അഹമ്മദോസ് സിത്താർമേക്കർക്ക് പാരീസിൽ പോകാൻ അവസരം ലഭിച്ചതാണ്, പക്ഷെ അദ്ദേഹത്തിന്റെ പിതാവ് അതിന് അനുവദിച്ചില്ല. "നീ പുറംലോകം കണ്ടാൽ പിന്നെ ഇവിടേയ്ക്ക് മടങ്ങിവരില്ല," ആ പിതാവ് അന്ന് പറഞ്ഞു. ഇന്ന് ആ വാക്കുകൾ ഓർത്തെടുക്കുമ്പോൾ, 99 വയസ്സുകാരനായ അഹമ്മദോസിന്റെ മുഖത്ത് പുഞ്ചിരി വിരിയുന്നു.
ഈ അഞ്ചാം തലമുറ സിത്താർമേക്കർക്ക് പ്രായം 30-കളുടെ അവസാനത്തോടടുക്കുന്ന കാലത്താണ് പാരീസിൽനിന്ന് രണ്ട് യുവതികൾ ക്ലാസിക്കൽ തന്ത്രിവാദ്യമായ സിത്താർ നിർമ്മിക്കുന്ന വിദ്യ പഠിക്കാൻ അദ്ദേഹത്തിന്റെ പട്ടണത്തിലെത്തുന്നത്. "ചുറ്റുപാടും അന്വേഷിച്ച ശേഷം, അവർ സഹായം തേടി എന്റെ അടുക്കൽ എത്തുകയും ഞാൻ അവരെ പഠിപ്പിക്കാൻ തുടങ്ങുകയും ചെയ്തു," മീറസിലെ സിത്താർമേക്കർ ഗലിയിൽ, വീടും വർക്ക് ഷോപ്പും ചേരുന്ന ഇരുനില കെട്ടിടത്തിന്റെ താഴത്തെ നിലയിലിരുന്ന് അഹമ്മദോസ് പറയുന്നു. തലമുറകളായി അദ്ദേഹത്തിന്റെ കുടുംബം താമസിക്കുന്നതും ജോലി ചെയ്യുന്നതും ഇവിടെയാണ്.
“അക്കാലത്ത് ഞങ്ങളുടെ വീട്ടിൽ ശുചിമുറി ഉണ്ടായിരുന്നില്ല," അഹമ്മദോസ് തുടരുന്നു. "അവരോട് (വിദേശികളായ സന്ദർശകരോട്) ഞങ്ങൾ ചെയ്യുന്നതുപോലെ പാടത്തേക്ക് ഇറങ്ങാൻ പറയാനാകില്ലെന്നതുകൊണ്ട് ഒറ്റ ദിവസം കൊണ്ട് ശുചിമുറി നിർമ്മിക്കുകയായിരുന്നു." അദ്ദേഹം സംസാരിക്കുമ്പോൾ പശ്ചാത്തലത്തിൽ ഒരു സിത്താർ ശ്രുതി ചേർക്കുന്നതിന്റെ നേരിയ ശബ്ദം കേൾക്കാം. അദ്ദേഹത്തിന്റെ മകൻ ഗൗസ് സിത്താർമേക്കർ ജോലിയിലാണ്.
പാരീസിൽനിന്നും വന്ന യുവതികൾ ഒൻപത് മാസക്കാലം അഹമ്മദോസിന്റെ കുടുംബത്തോടൊപ്പം താമസിച്ചെങ്കിലും, സിത്താർ നിർമ്മാണത്തിന്റെ അവസാനഘട്ടം പഠിച്ചെടുക്കുന്നതിന് മുൻപ് അവരുടെ വിസാ കാലാവധി അവസാനിച്ചു. ഏതാനും മാസങ്ങൾക്കുശേഷം, അവർ പഠനം പൂർത്തിയാക്കാൻ അഹമ്മദോസിനെ പാരീസിലേയ്ക്ക് ക്ഷണിച്ചു.
