“എവിടെപ്പോയാലും ഞങ്ങളൊരുമിച്ചാണ് പോവുക” തൊട്ടടുത്ത് നിൽക്കുന്ന തന്റെ സുഹൃത്ത് സകുനിയെ സ്നേഹപൂർവ്വം നോക്കി ഗീതാദേവി പറയുന്നു.
അടുത്തുള്ള കാട്ടിൽനിന്ന് ഇരുവരും ചേർന്ന് സാല (ഷോരിയ റോബസ്റ്റ) ഇലകൾ പറിച്ച് പാത്രങ്ങളും കുമ്പിളുകളും നിർമ്മിച്ച്, പലാമൊയുടെ ജില്ലാ തലസ്ഥാനമായ ഡാൽട്ടൺഗഞ്ച് പട്ടണത്തിൽ കൊണ്ടുപോയി വിൽക്കുന്നു.
കോപ്പ് ഗ്രാമത്തിലെ ചെറിയൊരു കോളണിയായ നദിടോലയിൽ കഴിഞ്ഞ 30 കൊല്ലമായി അയൽക്കാരായി കഴിയുന്നവരാണ് ഗീതയും സകുനി ദേവിയും. ജാർഘണ്ടിലെ മറ്റ് പല ഗ്രാമങ്ങളിലെയും ജനങ്ങളെപ്പോലെ, ഉപജീവനത്തിനായി കാടിനെ ആശ്രയിക്കുന്നവരാണ് ഇവരും.
കാട്ടിൽ ഏഴെട്ട് മണിക്കൂർ ചിലവഴിക്കുന്ന ഇവർ, തിരിച്ചുപോകുന്നത്, മേയാൻ പോയ കന്നുകാലികൾ തിരിച്ച് വീട്ടിലേക്ക് മടങ്ങുമ്പോഴാണ്. ആവശ്യത്തിനുള്ള ഇലകൾ കിടാൻ അവർക്ക് രണ്ട് ദിവസങ്ങൾ വേണം. മണിക്കൂറുകൾ പെട്ടെന്ന് പോകും. ഇടയ്ക്കിടയ്ക്ക് അവർ ചെറിയ ഇടവേളകളെടുക്കും. നാട്ടുവർത്തമാനങ്ങളും വീട്ടുവർത്തമാനങ്ങളും പങ്കുവെക്കും.
എല്ലാ ദിവസവും രാവിലെ ഗീത, തന്റെ അയൽക്കാരിയുടെ “പുറപ്പെടൂ” എന്ന വിളി കേൾക്കാൻ കാത്തുനിൽക്കും. അധികം താമസിയാതെ അവർ പുറപ്പെടുകയായി. പഴയ സിമൻ്റ് ചാക്കുകളും കുടിക്കാനുള്ള വെള്ളവും ഒരു ചെറിയ മഴുവും പഴയ ഒരു കഷണം തുണിയും കൈയ്യിൽ ഇവർ സൂക്ഷിക്കും. ജാർഘണ്ടിലെ പലാമൊ ടൈഗർ റിസർവിന്റെ സംരക്ഷിതമേഖലയിലുള്ള ഹെഹെഗാര വനത്തിലേക്കാണ് അവർ നീങ്ങുന്നത്.
വിവിധ സമുദായങ്ങളിൽനിന്നുള്ളവരാണ് ഈ സുഹൃത്തുക്കൾ. ഗീത ഒരു ഭുയ്യ ദളിതും സകുനി ഒരു ഒറാംവ് ഗോത്രസമുദായക്കാരിയുമാണ് ഞങ്ങൾ നടന്നുകൊണ്ടിരിക്കുമ്പോൾ ഗീത മുന്നറിയിപ്പ് തരുന്നുണ്ടായിരുന്നു. “ഒരിക്കലും ഇങ്ങോട്ട് ഒറ്റയ്ക്ക് വരരുത്. ചിലപ്പോൾ വന്യമൃഗങ്ങൾ പതിയിരിക്കുന്നുണ്ടാകും. ഞങ്ങൾ കടുവകളെ കണ്ടിടുണ്ട്”. പാമ്പുകളും തേളുകളുമൊക്കെ ഉണ്ടാവുമെന്ന് കൂട്ടിച്ചേർത്ത് സകുനി പറയുന്നു. പലപ്പോഴും ആനകളേയും കണ്ടിടുണ്ട്”. പലാമോ ടൈഗർ റിസർവിൽ 73 കടുവകളും ഏകദേശം 267 ആനകളുമുണ്ട്. ( 2021-ലെ വൈൽഡ് ലൈഫ് സെൻസസ് )


ലതേഹാർ ജില്ലയിലെ കോപ്പ് ഗ്രാമത്തിലെ സകുനിയും (ഇടത്ത്), ഗീതാ ദേവിയും (വലത്ത്) മൂന്ന് പതിറ്റാണ്ടായി സുഹൃത്തുക്കളാണ്. ഹെഹെഗാര വനത്തിൽനിന്ന് സാല ഇലകൾപറിച്ച് പാത്രങ്ങളും കുമ്പിളുകളുമാക്കി മാറ്റി, പലാമൊയുടെ ജില്ലാ തലസ്ഥാനമായ ഡാൽട്ടൺഗഞ്ച് പട്ടണത്തിൽകൊണ്ടുപോയി അവർ വിൽക്കുന്നു
ഈ തണുത്തുവിറച്ച പുലർകാലത്ത്, അമ്പത് വയസ്സിനോടടുത്ത് പ്രായമുള്ള ഗീതയും സകുനിയും ഒരു ഷാൾ മാത്രം പുതച്ച് നടക്കുകയാണ്. ആദ്യം അവർ, ലതേഹാർ ജീല്ലയിലെ മാനിക ബ്ലോക്കിലുള്ള തങ്ങളുടെ വീടിനടുത്തുള്ള ഔറംഗ പുഴ മുറിച്ചുകടക്കുന്നു. തണുപ്പുകാലത്ത്, വെള്ളം കുറവുള്ള സമയത്ത് അത് കടക്കാൻ എളുപ്പമാണെങ്കിലും, മഴക്കാലത്ത്, കഴുത്തറ്റം വെള്ളത്തിലൂടെ വേണം അവർക്ക് അക്കരെ കടക്കാൻ.
