ഷീല വാഘ്മാരെയെ സംബന്ധിച്ചിടത്തോളം, സുഖകരമായ ഒരു രാത്രിയുറക്കം എന്നേ നഷ്ടപ്പെട്ടുപോയ ഒന്നാണ്.
“രാത്രി നല്ലവണ്ണം ഉറങ്ങിയിട്ട് വർഷങ്ങളായി”, കടുത്ത വേദനകൊണ്ട് ചുവന്നുതുടുത്ത കണ്ണുകളുമായി നിലത്ത് വിരിച്ചിട്ട പായയിൽ ചമ്രംപടിഞ്ഞിരുന്ന് 33 വയസ്സുള്ള ഷീല പറഞ്ഞു. ഉറക്കമില്ലാത്ത നീണ്ട രാത്രികളെക്കുറിച്ച് പറയുമ്പോൾ, അടക്കിവെക്കാൻ ശ്രമിക്കുന്ന തേങ്ങലുകൾകൊണ്ട് അവളുടെ ശരീരം വിറയ്ക്കുന്നുണ്ടായിരുന്നു. “രാത്രി മുഴുവൻ ഞാൻ കരയും. ശ്വാസം മുട്ടുന്നതുപോലെയാണ് തോന്നുക”.
മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ രാജുരി ഘോഡ്ക ഗ്രാമത്തിന്‍റെ വെളിയിലാണ് ഷീലയുടെ വീട്. ബീഡ് പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ അകലെയുള്ള രണ്ടുമുറി വീട്ടിൽ ഭർത്താവ് മാണിക്കും കാർത്തിക്, ബാബു, ഋതുജ എന്നീ മൂന്ന് മക്കളുമായി രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ അവളുടെ അടക്കിപ്പിടിച്ച തേങ്ങലുകൾ മറ്റുള്ളവരെയും ശല്യപ്പെടുത്താറുണ്ട്. “എന്‍റെ കരച്ചിൽ അവരുടെ ഉറക്കത്തിനെയും ബാധിക്കുന്നു. അപ്പോൾ ഞാൻ കണ്ണ് ഇറുക്കിയടച്ച് ഉറങ്ങാൻ ശ്രമിക്കും”.
പക്ഷേ ഉറക്കം മാത്രം വരില്ല. കണ്ണീർ തോരുകയുമില്ല.
“എപ്പോഴും സങ്കടവും ആശങ്കയും തോന്നും“ അവർ പറയുന്നു. ഒന്ന് നിർത്തി, ആകെ അസ്വസ്ഥമായ പോലെ അവർ തുടർന്നു. “എല്ലാം തുടങ്ങിയത്, ഗർഭപാത്രം നീക്കിയതിനുശേഷമാണ്. എന്‍റെ ജീവിതംതന്നെ മാറിപ്പോയി”. 2008-ൽ ഗർഭപാത്രം നീക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായപ്പോൾ 20 വയസ്സുമാത്രം പ്രായമായിരുന്നു അവൾക്ക്. അതിനുശേഷം തുടങ്ങിയതാണ്, ഗുരുതരമായ ഈ വിഷാദവും, ഉറക്കമില്ലാത്ത രാത്രികളും, പെട്ടെന്നുണ്ടാവുന്ന മുഷിപ്പും, ശാരീരികമായ വേദനകളും. ഏറെക്കാലമായി അവയെല്ലാം അവളെ അലട്ടുന്നു.

ഷീല വാഘ്മാരെ രാജുരി ഘോഡ്ക ഗ്രാമത്തിലെ തന്‍റെ വീട്ടിൽ . ‘ വിഷാദവും ആകാംക്ഷയും എന്നെ എപ്പോഴും അലട്ടുന്നു ’
“കുട്ടികൾ എന്തെങ്കിലും സ്നേഹത്തോടെ ചോദിച്ചാൽപ്പോലും ചിലപ്പോൾ ഒരു കാരണവുമില്ലാതെ അവരോട് ദേഷ്യപ്പെടുന്നു. ഒച്ചയിടുന്നു”, നിസ്സഹായയായി അവൾ പറയുന്നു. “ഞാൻ പരമാവധി ശ്രമിക്കാറുണ്ട്. ദേഷ്യപ്പെടാതിരിക്കാൻ. എന്തുകൊണ്ടാണ് ഞാനിങ്ങനെ പെരുമാറുന്നതെന്ന് എനിക്കറിയില്ല”.
12 വയസ്സിൽ മാണിക്കിനെ വിവാഹം ചെയ്ത ഷീല, 18 വയസ്സിനുമുൻപ് മൂന്ന് കുട്ടികളുടെ അമ്മയായി.
എല്ലാ വർഷവും, ഒക്ടോബർ മുതൽ മാർച്ചുവരെ നീളുന്ന ആറുമാസക്കാലം, മറാത്ത്‌വാഡാ പ്രദേശത്തുനിന്ന് പടിഞ്ഞാറൻ മഹാരാഷ്ട്രയിലേക്കും കർണ്ണാടകയിലേക്കും കരിമ്പുവെട്ടാൻ പോവുന്ന 3 ലക്ഷം തൊഴിലാളികളിൽ ഉൾപ്പെടുന്നവരാണ് ഷീലയും മാണിക്കും. ബാക്കിയുള്ള മാസങ്ങളിൽ, സ്വന്തമായി കൃഷിഭൂമിയില്ലാത്ത അവർ, ഗ്രാമത്തിലോ, അടുത്തുള്ള മറ്റ് ഗ്രാമങ്ങളിലോ കൃഷിപ്പണിക്ക് പോവാറുണ്ട്. നവ ബുദ്ധ സമുദായക്കാരാണ് ഇരുവരും.