എന്നാൽ പിതാവിന്റെ നിർദ്ദേശാനുസരണം ആ അവസരം വേണ്ടെന്നുവെച്ച അഹമ്മദോസ്, സിത്താർ നിർമ്മാണത്തിന് വിഖ്യാതമായ, മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിൽ കരകൗശല ജോലി ചെയ്യുന്നത് തുടരുകയായിരുന്നു. കഴിഞ്ഞ 150-ലധികം വർഷങ്ങളായി, അഹമ്മദോസിന്റെ കുടുംബം ഈ തൊഴിലാണ് ചെയ്യുന്നത്; ഏഴ് തലമുറകളായി തുടരുന്ന ഈ പാരമ്പര്യം 99-ആം വയസ്സിലും അദ്ദേഹം കൈവിട്ടിട്ടില്ല.
![Left: Bhoplas [gourds] are used to make the base of the sitar. They are hung from the roof to prevent them from catching moisture which will make them unusable.](/media/images/02a-P1230417_PD_SG_Sitarmakers-of-Miraj--f.max-1400x1120.jpg)

ഇടത്: ഭോപ്ലകൾ (മത്തങ്ങ) ഉപയോഗിച്ചാണ് സിത്താറിന്റെ അടിഭാഗം പണിയുന്നത്. ഭോപ്ലകൾ ഈർപ്പം തട്ടി ഉപയോഗശൂന്യമാകുന്നത് തടയാൻ അവ മേൽക്കൂരയിൽനിന്ന് തൂക്കിയിടുന്നു. വലത്: നിർദ്ദിഷ്ട ആകൃതിയിൽ മത്തങ്ങ മുറിച്ചെടുത്ത്, ഘടന നിലനിർത്താൻ തടിക്കോലുകൾ ഉറപ്പിക്കുന്നു
അഹമ്മദോസിന്റെ വീടും വർക്ക് ഷോപ്പും ചേരുന്ന കെട്ടിടം പോലെ, ആ ചുറ്റുവട്ടത്തെ ഏതാണ്ട് എല്ലാ വീടുകളുടെയും മേൽക്കൂരയിൽനിന്ന് മത്തങ്ങകൾ തൂക്കിയിട്ടിരിക്കുന്നത് കാണാം.
സിത്താർമേക്കർമാർ ഭോപ്ല ഉപയോഗിച്ചാണ് തുമ്പ അഥവാ സിത്താറിന്റെ അടിഭാഗം നിർമ്മിക്കുന്നത്. മീറസിൽനിന്ന് ഏകദേശം 130 കിലോമീറ്റർ അകലെയുള്ള പണ്ടർപൂരിലാണ് ഈ പച്ചക്കറി കൃഷി ചെയ്യുന്നത്. കയ്‌പ്പേറിയ ഈ മത്തങ്ങ ഭക്ഷ്യയോഗ്യമല്ലെന്നിരിക്കെ, തന്ത്രിവാദ്യങ്ങൾ മെനയുന്ന സിത്താർമേക്കർമാർക്ക് വിൽക്കാൻവേണ്ടി മാത്രമാണ് കർഷകർ അവ വളർത്തുന്നത്. വേനൽക്കാലത്തുതന്നെ സിത്താർമേക്കർമാർമാർ ആവശ്യമുള്ള മത്തങ്ങ ബുക്ക് ചെയ്തുവയ്ക്കുകയാണ് പതിവ്; അവ വിളവെടുക്കുന്ന ശൈത്യകാലത്ത് കൂടുതൽ വില നൽകേണ്ടിവരുമെന്നതിനാലാണത്. നിലത്തുവച്ചാൽ മത്തങ്ങകളിൽ ഈർപ്പം പടർന്ന് നശിക്കുമെന്നതിനാൽ അവ മേൽക്കൂരയിൽനിന്ന് തൂക്കിയിടുകയാണ് ചെയ്യുക. നിലത്ത് വെച്ചുകഴിഞ്ഞാൽ, മത്തങ്ങയിൽ പൂപ്പൽ ബാധിക്കുകയും അത് ഉപകരണത്തിന്റെ പ്രകമ്പനത്തെയും ഈടിനെയും ദോഷകരമായി ബാധിക്കുകയും ചെയ്യും.
