അവൾക്ക് ഓടാനറിയാം. അയാൾക്ക് പരിശീലിപ്പിക്കാനും.
അതുകൊണ്ട്, ജയന്ത് തണ്ടേക്കർ തന്റെ ഇരുമുറി വീട് തുറന്ന്, അവളെ തന്റെ ചിറകിനടിയിൽ സംരക്ഷിച്ചത്.
തന്റെ ശിഷ്യയായ എട്ടുവയസ്സുകാരി ഉർവശിയിലൂടെ, തന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ ശ്രമിക്കുകയാണ് തണ്ടേക്കർ.
ഗ്രാമത്തിലെ ഒരു കുട്ടി, അവളുടെ രക്ഷിതാക്കൾ, അവളെ വലിയ സ്വപ്നങ്ങൾ കാണാൻ പഠിപ്പിക്കുന്ന ചെറുപ്പക്കാരനായ ഒരു പരിശീലകൻ. അധികം കാശൊന്നുമില്ലെങ്കിലും ആവശ്യത്തിലധികം നിശ്ചയദാർഢ്യമുള്ള ചിലരുടെ കഥയാണിത്.
രണ്ടുവർഷം മുമ്പ്, തണ്ടേക്കറിന്റെയടുത്തേക്ക് വരുമ്പോൾ ഉർവശി നിംബാർതെക്ക് എട്ടുവയസ്സായിരുന്നു. ഭണ്ഡാരയുടെ പുറമ്പോക്കിൽ ഒരു ചെറിയ വാടകവീട്ടിലായിരുന്നു തണ്ടേക്കറിന്റെ താമസം. അവൾ തന്റെ സാധനങ്ങളെല്ലാമെടുത്ത് അയാളുടെ വീട്ടിലേക്ക് താമസം മാറ്റി. ഇന്ന്, അവളുടെ അച്ഛനും അമ്മയുമെല്ലാം അയാളാണ്. ഉർവശിയുടെ അച്ഛനമ്മമാരുടെ കൈയ്യിൽ പൈസയൊന്നുമില്ല. ഭണ്ഡാര നഗരത്തിൽനിന്ന് 25 കിലോമീറ്റർ അകലെയുള്ള ദവ്വ ഗ്രാമത്തിലെ ചെറുകിട കർഷകരാണ് അവർ. എന്നാൽ, ഭാവിയിൽ മകൾക്ക് ആരെങ്കിലുമൊരാളായി തീരണമെങ്കിൽ, ഈ ചെറുപ്പക്കാരനേയും മകളെക്കുറിച്ച് അയാൾ പുലർത്തുന്ന സ്വപ്നത്തേയും വിശ്വസിച്ചേ തീരൂ എന്ന്, അവളുടെ അമ്മ മാധുരിക്ക് ബോദ്ധ്യമായി.


ഇടത്ത്: ജയന്ത് തണ്ടേക്കറും ഉർവശിയും അയാളുടെ വീട്ടിൽ. വലത്ത്: ഉർവശിയുടെ അമ്മ മാധുരിയും അച്ഛൻ അജയ് നിംബാർതെയും, മഹാരാഷ്ട്രയിൽ, ഭണ്ഡാരയിലുള്ള ദവ്വ ഗ്രാമത്തിലെ തങ്ങളുടെ വീട്ടിൽ
ജീവിതത്തിൽ എന്തെങ്കിലും അർത്ഥം കണ്ടെത്താൻ പാകത്തിൽ മക്കളെ വളർത്തണമെന്ന ആഗ്രഹമാണ്, മെലിഞ്ഞ ശരീരപ്രകൃതമെങ്കിലും, ധൈര്യശാലിയായ മാധുരിക്കുള്ളത്. ഉർവശിയുടെ അച്ഛൻ പാടത്തെ പണിയോടൊപ്പം, സമീപത്തുള്ള ഒരു ചെറിയ വ്യവസായസ്ഥാപനത്തിൽ ദിവസക്കൂലിക്കും ജോലി ചെയ്യുന്നുണ്ട്.
