"മുളക് എരിയുന്നു."
1984 ഡിസംബർ 2-ലെ ആ രാത്രിയിൽ, ഭോപ്പാലിൽ താമസിച്ചിരുന്ന നുസ്രത് ജഹാൻ ശ്വാസമെടുക്കാനാകാതെയും കണ്ണെരിഞ്ഞ് വെള്ളം നിറഞ്ഞും ഉറക്കത്തിൽനിന്ന് എഴുന്നേറ്റു. വൈകാതെ അവരുടെ ആറുവയസ്സുകാരനായ മകൻ കരയാൻ തുടങ്ങി. ഈ ബഹളം കേട്ടാണ് നുസ്രത്തിന്റെ ഭർത്താവ് മുഹമ്മദ് ഷഫീഖ് ഉറക്കമുണർന്നത്.
"അതൊരു ഭീകരദൃശ്യമായിരുന്നു," ഇപ്പോൾ 70 വയസ്സുള്ള ഷഫീഖ്, നവാബ് കോളനിയിലെ വീട്ടിലിരുന്ന്, ഭോപ്പാൽ വാതകദുരന്തമെന്ന് അറിയപ്പെടുന്ന ആ മഹാവിപത്തിനിടെ നടന്ന സംഭവങ്ങൾ ഓർത്തെടുത്ത് പറഞ്ഞു. ഇന്നേക്ക് 40 വർഷം മുൻപ് മധ്യപ്രദേശിന്റെ തലസ്ഥാന നഗരമായ ഭോപ്പാലിലാണ് ആ ദുരന്തം സംഭവിച്ചത്.
ഒരു കടലാസ്സ് മില്ലിലെ ദിവസവേതന തൊഴിലാളിയായിരുന്ന ഷഫീഖിന് പിന്നീടുള്ള ഏതാനും വർഷങ്ങൾ തന്റെ കുടുംബത്തിന് വിഷവാതകം ശ്വസിച്ചതുമൂലമുണ്ടായ ആരോഗ്യപ്രശ്നങ്ങൾക്ക് ചികിത്സ തേടി ഗതികെട്ട് അലയേണ്ടിവന്നു. ആ പ്രദേശത്തെ ഒരേയൊരു കുടിവെള്ളസ്രോതസ്സായ കിണറിലെ മലിനജലം 18 വർഷത്തോളം കുടിച്ചതുകൊണ്ടുണ്ടായ പ്രത്യാഘാതങ്ങൾ സ്ഥിതി വഷളാക്കുകയും ചെയ്തു. കിണറ്റിലെ വെള്ളം ഉപയോഗിക്കുമ്പോൾ തന്റെ കണ്ണ് എരിഞ്ഞിരുന്നെങ്കിലും വേറെ വഴിയില്ലായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. 2012-ൽ മാത്രമാണ് സംഭാവന ട്രസ്റ്റ് ക്ലിനിക് കിണറിലെ വെള്ളം പരിശോധിക്കുകയും അതിൽ വിഷാംശങ്ങളുണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്തത്. പിന്നീട് സംസ്ഥാന സർക്കാർ ഈ പ്രദേശത്തുള്ള കുഴൽക്കിണറുകളുടെ ഉപയോഗം നിർത്തലാക്കി.
1984-ലെ ആ രാത്രിയിൽ ഷഫീഖിന്റെ വീട്ടിൽ ദുരിതം വിതച്ച വിഷവാതകം, അക്കാലത്ത് ബഹുരാഷ്ട്ര കമ്പനിയായ യൂണിയൻ കാർബൈഡ് കോർപ്പറേഷന്റെ ഉടമസ്ഥതയിൽ പ്രവർത്തിച്ചിരുന്ന യൂണിയൻ കാർബൈഡ് ഇന്ത്യ ലിമിറ്റഡ് (യു.സി.ഐ.എൽ) എന്ന സ്ഥാപനത്തിന്റെ ഫാക്ടറിയിൽനിന്നാണ് ചോർന്നത്. ഡിസംബർ 2-ന് രാത്രി വാതകം ചോരാൻ തുടങ്ങി - യു.സി.ഐ.എൽഫാക്ടറിയിൽനിന്ന് മീഥൈൽ ഐസോസയനൈറ്റ് ചോർന്നുണ്ടായ ആ ദുരന്തം ലോകത്തെ ഏറ്റവും ഭീകരമായ വ്യാവസായിക ദുരന്തമായി കണക്കാക്കപ്പെടുന്നു.