ഗർഭപാത്രം മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ഇത്തരം പ്രശ്നങ്ങൾ, മഹാരാഷ്ട്രയുടെ ഈ ഭാഗത്ത് ധാരാളം സ്ത്രീകൾ അനുഭവിക്കുന്നതാണ്. ഈ ശസ്ത്രക്രിയയ്ക്ക് വിധേയരായവരിൽ മിക്കവരും ഇത്തരം മാനസികമായ പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ടെന്നാണ് 2019-ൽ സംസ്ഥാന സർക്കാർ നിയോഗിച്ച ഏഴംഗ സമിതിയുടെ പ്രധാന കണ്ടുപിടുത്തം. ബീഡ് ജില്ലയിലെ കരിമ്പുവെട്ടൽ സ്ത്രീ തൊഴിലാളികൾ അസാധാരണ അളവിൽ ഈ ശസ്ത്രക്രിയയ്ക്ക് വിധേയരാവുന്നതിന്‍റെ കാരണം കണ്ടുപിടിക്കാൻ നിയോഗിച്ചതായിരുന്നു ആ സമിതിയെ.
മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗൺസിലിന്‍റെ ഡെപ്യൂട്ടി സ്പീക്കറായ ഡോ. നീലം ഗോർഹെ അദ്ധ്യക്ഷനായ കമ്മിറ്റി, 2019 ജൂൺ-ജൂലായ് മാസങ്ങളിലാണ് സർവ്വേ നടത്തിയത്. ഒരിക്കലെങ്കിലും കരിമ്പ് വെട്ടാൻ പോയിട്ടുള്ള 82,309 സ്ത്രീകളാണ് ആ സർവ്വേയിൽ പങ്കെടുത്തത്. അവരിൽ, ഗർഭപാത്രം മാറ്റിവെച്ച 13,861 സ്ത്രീകളിൽ, 6,314 പേരും – 45 ശതമാനത്തിനുമീതെ – പിന്നീട് മാനസികവും ശാരീരികവുമായ അവശതകൾ - ഉറക്കമില്ലായ്മയും, വിഷാദരോഗവും, ശുഭാപ്തിവിശ്വാസമില്ലായ്മയും മുതൽ സന്ധിവേദനയും നടുവേദനയുമടക്കം - അനുഭവിക്കുന്നു എന്നായിരുന്നു കമ്മിറ്റിയുടെ കണ്ടെത്തൽ.


ഷീലയും മക്കളായ കാർത്തികയും ഋതുജയും ( വലത്ത് ). കരിമ്പ് വെട്ടുന്ന കാലമായാൽ കുടുംബം മുഴുവനും മറ്റിടങ്ങളിലേക്ക് കുടിയേറുന്നു
ഗർഭപാത്രം മാറ്റിവെക്കൽ ശസ്ത്രക്രിയ എന്നത് സങ്കീർണ്ണവും സ്ത്രീകളുടെ ഹ്രസ്വകാല-ദീർഘകാല ആരോഗ്യപ്രശ്നങ്ങൾക്ക് കാരണവുമാവുന്ന ഒരു പ്രക്രിയയാണെന്ന് മുംബൈ ആസ്ഥാനമായ വി.എൻ. ദേശായി മുനിസിപ്പൽ ജനറൽ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റും കണസൾട്ടന്‍റുമായ ഡോ. കോമൾ ചവാൻ അഭിപ്രായപ്പെടുന്നു. “വൈദ്യശാസ്ത്രത്തിന്‍റെ ഭാഷയിൽ, ഇതിനെ ശാസ്ത്രീയമായ ആർത്തവനിരോധനം എന്നാണ് ഞങ്ങൾ വിശേഷിപ്പിക്കുക“, ഡോ. ചവാൻ പറയുന്നു.
ശസ്ത്രക്രിയ കഴിഞ്ഞതിനുശേഷം വർഷങ്ങളായി സന്ധിവേദന, തലവേദന, നടുവേദന, സ്ഥിരമായ ക്ഷീണം എന്നിവയടക്കം നിരവധി ക്ലേശങ്ങളാണ് ഷീല അനുഭവിക്കുന്നത്.
“രണ്ടുമൂന്ന് ദിവസം കൂടുമ്പോൾ, വേദന അനുഭവപ്പെടും”, അവർ പറയുന്നു.
വേദനാസംഹാരികളായ തൈലങ്ങളും, കഴിക്കാനുള്ള മരുന്നുകളും താത്ക്കാലികമായ ശമനം മാത്രമേ നൽകുന്നുള്ളു. “ഞാൻ ഈ തൈലം കാൽമുട്ടിന്‍റെയും നടുവിന്‍റെയും വേദനയ്ക്ക് ഉപയോഗിക്കുന്നു. മാസം രണ്ട് ട്യൂബ് ക്രീം വേണം”, 186 രൂപ വിലവരുന്ന ഡൈക്ലോഫെനാക്ക് ജെല്ലിന്‍റെ ട്യൂബ് കാണിച്ചുതന്നുകൊണ്ട് ഷീല പറയുന്നു. വേറെയും ചില ഗുളികകൾ ഡോക്ടർ നിർദ്ദേശിച്ചിട്ടുണ്ട്. ക്ഷീണമകറ്റാൻ, മാസത്തിൽ രണ്ട് തവണ, ഡ്രിപ്പും എടുക്കേണ്ടിവരുന്നു അവർക്ക്.
