“പതിന്നാല്, പതിനാറ്, പതിനെട്ട്..” ആഠിയയുടെ പുറത്തേറ്റുന്ന ചുടാത്ത ഇഷ്ടികകളുടെ എണ്ണമെടുക്കുന്നത് ഖാണ്ഡു മാനെ നിർത്തി. എന്നിട്ട് അതിനോട് കൽപ്പിച്ചു: “നടക്ക്..ഫ്‌ർ..ഫ്‌ർ… ആഠിയയും ചുമടേറ്റിയ മറ്റ് രണ്ട് കഴുതകളും, ചൂളയിലേക്കുള്ള 50 മീറ്റർ ദൂരം നടക്കാൻ തുടങ്ങി. അവിടെയാണ് ചൂടാൻ വേണ്ടി ഇഷ്ടികകൾ ഇറക്കുന്നത്.
“ഇനി ഒരു മണിക്കൂർ ഞങ്ങൾ വിശ്രമിക്കും”, ഖാണ്ഡു പറയുന്നു. പക്ഷേ സമയം രാവിലെ ഒമ്പതായിട്ടേ ഉള്ളു. അപ്പോൾ അയാൾ വിശദീകരിച്ചു. “രാത്രി ഒരു മണിക്ക് തുടങ്ങിയതാണ്. 10 മണിക്കാണ് ഞങ്ങളുടെ ഷിഫ്റ്റ് അവസാനിക്കുക. രാത്രി മുഴുവൻ പണിയെടുക്കുകയായിരുന്നു”.
ഖാണ്ഡുവിന്റെ നാല് കഴുതകൾ ചൂളയിൽനിന്ന് ഒഴിഞ്ഞ ചാക്കുമായി വന്നിരുന്നു. വീണ്ടും അയാൾ എണ്ണാൻ തുടങ്ങി: “പതിന്നാല്, പതിനാറ്, പതിനെട്ട്..”
പെട്ടെന്ന് അയാൾ കഴുതകളോട് ഹിന്ദിയിൽ പറയുന്നു, “നിക്ക്..”. “ഞങ്ങളുടെ കഴുതകൾക്ക് മറാത്തി അറിയാം. പക്ഷേ ഇതിന് അറിയില്ല. അവൻ രാജസ്ഥാനിൽനിന്നുള്ളതാണ്. അവനോട് ഹിന്ദിയിൽ പറയണം” പൊട്ടിച്ചിരിച്ചുകൊണ്ട് അയാൾ പറയുന്നു. എന്നിട്ട് അയാൾ ഞങ്ങൾക്ക് കാണിച്ചുതന്നു. “നിക്ക്”. കഴുത നിൽക്കുന്നു. “നടക്ക്”, കഴുത നീങ്ങുന്നു.
നാൽക്കാലികളായ തന്റെ സുഹൃത്തുക്കളെക്കുറിച്ചുള്ള അഭിമാനം അയാളുടെ മുഖത്ത് പ്രത്യക്ഷമാണ്. “ലിംബൂവും പന്ധാരിയയും പുല്ല് മേയാൻ പോയിരിക്കുകയാണ്. ബുള്ളറ്റ് എന്ന എന്റെ പ്രിയപ്പെട്ടവളും. അവൾ നല്ല പൊക്കമുള്ളവളും, അന്തസ്സുള്ളവളും നല്ല വേഗതയുള്ളവളുമാണ്”.

സംഗ്ലി പട്ടണത്തിന്
പുറത്തുള്ള
സംഗ്ലിവാഡി
പ്രദേശത്തെ
ജോതിബാ
മന്ദിറിനടുത്തുള്ള
ഇഷ്ടികച്ചൂളയിൽ
ആഠിയയുടെ
പുറത്ത്
ഇഷ്ടിക
കയറ്റുന്ന
കാണ്ഡു
മാനെ


ഇടത്ത്: ജോതിബാ മന്ദിറിനടുത്തുള്ള ഇഷ്ടികച്ചൂളയിൽ, കർണ്ണാടകയിൽ ബെൽഗാം ജില്ലയിലെ അതാനി താലൂക്കിൽനിന്നുള്ള കുടിയേറ്റത്തൊഴിലാളികളായ വിലാസ് കുടച്ചിയും രവി കുടച്ചിയും ഒരു ലോഡ് കരിമ്പുചണ്ടി കയറ്റുന്നു. ഇഷ്ടികകളുണ്ടാക്കുന്നതിനാണ് ഇത് ഉപയോഗിക്കുന്നത്. വലത്ത്: ഒരു ലോഡ് ഇറക്കിയതിനുശേഷം വീണ്ടും ഭാരമേറ്റാൻ മടങ്ങുന്ന കഴുതകൾ
മഹാരാഷ്ട്രയിലെ സംഗ്ലി പട്ടണത്തിന്റെ പുറത്തുള്ള സംഗ്ലിവാഡിയിലെ ഇഷ്ടികച്ചൂളയിൽവെച്ചാണ് ഞങ്ങൾ അയാളെ കണ്ടുമുട്ടിയത്. ജോതിബാ മന്ദിറിന്റെ ചുറ്റുവട്ടത്തായി ധാരാളം ഇഷ്ടികച്ചൂളകളുണ്ട്. 25 എണ്ണം ഞങ്ങൾ എണ്ണി
പ്രഭാതവായുവിൽ, ഇഷ്ടികച്ചൂളയിൽനിന്ന് ഉയരുന്ന പുകയോടൊപ്പം കരിമ്പുചണ്ടിയുടെ സുഖമുള്ള ഗന്ധവും അലിഞ്ഞുചേർന്നിരുന്നു. ഇഷ്ടികനിർമ്മാണത്തിനാണ് ആ കരിമ്പുചണ്ടി ഉപയോഗിക്കുന്നത്. എല്ലാ ഇഷ്ടികച്ചൂളകളിലും, സ്ത്രീകളും പുരുഷന്മാരും കുട്ടികളും കഴുതകളും ഒരുപോലെ എണ്ണയിട്ടതുപോലെ പ്രവർത്തിക്കുന്നുണ്ടായിരുന്നു. ചിലർ ചളി കുഴയ്ക്കുമ്പോൾ മറ്റ് ചിലർ ഇഷ്ടികയ്ക്ക് രൂപം കൊടുക്കുന്നു. ചിലർ അത് കയറ്റുകയും, ചിലർ ഇറക്കുകയും, മറ്റ് ചിലർ കൂട്ടിവെക്കുകയും ചെയ്യുന്നുണ്ടായിരുന്നു.