മുഹമ്മദ് ഷഫീഖ് (വെള്ള കുർത്തയും പൈജാമയും ധരിച്ചിരിക്കുന്നു) സംഭാവന ട്രസ്റ്റ് ക്ലിനിക്കിലെ അംഗങ്ങൾക്കും ഭോപ്പാലിലെ അസിം പ്രേംജി സർവ്വകലാശാലയിലെ വിദ്യാർത്ഥികൾക്കുമൊപ്പം നവാബ് കോളനിയിലെ വീട്ടിൽ. ഷഫീഖിന്റെ കുടുംബം യൂണിയൻ കാർബൈഡ് ഇന്ത്യ ലിമിറ്റഡിന്റെ ഫാക്ടറിക്ക് സമീപത്താണ് താമസിച്ചിരുന്നത്; 1984 ഡിസംബറിലുണ്ടായ വിഷവാതകദുരന്തം അദ്ദേഹത്തിന്റെ മകനെ ഗുരുതരമായി ബാധിച്ചു
"ഔദ്യോഗിക കണക്കനുസരിച്ച്, ദുരന്തത്തിലെ മനുഷ്യ മരണസംഖ്യ ഏകദേശം 2,500 ആണെങ്കിലും, മറ്റു സ്രോതസ്സുകൾ (ഡൽഹി സയൻസ് ഫോറത്തിന്റെ റിപ്പോർട്ട്) പ്രകാരം, മരണസംഖ്യ കുറഞ്ഞത് അതിന്റെ ഇരട്ടിയോളമെങ്കിലും ആയിരിക്കാനാണ് സാധ്യത," ദി ലീഫ്‌ലെറ്റിൽ പ്രസിദ്ധീകരിച്ച ഈ റിപ്പോർട്ട് പറയുന്നു.
വിഷവാതകം ഭോപ്പാൽ നഗരത്തിലാകെ പടർന്നതിന് പിന്നാലെ, ഷഫീഖിന്റെ കുടുംബത്തെപ്പോലെ ഫാക്ടറിയുടെ സമീപത്ത് താമസിച്ചിരുന്നവരെയാണ് അതേറ്റവും കൂടുതൽ ബാധിച്ചത്. നഗരത്തിലെ 36 വാർഡുകളിലായി താമസിച്ചിരുന്ന ഏതാണ്ട് ആറ് ലക്ഷം ആളുകൾ ഈ ദുരന്തത്തിന് ഇരകളായി.
തന്റെ കുഞ്ഞിന് ചികിത്സ തേടാനുള്ള വ്യഗ്രതയിൽ ഷഫീഖ് ആദ്യം വീട്ടിൽനിന്ന് ഏകദേശം ഒരു കിലോമീറ്റർ അകലെയുള്ള ഹമീദിയ ആശുപത്രിയിലേക്കാണ് പോയത്.
"അവിടെ നാലുപാടും ശവശരീരങ്ങളായിരുന്നു," അദ്ദേഹം ഓർത്തെടുക്കുന്നു. നൂറുകണക്കിന് ആളുകൾ ചികിത്സ തേടിയെത്താൻ തുടങ്ങിയതോടെ, ആശുപത്രി ജീവനക്കാരും എന്ത് ചെയ്യണമെന്നറിയാതെ പരിഭ്രാന്തിയിലായി.
"മരണപ്പെട്ട ആളുകളുടെ പേരുവിവരങ്ങൾ അവർ നെറ്റിയിൽ എഴുതിവെക്കാൻ തുടങ്ങി," ശവശരീരങ്ങൾ കുമിഞ്ഞുതുടങ്ങിയ ദൃശ്യം ഓർത്തെടുത്ത് അദ്ദേഹം പറഞ്ഞു.


