“മുക്തസാറിന്റെ ചിത്രപ്പണികളുള്ള
ഒരു ജുത്തി എനിക് വാങ്ങിത്തരൂ പ്രിയപ്പെട്ടവനേ,
കാണാൻ എന്തൊരു ചേലായിരിക്കും."
പരുപരുത്ത പരുത്തിനൂലിലുള്ള തന്റെ പിടി ഒന്നുകൂടി മുറുക്കി ഹൻസ് രാജ്. നൂൽ കയറ്റാനായി മൂർച്ചയുള്ള ഒരു സ്റ്റീൽ സൂചി ആ ഷൂ നിർമ്മാതാവ് ബലമുള്ള തോലിലേക്ക് ആഴ്ത്തുകയും പുറത്തെടുക്കുകയും ചെയ്തു. ഏകദേശം 400 തവണ ഇതുതന്നെ ആവർത്തിച്ച്, ഒരു ജോടി പഞ്ചാബി ജുത്തികൾ (ആവരണമുള്ള ഷൂസുകൾ) അയാൾ നിർമ്മിച്ചു. അതുണ്ടാക്കുമ്പോഴൊക്കെ, നിശ്ശബ്ദതയെ ഭഞ്ജിച്ചുകൊണ്ട്, അദ്ദേഹം ‘ഉം’, ‘ഉം’, എന്ന് അമർത്തി മൂളുന്നുണ്ടായിരുന്നു.
പഞ്ചാബിലെ ശ്രീ മുക്തസാർ സാഹിബ് ജില്ലയിലെ രൂപാന ഗ്രാമത്തിലെ ഒരേയൊരു പരമ്പരാഗത ജുത്തി നിർമ്മാതാവാണ് ഹൻസ് രാജ്.
“മിക്കവർക്കും അറിയില്ല, എങ്ങിനെയാണ് ഒരു പഞ്ചാബി ജുത്തി നിർമ്മിക്കുന്നത്, ആരാണ് ഉണ്ടാക്കുന്നത് എന്നൊന്നും. ഇത് യന്ത്രങ്ങൾകൊണ്ട് ഉണ്ടാക്കുന്നതാണെന്നൊരു തെറ്റിദ്ധാരണ വ്യാപകമാണ്. എന്നാൽ, നൂൽക്കാനുള്ള തയ്യാറെടുപ്പ് മുതൽ അവസാനഘട്ടംവരെ എല്ലാ ജോലികളും കൈകളുപയോഗിച്ചാണ് ചെയ്യുന്നത്”, കഴിഞ്ഞ അരനൂറ്റാണ്ടായി ഈ തൊഴിലിലേർപ്പെട്ടുകൊണ്ടിരിക്കുന്ന ആ 61-കാരൻ പറയുന്നു. “മുക്തസർ, മലോട്ട്, ഗിദർബഹ, പട്യാല, എവിടെ വേണമെങ്കിലും നിങ്ങൾ പോയി നോക്കിക്കോളൂ, എന്നെപ്പോലെ വൃത്തിയായി ഈ ജോലി ചെയ്യുന്ന ഒരാളെ നിങ്ങൾക്ക് കാണാൻ പറ്റില്ല”, തെല്ലഭിമാനത്തോടെ ഹൻസ് രാജ് പറയുന്നു.
വാടകയ്ക്കെടുത്ത ഒരു പണിശാലയുടെ കവാടത്തിനരികിൽ, ഒരു പരുത്തിപ്പായയിൽ എല്ലാ ദിവസവും രാവിലെ 7 മണിക്ക് വന്നിരുന്ന് ഹൻസ് രാജ് ജോലിയാരംഭിക്കുന്നു. പണിശാലയുടെ ചുമരിൽ മുഴുവൻ ആണുങ്ങൾക്കും പെണ്ണുങ്ങൾക്കുമുള്ള പഞ്ചാബി ജുത്തികൾ നിരന്നിരിക്കുന്നു. ഒരു ജോടി ജുത്തിക്ക് 400 മുതൽ, 1,600 രൂപവരെ വിലയുണ്ട്. മാസത്തിൽ, താൻ ഇതിൽനിന്ന് 10,000 രൂപവരെ സമ്പാദിക്കുന്നുവെന്ന് അദ്ദേഹം പറയുന്നു.


ഇടത്ത്: കൈകൊണ്ട് തോലിന്റെ ജുത്തി തയ്ച്ച് ചിത്രപ്പണി നടത്തുന്ന ഹൻസ് രാജിന്റെ വാടകയ്ക്കെടുത്ത പണിശാല. വലത്ത്: പണിശാലയുടെ ഉള്ളിലെ ഭിത്തികളിൽ അദ്ദേഹമുണ്ടാക്കിയ ജുത്തികൾ നിരത്തിവെച്ചിരിക്കുന്നു


കഴിഞ്ഞ അരനൂറ്റാണ്ടായി ഹൻസ് രാജ് ഈ തൊഴിൽ ചെയ്യുകയാണ്. സൂചികൊണ്ട് പരുക്കൻ തുകലിൽ കുത്തുന്നതിനുമുമ്പ്, ബാക്കിവന്ന അധിക നൂൽ പല്ലുകൊണ്ട് കടിച്ചുപിടിക്കുന്നു
പഴക്കം ചെന്ന മതിലിൽ ചാരിയിരുന്നുകൊണ്ട്, അടുത്ത 12 മണിക്കൂർ അദ്ദേഹം കൈകൊണ്ട് ഷൂസുകൾ നിർമ്മിക്കുന്നു. ചാരിയിരിക്കുന്ന ഭാഗത്ത് പാട് കാണാം. സിമന്റ് തേഞ്ഞുപോയിട്ടുണ്ട്. “ദേഹം വേദനിക്കും, പ്രത്യേകിച്ചും കാലുകൾ” കാൽമുട്ടുകൾ ഉഴിഞ്ഞുകൊണ്ട് ഹൻസ് രാജ് പറയുന്നു. “വേനൽക്കാലത്ത്, വിയർപ്പുകാരണം പുറംഭാഗം മുഴുവൻ ചൂടുകുരു പൊങ്ങി വേദനീക്കും”.
