“ആദ്യത്തെ ദിവസം മജിദാൻ എന്റെ കയ്യിൽ ഇതുപോലെ ഒരടി തന്നു” ചിരിച്ചുകൊണ്ട് ആ അടി പുനരവതരിപ്പിച്ച് 65-കാരിയായ ഖർസദ് ബേഗം പറഞ്ഞു. അവരുടെ അരികിലിരുന്ന മജിദാൻ ബേഗം പഴയ ഓർമകൾ അയവിറക്കികൊണ്ട് തന്റെ ഭാഗം വിശദീകരിക്കുവാൻ തുടങ്ങി. “നൂലുകൾകൊണ്ട് എങ്ങനെ പ്രവർത്തിക്കണം എന്ന് ഖർസദിന് ആദ്യകാലങ്ങളിൽ അറിയില്ലായിരുന്നു. ഞാൻ അവളെ ഒരു വട്ടമേ അടിച്ചിട്ടുള്ളൂ. അതോടെ അവൾ വേഗം പഠിക്കുകയും ചെയ്തു” അവർ കൂട്ടിച്ചേർത്തു.
പഞ്ചാബിലെ ഭട്ടിൻഡ ജില്ലയിലെ ഘണ്ട ബാന എന്ന ഗ്രാമത്തിലെ മുതിർന്ന സ്ത്രീകളായ മജിദാനും ഖർസദും പരുത്തി, ചണം പിന്നെ പഴയ വസ്ത്രങ്ങൾ എന്നിവ ഉപയോഗിച്ച് നെയ്യുന്ന ദരികൾ (പരവതാനികൾ) അവയുടെ സങ്കീർണവും നിറപ്പകിട്ടുമുള്ള നെയ്ത്തിനാൽ പ്രശസ്തമാണ്.
“മജിദാനിൽനിന്ന് എന്റെ 35-ആമത്തെ വയസ്സിലാണ് ദരി നെയ്യാൻ ഞാൻ പഠിച്ചത്” ഖർസദ് പറയുന്നു. “അന്നുമുതൽ ഞങ്ങൾ ഒരുമിച്ച് ദരി നെയ്യാൻ തുടങ്ങിയതാണ്”, 71കാരിയായ മജിദാൻ പറഞ്ഞു. “ഇത് കേവലം ഒരാളുടെ ജോലിയല്ല മറിച്ച്, രണ്ടുപേരുടെ ചുമതലയാണ്”.
രണ്ട് സഹോദരങ്ങളെ വിവാഹം ചെയ്തതിലൂടെ ബന്ധുക്കളായ ഇവർ സ്വയം സഹോദരിമാരെന്നും, കുടുംബാംഗങ്ങൾ എന്നും അഭിസംബോധന ചെയ്യുന്നു. “യഥാർത്ഥ സഹോദരിമാരായിട്ടുതന്നെയാണ് ഞങ്ങൾക്ക് തോന്നിയിട്ടുള്ളത്”, ഖർസദ് പറഞ്ഞു. “എന്നാൽ ഞങ്ങളുടെ സ്വഭാവങ്ങൾ തികച്ചും വിപരീതങ്ങളാണ്,” മജീദാൻ കൂട്ടിച്ചേർത്തു. ഇതിനുത്തരമായി ഖർസദ് പറഞ്ഞു, “അവർ തുറന്നുസംസാരിക്കുന്ന ആളാണെങ്കിൽ ഞാൻ തീരെ സംസാരിക്കാത്ത ആളാണ്”.
മണിക്കൂറുകൾ ചെലവാക്കി ദരികൾ നെയ്യുന്നുണ്ടെങ്കിലും കുടുംബം പോറ്റാനായി മറ്റ് വീടുകളിൽ വീട്ടുജോലിക്കാരായി തൊഴിൽ ചെയ്യുന്നുമുണ്ട് മജീദാനും ഖർസദും. അതിൽനിന്ന് ഏതാനും ആയിരങ്ങൾ സമ്പാദിക്കുകയും ചെയ്യുന്നു അവരിരുവരും. രണ്ടു ജോലികളും ശാരീരികക്ഷമത ആവശ്യപ്പെടുന്നവയാണ്, പ്രത്യേകിച്ചുo ഇവരുടെ ഈ പ്രായത്തിൽ.


