കമൽകോശ് പായകളെ മനസ്സിലാക്കാൻ കഴിവുള്ളവർ വളരെ ചുരുക്കമാണ്.
അതിലും ചുരുക്കമാളുകൾക്കേ അത് നെയ്യാനാവൂ.
കട്ടിയുള്ള ചൂരലിന്റെ നേർത്ത ചീന്തുകൾകൊണ്ട്, പശ്ചിമ ബംഗാളിലെ കൂച്ച് ബെഹാർ ജില്ലയിലുണ്ടാക്കുന്ന സൂക്ഷ്മാംശങ്ങളുള്ള ഈ പായകൾ മറ്റ് പായകളിൽനിന്ന് വ്യത്യസ്തമാകുന്നത്, അതിലെ സാംസ്കാരികമായ ചിത്രണങ്ങൾകൊണ്ടാണ്.
“ആൽമരം, മയിൽ, നാളികേരത്തോടുകൂടിയ പാത്രം, ക്ഷേമത്തിന്റെ ചിഹ്നമായ സ്വസ്തിക തുടങ്ങിയ മംഗളകരമായ ചിത്രങ്ങളാൽ അലങ്കരിക്കപ്പെട്ടവയാണ് ഒരു പരമ്പരാഗത കമൽകോശ്.
ഈ രൂപങ്ങൾ പായകളിൽ നെയ്യാനറിയുന്ന വിരലിലെണ്ണാവുന്ന നെയ്ത്തുകാരിൽ ഒരാളാണ് പ്രഭാതി. 10 വയസ്സിന്റെ ചെറിയ പ്രായത്തിൽത്തന്നെ തുടങ്ങിയതാണ് അവർ ഈ ജോലി. “ഈ ഗ്രാമത്തിലെ (ഘെഗിർഘട്ട് ഗ്രാമം) എല്ലാവരും ചെറിയ പ്രായംതൊട്ട് ഈ പായകൾ നെയ്യാൻ തുടങ്ങും”, പ്രത്യേകസിദ്ധി വേണമെന്ന ധാരണകളെ തള്ളിപ്പറഞ്ഞുകൊണ്ട്, 36 വയസ്സുള്ള അവർ പറയുന്നു. “എന്റെ അമ്മയ്ക്ക് കമൽകോശിന്റെ ചില ഭാഗങ്ങൾ മാത്രമേ ചെയ്യാൻ അറിയുമായിരുന്നുള്ളു. എന്നാൽ അച്ഛനാകട്ടെ, രൂപമാതൃകയെക്കുറിച്ച് നല്ല ധാരണകളുണ്ടായിരുന്നു. മാത്രമല്ല, ‘ഇതൊന്ന് ചെയ്തുനോക്കൂ’ എന്നൊക്കെ പറഞ്ഞ് ഓരോന്നും വിശദമായി പറഞ്ഞുതരികയും ചെയ്തിരുന്നു.
ഘെഗ്രിഘട്ടിലെ അവരുടെ വീടിന്റെ വരാന്തയിലിരിക്കുകയായിരുന്നു ഞങ്ങൾ. വീടിന്റെ അടച്ചുറപ്പുള്ള മുൻഭാഗത്തിരുന്ന് ജോലി ചെയ്യാനാണ് മിക്കവരും ആഗ്രഹിക്കുന്നത്. ജോലിയിലെ വിവിധ ഭാഗങ്ങളിൽ സഹായിച്ചുകൊണ്ട് അവരുടെ കുടുംബാംഗങ്ങൾ ചുറ്റുമിരുന്നു. എന്നാൽ, പായകൾക്കുള്ളിൽ, പ്രത്യേകനാരുകൾകൊണ്ട് പ്രമേയങ്ങൾ വിഭാവനം ചെയ്യുകയും നെയ്യുന്നതും അവർ മാത്രമാണ്. “ഓർമ്മകളിൽനിന്നെടുത്ത് ഇത് ചെയ്യുന്നത് ഞങ്ങളുടെ സ്വഭാവമായി,” രൂപരേഖകളുണ്ടാക്കുന്നതിനെക്കുറിച്ച് പറയുമ്പോൾ അവർ വിശദീകരിച്ചു.