15 വയസ്സുള്ളപ്പോൾ അച്ഛനിൽനിന്ന് പഠിച്ചതാണ് ഈ കല. “എനിക്ക് കൂടുതൽ ഇഷ്ടം പുറത്ത് ചുറ്റിക്കറങ്ങുന്നതായിരുന്നു. ചില ദിവസം ഇത് പഠിക്കാനിരിക്കും. ചിലപ്പോൾ ഇരിക്കില്ല”, അദ്ദേഹം പറയുന്നു. വളർന്നപ്പോഴേക്കും ജോലിഭാരം കൂടി. ജോലി ചെയ്യുന്ന സമയവും വർദ്ധിച്ചു.
പഞ്ചാബിയും ഹിന്ദിയും കലർന്ന ഒരു ഭാഷയിൽ ഹൻസ് രാജ് പറഞ്ഞു, “ഈ ജോലിയിൽ കൃത്യത വേണം”. വർഷങ്ങളായി കണ്ണടയില്ലാതെയാണ് ഹൻസ് രാജ് പണിയെടുക്കുന്നത്. “കാഴ്ചയിൽ മാറ്റം വരുന്നുണ്ടെന്ന് ഈയിടെ ഞാൻ മനസ്സിലാക്കി. കൂടുതൽ നേരം ജോലി ചെയ്താൽ, കണ്ണിന് ക്ഷീണമാണ്. എല്ലാം രണ്ടായി കാണും”.
സാധാരണ ജോലിദിവസങ്ങളിൽ, ജോലിയുടെ കൂടെ, ചായ കുടിയും, റേഡിയോയിൽ പാട്ടും വാർത്തകളും കമന്ററിയും മറ്റും കേൾക്കലുമൊക്കെ നടക്കും. റേഡിയോയിൽ അദ്ദേഹത്തിന് ഏറ്റവും ഇഷ്ടമുള്ളത്, പ്രേക്ഷകർ ആവശ്യപ്പെട്ട പഴയ ഹിന്ദി, പഞ്ചാബി പാട്ടുകൾ കേൾപ്പിക്കുന്ന “ഫാർമയിഷി’ എന്ന പ്രോഗ്രാമാണ്. എന്നാലും ഇതുവരെ അദ്ദേഹം പാട്ടാവശ്യപ്പെട്ട് വിളിച്ചിട്ടൊന്നുമില്ല. “എനിക്ക് അക്കങ്ങൾ വായിക്കാനും ഡയൽ ചെയ്യാനുമൊന്നും അറിയില്ല”, അദ്ദേഹം പറയുന്നു.


'ജുത്തിയുടെ മുകൾഭാഗത്തുനിന്നാണ് (മടമ്പിന്റെ അറ്റത്തുനിന്ന്) ഞാൻ തയ്ക്കാൻ തുടങ്ങുക.. നല്ല കൈത്തൊഴിലുകാർക്കേ ഇത് വൃത്തിയായി ചെയ്യാനാവൂ. അല്ലാത്തവർക്ക് പറ്റില്ല’, അദ്ദേഹം പറയുന്നു
സ്കൂളിൽ ഒരിക്കലും പോയിട്ടില്ലെങ്കിലും ഗ്രാമത്തിന് പുറത്തുള്ള പുതിയ സ്ഥലങ്ങൾ കണ്ടുപിടിക്കാൻ വലിയ താത്പര്യമാണ് അദ്ദേഹത്തിന്. സമീപഗ്രാമത്തിലെ സുഹൃത്തായ ഒരു സന്ന്യാസിയുടെ കൂടെയാണ് അദ്ദേഹം പോകാറുള്ളത്. “എല്ലാവർഷവും ഞങ്ങൾ യാത്ര പോകും. അയാൾക്ക് സ്വന്തമായി കാറുണ്ട്. കൂടെ വരാൻ അദ്ദേഹം ക്ഷണിക്കും. വേറെയും രണ്ടുമൂന്നുപേരെ കൂട്ടി, ഞങ്ങളൊരുമിച്ച്, ഹരിയാന, രാജസ്ഥാനിലെ ആൾവാർ, ബിക്കാനിർ തുടങ്ങിയ സ്ഥലങ്ങളിലൊക്കെ പോയിട്ടുണ്ട്”.