"നേരത്തെ ഞങ്ങൾ ഓരോ മത്തങ്ങയ്ക്കും 200-300 രൂപ വീതമാണ് നൽകിയിരുന്നത്, എന്നാൽ ഇപ്പോൾ അത് 1,000 രൂപയായോ ചിലപ്പോൾ 1,500 രൂപയായോവരെ ഉയരാറുണ്ട്," മത്തങ്ങ വൃത്തിയാക്കി, നിർദ്ദിഷ്ട ആകൃതിയിലും വലിപ്പത്തിലും മുറിച്ചെടുക്കുന്ന ജോലി ചെയ്യുന്ന ഇംതിയാസ് സിത്താർമേക്കർ പറയുന്നു. ഉയരുന്ന ഗതാഗത ചിലവുകളും ഈ വിലവർദ്ധനവിന് കാരണമായിട്ടുണ്ട്. കൈകൊണ്ട് നിർമ്മിക്കുന്ന ഉപകരണങ്ങൾക്ക് ആവശ്യക്കാർ കുറയുന്നതുമൂലം കൃഷിക്കാർ മത്തങ്ങ കൃഷി ചെയ്യുന്നത് കുറച്ചതും മറ്റൊരു പ്രശ്നമാണെന്ന് ഇംതിയാസ് പറയുന്നു. മത്തങ്ങയുടെ ലഭ്യത കുറയുമ്പോൾ സ്വാഭാവികമായും വിലയും കൂടും.
തുമ്പ തയ്യാറായിക്കഴിഞ്ഞാൽ, തടിയിൽ തീർത്ത ഒരു പിടി അതിൽ ഉറപ്പിച്ച് ഘടന പൂർത്തിയാക്കും. അടുത്ത പടിയായി കൈപ്പണിക്കാർ സിത്താറിൽ ഡിസൈൻ തീർക്കുന്ന ജോലി തുടങ്ങുന്നു; ഇത് പൂർത്തിയാക്കാൻ ഒരാഴ്ചവരെയെടുക്കും. ഇർഫാൻ സിത്താർമേക്കറെപോലെയുള്ള സമർത്ഥരായ ഡിസൈനർമാർ ഹാൻഡ് ഡ്രില്ലുകളും പ്ലാസ്റ്റിക് സ്റ്റെൻസിലുകളും ഉപയോഗിച്ചാണ് തടി കൊത്തിയെടുക്കുന്നത്. "മണിക്കൂറുകളോളം കുനിഞ്ഞിരുന്നു ജോലി ചെയ്യുന്നത് കാരണം ഞങ്ങൾക്ക് നടുവേദനയും മറ്റ് പല പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്," ആ 48 വയസ്സുകാരൻ പറയുന്നു. "വർഷങ്ങളോളം ഈ ജോലി ചെയ്യുന്നത് ശരീരത്തിന് ദോഷം ചെയ്യും," അദ്ദേഹത്തിന്റെ ഭാര്യ ഷാഹീൻ കൂട്ടിച്ചേർക്കുന്നു.
"എനിക്ക് കലയോടോ പാരമ്പര്യത്തോടോ താത്പര്യക്കുറവുണ്ടായിട്ടല്ല," ഷാഹീൻ സിത്താർമേക്കർ പറയുന്നു. "എന്റെ ഭർത്താവ് കഠിനാധ്വാനംകൊണ്ട് നേടിയെടുത്ത ഈ സ്വത്വത്തിൽ എനിക്ക് അഭിമാനമുണ്ട് താനും." എന്നാൽ, ഈ കരവിരുത് അഭ്യസിക്കാനെടുക്കുന്ന ശാരീരികാധ്വാനത്തിന് ആനുപാതികമായ വരുമാനം അതിൽനിന്ന് ലഭിക്കുന്നില്ലെന്നാണ് വീട്ടമ്മയും രണ്ട് കുഞ്ഞുങ്ങളുടെ അമ്മയുമായ ഷാഹീനും വിശ്വസിക്കുന്നത്. "എന്റെ ഭർത്താവിന്റെ നിത്യവരുമാനത്തിൽനിന്നാണ് ഞങ്ങൾ ഭക്ഷണത്തിനുള്ള വക കണ്ടെത്തുന്നത്. ഈ ജീവിതത്തിൽ ഞാൻ സന്തുഷ്ടയാണെങ്കിലും, ഞങ്ങളുടെ ആവശ്യങ്ങൾ കണ്ടില്ലെന്ന് നടിക്കാനാകില്ലല്ലോ," തന്റെ വീട്ടിലെ അടുക്കളയിൽനിന്ന് ഷാഹീൻ പറയുന്നു.