മജിദാൻ ബേഗമും (ഇടത്) അവരുടെ നാത്തൂൻ ഖർസദ് ബേഗമും (വലത്) പരുത്തി, ചണം പിന്നെ പഴയ വസ്ത്രങ്ങൾ എന്നിവ ഉപയോഗിച്ച് നെയ്യുന്ന ദരികൾ (പരവതാനികൾ) അവയുടെ സങ്കീർണവും നിറപ്പകിട്ടുമുള്ള നെയ്ത്തിനാൽ പഞ്ചാബിലെ ഭട്ടിൻഡ ജില്ലയിലെ ഘണ്ഡ ബാനയിൽ പ്രശസ്തമാണ്. ‘മജിദാനിൽനിന്ന് എന്റെ 35-ആമത്തെ വയസ്സിലാണ് ദരികൾ നെയ്യാൻ ഞാൻ പഠിച്ചത്” 65-കാരിയായ ഖർസദ് പറയുന്നു. “അന്നുമുതൽ ഞങ്ങൾ ഒരുമിച്ച് ദരി നെയ്യാൻ തുടങ്ങിയതാണ്”, 71-കാരിയായ മജിദാൻ പറഞ്ഞു. ‘ഇത് കേവലം ഒരാളുടെ ജോലിയല്ല മറിച്ച്, രണ്ടുപേരുടെ ചുമതല ആണ്’
ഈദിന്റെ ഈർപ്പമുള്ള പ്രഭാതത്തിൽ, ഘണ്ട ബാനയുടെ ഇടുങ്ങിയ പാതകളിലൂടെ ഖർസാദിന്റെ വീട്ടിലേക്ക് മജിദാൻ യാത്ര തിരിക്കും. “ഈ ഗ്രാമത്തിലെ എല്ലാ വീടുകളിലും എനിക്ക് കയറിച്ചെല്ലാം,” അവർ അഭിമാനത്തോടെ പറയുന്നു. “വർഷങ്ങളായി ഞാൻ അത്രമാത്രം ജോലി ചെയ്തിട്ടുണ്ട്.
അവരുടെ പ്രശസ്തി ഗ്രാമത്തിനപ്പുറത്തേക്കും വ്യാപിക്കുന്നു. പരവതാനി ഉണ്ടാക്കാൻ അവരിരുവർക്കും കഴിയുമോ എന്ന് അന്വേഷിക്കാൻ മജീദാന്റെയടുത്തേക്ക് ദൂരസ്ഥലങ്ങളിൽനിന്നുപോലും ആളുകളെത്തുന്നു. “എന്നാൽ ഞാൻ ദരികൾ നെയ്യുന്നുണ്ടെന്നറിഞ്ഞ്, ഫുൾ, ധപ്പാലി, രാംപൂർ ഫുൾ തുടങ്ങിയ ഗ്രാമങ്ങളിൽനിന്നും പട്ടണങ്ങളിൽനിന്നും ആളുകൾ എന്റെ വീട്ടിലേക്ക് വരാറുണ്ട്,” മജിദാൻ പറയുന്നു.
കുറച്ച് മാസങ്ങൾക്കുമുമ്പ് (ഏപ്രിൽ 2024) പാരി അവരെ കണ്ടുമുട്ടിയപ്പോൾ, രണ്ട് കരകൗശലവിദഗ്ധരും ചേർന്ന് ഒരു ഘണ്ട ബാന നിവാസിക്കുവേണ്ടി ഒരു ഫൂൽകാരി പരവതാനി നെയ്യുകയായിരുന്നു. അടുത്തുതന്നെ വിവാഹിതയാകാൻ പോകുന്ന മകൾക്ക് പരവതാനി സമ്മാനിക്കണമെന്നായിരുന്നു വീട്ടുകാരുടെ ആഗ്രഹം. “ദരി അവളുടെ ദാജി ന് [വധുവിന്റെ വസ്ത്രശേഖരം] വേണ്ടിയുള്ളതാണ്,” മജിദാൻ പറഞ്ഞു.
ഉപഭോക്താവ് നൽകുന്ന രണ്ട് വ്യത്യസ്തനിറങ്ങളിലുള്ള നൂലുകൾ ഇടകലർത്തി ഉപയോഗിച്ചാണ് പൂക്കൾ നെയ്തത്. “ഒരു പൂവിന്റെ പാറ്റേൺ നെയ്യുമ്പോൾ, ഞങ്ങൾ അതിനിടയിൽ വിവിധ നിറങ്ങളിലുള്ള നൂലുകൾ നെയ്ത് സംയോജിപ്പിക്കുന്നു,” മജിദാൻ വിശദീകരിച്ചു, 10 വെള്ള വാർപ്പുനൂലുകൾ ഉയർത്തി (ലംബമായി) അതിലൂടെ ഒരു മഞ്ഞനൂല് (തിരശ്ചീനമായി) കടത്തി, തുടർന്ന് നീല നിറത്തിലുള്ള നൂലിൽ ഈ പ്രക്രിയ ആവർത്തിക്കുന്നു. അതിനിടയിൽ ഒരു വിടവിട്ട്, അവർ തുടരും, ഇത്തവണ അവർ പച്ചയും കറുപ്പും ചേർന്ന പൂവുണ്ടാക്കുന്നു.
