ധാക്കിന്‍റെ ശബ്ദം അഗര്‍ത്തലയില്‍ മുഴുവന്‍ മാറ്റൊലികൊള്ളാന്‍ തുടങ്ങിയിരിക്കുന്നു. ഒക്ടോബര്‍ 11-ന് ദുര്‍ഗാപൂജ ആവുകയാണ്. എല്ലാവര്‍ഷവും ആഴ്ചകള്‍ക്കുമുന്‍പ് ആഘോഷങ്ങള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ (പന്തലിനു വേണ്ടിയുള്ള തട്ട് നിര്‍മ്മാണം, വിഗ്രഹ നിര്‍മ്മാതാക്കള്‍ നടത്തുന്ന അവസാന മിനുക്കുപണികള്‍, കുടുംബങ്ങള്‍ പുതുവസ്ത്രങ്ങള്‍ വാങ്ങുന്നത് എന്നിവയൊക്കെ) തുടങ്ങുന്നു.
വീപ്പയുടെ ആകൃതിയിലുള്ള ധാക്ക് കഴുത്തില്‍ തൂക്കിയിടുകയോ ഉറപ്പുള്ള പ്രതലത്തില്‍ വയ്ക്കുകയോ ചെയ്തശേഷം കോലുകൊണ്ട് കൊട്ടുന്നത് ഈ ആഘോഷങ്ങളുടെ അവിഭാജ്യമായ ഘടകമാണ്.
ധാക്ക് വായിക്കുന്നത് ഒരു കാലികതൊഴിലാണ്. എല്ലാ വര്‍ഷവും പൂജയ്ക്ക് 5 ദിവസമാണിത്. അവസാന മുഴക്കം ലക്ഷ്മിപൂജ വരെ നീളുന്നു - ഈ വര്‍ഷം അത് ഒക്ടോബര്‍ 20-നാണ്. ചില ധാക്ക് വാദകര്‍ക്ക് ദീപാവലിയുടെ സമയത്തും ക്ഷണം ലഭിക്കുന്നു. പക്ഷെ ദുര്‍ഗാപൂജയുടെ സമയത്താണ് അഗര്‍ത്തലയിലും ത്രിപുര സംസ്ഥാനത്തിന്‍റെ മറ്റു ഭാഗങ്ങളിലും ധാക്കിന് വലിയ ആവശ്യക്കാരുള്ളത്.
പന്തല്‍ കമ്മിറ്റിക്കാരും കുടുംബങ്ങളും ധാക്ക് വാദകരെ പരിപാടി അവതരിപ്പിക്കാന്‍ ക്ഷണിക്കാറുണ്ട്. ചിലപ്പോള്‍ പണംനല്‍കി ക്ഷണിക്കുന്നതിനു മുന്‍പ് കഴിവു തെളിയിക്കാനായി അവരോട് പരിപാടി അവതരിപ്പിക്കാന്‍ പറയുന്നു. “ഞാനെന്‍റെ മുതിര്‍ന്ന ഒരു ബന്ധുവിനൊപ്പമാണ് ധാക്ക് വായിക്കാറുള്ളത്”, 45-കാരനായ ഇന്ദ്രജിത് ഋഷിദാസ് പറഞ്ഞു. “ഞാന്‍ കാശി [ചെറിയ കോലുകൊണ്ട് വായിക്കുന്ന ലോഹഫലകം പോലെയുള്ള ഉപകരണം] ഉപയോഗിച്ചാണ് വായിച്ചു തുടങ്ങിയത്, പിന്നീട് ധോള്‍, അതിനും ശേഷം ധാക്ക്.” (അദ്ദേഹവും മറ്റൊരു ഋഷി ദാസും രോഹിദാസും രവിദാസും മുഞ്ചി സമുദായത്തില്‍ പെടുന്നു - ത്രിപുരയില്‍ പട്ടികജാതിയില്‍ പെടുന്ന വിഭാഗം)
അഗര്‍ത്തലയിലെ മറ്റു നിരവധി ധാക്ക് വാദകരെപ്പോലെ വര്‍ഷത്തില്‍ ബാക്കിയുള്ള സമയത്ത് ഇന്ദ്രജിത് സൈക്കിള്‍റിക്ഷ ഡ്രൈവറായി ജോലി ചെയ്യുന്നു. ചിലപ്പോഴൊക്കെ, മറ്റുള്ളവരെപ്പോലെ, അദ്ദേഹം ബാന്‍ഡ് മേളത്തിലും (പ്രാദേശികമായി ബാന്‍ഡ് പാര്‍ട്ടി എന്നറിയപ്പെടുന്നു) വായിക്കുന്നു. വല്ലപ്പോഴുമുള്ള ഈ തൊഴിലുകള്‍ കൂടാതെ ധാക്ക് വാദകര്‍ ദിവസവേതനക്കാരായി ഇലക്ട്രീഷ്യന്‍, പ്ലംബര്‍ തുടങ്ങിയ ജോലികളും ചെയ്യുന്നു. മറ്റുചിലര്‍ അടുത്തുള്ള ഗ്രാമങ്ങളില്‍ പച്ചക്കറി കച്ചവടക്കാരായും കര്‍ഷകരായും ജോലിനോക്കുന്നു. പരിപാടികള്‍ക്കായി വിളിക്കുമ്പോള്‍ അവര്‍ അഗര്‍ത്തലയ്ക്ക് വരുന്നു.