ഈ രൂപങ്ങൾ പായകളിൽ നെയ്യാനറിയുന്ന വിരലിലെണ്ണാവുന്ന നെയ്ത്തുകാരിൽ ഒരാളാണ്, പശ്ചിമ ബംഗാളിലെ കൂച്ച് ബെഹാർ ജില്ലയിലെ പ്രഭാതി ധർ. അവരും കുടുംബാംഗങ്ങളും ചേർന്ന് പായകൾ നെയ്യുന്ന, ഘെഗിർഘട്ട് ഗ്രാമത്തിലെ അവരുടെ വീടിന്റെ മുറ്റം

പണി തീർന്ന ഒരു പായ പ്രദർശിപ്പിക്കുന്ന പ്രഭാതിയും ഭർത്താവ് മനോരഞ്ജനും
സമീപത്തുള്ള ധാലിയാബാരി പട്ടണത്തിൽനിന്നുള്ള ഒരു വ്യാപാരിയാണ് കൃഷ്ണ ചന്ദ്ര ഭൌമിക്. പ്രഭാതിയിൽനിന്ന് ഇടയ്ക്കിടയ്ക്ക് കമൽകോശ് വാങ്ങാറുണ്ട് അദ്ദേഹം. “കലാമൂല്യമുള്ള ഒരു വസ്തുവാണ് കമൽകോശ് . ഇതിന്റെ മൂല്യം മനസ്സിലാക്കാൻ ഒരു ബംഗാളിക്ക് മാത്രമേ സാധിക്കൂ. ഈ വിശിഷ്ടമായ പായകൾ അധികവും വാങ്ങുന്നതും ബംഗാളികളായത് അതുകൊണ്ടാണ്,” അദ്ദേഹം പാരിയോട് പറയുന്നു.
അധികവും പായ നെയ്ത്തുകാരടങ്ങുന്ന ജനങ്ങളുള്ള കൂച്ച് ബെഹാർ 1 ബ്ലോക്കിലെ ഘെഗ്രിഘട്ട് ഗ്രാമത്തിലാണ് ധർ കുടുംബം താമസിക്കുന്നത്. ബംഗ്ലാദേശിലാണ് ഈ പായ നെയ്ത്തുകാരുടെ വേര്. അവരവർ വരുന്ന നാടുകളീലെ സവിശേഷമായ ശൈലിയും കരവിരുതും അവർ നെയ്യുന്ന പായകളിൽ കാണാൻ സാധിക്കും. പക്ഷേ, അത് മറ്റൊരു കഥയാണ്. പിന്നീട് എഴുതാം.
പായകളെ പൊതുവായി, പാട്ടി നെയ്ത്ത് എന്ന് തരംതിരിക്കാം. അവയിൽ, തടിച്ച, മോട്ടാ പാ ട്ടി പായകൾ മുതൽ, സൂക്ഷ്മമായ പണികളുള്ള അപൂർവമായ കമൽകോശു വരെയുള്ളവ ഉൾപ്പെടുന്നു. പശ്ചിമ ബംഗാളിലെ കൂച്ച് ബെഹാർ മേഖലയിൽ കാണുന്ന സ്വദേശി ഇനത്തിൽപ്പെട്ട ചൂരലാണ് ( ഷുമാന്നിയൻ തസ് ഡൈക്കോട്ടൊമസ് എന്ന് ശാസ്ത്രീയനാമാം) ഉപയോഗിക്കുന്നത്.
കമൽകോശ് പായകളുണ്ടാക്കാൻ, ചൂരലിന്റെ ഉപരിഭാഗത്തുള്ള തൊലി ശ്രദ്ധയോടെ നേർമ്മയുള്ള കഷണങ്ങളായി ചീന്തിയെടുക്കണം. ബേട്ട് എന്നാണ് അവയെ വിളിക്കുക. വെളുത്ത നിറവും മിനുസവും കിട്ടാൻ അവയെ അന്നജത്തിലിട്ട് തിളപ്പിക്കുന്നു. നല്ല നിറം കൊടുക്കാൻ ഇത് കൂടുതൽ സഹായിക്കുന്നു.
ആവശ്യമായ ആദ്യജോലികളൊക്കെ ഭർത്താവ് മനോരഞ്ജൻ ധർ ആണ് ചെയ്യുന്നത്. വിവാഹം കഴിഞ്ഞപ്പോൾ ഭർത്താവിനോട്, തനിക്ക് നല്ല മിനുസമുള്ള പായകൾ നെയ്യാൻ അറിയാമെന്നും എന്നാൽ അനുയോജ്യമായ അസംസ്കൃതപദാർത്ഥങ്ങൾ ആവശ്യമാണെന്നും സൂചിപ്പിച്ചത് അവർ ഓർമ്മിച്ചു. “അങ്ങിനെ എന്റെ ഭർത്താവ് മെല്ലെമെല്ലെ, കമൽകോശ് നെയ്യാനാവശ്യമായ കനം കുറഞ്ഞ ചൂരൽനാരുകൾ ചീന്തിയെടുക്കാൻ പഠിച്ചു.”


