മേയ് മാസത്തിലെ ചുട്ടുപൊള്ളുന്ന ഒരു ഉച്ചനേരം. പക്ഷെ മോഹയിലെ ഹസ്രത്ത് സയ്യദ് ആൽവി (റഹ്മത്തുള്ള അലയ്യ) ദർഗ്ഗ (മന്ദിരം) ജനങ്ങൾ തിങ്ങിനിറഞ്ഞിരിക്കുകയാണ്. നാല്പത് കുടുംബങ്ങൾ, കൂടുതലും ഹിന്ദുക്കൾ, കന്ദൂരി എന്നറിയപ്പെടുന്ന അവരുടെ വാർഷിക ആരാധനാ ചടങ്ങിന്റെയും വിരുന്നിന്റെയും തിരക്കിലാണ്. അതിൽ ഡോബ്ലെ കുടുംബത്തിന്റെ അതിഥികളായാണ് ഞാനും എന്റെ കുടുംബവും ഒസ്മാനാബാദ് ജില്ലയിലെ കളംബ് ബ്ളോക്കിലുള്ള, 200 വർഷം പഴക്കമുള്ള ഈ ദർഗയിൽ എത്തിയിരിക്കുന്നത്.
കർഷക കുടുംബങ്ങൾക്ക് അല്പം ഒഴിവുസമയം ലഭിക്കുന്ന വേനൽക്കാല മാസങ്ങളിൽ, മറാത്ത് വാഡ പ്രദേശത്തെ ഒസ്മാനാബാദ്, ലാത്തൂർ, ബീഡ്, ജാൽന, ഔറംഗബാദ്, പർഭാനി, നാന്ദേഡ്, ഹിങ്കോലി എന്നീ ജില്ലകളിലുള്ള പീറുകളുടെ (വിശുദ്ധർ) ദർഗകളിൽ ജനത്തിരക്കേറുന്നത് പതിവാണ്. വ്യാഴാഴ്ചകളിലും ഞായറാഴ്ചകളിലുമാണ് കുടുംബങ്ങൾ കൂട്ടമായെത്തുക. അവർ ഒരു മുട്ടനാടിനെ ബലി കൊടുത്ത്, അതിന്റെ മാംസം പാകം ചെയ്ത് നിവദ്യമർപ്പിക്കുകയും വിശുദ്ധരിൽനിന്ന് അനുഗ്രഹം തേടിയതിനുശേഷം ഒരുമിച്ച് ഭക്ഷണം കഴിക്കുകയും മറ്റുള്ളവരെ ഊട്ടുകയും ചെയ്യും.
"ഞങ്ങൾ തലമുറകളായി ചെയ്തുവരുന്നതാണ് ഇത് (കന്ദൂരി)," ഒസ്മാനാബാദിലെ യേഡ്ഷിയിൽനിന്നുള്ള ഞങ്ങളുടെ ബന്ധു, 60 വയസ്സുകാരിയായ ഭാഗീരഥി കദം പറയുന്നു. മറാത്ത്വാഡ പ്രദേശം 600-ലേറെ വർഷം (ഹൈദരാബാദിലെ നിസാം ഭരിച്ചിരുന്ന 224 വർഷം ഉൾപ്പെടെ) ഇസ്ലാമികഭരണത്തിന് കീഴിലായിരുന്നു. അതുകൊണ്ടുതന്നെ, ഇസ്ലാമിക ആരാധനാലയങ്ങളിലുള്ള വിശ്വാസവും പ്രാർത്ഥനയും ഇവിടത്തുകാരുടെ നിഷ്ഠയുടെയും ആചാരങ്ങളുടെയും ഭാഗമാണ്. മതസൗഹാർദ്ദത്തിൽ ഊന്നിയ ഒരു ജീവിതക്രമത്തിന്റെ പ്രതിഫലനമാണത്.