“അവൾ ഞങ്ങളുടെ കൂടെ താമസിച്ചാൽ, അടുത്ത 10 കൊല്ലത്തിനുള്ളിൽ എന്നെപ്പോലെയാകും – കല്യാണവും കഴിച്ച്, കുട്ടികളേയും നോക്കി, പാടത്ത് പണിയെടുത്ത്, പിന്നെ, ഒരു ദിവസം തീർന്നുപോകും,” ആ അമ്മ പറയുന്നു. മോയിലുള്ള തങ്ങളുടെ ഇരുമുറിവീട്ടിൽ, ഭർത്താവിന്റേയും ഭർതൃപിതാവിന്റേയും അടുത്തിരിക്കുകയായിരുന്നു ആ സ്ത്രീ. “അത് കാണാനുള്ള ശക്തി എനിക്കില്ല.”
ഉർവശി തണ്ടേൽക്കറിനെ വിളിക്കുന്നത്, ‘അമ്മാവൻ’ (അമ്മയുടെ സഹോദരൻ) എന്നാണ്. 35 വയസ്സുള്ളപ്പോഴാണ്, അവിവാഹിതനായ ആ പരിശീലകൻ, തന്റെ ആ ചെറിയ ശിഷ്യയുടെ ചുമതല ഏറ്റെടുത്തത്.
ചാമർ ജാതിക്കാരനായ തണ്ടേൽക്കർ ഒരു ദളിതനാണ്. ഭണ്ഡാര, ഗോണ്ടിയ, ഗഡ്ചിറോളി ജില്ലകളിലെ ഗ്രാമപ്രദേശങ്ങളിൽനിന്ന് മിടുക്കരായ അത്‌ലറ്റുകളെ വാർത്തെടുക്കുക എന്ന ആഗ്രഹമാണ് അയാളെ നയിക്കുന്നത്. തനിക്ക് ലഭിക്കാത്തത് – ട്രാക്കുകളിൽ മിന്നൽവേഗത്തിൽ ഓടാൻ കഴിയുക എന്നത് – ആ യുവജനങ്ങൾക്ക് കിട്ടണമെന്ന് അയാൾ ആഗ്രഹിക്കുന്നു.
ഉർവശി കുൻബി (ഒ.ബി.സി) സമുദായക്കാരിയാണെങ്കിലും, ജാതിശ്രേണിയേയും പിതൃ അധികാരവ്യവസ്ഥയേയും മറികടക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് അവളുടെ മാതാപിതാക്കൾ. 2024-ലെ ഒരു വേനൽപ്പകലിൽ, ഭണ്ഡാരയിലെ ശിവജി സ്റ്റേഡിയത്തിലിരുന്നുകൊണ്ട് പാരിയോട് സംസാരിച്ച തണ്ടേൽക്കർ പറഞ്ഞത്, ഉർവശി വ്യത്യസ്തയായ ഒരു കുട്ടിയാണെന്നാണ്.
ഭണ്ഡാരയിൽ അയാൾ ഒരു അക്കാദമി നടത്തുന്നുണ്ട്. അന്വർത്ഥമായ ഒരു പേരാണ് അതിന്റേത്. അനാഥ് പിണ്ടക് – അനാഥരുടെ രക്ഷകൻ. എല്ലാ പ്രായത്തിലുമുള്ള 50-ഓളം കുട്ടികളുടെ ചിലവ് നടത്താൻ അയാൾ ചെറിയ ചെറിയ സംഭാവനകളെയാന് ആശ്രയിക്കുന്നത്. തട്ടിയും മുട്ടിയും പോകുന്ന ഒരു സ്ഥാപനമാണത്. തോൽവിയേയും തിരിച്ചടികളേയും ഒരിക്കലും ഭയക്കരുതെന്ന്, വട്ടമുഖവും തീക്ഷ്ണമായ കണ്ണുകളുമുള്ള ആ ഉയരം കുറഞ്ഞ മനുഷ്യൻ തന്റെ കുട്ടികളെ നിരന്തരം ഓർമ്മിപ്പിക്കാറുണ്ട്.