അപ്പുറത്തെത്തിയാൽ, 40 മിനിറ്റ് ദൂരം നടക്കണം – കാടിന്റെ നിശ്ശബ്ദതയെ ഭേദിച്ചുകൊണ്ട് അവരുടെ കാലടിശബ്ദം മാത്രമേ ഉണ്ടാകൂ. സാലമരങ്ങൾ തിങ്ങിനിൽക്കുന്ന സ്ഥലത്തിൻ്റെ അടയാളമായ വലിയ മഹുവ മരത്തിന്റെ ( മധുക ലോംഗിഫോലിയ ) സമീപത്തേക്കാണ് അവർ പോകുന്നത്.
“പണ്ടത്തെ കാടല്ല ഇപ്പോൾ. പണ്ട് ഇതിനേക്കാൾ തിങ്ങിനിറഞ്ഞതായിരുന്നു. ഇത്രദൂരമൊന്നും ഞങ്ങൾ വന്നിരുന്നില്ല”, സകുനി പറയുന്നു. 2011-നും 2022-നുമിടയിൽ ജാർഘണ്ടിന് 5.62 കിലോ ഹെക്ടർ മരത്തണൽ നഷ്ടപ്പെട്ടുവെന്ന് ഗ്ലോബൽ ഫോറസ്റ്റ് വാച്ചിന്റെ ഡേറ്റ സൂചിപ്പിക്കുന്നു.
ഒരു പതിറ്റാണ്ട് മുമ്പ് കാട്ടിലേക്ക് നടത്തിയ തന്റെ യാത്രകളെക്കുറിച്ച് ഓർത്തുകൊണ്ട് സകുനി പറയുന്നു, “ഏത് സമയത്തും കാട്ടിൽ 30-40 ആളുകളുണ്ടാവും. ഇപ്പോൾ കന്നുകാലികളും ആടുകളെ മേയ്ക്കുന്നവരും മാത്രമേ ഉള്ളു. വിറക് ശേഖരിക്കുന്നവരും”.
നാലുവർഷം മുമ്പുപോലും ഈ കരവേല ചെയ്തിരുന്ന ധാരാളം സ്ത്രീകളുണ്ടായിരുന്നു എന്ന് ഗീത പറയുന്നു. എന്നാൽ, മോശമായ വരുമാനം, പലരേയും ഈ തൊഴിലിൽനിന്ന് പിന്തിരിപ്പിച്ചു. പാത്രങ്ങളുണ്ടാക്കുന്ന ജോലി ഇപ്പോഴും ചെയ്യുന്ന സ്ത്രീകൾ ഈ രണ്ട് സുഹൃത്തുക്കൾ മാത്രമാണ്.
കാടിൽനിന്ന് വിറക് ശേഖരിച്ച് വിൽക്കുന്നത് നിരോധിച്ചതിനാൽ , സ്ത്രീകൾ ഈ ജോലിയിൽനിന്ന് പിൻവാങ്ങി. “2020-ൽ ലോക്ക്ഡൗൺ കാലത്താണ് അത് നിന്നത്” സകുനി പറയുന്നു. വിറക് ശേഖരിക്കുന്നതിന് ജാർഘണ്ട് സർക്കാർ ഒരു ഫീസ് ചുമത്തിയെങ്കിലും പിന്നീടത് പിൻവലിച്ചു. എന്നിട്ടും, ഉണങ്ങിയ വിറക് വിൽക്കുന്നതിന് ഇപ്പോഴും പണമടക്കേണ്ടിവരാറുണ്ടെന്ന് ഗ്രാമീണർ പറയുന്നു.