അഗര്‍ത്തലയിലെ ഭാതി അഭയനഗര്‍ പ്രദേശത്തെ വീട്ടില്‍നിന്നും ഇന്ദ്രജിത് ഋഷിദാസ് ജോലിക്കായി പുറത്തുപോകാന്‍ തുടങ്ങുന്നു. പൂജ ആഘോഷങ്ങള്‍ തുടങ്ങുന്നതുവരെ പല ധാക്ക് വാദകരും സൈക്കിള്‍ റിക്ഷ ഓടിക്കുന്നു
സൈക്കിള്‍റിക്ഷ ഓടിക്കുമ്പോള്‍ ഇന്ദ്രജിത്തിന് ഒരുദിവസം 500 രൂപ ലഭിക്കും. “പണമുണ്ടാക്കാന്‍ നമ്മള്‍ എന്തെങ്കിലും ചെയ്യണം, റിക്ഷ ഓടിക്കുന്നത് എളുപ്പമുള്ള ഒരു വഴിയാണ്”, അദ്ദേഹം പറഞ്ഞു. “മികച്ച ജോലിക്കുവേണ്ടി കാത്തിരിക്കുന്നതില്‍ അര്‍ത്ഥമില്ല.” റിക്ഷ ഓടിച്ച് ഒരുമാസംകൊണ്ട് ഉണ്ടാക്കുന്ന പണം ദുര്‍ഗാപൂജ സമയത്ത് ധാക്ക് വാദകന്‍ എന്നനിലയില്‍ ഒരാഴ്ചകൊണ്ട് അദ്ദേഹത്തിന് ഉണ്ടാക്കാന്‍ പറ്റും. 2021-ലെ ഈ സീസണില്‍ 15,000 രൂപയ്ക്ക് വായിക്കുന്നതിനായി ഒരു പന്തല്‍ കമ്മിറ്റി അദ്ദേഹത്തെ ഏര്‍പ്പാടാക്കിയിട്ടുണ്ട് – ചിലര്‍ ചെറിയ തുകയ്ക്കായി വിലപേശല്‍ നടത്തുന്നുണ്ടെങ്കിലും.
ധാക്ക് വാദകരെ (അഗര്‍ത്തലയില്‍ പൊതുവെ പുരുഷന്മാര്‍ മാത്രമാണ് ഈ ഉപകരണം വായിക്കാറുള്ളത്) പണംനല്‍കി 5 ദിവസത്തെ പൂജകള്‍ക്കായി വിളിക്കുന്ന പന്തലുകളെക്കുറിച്ച് ഇന്ദ്രജിത്ത് പറയുന്നു: “പൂജാരി ഞങ്ങളോട് ചെല്ലാന്‍ പറയുമ്പോള്‍ ഞങ്ങളവിടെയുണ്ടാകണം. പ്രഭാതപൂജയുടെ സമയത്ത് ഞങ്ങളേകദേശം 3 മണിക്കൂര്‍ വായിക്കുന്നു, 3-4 മണിക്കൂര്‍ വൈകുന്നേരവും.”
‘ബാന്‍ഡ് പാര്‍ട്ടി’ ജോലികള്‍ കിട്ടുന്നത് വല്ലപ്പോഴുമാണ്. “ഞങ്ങള്‍ സാധാരണയായി 6 പേരുള്ള സംഘമായാണ് പ്രവര്‍ത്തിക്കുന്നത്, മിക്കവാറും വിവാഹ സമയങ്ങളിലായിരിക്കും പരിപാടികള്‍. പരിപാടി അവതരിപ്പിക്കുന്ന ദിവസത്തിന്‍റെ എണ്ണമനുസരിച്ചാണ് പണം വാങ്ങുന്നത്. ചിലര്‍ ഞങ്ങളെ 1-2 ദിവസത്തേക്കു വിളിക്കുന്നു, ചിലര്‍ 6-7 ദിവസത്തേക്ക്”, ഇന്ദ്രജിത് പറഞ്ഞു. അത് സംഘത്തിന്, പ്രതിദിനം, മൊത്തത്തില്‍ 5,000-6,000 രൂപ ഉണ്ടാക്കാന്‍ സഹായകമാകുന്നു.
കഴിഞ്ഞവര്‍ഷം കോവിഡ്-19 മഹാമാരിയെത്തുടര്‍ന്ന് പലരും പൂജാപദ്ധതികള്‍ റദ്ദാക്കിയതിനാല്‍ ധാക്ക് വാദകര്‍ക്ക് റിക്ഷ ഓടിച്ചോ മറ്റുജോലികള്‍ ചെയ്തോ വരുമാനം നേടുകയോ സമ്പാദിക്കേണ്ടിയോ വന്നു - അവസാനനിമിഷം ധാക്ക് വായിക്കാനുള്ള അവസരം നേടാന്‍ ചിലര്‍ക്ക് പറ്റിയെങ്കിലും. (ഈ ലേഖനത്തിലെ ഫോട്ടോകളെല്ലാം കഴിഞ്ഞവര്‍ഷം എടുത്തതാണ് – ഒക്ടോബര്‍ 2020-ല്‍)
പല ധാക് വാദകര്‍ക്കും ലക്ഷ്മിപൂജയാണ് അവസാന ദിവസത്തെ ‘തൊഴില്‍’. സാധാരണയായി ദുര്‍ഗാപൂജയുടെ ആദ്യദിനത്തിന് ഒരാഴ്ച കഴിയുമ്പോഴാണിത്. അന്നു വൈകുന്നേരം പുറത്തേക്ക് അഗര്‍ത്തലയിലെ തെരുവുകളിലൂടെ അവര്‍ തങ്ങളുടെ ചെണ്ടകളുമായി പോകുന്നു - ഒന്നുകില്‍ ഒറ്റയ്ക്ക്, അല്ലെങ്കില്‍ ജോഡികളായി. കുടുംബങ്ങള്‍ അവരെ വീടുകളില്‍ 5 മുതല്‍ 10 മിനിറ്റ് വരെ സമയത്തേക്ക്, ശുഭകരമായ ഒരു സന്ദര്‍ഭത്തെ സൂചിപ്പിച്ചുകൊണ്ട് ഉപകരണം വായിക്കുന്നതിനായി ക്ഷണിക്കുന്നു. പ്രതിഫലമായി ധാക് വാദകര്‍ക്ക് ഓരോ വീട്ടുകാരും 20 മുതല്‍ 50 രൂപവരെ നല്‍കും. പലരും പറയുന്നത് പാരമ്പര്യം കാക്കുന്നതിനായി തങ്ങള്‍ ഇത് വെറുതെ ചെയ്യുകയാണ് എന്നാണ്.