കഴുതകൾ വരുകയും പോവുകയും ചെയ്യുന്നുണ്ട്. ചിലപ്പോൾ രണ്ടെണ്ണവും നാലെണ്ണവും ആറെണ്ണവുമായി ഒരുമിച്ച്..
“തലമുറകളായി കഴുതകളെ വളർത്തുന്നവരാണ് ഞങ്ങൾ. എന്റെ അച്ഛനമ്മമാർ ചെയ്തിരുന്നു, അവരുടെ അച്ഛനമ്മമാരും, ഇപ്പോൾ ഞങ്ങളും”, ഖാണ്ഡു പറയുന്നു. സംഗ്ലി പട്ടണത്തിൽനിന്ന് 150 കിലോമീറ്റർ അകലെയുള്ള സോലാപ്പുർ ജില്ലയിലെ പന്ധാർപുർ ബ്ലോക്കാണ് അവരുടെ സ്വദേശം. ഇഷ്ടിക ചുടുന്ന കാലത്ത് എല്ലാ കൊല്ലവും (നവംബർ-ഡിസംബറിലും ഏപ്രിൽ മേയ് മാസങ്ങളിലും) തങ്ങളുടെ ഗ്രാമമായ വേലാപുരിൽനിന്ന് ഖാണ്ഡുവും കുടുംബവും കഴുതകളോടൊത്ത് സംഗ്ലിയിലേക്ക് കുടിയേറുന്നു.
കഴുതകപ്പുറത്തുനിന്ന് ചുടാത്ത ഇഷ്ടികകൾ ഇറക്കിവെച്ച് അടുക്കിവെക്കുന്ന പണിയിലേർപ്പെട്ട, ഖാണ്ഡുവിന്റെ ഭാര്യ മാധുരിയെ ഞങ്ങൾ കണ്ടു. ആ ദമ്പതികളുടെ മക്കളായ 9-നും 13-നും ഇടയിൽ പ്രായമുള്ള കല്യാണിയും ശ്രദ്ധയും ശ്രാവണിയും കഴുതകളെ ലക്ഷ്യസ്ഥാനത്തെത്തിക്കാൻ അവയോടൊപ്പം നടക്കുന്നുണ്ട്. ആ പെൺകുട്ടികളുടെ സഹോദരൻ - അവന് നാലോ അഞ്ചോ വയസ്സുണ്ടാവും – അച്ഛന്റെ കൂടെയിരുന്ന് ചായയും ബിസ്കറ്റും കഴിക്കുന്നുണ്ടായിരുന്നു.


ഇടത്ത്: കയറ്റാത്ത രണ്ട് ഇഷ്ടികകൾ, മാധുരി മാനെ ഒരു ജോലിക്കാരന് എറിഞ്ഞുകൊടുക്കുന്നു, അയാളത് അടുക്കിവെക്കുന്നു. വലത്ത്: ഇഷ്ടികച്ചൂളയിലെ തങ്ങളുടെ കൂരയിൽ മാധുരിയും മക്കളും. ഇഷ്ടികകളിൽ കെട്ടിപ്പൊക്കി, മുകളിൽ ഒരു അസ്ബെസ്റ്റോസിന്റെ പലകയുമിട്ടതാണ് വീട്. കക്കൂസോ ഒന്നുമില്ല. പകൽസമയത്ത് വൈദ്യുതിയുമില്ല
“ശ്രാവണിയും ശ്രദ്ധയും സാംഗ്ലിയിലെ ഒരു റസിഡൻഷ്യൽ സ്കൂളിലാണ് പഠിക്കുന്നത്. പക്ഷേ ഇപ്പോൾ ഞങ്ങളെ സഹായിക്കാനായി അവരെ അവിടെനിന്ന് കൊണ്ടുവന്നു“, ഈരണ്ട് ഇഷ്ടികകൾ കൈമാറിക്കൊണ്ട് അവർ പറയുന്നു. “ഞങ്ങളെ സഹായിക്കാൻ ഒരു ദമ്പതികളെ വാടകയ്ക്കെടുത്തിരുന്നു. അവർ മുൻകൂറായി 80,000 രൂപയും വാങ്ങി ഓടിക്കളഞ്ഞു. ഇനി അടുത്ത രണ്ടുമാസത്തിനുള്ളിൽ ഇത് മുഴുവൻ തീർക്കണം” എന്ന് പറഞ്ഞുകൊണ്ട് അവർ ധൃതിയിൽ പണിയിലേക്ക് മടങ്ങി.