നദിടോല എന്നറിയപ്പെടുന്ന സ്ഥലത്താണ് ഗീത തന്റെ ഏഴംഗ കുടുംബത്തോടൊപ്പം താമസിക്കുന്നത്. സകുനി, തന്റെ ചെറിയ മകൻ (വലത്ത്) അകേന്ദർ ഒറാംവിന്റെ കൂടെയാണ് താമസം
തങ്ങൾക്കും കുടുംബത്തിനുവേണ്ടിയുമാണ് ഈ സുഹൃത്തുക്കൾ കാട്ടിലൂടെ നടക്കുന്നത്. സകുനി ഈ ജോലി തുടങ്ങിയത് അവരുടെ ഇരുപതാം വയസ്സിലാണ്. “വളരെ ചെറുപ്പത്തിലേ എൻ്റെ വിവാഹം കഴിഞ്ഞു”, അവർ പറയുന്നു. മുഴുക്കുടിയനായ ഭർത്താവ് ഉപേക്ഷിച്ചപ്പോൾ തന്നെയും മൂന്ന് ആണ്മക്കളേയും പുലർത്താൻ അവർക്ക് എന്തെങ്കിലും പണി കണ്ടെത്തേണ്ടിവന്നു. “ഇവിടെ അധികം ജോലിയൊന്നും ഉണ്ടായിരുന്നില്ല. ഇലകളും പാത്രങ്ങളും വിറ്റ് കുട്ടികളെ പോറ്റി”.
17 വയസ്സായ ഏറ്റവും ഇളയ മകൻ അകേന്ദർ ഒറാംവിന്റെ കൂടെ ഒരു താത്കാലിക കൂരയിലാണ് സകുനി ഇപ്പോൾ ജീവിക്കുന്നത്. മൂത്ത രണ്ടാണ്മക്കളും വിവാഹം കഴിഞ്ഞ് ഇതേ ഗ്രാമത്തിലെ വെവ്വേറെ വീടുകളിൽ താമസിക്കുന്നു.
കുറച്ച് മാറി, കുടുംബത്തിലെ ഏഴ് അംഗങ്ങൾക്കൊപ്പമാണ് – ഒരു മകൾ, മൂന്ന് ആണ്മക്കൾ, ഒരു പുത്രവധു, രണ്ട് പേരക്കുട്ടികൾ - ഒരു മൺകൂരയിൽ ഗീത കഴിയുന്നത്. ഭർത്താവ് ഏഴുവർഷം മുമ്പ് മരിച്ചുപോയി. ഏറ്റവും ഇളയ മകൾ, 28 വയസ്സുള്ള ഊർമ്മിളാ ദേവിയും ഇലപ്പാത്രങ്ങൾ വിൽക്കുന്നുണ്ടെങ്കിലും, മകൾക്ക് കൂടുതൽ നല്ലൊരു ഭാവി വേണമെന്നാണ് ഗീതയുടെ ആഗ്രഹം. "എന്റെ മൂത്ത മകളെ ഒരു പാവപ്പെട്ട കുടുംബത്തിലേക്കാണ് കെട്ടിച്ചയച്ചത്. ചെറിയവളെ അങ്ങിനെയൊരു സ്ഥലത്തേക്ക് അയയ്ക്കില്ല. വേണ്ടിവന്നാൽ ഞാൻ സ്ത്രീധനംപോലും കൊടുക്കാൻ തയ്യാറാണ്”.
ഏഴ് സഹോദരങ്ങളിലെ ഏറ്റവും ഇളയവളായിരുന്ന ഗീത, കുട്ടിക്കാലം തൊട്ടേ ജോലി ചെയ്തിരുന്നു. ഒരിക്കലും സ്കൂളിൽ പോയിടില്ല. “ഞാൻ സ്കൂളിൽ പോയാൽ ആരാണ് വീട്ടുജോലികൾ ചെയ്യുക”, അവർ ചോദിക്കുന്നു. രാവിലെ 4 മണിക്ക് ആരംഭിക്കും അവരുടെ ജോലികൾ. പാചകം, വീട് വൃത്തിയാക്കൽ, കന്നുകാലികളെ (ഒരു പശുവും രണ്ട് കാളകളും) മേയ്ക്കാൻ അയയ്ക്കൽ ഒക്കെ കഴിഞ്ഞിട്ടുവേണം കാട്ടിലേക്ക് പുറപ്പെടാൻ അവരുടെ കൂട്ടുകാരിക്കും ഏതാണ്ട് ഇതൊക്കെത്തന്നെയാണ് ദിനചര്യ. എന്നാൽ, ഗീതയ്ക്ക് വീട്ടുജോലിയിൽ സഹായിക്കാൻ മരുമകളുണ്ടെങ്കിലും, സകുനിക്ക് വീട്ടിൽ സഹായത്തിന് ആരുമില്ല.