ദുര്‍ഗാപൂജയ്ക്ക് ഏകദേശം 10 ദിവസങ്ങള്‍ക്കുമുമ്പ് തയ്യാറെടുപ്പുകള്‍ തുടങ്ങുന്നു. ഉദ്ദേശിക്കുന്ന ണനിലവാരത്തോടെ ശബ്ദം ലഭിക്കുന്നതിനായി ധാക്കുകള്‍ പുറത്തെടുത്ത് കയറുകള്‍ വൃത്തിയാക്കി, മുറുക്കിയെടുക്കുന്നു. ശാരീരികമായി അദ്ധ്വാനം വേണ്ടിവരുന്ന ജോലിയാണിത്. എന്തുകൊണ്ടെന്നാല്‍ കയറുകള്‍ മൃഗത്തോലുകള്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. കാലങ്ങള്‍കൊണ്ട് അത് പരുക്കനായി മാറുന്നു. ഈ പ്രക്രിയ സാധാരണയായി രണ്ടുപേര്‍ ചേര്‍ന്നാണ് ചെയ്യുന്നത്. “ഇത് ചെയ്യുന്നതിന് നല്ല ശക്തി ആവശ്യമാണ്, ഒറ്റയ്ക്കു ചെയ്യാനും പാടാണ്”, ഇന്ദ്രജിത് ഋഷിദാസ് പറയുന്നു. ധാക്കിന്‍റെ ശബ്ദത്തിന്‍റെ ഗുണനിലവാരം ഇതിനെ ആശ്രയിച്ചിരിക്കുന്നതിനാല്‍ ഇത് പ്രധാനപ്പെട്ട ഒരു നടപടിയാണ്”