"ഞങ്ങൾ ഗഡ് ദേവ്ധരിയിലാണ് പ്രാർത്ഥിക്കുന്നത്. താവ്രസ് ഖേഡയിൽനിന്നുള്ളവർ ഇവിടെ മോഹയിലും നിങ്ങളുടെ ഗ്രാമത്തിൽനിന്നുള്ളവർ (ലാത്തൂർ ജില്ലയിലെ ബോർഗാവ് ബുദ്രുക്) ഷേരയിലുമാണ് പോകേണ്ടത്". ഓരോ ഗ്രാമത്തിനും ആരാധന നടത്താനായി ഒരു നിശ്ചിത ദർഗ തീരുമാനിക്കുന്ന, നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരം പരാമർശിച്ച് ഭാഗാ മൗഷി എന്ന് എല്ലാവരും സ്നേഹത്തോടെ വിളിക്കുന്ന ഭാഗീരഥി പറയുന്നു.
ഇവിടെ മോഹയിലുള്ള റഹ്മത്തുള്ള ദർഗയിൽ, മരച്ചുവടുകളിലും തകര മേൽക്കൂരകൾക്കും ടാർപോളിൻ ഷീറ്റുകൾക്കും താഴെയുമായി ആളുകൾ വിറകടുപ്പ് കൂട്ടി ദർഗയിലെ ചടങ്ങുകളിൽ നിവേദിക്കേണ്ട ഭക്ഷണം ഉണ്ടാക്കുകയാണ്. സ്ത്രീ-പുരുഷന്മാർ സംസാരത്തിൽ മുഴുകുമ്പോൾ കുട്ടികൾ കളിച്ചുതിമിർക്കുന്നു. ചൂടേറിയ കാലാവസ്ഥയാണെങ്കിലും പടിഞ്ഞാറൻ മാനത്ത് ഉരുണ്ടുകൂടുന്ന മേഘങ്ങളും ദർഗയുടെ കവാടത്തിൽ തണൽ വീശി നിൽക്കുന്ന പുളിമരങ്ങളും അല്പം ആശ്വാസം പകരുന്നുണ്ട്. ദർഗയിലെ ജലാശയം- ബാരവ് എന്ന് വിളിക്കുന്ന, 90 അടി താഴ്ചയുള്ള, കല്ലിൽ പടുത്തുയർത്തിയ പഴയ ഒരു കിണർ- വറ്റിവരണ്ടുകിടക്കുകയാണ്. എന്നാൽ അത് "മഴക്കാലത്ത് നിറഞ്ഞുകവിയും," ഒരു ഭക്തൻ ഞങ്ങളോട് പറയുന്നു.


ഇടത്: മോഹയിലുള്ള ഹസ്രത്ത് സയ്യദ് ആൽവി (റഹ്മത്തുള്ള അലയ്യ ) ദർഗ്ഗ (മന്ദിരം) മസറിൽ നിവദ്യം അർപ്പിക്കുകയും ചടങ്ങുകൾ നടത്തുകയും ചെയ്യുന്ന പുരുഷന്മാർ. വലത്: മസറിന് പുറത്തുള്ള പടികളിലിരുന്ന് ചടങ്ങുകൾ കാണുകയും അനുഗ്രഹം തേടുകയും ചെയ്യുന്ന സ്ത്രീകൾ; ക്ഷേത്രങ്ങളിൽ പോകുമ്പോൾ പതിവുള്ളതു പോലെ അവർ സാരിത്തുമ്പ് തലയിൽ ഇട്ടിരിക്കുന്നു


ഇടത്: ഭക്ഷണം പാകമാകുന്ന സമയത്ത് ആളുകൾ സംസാരിച്ചിരിക്കുന്നു. വലത്: ഒസ്മാനാബാദ് ജില്ലയിലുള്ള മോഹയിലെ ദർഗയിൽ സംഘടിപ്പിച്ചിട്ടുള്ള കന്ദൂരി വിരുന്നിൽ പങ്കെടുത്ത് ഭക്ഷണം കഴിക്കുന്ന ആളുകൾ
അറുപതുകളുടെ അവസാനത്തിലെത്തിയ ഒരാൾ തന്റെ വയസ്സായ അമ്മയെ ചുമലിലേറ്റി ദർഗയിലേയ്ക്ക് കടന്നുവരുന്നു. ഈ പ്രദേശത്തെ ഹിന്ദു, മുസ്‌ലിം സ്ത്രീകൾ ഒരുപോലെ ധരിക്കുന്ന, ഒൻപതടി നീളമുള്ള, ഇളം പച്ചനിറത്തിലുള്ള മങ്ങിയ ഒരു ഇർകൽ സാരിയാണ് എൺപതുകളുടെ അവസാനത്തിലേയ്ക്ക് കടക്കുന്ന ആ അമ്മ ധരിച്ചിരിക്കുന്നത്. മസറിലേയ്ക്കുള്ള (വിശുദ്ധന്റെ ശവകുടീരം) അഞ്ച് പടികൾ ആ മകൻ നടന്നുകയറവേ, അദ്ദേഹത്തിന്റെ അമ്മയുടെ കണ്ണുകൾ ഈറനണിയുകയും അവർ കൂപ്പുകൈകൾ ഉയർത്തി താഴ്മയായി പ്രാർത്ഥിക്കുകയും ചെയ്യുന്നു.