*****
സംരക്ഷിതവനപ്രദേശത്തെത്തിയ ആ രണ്ട് സ്ത്രീകൾ സഞ്ചികൾ നിലത്തുവെച്ചു. തണുപ്പുകാലമായിട്ടും, നടത്തംകൊണ്ട് അവർ വിയർത്തിരുന്നു. നെറ്റിയും കഴുത്തും അവർ സാരിത്തലപ്പുകൾകൊണ്ട് തുടച്ചു.
പുറപ്പെടുന്നതിനുമുമ്പ്, അവർ കൈയ്യിലുള്ള പഴയ തുണിക്കഷണത്തിന്റെ വക്കുകൾ ചേർത്ത് ഒരു സഞ്ചിപോലെയാക്കി. അതിലാണ് ഇലകൾ ഇടുക. സാരിത്തുമ്പുകൾ അരയിൽ തിരുകി, ചുമലിൽ സഞ്ചികൾ തൂക്കി, അവർ പുറപ്പെടാൻ തയ്യാറായി.


ദിവസവും രാവിലെ, വീടിനടുത്തുള്ള ഔറംഗ നദി കടന്ന് അവർ കാൽനടയായി കാട്ടിലേക്ക് പോകും. നാലുവർഷം മുമ്പ് പോലും പാത്രങ്ങളും കോപ്പകളുമുണ്ടാക്കുന്ന ഈ പണി ചെയ്യുന്ന ധാരാളം സ്ത്രീകളുണ്ടായിരുന്നുവെങ്കിലും, വരുമാനം കുറവായതിനാൽ അവർ അതിൽനിന്ന് പിന്മാറി. ഈ തൊഴിൽ ചെയ്യുന്ന അവസാനത്തെ രണ്ടുപേരാണ് ഈ സ്ത്രീകൾ


ഇവർ സാലമരത്തിന്റെ ഇലകളും കൊമ്പുകളും മുറിച്ച് പല്ല് തേക്കാനുള്ള കമ്പുകളും ഉണ്ടാക്കുന്നു. ചില സമയങ്ങളിൽ വീട്ടിലെ അംഗങ്ങളും സഹായിക്കാറുണ്ട് ഈ പണികളിൽ. പല്ലുതേക്കുന്ന കമ്പുകളുടെ ഒരു കെട്ടിന് 5 രൂപയാണ് വില. “അവർക്ക് അഞ്ച് രൂപ ചിലവാക്കാൻ പോലും മടിയാണ്. അതിലും അവർ വിലപേശും”, സകുനി പറയുന്നു
ഇടതുകൈകൊണ്ട് കൊമ്പുകൾ പിടിച്ച്, വലതുകൈകൊണ്ട് വലിയ, ദീർഘവൃത്താകൃതിയിലുള്ള ഇലകൾ അവർ പറിച്ചുതുടങ്ങി. “ഇതിൽ ചോണനുറുമ്പുകളുണ്ട്, ശ്രദ്ധിക്കണം”, സുകുനി തന്റെ സുഹൃത്തിന് മുന്നറിയിപ്പ് കൊടുക്കുന്നു.
“നല്ല ഇലകളാണ് ഞങ്ങൾ തിരഞ്ഞെടുക്കുക. ഓട്ടകളില്ലാത്തത്”, സഞ്ചിയിൽ കുറച്ച് ഇലകൾ ശേഖരിച്ചുകൊണ്ട് ഗീത പറയുന്നു. താഴത്തെ കൊമ്പുകളിൽനിന്നുള്ള ഇലകളാണ് അവർ പറിക്കാറുള്ളതെങ്കിലും, അവ തീർന്നാൽ, മുകളിലേക്ക് കയറി, വാക്കത്തികൊണ്ട് ഇലകൾ വെട്ടിയെടുക്കേണ്ടിവരാറുണ്ട്.
സാലമരങ്ങൾ സാധാരണയായി പതുക്കെയാണ് വളരുക. 164 അടിവരെ പൊക്കം വെക്കും. എന്നാൽ ഈ കാട്ടിലെ മരങ്ങൾക്ക് ചെറുപ്പമാണ്. 30-40 അടി ഉയരമേയുള്ളു.
ഒരു മരത്തിൽ കയറാനുള്ള പുറപ്പാടിലാണ് സകുനി. 15 അടി ഉയരത്തിലേക്ക്. സാരി വലിച്ചുകയറ്റി, കാൽമുട്ടുകൾക്കിടയിൽ തിരുകിവെച്ചു. ഗീത വാക്കത്തി കൈമാറി. “അത് മുറിക്ക്”, ഒരു കൊമ്പ് കാട്ടിക്കൊടുത്ത് ഗീത പറയുന്നു. കൊമ്പുകൾ ഒരേ നീളത്തിൽ മുറിച്ച്, പല്ല് തേക്കാനുള്ള കമ്പുകളാക്കി, അതും അവർ വിൽക്കുന്നു.
