ചെയ്തുകൊണ്ടിരിക്കുന്ന പണിയിൽ മാറ്റങ്ങൾ വരുത്തുക എന്നത് തനുബായ് ഗോവിൽക്കറിന് സാധിക്കില്ല. കൈകൊണ്ട് ബുദ്ധിമുട്ടി ഉണ്ടാക്കുന്ന സൂക്ഷ്മമായ തുന്നലുകളിൽ വരുന്ന പിഴവ് തിരുത്താൻ ഒരേയൊരു വഴിയേയുള്ളു. ആദ്യം മുതൽ ആ പണി ആവർത്തിക്കുക. എന്നുവെച്ചാൽ, 97,800 തുന്നലുകൾ വീണ്ടും ചെയ്യുക.
“ഒരൊറ്റ പിഴവ് വരുത്തിയാൽ മതി, കോസടി ശരിയാവില്ല”, തന്റെ തൊഴിലിൽ ആവശ്യമായ കൃത്യതയെക്കുറിച്ച് 74 വയസ്സുള്ള അവർ സൂചിപ്പിച്ചു. പക്ഷേ ഒരിക്കലെങ്കിലും ഒരു പിഴവ് വരുത്തിയ ഒരു സ്ത്രീയേയും അവർക്കോർമ്മയില്ല. “ഒരിക്കൽ ഈ പണി പഠിച്ചാൽ, പിന്നെ ഒരു തെറ്റ് വരുത്താൻ നിങ്ങൾക്കാവില്ല”, ചിരിച്ചുകൊണ്ട് അവർ പറയുന്നു.
ഈ ദുഷ്കരമായ പണി പഠിക്കണമെന്ന് ഒരിക്കലും അവർ വിചാരിച്ചതല്ല. ജീവിതം – അല്ലെങ്കിൽ അതിജീവനമാണ്- അവരെക്കൊണ്ട് ഈ സൂചി എടുപ്പിച്ചത്. “ദാരിദ്ര്യമാണ് എന്നെ ഈ കല പഠിപ്പിച്ചത്”, 1960-കളുടെ ആദ്യത്തിൽ കേവലം 15 വയസ്സായിരുന്ന ഒരു നവവധുവിനെ ഓർത്തുകൊണ്ട് അവർ പറയുന്നു.
“സ്കൂളിൽ പഠിക്കുന്ന പ്രായത്തിൽ പെന്നും പെൻസിലിനും പകരം, എന്റെ കൈയ്യിൽ അരിവാളും സൂചിയുമായിരുന്നു. സ്കൂളിൽ പോയിരുന്നെങ്കിൽ ഈ പണി പഠിക്കാൻ കഴിയുമായിരുന്നു എന്ന് നിങ്ങൾ കരുതുന്നുണ്ടോ?”, ‘മുത്തശ്ശി’ (അഥവാ ആജി) എന്ന് മറാത്തിയിൽ സ്നേഹത്തോടെ വിളിക്കപ്പെടുന്ന തനുബായ് ചോദിക്കുന്നു.

മുത്തശ്ശി (ആജി) എന്ന് സ്നേഹത്തോടെ വിളിക്കപ്പെടുന്ന തനുബായ് ഗോവിൽക്കർ ഒരു കോസടിയുടെ നിർമ്മാണത്തിൽ. കൈയ്യുടെ സവിശേഷമായ ചലനമാണ് ഒരു കോസടിയുടെ നിർമ്മാണത്തിലെ ഓരോ തുന്നലുകളും ആവശ്യപ്പെടുന്നത്

സാരിയിൽനിന്ന് മുറിച്ച കഷണങ്ങൾ (തിഘൽ എന്ന് വിളിക്കുന്നു) തുന്നാൻ നല്ല കൃത്യത വേണം. അവ ഒന്നിനുമുകളിൽ ഒന്നായി മുകൾഭാഗത്ത് തുന്നിപ്പിടിപ്പിച്ച് നിറഭംഗിയുള്ളതും സുഘടിതവുമായ ഒരു ചിത്രപടം സൃഷ്ടിക്കുന്നു. 'ഒരു ചെറിയ തെറ്റുപോലും കോസടിയുടെ ഗുണത്തെയും ആയുസ്സിനേയും ബാധിക്കുന്നു'
മറാത്ത സമുദായക്കാരായ തനുബായിക്കും മരിച്ചുപോയ ഭർത്താവ് ധനാജിക്കും കൃഷിപ്പണി കൊണ്ട് ജീവിക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു. അതുകൊണ്ട്, തണുപ്പുകാലത്ത് കോസടി ഉപയോഗിക്കുക എന്നതൊക്കെ അവർക്ക് ആലോചിക്കാൻ പോലും സാധിച്ചിരുന്നില്ല. “അന്നൊക്കെ കോസടികൾ വാങ്ങാനുള്ള സ്ഥിതിയുണ്ടായിരുന്നില്ല. അതിനാൽ സ്ത്രീകൾ പഴയ സാരികൾ ഉപയോഗിച്ച് സ്വന്തം ആവശ്യത്തിനുള്ള കോസടികൾ നിർമ്മിക്കും”, അവർ ഓർത്തെടുക്കുന്നു. രാവിലത്തെ പാടത്തുള്ള അദ്ധ്വാനം കഴിഞ്ഞ് വീട്ടിലെത്തിയാൽപ്പിന്നെ കോസടി തുന്നുന്ന പണിയിൽ മുഴുകുകയായി.