*****
വൈകീട്ട് 4 മണിയായി. നവംബർ മധ്യത്തിലെ ഇളം ചൂടുള്ള സൂര്യവെളിച്ചത്തിൽ രൂപാന ഗ്രാമം മുങ്ങിക്കിടക്കുകയാണ്. ഹൻസ് രാജിന്റെ ഒരു സ്ഥിരം ഉപഭോക്താവ് ഒരു കൂട്ടുകാരനേയും കൂട്ടി ഒരു ജോടി പഞ്ചാബി ജുത്തി വാങ്ങാൻ വന്നു. “നാളെ ഒരു ജുത്തി ഉണ്ടാക്കിക്കൊടുക്കാമോ?” അയാൾ ചോദിച്ചു. അയാളുടെ കൂട്ടുകാരൻ ദൂരെനിന്ന്, 175 കിലോമീറ്റർ ദൂരെയുള്ള ഹരിയാനയിലെ തൊഹാനയിൽനിന്ന് – വന്നതാണ്.
“അയ്യോ, നാളെക്കുള്ളിൽ പറ്റില്ല”, സൌഹൃദത്തോടെ, പുഞ്ചിരിച്ചുകൊണ്ട് ഹൻസ് രാജ് പറയുന്നു. എന്നാൽ കസ്റ്റമർ വിടാനുള്ള ഭാവമുണ്ടായിരുന്നില്ല. “പഞ്ചാബി ജുത്തിക്ക് പ്രശസ്തമാണ് മുക്തസർ” പട്ടണത്തിൽ ആയിരക്കണക്കിന് ജുത്തി കടകളുണ്ട്. എന്നാൽ രൂപാനയിൽ, ഇദ്ദേഹം മാത്രമാണ് ഇവ കൈകൊണ്ടുണ്ടാക്കുന്നത്. ഞങ്ങൾക്ക് ഇദ്ദേഹത്തിന്റെ ജോലിയെക്കുറിച്ച് നന്നായറിയാം”, അയാൾ കൂട്ടിച്ചേർത്തു.
ദീപാവലിവരെ, കട മുഴുവൻ ജുത്തികൾ നിറഞ്ഞിരിക്കുമെന്ന് ആ കസ്റ്റമർ ഞങ്ങളോട് പറയുന്നു. ഒരു മാസം കഴിഞ്ഞ്, നവംബറിൽ 14 ജോടികൾ മാത്രമാണ് അവശേഷിച്ചതത്രെ. ഹൻസ് രാജിന്റെ ജുത്തികൾക്ക് എന്താണിത്ര സവിശേഷത? “ഇദ്ദേഹമുണ്ടാക്കുന്നവ, നടുഭാഗത്ത് പരന്നിരിക്കും. ഉണ്ടാക്കുന്ന ആളുടെ കൈയ്യിന്റെ വ്യത്യാസമാണത്”, ഭിത്തിയിൽ തൂക്കിയിട്ടിരിക്കുന്ന ജുത്തികൾ ചൂണ്ടി അയാൾ വിശദീകരിക്കുന്നു.


‘പട്ടണത്തിൽ ആയിരക്കണക്കിന് ജുത്തി കടകളുണ്ട്. എന്നാൽ രൂപാനയിൽ, ഇദ്ദേഹം മാത്രമാണ് ഇവ കൈകൊണ്ടുണ്ടാക്കുന്നത്” ഹൻസ് രാജിന്റെ ഒരു ഉപഭോക്താവ് ഞങ്ങളോട് പറയുന്നു
ഹൻസ് രാജ് ഒറ്റയ്ക്കല്ല ജോലി ചെയ്യുന്നത്. ചില ജുത്തികൾ അദ്ദേഹം, 12 കിലോമീറ്റർ അകലെയുള്ള ഖുനാൻ ഖുർദ് ഗ്രാമത്തിലെ വിദഗ്ദ്ധ ഷൂ നിർമ്മാതാവായ സന്ത് റാമിന് തയ്ക്കാൻ കൊടുക്കും. ദീപാവലിക്കും, നെല്ലിന്റെ വിളവെടുപ്പ് കാലത്തും, ആവശ്യക്കാർ കൂടുതലാവുമ്പോൾ, ഹൻസ് രാജ് തന്റെ ജോലി ഉപകരാർ കൊടുക്കുകയാണ് ചെയ്യുക. ഒരു ജോടി തയ്ക്കാൻ 80 രൂപയ്ക്ക്.
ഒരു കരകൌശലക്കാരനും, ജോലിക്കാരനും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് വിദഗ്ദ്ധനായ ഈ ഷൂ നിർമ്മാതാവ് ഞങ്ങൾക്ക് വിശദീകരിച്ചുതരുന്നു. “ഞാനെപ്പോഴും പന്ന യാണ് (മടമ്പിന്റെ മുകൾഭാഗം) ആദ്യം തയ്ച്ചുതുടങ്ങുക. ജുത്തി നിർമ്മാണത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള പണിയാണത്. അത് നന്നായി ചെയ്യാനറിയുന്നവരാണ് യഥാർത്ഥ കരകൌശലവിദഗ്ദ്ധർ. മറ്റുള്ളവരല്ല”.
അത് എളുപ്പത്തിൽ പഠിച്ചതല്ല അദ്ദേഹം. “നൂലുകൊണ്ട് ഷൂസുകൾ തയ്ക്കുന്നതിൽ ആദ്യമൊന്നും എനിക്ക് മിടുക്കുണ്ടായിരുന്നില്ല. എന്നാൽ, അത് മനസ്സിലാക്കണമെന്ന് മനസ്സുകൊണ്ട് തീരുമാനിച്ചപ്പോൾ രണ്ടുമാസംകൊണ്ട് ഞാനത് പഠിച്ചെടുത്തു. ജോലിയുടെ ബാക്കിഭാഗങ്ങൾ സമയമെടുത്ത്, ആദ്യം അച്ഛനോട് ചോദിച്ചും, പിന്നീട് അദ്ദേഹം ചെയ്യുന്നത് നോക്കിയുമാണ് ഞാൻ പഠിച്ചെടുത്തത്”, ഹൻസ് രാജ് സൂചിപ്പിച്ചു.