ഇടത്ത്: പുതുതായി നിർമ്മിച്ച ശീതൽപാട്ടി, പ്രഭാതിയുടെ ഡൈയിങ്ങ് ഷെഡ്ഡിന്റെ അതിർത്തിയിൽ ചാരിവെച്ചിരിക്കുന്നു. അതിനരികിലായി, ഇപ്പോൾ വിളവെടുത്ത പുത്തൻ ചൂരൽത്തണ്ടുകൾ അട്ടിയട്ടിയായി വെച്ചിരിക്കുന്നു. പായകൾ നെയ്യാനുള്ളതാണ് അത്. വലത്ത്: ചൂടുവെള്ളത്തിൽ വേവിക്കാനും നിറം കൊടുക്കാനും (ഡൈയിങ്ങ്) ഉള്ള പ്രക്രിയകൾക്കായി ചൂരൽ സ്ലിപ്പുകളും കെട്ടുകളായി വെച്ചിരിക്കുന്നു


ഇഷ്ടമുള്ള നിറത്തിലുള്ള കമൽകോശുകളുണ്ടാക്കാൻ, കട്ടിയാക്കിയ ചൂരൽനാരുകൾക്ക് പ്രഭാതി നിറം കൊടുക്കുന്നു (ഇടത്ത്). പിന്നീട് അത് വെയിലത്തിട്ട് ഉണക്കും (വലത്ത്)
പ്രഭാതി സംസാരിക്കുമ്പോൾ അവരുടെ കൈകൾ ശ്രദ്ധിക്കുകയായിരുന്നു ഞങ്ങൾ. അതിവേഗം ചലിക്കുന്ന അവരുടെ വിരലുകൾക്കിടയിലൂടെ ചൂരൽനാരുകൾ നീങ്ങുമ്പോഴുണ്ടാകുന്ന ശബ്ദം മാത്രമായിരുന്നു ഉണ്ടായിരുന്നത്. അടുത്തടുത്ത് വീടുകളുള്ള ആൾബഹളങ്ങളൊന്നുമില്ലാത്ത ശാന്തമായ ഒരു പരിസരമായിരുന്നു അത്. വല്ലപ്പോഴും പോകുന്ന സ്കൂട്ടറുകളുടെ ശബ്ദം മാത്രം. വീടിന് ചുറ്റും വാഴയും അടയ്ക്കാമരവും; ഏഴടി പൊക്കത്തിൽ വളരുന്ന ചൂരൽക്കാട് വീട്ടിൽനിന്ന് നോക്കിയാൽ കാണാം.
ഈ കരകൌശലവിദഗ്ദ്ധ പരമ്പരാഗതമായ കൈയ്യളവുകളാണ് – ഏക് ഹാട്ട് - ഉപയോഗിക്കുന്നത്. ഒരു കൈയുടെ നീളം ഏതാണ്ട് 18 ഇഞ്ചാണ്. രണ്ടര കൈ വീതിയും നാല് കൈ നീളവുമുള്ള പായയ്ക്ക് നാലടി വീതിയും ആറടി നീളവുമുണ്ടായിരിക്കും.
താനുണ്ടാക്കിയ കമൽകോശ് പായകളുടെ ചിത്രങ്ങൾ മൊബൈലിലുണ്ടായിരുന്നത് ഞങ്ങൾക്ക് കാണിച്ചുതരാൻ പ്രഭാതി ജോലി ഒന്ന് നിർത്തിവെച്ചു. “ആവശ്യത്തിനനുസരിച്ച് മാത്രമേ കമൽകോശ് പായകൾ ഉണ്ടാക്കുന്നുള്ളു. പ്രാദേശിക വ്യാപാരികൾ ഓർഡർ തന്നാൽ ഞങ്ങൾ നെയ്തുകൊടുക്കും. ഈ വിശേഷപ്പെട്ട പായകൾ ആഴ്ചച്ചന്തയിൽ വിൽക്കാറില്ല.”
കമൽകോശ് പായകളിൽ പേരുകളും തീയ്യതികളും നെയ്യുന്ന ഒരു പുതിയ പ്രവണത അടുത്തകാലത്തായി വന്നിട്ടുണ്ട്. “വിവാഹങ്ങൾക്ക്, ദമ്പതിമാരുടെ പേരുകൾ പായയിൽ നെയ്തുതരാൻ ആളുകൾ ആവശ്യപ്പെടും. ‘ ശുഭൊ ബിജോയ’ പോലെ, വിജയദശമി ദിവസം ആശംസിക്കുന്ന പായകൾക്കും ആവശ്യക്കാർ വരുന്നത് പതിവാണ്. “ബംഗാളി ലിപി എഴുതുന്നതിനേക്കാൾ എളുപ്പമാണ് ഇംഗ്ലീഷ് അക്ഷരങ്ങൾ പായയിൽ എഴുതുന്നത്,” പ്രഭാതി പറയുന്നു. വളവുകളുള്ള, രേഖീയമായ ബംഗാളി ലിപി എഴുതുന്നത് ഒരു വെല്ലുവിളിയാണ്.