“പാടത്തെ പണി എളുപ്പമാണ്” അവർ പറയുന്നു. കാരണം, ഒരൊറ്റ കോസടി ഉണ്ടാക്കാൻ 120 ദിവസവും ഏകദേശം 600 മണിക്കൂറും സങ്കീർണ്ണമായ തയ്യൽപ്പണി ആവശ്യമാണ്. കണ്ണുകളുടെ കഴപ്പും നടുവേദനയും കൂടി കണക്കാക്കിയാൽ നിങ്ങൾക്ക് മനസ്സിലാവും എന്തുകൊണ്ടാണ് കൃഷിപ്പണി കോസടി നിർമ്മിക്കുന്നതിനേക്കാൾ എളുപ്പമാണെന്ന് അവർ പറയുന്നതെന്ന്.
ഈ കൈവേല അറിയാവുന്നവരിൽ, ഇന്നത് ചെയ്യുന്ന ഒരേയൊരാൾ അവരായിപ്പോയതിന്റെ കാരണവും മറ്റൊന്നല്ല. മഹാരാഷ്ട്രയിലെ കോലാപ്പുർ ജില്ലയിലെ ജംഭാലി എന്ന ഗ്രാമത്തിൽ താമസിക്കുന്ന 4,963 ആളുകളിൽ (2011-ലെ സെൻസസ് പ്രകാരം) അവർ ഒരാൾ മാത്രമാണ് ഈ പണി ചെയ്യുന്നത്.
*****
സാരികൾ ശ്രദ്ധിച്ച് അടുക്കിവെക്കുന്നതാണ് കോസടി നിർമ്മാണത്തിലെ ആദ്യത്തെ ഘട്ടം. മറാത്തിയിൽ ഇതിന് ലെവ എന്ന് പറയും. എത്ര സാരികൾ ഉപയോഗിക്കണമെന്നത് ഓരോ കൈവേലക്കാരുടെ തീരുമാനമാണ്. ചിലവഴിക്കാൻ എത്ര സമയമുണ്ട് എന്നതിനെ ആശ്രയിച്ചിരിക്കും അതിന്റെ എണ്ണം. തന്റെ ഏറ്റവും പുതിയ കോസടി തുന്നാൻ തനുബായ് ഉപയോഗിക്കുന്നത് ഒമ്പത് മുഴം നീളമുള്ള പരുത്തി സാരികളാണ്.
ആദ്യം അവർ ഒരൊറ്റ സാരി രണ്ട് കഷണമായി മുറിച്ച് നിലത്ത് വിരിക്കുന്നു. അതിന്റെ മുകളിൽ വേറെ രണ്ട് സാരികൾ രണ്ടായി മടക്കി വെക്കുന്നു. അങ്ങിനെ എട്ട് സാരികളുടെ നാല് അടരുകൾ ഒരുമിച്ച് വെച്ച് അധികം മുറുകാത്ത, താത്ക്കാലികമായ തയ്യലുകളോടെ എല്ലാ സാരികളെയും കൂട്ടിയോജിപ്പിക്കുന്നു. അതേസമയം, അടിവശം ബലമായി നിൽക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയും ചെയ്യുന്നു. “കോസടി തുന്നിക്കൊണ്ടിരിക്കുമ്പോൾ, താത്ക്കാലികമായി തയ്ച്ച തുന്നലുകൾ ഒഴിവാക്കുകയും ചെയ്യും”, അവർ വിശദീകരിച്ചു.