“പൂക്കൾ പൂർത്തിയാകുമ്പോൾ, ചുവന്ന നെയ്ത്ത് നൂലുകൾമാത്രം ഉപയോഗിച്ച് ഞങ്ങൾ ഒരടിയുള്ള ദരി നെയ്യും”, മജിദാൻ പറയുന്നു. സ്‌കൂളിൽ പോയിട്ടില്ലാത്തതിനാൽ തുണി അളക്കാൻ ടേപ്പുപയോഗിക്കാറില്ല മജീദാൻ. പകരം സ്വന്തം കൈകൾ ഉപയോഗിക്കുന്നു. അവരും ഖർസാദും ആദ്യംമുതൽ ഇങ്ങനെയാണ് ചെയ്യുന്നത്.
ഇരുവരും ഹതസ് (ചീപ് ഈറ) ഉപയോഗിച്ച് നൂലുകൾ അതാത് സ്ഥാനത്തേക്ക് നീക്കുമ്പോൾ, മജിദാൻ തുടർന്നു, “ മാതൃകകൾ എല്ലാം എൻറെ മനസ്സിലാണുള്ളത്”. താൻ ഇതുവരെ നെയ്ത ദരികളിൽ അവർ ഏറ്റവും അഭിമാനംകൊള്ളുന്നത് മയിലിന്റെ മാതൃകയിലും പിന്നെ 12 പരിയാ നു കളുടെ (മാലാഖ) മാതൃകയിലും നിർമിച്ച പരവതാനികളിലാണ്. ഇത് രണ്ടും തന്റെ പുത്രിമാർക്ക് ദാജായി കൊടുക്കുകയും ചെയ്തു.


ഉപഭോക്താവിനായി പുഷ്പാലങ്കൃതമായ ഫുൽക്കാരി ദരി നെയ്യുന്ന മജിദാൻ. ‘പൂവിന്റെ മാതൃകയിൽ നെയ്യുമ്പോൾ ഞങ്ങൾ പല നിറത്തിലുള്ള നൂലുകൾ ഇടകലർത്താറുണ്ട്,’ മജിദാൻ പറയുന്നു. 10 വെള്ള വാർപ്പുനൂലുകൾ ഉയർത്തി (ലംബമായി) അതിലൂടെ ഒരു മഞ്ഞനൂല് (തിരശ്ചീനമായി) കടത്തി, തുടർന്ന് നീല നിറത്തിലുള്ള നൂലിൽ ഈ പ്രക്രിയ ആവർത്തിക്കുന്നു


ഇടത്: ഇരുവരും ഹതസ് (ചീപ് ഈറ) ഉപയോഗിച്ച് നൂലുകൾ അതാത് സ്ഥാനത്തേക്ക് നീക്കുന്നു. വലത്: മജിദാൻ ചുവന്ന നൂൽ ഒരു മരത്തടിയിൽ ചുറ്റിപ്പിടിക്കുന്നു, അവർ അത് വാർപ്പുനൂലിനായി ഉപയോഗിക്കും, ഖർസദ് അവളുടെ ചെറുമകൾ മന്നത്തിനൊപ്പം 10 അടി ഉള്ള മെറ്റൽ ഫ്രെയിമിൽ ജോലി ചെയ്യുന്നു, അതിലാണ് അവർ ദരി നെയ്യുന്നത്
*****
മജിദാന്റെ അടച്ചുറപ്പുള്ള വീട്ടിലെ അവരുടെ പണിസ്ഥലം വിശദാംശങ്ങളിലുള്ള അവരുടെ ശ്രദ്ധയെ പ്രതിഫലിപ്പിക്കുന്നു. 10 വയസ്സുള്ള കൊച്ചുമകൻ ഇമ്രാൻ ഖാനൊപ്പം അവർ മുറി പങ്കിടുന്നു. 14 x 14 അടി വിസ്തീർണ്ണമുള്ള സ്ഥലത്ത് 10 അടി നീളമുള്ള മെറ്റൽ ഫ്രെയിം നിറഞ്ഞുനിൽക്കുന്നു. പ്രാദേശികഭാഷയിൽ ഇത് ‘അഡ്ഡ’ എന്നറിയപ്പെടുന്നു, ഇത് ടേപ്പസ്ട്രി നെയ്യുന്നതിനായിട്ടാണ് ഉപയോഗിക്കുന്നത്. ബാക്കിയുള്ള മുറിയിൽ ഒന്നിലധികം ചാർപ്പായ്കൾ (കയർക്കട്ടിലുകൾ) ഉണ്ട്, ചിലത് ഭിത്തിയിൽ ചാരിവെച്ചിരിക്കുന്നു. മറ്റൊന്ന് ഫ്രെയിമിനരികിലും. വസ്‌ത്രങ്ങളും സാധനങ്ങളും നിറച്ച ഒരു വലിയ സ്റ്റീൽ പെട്ടി മുറിയുടെ ഒരുവശത്തായി കിടക്കുന്നുണ്ട്. മുറിയിൽ ഒരു ലൈറ്റ് ബൾബിന്റെ പ്രകാശം. എന്നാൽ മജിദാനും ഖർസദും അത്യാവശ്യമായ വെളിച്ചത്തിനായി വാതിലിലൂടെ പ്രവേശിക്കുന്ന സൂര്യപ്രകാശത്തെയാണ് മിക്കപ്പോഴും ആശ്രയിക്കുന്നത്.