വിവാഹം കഴിക്കാൻ പോകുന്ന ദമ്പതിമാരുടെ പേരെഴുതിയ ഒരു പായ. കൂടെ, മംഗളമുഹൂർത്തം സൂചിപ്പിക്കാൻ മയിലിന്റെ ചിത്രവും

കൂച്ച് ബെഹാറിലെ ഘുഘുമാരിയിലെ പാട്ടി മ്യൂസിയത്തിലെ ഒരു കമൽകോശ്
കൂച്ച് ബെഹാർ 1-ബ്ലോക്കിലെ പാട്ടി ശില്പ സമാബെ സമിതിയുടെ സെക്രട്ടറിയായ പ്രദീപ് കുമാർ റായ് സാക്ഷ്യപ്പെടുത്തുന്നതുപോലെ, ഇതൊരു വിദഗ്ദ്ധ തൊഴിലാണ്. സ്വയം ഒരു നെയ്ത്തുകാരനായ അദ്ദേഹം പറയുന്നു, “കൂച്ച് ബെഹാർ ജില്ലയിൽ മൊത്തം ഏകദേശം 10,000 നെയ്ത്തുകാരുണ്ടാവും. എന്നാൽ കമൽകോശ് നെയ്യുന്നവരായി മേഖലയിലാകെ 10-12 ആളുകളേ ഉള്ളു.”
1992-മുതലുള്ളതാണ് സമിതി. 300-ഓളം നെയ്ത്തുകാരുമുണ്ട്. മേഖലയിലെ ഈ പ്രമുഖ പായ നെയ്ത്ത് സഹകരണ സൊസൈറ്റി ഈരണ്ടാഴ്ച കൂടുമ്പോൾ ഘുഘുമാരിയിൽ ആഴ്ചച്ചന്ത നടത്താറുണ്ട്. കൂച്ച് ബെഹാർ മേഖലയിലെ ഒരേയൊരു പ്രതിജ്ഞാബദ്ധമായ പായച്ചന്തയാണത്. ഒരൊറ്റ ചന്തദിവസം ആയിരത്തിനടുത്ത് നെയ്ത്തുകാരും 100-ഓളം വ്യാപാരികളും എത്തിച്ചേരും.
മേഖലയിലെ അവസാനത്തെ കമൽകോശ് നെയ്ത്തുകാരിലൊരാളാണ് പ്രഭാതി. തന്റെ ചുമതലകൾ ഗൌരവത്തോടെയാണവർ കാണുന്നത്. “എന്റെ അമ്മ ദിവസവും നെയ്യാറുണ്ട്. ഒരു ദിവസംപോലും അവർ അവധിയെടുക്കാറില്ല. എന്തെങ്കിലും ആവശ്യത്തിന് പുറത്ത് പോകേണ്ടിവന്നാലോ, മുത്തച്ഛന്റെയടുത്തേക്ക് പോവുമ്പൊഴോ മാത്രമാണ് അവർ ജോലിയിൽനിന്ന് അവധിയെടുക്കുക,” അഞ്ച് വയസ്സുമുതലേ ഈ തൊഴിൽ കണ്ടുമനസ്സിലാക്കി, ഇപ്പോൾ മെല്ലെ ചെയ്തുതുടങ്ങിയ മകൾ മന്ദിര പറയുന്നു.
പ്രഭാതിക്കും മനോരഞ്ജനും രണ്ട് മക്കളാണ്. 15 വയസ്സുള്ള മന്ദിരയും 7 വയസ്സുള്ള പീയൂഷും (ടോജോ എന്നാണ് ഓമനപ്പേര്). രണ്ടുപേരും സ്കൂൾ സമയം കഴിഞ്ഞാൽ ഈ ജോലി അല്പാല്പമായി ചെയ്ത് പരിശീലിക്കുന്നു. പ്രഭാതിയുടെ അച്ഛനമമാരുടെ കൂടെയാണ് മന്ദിര താമസിക്കുന്നത്. ആഴ്ചയിൽ രണ്ട് ദിവസം, അമ്മയെ നെയ്ത്തിൽ സഹായിക്കാൻ അവൾ വീട്ടിലെത്തും. ഊർജ്ജസ്വലനായ തോജോയും ജോലി ഗൌരവത്തോടെ പഠിക്കുന്നുണ്ട്. ചൂരലിന്റെ തണ്ടുകൾ തയ്യാറാക്കുകയും ചെയ്യാറുണ്ട് അവൻ. കൂട്ടുകാർ ക്രിക്കറ്റ് കളിക്കുമ്പോൾ, അവൻ ജോലി ചെയ്യുകയായിരിക്കും.