“പാകത്തിനുള്ള വണ്ണമുണ്ടായിരിക്കണം”, വാക്കത്തികൊണ്ട് കുറ്റിക്കാടുകൾ വകഞ്ഞുമാറ്റി, ഒരു മരത്തിൽനിന്ന് മറ്റൊരു മരത്തിലേക്ക് നീങ്ങുമ്പോൾ ഗീത പറയുന്നു. “സാലമരത്തിന്റെ ചുള്ളിക്കമ്പുകൾ വളരെ നല്ലതാണ്. അവ പെട്ടെന്ന് ഉണങ്ങില്ല. 15 ദിവസംവരെ അവ സൂക്ഷിക്കാം”, അവർ കൂട്ടിച്ചേർത്തു.
ഇലകളും ചുള്ളിക്കമ്പുകളും ശേഖരിക്കുന്നത് എളുപ്പമുള്ള പണിയല്ല. “തണുപ്പുകാലത്താണ് ഏറ്റവും ബുദ്ധിമുട്ട്. കൈകൾ വേദനിക്കും. വാക്കത്തി മുറുക്കിപ്പിടിക്കാൻപോലും പറ്റില്ല”, ഗീത സൂചിപ്പിക്കുന്നു.


അവർ ദിവസത്തിൽ 7-8 മണിക്കൂർ ഇല പറിക്കും. ആഴ്ചയിൽ രണ്ട് ദിവസം. ഇത്തവണ, രണ്ടാമത്തെ ദിവസം ഗീതയുടെ മകൻ അജിത്തും മരുമകൾ ബാസന്തിയും (വലത്ത്) അവരുടെ കുഞ്ഞിനേയും കൂട്ടി വന്നിടുണ്ട്. കുഞ്ഞ് കരയുമ്പോൾ മൂന്നുപേരും മാറിമാറി അവളെ സമാധാനിപ്പിക്കുന്നു


ഇടത്ത്: എട്ടുവർഷം മുമ്പ് പഞ്ചാബിലേക്ക് കുടിയേറിയ അജിത്ത് അവിടെ, ദിവസത്തിൽ 250 രൂപ കിട്ടുന്ന ദിവസക്കൂലിക്ക് ചേർന്നു. വലത്ത്: കന്നുകാലികൾ വീട്ടിലേക്ക് പോകുന്നത് കാണുമ്പോൾ ആ സ്ത്രീകൾ ജോലി അവസാനിപ്പിക്കും. മൂന്നാമത്തെ ദിവസം ഗീതയും സകുനിയും കാട്ടിലേക്ക് മടങ്ങി, ചാക്കുകൾ ശേഖരിച്ച്, ഹെഹെഗാര സ്റ്റേഷനിലേക്ക് പോവും. അവിടെനിന്ന് അവർ ഡാൽട്ടൺഗഞ്ചിലേക്കുള്ള തീവണ്ടി പിടിക്കുന്നു
ഫെബ്രുവരിക്കും മാർച്ചിനുമിടയിൽ അവരുടെ ജോലിക്ക് താത്കാലികമായി നിൽക്കും. ആ മാസങ്ങളിലാണ് സാലമരങ്ങളുടെ ഇലകൾ കൊഴിഞ്ഞ് പുതിയ ഇലകൾ വരുന്നത്. ഈ കാലത്ത് സകുനി മഹുവ പൂക്കൾ ശേഖരിക്കും. കഴിഞ്ഞ വർഷം (2023) അവർ കാട്ടിൽനിന്ന് 100 കിലോഗ്രാം മഹുവ പഴങ്ങൾ ശേഖരിച്ച്, ഉണക്കി, കിലോയ്ക്ക് 30 രൂപവെച്ച്, നാട്ടിലെ ഒരു വ്യാപാരിക്ക് വിറ്റു. പച്ചനിറമുള്ള ആ പഴുത്ത പഴങ്ങളിൽ നിന്ന് മദ്യവും അതിൻ്റെ കുരുവിൽ നിന്ന് ഭക്ഷ്യ എണ്ണയും ഉണ്ടാക്കുന്നു.
എന്നാൽ ഗീത ഇക്കാലത്ത് ഒന്നും സമ്പാദിക്കുന്നില്ല. കുടിയേറ്റത്തൊഴിലാളികളായി ജോലി ചെയ്യുന്ന മൂന്ന് ആണ്മക്കളുടെ വരുമാനംകൊണ്ടാണ് കുടുംബത്തിന്റെ ആവശ്യങ്ങൾ നടന്നുപോവുക. വീട്ടിലുള്ള മഹുവ മരത്തിൽനിന്ന് വീട്ടാവശ്യങ്ങൾക്കുള്ളത് കിട്ടുകയും ചെയ്യും.