ഏകദേശം 10-അടി ഉള്ള മെറ്റൽ ഫ്രെയിമിലുടനീളം വാർപ്പ്-ലംബമായ നൂലുകൾ -ചുറ്റിക്കുന്നതിലൂടെ അവർ ജോലി ആരംഭിക്കുന്നു. “ദരി നെയ്ത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള ജോലിയാണ് വാർപ്പുനൂലുകൾ ചുറ്റുക എന്നുള്ളത്,” മജിദാൻ അഭിപ്രായപ്പെടുന്നു. ദൃഢമായി ചുറ്റിയ വാർപ്പ് ഒരു ലോഹദണ്ഡിന് ചുറ്റും നീളത്തിൽ കെട്ടിയിരിക്കുന്നു.
മെറ്റൽ ഫ്രെയിമിന് മുകളിലായി പിടിപ്പിച്ച പലകയിലാണ് രണ്ടുപേരും ഇരിക്കുക. അവർ നെയ്യുന്ന തുണിത്തരത്തിനേയും ഈ പലക താങ്ങി നിറുത്തുന്നു. തറിയുടെ ഷെഡ്ഡ് തുറക്കാനും അടയ്ക്കാനും, വേഗതയേറിയതും ലളിതവുമായ നെയ്ത്തിന് ഉപയോഗിക്കുന്ന ഒരു ബാർ - ഹെഡ്ഡിൽ - കൈകാര്യം ചെയ്യുന്നതിലൂടെയാണ് പ്രക്രിയ ആരംഭിക്കുന്നത്. വാർപ്പുനൂലുകളെ പരസ്പരം വേർതിരിക്കുന്നത് ഷെഡ്ഡാണ്. ഇത് പരവതാനിയെ അതിന്റെ അവസാനരൂപത്തിലേക്ക് നയിക്കുന്നു.
പരസ്പരം മാറിമാറി, രണ്ട് കരകൗശലക്കാരികളും തിരശ്ചീന നെയ്ത്തുനൂലുകൾ [ബാന] ഒരു മരത്തിന്റെ വടി ഉപയോഗിച്ച് വാർപ്പുനൂലുകളിലൂടെ (ടാന) കടത്തി, സങ്കീർണ്ണമായ ഡിസൈനുകൾ സൃഷ്ടിക്കുന്നു. തന്റെ ‘മനസ്സിൽ നിലനിൽക്കുന്ന ഒരു ആശയത്തെ അടിസ്ഥാനമാക്കി’ യാണ് നൂൽകൊണ്ട് വിവിധ രൂപങ്ങൾ സൃഷ്ടിക്കുന്നതെന്ന് മജിദാൻ പറയുന്നു. ഈ ഡിസൈൻ ആവർത്തിക്കാൻ അവർ പാറ്റേണോ സ്റ്റെൻസിലോ ഉപയോഗിക്കാറില്ല.


