ഉയർന്ന ഫാഷൻ, വേഗത്തിലുള്ള ഫാഷൻ, സെക്സ്
ആഡംബര യാത്ര, കുറഞ്ഞ ചിലവിലെ യാത്ര, അവസാനിക്കാത്ത യാത്ര!
ഇന്റർനെറ്റ് തമാശകൾ, പ്രചാരംകിട്ടിയ നൃത്തച്ചുവടുകൾ,
നർമ്മമുള്ളതും ചിലപ്പോൾ സർവ്വനാശം പ്രചരിപ്പിക്കുന്നതുമായ വരികൾ
ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന ഉള്ളടക്കങ്ങളാണിവയൊക്കെ. പാരിയിൽ ഞങ്ങൾ ഇതൊന്നും വാഗ്ദാനം ചെയ്യുന്നില്ല. എന്നിട്ടും സാമൂഹ്യമാധ്യമത്തിലെ വലിയൊരു വിഭാഗം ജനങ്ങളെ ആകർഷിക്കാനും പിടിച്ചുനിർത്താനും ഞങ്ങൾക്ക് സാധിക്കുന്നു. എങ്ങിനെ? അധികമാരും ഉപയോഗിക്കാത്തതും എന്നാൽ വളരെ ലളിതവുമായ ഒരു വിദ്യയിലൂടെ. വസ്തുതാപരവും ശക്തവുമായ കഥപറച്ചിലിലൂടെ.
ഈ വർഷം അവസാനിക്കുമ്പോൾ, ഞങ്ങളുടെ ജോലിയോട് വിവിധ പ്രേക്ഷകർ എങ്ങിനെയൊക്കെ പ്രതികരിച്ചുവെന്ന് നിങ്ങളുമായി പങ്കുവെക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. (ഈ ചെറിയ വീഡിയോ ക്ലിപ്പ് കാണുക)
ബാംസ്വാഡയിലെ താത്ക്കാലിക ‘വനിതാ അദ്ധ്യക്ഷർ‘ എന്ന ഞങ്ങളുടെ പോസ്റ്റ് വായിച്ച് ലക്ഷക്കണക്കിനാളുകൾ അഭിനന്ദിക്കുകയുണ്ടായി. പുരുഷന്മാരുടെയും മുതിർന്നവരുടേയും സാന്നിധ്യത്തിൽ ഒരിക്കലും ഉയർന്ന കസേരകളിൽ ഇരുന്ന് ശീലിച്ചിട്ടില്ലാത്ത രാജസ്ഥാനിലെ സ്ത്രീകളെക്കുറിച്ച് നീലാഞ്ജന നന്ദി എഴുതിയ കഥയായിരുന്നു അത്. ഇൻസ്റ്റാഗ്രാമിലെ ആ റീൽ ഏഴുലക്ഷം ആളുകൾ കണ്ടു. ഇതേ അനുഭവം ഉണ്ടായിട്ടുള്ള സ്ത്രീകളിൽനിന്ന് നൂറുകണക്കിന് കമന്റുകൾ അതിന് ലഭിച്ചു. ചിലർക്ക് അത് വിശ്വസിക്കാനേ സാധിച്ചില്ല. മറ്റ് ചിലർ ഈ ചെറിയ മാറ്റത്തെ വലിയ രീതിയിലുള്ള ഒരു ചുവടുവെയ്പ്പായി കാണുകയും ചെയ്തു. മാലിക കുമാർ എന്ന വായനക്കാരിയുടെ കമന്റ് ഇതായിരുന്നു. “ഈ ചെറിയ കാര്യങ്ങൾ കാണാൻ സൂക്ഷ്മമായ കണ്ണുകൾ വേണം”. ദൈനംദിനാനുഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്ന ഞങ്ങൾക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരമാണ് ആ വാക്കുകൾ.