ഇടത്ത്: കോസടി ഉണ്ടാക്കാനായി പഴയ സാരികൾ മുറിക്കുമ്പോൾ ആജി ഒരിക്കലും അളവ് ടേപ്പുകൾ ഉപയോഗിക്കാറില്ല. കൈകൊണ്ടാണ് തുണിയുടെ അളവെടുക്കുക. വലത്ത്: കത്രിക ഉപയോഗിച്ച് രണ്ട് പകുതിയായി മുറിച്ച സാരികൾ തനുബായ് കൂട്ടിവെക്കാൻ തുടങ്ങുന്നു. ലെവ എന്നാണ് അതിന് പറയുക. മുറിച്ച തുണികളെ അഞ്ച് അടരുകളായിട്ടാന് കൂട്ടിവെക്കുന്നത്

കോസടി ഉണ്ടാക്കുന്നതിൽ ആജിയുടെ പുത്രവധു അശ്വിനി ബിരഞ്ജെ (ഇടത്ത്) സഹായിക്കുന്നു
അതിനുശേഷം ആജി കൂടുതൽ സാരികൾ ചെറിയ കഷണങ്ങളാക്കി മുറിക്കുന്നു. തൈഗൽ എന്നാണ് അവ അറിയപ്പെടുന്നത്. ആ കഷണങ്ങളെ ഏറ്റവും മുകളിലുള്ള സാരിയിൽ ഒന്നൊന്നായി തയ്ച്ചുപിടിപ്പിക്കുന്നു. വിവിധ വർണ്ണങ്ങളിലുള്ളതും, തുല്യ അളവുകളിലുള്ളതുമായ ഒരു ആകൃതി രൂപപ്പെടുന്നു. “പ്രത്യേകമായ പദ്ധതിയോ ചിത്രമോ ഒന്നും ഇതിനാവശ്യമില്ല. ചെറിയ കഷ്ണങ്ങളെടുത്ത് തയ്ച്ചുകൊണ്ടിരിക്കുക”, അവർ പറയുന്നു.
5 മില്ലീമീറ്റർ വരുന്ന തുന്നലുകളാണ് അവർ ചെയ്യുന്നത്. നാലറ്റങ്ങളിൽനിന്നാണ് അത് തുടങ്ങുക. തയ്യലുകൾ കൂടുന്നതനുസരിച്ച് കോസടിയുടെ ഭാരവും കൂടും. കൈയ്ക്കും ഭാരം കൂടും. വെളുത്ത പരുത്തിനൂലിന്റെ 30 ഉണ്ടകളും (150 മീറ്റർ, അഥവാ 492 അടി) നിരവധി സൂചികളും തയ്ക്കാൻ ആവശ്യമായിവരും. ജംഭാലിയിൽനിന്ന് 12 കിലോമീറ്റർ അകലെയുള്ള ഇചൽകരഞ്ജി എന്ന പട്ടണത്തിൽനിന്നാണ് ഒരു നൂലുണ്ടയ്ക്ക് 10 രൂപ കൊടുത്ത് നൂൽ വാങ്ങുന്നത്. “പണ്ടൊക്കെ ഒരു കോസടി തുന്നാൻ 10 രൂപയുടെ നൂൽ മതിയാവുമായിരുന്നു. ഇപ്പോൾ 300 രൂപയാണ് ചിലവ്”, ചെറിയൊരു പരാതിയുടെ സ്വരത്തിൽ അവർ പറയുന്നു.
അവസാനത്തെ തയ്യലിന് തൊട്ടുമുൻപായി, കോസടിയുടെ നടുക്ക് (വയർ ഭാഗത്ത്) കുറച്ച് ധാന്യം ആദരവോടെ അവർ വെക്കുന്നു. കോസടി നൽകുന്ന ചൂടിന് നൽകുന്ന ഒരു കൃതജ്ഞത എന്ന മട്ടിൽ. “കോസടിക്കുപോലും ഒരു വയറുണ്ട്, കുഞ്ഞേ”, അവർ പറയുന്നു.
നാല് മൂലയ്ക്കലും ത്രികോണാകൃതിയിലുള്ള ഓരോ കഷ്ണങ്ങൾ വെക്കുന്നതോടെ, കോസടി തയ്യാറായി. കോസടികളുടെ ഒരു പ്രത്യേകത മാത്രമല്ല അത്. വിശേഷപ്പെട്ട ഒരു ധർമ്മവും നിർവ്വഹിക്കാനുണ്ട് അവയ്ക്ക്. ഭാരമുള്ള കോസടി ഉയർത്താനും സഹായിക്കുന്ന ഒന്നാണത്. ഒമ്പത് സാരികളും, 216 തൈഗലുകളും 97,800 തയ്യലുകളും കൂടിച്ചേരുമ്പോൾ, 7 കിലോഗ്രാം ഭാരം വരുന്ന ഒരു കോസടി തയ്യാറാവുന്നു.