അവരുടെ രണ്ട് ആണ്മക്കളും തങ്ങളുടെ മുത്തശ്ശന്റെ സഹോദരന്റെ അടുക്കൽ സിത്താർ അഭ്യസിക്കുന്നുണ്ട്. "അവർ നന്നായി സിത്താർ വായിക്കും," ഷാഹീൻ പറയുന്നു, "ഭാവിയിൽ രണ്ടാളും പേരുകേട്ട കലാകാരന്മാരാകും."
സിത്താർമേക്കർമാരിൽ ചിലർ സിത്താർ നിർമ്മാണ പ്രക്രിയയുടെ ഒരു ഘട്ടം മാത്രമാണ് ചെയ്യാറുള്ളത്; മത്തങ്ങ മുറിക്കുകയോ ഡിസൈൻ തീർക്കുകയോ ചെയ്യുന്ന ഇക്കൂട്ടർക്ക് ദിവസക്കൂലിയാണ് ലഭിക്കുക. ജോലിയുടെ അളവും സ്വഭാവവും അനുസരിച്ച് ഡിസൈനർമാർക്കും പെയിന്റർമാർക്കും ഒരു ദിവസം 350-500 രൂപ സമ്പാദിക്കാനാകും. എന്നാൽ മത്തങ്ങ കഴുകുന്നത് മുതൽ അവസാനത്തെ കോട്ട് പോളിഷ് അടിക്കുകയും ഉപകരണം ശ്രുതി ചേർക്കുകയും ചെയ്യുന്നതുവരെ, ഒരു സിത്താർ മെനയുന്ന പ്രക്രിയ മുഴുവനായും ചെയ്യുന്ന കലാകാരന്മാരുമുണ്ട്. കൈകൊണ്ട് നിർമ്മിക്കുന്ന ഒരു സിത്താറിന് 30-35,000 രൂപയാണ് വില.
കുടുംബത്തിലെ സ്ത്രീകളെ ഈ ജോലിയിൽനിന്ന് മാറ്റിനിർത്തുകയാണ് പതിവ്. "എന്റെ പെൺമക്കൾ ഇന്ന് ഈ ജോലി ചെയ്ത് തുടങ്ങിയാൽപ്പോലും, ഏതാനും നാളുകൾകൊണ്ട് അവർ അത് സ്വായത്തമാക്കുമെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് തരാം. അവർ രണ്ടു പേരും വിദ്യാഭ്യാസപരമായി മികച്ച രീതിയിൽ മുന്നേറിയതിൽ എനിക്ക് അഭിമാനമുണ്ട്," രണ്ട് പെൺമക്കളുടെ പിതാവായ ഗൗസ് പറയുന്നു. ആ 55 വയസ്സുകാരൻ കുട്ടിക്കാലം മുതൽ സിത്താറുകൾ പോളിഷ് ചെയ്യുകയും ഘടിപ്പിക്കുകയും ചെയ്യുന്ന ജോലി ചെയ്തുവരികയാണ്. "പെൺകുട്ടികൾ ക്രമേണ വിവാഹിതരാകും; മിക്കപ്പോഴും അവർ വിവാഹം കഴിച്ചുപോകുന്നത് സിത്താർമേക്കർമാരുടെ കുടുംബത്തിലേയ്ക്കായിരിക്കില്ല എന്നതുകൊണ്ടുതന്നെ അവിടെ അവർക്ക് ഈ കഴിവുകൊണ്ട് പ്രത്യേകിച്ച് ഉപയോഗമുണ്ടാകില്ല," അദ്ദേഹം കൂട്ടിച്ചേർക്കുന്നു. വല്ലപ്പോഴും സ്ത്രീകൾ സിത്താറിലെ കുറ്റികൾ പോളിഷ് ചെയ്യുകയോ ഈ പ്രക്രിയയിലെ ചെറിയ ഏതെങ്കിലും ഘട്ടം പൂർത്തിയാക്കുകയോ ചെയ്യാറുണ്ട്. എന്നാൽ, പരമ്പരാഗതമായി പുരുഷന്മാർക്കയി മാറ്റിവെക്കപ്പെട്ടിട്ടുള്ള, കായികാധ്വാനം ആവശ്യമായ ജോലികൾ സ്ത്രീകൾ ചെയ്യുന്നത് സമുദായക്കാർക്കിടയിൽ സ്വീകാര്യമല്ലെന്ന് മാത്രമല്ല, ആ സമ്പ്രദായം വരന്റെ കുടുംബം അംഗീകരിക്കില്ലെന്ന് അവർ ആശങ്കപ്പെടുകയും ചെയ്യുന്നു.