വീട്ടിൽനിന്ന് ഒരു കിലോമീറ്റർ അകലെയുള്ള സ്വകാര്യ ക്ലിനിക്കിലെ മരുന്നിനും വൈദ്യോപദേശത്തിനുമായി മാസത്തിൽ 1,000-2,000 രൂപയോളം ചിലവുണ്ട്. ബീഡിലെ സിവിൽ ആശുപത്രി 10 കിലോമീറ്റർ അകലെയായാതിനാൽ, ക്ലിനിക്കിലേക്ക് നടന്നാണ് ഷീല പോവാറുള്ളത്. “വണ്ടിക്കാശും കൊടുത്ത് ആരാണ് അത്ര ദൂരെ പോവുക?”
വൈകാരികമായ പ്രശ്നങ്ങൾക്ക് പക്ഷേ മരുന്ന് സഹായകമാവാറില്ല. “ഇതൊക്കെ അനുഭവിക്കുമ്പോൾ എനിക്കെങ്ങിനെയാണ് ജീവിക്കണമെന്ന് തോന്നുക?”
ഗർഭപാത്രം മാറ്റിവെക്കൽ ശസ്ത്രക്രിയ ഉളവാക്കുന്ന ഹോർമോണുകളുടെ വ്യത്യാസം, ശാരീരികമായ പാർശ്വഫലങ്ങൾക്കുപുറമേ, വിഷാദരോഗത്തിനും ആശങ്കയ്ക്കും കാരണമാവുന്നുണ്ടെന്ന് മുംബൈ ആസ്ഥാനമായ മാനസികരോഗചികിത്സകനായ ഡോ. അവിനാശ് ഡിസൂസ പറയുന്നു. ഗർഭപാത്രം മാറ്റിവെക്കലും, പ്രവർത്തനക്ഷമമല്ലാത്ത ഗർഭപാത്രവും മൂലം ഉണ്ടാകുന്ന അസുഖങ്ങളുടെ തീവ്രത വ്യത്യാസപ്പെട്ടിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. “അത് ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും. ചിലരിൽ അത് ഗുരുതരമായ ഫലങ്ങൾ ഉണ്ടാക്കും, മറ്റ് ചിലർക്കാകട്ടെ, യാതൊരു അസുഖമോ ലക്ഷണങ്ങളോ തോന്നുകയുമില്ല”.


കഴിക്കാനുള്ള മരുന്നുകളും , ഡൈക്ലോഫെനാക്ക് ജെൽ പോലുള്ള വേദനാസംഹാരിയായ തൈലങ്ങളും താത്ക്കാലികമായ ശമനം മാത്രമേ നൽകൂ . ‘മാസത്തിൽ ഞാൻ രണ്ട് ട്യൂബുകൾ ഉപയോഗിക്കുന്നു’
ശസ്ത്രക്രിയയ്ക്ക് ശേഷവും മാണിക്കിന്‍റെ കൂടെ ഷീല കരിമ്പ് വെട്ടാൻ പടിഞ്ഞാറൻ മഹാരാഷ്ട്രയിലേക്ക് പോകുന്നുണ്ട്. ബീഡിൽനിന്ന് 450 കിലോമീറ്റർ അകലെ കോലാപുരിലുള്ള ഒരു കരിമ്പ് ചതയ്ക്കൽ ഫാക്ടറിയിലേക്കാണ് കുടുംബത്തോടൊപ്പം അവൾ പോവാറുള്ളത്.
“16-18 മണിക്കൂർ ജോലിയെടുത്ത് ദിവസത്തിൽ രണ്ട് ടൺ കരിമ്പെങ്കിലും വെട്ടാൻ ഞങ്ങൾക്ക് കഴിഞ്ഞിരുന്നു. മുറിച്ച് കെട്ടുകളാക്കിവെച്ച ഓരോ ടണ്ണിനും 280 രൂപ ഞങ്ങൾ ‘കോയ്ട്ട’കൾക്ക് കിട്ടും: ഷീല പറഞ്ഞു. കരിമ്പ് വെട്ടാനുള്ള അരിവാളിനെയാണ് ‘കോയ്ട്ട’ എന്ന് വിളിക്കുന്നതെങ്കിലും, ദമ്പതികൾ എന്നും ആ വാക്കിന് ഒരർത്ഥമുണ്ട്. രണ്ടംഗങ്ങളുള്ള ഒരു യൂണിറ്റിന് തൊഴിൽക്കരാറുകാർ ഒരു നിശ്ചിത തുക മുൻകൂറായി കൊടുക്കാറുണ്ട്.
“ആറ് മാസം കഴിയുമ്പോഴേക്കും ഞങ്ങൾ 50,000 മുതൽ 70,000 രൂപവരെ സമ്പാദിച്ചിട്ടുണ്ടാവും“, ഷീല പറയുന്നു. എന്നാൽ ശസ്ത്രക്രിയയ്ക്ക് ശേഷം, ഒരു ടൺ കരിമ്പ് മുറിക്കാനോ കെട്ടാക്കാനോ പോലും അവരിരുവർക്കും കഴിയുന്നില്ല. “പഴയതുപോലെ അധികം ഭാരമെടുക്കാനോ വേഗത്തിൽ വെട്ടാനോ എനിക്ക് സാധിക്കുന്നില്ല”.