അവർക്ക് പിറകേ പിന്നെയും വിശ്വാസികൾ വന്നെത്തുന്നുണ്ടായിരുന്നു. നാല്പതുകളിലെത്തിയ, കാഴ്ചയിൽത്തന്നെ രോഗിയും അസ്വസ്ഥയുമായ ഒരു സ്ത്രീ അവരുടെ അമ്മയ്‌ക്കൊപ്പമാണ് എത്തിയിരിക്കുന്നത്. പ്രധാനകവാടത്തിൽനിന്ന് 500 മീറ്റർ അകലെയുള്ള മസറിലേയ്ക്ക് ഇരുവരും പതിയെ നടക്കുകയാണ്. മസറിൽ എത്തി കുറച്ച് പൂക്കളും നാളികേരവും അർപ്പിച്ചശേഷം അവർ അവിടെ ചന്ദനത്തിരി കൊളുത്തിവെക്കുന്നു.
മുജാവർ (മേൽനോട്ടക്കാരൻ) നാളികേരമുടച്ച് അവർക്ക് തിരികെ നൽകിയതിനുശേഷം രോഗിയായ ആ സ്ത്രീയുടെ കൈത്തണ്ടയിൽ കെട്ടാൻ ഒരു ചരട് കൊടുക്കുന്നു. അവരുടെ അമ്മ ചന്ദനത്തിരിയുടെ ചാരം അല്പമെടുത്ത് മകളുടെ നെറ്റിയിൽ തൊടുന്നുണ്ട്. ഒരു പുളിമരച്ചോട്ടിൽ കുറച്ചുനേരം ഇരുന്നതിന് ശേഷമാണ് ഇരുവരും മടങ്ങിപ്പോകുന്നത്.
മസറിന് പുറകിലുള്ള കമ്പിവേലിയിൽ നിറയെ ഇളം പച്ച, നിയോൺ പച്ച നിറങ്ങളിലുള്ള കുപ്പിവളകളാണ്. വിവിധ മതസ്ഥരായ സ്ത്രീകൾ തങ്ങളുടെ പെൺമക്കൾക്ക് അനുയോജ്യരായ ഭർത്താക്കന്മാരെ ലഭിക്കാനായി സമർപ്പിക്കുന്നതാണ് ഈ വളകൾ. മസറിന്റെ പുറത്ത് ഒരു മൂലയിൽ തടിയിൽ തീർത്ത വലിയ ഒരു കുതിരയുടെ രൂപവും അതിനുമുന്നിൽ കളിമണ്ണിൽ തീർത്ത ഏതാനും കുതിര രൂപങ്ങളും വെച്ചിട്ടുണ്ട്. "ജീവിച്ചിരുന്ന കാലത്ത് കുതിരപ്പുറത്ത് യാത്ര ചെയ്തിരുന്ന ബഹുമാന്യരായ മുസ്‌ലിം വിശുദ്ധരുടെ ഓർമ്മയ്ക്കായാണ് ഇവ സമർപ്പിക്കുന്നത്," ഭാഗാ മൗഷി വിശദീകരിച്ചുതരുന്നു.