കൂടുതൽ ദൂരം താണ്ടാൻ അംഗീകാരം ഞങ്ങളെ സഹായിക്കുന്നു. വായനക്കാർ അത് പല രീതിയിലാണ് നിർവ്വഹിക്കുന്നത്. ഈ കഥകളിൽനിന്ന് തങ്ങൾക്ക് എന്തെല്ലാം പഠിക്കാൻ സാധിച്ചു എന്ന് ചിലർ വിവരിച്ചപ്പോൾ മറ്റ് ചിലർ ഞങ്ങളുടെ പ്രവർത്തനങ്ങൾക്ക് സഹായധനം നൽകുകയുണ്ടായി. ഒരു സ്വതന്ത്ര അന്വേഷണാത്മക പത്രപ്രവർത്തനം തുടരാൻ അതെല്ലാം ഞങ്ങളെ വളരെയധികം സഹായിച്ചു.
വർണ്ണാഭവും ബഹളമയവുമായ മുല്ലപ്പൂ വ്യാപാരത്തെക്കുറിച്ചുള്ള അപർണ കാർത്തികേയന്റെ വീഡിയോ യെക്കുറിച്ച് വായനക്കാർ പറഞ്ഞത്, ആ കഥ അവരെ പഴയ ഓർമ്മകളിലേക്ക് തിരിച്ചുനടത്തി എന്നാണ്. “മനോഹരമായി എഴുതപ്പെട്ടിരിക്കുന്നു. ആ രംഗം കണ്മുന്നിൽ കാണുന്നതുപോലെ തോന്നി. മല്ലികപ്പൂവിന്റെ സുഗന്ധം അനുഭവിച്ചപോലെയും”, നമ്രത കിൽപാഡി എഴുതുന്നു. ഞങ്ങൾ റിപ്പോർട്ട് ചെയ്യുന്ന നാടുകളിലേക്കും ഇടങ്ങളിലേക്കും ആളുകളെ കൊണ്ടുപോകാൻ കഴിയുക എന്നത് എന്തൊരു ആനന്ദമാണ്! ഞങ്ങൾ അഭിമുഖം നടത്തിയ മനുഷ്യരുടെ ദൈനംദിനാനുഭവങ്ങളില്ലായിരുന്നുവെങ്കിൽ ഇതെല്ലാം അസാധ്യമായേനേ.

ഇൻസ്റ്റഗ്രാമിൽ ഏറ്റവും പ്രചാരം കിട്ടിയത്, പുണെയിലെ മാലിന്യം ശേഖരിക്കുന്ന സുമൻ മോറെ എന്ന സ്ത്രീയെക്കുറിച്ചുള്ള 30 സെക്കൻഡിന്റെ വീഡിയോ യ്ക്കാണ്. വാക്കുകളുടെ ശക്തിയെക്കുറിച്ചാണ് അവരതിൽ സംസാരിക്കുന്നത്. ആളുകൾ ഉത്പാദിപ്പിക്കുന്ന മാലിന്യം സംസ്കരിച്ച്, നാട് വൃത്തിയാക്കുന്ന തന്നെപ്പോലുള്ള സ്ത്രീകളെ കച്ചറേവാലികൾ എന്ന് വിളിക്കുന്നത് എന്തുകൊണ്ടാണെന്ന് അവർ ചോദിക്കുന്നു. 12 ലക്ഷം ആളുകൾ വീക്ഷിച്ച ആ ക്ലിപ്പിൽ ആ സ്ത്രീ സമൂഹത്തിന്റെ അവഗണനയേയും അജ്ഞതയേയും ശക്തിയായ ഭാഷയിൽ അപലപിച്ചതിനെ പലരും പ്രശംസിച്ചു. “തുറന്നുപറയട്ടെ, ഞാനും ഈ സ്ത്രീകളെ പലപ്പോഴും കച്ചറേവാലി കൾ എന്ന് വിളിച്ചിരുന്നു. ഇനിയൊരിക്കലും അതുണ്ടാവില്ല” എന്നുപോലും ഒരു കാഴ്ചക്കാരി തുറന്നുപറഞ്ഞു. അവഗണിക്കപ്പെട്ട സമുദായങ്ങളിലും അവരുടെ അനുഭവങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന പത്രപ്രവർത്തനത്തിന് എങ്ങിനെ പ്രബുദ്ധമായ ഒരു സമൂഹത്തെ സൃഷ്ടിക്കാൻ കഴിയുന്നു എന്നതിന്റെ ഉദാഹരണമായിരുന്നു അത്.