കഴിഞ്ഞ ചില വർഷങ്ങളായി അദ്ദേഹം ചില പരിഷ്കാരങ്ങൾ വരുത്തിയിട്ടുണ്ട്. ജുത്തിയുടെ ഇരുഭാഗത്തും, സന്ധികളെ ബന്ധിപ്പിച്ചുകൊണ്ട്, തുകലിന്റെ ചെറിയ കഷണങ്ങൾ തയ്ച്ചുപിടിപ്പിക്കുക എന്ന വിദ്യ. “ഈ ചെറിയ കഷണങ്ങൾ ജുത്തിക്ക് നല്ല ബലം കൊടുക്കും. പെട്ടെന്നൊന്നും കേടുവരാതെ അവയെ സംരക്ഷിക്കും”, അദ്ദേഹം വിശദീകരിക്കുന്നു.


ജുത്തി നിർമ്മാണം കൃത്യത ആവശ്യമുള്ള കലയാണ് “നൂലുകൊണ്ട് ഷൂസുകൾ തയ്ക്കുന്നതിൽ ആദ്യമൊന്നും എനിക്ക് മിടുക്കുണ്ടായിരുന്നില്ല’. എന്നാൽ, അത് മനസ്സിലാക്കണമെന്ന് മനസ്സുകൊണ്ട് ആഗ്രഹിച്ചപ്പോൾ രണ്ടുമാസംകൊണ്ട് അദ്ദേഹമത് പഠിച്ചെടുത്തു
*****
ഹൻസ് രാജും, ഭാര്യ വീർപൽ കൌറും, രണ്ട് ആണ്മക്കളും, ഒരു പെൺകുട്ടിയും – മക്കളൊക്കെ വിവാഹിതരും രക്ഷിതാക്കളുമായിക്കഴിഞ്ഞു – അടങ്ങുന്ന കുടുംബം, 18 വർഷം മുമ്പാണ് സമീപത്തെ ഖുനാൻ ഖുർദ് ഗ്രാമത്തിൽനിന്ന് രൂപാനയിലേക്ക് താമസം മറ്റിയത്. ആ സമയത്ത്, അവരുടെ ഇപ്പോൾ 36 വയസ്സുള്ള മൂത്ത മകൻ, ഗ്രാമത്തിലെ ഒരു കടലാസ്സു കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു.
“ഖുനാൻ ഖുർദിൽ, മിക്കവാറും ദളിത് കുടുംബങ്ങളാണ് വീടുകളിലിരുന്ന് ഈ ജുത്തികൾ ഉണ്ടാക്കിയിരുന്നത്. കാലം കടന്നുപോയപ്പോൾ, പുതിയ തലമുറയൊന്നും ഈ കല പഠിച്ചെടുത്തില്ല. അറിയാവുന്നവർ ഓരോരുത്തരായി മൺമറയുകയും ചെയ്തു”, ഹൻസ് രാജ് പറയുന്നു.
ഇന്ന്, അദ്ദേഹത്തിന്റെ പഴയ ഗ്രാമത്തിൽ മൂന്ന് കരകൌശലത്തൊഴിലാളികൾ മാത്രമാണ് കൈകൊണ്ടുള്ള ജുത്തി നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്നത്. അവർ മൂവരും ഹൻസ് രാജിന്റെ സമുദായമായ രാംദാസി ചാമർ (സംസ്ഥാനത്ത് പട്ടികജാതിക്കാരാണ് അവർ) വിഭാഗക്കാരാണ്. രൂപാനയിൽ ഹൻസ് രാജ് മാത്രവും.
“ഖുനൻ ഖുർദിൽ ഞങ്ങളുടെ കുട്ടികൾക്ക് ഒരു ഭാവിയും കണ്ടില്ല. അതുകൊണ്ട് അവിടെയുള്ള സ്ഥലമൊക്കെ വിറ്റ് ഇവിടെ വന്ന് വാങ്ങി”, വീർപൽ കൌർ പറയുന്നു. അവരുടെ ശബ്ദത്തിൽ നിശ്ചയദാർഢ്യവും പ്രതീക്ഷയുമുണ്ടായിരുന്നു. ഉത്തർ പ്രദേശിൽനിന്നും ബിഹാറിൽനിന്നുമുള്ള, സമീപഗ്രാമങ്ങളിലെ കുടിയേറ്റത്തൊഴിലാളികളുടെ സ്വാധീനംകൊണ്ട് സ്വായത്തമാക്കിയ ഹിന്ദിയിലായിരുന്നു വീർപാൽ സംസാരിച്ചിരുന്നത്. കടലാസ്സ് മില്ലിൽ ജോലിചെയ്യുന്നവരും, ചുറ്റുവട്ടത്ത് വാടകമുറികളിൽ ജീവിക്കുന്നവരുമായിരുന്നു ആ കുടിയേറ്റത്തൊഴിലാളികൾ മിക്കവരും.