ഇടത്: ഭോപ്പാലിലെ യൂണിയൻ കാർബൈഡ് ഇന്ത്യ ലിമിറ്റഡ്(യു.സി.ഐ.എ) ഫാക്ടറി. വലത്: ഫാക്ടറിയിൽനിന്ന് കുറച്ച് ദൂരത്തുള്ള ശക്തി നഗറിൽനിന്നുള്ള ഫാക്ടറിയുടെ ദൃശ്യം
ഇമാമി ഗേറ്റിന് സമീപത്തുള്ള ആശുപത്രിയിൽ നിന്നിറങ്ങി റോഡിനപ്പുറം ഭക്ഷണം കഴിക്കാൻ ചെന്ന ഷഫീഖ് മറ്റൊരു വിചിത്രദൃശ്യം കണ്ടു: അദ്ദേഹം ആവശ്യപ്പെട്ട പരിപ്പ് കറി കൊണ്ടുവന്നപ്പോൾ അതിന് നീല നിറമായിരുന്നു. "ഇന്നലെ രാത്രി ഉണ്ടാക്കിയ പരിപ്പ് കറിയാണ്, സഹോദരാ." വിഷവാതകം കലർന്നത് മൂലം അതിന്റെ നിറം മാറുകയും പുളിപ്പ് കലരുകയും ചെയ്തിരുന്നു.
"യു.സി.ഐ.എല്ലിൽ അതീവ വിഷമയമായ രാസവസ്തുക്കൾ വൻതോതിൽ സംഭരിക്കുന്നതുമൂലം ഭോപ്പാലിൽ ഉണ്ടായേക്കാവുന്ന ദുരന്തം സംബന്ധിച്ച് ലഭിച്ചിരുന്ന മുന്നറിയിപ്പുകൾ യു.സി.സി (യൂണിയൻ കാർബൈഡ് കമ്പനി) ഉദ്യോഗസ്ഥരും സർക്കാർ അധികൃതരും അവഗണിച്ച രീതി ഭയാനകമാണ്," ദി ലീഫ്‌ലെറ്റിൽ എഴുതിയ ലേഖനത്തിൽ എൻ.ഡി ജയപ്രകാശ് പറയുന്നു. ഡൽഹി സയൻസ് ഫോറത്തിന്റെ ജോയിന്റ് സെക്രട്ടറിയായ ജയപ്രകാശ് തുടക്കംതൊട്ട് ഈ കേസിന്റെ പുരോഗതി നിരീക്ഷിക്കുന്നുണ്ട്.
ഭോപ്പാൽ വാതകദുരന്തത്തിന് പിന്നാലെ തുടങ്ങിയ നിയമയുദ്ധങ്ങൾ ദശാബ്ദങ്ങൾ പിന്നിട്ടിട്ടും തുടരുകയാണ്. ദുരന്തത്തിൽ ഇരകളായവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നും ദുരന്തബാധിതരായവരുടെ ചികിത്സാരേഖകൾ ഡിജിറ്റൈസ് ചെയ്യണമെന്നും ആവശ്യപ്പെടുന്നവയാണ് മിക്ക കേസുകളും. ഇതുമായി ബന്ധപ്പെട്ട് രണ്ടു ക്രിമിനൽ കേസുകളും നടക്കുന്നുണ്ട് : 1992-ൽ, നിലവിൽ യു.സി.സി.യുടെ പൂർണ്ണ ഉടമസ്ഥതയുള്ള ഡൗ കെമിക്കൽ കമ്പനിക്കെതിരേ ഫയൽ ചെയ്തതാണ് അതിലൊന്ന്; മറ്റേത് 2010-ൽ യു.സി.ഐ.എൽ-നും അതിലെ ഉദ്യോഗസ്ഥർക്കും എതിരെ ഫയൽ ചെയ്തതും. രണ്ടു കേസും ഭോപ്പാൽ ജില്ലാക്കോടതിയിൽ കെട്ടിക്കിടക്കുകയാണെന്ന് ജയപ്രകാശ് പറയുന്നു.