എന്റെ ഭർത്തൃമാതാവിന്റെ വീട്ടിൽ ദിവസേന രണ്ടു കുതിരകളെ ആരാധിക്കുന്നത് അപ്പോഴാണ് എനിക്ക് ഓർമ്മ വന്നത്. പൊടുന്നനെ അതിന്റെ പ്രസക്തി വ്യക്തമാകുന്നു. ആ കുതിരകളിലൊന്ന് ഹിന്ദു ദൈവമായ ഭൈറോബയുടെയും മറ്റൊന്ന് അഭിവന്ദ്യനായ മുസ്‌ലിം ഫക്കീറായ ഒരു പീറിന്റേതുമാണ് (സന്ന്യാസി).


ഇടത്: സ്ത്രീകൾ തങ്ങളുടെ പെൺമക്കൾക്ക് യോഗ്യരായ ഭർത്താക്കന്മാരെ ലഭിക്കാനായി മസറിന്റെ പുറകിലുള്ള കമ്പിവേലിയിൽ ഇളം പച്ച, നിയോൺ പച്ച നിറത്തിലുള്ള വളകൾ കെട്ടിയിടുന്നു. വലത്: ജീവിച്ചിരുന്ന കാലത്ത് വിശ്വസ്തരായ കുതിരകളുടെ പുറത്ത് സഞ്ചരിച്ചിരുന്ന അഭിവന്ദ്യ വിശുദ്ധരുടെ സ്മരണയ്ക്കായി, തടിയിൽ തീർത്ത വലിയ ഒരു കുതിരയുടെ രൂപവും കളിമണ്ണിൽ തീർത്ത ഏതാനും കുതിര രൂപങ്ങളും ആളുകൾ സമർപ്പിച്ചിരിക്കുന്നു
*****
ബാക്രിയും ഇറച്ചിക്കറിയും അടക്കമുള്ള വിഭവങ്ങളുള്ള വാർഷിക കന്ദൂരി വിരുന്നൊരുക്കാൻ അനേകം സ്ത്രീകൾ അർധരാത്രിമുതൽ ഉറങ്ങാതെ ജോലിയിൽ ഏർപ്പെട്ടിരിക്കുകയാണ്. എന്നാൽ അവരിൽപ്പലരും വ്യാഴാഴ്ച ദിവസങ്ങളിൽ സസ്യേതര ഭക്ഷണം പാടില്ലെന്ന് വിശ്വസിക്കുന്നവരായതിനാൽ വിരുന്നിലെ ആട്ടിറച്ചികൊണ്ടുള്ള വിഭവങ്ങൾ കഴിക്കില്ല. "കഴിക്കുന്നതല്ല പ്രധാനം," ആ സ്ത്രീകളിലൊരാൾ എന്നോട് പറയുന്നു. “ഞങ്ങൾ ഇത് ദൈവത്തിനുവേണ്ടി ചെയ്യുന്നതാണ്, പൊന്നേ".
ഇത്തരം വിരുന്നുകളൊരുക്കുന്നതിൽ സ്ത്രീകളുടെ അധ്വാനം നിർണ്ണായകമാണെങ്കിലും, സസ്യാഹാരികൾക്കും വ്രതമെടുക്കുന്നവർക്കുംവേണ്ടി ഉണ്ടാക്കുന്ന ഉപവാസ ഭക്ഷണം കഴിക്കുന്നതാണ് സന്തോഷമെന്ന് പറഞ്ഞ് പല സ്ത്രീകളും തങ്ങൾ തയ്യാറാക്കിയ ഭക്ഷണം കഴിക്കാറില്ല. ഉപവാസ ഭക്ഷണവും മാംസവിഭവങ്ങളും ഒരേ അടുപ്പിലാണ് ഉണ്ടാക്കുന്നതെന്നോ ഒരേ പ്ളേറ്റുകളിൽ എടുത്താണ് കഴിക്കുന്നതെന്നോ ഒന്നും അവരെ അലോസരപ്പെത്തുന്നില്ല: ആരുടേയും വിശ്വാസങ്ങൾക്ക് പോറലേൽക്കുന്നില്ല; ആരുടേയും വികാരം വ്രണപ്പെടുന്നില്ല.