ഇടത്: ഇർഫാൻ സിത്താർമേക്കർ ഹാൻഡ് ഡ്രില്ലുപയോഗിച്ച് സിത്താറിന്റെ പിടിയിൽ റോസാപ്പൂക്കളും മറ്റു ഡിസൈനുകളും കൊത്തുന്നു. വലത്: തടി ഉണങ്ങി പാകമാകാൻ മാസങ്ങളോ ചിലപ്പോൾ വർഷങ്ങളോ സൂക്ഷിച്ചുവെക്കുന്നു


ഇടത്: ഈ പ്രക്രിയയുടെ ആദ്യഘട്ടം പൂർത്തിയാക്കാൻ ആവശ്യമായ ഉപകരണങ്ങൾ ഫെവിക്കോളും, ഒരു ചുറ്റികയും, ഈർച്ചവാളുകളും മാത്രമാണ്. വലത്: ഇംതിയാസ് സിത്താർമേക്കർ താനുണ്ടാക്കിയ സിത്താർ ഘടനയുമായി ചിത്രത്തിന് പോസ് ചെയ്യുന്നു. സിത്താർ നിർമ്മാണത്തിന്റെ ആദ്യഘട്ടങ്ങൾ പൂർത്തിയാക്കുന്നത് അദ്ദേഹമാണ്
*****
പത്തൊൻപതാം നൂറ്റാണ്ടിൽ മീറസിലെ രാജാവായിരുന്ന ശ്രിമന്ത് ബാലാസാഹേബ് പട്‌വർദ്ധൻ രണ്ടാമന്റെ ഭരണകാലത്താണ് സിത്താർമേക്കർമാർ തന്ത്രിവാദ്യങ്ങൾ നിർമ്മിക്കുന്ന തൊഴിലിൽ വിഖ്യാതരായത്. സംഗീതം ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹം, ആഗ്ര, ബനാറസ് പോലെയുള്ള മറ്റു പ്രദേശങ്ങളിൽനിന്ന് സംഗീതജ്ഞരെ തന്റെ സദസ്സിൽ പ്രകടനത്തിനായി ക്ഷണിക്കുമായിരുന്നു.എന്നാൽ മിക്കപ്പോഴും, യാത്രാമദ്ധ്യേ അവരുടെ സംഗീതോപകരണങ്ങൾക്ക് കേട് സംഭവിക്കുകയും രാജാവിന് അവ നന്നാക്കുന്ന ആളുകളെ കണ്ടുപിടിക്കേണ്ടിവരികയും ചെയ്തു.
"ഈ അന്വേഷണം ക്രമേണ രാജാവിനെ ശികൽഗാർ സമുദായക്കാരായ മൊയ്‌നുദ്ദീൻ, ഫരീദ്‌സാഹേബ് എന്നീ രണ്ടു സഹോദരന്മാരുടെ അടുക്കലെത്തിച്ചു," ആറാം തലമുറ സിത്താർമേക്കറായ ഇബ്രാഹിം പറയുന്നു. മഹാരാഷ്ട്രയിൽ മറ്റു പിന്നാക്കവിഭാഗമായി പരിഗണിക്കപ്പെടുന്ന ശികൽഗാറുമാർ പരമ്പരാഗതമായി ലോഹംകൊണ്ട് ആയുധങ്ങളും മറ്റുപകരണങ്ങളും തീർക്കുന്നവരായിരുന്നു. "രാജാവിന്റെ അഭ്യർത്ഥനയനുസരിച്ച്, അവർ സംഗീതോപകരണങ്ങൾ നന്നാക്കുന്ന ജോലി ചെയ്തുതുടങ്ങി," ഇബ്രാഹിം തുടരുന്നു. "കാലം കടന്നുപോകവേ അത് അവരുടെ പ്രധാന തൊഴിലായി മാറുകയും അവരുടെ പേര് ശികൽഗാറിൽനിന്ന് സിത്താർമേക്കർ എന്നാവുകയുമായിരുന്നു." ഇന്ന്, മീറസിൽ താമസിക്കുന്ന അവരുടെ പിൻഗാമികൾ ഈ രണ്ടു പേരുകളും അവരുടെ കുടുംബപ്പേരായി ഉപയോഗിക്കുന്നുണ്ട്.