ഇടത്ത്: ഭണ്ഡാരയിലെ ശിവജി സ്റ്റേഡിയത്തിൽ ഉർവശി. വലത്ത്: തണ്ടേക്കറുടെ അക്കാദമിയായ അനാഥ് പിണ്ടകിൽ, മറ്റ് കുട്ടികളേക്കാൾ കഠിനമായി പരിശീലിക്കുകയാണ് ഉർവശി എന്ന ചെറിയ കുട്ടി


ഇടത്ത്: തണ്ടേക്കർ തന്റെ ഇരുമുറി വീട്, ആ എട്ടുവയസ്സുള്ള ഉർവശിക്കായി തുറന്ന്, അവളെ തന്റെ സംരക്ഷണയിലാക്കി. വലത്ത്: ഭണ്ഡാരയിലെ ശിവജി സ്റ്റേഡിയത്തിൽ ചെറുപ്പക്കാരായ അത്‌ലറ്റുകൾ നഗ്നപാദരായി ഓടി പരിശീലിക്കുന്നു
എല്ലാ പകലുകളിലും അയാൾ ഉർവശിയെ ഗ്രൌണ്ടിൽ കൊണ്ടുവന്ന് മറ്റ് കുട്ടികൾ വരുന്നതിനുമുന്നേ പരിശീലനം നൽകുന്നു. നിരന്തരമായ പരിശീലനം ചെയ്യേണ്ടിവരാറുണ്ട് അവൾക്ക് എന്ന് അയാൾ പറയുന്നു.
ട്രാക്ക് സൂട്ടണിഞ്ഞ്, ഗ്രൌണ്ടിലെത്തുമ്പോൾ, കുഞ്ഞ് ഉർവശി, ചുറുചുറുക്കും കഠിനാദ്ധ്വാനിയുമായ ഒരു മിടുക്കിയായി മാറുന്നു. അവളുടെ അമ്മാവന്റെ ശിക്ഷണത്തിൻകീഴിൽ. അവൾക്കിനിയും ബഹുദൂരം പോകാനുണ്ട്. സ്കൂളിലെ അത്‌ലറ്റിക്സ് മത്സരങ്ങളിൽ അവൾ പങ്കെടുക്കാൻ തുടങ്ങിയിരിക്കുന്നു. ഇനി തണ്ടേക്കർ അവളെ ജില്ലാതല മത്സരങ്ങളിലേക്ക് കൊണ്ടുപോകും. സംസ്ഥാനതലത്തിലും ദേശീയതലത്തിലും അവളെ മത്സരിപ്പിക്കുക എന്നതാണ് ലക്ഷ്യം.
എന്തുചെയ്തിട്ടായാലും, ഗ്രാമപ്രദേശങ്ങളിലെ കുട്ടികൾ മത്സരങ്ങളിൽ പങ്കെടുക്കുകതന്നെ വേണം എന്നാണ് തണ്ടേക്കറിന്റെ അഭിപ്രായം. പി.ടി. ഉഷയെപ്പോലെ, പ്രതികൂല സാഹചര്യങ്ങളിൽനിന്ന് ഉയർന്നുവന്ന കായികതാരങ്ങളുടെ കഥ പറഞ്ഞുകൊടുത്ത് തണ്ടേൽക്കർ തന്റെ കുട്ടികളെ പ്രോത്സാഹിപ്പിക്കാറുണ്ട്. നന്നായി അദ്ധ്വാനിക്കുകയും വലിയ സ്വപ്നങ്ങൾ കാണുകയും ചെയ്താൽ, തങ്ങൾക്കും അതുപോലെ വിജയിക്കാൻ കഴിയുമെന്ന് അയാളുടെ കുട്ടികളും ദൃഢമായി വിശ്വസിക്കുന്നു.