പുണെയിൽനിന്ന് വിരുന്നിൽ പങ്കെടുക്കാനെത്തിയതാണ് ലക്ഷ്മി കദം. നൂറുകണക്കിന് ബാക്രികൾ ഉണ്ടാക്കിയും കറിക്കാവശ്യമായ മസാലകൾ പൊടിച്ചുകൊടുത്തും പാത്രങ്ങൾ കഴുകിയും വൃത്തിയാക്കിയും അവർ ക്ഷീണിതയായിരിക്കുന്നു. "എനിക്ക് അവരുടെ (മുസ്‌ലിം സമുദായക്കാരായ) സ്ത്രീകളോട് അസൂയയാണ്," തളർച്ചയോടെ ലക്ഷ്മി പറയുന്നു. "ഒരു വലിയ കലം ബിരിയാണി ഉണ്ടാക്കിയാൽ അവരുടെ ജോലി തീർന്നല്ലോ! “അവർക്ക് ഞങ്ങൾ ചെയ്യുന്നത്ര ജോലി ചെയ്യേണ്ടല്ലോ".
"അവരുടെ ചുവന്ന്, തുടുത്ത കവിളുകൾ കണ്ടില്ലേ!" ലക്ഷ്മിയുടെ അസൂയ വളർന്ന് ഭാവനയും സങ്കല്പങ്ങളുമായി മാറിയിരിക്കുന്നു. അവരുടെ ചുറ്റുമുള്ള സ്ത്രീകളിൽ, സാമ്പത്തികമായി മെച്ചപ്പെട്ട, ഉയർന്ന ജാതിക്കാരായ കുടുംബങ്ങളിൽനിന്നുള്ളവർ ഒഴിച്ച് ബാക്കിയെല്ലാവരും മെലിഞ്ഞ്, അധ്വാനഭാരത്താൽ തളർന്ന് പോയവരാണ്; ലക്ഷ്മി ഭാവനയിൽ കാണുന്നതുപോലെ 'തുടുത്ത കവിളുകൾ' ഉള്ളവരല്ല അവരൊന്നും.


ഇടത്: മാംസം പാകം ചെയ്യാനും വിളമ്പാനുമുള്ള ചുമതല പുരുഷൻമാർക്കാണ്. വലത്: ആട്ടിറച്ചി കൊണ്ടുള്ള വിഭവം വിളമ്പുന്ന പുരുഷന്മാർ ; നൂറുക്കണക്കിന് ബാക്രികൾ ഉണ്ടാക്കിയതിന് ശേഷം ഭക്ഷണം കഴിക്കുന്ന സ്ത്രീകൾ


ഇടത്: വിരുന്നിനുശേഷം, വെറ്റില മുറുക്കി നർമ്മസംഭാഷണത്തിൽ മുഴുകിയിരിക്കുന്ന പുരുഷന്മാർ. വലത്: മറാത്ത്വാഡ പ്രദേശം 600-ലേറെ വർഷം ഇസ്ലാമിക ഭരണത്തിന് കീഴിലായിരുന്നു. അതുകൊണ്ടുതന്നെ, ഇസ്ലാമിക ആരാധനാലയങ്ങളിലുള്ള വിശ്വാസവും പ്രാർത്ഥനയും ഇവിടത്തുകാരുടെ നിഷ്ഠയുടെയും ആചാരങ്ങളുടെയും ഭാഗമാണ്. മതസൗഹാർദ്ദത്തിലൂന്നിയ ഒരു ജീവിതക്രമത്തിന്റെ പ്രതിഫലനമാണത്
ഇത്തരം വിരുന്നുകളിൽ മാസം പാകം ചെയ്യുന്ന ജോലി പുരുഷന്മാർ മാത്രമാണ് ചെയ്യുക. ഇസ്ലാം മതവിശ്വാസികൾ, വായിൽ വെള്ളമൂറുന്ന, സുഗന്ധമേറിയ ബിരിയാണി വിളമ്പുന്നു.