പക്ഷേ 2019-ൽ വീട് മരാമത്തിനായി, 30 ശതമാനം വാർഷികപ്പലിശയ്ക്ക് 50,000 രൂപ മുൻകൂർ പണം വാങ്ങിയിരുന്നു അവർ. അതിനാൽ, അത് തിരിച്ചടയ്ക്കാൻ ഷീലയ്ക്കും മാണിക്കിനും ജോലിയെടുത്തേ മതിയാവൂ. “ഒരവസാനവുമില്ല”, ഷീല പറയുന്നു.
*****
മാസമുറയുള്ള സ്ത്രീകൾക്ക് കരിമ്പുപാടത്തെ ജോലി നടുവൊടിക്കുന്നതാണ്. പാടത്ത് കക്കൂസോ, കുളിമുറിയോ ഒന്നുമില്ലെന്ന് മാത്രമല്ല, അവരുടെ താമസസൗകര്യങ്ങൾ പോലും പ്രാകൃതമാണ്. കരിമ്പ് ഫാക്ടറികൾക്കും പാടങ്ങൾക്കും അരികിലുള്ള കുടിലുകളിലാണ് ദമ്പതിമാർ, ചിലപ്പോൾ, അവരുടെ കുട്ടികളോടൊപ്പം താമസിക്കുക. “ആർത്തവസമയത്ത് ജോലിയെടുക്കുന്നത് വളരെ ബുദ്ധിമുട്ടാണ്”, ഷീല ഓർക്കുന്നു.
ഒരു ദിവസം അവധിയെടുത്താൽ, കൂലി ഉണ്ടാവില്ലെന്ന് മാത്രമല്ല, പിഴയീടാക്കുകയും ചെയ്യും കരാറുകാർ.


ഇടത്ത് : കരിമ്പ് പാടത്തേക്ക് പണിക്ക് പോവുമ്പോൾ വീട്ടുസാമാനങ്ങൾ നിറയ്ക്കാൻ ഷീല ഉപയോഗിക്കുന്ന പെട്ടി . വലത്ത് : ബലമുള്ള കരിമ്പുകൾ വെട്ടാൻ ഉപയോഗിക്കുന്ന കൊയ്ട്ട എന്ന അരിവാൾ . കരിമ്പുവെട്ടാൻ പോകുന്ന ദമ്പതികളേയും കോയ്ട്ട എന്ന് വിളിക്കുന്നു
Sഉപയോഗിച്ച അടിപ്പാവാടകളിൽനിന്ന് ഉണ്ടാക്കിയ തുണിക്കഷ്ണങ്ങൾ ധരിച്ചാണ് സ്ത്രീകൾ കരിമ്പ് വെട്ടാൻ പോവുന്നതെന്ന് ഷീല പറയുന്നു. അത് മാറ്റാൻ പോലും കഴിയാതെ, ദിവസത്തിൽ 16 മണിക്കൂർവരെ അവർ ജോലി ചെയ്യുന്നു. “ഒരു ദിവസത്തെ പണി കഴിഞ്ഞ് അത് മാറ്റുമ്പോൾ നനഞ്ഞ് കുതിർന്ന് ചോര ഇറ്റുന്നുണ്ടാവും”, ഷീല പറയുന്നു.
ആ തുണികൾ കഴുകാനോ, ഉണക്കാനോ വെള്ളവും മറ്റ് സൗകര്യങ്ങളുമില്ലാത്തതിനാൽ, പിറ്റേന്നും അവർക്കത് ഉപയോഗിക്കേണ്ടിവരാറുണ്ട്. “വല്ലാത്ത നാറ്റമായിരിക്കും. പക്ഷേ ചുറ്റുവട്ടത്തൊക്കെ പുരുഷന്മാർ ഉള്ളതിനാൽ, വെയിലത്തിട്ട് ഉണക്കാനും സാധിക്കില്ല”. സാനിറ്ററി പാഡുകളെക്കുറിച്ച് അവൾ കേട്ടിട്ടുപോലുമുണ്ടായിരുന്നില്ല. “എന്‍റെ മകൾ ഉപയോഗിക്കാൻ തുടങ്ങിയപ്പോഴാണ് ഞാനതിനെക്കുറിച്ച് മനസ്സിലാക്കിയത്”, ഷീല പറയുന്നു.
15 വയസ്സുള്ള മകൾ ഋതുജയ്ക്ക് വേണ്ടി ഷീല സാനിറ്ററി പാഡുകൾ വാങ്ങാറുണ്ട്. “അവളുടെ ആരോഗ്യകാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ചെയ്യാൻ ഞാൻ തയ്യാറല്ല”.
മഹാരാഷ്ട്രയിലെ എട്ട് ജില്ലകളിലെ 1,042 കരിമ്പുവെട്ട് സ്ത്രീ തൊഴിലാളികളെ അഭിമുഖം ചെയ്ത്, സ്ത്രീ കർഷകത്തൊഴിലാളികൾക്കുവേണ്ടി പ്രവർത്തിക്കുന്ന സംഘടനകളുടെ കൂട്ടായ്മയായ പുണെ ആസ്ഥാനമായ മകാം ഒരു സർവ്വേ 2020-ൽ പ്രസിദ്ധീകരിച്ചിരുന്നു. ആർത്തവകാലത്ത്, 83 ശതമാനം കരിമ്പുവെട്ട് സ്ത്രീകളും തുണികളാണ് ഉപയോഗിക്കുന്നതെന്ന് ആ സർവ്വേ വെളിപ്പെടുത്തി. 59 ശതമാനത്തിന് മാത്രമാണ് ഈ ആർത്തവത്തുണികൾ കഴുകാനുള്ള ജലലഭ്യതയുള്ളത്. 24 ശതമാനം സ്ത്രീകൾക്കും നനഞ്ഞ തുണിതന്നെ ഉപയോഗിക്കേണ്ടിവരുന്നു.