മെറ്റൽ ഫ്രെയിമിനു മുകളിലായി പിടിപ്പിച്ച പലകയിലാണ് രണ്ടുപേരും ഇരിക്കുക. അവർ നെയ്യുന്ന തുണിത്തരത്തിനേയും ഈ പലക താങ്ങിനിറുത്തുന്നു. ഏകദേശം 10-അടി ഉള്ള മെറ്റൽ ഫ്രെയിമിലുടനീളം വാർപ്പ്-ലംബമായ നൂലുകൾ -ചുറ്റിക്കുന്നതിലൂടെ അവർ ജോലി ആരംഭിക്കുന്നു. 'ദരി നെയ്ത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള ജോലിയാണ് വാർപ്പുനൂലുകൾ ചുറ്റുക എന്നുള്ളത്,' മജിദാൻ അഭിപ്രായപ്പെടുന്നു. ദൃഢമായി ചുറ്റിയ വാർപ്പ് ഒരു ലോഹദണ്ഡിന് ചുറ്റും നീളത്തിൽ കെട്ടിയിരിക്കുന്നു
ബുദ്ധിമുട്ടാണെന്ന് തോന്നുമെങ്കിലും, ഇപ്പോൾ ജോലി വളരെ എളുപ്പമാണ്. “ഇതിനുമുമ്പ് ഞങ്ങൾ നാല് വലിയ ഇരുമ്പ് കൈലുകൾ [ആണികൾ] നിലത്ത് ഓരോ കോണിലും അടിക്കുകയായിരുന്നു ചെയ്തിരുന്നത്. ഞങ്ങൾ അവയിൽ തടികൊണ്ടുള്ള ബീമുകൾ സ്ഥാപിച്ച് ഒരു ഫ്രെയിം സൃഷ്ടിക്കും, തുടർന്ന് അവയെ നെയ്തെടുക്കാൻ വാർപ്പ് ചുറ്റികെട്ടും”, ഖർസാദ് പറയുന്നു. “എന്നാൽ ആ അഡ്ഡയാകട്ടെ, അനങ്ങാത്തതാണ്,” മജിദാൻ പറയുന്നു. അതിനാൽ അതിന്റെ ക്രമീകരണം മാറ്റാൻ ആഗ്രഹിക്കുമ്പോൾ, “ഞങ്ങൾ അത് മുറ്റത്തേക്ക് വലിച്ചിടും,” എന്ന് അവർ സൂചിപ്പിച്ചു.
രണ്ട് സ്ത്രീകൾക്കും അവരുടെ കുടുംബത്തിൽനിന്ന് കാര്യമായ സാമ്പത്തികസഹായം ലഭിക്കുന്നില്ല. മജിദാന്റെ ഇളയ മകൻ റിയാസത്ത് അലി ഒരു ട്രക്ക് ഡ്രൈവറായിരുന്നു, എന്നാൽ ഇപ്പോൾ 500 രൂപ ദിവസക്കൂലിക്ക് ഒരു ഗോശാലയിൽ ജോലി ചെയ്യുന്നു. അവരുടെ മൂത്തമകൻ ബർണാലയിലെ പ്രാദേശിക റിപ്പോർട്ടറാണ്. കർസേദിന്റെ രണ്ട് മക്കൾ വെൽഡർമാരായി ജോലി ചെയ്യുന്നു, അവരുടെ മൂന്നാമത്തെ മകൻ ദിവസക്കൂലിക്കാരനാണ്.
മജിദാൻ ഖർസാദിനെക്കാൾ വളരെ മുമ്പേ നെയ്ത്ത് തുടങ്ങി. പണിയിൽ നല്ല അച്ചടക്കം അവരെ പഠിപ്പിച്ചിരുന്നു. “ചന്തിയിൽ നല്ല അടി തന്നാണ് എന്റെ നാത്തൂൻ എന്നെ പണി പഠിപ്പിച്ചത്”, നാത്തൂന്റെ ശിക്ഷണത്തെക്കുറിച്ച് മജിദാൻ പറയുന്നു.
“ഞാൻ മുൻകോപക്കാരിയായിരുന്നെങ്കിലും പഠിക്കാനുള്ള തീവ്രമായ ആഗ്രഹം കാരണം ഞാൻ മിണ്ടാതിരുന്നു.” “ആദ്യം നിരാശയും സങ്കടവുമൊക്കെ ഉണ്ടായിരുന്നെങ്കിലും” ഒരു മാസത്തിനുള്ളിൽ അവരത് പഠിച്ചെടുത്തു.
അച്ഛന്റെ മരണശേഷം വരുമാനം നേടുന്ന ഏക അംഗമായി അമ്മ മാറിയപ്പോഴാണ് മജിദാന്റെ നിശ്ചയദാർഢ്യം വെളിപ്പെട്ടത്. ആദ്യം വിമുഖത കാണിച്ചെങ്കിലും അമ്മയെ സഹായിക്കാൻ അനുവദിക്കണമെന്ന് 14 കാരിയായ മജിദാൻ ശാഠ്യം പിടിച്ചു . “നീയൊരു പെൺകുട്ടിയാണ്” എന്ന് പറഞ്ഞ് ബെബെ [അമ്മ] സൗമ്യമായി നിരസിക്കും, മാജിദാൻ ഓർക്കുന്നു. “എന്നാൽ ഒരു പെൺകുട്ടിയായതിനാൽ കുടുംബത്തെ സഹായിക്കുന്നതിൽനിന്ന് എന്നെ തടയുന്നത് എന്തിനാണെന്ന് ഞാൻ ചോദ്യം ചെയ്തു”.


