിന്തുടർച്ചക്കാരാണെന്ന് കരുതപ്പെടുന്നു. അതിനാൽ അടുത്ത സീസണിലേക്ക് സംരക്ഷിച്ചുവെച്ചിരുന്നു. എന്നാലിന്ന്, പുറത്തുനിന്ന് വിത്തുകൾ വന്നുകൊണ്ടിരിക്കുമ്പോൾ, അവയെ സംരക്ഷിക്കുക എന്നത് ഒരു ശീലമല്ലാതായി മാറി.” അതിനാൽ, കാലാവസ്ഥാ വ്യതിയാനം മൂലം വലിയ ഒരു സംഘർഷമുണ്ടായിട്ടും “വിത്തിനങ്ങളെക്കുറിച്ചുള്ള അറിവ് നഷ്ടമായി” എന്ന് ഡോ. രംഗലക്ഷ്മി ചൂണ്ടിക്കാട്ടുന്നു.
വിവിധ വിളകൾ വളർത്തുന്ന ചെറിയ കൃഷിയിടങ്ങൾകൊണ്ടാണ് വൈവിധ്യം നിലനിന്നുപോരുന്നതെന്ന് ലെനിൻ പറയുന്നു. “വലിയ യന്ത്രങ്ങളും വലിയ വിപണികളും മൂലം അത് നശിക്കപ്പെടുന്നു. മഴകൊണ്ട് നനയ്ക്കുന്ന പ്രദേശങ്ങളിൽ വളർത്താവുന്ന വിളകൾ ഇപ്പോഴുമുണ്ട്. കാലാവസ്ഥാ വ്യതിയാനംമൂലം വെല്ലുവിളി നേരിടുന്ന വിളകളാണവ. റാഗി, എള്ള്, ഉഴുന്ന്, അമരപ്പയർ, പേൾ മില്ലറ്റ്, മണിച്ചോളം എന്നിവയൊക്കെ മികച്ചതാണ്. എന്നാൽ കർഷകർ വ്യാവസായികമായ കാർഷികരീതികൾക്ക് പിന്നാലെ പായുകയും കാർഷിക സാമൂഹികനിർമ്മിതിയെ യാന്ത്രികമായ പ്രവർത്തനങ്ങൾ പകരം വെക്കുകയും ചെയ്താൽ, അറിവിന്റെ വലിയ ഒലിച്ചുപോക്കുണ്ടാവും,” ലെനിൻ പറയുന്നു.
ശേഷിയിലുണ്ടാകുന്ന കുറവാണ് ഏറ്റവും വലിയ നഷ്ടം. അറിവ് ആവശ്യമില്ലാഞ്ഞിട്ടല്ല. അറിവ് – വൈദഗ്ദ്ധ്യവും – പിന്നാക്കമായി പരിഗണിക്കപ്പെടുന്നു എന്നുള്ളതുകൊണ്ടാണത്. ഈ വിനാശകരമായ വിശ്വാസംമൂലം പലരും സമൂഹത്തിന്റെ ദൃഷ്ടിയിൽനിന്ന് അകന്നുപോയി,” ലെനിൻ പറയുന്നു.
പരിഹാരമുണ്ടെന്ന് ലെനിൻ വിശ്വസിക്കുന്നു. “ഈ മേഖലയിൽനിന്നുള്ള യഥാർത്ഥ ഇനങ്ങളെ നമ്മൾ തിരിച്ചറിയണം. എന്നിട്ട് അവയെ സംരക്ഷിച്ച്, കൃഷി ചെയ്ത്, പ്ലേറ്റിലേക്ക് വീണ്ടും എത്തിക്കണം. എന്നാൽ വിപണിയെന്ന മൃഗത്തിനെ മെരുക്കാൻ, ഈ തിരുവണ്ണാമലയിൽത്തന്നെ നിങ്ങൾക്ക് ഒരു നൂറ് സംരംഭകരെയെങ്കിലും വേണ്ടിവരും,” ലെനിൻ പറയുന്നു.
“അഞ്ചുവർഷത്തിനുള്ളിൽ, ഒരു കോ-ഓപ്പറേറ്റീവിന്റെ ഭാഗമാകാനും കൂട്ടുകൃഷി ആരംഭിക്കാനും ഞാൻ ഉദ്ദേശിക്കുന്നു. കഴിഞ്ഞ കൊല്ലം ധാരാളം മഴദിവസങ്ങളുണ്ടായിരുന്നുവെന്ന് അറിയാമല്ലോ. നാല്പത് ദിവസത്തോളം വെയിലേ ഉണ്ടായിരുന്നില്ല. എങ്ങിനെയാണ് നിങ്ങൾ നെല്ലുണക്കുക? ഒരു ഡ്രയർ സംവിധാനം ഞങ്ങൾക്ക് ആവശ്യമാണ്. കൂട്ടായ്മയാവുമ്പോൾ നമുക്ക് ശക്തി കൂടും.
മാറ്റമുണ്ടാവുമെന്ന് അദ്ദേഹത്തിന് ഉറപ്പാണ്. അയാളുടെ വ്യക്തിജീവിതത്തിൽ അതുണ്ടായിട്ടുണ്ട്. ജൂണിൽ ലെനിൻ വിവാഹിതനാവാൻ പോവുന്നു. “രാഷ്ട്രീയഘട്ടത്തിലോ, നയത്തിന്റെ തലത്തിലോ, മാറ്റം സാവധാനത്തിലേ ഉണ്ടാവൂ എല്ലാം വളരെ വേഗത്തിലായാൽ ഒരുപക്ഷേ തിരിച്ചടിയുണ്ടായേക്കാം”.
അതുകൊണ്ടാണ് കൂട്ടുകാരൊത്തുള്ള ലെനിന്റെ
സാവധാനത്തിലുള്ള നിശ്ശബ്ദ വിപ്ലവം ജയിക്കാൻ ഇടയുള്ളത്...
അസിം പ്രേംജി യൂണിവേഴ്സിറ്റിയുടെ 2020-ലെ റിസർച്ച് ഫണ്ടിംഗിന്റെ ഭാഗമായിട്ടുള്ള ഫണ്ട് ഉപയോഗിച്ച് നടത്തിയ പഠനമാണ് ഇത്.
ടിപ്പർ: പിൻഭാഗം ഉയർത്താൻ കഴിവുള്ള ഒരു ട്രക്ക്. ആ സംവിധാനത്തിലൂടെ, ട്രക്കിലുള്ള ഭാരം നിലത്തിറക്കാൻ എളുപ്പമാണ്
കവർച്ചിത്രം: നെല്ലിനങ്ങൾ, കുള്ളങ്കർ, കരുടൻ സാംബ, കരുൺസീരക സാബ – ഫോട്ടോ: എം. പളനി കുമാർ
പരിഭാഷ: രാജീവ് ചേലനാട്ട്