*****
കാട്ടിലെ മൂന്നുദിവസത്തെ പണിക്ക് ശേഷം ആവശ്യത്തിനുള്ള ചാക്കുകൾ നിറഞ്ഞപ്പോൾ ഗീതയും സകുനിയും അവ ഡാൽട്ടൺഗഞ്ചിലേക്ക് കൊണ്ടുപോയി. 30 കിലോഗ്രാം വരുന്ന ചാക്കുകൾ പൊക്കി അവർ, 30 മിനിറ്റ് നടന്നാൽ എത്താവുന്ന ഹെഹെഗാര റെയിൽവേ സ്റ്റേഷനിലെത്തി. “ഇത്തവണ ഞാൻ പല്ലുതേപ്പ് കമ്പുകൾ കൂടുതൽ എടുത്തിട്ടുണ്ട്” ഗീത ചിരിച്ചുകൊണ്ട് പറയുന്നു. ചുമലിൽ തൂക്കിയ ഒരു അധിസഞ്ചിയിൽ ഒരു കമ്പിളിയാണ് ഉണ്ടായിരുന്നത്.
ഹെഹെഗാര സ്റ്റേഷനിൽ ആ സ്ത്രീകൾ ഒരു മരത്തിന്റെ ചുവട്ടിൽ അല്പം സ്ഥലം കണ്ടെത്തി, ഡാൽട്ടൺഗഞ്ചിലേക്കുള്ള 12 മണിയുടെ വണ്ടിയും കാത്ത് ഇരുന്നു.
“പാത്രങ്ങളും പല്ലുതേപ്പ് കമ്പുകളും വിൽക്കുന്നവർക്ക് ടിക്കറ്റ് വേണ്ട”, വണ്ടിയുടെ വാതിലിനടുത്ത് തന്റെ സാധനങ്ങൾ ഇറക്കിവെച്ച് അടുത്തുള്ള സീറ്റിൽ ഇരുന്നുകൊണ്ട് സകുനി പറയുന്നു. 44 കിലോമീറ്റർ ദൂരം പിന്നിടാൻ വണ്ടി മൂന്ന് മണിക്കൂറെടുക്കും. “യാത്രയ്ക്ക് മാത്രം ഒരു ദിവസം മുഴുവൻ പാഴാവും”, ദീർഘശ്വാസമുതിർത്ത് സകുനി പറയുന്നു”.
വണ്ടി നീങ്ങിത്തുടങ്ങിയപ്പോൾ, ഗീത, തന്റെ 2.5 ഏക്കർ ഭൂമിയെക്കുറിച്ച് സംസാരിക്കാൻ തുടങ്ങി. വർഷകാലത്ത് അവർ അതിൽ നെല്ലും ചോളവും കൃഷി ചെയ്യും. തണുപ്പുകാലത്ത് ഗോതമ്പും, ബാർളിയും മറ്റും. “ഈ വർഷം, നെല്ല് അധികം കിട്ടിയില്ല. എന്നാൽ 250 കിലോ ചോളം 5,000 രൂപയ്ക്ക് വിറ്റു”, അവർ പറയുന്നു.
സകുനി ദേവിക്ക് ഒരേക്കർ സ്ഥലമുണ്ട്. അതിൽ ഖാരിഫ്, റാബി വിളകൾ അവർ വളർത്തുന്നു. “ഇത്തവണ, ഞാൻ കൃഷി ചെയ്തില്ല. നെല്ല് വിതച്ചുവെങ്കിലും അത് വളർന്നില്ല”, അവർ പറയുന്നു.


ഭാരം തലയിലേറ്റി ആ സ്ത്രീകൾ 30 മിനിറ്റ് ദൂരത്തുള്ള സ്റ്റേഷനിലേക്ക് നടന്നു. സാവധാനത്തിൽ ഓടുന്ന ആ വണ്ടിയിൽ 44 കിലോമീറ്റർ താണ്ടാൻ മൂന്ന് മണിക്കൂർ വേണ ‘ഒരു ദിവസം മുഴുവൻ പാഴാവും’, സകുനി പറയുന്നു


വണ്ടിയിൽവെച്ച് ഗീതയും സകുനിയും തങ്ങളുടെ കൃഷിയെക്കുറിച്ച് സംസാരിച്ചു. ഗീത തന്റെ 2.5 ഏക്കർ ഭൂമിയിൽ വർഷകാലത്ത് അവർ അതിൽ നെല്ലും ചോളവും തണുപ്പുകാലത്ത് ഗോതമ്പും, ബാർളിയും മറ്റും കൃഷി ചെയ്യും.. സകുനി ദേവിയുടെ ഒരേക്കറിൽ അവർ ഖാരിഫ്, റാബി വിളകൾ വളർത്തുന്നു. സംസാരിക്കുമ്പോൾത്തന്നെ അവർ കോപ്പകളുണ്ടാക്കുകയും ചെയ്യുന്നുണ്ടായിരുന്നു
സംസാരിക്കുമ്പോൾത്തന്നെ അവർ ഇലകൾകൊണ്ട് കോപ്പകൾ ഉണ്ടാക്കുന്നുണ്ടായിരുന്നു. നാലോ അഞ്ചോ ഇലകൾ ഒന്നിനുമുകളിലൊന്നായി വെച്ച്, മുളയുടെ നാരുകൾകൊണ്ട് തുന്നുന്നു. മൃദുവായ ഇലകൾ എത്ര മടക്കിയാലും പൊട്ടില്ല. കോപ്പകളായി ഉപയോഗിക്കാൻ ഉത്തമമാണ് ആ ഇലകൾ. “വലിയ ഇലകളാണെങ്കിൽ, രണ്ട് ഇലകൾകൊണ്ടുതന്നെ കോപ്പകളുണ്ടാക്കാം. അല്ലെങ്കിൽ അഞ്ചാറെണ്ണം വേണം, ഒരൊറ്റ കോപ്പയുണ്ടാക്കാൻ”, സകുനി വിശദീകരിച്ചു.