ഹൻസ് രാജിന്റെ ഭാര്യ വീർപാൽ കൌർ ജുത്തിയിൽ അലങ്കാരപ്പണികൾ ചെയ്യാൻ പഠിച്ചത് അവരുടെ ഭർത്തൃമാതാവിൽനിന്നാണ്. മറ്റ് ശല്യങ്ങളൊന്നുമില്ലാതെ, ഒറ്റയ്ക്കിരുന്ന് ജോലി ചെയ്യാനാണ് അവർക്ക് താത്പര്യം


ഒരു ജോടി ചെരുപ്പിൽ അലങ്കാരപ്പണികൾ ചെയ്യാൻ അവർ ഒരു മണിക്കൂറെടുക്കുന്നു, ശ്രദ്ധിച്ചില്ലെങ്കിൽ വിരലുകളിൽ കുത്തിക്കയറാൻ മാത്രം മൂർച്ചയുള്ള സൂചികളാണ് താൻ ഉപയോഗിക്കുന്നതെന്ന് വീർപാൽ പറയുന്നു
അതാദ്യമായിട്ടായിരുന്നില്ല ഹൻസ് രാജിന്റെ കുടുംബം കുടിയേറിയത്. “എന്റെ അച്ഛൻ ഹരിയാനയിലെ നാർനാളിൽനിന്ന് പഞ്ചാബിലെത്തിയതിനുശേഷമാണ് ജുത്തി നിർമ്മിക്കാൻ തുടങ്ങിയത്” ഹൻസ് രാജ് പറയുന്നു.
2017-ൽ ശ്രീ മുക്തസാർ സാഹിബ് ജില്ലയിലെ ഗുരു നാനാക്ക് വനിതാ കൊളേജ് നടത്തിയ പഠനം പറയുന്നത്, ജുത്തിയുണ്ടാക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങൾ 1950-കളിൽ രാജസ്ഥാനിൽനിന്ന് പഞ്ചാബിലേക്ക് പലായനം ചെയ്തുവെന്നാണ്. ഹൻസ് രാജിന്റെ പൂർവ്വിക ഗ്രാമമായ നർനാൾ സ്ഥിതിചെയ്യുന്നത്, ഹരിയാനയുടേയും രാജസ്ഥാനിന്റേയും അതിർത്തിയിലാണ്.
*****
“തുടങ്ങിയ കാലത്ത്, ഒരു ജോടിക്ക് 30 രൂപയായിരുന്നു വില. ഇപ്പോൾ, മുഴുവൻ അലങ്കാരപ്പണികൾ നടത്തിയ ഒരു ജുത്തിക്ക് 2,500 രൂപയിലധികം വില വരും”, ഹൻസ് രാജ് പറയുന്നു.
തന്റെ പണിശാലയിലുള്ള ചെറുതും വലുതുമായ തുകലിന്റെ കഷണങ്ങളിൽനിന്ന്, അദ്ദേഹം രണ്ട് വ്യത്യസ്ത ഇനം തുകലുകൾ കാട്ടിത്തന്നു. ഒന്ന് പശുവിന്റേയും മറ്റൊന്ന് എരുമയൂടേയും. “എരുമയുടെ തോൽ, മടമ്പിന്റെ ഭാഗത്താണ് ഉപയോഗിക്കുക. പശുവിന്റേത് ഷൂസിന്റെ മുകൾഭാഗത്തെ പകുതിയിലും”, ഒരുകാലത്ത് തന്റെ തൊഴിലിന്റെ നട്ടെല്ലായിരുന്ന ആ അസംസ്കൃതവിഭവങ്ങളിൽ കൈകൊണ്ട് തലോടി, ഹൻസ് രാജ് പറയുന്നു.
വെയിലത്തിട്ടുണക്കിയ പശുത്തോൽ കൈയ്യിലുയർത്തി, അദ്ദേഹം ഞങ്ങളോട്, അതിൽ തൊടുന്നതിൽ വിരോധമുണ്ടോ എന്ന് ചോദിച്ചു. ഞങ്ങൾ തയ്യാറാണെന്ന് പറഞ്ഞപ്പോൾ, അദ്ദേഹം ഞങ്ങളോട് ആ രണ്ട് തുകലുകളും തൊട്ടുനോക്കി വ്യത്യാസം മനസ്സിലാക്കാൻ ആവശ്യപ്പെട്ടു. എരുമത്തോലിന്റെ ഘനം ഏതാണ്ട് 80 കടലാസ്സ് ഷീറ്റുകൾക്ക് തുല്യമായിരുന്നു. പശുവിന്റേത് ഒരു 10 കടലാസ്സുകളുടെ ഘനവും. തൊലിയുടെ ഘടനയിൽ, എരുമത്തോൽ മിനുസമുള്ളതും ബലമുള്ളതുമായിരുന്നു. മറിച്ച്, പശുത്തോലാകട്ടെ, പുറമേ അല്പം പരുക്കനായിരുന്നുവെങ്കിലും, എളുപ്പത്തിൽ മടക്കാനും വളയ്ക്കാനും പറ്റുന്ന ഒന്നായിരുന്നു.