കാഴ്ചപ്പാടുകളെ വിശാലമാക്കാൻ ഇത്തരം കഥകളുപയോഗിക്കുന്ന ഞങ്ങളുടെ വിദ്യാഭ്യാസ പരിപാടിയെക്കുറിച്ചുള്ള പ്രതികരണമായി @Vishnusayswhat എന്ന ഒരു ട്വിറ്റർ ഉപയോക്താവ് പറഞ്ഞത്, “ഒരാൾക്ക് മറ്റൊരാളുടെയത്ര സ്വത്തില്ലാത്തതിന് കഠിനാദ്ധ്വാനവുമായി യാതൊരു ബന്ധവുമില്ലെന്ന് നിങ്ങൾ മനസ്സിലാക്കുമ്പോൾ ഇന്ത്യയെ കുറേക്കൂടി മനസ്സിലാക്കാൻ നിങ്ങൾ തുടങ്ങുന്നു” എന്നാണ്.
സന്ദേശം കൂടുതൽ വേഗത്തിലും ദൂരേയ്ക്കും വ്യാപിക്കുന്നുണ്ട്. ബോളിവുഡ് താരം സീനത്ത് അമൻ, പാരിയുടെ പ്രവർത്തനത്തെക്കുറിച്ച് അവരുടെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ സൂചിപ്പിച്ചത്, “മുഖ്യധാരാ ആഖ്യാനങ്ങളിൽനിന്ന് ഗ്രാമീണ കഥകൾ ആവിയായിപ്പോവുന്നത് ഞാൻ കാണുന്നു. പ്രശസ്തരെക്കുറിച്ചുള്ള ഏറ്റവും മുഷിപ്പൻ കഥകൾക്കുപോലും വാർത്തായിടങ്ങളിൽ എത്ര പ്രാധാന്യമാണ് കിട്ടുന്നതെന്നും എനിക്ക് ബോധ്യമുണ്ട്” എന്നാണ്. പ്രശസ്തരായവർ ഒരു നല്ല കാര്യം ചെയ്താൽ, അതിന്റെ ശക്തിയൊന്ന് വേറെതന്നെയാണ്. സീനത്ത് അമൻ ഇത് പോസ്റ്റ് ചെയ്തതിനുപിന്നാലെ, ആയിരക്കണക്കിന് അഭ്യുദയകാക്ഷികളെയാണ് ഞങ്ങൾക്ക് 24 മണിക്കൂറിനുള്ളിൽ ലഭിച്ചത്. ഹോളിവുഡ് നടനും അവതാരകനുമായ ജോൺ കെന ഞങ്ങളെ ട്വിറ്ററിൽ പിന്തുടർന്നതായിരുന്നു മറ്റൊരു സന്തോഷകരമായ അത്ഭുതം.