പാത്രത്തിന്റെ അരികുകൾ അവർ മടക്കി വട്ടത്തിലാക്കി. ഭക്ഷണം വിളമ്പുമ്പോൾ പുറത്ത് പോകാത്ത വിധത്തിൽ. “ഇനി ഇതിൽ കറിയൊഴിച്ചാലും ചോരില്ല”, ഗീതാ ദേവി പറയുന്നു.
12 കോപ്പകളുടെ ഒരു കെട്ടിന് 4 രൂപയാണ് വില. ഓരോ കെട്ടിലും 60 ഇലകളുണ്ടാവും. 1500 ഇലകൾ വെട്ടി, പാത്രമാക്കി, വണ്ടിയിൽ കൊണ്ടുപോയാൽ അവർക്ക് കിട്ടുന്നത് 100 രൂപയാണ്.
ആ സ്ത്രീകൾ പല്ലുതേപ്പ് കമ്പുകളും 10 സാല ഇലകളുടെ കെട്ടുകളും, യഥാക്രമം അഞ്ച് രൂപയ്ക്കും 10 രൂപയ്ക്കും വിൽക്കാറുണ്ട്. “ആളുകൾക്ക് അഞ്ച് രൂപ കൊടുക്കാൻ പോലും മടിയാണ്. അവരതിലും വിലപേശും”, സകുനി പറയുന്നു.
വൈകീട്ട് 5 മണിക്ക് ട്രെയിൻ ഡാൽട്ടൺഗഞ്ചിലെത്തി. സ്റ്റേഷന് പുറത്ത്, റോഡരികിൽ ഗീത ഒരു നീല പോളിത്തീൻ ഷീറ്റ് നിലത്ത് വിരിച്ച് ഇരുവരും ചേർന്ന്, ഇലക്കുമ്പിളുകളുണ്ടാക്കാൻ തുടങ്ങി. പാത്രങ്ങൾക്കുള്ള ആവശ്യങ്ങളും അവർ സ്വീകരിക്കുന്നുണ്ടായിരുന്നു. ഒരു പാത്രമുണ്ടാക്കാൻ 12-14 ഇലകൾ വേണം. ഒരു പ്ലേറ്റിന് ഒന്നര രൂപവെച്ചാന് അവർ വിൽക്കുന്നത്. ഗൃഹപ്രവേശം, നവരത്ര, അമ്പലങ്ങളിലെ ഭക്ഷണവിതരണം എന്നിവയ്ക്കാണ് ഈ പാത്രങ്ങൾ ഉപയോഗിക്കുന്നത്. 100-ലധികം പാത്രങ്ങളുണ്ടാക്കാനുള്ള ഓർഡർ കിട്ടിയാൽ കൂടുതൽ പണിക്കാരെ വേണ്ടിവരും.


