“വെള്ളം വാങ്ങൂ, വെള്ളം”
കേട്ട പാടെ വെള്ളം സൂക്ഷിക്കാനുള്ള പാത്രവുമായി ഓടിച്ചെല്ലേണ്ട. ഈ വാട്ടർ ടാങ്കർ തീരെ ചെറുതാണ്. പ്ലാസ്റ്റിക്ക് ബോട്ടിലും, ഒരു പഴയ റബ്ബർ ചെരുപ്പും, ഒരു പ്ലാസ്റ്റിക്ക് പൈപ്പും മരത്തിന്റെ കഷണങ്ങളുംകൊണ്ട് ഉണ്ടാക്കിയ ഈ ‘ടാങ്കറി’ൽ ഒരു ഗ്ലാസ് വെള്ളമേ കൊള്ളൂ.
ബൽവീർ സിംഗ്, ഭവാനി സിംഗ്, കൈലാസ് കൻവർ, മോട്ടി സിംഗ് – എല്ലാവരും സൻവാതയിലെ കുട്ടികളാണ്. 5-നും 13-നും ഇടയിൽ പ്രായമുള്ള കുട്ടികൾ. രാജസ്ഥാന്റെ കിഴക്കേയറ്റത്തെ ഈ ഗ്രാമത്തിൽ ആഴ്ചയിൽ രണ്ടുതവണ വാട്ടർ ടാങ്കർ വരുമ്പോൾ അച്ഛനമ്മമാരുടേയും നാട്ടുകാരുടേയും മുഖത്തുണ്ടാവുന്ന സന്തോഷം കണ്ടിട്ടാണ് ഈ കുട്ടികൾ ഈ കളിപ്പാട്ടം ഉണ്ടാക്കിയത്.


ഇടത്ത്: ജയ്സാൽമറിലെ സാൻവത ഗ്രാമത്തിലെ വീടിന്റെ പുറത്തുള്ള കെർ മരത്തിന്റെ ചുവട്ടിലിരിന്ന് കളിക്കുന്ന ഭവാനി സിംഗും (ഇരിക്കുന്നു) ബൽവീർ സിംഗും. വലത്ത്: ഭവാനി യന്ത്രങ്ങൾ പ്രവർത്തിക്കുന്നു


ഇടത്ത്: കൈലാസ് കൻവറും ഭവാനി സിംഗും വീടിന് ചുറ്റും അകത്തും കളിക്കുന്നു. വലത്ത്: ഭവാനി ടാങ്കർ വലിക്കുന്നു
ചുറ്റും നാഴികകളോളം വരണ്ട ഭൂമി പരന്നുകിടക്കുന്നു. ഇവിടെ ഭൂഗർഭജലമില്ല. ചുറ്റുമുള്ള ഒറാംവിൽ (വിശുദ്ധവനങ്ങളിൽ) അവിടവിടെയായി ഏതാനും വലിയ കുളങ്ങൾ മാത്രമേയുള്ളു.
ചിലപ്പോൾ കുട്ടികൾ വാട്ടർ ടാങ്ക് മാറ്റി പകരം, പകുതിക്കുവെച്ച് മുറിച്ച പ്ലാസ്റ്റിക്ക് ജാർ ഉപയോഗിക്കും. ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ, കളിപ്പാട്ടത്തിനാവശ്യമായ വിവിധ ഭാഗങ്ങൾ തപ്പിപ്പിടിക്കാൻ ധാരാളം സമയമെടുക്കുമെന്നായിരുന്നു അവരുടെ മറുപടി.
ചട്ടക്കൂട് തയ്യാറായാൽപ്പിന്നെ, അവർ ആ കളിപ്പാട്ടം, കളിച്ചക്രത്തിൽ ഘടിപ്പിച്ച്, ഒരു ലോഹക്കയറും കെട്ടി, കെർ മരത്തിന്റെ (കപ്പാരിസ് ഡെസിഡുവ) തണലിൽനിന്ന് വീടുകളിലേക്ക് വലിച്ചുകൊണ്ടുപോവുകയായി. വീടുകളെല്ലാം അടുത്തടുത്തായിട്ടാണ് സ്ഥിതി ചെയ്യുന്നത്.


ഇടത്ത്: (ഇടത്തുനിന്ന് വലത്തേക്ക്: കൈലാസ് കൻവർ, ഭവാനി സിംഗ് (പിന്നിൽ), ബൽവീർ സിംഗ്, മോട്ടി സിംഗ് (മഞ്ഞ ഷർട്ട്). വലത്ത്: സൻവാതയിലെ മിക്കയാളുകളും കർഷകരാണ്. ഏതാനും ആടുകളേയും വളർത്തുന്നുണ്ട് അവർ
പരിഭാഷ: രാജീവ് ചേലനാട്ട്