ഇറക്കുന്ന ഓരോ ഇഷ്ടികയ്ക്കും ചുരുങ്ങിയത് രണ്ട് കിലോ ഭാരമുണ്ട്. ഇഷ്ടികക്കൂനയുടെ മുകളിൽ നിൽക്കുന്ന ഒരാൾക്ക് അവർ അത് എറിഞ്ഞുകൊടുക്കുന്നുണ്ടായിരുന്നു.
“പത്ത്, പന്ത്രണ്ട്, പതിന്നാല്..” മാധുരി എറിഞ്ഞുകൊടുക്കുന്ന ഇഷ്ടികകൾ കുനിഞ്ഞുനിന്ന് പിടിച്ചെടുത്ത് എണ്ണമെടുത്ത്, ചൂളയ്ക്കരികിൽ ചൂടാക്കാൻ വെച്ചിരിക്കുന്ന കൂട്ടത്തിലേക്ക് അയാൾ ചേർക്കുന്നുന്റായിരുന്നു.
*****
ദിവസവും അർദ്ധരാത്രി തുടങ്ങി, രാവിലെ 10 മണിക്കുള്ളിൽ ഖാണ്ഡുവും മാധുരിയും മക്കളും ഒരുമിച്ച് 15,000-ഓളം ഇഷ്ടികകൾ കയറ്റുകയും ഇറക്കുകയും ചെയ്യും. 13 കഴുതകളുടെ ഒരു സംഘത്തെ ഉപയോഗിച്ചാണ് അവർ ഇത് കൊണ്ടുപോവുന്നത്. ഓരോ കഴുതയും ദിവസത്തിൽ 2,300 കിലോഗ്രാം ചുമക്കുന്നു. മൊത്തം ഒരു ദിവസം അവ, തങ്ങളെ മേയ്ക്കുന്നവരുടെ കൂടെ 12 കിലോമീറ്ററുകൾ അങ്ങോട്ടുമിങ്ങോട്ടുമായി നടക്കുന്നു.
ചൂളയിലേക്ക് കൊണ്ടുപോവുന്ന ആയിരം ഇഷ്ടികകൾക്ക് ഖണ്ഡുവിന്റെ കുടുംബത്തിന് 200 രൂപ ലഭിക്കും. ആറുമാസം ജോലിയെടുക്കാൻ ഇഷ്ടികച്ചൂളയുടെ ഉടമസ്ഥൻ ഇവർക്ക് കൊടുക്കുന്ന മുൻകൂർ പണത്തിലേക്കാണ് ഈ ശമ്പളം തട്ടിക്കിഴിക്കുക. കഴിഞ്ഞ സീസണിൽ, ഖാണ്ഡുവിനും മാധുരിക്കും മുൻകൂറായി ലഭിച്ചത് 2.6 ലക്ഷം രൂപയായിരുന്നു. ഓരോ കഴുതയ്ക്കും 20,000 രൂപ വെച്ച്.

കഴുതകൾ കൊണ്ടുവന്ന ഇഷ്ടികകൾ മാധുരിയും ഭർത്താവ് ഖാണ്ഡുവും ചേർന്ന് (മഞ്ഞ ടീഷർട്ടിട്ടയാൾ) അടുക്കിവെക്കുന്നവർക്ക് കൈമാറുന്നു
“ഓരോ മൃഗത്തിനും 20,000 രൂപവെച്ച് ഞങ്ങൾ കണക്കാക്കും”, സംഗ്ലിയിൽനിന്ന് 75 കിലോമീറ്റർ അകലെ കോലാപുർ ജില്ലയിലെ ബാമബാവഡെയിൽ രണ്ട് ഇഷ്ടികച്ചൂളകളുടെ ഉടമസ്ഥനായ 25 വയസ്സ് കഴിഞ്ഞ വികാസ് കുംഭാർ പറയുന്നു. “കഴുത വളർത്തലുകാർക്ക് മുൻകൂറായിട്ടാണ് പണം കൊടുക്കുക”, അയാൾ പറയുന്നു. കൂടുതൽ കഴുതകളുണ്ടെങ്കിൽ കൂടുതൽ പണം കൊടുക്കും.
ആറുമാസം എത്ര ഇഷ്ടികകൾ കൈകാര്യം ചെയ്തു എന്നത് കണക്കാക്കി, മുൻകൂറായി കൊടുത്ത പണവും മറ്റ് തുകകളും കിഴിച്ചിട്ടാണ് ഒടുവിൽ കണക്ക് തീർക്കുന്നത്. “അവരുടെ അദ്ധ്വാനം, ആഴ്ചതോറും പച്ചക്കറിക്കും മറ്റുമുള്ള ചിലവുകൾ (ഓരോ കുടുംബത്തിനും 200 മുതൽ 250 രൂപവരെ) എന്നിവ കണക്കാക്കും”, വികാസ് പറയുന്നു. കഴുത വളർത്തലുകാർക്ക് അവർ വാങ്ങിയ മുൻകൂർ പണത്തിനനുസരിച്ച് പണി ചെയ്യാൻ പറ്റിയില്ലെങ്കിൽ, അത് അടുത്ത സീസണിലേക്ക് വരവുവെക്കുമെന്ന് അയാൾ വിശദീകരിച്ചു. തങ്ങൾക്ക് കിട്ടുന്ന മുൻകൂർ പണം ഉപയോഗിച്ച് സഹായത്തിന് ആളെ വെക്കുകയാണ് ഖാണ്ഡുവും മാധുരിയും ചെയ്യുന്നത്.