150 മീറ്റർ അഥവാ, 30 വെളുത്ത പരുത്തി നൂലുണ്ടകളും നിരവധി സൂചികളും വേണം തനുബായിക്ക് ഒരു കോസടി നിർമ്മിക്കാൻ


ഇടത്ത്: കോസടിക്ക് ബലം കൊടുക്കാൻ നാല് പുറം അതിരുകളിലും സൂക്ഷ്മമായ തയ്യലുകൾ നടത്തിക്കൊണ്ടാണ് അവർ പണി ആരംഭിക്കുന്നത്. വലത്ത്: പണി അവസാനിപ്പിക്കുന്നതിനുമുൻപ്, ചൂട് നൽകുന്ന കോസടിയോടുള്ള നന്ദിയുടെ സൂചകമായി, മുത്തശ്ശി, ഒരു ചെറു ധാന്യം അതിന്റെ മധ്യഭാഗത്തായി നിക്ഷേപിക്കുന്നു
“നാല് മാസം കൊണ്ട് ചെയ്യേണ്ട ഈ പണി രണ്ടുമാസം കൊണ്ടാണ് തീർത്തത്”, 6.8 x 6.8 അടി വലിപ്പമുള്ള തന്റെ ഏറ്റവും പുതിയ കോസടി അഭിമാനപൂർവ്വം പ്രദർശിപ്പിച്ചുകൊണ്ട് ആജി പറയുന്നു. മൂത്ത മകൻ പ്രഭാകറിന്റെ കോൺക്രീറ്റ് ചെയ്ത വീടിന്റെ മുൻവശത്തിരിക്കുകയായിരുന്നു അവർ. വർഷങ്ങളായി ശേഖരിച്ച പലവിധ ചെടികൾകൊണ്ട് അവർ മുറ്റം അലങ്കരിച്ചിരുന്നു. ഒരിക്കൽ ചാണകമുപയോഗിച്ച് മെഴുകിയിരുന്ന ആ മുറ്റം, തുണികളിൽനിന്ന് നിർമ്മിച്ച വർണ്ണാഭമായ സൃഷ്ടികൾക്കുവേണ്ടി അവർ ചിലവഴിച്ച ആയിരക്കണക്കിന് മണിക്കൂറുകൾക്ക് സാക്ഷ്യം വഹിച്ചതാണ്.
“ഒരു കോസടി അലക്കാൻ നാലുപേർ ആവശ്യമാണ്” അവർ പറയുന്നു. വർഷത്തിൽ മൂന്ന് ദിവസങ്ങളിലാണ് കോസടി അലക്കുന്നത്. ദസറയ്ക്കും, മകരസംക്രാന്തിക്ക് ശേഷമുള്ള ആദ്യത്തെ പൌർണ്ണമിക്കും, ഗ്രാമത്തിലെ വാർഷിക ചന്തയ്ക്കും. “എന്തുകൊണ്ടാണ് ഈ ദിവസങ്ങൾ തിരഞ്ഞെടുക്കുന്നതെന്ന് എനിക്കറിയില്ല, പക്ഷേ അതാണ് ആചാരം”.
തന്റെ ജീവിതത്തിൽ ഇതുവരെയായി 30 കോസടികൾ അവർ ഉണ്ടാക്കിയിട്ടുണ്ട്. ഏതാണ്ട് 18,000 മണിക്കൂറുകളാണ് സങ്കീർണ്ണവും അദ്ധ്വാനം ആവശ്യവുമായ ഈ പ്രവൃത്തിക്കുവേണ്ടി അവർ ചിലവഴിച്ചത്. ഇത് വെറും ഉപതൊഴിലായിരുന്നു എന്നും ഓർമ്മ വേണം. ജീവിതത്തിന്റെ ആറ് പതിറ്റാണ്ടുകൾ കർഷകത്തൊഴിലാളിയായി ജീവിച്ച സ്ത്രീയാണ് അവർ. ദിവസവും പത്ത് മണിക്കൂർ നടുവൊടിക്കുന്ന കൃഷിപ്പണി ചെയ്താണ് അവർ ജീവിച്ചത്.
“ഇത്രയധികം ജോലി ചെയ്തിട്ടും അവർ ക്ഷീണിതയല്ല. സമയം കിട്ടുമ്പോഴൊക്കെ പുതിയ കോസടി ഉണ്ടാക്കാൻ തുടങ്ങും”, ഇതുവരെയായിട്ടും ഈ കല പഠിച്ചിട്ടില്ലാത്ത, മുത്തശ്ശിയുടെ മകൾ സിന്ധു ബിരഞ്ജെ പറഞ്ഞു. “ജീവിതത്തിൽ ഒരിക്കലും എത്ര ശ്രമിച്ചാലും അവരോടൊപ്പം എത്താൻ ഞങ്ങൾക്കാവില്ല. ഇപ്പോഴും അവർ ജോലി ചെയ്യുന്നത് കാണാൻ ഞങ്ങൾക്ക് ഭാഗ്യമുണ്ട്”, തനുബായിയുടെ മൂത്ത മരുമകൾ ലത കൂട്ടിച്ചേർക്കുന്നു.

