ഉടമസ്ഥത എന്ന പുത്തനനുഭവം സന്തോഷി കോരി ആസ്വദിക്കുന്നുണ്ട്. “ഞങ്ങൾ സ്ത്രീകളാണ് ഫാർമർ കോഓപ്പറേറ്റീവ് തുടങ്ങാൻ തീരുമാനിച്ചത്. അത് നല്ലൊരു കാര്യമായി എന്ന് ഇപ്പോൾ ഗ്രാമത്തിലെ ഞങ്ങളുടെ പുരുഷന്മാരും സമ്മതിക്കുന്നുണ്ട്,” ചിരിച്ചുകൊണ്ട് അവർ പറയുന്നു.
ഭൈരഹ പഞ്ചായത്തിലെ ഗുചാര കോളണിയിലെ ദളിത് കർഷകയായ അവർ രൂഞ്ജ് മഹിളാ ഫാർമർ പ്രൊഡ്യൂസർ കോഓപ്പറേറ്റീവ് ലിമിറ്റഡിന്റെ (എം.എഫ്.പി.ഒ.) അംഗത്വഫീസിലേക്ക് 1,000 രൂപ അടച്ചു. അത്തരത്തിൽ അംഗത്വമെടുത്ത 300 ആദിവാസി, ദളിത്, ഒ.ബി.സി. സ്ത്രീകളിൽ ഒരാളാണ് അവർ. 2024 ജനുവരിയിലാണ് അതുണ്ടായത്. അഞ്ച് ബോർഡ് മെംബർമാരിലൊരാളായ സന്തോഷി ഈ സംരംഭത്തെക്കുറിച്ച് കൂട്ടായ്മകളിൽ സംസാരിക്കാനും ഇത് പ്രചരിപ്പിക്കാനും പോകാറുണ്ട്.
“മുമ്പ്, ബിചോലിയ കൾ (വ്യാപാരികൾ) വന്ന് ഞങ്ങളുടെ കൈയ്യിൽനിന്ന് തുവരപ്പരിപ്പ് വാങ്ങി പോകാറുണ്ടായിരുന്നു. സംസ്കരിക്കാത്തതായതിനാൽ, കുറഞ്ഞ വിലയ്ക്കാണ് അവരത് വാങ്ങിയിരുന്നത്. ചിലപ്പോൾ അവർ സമയത്തിന് വരില്ല. ഞങ്ങൾക്ക് പൈസയും കൃത്യമായി കിട്ടില്ല,” അവർ പാരിയോട് പറയുന്നു. മൂന്ന് കുട്ടികളുടെ അമ്മയായ ആ 45-കാരി അവരുടെ സ്വന്തം രണ്ടേക്കറിൽ തുവരപ്പരിപ്പ് കൃഷി ചെയ്യുന്നുണ്ട്. ഒരേക്കർ സ്ഥലം പാട്ടത്തിനെടുത്ത് അതിലും അവർ കൃഷി ചെയ്യുന്നു. മഴയെ ആശ്രയിച്ചാണ് നനയ്ക്കുന്നത്. ഇന്ത്യയിൽ, 11 ശതമാനം സ്ത്രീകൾക്ക് മാത്രമാണ് സ്വന്തമായി ഭൂമിയുള്ളത്. മധ്യ പ്രദേശിലും സ്ഥിതി വ്യത്യസ്തമല്ല.
യമുനയിലേക്ക് ഒഴുകിയെത്തുന്ന ബഗൈൻ നദിയുടെ പോഷകനദിയായ രൂഞ്ജിന്റെ പേരാണ് രുഞ്ജ് എം.എഫ്.പി.ഒ.യുടേത്. അജയ്ഗർ, പന്ന ബ്ലോക്കിലെ 28 ഗ്രാമങ്ങളിലെ കർഷകസ്ത്രീകളുടെ കൂട്ടായ്മയാണ് രൂഞ്ജ് എഫ്.പി.ഒ. 2024-ൽ തുടങ്ങിയ ഈ എഫ്.പി.ഒ.യുടെ വിറ്റുവരവ് ഇപ്പോൾത്തന്നെ 40 ലക്ഷമാണ്. അടുത്ത വർഷം അത് ഇരട്ടിയാക്കാനാണ് അവർ ലക്ഷ്യമിടുന്നത്.