*****
സംഗ്ലി ജില്ലയിൽ, കൃഷ്ണാനദിക്കരയിൽ, പലുസിനും മ്ഹൈസാലിനുമിടയിലായി 450-ഓളം ഇഷ്ടികക്കളങ്ങളുണ്ട്. പ്രദേശത്തെ മൃഗങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ആനിമൽ രഹത്ത് എന്ന സംഘടനയിലെ പ്രവർത്തകൻ പറയുന്നു. പുഴയുടെ 80-85 കിലോമീറ്റർ വരുന്ന ഈ ഭാഗത്തിന്റെ നടുവിലായിട്ടാന് സംഗ്ലിവാഡി സ്ഥിതി ചെയ്യുന്നത്. “4,000-ലധികം കഴുതകൾ ഇഷ്ടികക്കളങ്ങളിൽ ജോലിയെടുക്കുന്നു”, അയാളുടെ മറ്റൊരു സഹപ്രവർത്തകൻ ചൂണ്ടിക്കാട്ടുന്നു. കഴുതകളുടെ ക്ഷേമം അന്വേഷിക്കാനുള്ള പതിവ് സന്ദർശനത്തിന്റെ ഭാഗമായി വന്നവരായിരുന്നു അവർ ഇരുവരും. മൃഗങ്ങൾക്കായി അടിയന്തിര ആംബുലൻസ് സേവനവും ആരോഗ്യപരിരക്ഷയും ഈ സംഘടന നടത്തുന്നുണ്ട്.
ദിവസത്തിലെ ഷിഫ്റ്റിന്റെ അവസാനം ധാരാളം കഴുതകൾ ജോതിബാ മന്ദിറിനടുത്തുള്ള പുഴയിലേക്ക് ഓടുന്നത് ഞങ്ങൾ കണ്ടു. സൈക്കിളിലും ബൈക്കിലുമായി ചെറുപ്പക്കാരായ കഴുതമേച്ചിലുകാർ അവയെ മേയാൻ കൊണ്ടുപോവുകയായിരുന്നു. മിക്ക മൃഗങ്ങളും പ്രദേശത്തെ മാലിന്യക്കൂനകളിൽനിന്ന് തീറ്റ കണ്ടെത്തും. വൈകുന്നേരം ഇവയെ തിരിച്ചുകൊണ്ടുപോവുകയും ചെയ്യും. കഴുതകൾക്ക് തീറ്റകൊടുക്കാറുണ്ടെന്ന് ഖാണ്ഡുവും മാധുരിയും മറ്റുള്ളവരും പറഞ്ഞുവെങ്കിലും അതിന്റെ ലക്ഷണമൊന്നും കാണാൻ കഴിഞ്ഞില്ല.


ഇടത്ത്: മോട്ടോർസൈക്കിൾ ഓടിച്ചുകൊണ്ട് ഒരാൾ ഒരുകൂട്ടം കഴുതകളെ മേയ്ക്കാൻ കൊണ്ടുപോകുന്നു. വലത്ത്: സന്നദ്ധസംഘടനയിൽനിന്നുള്ള ഒരു പ്രവർത്തകൻ, ജഗു മാനേയുടെ സംഘത്തിലെ ഒരു കഴുതയ്ക്ക് കുത്തിവെപ്പ് നൽകുന്നു
“മൃഗങ്ങൾക്ക് തിന്നാനുള്ള പുല്ലും അരിച്ചോളവും വളർത്താൻ ഞങ്ങൾ എല്ലാ കൊല്ലവും 0.05 ഏക്കർ കൃഷിസ്ഥലം വാടകയ്ക്ക് എടുക്കുന്നു”, 45 വയസ്സുള്ള ജനാബായി മാനെ പറയുന്നു. ആറുമാസത്തേക്ക് 2,000 രൂപ വാടക കൊടുക്കണം. “പക്ഷേ ഞങ്ങളുടെ ജീവിതം ഇവയെ ആശ്രയിച്ചല്ലേ? അവയ്ക്ക് ഭക്ഷണം കിട്ടിയില്ലെങ്കിൽ ഞങ്ങൾ എന്ത് കഴിക്കും?”
തകരം മേഞ്ഞ വീട്ടിലിരുന്ന് സംസാരിച്ച് അവർ ഉച്ചയൂണ് പൂർത്തിയാക്കി. അടുക്കിവെച്ച ഇഷ്ടികകൾകൊണ്ടുണ്ടാക്കിയ ചുമരും ചാണകം തേച്ച നിലവും. ഞങ്ങൾക്കിരിക്കാൻ അവർ പ്ലാസ്റ്റിക്ക് പായ വിരിച്ചു. “ഞങ്ങൾ സത്താര ജില്ലയിലെ ഫാൽട്ടൻ പ്രദേശത്തുനിന്നുള്ളവരാന്. അവിടെ കഴുതകൾക്ക് പണിയൊന്നുമില്ല. അതിനാൽ കഴിഞ്ഞ 10-12 വർഷങ്ങളായി ഞങ്ങൾ സംഗ്ലിയിൽ ജോലി ചെയ്യുന്നു. എവിടെയാണോ പണിയുള്ളത് അവിടേക്ക് ഞങ്ങൾ പോവും”, അവർ പറയുന്നു. ഖാണ്ഡുവും കുടുംബവും സീസണിൽ മാത്രം സാംഗ്ലിയിലേക്ക് വരുമ്പോൾ, ജനബായിയും ഏഴംഗ കുടുംബവും വർഷം മുഴുവൻ ഇവിടെത്തന്നെ കഴിഞ്ഞുകൂടുന്നു.