ഇടത്ത്: ഒരു പ്രഭാത അനുഷ്ഠാനംപോലെ പ്രഭാതിയും മകൾ മന്ദിരയും ഒരുമിച്ച് നെയ്യുന്നു. മകൻ പീയൂഷ് ചൂരൽത്തണ്ടുകൾ മുറിക്കുന്നു. ഷോളൈ എന്നാണ് ആ പ്രക്രിയയ്ക്ക് പറയുന്നത്. ജോലി കഴിഞ്ഞ് അവനെയും കൂട്ടി ക്രിക്കറ്റ് കളിക്കാൻ പോകാൻ കൂട്ടുകാരൻ കാത്തുനിൽക്കുന്നുണ്ട്


ഇടത്ത്: ചുറ്റുവട്ടത്തുള്ള കുട്ടികൾ പ്രഭാതിയുടെ വീട്ടിലേക്ക് തിക്കിത്തിരക്കിയെത്തും, കഥ പറയുന്ന ഈ പായകൾ നെയ്യുന്നത് പഠിക്കാൻ. ഗിതാഞ്ജലി ഭൌമിക്, അങ്കിത ദാസ്, മന്ദിര ധർ എന്നിവർ (ഇടത്തുനിന്ന് വലത്തേക്ക്) പായ നെയ്യാൻ പ്രഭാതിയെ സഹായിക്കുന്നു. വലത്ത്: ഭർത്താവ് മനോരഞ്ജൻ ധർ, മകൻ പീയൂഷ് ധർ, മകൾ മന്ദിര ധർ, പ്രഭാതി ധർ, അയൽക്കാരി അങ്കിത ദാസ് എന്നിവർ
സമീപത്തുള്ള കുട്ടികളൊക്കെ പ്രഭാതിയുടെ ഈ കൈത്തൊഴിൽ പഠിക്കാൻ വീട്ടിലെത്താറുണ്ട്. “എന്റെ അയൽക്കാരിയുടെ മകൾ പറയുകയാണ്, ‘ആന്റീ, എന്നെയും ഇത് പഠിപ്പിക്കൂ’ എന്ന്.” അവധി ദിവസങ്ങളിലും വാരാന്ത്യങ്ങളിലും പ്രഭാതിയുടെ വീട് ഒരു സർഗ്ഗാത്മക ഇടമായി മാറും. “മയിലുകളും മരങ്ങളുമൊക്കെ നെയ്യുന്നത് പഠിക്കാൻ അവർക്ക് വലിയ താത്പര്യമാണ്. എന്നാലും പെട്ടെന്നൊന്നും അവർക്ക് പഠിക്കാൻ സാധിക്കില്ല. അതുകൊണ്ട് ഞാനവരോട്, പായയുടെ അറ്റങ്ങൾ നെയ്യാൻ പറയും. ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ ഞാൻ അവരെയും ശ്രദ്ധിക്കും. മെല്ലെമെല്ലെ ഞാനവരെ ഇത് പഠിപ്പിക്കും,” അവർ പറയുന്നു.
കമൽകോശ് നെയ്യാൻ പഠിക്കുന്നുണ്ടെങ്കിലും, കൂടുതൽ വരുമാനവും വിശ്രമവും തരുന്ന ഒരു ജോലിയാണ് മന്ദിര ആഗ്രഹിക്കുന്നത്. “ചിലപ്പോൾ ഞാൻ നഴ്സിംഗ് പഠിക്കാൻ പോകും. പായ നെയ്യലിൽ നല്ല അദ്ധ്വാനമുണ്ട്. മറ്റെന്തെങ്കിലും ജോലി ചെയ്താൽ, ആവശ്യത്തിന് വിശ്രമിക്കാനും വരുമാനം സമ്പാദിക്കാനും കഴിയും. സദാസമയവും ബുദ്ധിമുട്ടേണ്ട ആവശ്യമുണ്ടാവില്ല. അതുകൊണ്ടാണ് എന്റെ തലമുറയിലെ ആരും പായ നെയ്യൽ ചെയ്യാൻ തയ്യാറാവാത്തത്.”