എന്നാൽ, ഏറ്റവും ഹൃദയസ്പർശിയായ പ്രതികരണമുണ്ടാകുന്നത്, ഞങ്ങളുടെ കഥയിൽ പരാമർശിക്കുന്ന വ്യക്തികളെ സഹായിക്കാൻ സമൂഹം മുന്നോട്ട് വരുമ്പോഴാണ്. സഹായവാഗ്ദാനങ്ങൾ ഞങ്ങളെ വിനീതരാക്കുന്നു. പ്രായംചെന്ന കർഷകദമ്പതികളായ സുബ്ബയ്യയുടേയൂം ദേവമ്മയുടേയും വർദ്ധിച്ചുവരുന്ന ചികിത്സാസംബന്ധമായ കടബാധ്യതയെക്കുറിച്ചുള്ള ഈ കഥ വായിച്ച് നിരവധിപേരാണ് സഹായവുമായി മുന്നോട്ടുവന്നത്. ആ ദമ്പതിമാരുടെ കടങ്ങൾ കുറേയൊക്കെ തീർക്കാനും അവരുടെ മകളുടെ വിവാഹത്തിന് നല്ലൊരു തുക സംഭാവന ചെയ്യാനും വായനക്കാർ സഹായിച്ചു. വർഷ കദം എന്ന കൌമാരക്കാരിയായ അത്‌ലറ്റ്, ഭാവിയുടെ വാഗ്ദാനമാണ്. വീട്ടുകാരുടെ സാമ്പത്തികദുരിതവും സംസ്ഥാനത്തിന്റെ പിന്തുണയില്ലായ്മയുംമൂലം അവളുടെ ലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ കഴിഞ്ഞിരുന്നില്ല. വായനക്കാർ അവൾക്ക് പരിശീലനത്തിനുള്ള അവസരവും സാമ്പത്തികസഹായവും പുതിയ ഷൂസുകളും മറ്റും നൽകുകയുണ്ടായി.


ക്രൂരതയ്ക്കും മാപ്പ് നൽകാത്തതിനും പേരുകേട്ടതാണ് പലപ്പോഴും ഇന്റർനെറ്റിന്റെ ലോകം. എന്നിട്ടും, ഈ ലോകത്ത് കരുണ ഇപ്പോഴും ബാക്കിയുണ്ടെന്ന് വായനക്കാർ ഞങ്ങളെ ഓർമ്മിപ്പിച്ചു.
നിങ്ങൾ ഇതിനകം താഴെ പറയുന്ന ഹാൻഡിലുകളിലൂടെ ഞങ്ങളെ
പിന്തുടരുന്നില്ലെങ്കിൽ, ദയവായി അത് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.
ഇൻസ്റ്റാഗ്രാം
ട്വിറ്റർ
ഫേസ്ബുക്ക്
ലിങ്ക്ഡ്‌ഇൻ
പാരി സോഷ്യൽ മീഡിയയോടൊപ്പം സന്നദ്ധസേവനം ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ contact@ruralindiaonline.org – ലേക്ക് എഴുതുക.
ഈ കഥ നിങ്ങൾക്ക് ഇഷ്ടപ്പെടുകയും പാരിയിലേക്ക് നിങ്ങളുടെ കൃതികൾ നൽകണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ contact@ruralindiaonline.org.എന്ന മേൽവിലാസത്തിൽ ബന്ധപ്പെടുക. ഫ്രീലാൻസായും സ്വതന്ത്രമായും പ്രവർത്തിക്കാൻ താത്പര്യമുള്ള എഴുത്തുകാർ, റിപ്പോർട്ടർമാർ, ഫോട്ടോഗ്രാഫർമാർ, സിനിമനിർമ്മാതാക്കൾ, പരിഭാഷകർ, എഡിറ്റർമാർ, ചിത്രകാരന്മാർ, ഗവേഷകന്മാർ എന്നിവരെ ഞങ്ങൾ ഞങ്ങളോടൊപ്പം പ്രവർത്തിക്കാൻ ക്ഷണിക്കുന്നു.
പാരി ഒരു ലാഭാധിഷ്ഠിത സംഘമല്ല. ഞങ്ങളുടെ ബഹുഭാഷാ ഓൺലൈൻ മാധ്യമവും സമാഹരണദൌത്യവും ഇഷ്ടപ്പെടുന്നവരിൽനിന്നുള്ള സംഭാവനകളെ മാത്രമാണ് ഞങ്ങൾ ആശ്രയിക്കുന്നത്. പാരിയിലേക്ക് സംഭാവന ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഡോണേറ്റ് എന്ന ലിങ്കിൽ അമർത്തുക.
പരിഭാഷ: രാജീവ് ചേലനാട്ട്