വൃത്തിയാക്കലിനും ശബ്ദപരിശോധനയ്ക്കും ശേഷം ധാക്കുകള്‍ ശ്രദ്ധാപൂര്‍വ്വം വൃത്തിയുള്ള തുണികൊണ്ടുമൂടി വീണ്ടും, താത്കാലികമായി, ഭിത്തിയലമാരയില്‍ സൂക്ഷിക്കുന്നു – പിന്നീട് പൂജയുടെ സമയത്തുമാത്രമെ അവ പുറത്തെടുക്കൂ

നഗരത്തില്‍ ധാരാളംപേര്‍ ആഘോഷത്തിനായി തയ്യാറെടുക്കുമ്പോള്‍ രണ്ട് ധാക്ക് വാദകര്‍ ദുര്‍ഗാവിഗ്രഹം കൊണ്ടുവരാന്‍ നഗരത്തിലെ കേണല്‍ ക്രോസ്റോഡിനടുത്തുള്ള കടയിലേക്കു പോകുന്നവഴിയില്‍ ധാക്ക് വായിക്കുന്നു. ധാക്ക് വായിക്കുന്നത് വിവിധ പൂജാകര്‍മ്മങ്ങളുടെ സമയത്താണ് - വിഗ്രഹം കൊണ്ടുവരുമ്പോള്‍, അത് പന്തലില്‍ വയ്ക്കുമ്പോള്‍, പൂജ നടത്തുമ്പോള്‍, വിഗ്രഹം നിമജ്ജനം ചെയ്യാനുള്ള ഘോഷയാത്രയില്‍ എന്നിങ്ങനെ പലസമയത്ത്

മദ്ധ്യ അഗര്‍ത്തലയിലെ കമാന്‍ ചൗമുഹാനി ജംഗ്ഷനില്‍ ക്ഷണിക്കപ്പെടുമെന്ന പ്രതീക്ഷയോടെ കാത്തുനില്‍ക്കുന്ന ഒരു ധാക്ക് വാദകന്‍. എല്ലാവര്‍ഷവും അടുത്ത ഗ്രാമങ്ങളില്‍ നിന്നും പട്ടണങ്ങളില്‍ നിന്നുമുള്ള ധാക്ക് വാദകര്‍ ത്രിപുരയുടെ തലസ്ഥാനനഗരിയിലെ പ്രത്യേക സ്ഥാനങ്ങളില്‍ ദുര്‍ഗാപൂജയുടെ രണ്ടുദിവസം മുമ്പ് ഒത്തുകൂടുകയും ദിവസംമുഴുവന്‍ കാത്തുനില്‍ക്കുകയും ചെയ്യുന്നു. 2020-ല്‍ കോവിഡ് -19 മൂലം കുറച്ചാളുകള്‍ മാത്രമെ ക്ഷണിക്കപ്പെട്ടുള്ളൂ

20 കിലോമീറ്റര്‍ അകലെയുള്ള തന്‍റെ ഗ്രാമത്തില്‍നിന്നും അഗര്‍ത്തലയിലേക്ക് വന്ന ബാബുള്‍ രവിദാസ് എന്ന ധാക്ക് വാദകന്‍ കാത്തുനിന്നു മടുത്തശേഷം ഒരു ഇടവേളയെടുത്ത് പുകവലിക്കുന്നു

മദ്ധ്യഅഗര്‍ത്തലയിലെ ബസ് സ്റ്റാന്‍ഡിനു സമീപം ധാക്ക് വാദകര്‍ തന്‍റെ ഗ്രാമത്തിലേക്കു മടങ്ങുന്നതിനായി ഓട്ടോറിക്ഷയില്‍ കയറുന്നു. പരിപാടിക്ക് തങ്ങളെ ആരെങ്കിലും വിളിക്കുമെന്ന പ്രതീക്ഷയില്‍ വിവിധ ഗ്രാമങ്ങളില്‍നിന്നും പട്ടണങ്ങളില്‍ നിന്നും ദുര്‍ഗാപൂജയ്ക്ക് രണ്ടുദിവസം മുമ്പ് ധാക്ക് വാദകര്‍ എത്തിച്ചേരുന്ന സ്ഥലങ്ങളിലൊന്നാണിത്. രാത്രി 9 മണിക്ക് തിരികെപ്പോകാന്‍ തീരുമാനിക്കുന്നതിനു മുന്‍പ് ദിവസം മുഴുവനും ഈ സംഘം അവിടെ കാത്തുനിന്നിരുന്നു