ഇത് വിശദീകരിക്കാൻ അവൾ അമ്മയുടെ ദിനചര്യ പറഞ്ഞുതരുന്നു. “എന്റെ അമ്മ ദിവസവും രാവിലെ 5.30-ന് ഉണരുന്നു. അടിച്ചുവാരലും വീട് വൃത്തിയാക്കലും കഴിഞ്ഞ് പായ നെയ്യാനിരിക്കും, ഒരു മണിക്കൂറോളം. രാവിലത്തേക്കുള്ള ഭക്ഷണവുമുണ്ടാക്കണം. അത് കഴിച്ച് അമ്മ ഉച്ചവരെ പിന്നെയും നെയ്ത്തിലേർപ്പെടും. അതിനിടയ്ക്ക് കുളിക്കും. ഉച്ചയ്ക്ക് ഭക്ഷണം കഴിഞ്ഞ് വീണ്ടും പായ നെയ്യും. വൈകീട്ട് വീണ്ടും വീട് അടിച്ചുവാരി രാത്രി 9 മണി വരെ പായ നെയ്ത്, ഭക്ഷണമുണ്ടാക്കി, ഉറങ്ങാൻ കിടക്കും.”
“എന്റെ അച്ഛനമ്മമാർ മേളകൾക്കൊന്നും പോകാറില്ല. കാരണം, വീട്ടിൽ ജോലികൾ ധാരാളമുണ്ട്. ഓരോ ദിവസവും ഒരു പാട്ടിയെങ്കിലുമുണ്ടാക്കിയാലേ മാസത്തിൽ, 15,000 രൂപ വരുമാനം കിട്ടൂ. അതുകൊണ്ടുവേണം ഞങ്ങളുടെ ദൈനംദിന കാര്യങ്ങൾ ചെയ്യാൻ,” മന്ദിര തുടർന്നു.


നെയ്ത്തിന് പുറമേ, പ്രഭാതി ഗൃഹപരിപാലനവും ചെയ്യുന്നു
*****
പാട്ടിയുണ്ടാക്കുന്ന പ്രക്രിയയെ സമസ്തിഗതകാജ് – കുടുംബവും സമൂഹവും ഒരുമിക്കുന്ന ജോലി എന്നാണ് വിളിക്കുന്നത്. “ഞങ്ങളുടെ തൊഴിൽ ഒറ്റയ്ക്കിരുന്ന് ചെയ്യുന്ന ഒന്നല്ല. എല്ലാവരും ഒരുമിച്ച് ജോലി ചെയ്ത് മാസാവസാനം തരക്കേടില്ലാത്തൊരു വരുമാനമുണ്ടാക്കുന്നു,” പ്രഭാതി പറയുന്നു.
ഈ തൊഴിലിനെ മാട്ടേർകാജ് (തൊടിപ്പണി) ബാഡികാജ് (വീട്ടുപണി) എന്ന് രണ്ടായി തിരിക്കാം” എന്ന്, ഈ തൊഴിലിൽ ആധികാരികതയുള്ള കാഞ്ചൻ ദേ പറയുന്നു. ഒരു നെയ്ത്ത് കുടുംബത്തിലെ അംഗവുമാണ് അദ്ദേഹം. പുരുഷന്മാർ ചൂരൽ കൃഷി ചെയ്ത് വിളവെടുക്കുകയും മുറിച്ച്, നാരുകളാക്കി നെയ്യാൻ പാകത്തിലാക്കുകയും ചെയ്യുമ്പോൾ സ്ത്രീകൾ, ആ നാരുകൾ കഞ്ഞിപ്പശയിൽ മുക്കി, ഉണക്കി പായ നെയ്യുകയും ചെയ്യുന്നു. ചെറിയ കുട്ടികളും ലിംഗാടിസ്ഥാനത്തിൽ ജോലി ചെയ്ത് ശീലിക്ക്മുന്നു. പെൺകുട്ടികൾ നെയ്യുകയും, ആൺകുട്ടികൾ ചൂരൽ മുറിക്കുകയും ചെയ്യുന്നു. സമീപ ഗ്രാമമായ ഗംഗാലേർ കുതിയിൽനിന്നുള്ള സ്കൂൾ അദ്ധ്യാപകനുംകൂടിയാണ് ദേ.