തന്റെ സ്വന്തം ജീവിതത്തിൽനിന്ന് പഠിച്ചതനുസരിച്ച്, തണ്ടേക്കർ അവളുടെ ഭക്ഷണത്തിലും പോഷകാംശത്തിലും ശ്രദ്ധ കൊടുത്തു. പാലും മുട്ടയുമൊന്നും പതിവായി കഴിക്കാൻ അയാൾക്ക് കുട്ടിക്കാലത്ത് കഴിഞ്ഞിരുന്നില്ല. ഉർവശിയുടെ ആഹാരത്തിൽ, ആവശ്യാനുസരണം, മാംസ്യവും, കാർബോഹൈഡ്രേറ്റും കൊഴുപ്പുമെല്ലാമുണ്ടെന്ന് അയാൾ ഉറപ്പ് വരുത്താറുണ്ട്. ഭണ്ഡാരയിൽത്തന്നെ താമസിക്കുന്ന അയാളുടെ സഹോദരി, സീസണിൽ കിട്ടുന്ന മീനുകളൊക്കെ എത്തിക്കാറുണ്ട്. ഉർവശിയുടെ അമ്മയും കൃത്യമായി വന്ന്, അവളുടെ സ്കൂളിലെയും മറ്റും കാര്യങ്ങൾ അന്വേഷിച്ചറിയാറുണ്ട്.
വളർന്നുവരുന്ന സമയത്ത് തനിക്ക് ഇല്ലാതെ പോയിരുന്ന നല്ല ഷൂസുകൾ ആ കുട്ടിക്ക് അയാൾ ലഭ്യമാക്കുന്നുണ്ട്. തന്റെ അച്ഛൻ ഒരു ഭൂരഹിത കർഷകനാണെന്ന് തണ്ടേൽക്കർ പറയുന്നു. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ അച്ഛൻ വളരെ ബുദ്ധിമുട്ടുന്നുണ്ടെന്ന് അയാൾ പറയുന്നു. തികഞ്ഞ മദ്യപാനിയുമാണത്രെ. സമ്പാദ്യം മുഴുവൻ അതിൽ കളയുന്നു. താനും സഹോദരന്മാരും പട്ടിണി കിടന്ന ദിവസങ്ങളുണ്ടെന്ന് അയാൾ പറയുന്നു.
“ട്രാക്കിൽ ഓടുന്നത് ഞാൻ സ്വപ്നം കണ്ടിട്ടുണ്ട്,” മടുപ്പ് മറച്ചുവെക്കാനെന്നവണ്ണം, ഒരു ചെറിയ സ്വയം പരിഹാസത്തോടെ, ചിരിച്ചുകൊണ്ട് അയാൾ പറഞ്ഞു. “അവസരം കിട്ടിയില്ല,” അയാൾ കൂട്ടിച്ചേർത്തു.


ഉർവശിക്ക് മത്സ്യവും മുട്ടയും, പോഷകാംശവും കാർബോഹൈഡ്രേറ്റും കൊഴുപ്പും ഉൾക്കൊള്ളുന്ന ഭക്ഷണം പരിശീലകനായ തണ്ടേക്കർ ലഭ്യമാക്കുന്നുണ്ട്
എന്നാൽ, ഉർവശിക്കും അവളെപ്പോലുള്ളവർക്കും അവസരം കിട്ടണമെങ്കിൽ, അവർക്ക് ആരോഗ്യപ്രദമായ ഭക്ഷണവും പാദരക്ഷയും വലിയ ടീമുകളിൽ പ്രവേശനവും കിട്ടാൻ തന്റെ പരമാവധി ശ്രമിക്കേണ്ടിവരുമെന്ന് അയാൾക്കറിയാം.
എന്നുവെച്ചാൽ, അവർക്ക് നല്ല സ്കൂളുകളിൽ ചേരാനും മത്സരിക്കാനും കഴിയണമെന്നർത്ഥം.
പേശികളിലുള്ള വേദനയും ഉളുക്കും, പരിക്കും, ക്ഷീണവും മാറ്റാനുള്ള ആരോഗ്യപരിരക്ഷയും, വളർച്ചയുടെ ഘട്ടത്തിലുണ്ടാവുന്ന മാറ്റങ്ങൾക്കനുസൃതമായുള്ള പരിചരണവുമൊക്കെ അതിൽപ്പെടും.
“ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാലും, വലിയ സ്വപ്നങ്ങൾ കാണാൻ എന്റെ കുട്ടികളെ പഠിപ്പിച്ചു എന്നെങ്കിലും എനിക്ക് സമാധാനിക്കാമല്ലോ.”
പരിഭാഷ: രാജീവ് ചേലനാട്ട്