വൃത്തിഹീനമായ ഇത്തരം രീതികൾ സ്ത്രീസംബന്ധമായ നിരവധി പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്. വർദ്ധിച്ച രക്തപ്പോക്കും, ആർത്തവസമയത്തെ വേദനയും ഉൾപ്പെടെ. “അടിവയറ്റിൽ ഇടയ്ക്കിടയ്ക്ക് വേദന തോന്നാറുണ്ട്. യോനിയിൽനിന്ന് കൊഴുപ്പുള്ള വെളുത്ത സ്രവവും ഉണ്ടാവും”, ഷീല പറയുന്നു.
വൃത്തിഹീനമായ ആർത്തവപരിചരണംകൊണ്ട് ഉണ്ടാവുന്ന അണുബാധ സാധാരണമാണെങ്കിലും, ലളിതമായ ചികിത്സകൊണ്ട് ഭേദപ്പെടുത്താവുന്നതാണ്”, ഡോ. ചവാൻ പറയുന്നു. “ആദ്യമേ ചെയ്യേണ്ട ഒരു പരിഹാരമല്ല ഗർഭപാത്രം മാറ്റിവെക്കൽ. അർബ്ബുദമോ, ഗർഭപാത്രത്തിന് സ്ഥാനഭ്രംശമോ, ഗർഭാശയ മുഴയോ മറ്റോ വന്നാൽ മാത്രം ചെയ്യേണ്ട ഒന്നാണ്.

മാസമുറയുള്ള സ്ത്രീകളെ സംബന്ധിച്ചിടത്തോളം കരിമ്പുപാടത്തെ ജോലി നടുവൊടിക്കുന്ന ഒന്നാണ്. പാടത്ത് കക്കൂസോ, കുളിമുറിയോ ഒന്നുമില്ലെന്ന് മാത്രമല്ല, അവരുടെ താമസസൗകര്യങ്ങൾ പോലും തീർത്തും പ്രാകൃതമാണ്
മറാത്തിയിൽ തന്‍റെ പേരെഴുതാനല്ലാതെ, എഴുതാനോ വായിക്കാനോ അറിയാത്ത ഷീലയ്ക്ക്, അണുബാധ എന്നത് ചികിത്സിക്കാവുന്ന ഒന്നാണെന്ന് അറിയില്ലായിരുന്നു. കരിമ്പ് വെട്ടുന്ന മറ്റ് സ്ത്രീകളെപ്പോലെ, അവരും, ബീഡ് പട്ടണത്തിലെ സ്വകാര്യാശുപത്രിയെ സമീപിച്ച്, വേദന കുറയ്ക്കാനുള്ള മരുന്നുകൾ വാങ്ങുകയാണ് പതിവ്. ആർത്തവസമയത്തും ജോലിയെടുക്കാനും, തൊഴിൽക്കരാറുകാരന് പിഴ കൊടുക്കുന്നതിൽനിന്ന് രക്ഷപ്പെടാനും അതുവഴി സാധിക്കുമെന്നാണ് അവരുടെ കണക്കുകൂട്ടൽ.
ആശുപത്രിയിൽവെച്ച്, ഒരു ഡോക്ടർ അർബ്ബുദത്തിനുള്ള സാധ്യതയെക്കുറിച്ച് സൂചിപ്പിച്ചു. “രക്തപരിശോധനയോ സോണോഗ്രാഫിയെ ഒന്നും ചെയ്യാതെ, എന്‍റെ ഗർഭപാത്രത്തിൽ തുളകളുണ്ടെന്നും, അഞ്ചാറ് മാസത്തിനുള്ളിൽ മരിക്കാനിടയുണ്ടെന്നും പറഞ്ഞു“, അവർ ഓർത്തെടുത്തു. ആകെ ഭയന്നുപോയ ഷീല ഉടൻ ശസ്ത്രക്രിയയ്ക്ക് സമ്മതിച്ചു. “ശസ്ത്രക്രിയ കഴിഞ്ഞ്, മണിക്കൂറുകൾ കഴിഞ്ഞയുടൻ, എടുത്തുമാറ്റിയ ഗർഭപാത്രത്തിലെ തുളകൾ ഭർത്താവിനെ കാണിച്ച് ഇത് നോക്കൂ എന്ന് ഡോക്ടർ പറഞ്ഞു”, ഷീല പറയുന്നു.
ഏഴ് ദിവസമാണ് അവർ ആശുപത്രിയിൽ കഴിഞ്ഞത്. കയ്യിലുണ്ടായിരുന്ന സമ്പാദ്യവും, ബന്ധുക്കളിൽനിന്നും സുഹൃത്തുക്കളിൽനിന്നും കടമെടുത്തതും എല്ലാം കൂട്ടി 40,000 രൂപ മാണിക്ക് ബില്ലടച്ചു.