പരസ്പരം മാറിമാറി, രണ്ട് കരകൗശലക്കാരികളും തിരശ്ചീന നെയ്ത്തുനൂലുകൾ [ബാന] ഒരു മരത്തിന്റെ വടി ഉപയോഗിച്ച് വാർപ്പുനൂലുകളിലൂടെ (ടാന) കടത്തി, സങ്കീർണ്ണമായ ഡിസൈനുകൾ സൃഷ്ടിക്കുന്നു. തന്റെ ‘മനസ്സിൽ നിലനിൽക്കുന്ന ഒരു ആശയത്തെ അടിസ്ഥാനമാക്കി’ യാണ് നൂൽകൊണ്ട് വിവിധ രൂപങ്ങൾ സൃഷ്ടിക്കുന്നതെന്ന് മജിദാൻ പറയുന്നു. ഈ ഡിസൈൻ ആവർത്തിക്കാൻ അവർ പാറ്റേണോ സ്റ്റെൻസിലോ ഉപയോഗിക്കാറില്ല


മഞ്ഞയും നീലയും നൂൽ ഉപയോഗിച്ച് രണ്ട് പൂക്കളുടെ പാറ്റേണുകളുടെ സംയോജനമാണ് മജിദാനും ഖർസയിദും നെയ്യുന്നത്. അതിനുശേഷം ഒരു വിടവിട്ട്, ഇരുവരും പച്ചയും കറുപ്പും പൂവുണ്ടാക്കുന്നത് തുടരുന്നു. ‘പൂക്കൾ പൂർത്തിയാകുമ്പോൾ, ചുവന്ന നെയ്ത്തുനൂലുകൾ മാത്രം ഉപയോഗിച്ച് ഞങ്ങൾ ഒരടിയുള്ള ദരി നെയ്യും,’ മജിദാൻ പറയുന്നു. തുണി അളക്കാൻ അവർ കൈകൾ ഉപയോഗിക്കുന്നു. രണ്ടുപേരും സ്കൂളിൽ പോകാത്തതിനാൽ തുടക്കം മുതലേ അവർ ഇങ്ങനെ ചെയ്തുപോന്നു
ഇന്ത്യയുടെ വിഭജനം ഈ കുടുംബത്തെ ആഴത്തിൽ സ്വാധീനിച്ചു – അവരുടെ മുത്തശ്ശിയുടെ (അമ്മയുടെ അമ്മ) കുടുംബം പാകിസ്ഥാനിലാണ് താമസിച്ചിരുന്നത്, ഈ സത്യം മജിദാനിൽ ഇന്നും ഗൃഹാതുരത്വം നിറയ്ക്കുന്നു. 1980-കളിൽ അവരെ സന്ദർശിച്ചപ്പോൾ, സമ്മാനങ്ങളുമായിട്ടാണ് മജീദാൻ പോയത് – “അവർക്ക് ശരിക്കും ഇഷ്ടപ്പെട്ടു” കൈകൊണ്ട് നെയ്ത രണ്ട് ദരികൾ.
*****
മണിക്കൂറുകളോളം ജോലി ചെയ്തിട്ടും ഈ സ്ത്രീകൾക്ക് ലഭിക്കുന്നത് ഒരു ദരിക്ക് 250 വീതം മാത്രമാണ്. “ഒരു ദരി നെയ്യാൻ ഞങ്ങൾ സാധാരണയായി 1,100 രൂപയാണ് ഈടാക്കുന്നത്. ഉപഭോക്താവ് നൂല് നൽകുകയാണെങ്കിൽ, ഞങ്ങളുടെ അധ്വാനത്തിന് ഞങ്ങൾ 500 രൂപ മാത്രമേ ഈടാക്കാറുള്ളു”, മജിദാൻ വിശദീകരിക്കുന്നു. “ഞാൻ ഈ തൊഴിൽ തുടങ്ങുമ്പോൾ ഒരു ദരി 20 രൂപയ്ക്കാണ് നെയ്തിരുന്നത്. ഇപ്പോൾ, ഞങ്ങൾ സമ്പാദിക്കുന്നത് കഷ്ടിച്ചാണ് തികയാറ്”, മജിദാൻ പറയുന്നു. “ഗ്രാമത്തിൽ ഒരു ലിറ്റർ പാലിന് 60 രൂപയാണ് വില. ഒരുമാസം എന്റെ ചെലവുകൾ എത്രമാത്രമായിരിക്കുമെന്ന് ആലോചിച്ചുനോക്കൂ,” ഖർസദ് വിലപിക്കുന്നു.