ജുത്തിയുടെ മടമ്പുണ്ടാക്കാനുപയോഗിക്കുന്ന കട്ടിയുള്ള തുകൽക്കഷണങ്ങളുടെ ഒരു കെട്ട് ഹൻസ് രാജ് തുറന്നു. ‘മടമ്പിന്റെ ഭാഗത്ത് എരുമത്തോലാണ് ഉപയോഗിക്കുക, മുകൾഭാഗത്തിന്റെ പകുതിയിൽ പശുത്തോലും’, അദ്ദേഹം വിശദീകരിക്കുന്നു


ഇടത്ത്: വെയിലത്തിട്ടുണക്കിയ എരുമത്തോൽ ഉപയോഗിക്കുന്നതിനുമുമ്പ്, അത് വെള്ളത്തിലിട്ട് കുതിർക്കും. ജുത്തിയുടെ മുകൾഭാഗം പശുത്തോലുകൊണ്ടാണ് നിർമ്മിക്കുന്നത്
തുകലിന്റെ വിലയിലുള്ള വർദ്ധനവും – മുഖ്യ അസംസ്കൃതവസ്തുവാണത് – ഷൂസിലേക്കും സ്ലിപ്പറുകളിലേക്കുമുള്ള മാറ്റവും (ബൂട്ട് ചപ്പൽ എന്നാണ് അദ്ദേഹം അതിനെ വിശേഷിപ്പിക്കുന്നത്) കാരണം, ഈ തൊഴിലിലേക്ക് വരുന്ന ആളുകളുടെ എണ്ണം കുറഞ്ഞു.
വളരെ ശ്രദ്ധയോടെയാണ് അദ്ദേഹം തന്റെ ഉപകരണങ്ങൾ പരിപാലിക്കുന്നത്. ജുത്തിക്ക് ആകൃതി കൊടുക്കുന്നതിനായി തുകൽ മുറിക്കാനും ചിരണ്ടിക്കളയാനും ഒരു കട്ടർ (റമ്പി); ചെരുപ്പിന് ബലം കിട്ടുന്നതുവരെ അടിച്ചുപരത്താൻ ഒരു മരത്തിന്റെ ചുറ്റിക (മോർഗ) എന്നിവയാണ് അദ്ദേഹം ഉപയോഗിക്കുന്നത്. മരത്തിന്റെ ചുറ്റിക അദ്ദേഹത്തിന് അച്ഛനിൽനിന്ന് കിട്ടിയതാണ്. മാനിന്റെ കൊമ്പുകൊണ്ടുണ്ടാക്കിയ ഒരു ഉപകരണം കിട്ടിയതും അച്ഛനിൽനിന്നാണ്. കൈയ്യിൽ പിടിച്ച് ഷൂസിന്റെ അറ്റം ആകൃതി വരുത്തുന്നതിനുപകരം ഉപയോഗിക്കുന്നതാണ് ഈ ഉപകരണം.
വെയിലത്തുണക്കിയ തുകലുകൾ വാങ്ങാൻ, ഗ്രാമത്തിൽനിന്ന് 170 കിലോമീറ്റർ അകലെയുള്ള ജലന്ധറിലെ മൊത്ത വില്പനച്ചന്തയിലേക്കാണ് അദ്ദേഹം പോവുക. മോഗയിലേക്ക് ബസ്സും, അവിടെനിന്ന് ജലന്ധറിലേക്ക് മറ്റൊരു ബസ്സും. ഒരു ഭാഗത്തേക്കുള്ള യാത്രയ്ക്കുതന്നെ 200 രൂപ ചിലവാകും.
ദീപാവലിക്ക് രണ്ടുമാസം മുമ്പാണ് ഒടുവിലായി അദ്ദേഹം യാത്ര ചെയ്തത്. അന്ന് 150 കിലോഗ്രാം ഉണക്കിയ തുകൽ, 20,000 രൂപ കൊടുത്ത് വാങ്ങി. ഇത് കൊണ്ടുവരുന്നതിൽ എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവിക്കാറുണ്ടോ എന്ന ചോദ്യത്തിന്, ഉണക്കാത്ത തുകൽ കൊണ്ടുവരാനാണ് കൂടുതൽ ബുദ്ധിമുട്ട് എന്ന് അദ്ദേഹം മറുപടി പറഞ്ഞു.


ഹൻസ് രാജ് തന്റെ ഉപകരണങ്ങളെ ശ്രദ്ധയോടെ പരിപാലിക്കുന്നു. അതിൽ രണ്ടെണ്ണം അദ്ദേഹത്തിന് കിട്ടിയത് അച്ഛനിൽനിന്നായിരുന്നു
![The wooden morga [hammer] he uses to beat the leather with is one of his inheritances](/media/images/12a-DSC05576-1-NM-No_one_can_craft_a_jutti.max-1400x1120.jpg)
![The wooden morga [hammer] he uses to beat the leather with is one of his inheritances](/media/images/12b-DSC05461-1-NM-No_one_can_craft_a_jutti.max-1400x1120.jpg)
തുകൽ തല്ലിച്ചതയ്ക്കാനുള്ള മരത്തിന്റെ ചുറ്റികയാണ് അച്ഛനിൽനിന്ന് കിട്ടിയ രണ്ട് ഉപകരണങ്ങളിൽ ഒന്ന്
ഗുണമേന്മയുള്ള തുകൽ തിരഞ്ഞെടുക്കാൻ അദ്ദേഹം ചന്തയിൽ പോകും. വ്യാപാരികളാണ് മുക്തസർ എന്ന സമീപ പട്ടണത്തിലേക്ക് തുകലെത്തിക്കുക. അവിടെനിന്ന് ഹൻസ് രാജ് അത് ഗ്രാമത്തിലേക്ക് കൊണ്ടുപോകും. “ഒറ്റയ്ക്ക് ഇത്ര വലിയ ചുമട് ബസ്സിൽ കൊണ്ടുപോകുന്നത് അസാധ്യമാണ്”, അദ്ദേഹം പറയുന്നു.