ഇടത്ത്: പന്ന ജില്ലയിലെ ഭൈരഹ പഞ്ചായത്തിലെ തന്റെ പാടത്ത് സന്തോഷി. വലത്ത്: രൂഞ്ജ് നദിയുടെ (കോഓപ്പറേറ്റീവിന്റെ പേരിന്റെ ഉത്ഭവം അതിൽനിന്നാണ്) തീരത്താണ് കർഷകർ തുവര കൃഷി ചെയ്യുന്നത്


ഇടത്ത്: പന്ന ജില്ലയിലെ അജയ്ഗറിലെ പരിപ്പ് വേർതിരിക്കുന്ന യന്ത്രം. യന്ത്രത്തിന്റെ സമീപത്ത് നിൽക്കുന്ന ഭൂപൻ കൌണ്ടർ (ചുവന്ന ഷർട്ട്) കല്ലു ആദിവാസി (നീല ഷർട്ട്) എന്നിവർ. വലത്ത്: പരിപ്പ് വേർതിരിക്കുന്ന അമർ ശങ്കർ
“ഞങ്ങളുടെ ഗ്രാമത്തിലെ ഒട്ടുമിക്ക കുടുംബങ്ങൾക്കും 2-4 ഏക്കർ സ്വന്തമായുണ്ട്. ജൈവകൃഷിയാണല്ലോ ചെയ്യുന്നത്, അതുകൊണ്ട് തുവരപ്പരിപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും, പരിപ്പ് പൊടിക്കാനുള്ള ഒരു യന്ത്രം എല്ലാവരും ചേർന്ന് വാങ്ങാനും നിശ്ചയിച്ചു,” കോഓപ്പറേറ്റീവ് തുടങ്ങാനുള്ള കാരണം വിശദീകരിക്കുകയായിരുന്നു സന്തോഷി.
അജയ്ഗർ മേഖലയിലെ തുവരപ്പരിപ്പിന് വലിയ പ്രചാരമുണ്ട്. “രൂഞ്ജ് പുഴയുടെ തീരത്തുള്ള ധരംപുർ ബെൽറ്റിലെ ഭൂമിയിൽ വളരുന്ന പരിപ്പിന്റെ രുചിയും മണവും പ്രസിദ്ധമാണ്,” പ്രദാനിലെ ഗർജൻ സിംഗ് പറയുന്നു. വിന്ധ്യാചല പർവ്വതത്തിൽനിന്നൊഴുകുന്ന ഈ പുഴ മണ്ണിനെ വളക്കൂറുള്ളതാക്കുന്നു എന്ന് നാട്ടുകാർ പറയുന്നു. ഇവിടെയുള്ള കർഷകരോടൊപ്പം പ്രവർത്തിക്കുന്ന സർക്കാരേതര സംഘടനയാണ് പ്രദാൻ. സ്ത്രീകളുടേത് മാത്രമായ സംഘടന ആരംഭിക്കുന്നതിൽ പ്രദാൻ വലിയ പങ്ക് വഹിക്കുകയും ചെയ്തിട്ടുണ്ട്.
ന്യായമായ ഒരു വില കിട്ടണമെന്ന നിശ്ചയദാർഢ്യത്തിലാണ് സന്തോഷി. “ഇനി ഞങ്ങൾക്ക് ഇത് ഞങ്ങളുടെ എഫ്.പി.ഒ.യിൽ കൊടുത്താൽ കൃത്യമായി സമയത്തിനുതന്നെ പൈസ കിട്ടും,” അവർ പറയുന്നു. ഒരു ക്വിന്റൽ തുവര വിൽക്കുന്നത് 10,000 രൂപയ്ക്കാണ്. 2024 മേയിൽ വില 9,400 ആയി കുറഞ്ഞു. എന്നാൽ സംരംഭത്തിലൂടെ വിറ്റപ്പോൾ തരക്കേടില്ലാത്ത വില കിട്ടിയെന്നാണ് രുഞ്ജ് അംഗങ്ങൾക്ക് അനുഭവപ്പെട്ടത്.