ഇടതും വലതും: ഫാക്ടറി പരിസരത്തിനു പുറത്ത് സ്ഥാപിച്ചിരിക്കുന്ന അമ്മയുടെയും കുഞ്ഞിന്റെയും ശിൽപം 1985-ൽ ഡച്ച് ശില്പിയും ഹോളോകാസ്റ്റ് അതിജീവിച്ച വ്യക്തിയുമായ റൂത്ത് വാട്ടർമാൻ സൃഷ്ടിച്ചതാണ്. യൂണിയൻ കാർബൈഡ് ഫാക്ടറിക്ക് പുറത്തുള്ള ആദ്യത്തെ പൊതു സ്മാരക ശില്പമാണിത്. പ്രതിമയിൽ ഇങ്ങനെയൊരു സന്ദേശം ആലേഖനം ചെയ്തിരിക്കുന്നു: 'ഇനിയൊരു ഭോപ്പാൽ ഉണ്ടാകരുത്, ഇനിയൊരു ഹിരോഷിമ ഉണ്ടാകരുത്'


ഇടത്: ഫാക്ടറിക്ക് സമീപത്തുള്ള ഗ്രാഫിറ്റി. വലത്: ഫാക്ടറിയുടെ അതിർത്തി മതിലുകളുടെ എതിർഭാഗത്തായി പണിതിരിക്കുന്ന പ്രതിമ
2010-ൽ, ദുരന്തത്തെ അതിജീവിച്ചവർ ഭോപ്പാലിൽനിന്ന് ഡൽഹിയിലേക്ക് കാൽനടയായി നടത്തിയ ദില്ലി ചലോ ആന്ദോളൻ എന്ന പ്രതിഷേധ പരിപാടിയിൽ ഷഫീഖ് പങ്കെടുത്തിരുന്നു. "ആ പ്രതിഷേധം ചികിത്സ, നഷ്ടപരിഹാരം, ശുദ്ധമായ കുടിവെള്ളം എന്നിവയ്ക്കുവേണ്ടിയായിരുന്നു," അദ്ദേഹം പറയുന്നു. 38 ദിവസം ഡൽഹിയിലെ ജന്തർ മന്ദറിൽ പ്രതിഷേധിച്ചശേഷം പ്രധാനമന്ത്രിയുടെ വസതിയിൽ പ്രവേശിക്കാൻ ശ്രമിച്ച അവരെ പോലീസുകാർ അറസ്റ്റ് ചെയ്യുകയായിരുന്നു.
"ദുരന്തബാധിതരും അവരുടെ കുടുംബങ്ങളും പ്രധാനമായും രണ്ടു കേസുകളാണ് നടത്തുന്നത്. ഒരു കേസ് ഇന്ത്യയുടെ സുപ്രീം കോടതിയിലും മറ്റേത് ജബൽപുരിലെ മധ്യ പ്രദേശ് ഹൈക്കോടതിയിലുമാണ്," ഭോപ്പാൽ ഗാസ് പീഡിത് സംഘർഷ് സഹയോഗ് സമിതിയുടെ (ഭോപ്പാൽ വാതകദുരന്ത ഇരകളുടെ ആവശ്യങ്ങൾക്ക് പിന്തുണ നൽകാനുള്ള സഖ്യം) സഹകൺവീനറായ എൻ.ഡി ജയപ്രകാശ് സ്ഥിരീകരിക്കുന്നു.
*****
"മരങ്ങളെല്ലാം കരിഞ്ഞുപോയിരുന്നു, പച്ച നിറമുള്ള ഇലകൾ നീല നിറമായി, എല്ലായിടത്തും പുക നിറഞ്ഞു," ഭോപ്പാൽ നഗരം ഒരു ശവപ്പറമ്പായത് ഓർത്തെടുത്ത് താഹിറ ബീഗം പറയുന്നു.
"എന്റെ അച്ഛൻ ഞങ്ങളുടെ വീടിന്റെ വരാന്തയിൽ കിടന്ന് ഉറങ്ങുകയായിരുന്നു," അന്നത്തെ രാത്രി ഓർത്തെടുത്ത് അവർ പറയുന്നു. "വിഷക്കാറ്റ് വീശാൻ തുടങ്ങിയപ്പോൾ ചുമച്ചുകൊണ്ട് എഴുന്നേറ്റ അച്ഛനെ ഞങ്ങൾ ഹമീദിയ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി." മൂന്ന് ദിവസം കഴിഞ്ഞ് അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്‌തെങ്കിലും, " അച്ഛന്റെ ശ്വാസതടസ്സം ഒരിക്കലും ശരിക്ക് മാറിയിരുന്നില്ല; മൂന്ന് മാസത്തിനുള്ളിൽ അച്ഛൻ മരിക്കുകയും ചെയ്തു," താഹിറ കൂട്ടിച്ചേർക്കുന്നു. താഹിറയുടെ കുടുംബത്തിന് 50,000 രൂപ നഷ്ടപരിഹാരം ലഭിച്ചതിനപ്പുറം ഇപ്പോൾ കോടതിയിൽ നടക്കുന്ന നിയമയുദ്ധങ്ങളെക്കുറിച്ചൊന്നും അവർക്ക് അറിവില്ല.