ഉറക്കത്തിൽപ്പോലും സൂചിയിൽ നൂൽകോർക്കാൻ തനിക്ക് കഴിയുമെന്ന് പറയുന്നു തനുബായ്


ഇടത്ത്: സങ്കീർണ്ണമായ തയ്യൽപ്പണി അവരുടെ ചുമലുകൾക്കും കൈകൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. “ഈ കൈകൾ ഇപ്പോൾ ഇരുമ്പുപോലെയായിട്ടുണ്ട്. അതുകൊണ്ട്,സൂചിയൊന്നും പിടിക്കാൻ എനിക്ക് ബുദ്ധിമുട്ടില്ല” വലത്ത്: കൃത്യദൂരം പാലിച്ച് ചെയ്യുന്ന സ്റ്റിച്ചുകൾക്ക് 5 മില്ലിമീറ്റർ നീളമുണ്ട്. അവർ തുണികളുടെ നിരവധി അടരുകളെ കൂട്ടിയിണക്കുന്നു. ഓരോ തയ്യൽ കഴിയുമ്പോഴും കോസടിയുടെ ഭാരവും വർദ്ധിക്കുന്നു
സിന്ധുവിന്റെ പുത്രവധു, 23 വയസ്സുള്ള അശ്വിനി ബിരഞ്ജെ ഒരു തയ്യൽ കോഴ്സ് പൂർത്തിയാക്കിയിട്ടുണ്ട്. കോസടികൾ നിർമ്മിക്കുന്നുമുണ്ട്. “പക്ഷേ ഞാൻ മെഷീൻ ഉപയോഗിച്ചാണ് കോസടികൾ ഉണ്ടാക്കുന്നത്. ഈ പരമ്പരാഗതമായ രീതിക്ക് ധാരാളം ക്ഷമയും സമയവും ആവശ്യമാണ്”, അവർ പറയുന്നു. നടുവിനും കണ്ണിനും ധാരാളം സമ്മർദ്ദമുണ്ടാക്കുകയും വിരലുകളിൽ മുറിവുകളും പാടുകളും വീഴുകയും ചെയ്യുന്ന അദ്ധ്വാനമുള്ള ഒരു പണിയാണതെന്ന് പറയാതെ പറയുകയായിരുന്നു അവർ.
പക്ഷേ തനുബായ് അതത്ര കാര്യമാക്കുന്നില്ല. “എന്റെ കൈകൾക്ക് ഇപ്പോൾ ഇത് ശീലമായി. ഇരുമ്പുപോലെയായിത്തീർന്നിരിക്കുന്നു എന്റെ കൈകൾ. അതിനാൽ, സൂചി പിടിക്കാനൊന്നും എനിക്ക് ബുദ്ധിമുട്ടില്ല”. ചിരിച്ചുകൊണ്ട് അവർ പറയുന്നു. ജോലിയിൽ തടസ്സം വരുമ്പോഴൊക്കെ അവർ സൂചി തലമുടിയിൽ തിരുകിവെക്കും. “സൂചി സൂക്ഷിക്കാൻ ഏറ്റവും നല്ല സ്ഥലം ഇതാണ്”, അവർ ചിരിക്കുന്നു.
പുതിയ തലമുറ എന്തുകൊണ്ട് ഈ കല അഭ്യസിക്കാൻ വരുന്നില്ല എന്ന ചോദ്യത്തിന് അവരുടെ മറുപടി, “സാരി മുറിക്കാൻ ആരാണ് വരിക? അതിന് എത്ര പണമാണ് കൊടുക്കേണ്ടത്”, എന്നായിരുന്നു.