ഡാൽട്ടൺഗഞ്ച് സ്റ്റേഷന് പുറത്ത് ഗീത നിലത്ത് ഒരു നീല പോളിത്തീൻ ഷീറ്റ് വിരിച്ച്, ഇരുവരും കോപ്പകളുണ്ടാക്കാൻ തുടങ്ങി. പാത്രങ്ങൾക്കുള്ള ഓർഡറുകളും അവർ സ്വീകരിക്കാറുണ്ട്. അവരുടെ ‘സ്ഥാപനം’ 24x7 മണിക്കൂറും പ്രവർത്തിക്കുന്നു. എന്നാൽ രാത്രിയാവുമ്പോൾ സുരക്ഷയുടെ പ്രശ്നത്താൻ അവർ സ്റ്റേഷന്റെ അകത്തേക്ക് മാറും. എല്ലാ സാധനങ്ങളും വിറ്റുതീരുന്നതുവരെ അവർ അവിടെ കഴിയും


നാലോ ആറോ ഇലകൾ ഒന്നിനുമുകളിലൊന്നായി വെച്ച് മുളന്നാരുകൊണ്ട് തുന്നിയാണ് കോപ്പകളുണ്ടാക്കുന്നത്. അവയുടെ വക്കുകൾ മടക്കിവെച്ചാൽ, ഭക്ഷണം വിളമ്പിയാലും ചോരില്ല. 12 കോപ്പകളുടെ ഒരു കെട്ടിന് നാല് രൂപയാണ് വില. വലത്ത്: രാത്രിവണ്ടിയിലെ യാത്രക്കാർ പല്ലുതേപ്പ് കമ്പുകളുടെ കെട്ടുകൾ വാങ്ങുന്നു
സാധനങ്ങളെല്ലാം വിറ്റുതീരുന്നതുവരെ ഗീതയും സകുനി ദേവിയും അവിടെയുണ്ടാവും. അത് മുഴുവൻ വിറ്റൊഴിയാൻ ഒരു ദിവസമോ, ചിലപ്പോൾ എട്ടുദിവസംവരെയോ എടുക്കും. അതായത്, “കോപ്പ ഉണ്ടാക്കുന്ന മറ്റുള്ളവരും എത്തിയാൽ”, സകുനി വിശദീകരിക്കുന്നു. അങ്ങിനെയുള്ള അവസരങ്ങളിൽ ആ നീല ഷീറ്റ്, രാത്രിയിലെ അവരുടെ കിടക്കയായും മാറും. കൈയ്യിൽ സൂക്ഷിച്ച കമ്പിളികളും ഉപയോഗപ്രദമാവും. കൂടുതൽ ദിവസം തങ്ങേണ്ടിവരുമ്പോൾ അവർ ദിവസത്തിൽ രണ്ടുനേരം കടലക്കഞ്ഞി കുടിക്കും. അത് വാങ്ങാൻ, ഓരോരുത്തർക്കും ഒരു ദിവസം 50 രൂപ വേണം.
അവരുടെ ‘സ്ഥാപനം’ 24x7-ഉം തുറന്നിരിക്കുന്നുണ്ടാവും. രാത്രിവണ്ടിയിലെ യാത്രക്കാർ പല്ലുതേപ്പ് കമ്പുകൾ വാങ്ങും. രാത്രിയാവുമ്പോൾ ഗീതയും സകുനിയും സ്റ്റേഷന്റെ അകത്തേക്ക് നീങ്ങും. ഡാൽട്ടൺഗഞ്ച് ചെറിയൊരു സ്റ്റേഷനാണ്. അതിനാൽ സ്റ്റേഷന്റെ അകത്താണ് കൂടുതൽ സുരക്ഷിതത്വം.
*****
മൂന്ന് ദിവസങ്ങൾ കഴിഞ്ഞപ്പോഴേക്കും 30 കെട്ട് കോപ്പയും, 80 കെട്ട് പല്ലുതേപ്പ് കമ്പുകളും വിറ്റ് ഗീത 420 രൂപ സമ്പാദിച്ചിരുന്നു. സകുനിയാകട്ടെ, 25 കെട്ട് കോപ്പകളും 50 കെട്ട് പല്ലുതേപ്പ് കമ്പുകളുമാണ് വിറ്റിരുന്നത്. 300 രൂപ കിട്ടുകയും ചെയ്തു. ആ സമ്പാദ്യവുമായി ഇരുവരും പലാമോ എക്സ്പ്രസ്സിൽ കയറുന്നു. രാത്രിയാണ് അത് പുറപ്പെടുക. പിറ്റേന്ന് രാവിലെ ബാർവാഡിയിൽ അവരെത്തും. അവിടെനിന്ന് ഒരു ലോക്കൽ വണ്ടിയിൽ മാറിക്കയറി ഹെഹെഗാരയിലെത്തും.
തന്റെ സമ്പാദ്യത്തിൽ സന്തോഷവതിയല്ല സകുനി. “കഠിനാദ്ധ്വാനമാണ്. പ്രതിഫലമോ തുച്ഛവും”, ചാക്ക് മടക്കിവെക്കുമ്പോൾ അവർ പറയുന്നു.
എന്നാലും രണ്ട് ദിവസം കഴിഞ്ഞാൽ അവർക്ക് തിരിച്ചുവന്നേ പറ്റൂ. “ഇതാണ് ഞങ്ങളുടെ ഉപജീവനം. കൈയ്യും കാലും ചലിക്കുന്നിടത്തോളം കാലം ഞാൻ ഈ പണി ചെയ്യും”, ഗീത പറയുന്നു.
മൃണാളിനി മുഖർജി ഫൌണ്ടേഷന്റെ (എം.എം.എഫ്) ഫെല്ലോഷിപ്പിന്റെ പിന്തുണയോടെ തയ്യാറാക്കിയ റിപ്പോർട്ട്
പരിഭാഷ: രാജീവ് ചേലനാട്ട്