രൂഞ്ജിലെ ഒരേയൊരു തൊഴിലാളി അതിന്റെ സി.ഇ.ഒ. ആയ രാകേഷ് രജ്പുതാണ്. സംഘം ഉപയോഗിക്കുന്നത് പരമ്പരാഗതവിത്താണെന്ന് അദ്ദേഹം പറയുന്നു. സങ്കരയിനങ്ങൾ ഇവിടെ കാണാറില്ല. ഭാരമളക്കുന്ന യന്ത്രവും, ബാഗുകളും, ഓരോ ബാഗിലേയും ഉള്ളടക്കം പരിശോധിക്കുന്ന പർഖി യുമുള്ള 12 ശേഖരണകേന്ദ്രങ്ങളുടെ ചുമതലയാണ് രാകേഷിന്.


ഇടത്ത്: യന്ത്രമുപയോഗിച്ച് പൊളിച്ചതിനുശേഷമുള്ള പരിപ്പ്. വലത്ത്: പാക്ക് ചെയ്ത പരിപ്പ് കാണിച്ചുതരുന്ന എം.എഫ്.പി.ഒ.യുടെ സി.ഇ.ഒ. രാകേഷ് രജ്പുത്


ഇടത്ത്: ഗുചാരയിലെ വീട്ടിൽ സന്തോഷി കോരി. വലത്ത്: സ്വന്തം ആവശ്യത്തിനായി അവർ പച്ചക്കറി കൃഷി ചെയ്യുന്ന വീടിന്റെ പിറകിലെ മുറ്റം
അടുത്ത വർഷം അംഗത്വം അഞ്ചിരട്ടിയാക്കാനാണ് രൂഞ്ജ് ലക്ഷ്യമിടുന്നത്. തുവരപ്പരിപ്പിൽ മാത്രം ഒതുങ്ങാതെ, ചെറുപയർ, ജൈവ വളങ്ങൾ, വിത്തുകൾ, ബുന്ദേൽഖണ്ഡി ഇനം ആടുകൾ എന്നിവയിലേക്കും വ്യാപാരം വ്യാപിപ്പിക്കാൻ ഉദ്ദേശിക്കുന്നുണ്ടെന്ന്, പ്രദാനിന്റെ കൂടെ ജോലി ചെയ്യുന്ന സുഗന്ധ ശർമ്മ പറയുന്നു. “കർഷകരുമായി വീടുകൾവഴിയുള്ള ബന്ധമാണ് ഞങ്ങൾക്കാവശ്യം,” അവർ കൂട്ടിച്ചേർക്കുന്നു.
തന്റെ വീടിന്റെ പിൻഭാഗത്തുള്ള കുറച്ച് സ്ഥലത്ത്, സന്തോഷി പച്ചക്കറികളും മത്തങ്ങയും മറ്റും കൃഷി ചെയ്യുന്നുണ്ട്. വീട്ടിലെ രണ്ട് എരുമകളേയുംകൊണ്ട് ഭർത്താവ് മേയ്ക്കാൻ പോയിരുന്നു. അവർ തിരിച്ചുവരാനുള്ള സമയമായി.
“മറ്റൊരു പരിപ്പും ഞാൻ കഴിച്ചിട്ടില്ല. എന്റെ കൃഷിയിടത്തിലെ പരിപ്പ് അരിയുടെ അതേ വേഗത്തിൽ പാചകം ചെയ്യാൻ പറ്റും. നല്ല സ്വാദുമുള്ളതാണ് അത്,” അഭിമാനത്തോടെ അവർ പറയുന്നു.
പരിഭാഷ: രാജീവ് ചേലനാട്ട്