അഞ്ച് ബാക്രിയും ഇറച്ചിയുടെ നല്ല കഷ്ണങ്ങളും നിറയെ ചാറുമുള്ള ഒരു കലം കറിയും ഉടച്ചെടുത്ത ഗോതമ്പ് ചപ്പാത്തി, നെയ്യ്, പഞ്ചസാര അല്ലെങ്കിൽ ശർക്കര എന്നിവ ചേർത്തുണ്ടാക്കുന്ന മലീദ എന്ന മധുരപലഹാരവുമാണ് ദർഗയിലെ മുജാവറിന് നിവേദ്യമായി നൽകുന്നത്. മസറിന് അരികിലെത്തി നിവേദ്യം സമർപ്പിക്കുന്നത് പുരുഷന്മാരാണ്. സ്ത്രീകൾ പിറകിലെ പടിയിലിരുന്ന്, ചടങ്ങുകൾ നോക്കിക്കാണുകയും അനുഗ്രഹം തേടുകയും ചെയ്യുന്നു; ക്ഷേത്രങ്ങളിൽ പോകുമ്പോൾ പതിവുള്ളതുപോലെ സാരിത്തുമ്പ് തലയിലിട്ടാണ് അവർ ഇരിക്കുക.
പ്രാർത്ഥന കഴിഞ്ഞ് സമ്മാനങ്ങൾ കൈമാറിക്കഴിഞ്ഞാൽ വിരുന്ന് തുടങ്ങുകയായി. സ്ത്രീകളും പുരുഷന്മാരും വെവ്വേറെ വരികളിലാണ് ഇരിക്കുക. വ്രതമെടുത്തവർ ഉപവാസ ഭക്ഷണം കഴിക്കും. ദർഗയിൽ ജോലി ചെയ്യുന്ന അഞ്ച് ഫക്കീറുകൾക്കും അഞ്ച് സ്ത്രീകൾക്കും ഭക്ഷണം നൽകിയാൽ മാത്രമേ വിരുന്ന് പൂർത്തിയായതായി ഔദ്യോഗികമായി കണക്കാക്കുകയുള്ളൂ.
*****
ഏതാനും ആഴ്ചകൾക്കുശേഷം, എന്റെ ഭർത്തൃമാതാവ്, 75 വയസ്സുകാരിയായ ഗയാഭായി കാലെ വീടിനടുത്തുള്ള ദർഗയിൽ ഒരു വിരുന്ന് സംഘടിപ്പിച്ചു. ഏറെ നാളത്തെ ആസൂത്രണത്തിനൊടുവിൽ ഈ വർഷം (2023) വിരുന്ന് നടത്തിയപ്പോൾ ഗയാഭായിയെ സഹായിക്കാനായി മഹാരാഷ്ട്രയിലെ ലാത്തൂർ ജില്ലയിലുള്ള റെണാപ്പൂർ ബ്ലോക്കിൽ ഉൾപ്പെടുന്ന ഷേര ഗ്രാമത്തിൽ താമസിക്കുന്ന ഇളയ മകൾ സുംബറും എത്തിയിരുന്നു.


ഇടത്: ഷേരയിലുള്ള ദവൽ മാലിക് ദർഗയിലെ മസറിൽ പ്രാർത്ഥിച്ചതിനുശേഷം പുറത്തേയ്ക്ക് വരുന്ന ഒരു ഭക്ത. വലത്: ഒഴിവുസമയം ആസ്വദിക്കുന്ന ശ്രീരാം കാംബ്ലെയും സുഹൃത്തും (പേര് വെളിപ്പെടുത്താൻ തയ്യാറായില്ല)


ഇടത്: ലാത്തൂർ ജില്ലയിലെ ദവൽ മാലിക് ദർഗയിൽ വാർഷിക കന്ദൂരി വിരുന്നിനിടെ ഗയാഭായി കാലെയെ സഹായിക്കാൻ എത്തിച്ചേർന്ന മകൾ സുംബർ. വലത്: മാംസം പാചകം ചെയ്യുന്നവർക്കും ദർഗയിൽ പ്രാർത്ഥിക്കാനും നിവേദ്യമർപ്പിക്കാനും കാത്തുനിൽക്കുന്ന കുടുംബങ്ങൾക്കും തണലൊരുക്കുന്ന ആൽമരം
ദവൽ മാലിക്കിലെ ഈ ദർഗ, മോഹയിലെ ദർഗയേക്കാൾ ചെറുതാണ്. വിവിധ ജാതിക്കാരായ 15 ഹിന്ദു കുടുംബങ്ങളെ അവിടെ ഞങ്ങൾ കണ്ടുമുട്ടി. ഒരു കൂട്ടം സ്ത്രീകൾ മസറിന് മുൻപിലിരുന്ന് ഹിന്ദു ദൈവങ്ങളെ പ്രകീർത്തിച്ച് ഭജനുകൾ പാടുന്നുണ്ട്; മറ്റുചിലർ പ്രായമേറിയ മുസ്‌ലിം ഫക്കീറുകളിൽനിന്ന് വീട്ടുകാര്യങ്ങളിൽ ഉപദേശം തേടുന്നു. കുറച്ച് ആൺകുട്ടികൾ - അവരിൽ കൂടുതലും പല അമ്പലങ്ങളിൽ ഇന്നും പ്രവേശനമില്ലാത്ത ദളിതരാണ് - ആളുകൾ നിവേദ്യമർപ്പിക്കുന്ന സമയത്ത് ഹൽഗി കൊട്ടുന്നു.