യന്ത്രത്തിൽ ഉണ്ടാക്കിയ, വിലകുറഞ്ഞ കോസടികൾ വാങ്ങാനാണ് ആളുകൾക്ക് ഇഷ്ടം. അവർ വിശദീകരിക്കുന്നു. “നിർഭാഗ്യവശാൽ, വളരെ കുറച്ച് സ്ത്രീകൾക്ക് മാത്രമേ കൈകൊണ്ട് കോസടിയുണ്ടാക്കുന്ന വിദ്യ അറിയൂ. അതിനോട് പേടിയുള്ളവർ ആ പണി മെഷീൻ ഉപയോഗിച്ച് ചെയ്യുന്നു”, തനുബായി പറയുന്നു. “ഇപ്പോൾ ആരും കൈകൊണ്ട് ഇത് ചെയ്യാത്തത് ഈ കാരണം കൊണ്ടാണ്. കാലം മാറുമ്പോൾ എല്ലാം മാറുമല്ലോ”, അവർ കൂട്ടിച്ചേർക്കുന്നു. ഇപ്പോൾ സ്ത്രീകൾ പഴയ സാരികൾക്കുപകരം പുതിയ സാരികൾകൊണ്ടാന് കോസടികൾ ഉണ്ടാക്കുന്നതെന്നും അവർ സൂചിപ്പിച്ചു.


ഇടത്ത്: സ്റ്റിച്ച് ചെയ്യുന്നതിനുമുൻപ്, തനുബായ് തുണിക്കഷണങ്ങൾ തന്റെ കൈയ്യുപയോഗിച്ച് അളക്കുന്നു. വലത്ത്: ജീവിതത്തിലെ 18,000 മണിക്കൂറുകൾ ചിലവഴിച്ച് ഇതുവരെയായി 30 കോസടികൾ അവർ നിർമ്മിച്ചിട്ടുണ്ട്
അസാധാരണമായ ദശലക്ഷക്കണക്കിന് സ്റ്റിച്ചുകളുണ്ടാക്കാൻ ജീവിതം ചിലവിട്ട അവർക്ക് ഒരു സങ്കടമുണ്ട്. അയൽവക്കത്തുള്ള തന്റെ തയ്യൽക്കാരന്റെ ഉപദേശം അനുസരിക്കാത്തതിൽ. (അയാളുടെ വിളിപ്പേര് അവർക്ക് ഓർമ്മ വന്നില്ല). “തയ്യൽ പഠിക്കാൻ അയാൾ എന്നോട് എപ്പോഴും പറയും” അവർ ഓർമ്മിച്ചു. “അത് പഠിച്ചിരുന്നെങ്കിൽ എന്റെ ജീവിതം മുഴുവൻ മാറിപ്പോയേനേ”. പക്ഷേ അദ്ധ്വാനം കൂടുതലുള്ളതുകൊണ്ട് ഒരിക്കലും അവർക്ക് ആ കലയോട് ഒരു വിരക്തിയും തോന്നിയിട്ടില്ല.
ഏറ്റവും കൌതുകകരമായ കാര്യം, ജീവിതത്തിലൊരിക്കലും അവർ കോസടികൾ വിറ്റിട്ടില്ല എന്നതാണ്. “ഞാനെന്തിനാണ് ഇത് വിൽക്കുന്നത് മോനേ, എന്ത് വില തരും ഇതിന്?”
*****
കോസടികൾ ഉണ്ടാക്കാൻ പ്രത്യേക കാലമൊന്നുമില്ലെങ്കിലും ഏകദേശം കാർഷികചക്രത്തിന്റെ താളത്തിനനുസരിച്ചാണ് അത് നടക്കുന്നത്. പാടത്ത് പണി കുറവുള്ള കാലത്താണ് സ്ത്രീകൾ തയ്ക്കാൻ ഇരിക്കുക. സാധാരണയായി ഫെബ്രുവരി ആദ്യം മുതൽ ജൂൺ വരെ. “ഞങ്ങൾക്ക് തോന്നുമ്പോൾ ഉണ്ടാക്കും”, തനുബായ് പറയുന്നു.
കോലാപ്പുരിലെ ഗഡിംഗലജ് താലൂക്കിൽ ഉൾപ്പെടുന്ന തന്റെ പഴയ ഗ്രാമമായ നൌകുഡിൽ മിക്കവാറും എല്ലാ വീടുകളിലും 1960-കൾവരെ കോസടികൾ നിർമ്മിക്കാറുണ്ടായിരുന്നു എന്ന് അവർ ഓർക്കുന്നു. ഗോധടി എന്നാണ് മഹാരാഷ്ട്രയുടെ ചില ഭാഗങ്ങളിൽ ഇതിനെ വിളിച്ചിരുന്നത്. “മുമ്പൊക്കെ കോസടികൾ തുന്നാൻ ഗ്രാമത്തിലെ സ്ത്രീകൾ അയൽക്കാരുടെ സഹായം തേടാറുണ്ടായിരുന്നു. ഒരു ദിവസത്തെ പണിക്ക് മൂന്നണ കൂലിയും കൊടുത്തിരുന്നു. നാല് സ്ത്രീകൾ തുടർച്ചയായി പണിയെടുത്താൽ രണ്ട് മാസത്തിനകം ഒരു കോസടി തീർക്കാൻ കഴിഞ്ഞിരുന്നുവെന്ന് അവർ പറയുന്നു.