“ഇത്തരം എല്ലാ ശസ്ത്രക്രിയകളും സ്വകാര്യാശുപത്രികളിലാണ് നടത്താറുള്ളത്”, കരിമ്പ് തൊഴിലാളികളുടെ അവസ്ഥ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളിൽ ഏർപ്പെട്ട ബീഡിലെ സാമൂഹികപ്രവർത്തകനായ അശോക് ടാംഗ്ഡെ പറയുന്നു. “പ്രത്യേകിച്ചൊരു കാരണവുമില്ലാതെ, തീർത്തും മനുഷ്യത്വരഹിതമായാണ് പല ഡോക്ടർമാരും ഇത്തരം ഗൗരവമായ ശസ്ത്രക്രിയകൾ ചെയ്യുന്നത്“.
സർവ്വേയിൽ പങ്കെടുത്ത സ്ത്രീകളിൽ 9 ശതമാനവും ഇത്തരം ശസ്ത്രക്രിയകൾ ചെയ്തത് സ്വകാര്യാശുപത്രികളിലാണെന്ന് സർക്കാർ നിയോഗിച്ച കമ്മിറ്റി കണ്ടെത്തി.
ഉണ്ടാകാനിടയുള്ള പാർശ്വഫലങ്ങളെക്കുറിച്ച് ഒരു ഉപദേശവും ഷീലയ്ക്ക് ലഭിച്ചില്ല. “ആർത്തവത്തിൽനിന്ന് ഞാൻ രക്ഷപ്പെട്ടു. പക്ഷേ ജീവിതം കൂടുതൽ ദുരിതമയമായി”, അവർ പറയുന്നു.
കൂലി വെട്ടിക്കുറയ്ക്കലിന്‍റെയും, തൊഴിൽക്കരാറുകാരുടെ നിർദ്ദയമായ നിയമങ്ങളുടേയും ലാഭക്കൊതിയന്മാരായ സ്വകാര്യ സർജന്മാരുടേയും വലയിൽപ്പെട്ട ബീഡ് ജില്ലയിലെ സ്ത്രീ കരിമ്പുവെട്ട് തൊഴിലാളികൾക്ക് പങ്ക് വെക്കാനുള്ളത് സമാനമായ കഥകളാണ്.
*****

ലത വാഘ്മാരെ തന്‍റെ അടുക്കളയിൽ . ജോലിക്ക് പോവുന്നതിന് മുൻപ് അവർ തന്‍റെ വീട്ടുജോലികൾ തീർക്കുന്നു
ഷീലയുടെ വീട്ടിൽനിന്ന് ആറ് കിലോമീറ്റർ അകലെയുള്ള കാതോഡ ഗ്രാമത്തിലെ ലത വാഘ്മാരെയുടെ കഥയും വ്യത്യസ്തമല്ല.
“ജീവിക്കാൻ തോന്നുന്നില്ല”, ഇരുപത് വയസ്സിൽ ഗർഭപാത്രം മാറ്റിവെക്കൽ ശസ്ത്രക്രിയ കഴിഞ്ഞ 32 വയസ്സുള്ള ലത പറയുന്നു.
“ഞങ്ങൾക്കിടയിൽ ഇപ്പോൾ സ്നേഹം എന്ന് പറയുന്ന സാധനമില്ല”, ഭർത്താവ് രമേശുമായുള്ള തന്‍റെ ബന്ധത്തെക്കുറിച്ച് അവർ പറയുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് ഒരു വർഷമായപ്പോഴേക്കും കൂടുതൽ അകൽച്ചയും അസ്വസ്ഥതയും ലത കാണിച്ചുതുടങ്ങിയപ്പോഴാണ് കാര്യങ്ങൾ മാറിമറിയാൻ തുടങ്ങിയത്.
“അയാൾ അടുത്ത് വരുമ്പോൾ ഞാൻ തള്ളിമാറ്റും. പിന്നെ വഴക്കായി, ഒച്ചയെടുക്കലായി. ഇപ്പോൾ എന്നോട് സംസാരിക്കുകപോലും ചെയ്യുന്നില്ല”, അയാളുടെ ലൈംഗികശ്രമങ്ങളെ എന്നും ഒഴിവാക്കാൻ തുടങ്ങിയതോടെ, അയാളുടെ താത്പര്യവും അവസാനിച്ചുവെന്ന് ലത പറയുന്നു.
കൃഷിപ്പണിക്ക് പോവുന്നതിന് മുൻപ് വീട്ടിലെ പണികൾ ചെയ്താണ് അവരുടെ ദിവസം ആരംഭിക്കുന്നത്. ഗ്രാമത്തിലെ മറ്റുള്ളവരുടെ കൃഷിസ്ഥലങ്ങളിലോ അടുത്തുള്ള ഗ്രാമങ്ങളിലോ പോയി, ദിവസവും 150 രൂപ വരുമാനമുണ്ടാക്കും. കാൽമുട്ടുവേദനയും നടുവേദനയും സ്ഥിരമായ തലവേദനയുമൊക്കെ അവരെ അലട്ടുന്നുണ്ട്. ആശ്വാസത്തിനായി അവർ എന്തെങ്കിലും വേദനസംഹാരികളോ വീട്ടുചികിത്സയോ ചെയ്യും. “പിന്നെ എങ്ങിനെയാണ് അയാളുടെ അടുത്ത് പോകാൻ തോന്നുക?” ലത ചോദിക്കുന്നു.