ഗയാഭായിയുടെ മൂത്ത മകൻ ബാലാസാഹെബ് കാലെയാണ് പാചകത്തിന് മേൽനോട്ടം വഹിക്കുന്നത്. ലാത്തൂരിലെ ബോർഗാവ് ബുദ്രുക്കിൽനിന്നുള്ള ചെറുകിട കർഷകനായ അദ്ദേഹം ആടുകളെ കശാപ്പ് ചെയ്യാൻ അമ്മയെ സഹായിക്കുന്നു. നല്ല എരിവുള്ള, രുചിയേറിയ കറി ഉണ്ടാക്കുന്നതും അദ്ദേഹംതന്നെയാണ്. അമ്മയും മകളും ചേർന്ന് നിവേദ്യമർപ്പിച്ചതിന് പിന്നാലെ, ദർഗയിലുള്ളവരുമൊത്ത് ഭക്ഷണം പങ്കുവെച്ച് കുടുംബാംഗങ്ങൾ എല്ലാവരും കഴിക്കുന്നു.
പ്രാർത്ഥനയും വിരുന്നും ഉൾപ്പെടുന്ന ഈ ആചാരം, മുടങ്ങാതെ പാലിക്കേണ്ട ഒരു വാഗ്ദാനമാണെന്നാണ് ഇരുദർഗകളിലും ഞാൻ കണ്ടുമുട്ടിയ സ്ത്രീകൾ വിശ്വസിക്കുന്നത്. "ഇതിൽ മറ്റൊന്നും ചിന്തിക്കാനില്ല. ഇത് ‘വസ അസ്ത, ഉത്രാവ ലഗ്ത‘യാണ് (ഒരു വ്യക്തി പൂർത്തിയാക്കേണ്ട ബാധ്യത)" ആ വാഗ്ദാനം നിറവേറ്റിയില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടായേക്കുമെന്നും അവർ ഭയക്കുന്നു.
ദർഗയിലേക്കുള്ള യാത്രയും പാചകവും വിരുന്നും ഭക്ഷണം പങ്കുവെക്കലുമെല്ലാം തങ്ങളുടെ ഹിന്ദു സ്വത്വം കാത്തുസൂക്ഷിച്ചുകൊണ്ടുതന്നെയാണ് അവർ നടത്തുന്നത്. ദർഗകളെയും സ്വന്തം ആരാധനാലയങ്ങളായി അവർ പരിഗണിക്കുകയും ചെയ്യുന്നു.
"എന്റെ ഈ ദൈവത്തെ (പീർ) ഞാൻ ഇനിയും ആരാധിക്കും. എന്റെ മുത്തച്ഛൻ അത് ചെയ്തിരുന്നു, എന്റെ അച്ഛൻ അത് ചെയ്തിരുന്നു, ഞാനും അത് തുടരും," അചഞ്ചലമായ ഭക്തിയോടും അടിയുറച്ച വിശ്വാസത്തോടും ഗയാഭായി പറയുന്നു.