കഴിഞ്ഞ കുറേ വർഷങ്ങളായി, ജുത്തിയുണ്ടാക്കാനുള്ള സാമഗ്രികൾക്ക് പരിണാമം സംഭവിച്ചിട്ടുണ്ട്. റെക്സിൻ പോലുള്ള കൃത്രിമ തുകലുകളും, നേരിയ സെല്ലുലർ ഷീറ്റുകളും ഇപ്പോൾ പതിവായി ഉപയോഗിച്ചുവരുന്നുണ്ടെന്ന് മലോട്ടിലെ ഗുരു രവിദാസ് കോളനിയിലെ ചെറുപ്പക്കാരായ ഷൂ നിർമ്മാതാക്കൾ രാജ് കുമാറും, മഹീന്ദർ കുമാറും പറയുന്നു. നാല്പതിനടുത്ത് പ്രായമുള്ള രാജും മഹീന്ദറും ദളിത് ജാദവ് സമുദായക്കാരാണ്.
“മൈക്രോ ഷീറ്റിന് കിലോയ്ക്ക് 130 രൂപയാണെങ്കിൽ, പശുത്തോലിന് 160 മുതൽ 200 രൂപവരെയാണ് വില”, മഹീന്ദർ പറയുന്നു. നാട്ടിൽ തുകൽ അപൂർവ്വമായേ കിട്ടാറുള്ളുവെന്നും അയാൾ കൂട്ടിച്ചേർത്തു. “മുമ്പൊക്കെ, കോളനിയിൽ നിറയെ തോൽ ഊറയ്ക്കിടുന്ന സ്ഥാപനങ്ങളുണ്ടായിരുന്നു. തോലിന്റെ ദുർഗന്ധവും അന്തരീക്ഷത്തിൽ തങ്ങിനിന്നിരുന്നു. “എന്നാൽ ബസ്തി വളർന്നതോടെ, ആ സ്ഥാപനങ്ങളൊക്കെ അടച്ചുപൂട്ടി”, രാജ് പറയുന്നു.
ചെറുപ്പക്കാർ ഈ തൊഴിലിലേക്ക് വരുന്നില്ലെന്നും ആ ചെറുപ്പക്കാർ നിരീക്ഷിക്കുന്നു. വരുമാനക്കുറവ് മാത്രമല്ല കാരണം. “വസ്ത്രത്തിൽപ്പോലും അതിന്റെ മണം തങ്ങിനിൽക്കും. ചിലപ്പോൾ കൂട്ടുകാർപോലും ഹസ്തദാനം ചെയ്യാൻ മടിക്കും”, മഹീന്ദർ പറയുന്നു.


കൃത്രിമ തുകലാണ് ഇപ്പോൾ കൂടുതലായും ഉപയോഗിച്ചുവരുന്നതെന്ന് ചെറുപ്പക്കാരനായ ജുത്തി നിർമ്മാതാവ് രാജ് കുമാർ (ഇടത്ത്) പറയുന്നു. താൻ താമസിക്കുകയും ജോലിയെടുക്കുകയും ചെയ്യുന്ന, മലോട്ടിലെ ഗുരു രവിദാസ് കോളനിയിൽ, തുകൽശാലകളൊക്കെ പൂട്ടിയെന്നും രാജ് കുമാർ പറയുന്നു
“എന്റെ കുടുംബത്തിൽപ്പോലും കുട്ടികൾ ജുത്തികൾ ഉപയോഗിക്കുന്നില്ല. എന്റെ ആണ്മക്കൾ ഇതുവരെ കടയ്ക്കകത്ത് കയറി, ഈ കല പഠിക്കാൻ ശ്രമിച്ചിട്ടില്ല. എങ്ങിനെ അവർക്ക് പഠിക്കാൻ പറ്റും? ഈ പണി അറിയുന്ന അവസാനത്തെ തലമുറയായിരിക്കും ഞങ്ങളുടേത്. എനിക്കും ഈ ജോലി ഏറിവന്നാൽ ഒരഞ്ചുകൊല്ലം കൂടി ചെയ്യാൻ പറ്റിയേക്കും. അതിനുശേഷം ആര് ചെയ്യും ഇത്?”, അയാൾ ചോദിക്കുന്നു.
രാത്രിക്കുള്ള പച്ചക്കറി അരിയുമ്പോൾ വീർപാൽ പറയുന്നു, “ജുത്തി ഉണ്ടാക്കി വീട് നിർമ്മിക്കാൻ പറ്റില്ല”. ഏകദേശം രണ്ടുവർഷം മുമ്പ്, ഈ കുടുംബം ഒരു അടച്ചുറപ്പുള്ള വീടിന്റെ നിർമ്മാണം പൂർത്തിയാക്കി. ജോലി ചെയ്യുന്ന പേപ്പർ മില്ലിൽനിന്ന് മൂത്ത മകന് കിട്ടിയ ലോണുകൊണ്ടാണ് അത് സാധ്യമായത്.