ജനബായിയും കുടുംബവും ഈയടുത്ത് സംഗ്ലി പട്ടണത്തിന് വെളിയിലായി 0.6 ഏക്കർ ഭൂമി വാങ്ങുകയുണ്ടായി. “ഇടവിട്ടുണ്ടാവുന്ന വെള്ളപ്പൊക്കം മൃഗങ്ങൾക്ക് ജീവാപായമുണ്ടാക്കിയതിനാൽ ഞങ്ങൾ കുന്നുമ്പുറത്തുള്ള സ്ഥലം വാങ്ങി. അവിടെ ഒരു വീട് വെച്ച് കഴുതകളെ താഴത്തുള്ള നിലയിൽ പാർപ്പിക്കണം. ഞങ്ങൾ മുകൾനിലയിലും”, അവരുടെ പേരക്കുട്ടി സന്തോഷത്തോടെ ഓടിവന്ന് അവരുടെ മടിയിലിരുന്ന്. ജാനബായിക്ക് ആടുവളർത്തലുമുണ്ട്. അവയുടെ കരച്ചിൽ ഞങ്ങൾക്ക് കേൾക്കാൻ കഴിയുന്നുണ്ടായിരുന്നു. “എന്റെ സഹോദരി എനിക്കൊരു പെണ്ണാടിനെ തന്നു. ഇപ്പോൾ എനിക്ക് 10 ആടുകളുണ്ട്”, സംതൃപ്തിയുടെ ശബ്ദത്തിൽ അവർ പറയുന്നു.
“കഴുതകളെ വളർത്താൻ കൂടുതൽക്കൂടുതൽ ബുദ്ധിമുട്ടായി വരുന്നു. ഞങ്ങൾക്ക് 40 എണ്ണമുണ്ടായിരുന്നു. ഗുജറാത്തിൽനിന്നുള്ള ഒരു കഴുത ഹൃദയസ്തംഭനം വന്ന് ചത്തുപോയി. ഞങ്ങൾക്കതിനെ രക്ഷിക്കാൻ കഴിഞ്ഞില്ല“, അവർ പറയുന്നു. ഇപ്പോൾ അവർക്ക് 20 കഴുതകൾ സ്വന്തമായുണ്ട്. സംഗ്ലിയിൽനിന്നുള്ള ഒരു ഡോക്ടർ ആറുമാസം കൂടുമ്പോൾ ഒന്നോ രണ്ടോ തവണ വന്ന് അവയെ പരിശോധിക്കാറുണ്ട്. എന്നാൽ കഴിഞ്ഞ മൂന്നുമാസത്തിൽ മാത്രം ഞങ്ങൾക്ക് നാലെണ്ണത്തിനെ നഷ്ടപ്പെട്ടു. മൂന്നെണ്ണം ചത്തത് മേച്ചിലിനിടയിൽ എന്തോ വിഷം അകത്തുചെന്നിട്ടായിരുന്നു. മറ്റൊന്ന് ഒരപകടത്തിലും. എന്റെ അച്ഛനമ്മമാരുടെ തലമുറയ്ക്ക് പച്ചിലമരുന്നുകളൊക്കെ അറിയാമായിരുന്നു. ഞങ്ങൾക്കതൊന്നുമറിയില്ല. എന്തെങ്കിലും ആവശ്യം വന്നാൽ കടയിൽ പോയി മരുന്നുകൾ വാങ്ങും” ജനബായി പറയുന്നു.


ഇടത്ത്: ജനബായിക്കും കുടുംബത്തിനും സംഗ്ലിയിൽ 28 കഴുതകൾ സ്വന്തമായുണ്ട്. ‘കഴുതകളെ വളർത്താൻ ബുദ്ധിമുട്ടായി വരികയാണ്’. രാവിലെ ജോലിക്ക് പോവുന്നതിനുമുൻപ് അവരുടെ മകൻ സോമനാഥ് മാനെ കഴുതകളെ പരിശോധിക്കും
*****
മഹാരാഷ്ട്രയിൽ കായിക്കടി, ബെൽഡാർ, കുംഭാർ, വടർ തുടങ്ങി വിവിധ സമുദായക്കാർ കഴുതകളെ വളർത്തുന്നുണ്ട്. കുറ്റവാളികളെന്ന് ബ്രിട്ടീഷുകാർ പ്രഖ്യാപിച്ച നാടോടി ഗോത്രവിഭാഗക്കാരാണ് ഖാണ്ഡുവും, മാധുരിയും ജനബായിയുമൊക്കെ ഉൾപ്പെടുന്ന കൈക്കാഡി സമുദായക്കാർ. 1952-ൽ കൊളോണിയൽ ക്രിമിനൽ ട്രൈബ്സ് നിയമം അസാധുവാക്കിയെങ്കിലും ഇപ്പോഴും സമൂഹം അവരെ സംശയദൃഷ്ടിയോടെയാണ് നോക്കുന്നത്. പരമ്പരാഗതമായി അവർ കുട്ടകളും ചൂലും ഉണ്ടാക്കുന്ന സമുദായക്കാരാണ്. മഹാരാഷ്ട്രയുടെ മിക്ക ഭാഗങ്ങളിലും ഇപ്പോൾ അവരെ വിമുക്ത ജാതിയായിട്ടാണ് (ഡീനോട്ടിഫൈഡ് ട്രൈബ്സ്) പട്ടികപ്പെടുത്തിയിട്ടുള്ളതെങ്കിലും, വിദർഭ പ്രദേശത്തെ എട്ട് ജില്ലകളിൽ അവർ പട്ടികജാതി വിഭാഗത്തിലാണ് ഉൾപ്പെടുന്നത്.