ഇടത്: കന്ദൂരി വിരുന്നിന് വേണ്ട ബാക്രികൾ തയ്യാറാക്കാനായി സ്ത്രീകൾ മണിക്കൂറുകളോളം അധ്വാനിക്കുന്നു. വലത്: ഗയാഭായിയുടെ സഹോദരൻ, മാരുതി ഫേരയെ പോലെയുള്ള പുരുഷന്മാർ ആട്ടിറച്ചി തയ്യാറാക്കുന്നു


ഇടത്: ദവൽ മാലിക് ദർഗയിൽ മാംസം പാചകം ചെയ്യാൻ മേൽനോട്ടം വഹിക്കുന്ന ബാലാസാഹെബ് കാലെ. വലത്: മസറിൽ പ്രാർത്ഥിച്ച്, നിവേദ്യമർപ്പിച്ചതിനുശേഷം കാലെ കുടുംബം കന്ദൂരി ഭക്ഷണം കഴിക്കുന്നു
*****
ഗയാഭായിയും ഭാഗാ മൗഷിയും മറ്റുള്ളവരും ദർഗകൾ സന്ദർശിച്ച് തങ്ങളുടെ വാഗ്ദാനം നിറവേറ്റുന്ന അതേ മാസത്തിൽത്തന്നെയാണ് (2023 മെയ്) 500 കിലോമീറ്ററകലെ, ത്രിംബകേശ്വർ സ്വദേശിയായ സലീം സയ്യദ്, നാസിക് ജില്ലയിലുള്ള ത്രയംബകേശ്വർ ക്ഷേത്രനടയ്ക്കൽ സന്തൽ-ധൂപ് സമർപ്പിക്കാനെത്തിയത്. 100 വർഷത്തിലധികമായി നടന്നുപോരുന്ന ഈ ആചാരത്തിൽ പങ്കെടുക്കാൻ അറുപതുകളിലെത്തിയ സലീമിനൊപ്പം വേറെയും ആളുകൾ എത്തിയിരുന്നു.
അവർക്ക് തങ്ങളുടെ സ്വന്തം 'ത്രൈയംബക് രാജയിൽ' ഉള്ള അടിയുറച്ച വിശ്വാസത്തിന്റെ പ്രതിഫലനമായിരുന്നു ദൈവസന്നിധിയിൽ ചാദർ സമർപ്പിക്കാനുള്ള വാർഷിക ഉറൂസ്.
എന്നാൽ സയ്യദിനെയും ഒപ്പമുള്ളവരെയും ചിലർ അമ്പലകവാടത്തിനരികിൽ വെച്ച് തടയുകയും ബലമായി അമ്പലത്തിൽ കടക്കാൻ ശ്രമിക്കുന്നുവെന്ന് അവർക്കെതിരേ ആരോപണമുന്നയിക്കുകയും ചെയ്തു. മതഭ്രാന്തനായ ഒരു ഹിന്ദു നേതാവ് മുസ്‌ലിം പുരുഷന്മാരോട് 'സ്വന്തം ആരാധനാലയങ്ങളിൽ മാത്രം പ്രാർത്ഥിച്ചാൽ മതി" എന്നാണ് പറഞ്ഞത്. ക്ഷേത്രത്തിൽ തൊഴാനെത്തിയ ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തി എന്ന ആരോപണം കൂടി അവർ സയ്യദിനും കൂട്ടർക്കും നേരെ ഉയർത്തി. അവിടെ നടന്ന 'ഭീകരപ്രവർത്തനം' സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്താൻ ഒരു പ്രത്യേക അന്വേഷണസംഘം നിയോഗിക്കപ്പെടുക പോലുമുണ്ടായി.
ആകെ അന്ധാളിച്ചുപോയ സയ്യദ് പൊതുമധ്യത്തിൽ ക്ഷമാപണം നടത്തി. സാമൂഹികമൈത്രി നിലനിർത്താനായി, നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ ആചാരം അനുഷ്ഠിക്കുന്നത് നിർത്തുമെന്ന് അദ്ദേഹം വാഗ്ദാനം നൽകുകയും ചെയ്തു. അതിലെ വിരോധാഭാസം ആരുടേയും ശ്രദ്ധയിൽ പതിഞ്ഞില്ലെന്ന് മാത്രം.
പരിഭാഷ: പ്രതിഭ ആര്‍. കെ .