“ഞാൻ ഇവളോട് അലങ്കാരപ്പണി പഠിക്കാൻ പറഞ്ഞു. പക്ഷേ അവൾ പഠിച്ചില്ല”, ഭാര്യയെ തമാശയ്ക്ക് കളിയാക്കിക്കൊണ്ട് ഹൻസ് രാജ് പറയുന്നു. അവരുടെ വിവാഹം കഴിഞ്ഞ് 38 വർഷമായി. “എനിക്ക് താത്പര്യമുണ്ടായിരുന്നില്ല”, ചിരിച്ചുകൊണ്ട് വീർപാൽ പറയുന്നു. അമ്മായിയമ്മയിൽ നിന്ന് പഠിച്ചതനുസരിച്ച്, ഒരു ജോടി ഷൂസുകൾക്ക്, ഒരു മണിക്കൂറെടുത്ത്, സാരി നൂലുകൊണ്ട് ചിത്രപ്പണി ചെയ്യാൻ വീർപാലിനറിയാം. അതിൽക്കൂടുതൽ അറിയില്ല.
മൂത്ത മകന്റെ മൂന്നുപേരടങ്ങുന്ന കുടുംബവുമായി പങ്കിടുന്ന അവരുടെ വീട്ടിൽ രണ്ട് മുറികളും ഒരു അടുക്കളയും സന്ദർശകമുറിയുമുണ്ട്. വീടിന് വെളിയിൽ ഒരു കുളിമുറിയും. ഹാളിലും മുറികളിലും ബി.ആർ. അംബേദ്കറിന്റെയും മഹർഷി രവിദാസിന്റേയും ചിത്രങ്ങൾ തൂക്കിയിരിക്കുന്നു. ഹൻസ് രാജിന്റെ പണിശാലയിലും മഹർഷി രവിദാസിന്റെ ചിത്രങ്ങൾ തൂക്കിയിട്ടുണ്ട്.

ഹൻസ് രാജിന്റെ ജുത്തികൾ ഉപഭോക്താക്കളുടെ കൂടെ ഇന്ത്യയിലെമ്പാടും യാത്ര ചെയ്തിട്ടുണ്ട്. 15 വർഷത്തെ ഇടവേളക്കുശേഷം വീണ്ടും അല്പം പച്ചപിടിച്ചിട്ടുണ്ട് ജോലി. 'ഇപ്പോൾ എല്ലാ ദിവസവും ദീപാവലി പോലെയാണ് എനിക്ക്', സന്തോഷം നിറഞ്ഞ മുഖത്തോടെ ഹൻസ് രാജ് പറയുന്നു
“കഴിഞ്ഞ 10-15 കൊല്ലമായി വീണ്ടും ആളുകൾ ജുത്തി ധരിക്കാൻ തുടങ്ങിയിട്ടുണ്ട്. അതിനുമുമ്പ്, ആളുകൾ ഷൂനിർമ്മാതാക്കളെ സമീപിക്കുന്നത് ഏതാണ്ട് അവസാനിപ്പിച്ചിരുന്നു”, വീർപാൽ പറയുന്നു.
ആ സമയങ്ങളിൽ ഹൻസ് രാജ് കർഷകത്തൊഴിലാളിയായി ജോലി ചെയ്തു. ആവശ്യക്കാർ വരുമ്പോൾ മാത്രം വല്ലപ്പോഴും ജുത്തി ഉണ്ടാക്കിക്കൊടുക്കുകയായിരുന്നു.
“ഇപ്പോൾ കൊളേജിൽ പോകുന്ന ആൺകുട്ടികളും പെൺകുട്ടികളും ജുത്തി ധരിക്കാൻ താത്പര്യപ്പെടുന്നുണ്ട്”, വീർപാൽ പറയുന്നു.
ഉപഭോക്താക്കൾ ഈ ജുത്തികൾ ലുധിയാന, രാജസ്ഥാൻ, ഗുജറാത്ത്, ഉത്തർ പ്രദേശ് തുടങ്ങിയ വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോയിട്ടുണ്ട്. ഒരു മിൽ ജോലിക്കാരനുവേണ്ടിയുള്ള എട്ട് ജോടികളായിരുന്നു ഹൻസ് രാജിന് ഏറ്റവുമൊടുവിൽ കിട്ടിയ വലിയൊരു ഓർഡർ.
ഈയിടെയായി, അദ്ദേഹം താമസിക്കുന്ന സ്ഥലത്തുനിന്നുതന്നെ ധാരാളം
ആവശ്യക്കാർ ഹൻസ് രാജിനെ തേടിവരുന്നു. “എല്ലാ ദിവസവും ദീപാവലിപോലെയാണ് എനിക്ക്”,
സന്തോഷവാനായ ഹൻസ് രാജ് പറയുന്നു.
ഈ കഥ തയ്യാറാക്കി ഏതാനും ആഴ്ചകൾ കഴിഞ്ഞപ്പോൾ, 2023 നവംബറിൽ ഹൻസ് രാജിന് ഭാഗികമായ പക്ഷാഘാതമുണ്ടായി. ഇപ്പോൾ സുഖം പ്രാപിച്ചുവരുന്നു.
മൃണാളിനി മുഖർജി ഫൌണ്ടേഷൻ ഫെല്ലോഷിപ്പിന്റെ പിന്തുണയോടെ തയ്യാറാക്കിയ റിപ്പോർട്ട്.
പരിഭാഷ: രാജീവ് ചേലനാട്ട്