കഴുതകളെ വളർത്തുന്ന മിക്ക കൈക്കാഡികളും അവയെ വാങ്ങുന്നത് പുണെ ജില്ലയിലെ ജെജൂരിയിൽനിന്നോ അഹമ്മദ്നഗർ ജില്ലയിലെ മാധിയിൽനിന്നോ ആണ്. ചിലർ ഗുജറാത്തിലെയും രാജസ്ഥാനിലെയും കഴുതച്ചന്തകളും സന്ദർശിക്കാറുണ്ട്. “ഒരു ജോടിക്ക് 60,000 രൂപമുതൽ 120,000 രൂപവരെയാണ് വില. പല്ലില്ലാത്തവയ്ക്ക് വില കൂടും”, ജനബായി പറയുന്നു. പല്ലുനോക്കിയാണ് മൃഗത്തിന്റെ വയസ്സ് തീരുമാനിക്കുന്നത്. ജനിച്ച് ആദ്യത്തെ ചില ആഴ്ചകൾ കഴിയുമ്പോഴാണ് കഴുതകൾക്ക് ആദ്യത്തെ പല്ലുകൾ മുളയ്ക്കുന്നത്. ക്രമേണ അത് കൊഴിഞ്ഞ്, അഞ്ച് വയസ്സാവുന്നതോടെ പുതിയ പ്രായപൂർത്തിയെത്തിയ സ്ഥിരമായ പല്ലുകൾ പ്രത്യക്ഷമാകാൻ തുടങ്ങും.
എന്നാൽ, കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിൽ, ഇന്ത്യയിലെ കഴുതകളുടെ എണ്ണം സാരമായി കുറഞ്ഞിട്ടുണ്ടെന്നുള്ളത് ആശങ്കയുളവാക്കുന്നു. 2012-നും 2019-നുമിടയിൽ 61.2 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. 2012-ലെ വളർത്തുമൃഗ കണക്കുകൾ പ്രകാരം 3.2 ലക്ഷം കഴുതകളുണ്ടായിരുന്നത്, 2019-ഓടെ 1.2 ലക്ഷമായി കുറഞ്ഞു. കഴുതകളുടെ എണ്ണത്തിൽ രാജ്യത്ത് രണ്ടാമത്തെ സംസ്ഥാനമായിരുന്നു മഹാരാഷ്ട്ര. 2019-ലെ കണക്കുപ്രകാരം അവിടെ 17, 572 കഴുതകൾ മാത്രമായിരുന്നു ബാക്കിയായത്. 2012-നേക്കാൾ 40 ശതമാനം കുറവാണ് ആ സംഖ്യ.
ഇത്ര വലിയ കുറവ് കണ്ടെത്തിയതിനെത്തുടർന്ന്, ബ്രൂക്ക് ഇന്ത്യ എന്ന ലാഭേതര മൃഗക്ഷേമ സംഘടന, ശരത് കെ.വർമ്മ എന്ന പത്രപ്രവർത്തകന്റെ കീഴിൽ ഒരു അന്വേഷണാത്മക പഠനം ആരംഭിക്കുകയുണ്ടായി. കഴുതകളുടെ കുറവിന് നിരവധി കാരണങ്ങളാണ് പഠനത്തിൽ കണ്ടെത്തിയത്. അവയുടെ ഉപയോഗത്തിലുണ്ടായ കുറവ്, വളർത്താൻ വേണ്ടി സമുദായങ്ങൾ അവയെ ഉപയോഗിക്കുന്നത്, യന്ത്രവത്ക്കരണം, മേച്ചിൽപ്പുറങ്ങളിലുണ്ടായ കുറവ്, അനധികൃതമായ കശാപ്പ്, ഒടുവിലായി മോഷണവും.


ഇടത്ത്: ഒരു കഴുതവളർത്തലുകാരൻ തന്റെ മൃഗത്തെ ലാളിക്കുന്നു. വലത്ത്: മിരാജ് പട്ടണത്തിന്റെ ലക്ഷ്മി മന്ദിർ പ്രദേശത്തുള്ള ഒരു ഇഷ്ടികച്ചൂളയിൽ ഒരു തൊഴിലാളി ഇഷ്ടികകൾ ഇറക്കുന്നു
“കഴുതയിറച്ചിക്ക് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ, പ്രത്യേകിച്ച് ആന്ധ്രയിലെ ഗുണ്ടൂർ ഭാഗത്ത് വലിയ ആവശ്യക്കാരുണ്ട്”, ബ്രൂക്ക് ഇന്ത്യയുടെ സംഗ്ലി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പ്രോഗ്രാം കോഓർഡിനേറ്റർ ഡോ. സുജിത്ത് പവാർ പറയുന്നു. കഴുതയെ അനധികൃതമായി കശാപ്പുചെയ്യുന്നത് ആന്ധ്രയുടെ വിവിധ ജില്ലകളിൽ വ്യാപകമാണെന്ന് വർമ്മയുടെ പഠനം ചൂണ്ടിക്കാട്ടുന്നു. വിലക്കുറവിന് പുറമേ, വൈദ്യശാസ്ത്രപരമായ മൂല്യവും, പുരുഷന്മാരിൽ ലൈംഗികോർജ്ജമുണ്ടാക്കാനുമുള്ള കഴിവും കഴുതയിറച്ചിക്കുണ്ടെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു
കഴുതയുടെ ചർമ്മം പതിവായി ചൈനയിലേക്ക് കടത്തുന്നുണ്ടെന്നും പവാർ കൂട്ടിച്ചേർത്തു. ‘ഇജിയാവോ’ എന്ന് പേരുള്ള ഒരു പരമ്പരാഗത ചൈനീസ് മരുന്നിന്റെ അവശ്യഘടകമാണ് ഇത്. അതിനാൽ വലിയ ആവശ്യമുണ്ട് ഇതിന്. കഴുതയുടെ കശാപ്പും മോഷണവുമായി ബന്ധമുണ്ടെന്ന് ബ്രൂക്ക് ഇന്ത്യ പുറത്തിറക്കിയ റിപ്പോർട്ട് സൂചിപ്പിക്കുന്നു. ചൈനയിലെ വർദ്ധിച്ച ആവശ്യത്തിനനുസരിച്ച് കഴുതത്തോലിലുണ്ടായ വ്യാപാരമാണ് ഇന്ത്യയിൽ കഴുതകളെ വംശനാശത്തിന്റെ വക്കിലേക്കെത്തിച്ചിരിക്കുന്നത് എന്നാണ് പഠനത്തിന്റെ കണ്ടെത്തൽ.