ഇടത്: താഹിറ ബീഗത്തിന് (നീലത്തട്ടം ധരിച്ച്) ഭോപ്പാൽ വാതകദുരന്തത്തിൽ അവരുടെ അച്ഛനെ നഷ്ടപ്പെട്ടു.1985 തൊട്ട് ശക്തി നഗറിലുള്ള ഒരു അങ്കണവാടിയിൽ ജോലി ചെയ്യുകയാണവർ. വലത്: ആ പ്രദേശത്തെ താമസക്കാരിൽ വാതകദുരന്തമുണ്ടാക്കിയ പ്രത്യാഘാതങ്ങൾ ഉയർത്തിക്കാട്ടുന്നതിനായി ഭോപ്പാൽ എ.പി.യു.വിലെ വിദ്യാർത്ഥികൾ രൂപപ്പെടുത്തിയ, കോളനിയുടെ ഭൂപടം
അന്നത്തെ ദുരന്തത്തിൽ മരണപ്പെട്ടവരെ അടക്കാൻ നഗരവാസികൾ കൂട്ടക്കുഴിമാടങ്ങൾ കുഴിക്കുകയായിരുന്നു. അത്തരമൊരു കുഴിമാടത്തിൽനിന്ന് താഹിറയുടെ അച്ഛന്റെ സഹോദരിയെ ജീവനോടെ ലഭിച്ചു."ഞങ്ങളുടെ ബന്ധുക്കളിലൊരാൾ അവരെ തിരിച്ചറിഞ്ഞ് പുറത്തേയ്ക്ക് വലിച്ചെടുക്കുകയായിരുന്നു," താഹിറ ഓർക്കുന്നു.
കഴിഞ്ഞ 40 വർഷമായി, യു.സി.ഐ.എൽ ഫാക്ടറിയിൽനിന്ന് അധികം ദൂരത്തല്ലാതെ ശക്തി നഗറിലുള്ള ഒരു അങ്കണവാടിയിൽ ജോലി ചെയ്യുകയാണ് താഹിറ. അവരുടെ അച്ഛൻ മരണപ്പെട്ട ദുരന്തം നടന്ന് ഒരു വർഷം കഴിഞ്ഞതിനുശേഷമാണ് താഹിറ ജോലിയിൽ പ്രവേശിച്ചത്.
താഹിറയുടെ അച്ഛന്റെ ശവസംസ്കാരത്തിനുശേഷം, അവരുടെ കുടുംബം ഝാൻസിയിലേക്ക് പോകുകയായിരുന്നു. 25 ദിവസങ്ങൾക്ക് ശേഷം അവർ മടങ്ങിയെത്തിയപ്പോൾ, "കോഴികൾ മാത്രമാണ് അവശേഷിച്ചിരുന്നത്, ബാക്കി മൃഗങ്ങൾ എല്ലാം ചത്തുപോയിരുന്നു," താഹിറ പറയുന്നു.
കവർ ഫീച്ചർ ചെയ്തത് സ്മിത ഖാട്ടോർ
ഈ ലേഖനം എഴുതാൻ സഹായിച്ച, ഭോപ്പാലിലെ അസിം പ്രേംജി സർവ്വകലാശാലയിലെ പ്രൊഫസർ സീമ ശർമ്മ, പ്രൊഫസർ മോഹിത് ഗാന്ധി എന്നിവർക്ക് പാരി നന്ദി അറിയിക്കുന്നു.
പരിഭാഷ: പ്രതിഭ ആര്‍. കെ .