സാധാരണ അളവിലുള്ള – അതായത്, 6 x 7 അടി വലിപ്പമുള്ള ഒരു ചൂരൽപ്പായ ഉണ്ടാക്കാൻ 160 ചൂരൽത്തണ്ടുകൾ വേണം. ഈ തണ്ടുകളെ വളയ്ക്കാൻ പറ്റുന്ന ചീളുകളാക്കാൻ രണ്ട് ദിവസമെടുക്കും. പുരുഷന്മാരാണ് അത് ചെയ്യുന്നത്. രണ്ട് പ്രക്രിയകൾ ഉൾപ്പെടുന്നുണ്ട് ഇതിൽ. ആദ്യം തണ്ടുകൾ നിരവധി നാരുകളായി മുറിക്കണം. എന്നിട്ട്, അതിന്റെ അകക്കാമ്പ് മാറ്റി, ശ്രദ്ധയോടെ ഓരോ ചീളുകളും 2 എം.എം. മുതൽ 0.5 എം.എം. കനത്തിലാക്കണം നല്ല പരിചയമുള്ള കൈകൾക്കേ ചൂരൽ. സൂക്ഷ്മമായി ചെത്താൻ സാധിക്കൂ. സങ്കീർണ്ണവുമാണ് ഈ പ്രക്രിയ.


പാടത്തുനിന്ന് മനോരഞ്ജൻ ധർ ചൂരൽ മുറിച്ചെടുക്കുന്നു (ഇടത്ത്). മകൻ പീയൂഷ് (വലത്ത്) ചൂരൽ സ്ലിപ്പുകൾ തയ്യാറാക്കുന്നു. ചൂരൽത്തണ്ടുകൾ നാരുകളായി മുറിച്ച്. അതിന്റെ അകക്കാമ്പ് മാറ്റുന്ന ജോലി പീയൂഷാണ് ചെയ്യുക. ചൂരൽച്ചീളുകളിൽനിന്ന് സൂക്ഷ്മമായ ചൂരൽ സ്ലിപ്പുകൾ ഉണ്ടാക്കുന്നത് മനോരഞ്ജനാണ്. മൂന്ന് പാളികളാണ് അതിലുണ്ടാവുക. ബേട്ട്, ബുക, ചോട്ടു. അവസാനം കിട്ടുന്ന ചൂരൽ സ്ലിപ്പിൽ ബേറ്റ് എന്ന പുറംഭാഗം മാത്രമേ ഉണ്ടാകൂ


തയ്യാറായ പായ മനോരഞ്ജൻ പരിശോധിക്കുന്നു. ഒരു പായയുണ്ടാക്കുന്നത് കുടുംബാംഗങ്ങളുടേയും സമുദായത്തിന്റേയും കൂട്ടായ പരിശ്രമംകൊണ്ടാണ്. ‘എല്ലാവരും ഒരുമിച്ച് പണിയെടുത്താലേ മാസാവസാനം തരക്കേടില്ലാത്ത വരുമാനം ലഭിക്കൂ,’ പ്രഭാതി പറയുന്നു
നെയ്ത്തിനുശേഷം പായ ഉണക്കണം. സാധാരണ പായകൾ ചൂരലിന്റെ സ്വാഭാവിക നിറത്തിലാണ് നെയ്യുന്നത്. എന്നാൽ കമൽമോശ് പായകളാകട്ടെ, രണ്ട് നിറങ്ങളിലാണ് തയ്യാറാക്കുന്നത്,” മണിക്കൂറുകളോളം കുത്തിയിരുന്ന് ജോലി ചെയ്യുന്ന മുഖ്യ നെയ്ത്തുകാരി പറയുന്നു. ചിലപ്പോൾ അല്പം ആയാസം കിട്ടാൻ ഉയരം കുറഞ്ഞ സ്റ്റൂളുകൾ ഉപയോഗിക്കും. നെയ്തുകഴിഞ്ഞ ഭാഗങ്ങൾ വിട്ടുപോകാതിരിക്കാൻ കാൽപ്പാദംകൊണ്ട് അമർത്തിപ്പിടിക്കും പ്രഭാതി. കൈകൾ രണ്ടും ഉപയോഗിച്ച്, നെയ്യാനുള്ള രൂപരേഖയ്ക്കനുസരിച്ച് ആവശ്യമായ ചൂരൽനാരുകൾ ഉയർത്തിപ്പിടിക്കുകയും ചെയ്യും.
ഒരേ സമയം 70-ഓളം ചൂരൽത്തണ്ടുകൾ കൈകാര്യം ചെയ്യാൻ പ്രഭാതിക്ക് സാധിക്കും. നെയ്യുന്ന ഓരോ മുഴുവൻ വരിക്കും, 600ചൂരൽ നാരുകൾക്കിടയിലൂടെ ഒരു ഒറ്റ നാര് താഴത്തേക്കും മുകളീലേക്കും വലിക്കണം. കൈകൾ മാത്രമാണ് ഇതിൽ സഹായത്തിനുള്ളത്. എങ്കിലും 6 x 7 അടി വലിപ്പമുള്ള ഒരു പായ നെയ്യാൻ, ചുരുങ്ങിയത് 700 തവണയെങ്കിലും ഇത് ആവർത്തിക്കണം.