*****
45 വയസ്സുള്ള ബാബാസാഹേബ് ബാബൻ മാനേയുടെ 10 കഴുതകളും ആറുവർഷം മുൻപ് മോഷ്ടിക്കപ്പെട്ടു. “അതിനുശേഷം ഞാൻ ഇഷ്ടിക അടുക്കിവെക്കുന്ന പണി ചെയ്യാൻ തുടങ്ങി. പണ്ടത്തേക്കാൾ കുറവ് വരുമാനമേ ഉള്ളൂ”, കഴുതകളെ മേയ്ക്കുന്നവർക്ക് 1,000 ഇഷ്ടികയ്ക്ക് 200 രൂപവെച്ച് കിട്ടും. ഇഷ്ടിക അടുക്കിവെക്കുന്നവർക്ക് 180 രൂപമാത്രമാണ് കിട്ടുക. കഴുതകളെ മേയ്ക്കുന്നവർക്ക് കൊടുക്കുന്ന ആ അധികമുള്ള 20 രൂപ അവയ്ക്കുള്ള ഭക്ഷണത്തിനാണെന്ന് മാധുരി ഞങ്ങളോട് പറഞ്ഞു. സംഗ്ലിവാഡിയിൽനിന്ന് 12 കിലോമീറ്റർ അകലെ, മിരാജ് പട്ടണത്തിലെ ലക്ഷ്മി മന്ദിർ ഭാഗത്തുവെച്ചാണ് ഞങ്ങൾ ബാബാസാഹേബിനെ കണ്ടുമുട്ടിയത്. “ഒരു വ്യാപാരിക്ക് ഒരിക്കൽ 20 കഴുതകളെ നഷ്ടമായി. മ്ഹൈസാൽ ഫട്ടയിൽവെച്ച്”, അയാൾ പറയുന്നു. തന്റെ ഇഷ്ടികച്ചൂളയുടെ 10 കിലോമീറ്ററിനുള്ളിൽ മറ്റൊരു മോഷണവും മുമ്പ് ഉണ്ടായിട്ടുണ്ടെന്ന് അയാൾ ഓർമ്മിച്ചു. “അവർ മൃഗങ്ങൾക്ക് മയക്കുമരുന്ന് കൊടുത്ത് വാഹനങ്ങളിൽ കടത്തുകയാണെന്ന് എനിക്ക് തോന്നുന്നു“, രണ്ടുവർഷം മുമ്പ്, മേയ്ക്കാൻ കൊണ്ടുപോയപ്പോൾ ജനബായിയുടെ 7 കഴുതകളും ഇതേമട്ടിൽ മോഷണം പോയിരുന്നു.
സംഗ്ലി, സോലാപുർ, ബീഡ്, എന്നിവിടങ്ങളിലും മഹാരാഷ്ട്രയിലെ മറ്റ് ചില ജില്ലകളിലും വർദ്ധിച്ചുവരുന്ന കഴുത മോഷണം ബാബാസാഹേബിനെയും ജനബായിയേയുംപോലുള്ള കഴുതവളർത്തലുകാർക്ക് സാമ്പത്തികദുരിതങ്ങൾ സൃഷ്ടിക്കുന്നു. ആ മൃഗങ്ങളെ മാത്രം ആശ്രയിച്ചാണ് അവരുടെ വരുമാനം. “കള്ളന്മാർ എന്റെ അഞ്ച് കഴുതകളെ മോഷ്ടിച്ചു”, മിരാജിലെ ഇഷ്ടികച്ചൂളയിൽ ജോലി ചെയ്യുന്ന ജഗു മാനെ പറയുന്നു. 2 ലക്ഷം രൂപയുടെ നഷ്ടമാണത്. “എങ്ങിനെ ഞാൻ ആ നഷ്ടം മുതലാക്കും?”


ഇടത്ത്: ബാബു വിത്തൽ ജാദവ്(മഞ്ഞ ഷർട്ടിൽ) മിറാജിലെ ഇഷ്ടികക്കളത്തിലെ ഇഷ്ടിക അടുക്കിവെക്കുന്ന പണിയിൽനിന്ന് ഒരു വിശ്രമമെടുക്കുന്നു. വലത്ത്: തന്റെ കഴുതകൾ പുല്ലുമേയുന്നത് നോക്കി നിൽക്കുന്ന കൈക്കാഡി സമുദായത്തിലെ 13 വയസ്സുള്ള രമേഷ് മാനെ എന്ന കുട്ടി
പക്ഷേ, ആരും ശ്രദ്ധിക്കാനില്ലാതെ കഴുതകളെ തുറസ്സായ സ്ഥലത്ത് മേയാൻ വിടുന്ന കഴുതകളുടെ ഉടമസ്ഥർക്കും ഇതിൽ പങ്കുണ്ടെന്ന് പവാർ പറയുന്നു. “സുരക്ഷയൊന്നുമില്ല. പണി ചെയ്യാറാവുമ്പോൾമാത്രം അവയെ തിരികെ കൊണ്ടുവരുന്നു. അവയ്ക്ക് എന്തെങ്കിലും സംഭവിച്ചാലും ആരും നോക്കാനില്ല”.