13 വയസ്സിൽ വിവാഹിതയായ അവർ ഒരുവർഷത്തിനകം ആകാശ് എന്ന മകന് ജന്മം നൽകി. 12-ാം ക്ലാസ്സുവരെ പഠിച്ചിട്ടുണ്ടെങ്കിലും അവനും അച്ഛനമ്മമാരുടെ കൂടെ കരിമ്പുപാടത്തേക്ക് പണിക്ക് പോവുന്നു.

കരിമ്പ് മുറിക്കാൻ മറ്റിടങ്ങളിലേക്ക് പോകാൻ പറ്റാത്ത കാലത്ത് , സ്വന്തം ഗ്രാമത്തിൽത്തന്നെ കർഷകത്തൊഴിലാളിയായി ലത പണിയെടുക്കുന്നു
പിന്നീട് ഒരു മകളുണ്ടായെങ്കിലും, അഞ്ചാമത്ത മാസത്തിൽ ആ കൊച്ചുകുഞ്ഞ്, കരിമ്പുപാടത്തെ ഒരു ട്രാക്ടറിനടിയിൽപ്പെട്ട് മരിച്ചു. കുട്ടികളെ നോക്കാൻ സംവിധാനങ്ങളില്ലാത്തതിനാൽ, കരിമ്പ് വെട്ടാൻ പോകുന്ന ദമ്പതിമാർ കുട്ടികളെ സമീപത്തുള്ള തുറസ്സായ സ്ഥലത്ത് കളിക്കാൻ വിടുന്നു.
ആ ദുരന്തം വിവരിക്കാൻ അവർക്കാവുന്നില്ല.
“ജോലി ചെയ്യാനേ തോന്നുന്നില്ല എനിക്ക്. ഒന്നും ചെയ്യാതെ വെറുതെയിരിക്കാനാണ് തോന്നുന്നത്”, പണികളിലുള്ള താത്പര്യക്കുറവുകൊണ്ട് പല അബദ്ധങ്ങളും സംഭവിക്കുകയും പറ്റുന്നു. “ചിലപ്പോൾ പാലോ കറിയോ അടുപ്പത്ത് വെച്ച്, തിളച്ചുപോയാലും എനിക്കൊന്നും ചെയ്യാൻ തോന്നില്ല”, ലത പറയുന്നു.
മകളുടെ മരണശേഷവും ലതയ്ക്കും രമേശിനും കരിമ്പുവെട്ടൽ സീസണിൽ ജോലിക്ക് പോകാതിരിക്കാനായില്ല.
പിന്നീട് ലത മൂന്ന് പെണ്മക്കളെ പ്രസവിച്ചു. അഞ്ജലി, നികിത, രോഹിണി. ഇപ്പോഴും കുട്ടികളെ കരിമ്പുപാടത്തേക്ക് കൊണ്ടുപോകാറുണ്ട്. “ജോലി ചെയ്തില്ലെങ്കിൽ കുട്ടികൾ വിശന്ന് ചാവും. ജോലിക്ക് പോയാൽ അപകടങ്ങളിലും. പിന്നെ എന്താ വ്യത്യാസം?” അവർ ചോദിക്കുന്നു.
മഹാവ്യാധിയിൽ സ്കൂളുകൾ അടയ്ക്കുകയും, ഓൺലൈൻ വിദ്യാഭ്യാസത്തിനുള്ള സ്മാർട്ട് ഫോണുകൾ വാങ്ങാൻ നിവൃത്തിയില്ലാതെ വരികയും ചെയ്തതോടെ, അവരുടെ പെണ്മക്കളുടെ വിദ്യാഭ്യാസം പൊടുന്നനെ അവസാനിച്ചു. 2020-ൽ അഞ്ജലി വിവാഹിതയായി. നികിതയ്ക്കും രോഹിണിക്കും പറ്റിയ വരന്മാരെ അന്വേഷിച്ചുകൊണ്ടിരിക്കുന്നു.


ഇടത്ത് : ലത , തന്‍റെ മക്കൾ നികിതയും രോഹിണിയോടുമൊപ്പം വലത്ത് : അടുക്കളയിൽ പണിയെടുക്കുന്ന നികിത . ‘എനിക്ക് പഠിക്കണമെന്നുണ്ട് . പക്ഷേ ഇനി സാധിക്കില്ല’ , അവൾ പറയുന്നു
“ഞാൻ ഏഴാം ക്ലാസ്സുവരെ പഠിച്ചു” നികിത പറയുന്നു. 2020 മാർച്ച് മുതൽ കർഷകത്തൊഴിലാളിയായി ജോലിയെടുക്കാൻ തുടങ്ങിയ അവൾ ഇപ്പോൾ അച്ഛനമ്മമാരുടെ കൂടെ കരിമ്പ് വെട്ടാൻ പോകുന്നുണ്ട്. “എനിക്ക് പഠിക്കണമെന്നുണ്ട്. പക്ഷേ ഇനി സാധിക്കില്ല. വീട്ടുകാർ എന്‍റെ കല്യാണം ആലോചിക്കുന്നു”, അവൾ പറയുന്നു.
നീലം ഗോർഹെയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ കണ്ടെത്തലുകൾ വന്ന് മൂന്ന് വർഷം കഴിഞ്ഞിട്ടും നിർദ്ദേശങ്ങൾ നടപ്പാക്കൽ ഇപ്പോഴും മന്ദഗതിയിലാണ്. കരിമ്പുവെട്ടുന്നവരുടെ പണിസ്ഥലത്തിനടുത്തുതന്നെ ശുദ്ധജലം ലഭ്യമാക്കാനും, കക്കൂസുകളും താത്ക്കാലിക താമസസൗകര്യങ്ങളും ഒരുക്കാനുമുള്ള നിർദ്ദേശങ്ങൾ ഇപ്പോഴും കടലാസ്സിൽത്തന്നെയാണെന്ന് ഷീലയും ലതയും പറയുന്നു.