ഇരുവരുടെയും ഭർത്താക്കന്മാർ തൊഴിൽരഹിതരായതിനാൽ വളരെ കഷ്ടപ്പെട്ടാണ് മജിദാനും ഖർസദും മക്കളെ വളർത്തിയത്. “ഞാൻ ജാട്ട് സിഖ് കുടുംബങ്ങളുടെ വീട്ടുജോലി ചെയ്തിരുന്നു, അവർ എനിക്ക് വീട്ടിലേക്ക് കൊണ്ടുപോകാൻ അവശ്യസാധനങ്ങൾ തന്നു. അതുപയോഗിച്ചാണ് ഞാൻ എന്റെ കുട്ടികൾക്ക് ഭക്ഷണം നൽകിയത്,” ഖർസദ് കൂട്ടിച്ചേർക്കുന്നു. ഇളയമകനും കുടുംബത്തിനുമൊപ്പം താമസിക്കുന്ന മജിദാനും എട്ട് പേരടങ്ങുന്ന കുടുംബത്തോടൊപ്പം താമസിക്കുന്ന ഖർസയിദും ആ ദുരിതകാലങ്ങളെക്കുറിച്ച് പലപ്പോഴും ചിന്തിക്കാറുണ്ട്.
മൂന്ന് വർഷംമുമ്പുവരെ, സെപ്തംബർ മുതൽ ഒക്ടോബർവരെയുള്ള തിരക്കേറിയ പരുത്തി വിളവെടുപ്പ് സീസണിൽ അവർ പരുത്തി നുള്ളിയിരുന്നു. ഈ പരുത്തിനൂൽ നൂൽക്കുന്നതിലൂടെ അവർ വരുമാനം മെച്ചപ്പെടുത്തിയിരുന്നു. 40 കിലോ പരുത്തി നുള്ളിയാൽ ഒരു ദിവസം 200 രൂപ സമ്പാദിക്കുവാൻ സാധിച്ചിരുന്നു. “ഇപ്പോൾ, മിക്ക കർഷകരും പരുത്തിക്ക് പകരം നെല്ല് വിതയ്ക്കുന്നു,” മജിദാൻ അഭിപ്രായപ്പെട്ടു. ഈ മാറ്റം അവരുടെ ജീവിതത്തെ സാരമായി ബാധിച്ചു. പഞ്ചാബിലെ പരുത്തിക്കൃഷി 2014-15ൽ 4,20,000 ഹെക്ടറിൽ ആയിരുന്നത്, 2022-23ൽ 2,40,000 ഹെക്ടറായി കുറഞ്ഞതായി സർക്കാർ രേഖകൾ ചൂണ്ടിക്കാട്ടുന്നു.
മാർച്ചിൽ, നൂലും ചണപട്ടും നൂൽക്കാൻ ഉപയോഗിച്ചിരുന്ന ചർക്ക മജിദാൻ മനസ്സില്ലാമനസ്സോടെ മാറ്റിവെച്ചു. അത് ഒരു ഷെഡ്ഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ഇപ്പോൾ. ദരികളുടെ ഡിമാൻഡും കുത്തനെ ഇടിഞ്ഞു – ഒരിക്കൽ മാസത്തിൽ 10 മുതൽ 12 വരെ ദരികൾ ചെയ്തിരുന്ന അവർ ഇപ്പോൾ രണ്ടെണ്ണം മാത്രമാണ് ചെയ്യുന്നത്. പ്രതിമാസം സംസ്ഥാന സർക്കാരിൽ നിന്ന് ലഭിക്കുന്ന 1,500 രൂപ വിധവാ പെൻഷൻ മാത്രമാണ് അവരുടെ ഒരേയൊരു സ്ഥിരവരുമാനം.


അയഞ്ഞ നൂലുകളിൽ കെട്ടുകൾകെട്ടി കൈകൊണ്ട് നെയ്ത ഒരു ദരിയിൽ അവസാന മിനുക്കുപണികൾ ചെയ്യുന്ന മജിദാൻ


മജിദാൻ താനും ഖർസദും ചേർന്ന് തയ്യാറാക്കിയ ഒരു ദരി (ഇടത്) കാണിക്കുന്നു. അവരുടെ 10 വയസ്സുള്ള ചെറുമകൻ ഇമ്രാൻ ഖാന്റെ (വലത്) സഹായത്തോടെ മജിദാൻ സൂചിയിൽ നൂൽ നൂൽക്കുന്നു. ഒരു മണിക്കൂറിലധികം ജോലി ചെയ്തതിനുശേഷം, ഖർസദും മജിദാനും ഒരു ചെറിയ ഇടവേള എടുത്ത് കാലുകൾ നീട്ടിവെച്ചു. കാഴ്ചശക്തി കുറയുകയും സന്ധികൾ വേദനിക്കുകയും ചെയ്യുന്നതായി ഇരുവരും പറയുന്നു
ഒരു മണിക്കൂറിലധികം ജോലി ചെയ്തതിനുശേഷം, ഖർസദും മജിദാനും ഒരു ചെറിയ ഇടവേള എടുത്ത് കാലുകൾ നീട്ടിവെച്ചു.. അവരുടെ പുറംവേദനയെക്കുറിച്ച് ഖർസദ് പരാമർശിച്ചപ്പോൾ, മജിദാൻ അവരുടെ കാൽമുട്ടുകൾ അമർത്തി പറഞ്ഞു, “ഇന്ന് എനിക്ക് നടക്കാൻ ബുദ്ധിമുട്ടുണ്ടാവുന്നുണ്ട്, എന്റെ സന്ധികളും വേദനിക്കുന്നു. കാഴ്ചശക്തി കുറയുന്നതായും ഇരുവരും പറയുന്നു.