ബാബാസാഹേബുമായി സംസാരിക്കുമ്പോൾ, ബാബു വിത്തൽ ദേവ് അയാളുടെ നാല് കഴുതകളെ ഇഷ്ടികയിറക്കാൻ കൊണ്ടുവരുന്നത് കണ്ടു. കഴിഞ്ഞ 25 വർഷമായി ഇഷ്ടികക്കളത്തിൽ പണിയെടുക്കുന്ന ആളാണ് കൈക്കാഡി സമുദായത്തിൽത്തന്നെയുള്ള 60 വയസ്സ് കഴിഞ്ഞ ബാബു. സോലാപുർ ജില്ലയിലെ മൊഹോൽ ബ്ലോക്കിലെ പാട്ട്കുൽ സ്വദേശിയായ അയാൾ വർഷത്തിൽ ആറുമാസം മിറാജിലേക്ക് കുടിയേറുന്നു. ക്ഷീണിച്ച് തളർന്ന് അദ്ദേഹം ഇരുന്നു. സമയം രാത്രി 9 മണിയായിരുന്നു. ബാബാസാഹേബും മറ്റ് രണ്ട് സ്ത്രീത്തൊഴിലാളികളുമായി തമാശകൾ പറഞ്ഞിരുന്ന അദ്ദേഹം പണി നിർത്തി വിശ്രമിക്കാൻ വന്നതായിരുന്നു. ബാക്കിയുള്ള സമയം അദ്ദേഹത്തിന്റെ ഭാര്യ നോക്കിക്കൊള്ളും. ക്ഷീണിച്ച് മെലിഞ്ഞ ആറ് കഴുതകളാണ് അവർക്കുണ്ടായിരുന്നത്. രണ്ടെണ്ണത്തിന് കാലിൽ പരിക്കുണ്ട്. ഷിഫ്റ്റ് കഴിയാൻ ഇനി രണ്ട് മണിക്കൂർ മാത്രമേ ഉണ്ടായിരുന്നുള്ളു.
മാസത്തിൽ അമാവാസി ദിനത്തിൽ മാത്രം അവധിയുള്ള അവരെല്ലാം തീർത്തും ക്ഷീണിതരും അവശരുമായി കാണപ്പെട്ടു. “അവധിയെടുത്താൽ ആരാണ് ഇഷ്ടിക ചുടാൻ കൊണ്ടുവരിക?”, ജോതിബ മന്ദിറിൽവെച്ച് മാധുരി ചോദിച്ചു. “ഉണങ്ങിയ ഇഷ്ടികകൾ കൊണ്ടുപോയില്ലെങ്കിൽ പുതിയവ വെക്കാൻ സ്ഥലമുണ്ടാവില്ല. അതിനാൽ അവധിയെടുക്കാൻ സാധിക്കില്ല. ആറുമാസത്തിൽ അമാവാസിദിനത്തിൽ മാത്രമേ അവധിയെടുക്കൂ”, അവർ പറയുന്നു. അമാവാസി അശുഭദിനമായിട്ടാണ് കരുതപ്പെടുന്നത്. അമാവാസിക്ക് പുറമേ, തൊഴിലാളികൾക്കും കഴുതകൾക്കും സീസണിൽ മറ്റ് മൂന്ന് ദിവസംകൂടി അവധി കിട്ടും. ശിവരാത്രിക്കും, ശിംഗ (ഹോളി), ഗുഢി പാദ്‌വ (പുതുവർഷം) എന്നീ ദിനങ്ങളിൽ.
ഉച്ചയോടെ, മിക്കാാറും എല്ലാ തൊഴിലാളികളും ഇഷ്ടികക്കളത്തിനടുത്തുള്ള തങ്ങളുടെ താത്ക്കാലിക കൂരകളിലേക്ക് മടങ്ങും. ശ്രാവണിയും ശ്രദ്ധയും അടുത്തുള്ള ടാപ്പിൽ തുണികൾ കഴുകാൻ പോയിരിക്കുന്നു. ഖാണ്ഡു മാനെ കഴുതകളെ മേയ്ക്കാനും. മാധുരി കുടുംബത്തിനുവേണ്ടി ഭക്ഷണം പാകം ചെയ്ത്, ചൂടിൽ ഉറങ്ങാൻ നോക്കും. ചൂള അന്നത്തേക്ക് അടച്ചുകഴിഞ്ഞു. “നല്ല പൈസ കിട്ടുന്നുണ്ട്. ഭക്ഷണവും ആവശ്യത്തിനുണ്ട്, പക്ഷേ ഉറക്കം കിട്ടുന്നില്ല, മനസ്സിലായോ”, മാധുരി പറയുന്നു.
റിതായൻ മുഖർജി കൊൽക്കൊത്തയിൽനിന്നുള്ള ഫോട്ടോഗ്രാഫറും 2016-ലെ പാരി ഫെലോയുമാണ്. ടിബറ്റൻ മേഖലയിലെ കാർഷിക നാടോടിസമൂഹങ്ങളുടെ ജീവിതങ്ങളെ രേഖപ്പെടുത്തുന്ന ഒരു ദീർഘ കാല പ്രോജക്റ്റിന്‍റെ ഭാഗമായി അദ്ദേഹം ഇപ്പോൾ പ്രവർത്തിക്കുന്നു.
പരിഭാഷ: രാജീവ് ചേലനാട്ട്