എന്നാൽ, ചരിത്രപരമായ പൈതൃകത്തിന്റെ പേരിൽ മാത്രം അവരുടെ പുതിയ തലമുറ ഈ തൊഴിലിൽ തുടരാൻ തയ്യാറല്ല. ഷാഹീനിൻറെയും ഇർഫാന്റെയും ആൺമക്കളെപ്പോലെ, മറ്റ് കുട്ടികളും സിത്താർ മെനയാൻ പഠിക്കുന്നതിന് പകരം അത് വായിക്കാൻ തുടങ്ങിയിരിക്കുകയാണ്.
വിവിധ സംഗീതോപകരണങ്ങളുടെ ശബ്ദം സൃഷ്ടിക്കുന്ന മെച്ചപ്പെട്ട സോഫ്റ്റ്‌വെയർ ലഭ്യമായതിന്റെ പശ്ചാത്തലത്തിൽ, കൈകൊണ്ട് നിർമ്മിക്കുന്ന സിത്താറുകളും തമ്പുരകളും ഉപയോഗിക്കുന്നത് സംഗീതജ്ഞർ ഒഴിവാക്കുന്നതും ഈ തൊഴിലിന് തിരിച്ചടിയാകുന്നുണ്ട്. ഇവയേക്കാൾ വളരെയധികം വിലക്കുറവിൽ യന്ത്രനിർമ്മിത സിത്താറുകൾ ലഭ്യമാകുന്നതും സിത്താർമേക്കർമാർക്ക് വെല്ലുവിളി ഉയർത്തുന്നു.


ഇടത്: സിത്താർ നിർമ്മാണപ്രക്രിയയിലെ അവസാനഘട്ടമായ, സിത്താറിൽ ലോഹക്കുറ്റികൾ ഘടിപ്പിക്കുന്ന പ്രക്രിയയിൽ ഏർപ്പെട്ടിരിക്കുന്ന ഗൗസ് സിത്താർമേക്കർ. ഉപകരണം ശ്രുതി ചേർക്കുന്നതിനാണ് ഈ കുറ്റികൾ ഉപയോഗിക്കുന്നത്. വലത്: മുംബൈയിൽനിന്ന് വരുത്തിച്ച ജപ്പാൻ നിർമ്മിത സ്റ്റീൽ തന്ത്രികൾ ഒട്ടകത്തിന്റെ എല്ലുകൊണ്ടുണ്ടാക്കിയ ക്ലോഗിൽ ഘടിപ്പിക്കുന്നു. ഉത്തർ പ്രദേശിലെ വ്യവസായശാലകളിൽനിന്നാണ് ഇതിനായി എല്ലുകൾ വാങ്ങുന്നത്


ഇടത്: ഓരോ ഉപകരണവും സർജിക്കൽ സ്പിരിറ്റുപയോഗിച്ച് ഒന്നിലധികം തവണ കൈകൊണ്ട് പോളിഷ് ചെയ്യുന്നു. വലത്: (ഇടത്തുനിന്ന് വലത്തേയ്ക്ക്) ഇർഫാൻ അബ്ദുൽ ഗനി സിത്താർമേക്കർ, ഷാഹീൻ ഇർഫാൻ സിത്താർമേക്കർ, ഹമീദാ അബ്ദുൽ ഗനി സിത്താർമേക്കർ (ഇർഫാന്റെ മാതാവ്), ഷാഹീനിൻറെയും ഇർഫാന്റെയും മകൻ രെഹാൻ
ഈ തൊഴിലിൽ പിടിച്ചുനിൽക്കുന്നതിനായി, സിത്താർമേക്കർമാർ ഇപ്പോൾ സിത്താറുകളുടെ ചെറുമാതൃകകൾ ഉണ്ടാക്കി വിനോദസഞ്ചാരികൾക്ക് വിൽക്കുകയാണ്. 3,000-5,000 രൂപ വിലയുള്ള, വർണ്ണശബളമായ ഈ ഉത്പന്നങ്ങൾ മത്തങ്ങയ്ക്ക് പകരം ഫൈബർകൊണ്ടാണ് നിർമ്മിക്കുന്നത്.