ബിജയ്കുമാര്‍ ചൗമുഹാനി പ്രദേശത്ത് (മഹാമാരിക്ക് മുമ്പ് കേട്ടിട്ടില്ലാത്ത ഒരുസ്ഥലം) ആളില്ലാത്ത ഒരു പൂജാവേദിക്കു മുമ്പില്‍ പരിപാടി അവതരിപ്പിക്കുന്നു. പക്ഷെ അഗര്‍ത്തലയിലെ എല്ലാ പന്തലുകളും കഴിഞ്ഞവര്‍ഷം പോലും അത്ര ശൂന്യമായിരുന്നില്ല

കഴിഞ്ഞ വര്‍ഷത്തെ ദുര്‍ഗാപൂജയ്ക്ക് ഒരാഴ്ചമുന്‍പ് ഒരു ധാക്ക് വാദകന്‍ കൃഷ്ണനഗറിലെ ഉപകരണശാലയില്‍ ധാക്ക് നന്നാക്കുന്നു

പാരമ്പര്യവും സാങ്കേതികതയും ഒത്തുചേരുമ്പോള്‍ - രാംനഗര്‍ നാലാം നമ്പര്‍ റോഡില്‍ ധാക്കിന്‍റെ ശബ്ദം ഉയര്‍ത്തുന്നതിനായി മൈക്രോഫോണ്‍ ഉപയോഗിക്കുന്നു. ധാക്ക് ഒച്ചകൂടിയ ഒരു ഉപകരണമാണ്. സാധാരണ നിലയില്‍ അതിന് ഉച്ചഭാഷിണിയുടെ ആവശ്യമില്ല - ഇതിന്‍റെ ശബ്ദം വളരെയകലെപ്പോലും മാറ്റൊലികൊള്ളും. 40 വര്‍ഷത്തിലധികമായി ധാക്ക് വായിക്കുന്ന മോന്തു ഋഷിദാസ് (ഈ ചിത്രത്തില്‍ ഇല്ല) പറയുന്നത് പുതിയ സാങ്കേതികവിദ്യ കാരണമാണ് ഇപ്പോള്‍ ധാക്ക് വാദകര്‍ക്ക് അധികം തൊഴില്‍ ലഭിക്കാത്തത് എന്നാണ്: “ഇപ്പോള്‍ ഒരാള്‍ക്ക് അയാളുടെ/അവരുടെ ഫോണിന്‍റെ ബട്ടന്‍ അമര്‍ത്തിയാല്‍ മതി ധാക്ക് സംഗീതം വായിക്കുന്നതിന്”

ഒരു വ്യക്തിയോടോ ക്ലബ്ബിനോടോ കുടുംബത്തോടോ ഉള്ള ദീര്‍ഘകാല ബന്ധംകൊണ്ടാണ് 2020-ല്‍ കുറച്ചുപേര്‍ക്ക് പണി ലഭിച്ചത്. രാംനഗര്‍ ഒന്നാം നമ്പര്‍ റോഡില്‍ കേശബ് ഋഷിദാസ് ഒരു പ്രാദേശിക ക്ലബ്ബിന്‍റെ പന്തലില്‍ ധാക്കുമായി നൃത്തം ചെയ്യുന്നു. ഇദ്ദേഹം മറ്റുസമയങ്ങളില്‍ റിക്ഷഡ്രൈവറാണ്.അദ്ദേഹത്തിന് ക്ലബ്ബിലെ ഒരംഗത്തെ അറിയാം. അതുകൊണ്ട് അദ്ദേഹത്തെ പരിപാടി അവതരിപ്പിക്കാനായി വിളിക്കുന്നു