“ഞാൻ ഒരാണിനെപ്പോലെ പണിയെടുത്തിട്ടുണ്ട്) എന്റെ പ്രായത്തെ കണക്കിലെടുക്കാതെ ഇപ്പോഴും ഞാൻ അത് തുടരുന്നു” മജിദാൻ കൂട്ടിച്ചേർത്തു. അവർ തന്റെ ചെറിയ സമ്പാദ്യംകൊണ്ടാണ് വീട് നടത്തിപ്പൊരുന്നത്.
പ്രായവും ശാരീരിക പരാധീനതകളും ഉണ്ടെങ്കിലും, പെൻഷനും ദരികളിൽനിന്ന് ലഭിക്കുന്ന പണവുംകൊണ്ട് മജീദാന് രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പറ്റുന്നില്ല. അതിനാൽ എല്ലാ ദിവസവും രാവിലെ 7 മണിക്ക്, ഒരു കുടുംബത്തിൽ പാചകം ചെയ്യാനായി അവർ കിലോമീറ്ററുകൾ നടന്ന് പ്രതിമാസം 2,000 രൂപ സമ്പാദിക്കുന്നു. അവരും ഖർസദും വീട്ടുജോലിക്കാരായി ജോലി ചെയ്ത് മണിക്കൂറിന് 70 വീതം സമ്പാദിക്കുന്നുണ്ട്.
ദിവസത്തിൽ ജോലികൾ പലതുണ്ടായിട്ടും, ദരി നെയ്യാൻ അവർ സമയം കണ്ടെത്തുന്നു. “ഞങ്ങൾ എല്ലാ ദിവസവും നെയ്യുകയാണെങ്കിൽ, ഒരാഴ്ചയ്ക്കുള്ളിൽ ഞങ്ങൾക്ക് ഒരു ദരി പൂർത്തിയാക്കാൻ കഴിയും,” ഖർസദ് പറയുന്നു.
നെയ്ത്ത് ഉപേക്ഷിച്ചാലോ എന്ന് മാജിദാൻ ആലോചിക്കാറുണ്ട് . “ഒരുപക്ഷേ ഇതും പിന്നീട് ഒരെണ്ണവുംകൂടി പൂർത്തിയാക്കിയ ശേഷം, ഞാൻ വിരമിക്കും. മണിക്കൂറുകളോളം ഇരിക്കുന്നത് ബുദ്ധിമുട്ടാണ്. ഇതിനാൽ എനിക്ക് ഇവിടെ വേദനിക്കുന്നു”, കഴിഞ്ഞ വർഷം നടത്തിയ പിത്തസഞ്ചിയുടെ ശസ്ത്രക്രിയയിൽനിന്നുള്ള തുന്നലുകൾ കാണിച്ചുകൊണ്ട് അവർ പറയുന്നു. “ഇനിയുള്ള കാലം, അത് എത്ര കുറച്ചാണെങ്കിലും, നന്നായി ജീവിക്കാൻ ആഗ്രഹിക്കുന്നു.”
എന്നിരുന്നാലും, അടുത്ത ദിവസം, വിരമിക്കലിനെക്കുറിച്ചുള്ള എല്ലാ ചിന്തകളും അവർ മറക്കുന്നു. എൺപതുകളിലെത്തിയ, ക്ഷീണിതയായ ഒരു സ്ത്രീ, ബൽബീർ കൌർ, തൊട്ടടുത്ത ഗ്രാമത്തിൽനിന്ന് ഒരു ദരിക്കുള്ള ഓർഡറുമായി വരുന്നു. “അമ്മേ, വീട്ടിലുപയോഗിക്കാനാണോ, അതോ മകളുടെ വസ്ത്രശേഖരത്തിനാണോ ദരി എന്ന് വീട്ടുകാരോട് ചോദിച്ച് വരൂ,” മജിദാൻ വൃദ്ധക്ക് നൂറുരൂപ നൽകിക്കൊണ്ട് പറഞ്ഞു.
മൃണാളിനി മുഖർജി ഫൌണ്ടേഷന്റെ (എം.എം.എഫ്) ഫെല്ലോഷിപ്പിന്റെ സഹായത്തോടെ ചെയ്ത റിപ്പോർട്ടാണ് ഇത്.
പരിഭാഷ: നീരജ ഉണ്ണിക്കൃഷ്ണൻ