സിത്താർമേക്കർമാർക്ക് ഇന്നുവരേയും സർക്കാരിന്റെ അംഗീകാരമോ സഹായമോ വേണ്ടത്ര ലഭിച്ചിട്ടില്ല. കലാകാരന്മാർക്കും കലാപ്രകടനം നടത്തുന്നവർക്കുമായി ഒട്ടേറെ സർക്കാർ പദ്ധതികൾ നിലവിലുണ്ടെങ്കിലും, അതിനുവേണ്ട ഉപകരണങ്ങൾ നിർമ്മിക്കുന്നവർ ഇപ്പോഴും കാണാമറയത്താണ്. "സർക്കാർ ഞങ്ങളെയും ഞങ്ങൾ ചെയ്യുന്ന അധ്വാനത്തെയും അംഗീകരിച്ചാൽ, ഞങ്ങൾക്ക് ഇതിലും മെച്ചപ്പെട്ട ഉപകരണങ്ങൾ നിർമ്മിക്കാനാകും. കലാകാരന്മാർക്ക് സാമ്പത്തികഭദ്രത ഉറപ്പാക്കാനും അവരുടെ അധ്വാനത്തിന് വിലകൽപ്പിക്കപ്പെടുന്നുവെന്ന ബോധ്യം വളർത്താനും അത് ഉപകരിക്കും,"ഇബ്രാഹിം പറയുന്നു. അഹമ്മദോസിനെപ്പോലെ പരിചയസമ്പന്നരായ കൈപ്പണിക്കാർക്ക് തങ്ങളുടെ ജീവിതം ഈ കരവിരുതിനായി ഉഴിഞ്ഞുവെച്ചതിൽ ഒട്ടും പശ്ചാത്താപമില്ല. "ഇന്നും നിങ്ങൾ എന്നോട് എന്തെങ്കിലും പിന്തുണയോ സാമ്പത്തിക സഹായമോ ആവശ്യമുണ്ടോ എന്ന് ചോദിച്ചാൽ..ഞാൻ ഒരിക്കലും അത് വേണമെന്ന് പറയില്ല. ഒരിക്കലുമില്ല," അദ്ദേഹം പറയുന്നു.
ഇന്റർനെറ്റ് ഇവർക്ക് മുൻപിൽ പുതിയൊരു വിപണി തുറന്നിട്ടിരിക്കുകയാണ്, ഉപഭോക്താക്കൾക്ക് ഇപ്പോൾ നേരിട്ട് നിർമ്മാതാക്കളുടെ വെബ്‌സൈറ്റിൽ ചെന്ന് ഉപകരണങ്ങൾ ഓർഡർ ചെയ്യാം. കടയുടമകൾക്കും ഇടനിലക്കാർക്കും കമ്മീഷൻ കൊടുക്കേണ്ട സ്ഥിതി ഇതോടെ ഒഴിവായിരിക്കുന്നു. മിക്ക ഉപഭോക്താക്കളും രാജ്യത്തിനകത്തുനിന്നുള്ളവരാണെങ്കിലും സമീപകാലത്ത് മറ്റു രാജ്യങ്ങളിൽനിന്ന് ഉപഭോക്താക്കൾ വെബ്‌സൈറ്റുകൾ വഴി ഇവരെ ബന്ധപ്പെടുന്നുണ്ട്.
കൈകൊണ്ട് സിത്താർ നിർമ്മിക്കുന്നത് എങ്ങനെയെന്ന് മനസ്സിലാക്കാനും സിത്താർമേക്കർമാർ അവർ നേരിടുന്ന പ്രശ്നങ്ങൾ പറയുന്നത് കേൾക്കാനുമായി വീഡിയോ കാണുക.
പരിഭാഷ: പ്രതിഭ ആര്‍. കെ.