ഒരു കമൽകോശ് പായയുണ്ടാക്കുന്ന സമയംകൊണ്ട് 10 സാധാരണ പായകൾ ഉണ്ടാക്കാം. അതിനാൽ വിലയിലും ഇത് പ്രതിഫലിക്കുന്നു എന്ന് പ്രഭാതി പറയുന്നു. “ കമൽകോശ് ഉണ്ടാക്കുന്നത് എളുപ്പമുള്ള പണിയല്ല. എന്നാൽ കൂടുതൽ പൈസയും കിട്ടും.” അധികം ആവശ്യക്കാരില്ലെങ്കിൽ പ്രഭാതി എളുപ്പമുള്ള പായകളും നെയ്യാറുണ്ട്. ഒരുവർഷത്തിൽ അത്തരം സാധാരണ പായകളാണ് അവർ അധികവും നെയ്യുന്നത്. വേഗത്തിൽ ചെയ്യാനും സാധിക്കും.


ചൂരൽ സ്ലിപ്പുകൾ ഇടകലർത്തി, രൂപരേഖയും രൂപങ്ങളും ഉണ്ടാക്കുന്നത് എങ്ങിനെയെന്ന് പായകൾ സൂക്ഷിച്ച് നോക്കിയാൽ മനസ്സിലാവും. ചൂരൽനാരുകൾ പരസ്പരം കോണോട് കോണായി വിലങ്ങനെ ഓരോ ഭാഗങ്ങളായിട്ടായിരിക്കും നെയ്തിട്ടുണ്ടാവുക. അതാണ് നെയ്ത്തിന്റെ താളം. രേഖീയമായിട്ടല്ല, ഭാഗങ്ങളായിട്ടാണ് അവ ഉണ്ടാക്കുന്നത്. മനോരഞ്ജാൻ (വലത്ത്) പായ ഇരുഭാഗത്തേക്കും മാറിമാറി ചുരുട്ടി നേരെയാക്കുന്നു


ശീതൾപാട്ടി നെയ്യാൻ (ഇടത്തുനിന്ന് വലത്തേക്ക്) ഒരു ചെറിയ സ്റ്റൂളിന്റെ സഹായം ആവശ്യമാണ്. ദാവോ, ബോട്ടി എന്ന് പേരാൽ രണ്ട് ഉപകരണങ്ങളും ആവശ്യമാണ്. ചൂരൽത്തണ്ടുകൾ മുറിക്കാനും പിളർത്താനും. ചൂരൽ വെട്ടിയെടുക്കാനുള്ള ബേട്കടയും, പായ നെയ്ത് കഴിഞ്ഞതിനുശേഷം അതിൽ പൊങ്ങിനിൽക്കുന്ന ചൂരൽ സ്ലിപ്പുകളും അറ്റങ്ങളും ഒതുക്കി വെട്ടിക്കളയാനുമുള്ള ച്ഛുരിയും. വ്യാപാരിക്ക് കൊടുക്കാൻ തയ്യാറായ കമൽകോശ്പാട്ടിയുമായി പ്രഭാതി
രക്ഷിതാവെന്ന സ്ഥാനവും, കമൽകോശ് നെയ്ത്തുകാരി എന്ന പ്രശസ്തിയും താൻ ആസ്വദിക്കുന്നുണ്ടെന്ന്, വിനയത്തോടെ പ്രഭാതി സൂചിപ്പിച്ചു. “ കമലകോശു കൾ നെയ്യാനുള്ള കഴിവെനിക്കുണ്ട്. അതുകൊണ്ടാണ് ഞാനതുണ്ടാക്കുന്നത്. അതിൽ എനിക്ക് അഭിമാനം തോന്നുന്നു.”
“പലർക്കും ഇതുണ്ടാക്കാനറിയില്ല. എന്നാൽ ഞാൻ ഈ അപൂർവ്വമായ പായകളുണ്ടാക്കുന്നു. അതുകൊണ്ടല്ലേ നിങ്ങൾ എന്നെത്തേടി വന്നത്. മറ്റെവിടെയും നിങ്ങൾ പോയില്ലല്ലോ?”, അല്പം സങ്കോചത്തോടെ അവർ പറഞ്ഞുനിർത്തി.
മൃണാളിനി മുഖർജി ഫൌണ്ടേഷൻ (എം.എം.എഫ്) ഫെല്ലോഷിപ്പിന്റെ പിന്തുണകൊണ്ട് നിർമ്മിച്ച കഥയാണ് ഇത്.
പരിഭാഷ: രാജീവ് ചേലനാട്ട്