ജോലി തീരുമ്പോഴേക്കും കോസടികൾക്ക് നല്ല ഭാരം ഉണ്ടാവുമെന്നതിനാൽ, ആ ഘട്ടത്തിലെ തയ്യലുകളാണ് ഏറെ ദുഷ്കരം
അക്കാലത്തൊക്കെ സാരികൾക്ക് വലിയ വിലയുണ്ടായിരുന്നുവെന്ന് അവർ ഓർക്കുന്നു. കോട്ടൺ സാരിക്ക് 8 രൂപയും കൂടുതൽ മെച്ചപ്പെട്ടവയ്ക്ക് 16 രൂപയും ഉണ്ടായിരുന്നു. അന്ന് ഒരു കിലോ തുവരപ്പരിപ്പിന് 12 അണയായിരുന്നു വില എന്ന് ഓർക്കണം. ഒരു ദിവസം മുഴുവൻ പാടത്ത് പണിയെടുത്താൽ തനുബായിക്ക് കിട്ടിയിരുന്നത് വെറും 6 അണയായിരുന്നു. പതിനാറ് അണയാണ് ഒരു രൂപ.
“കൊല്ലത്തിൽ ഞങ്ങൾ രണ്ട് സാരിയും നാല് ജമ്പറുകളും (ബ്ലൌസുകൾ) മാത്രമേ വാങ്ങുമായിരുന്നുള്ളു” എന്ന് പറയുന്നു തനുബായ്. സാരികൾ വളരെ വിരളമായതിനാൽ, കോസടികൾ കൂടുതൽക്കാലം നിലനിൽക്കേണ്ടതും ആവശ്യമായിരുന്നു. തന്റെ കോസടികൾ 30 വർഷം വരെ കേടുകൂടാതെ നിന്നിരുന്നുവെന്ന് അവർ പറയുന്നു. നിരന്തരമായ അനുശീലനത്തിലൂടെ നേടിയെടുത്ത കലാസിദ്ധിയുടെ മേന്മയാണത് തെളിയിക്കുന്നത്.
മഹാരാഷ്ട്രയിലെ ഗ്രാമീണജനസംഖ്യയിലെ 200 ലക്ഷം ആളുകളെ ബാധിച്ച 1972-73-ലെ രൂക്ഷമായ വരൾച്ചാക്കാലത്താണ് ഗോവിൽക്കറിന്റെ കുടുംബം നൌക്കുഡിൽനിന്ന് 90 കിലോമീറ്റർ അകലെയുള്ള ശിരോൾ താലൂക്കിലെ ജംഭാലി ഗ്രാമത്തിലേക്ക് കുടിയേറിയത്. “ആ വരൾച്ചയെക്കുറിച്ച് ഓർക്കാൻ പോലും വയ്യ. ഭീകരമായിരുന്നു. വെറും വയറ്റിൽ ദിവസങ്ങളോളം ഞങ്ങൾ ഉറങ്ങാൻ കിടക്കാറുണ്ടായിരുന്നു”, അത് പറയുമ്പോൾ അവരുടെ കണ്ണുകളിൽ നനവ്.
“നൌക്കുഡിലെ ഒരു താമസക്കാരന് ജംഭാലിയിൽ ഒരു തൊഴിൽ ലഭിച്ചതോടെ, മറ്റൊന്നും ആലോചിക്കാതെ ഗ്രാമം മുഴുവൻ അങ്ങോട്ട് ചേക്കേറി”, അവർ ഓർക്കുന്നു. കുടിയേറുന്നതിനുമുൻപ്, അവരുടെ ഭർത്താവ്, മരിച്ചുപോയ ധനാജി റോഡുപണിയും കല്ലുവെട്ടുമൊക്കെയായിരുന്നു ചെയ്തിരുന്നത്. നൌക്കുഡിൽനിന്ന് 160 കിലോമീറ്റർ അകലെ ഗോവയിൽപ്പോലും അയാൾ പണിക്കായി പോയിരുന്നു.