വര്‍ഷംമുഴുവന്‍ സൈക്കിള്‍ റിക്ഷ ഓടിക്കുന്ന കേശബ് ഋഷിദാസ് പൂജാദിവസങ്ങളിലും മറ്റ് അവസരങ്ങളിലും ധോള്‍ വായിക്കാനായി മകനെ തന്‍റെകൂടെ കൂട്ടുന്നു. ധോള്‍ ചില സമയങ്ങളില്‍ ധക്കിനോടൊപ്പം വായിക്കുന്നു. ജോലിക്കുപോകാനായി അദ്ദേഹം തന്‍റെ സൈക്കിള്‍ റിക്ഷയില്‍ യാത്രചെയ്യുന്നു

ആ ഖൗര റോഡില്‍ പൂജയുടെ അവസാന ദിവസം ദുര്‍ഗാദേവിയുടെ വിഗ്രഹം നിമജ്ജനം ചെയ്യുന്നതിനായി കൊണ്ടുപോകുന്നു. ധാക്ക് വായിക്കേണ്ട ഏറ്റവും പ്രധാന അവസരങ്ങളിലൊന്നാണിത്

കേര്‍ ചൗമുഹാനി പ്രദേശത്തുള്ള ഒരു കാളീക്ഷേത്രത്തില്‍വച്ച് പൂജയ്ക്കുശേഷം പരിമള്‍ ഋഷിദാസ് അനുഗ്രഹത്തിനായി തീനാളത്തിന്‍റെ ചൂട് സ്വീകരിക്കുന്നു. ‘ഈ വര്‍ഷം [2021] അവരെനിക്ക് 11,000 രൂപ തരുന്നു - കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 500 കൂടുതല്‍’, അദ്ദേഹം പറയുന്നു. ‘എന്‍റെ 58-ാമത്തെ വയസ്സ് കടന്നു പോകുന്നു. 18 അല്ലെങ്കില്‍ 19 വയസ്സ് ഉള്ളപ്പോഴാണ് ഞാന്‍ വായിച്ചു തുടങ്ങിയത്’

ചില ധാക്ക് വാദകര്‍ ലക്ഷ്മീപൂജയുടെ അന്നു വൈകുന്നേരം അവരുടെ ധക്കുകള്‍ കൊട്ടിക്കൊണ്ട് തെരുവിലൂടെ നടക്കുന്നു. അവര്‍ തെരുവില്‍ കൊട്ടുന്നത് കേള്‍ക്കുമ്പോള്‍ ആളുകള്‍ അവരെ വീട്ടിലേക്ക് കൊട്ടാനായി ക്ഷണിക്കുന്നു. ധാക്ക് വാദകര്‍ എന്ന നിലയില്‍ അവര്‍ വരുമാനം നേടുന്ന അവസാനത്തെ ദിവസമായിരിക്കും ഇത്

ധാക്ക് വാദകര്‍ വീടുകള്‍തോറും കയറിയിറങ്ങുന്നു - ഓരോവീട്ടിലും 5 മുതല്‍ 10 മിനിട്ടുകള്‍ വരെ കൊട്ടുകയും 20 മുതല്‍ 50 രൂപവരെ നേടുകയും ചെയ്തുകൊണ്ട്

ലക്ഷ്മിപൂജയുടെ അന്ന് രാത്രി 9 മണിക്ക് രാജീവ് ഋഷിദാസ് വീട്ടിലേക്ക് തിരികെപ്പോകുന്നു. “സത്യത്തില്‍ ഞാനിത് ആസ്വദിക്കുന്നില്ല [ധാക്ക് വായിച്ചുകൊണ്ട് വീടുകള്‍തോറും പോകുന്നത്]”, അദ്ദേഹം പറയുന്നു, “പക്ഷെ കുറച്ച് പണം അധികം നേടാന്‍ പറ്റുന്നതുകൊണ്ട് അങ്ങനെ പോകാന്‍ കുടുംബം എന്നോട് ആവശ്യപ്പെടുന്നു”

പൂജാകാലയളവ് കഴിയുമ്പോള്‍ മിക്ക ധാക്ക് വാദകരും അവരുടെ സ്ഥിരം ജോലിയിലേക്ക് തിരിച്ചുപോകുന്നു. യാത്രക്കാര്‍ക്കുവേണ്ടി വര്‍ഷം മുഴുവനും റിക്ഷാകളുമായി അവര്‍ കാത്തുനില്‍ക്കുന്ന സ്ഥലങ്ങളിലൊന്നാണ് ദുര്‍ഗ ചൗമുഹാനി ജംഗ്ഷന്‍
പരിഭാഷ: റെന്നിമോന്‍ കെ. സി.