“എന്ത് വീട്, എന്ത് കക്കൂസ്”, സ്ഥിതിഗതികൾ മാറുമെന്ന തോന്നലിനെ അവർ പുച്ഛിച്ച് തള്ളി. “എല്ലാം പഴയപോലെത്തന്നെ”.
കരിമ്പുവെട്ടുന്ന സ്ത്രീകളുടെ ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കാൻ ആശ പ്രവർത്തകരുടേയും അങ്കണവാടി പ്രവർത്തകരുടേയും സംഘം രൂപവത്ക്കരിക്കണമെന്നതായിരുന്നു കമ്മിറ്റിയുടെ മറ്റൊരു നിർദ്ദേശം.

കാതോഡ ഗ്രാമത്തിലെ ലതയുടെ വീടിന്‍റെ ഉൾവശം
കൂലി വെട്ടിക്കുറയ്ക്കുമെന്ന പേടിയുടേയും തൊഴിൽക്കരാറുകാരുടെ നിർദ്ദയമായ നിയമങ്ങളുടേയും ലാഭക്കൊതിയന്മാരായ സ്വകാര്യ സർജന്മാരുടേയും വലയിൽപ്പെട്ട ബീഡ് ജില്ലയിലെ സ്ത്രീ കരിമ്പുവെട്ട് തൊഴിലാളികൾക്ക് പങ്ക് വെക്കാനുള്ളത് സമാനമായ കഥകളാണ്
ഗ്രാമത്തിലെ ആശ പ്രവർത്തകർ വരാറുണ്ടോ എന്ന് ചോദിച്ചപ്പോൾ ലത പറയുന്നു “ആരും ഒരിക്കലും വരാറില്ല. ദീപാവലി കഴിഞ്ഞ് ആറുമാസത്തോളം ഞങ്ങൾ കരിമ്പുപാടത്തായിരുന്നു. വീട് പൂട്ടിയിട്ടിരുന്നു”. കാതോഡയുടെ അതിർത്തിയിലെ 20 വീടുകളുള്ള ഒരു ദളിത് കോളണിയിൽ താമസിക്കുന്ന നവ ബുദ്ധ സമുദായക്കാർ എന്ന നിലയിൽ, ഗ്രാമീണരും പതിവായി ഇവരോട് വിവേചനം കാണിക്കുന്നു. “ആരും ഞങ്ങളോട് ചോദിക്കാറില്ല” അവർ പറയുന്നു.
ശൈശവവിവാഹവും, ഗ്രാമങ്ങളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ പരിശീലനം സിദ്ധിച്ച ഗൈനക്കോളജിസ്റ്റുകളില്ലാത്ത പ്രശ്നവും അടിയന്തിരമായി പരിഹരിക്കണമെന്ന് ബീഡിൽ താമസിക്കുന്ന സാമൂഹികപ്രവർത്തകൻ ടാംഗ്‌ഡെ പറയുന്നു.
അതേസമയം, ഇക്കൊല്ലത്ത കരിമ്പുവെട്ട് സീസണിലും, ഷീലയും ലതയുമടക്കം ആയിരക്കണക്കിന് സ്ത്രീകൾ അവരുടെ വീടുകളിൽനിന്നും നൂറുകണക്കിന് കിലോമീറ്ററുകളകലെയുള്ള കരിമ്പുപാടങ്ങളിലെ ശോചനീയമായ കുടിലുകളിൽ കഴിയുകയാണ്.
“ഇനിയും കുറേക്കാലം ജീവിക്കേണ്ടതല്ലേ, എങ്ങിനെ ജീവിക്കുമെന്ന് അറിയില്ല”, ഷീല പറയുന്നു.
ഗ്രാമീണ ഇന്ത്യയിലെ കൗമാരക്കാരായ പെൺകുട്ടികളെയും യുവതികളെയും കുറിച്ച് പ്രോജക്റ്റ് പോപുലേഷൻ ഫൗ ണ്ടേഷൻ ഓഫ് ഇന്ത്യയുടെ പിന്തുണയോടെ പാരിയും കൗ ണ്ടർ മീഡിയ ട്രസ്റ്റും രാജ്യവ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പ്രധാനപ്പെട്ട ജനവിഭാഗവും എന്നാല്‍ പാര്‍ശ്വവത്കൃതരുമായ മേല്‍പ്പറഞ്ഞ വിഭാഗങ്ങളുടെ അവസ്ഥ സാധാരണക്കാരുടെ ശബ്ദത്തിലൂടെയും ജീവിതാനുഭവങ്ങളിലൂടെയും മനസ്സിലാക്കുന്നതിനുള്ള ഒരു ഉദ്യമത്തിന്‍റെ ഭാഗമാണ് ഈ പ്രോജക്റ്റ്.
ഈ ലേഖനം പുനഃപ്രസിദ്ധീകരിക്കണമെന്നുണ്ടെങ്കിൽ zahra@ruralindiaonline.org എന്ന മെയിലിലേക്ക് , namita@ruralindiaonline.org എന്ന മെയിൽ ഐഡി കൂടി കാർബൺ കോപ്പി ചെയ്ത്, എഴുതുക .
പരിഭാഷ: രാജീവ് ചേലനാട്ട്