സർക്കാരിന്റെ വരൾച്ചാ ദുരിതാശ്വാസ പ്രവൃത്തികളുടെ ഭാഗമായി, ജംഭാലിയിൽ റോഡുപണിയിൽ ഏർപ്പെട്ടിരുന്നു ആജിയും വേറെ 40 തൊഴിലാളികളും. “12 മണിക്കൂർ പണിക്ക് 1.5 രൂപ തരും”, അവർ ഓർക്കുന്നു. ആ സമയത്താണ് ഗ്രാമത്തിലെ ഒരു മുഖ്യൻ അവരോട്, 3 രൂപ ദിവസക്കൂലിക്ക് തന്റെ 16 ഏക്കർ പാടത്ത് ജോലിക്ക് വരാൻ പറഞ്ഞത്. നിലക്കടലയും, ചൊവ്വരിയും ഗോതമ്പും, അരിയും, മാങ്ങ, മുന്തിരി, മാതളനാരങ്ങ, ആപ്പിൽ തുടങ്ങിയ പഴവർഗ്ഗങ്ങളും കൃഷി ചെയ്ത് കർഷകത്തൊഴിലാളിയായി തനുബായ് ജീവിക്കാൻ തുടങ്ങി.


ഇടത്ത്: ഈയൊരു പണിയോടെ കോസടി തയ്യാറായി. വലത്ത്: രണ്ട് ശസ്ത്രക്രിയ ചെയ്ത വലത്തേ ചുമലിൽ ഇപ്പോഴും വിട്ടുമാറാത്ത വേദനയുണ്ടെങ്കിലും, കോസടികൾ ഉണ്ടാക്കുന്ന പണി ആജി നിർത്തിയിട്ടില്ല
30 കൊല്ലത്തെ കഠിനാദ്ധ്വാനത്തിനുശേഷം 2000-ത്തിന്റെ തുടക്കത്തിൽ പാടത്തെ പണി അവസാനിപ്പിക്കുന്ന കാലത്ത് അവരുടെ ദിവസശമ്പളം, പത്ത് മണിക്കൂറിന് കേവലം 160 രൂപയായിരുന്നു. “തവിട് കഴിച്ച് വിശപ്പടക്കിയിട്ടുണ്ടെങ്കിലും മക്കളെ ആ ദുരിതങ്ങൾ അറിയിക്കാതെ ഞങ്ങൾ വളർത്തി”, ദുരിതത്തിന്റെയും അദ്ധ്വാനത്തിന്റെയും കഥകളെ അവർ ആ വാക്കിൽ ഒതുക്കി. പക്ഷേ അവരുടെ ത്യാഗവും പോരാട്ടവും ഒടുവിൽ ഫലം കണ്ടു. മൂത്ത മകൻ പ്രഭാകർ ജയ്സിംഗ്പുരിൽ വളം വിൽക്കുന്ന ഒരു കട നടത്തുകയാണ് ഇന്ന്. ചെറിയ മകൻ ബാപ്പുസോ, ജംഭാലിയിൽ ഒരു ബാങ്കിൽ ജോലിചെയ്യുന്നു.
പാടത്തെ പണി നിർത്തിയപ്പോൾ വീട്ടിലിരുന്ന് മടുപ്പ് തോന്നാൻ തുടങ്ങി. വലിയ താമസമില്ലാതെ വീണ്ടും കർഷകത്തൊഴിലാളിയായി ജോലിചെയ്യാൻ തുടങ്ങി. പക്ഷേ, മൂന്ന് വർഷം മുൻപ് വീട്ടിൽവെച്ചുണ്ടായ ഒരു വീഴ്ചയെത്തുടർന്ന് ആ പണി അവസാനിപ്പിക്കേണ്ടിവന്നു അവർക്ക്. “വലത്തേ ചുമലിൽ രണ്ട് ശസ്ത്രക്രിയയും ആറുമാസത്തെ ആശുപത്രി വാസവും കഴിഞ്ഞിട്ടും വേദന ബാക്കിയാണ്” അവർ പറയുന്നു. പക്ഷേ, മകന്റെ കുട്ടി സമ്പത്ത് ബിരഞ്ജെക്കുള്ള ഒരു കോസടി നിർമ്മിക്കുന്നതിൽനിന്ന് അവരെ തടയാൻ ആ വേദനയ്ക്ക് കഴിഞ്ഞില്ല.
ചുമലിലെ വേദന സഹിച്ചും രാവിലെ 8 മണിക്ക് തനുബായ് കോസടി തുന്നാൻ തുടങ്ങും. ആ ജോലി വൈകീട്ട് 6 മണിവരെ തുടരും. പുറത്ത് ഉണങ്ങാൻ വെച്ചിരിക്കുന്ന ചോളം തിന്നാൻ വരുന്ന കുരങ്ങന്മാരെ ഓടിക്കാൻ മാത്രമാണ് ഇടയ്ക്ക് വല്ലപ്പോഴും പണി നിർത്തുക. “കുരങ്ങന്മാർക്ക് ചോളം കൊടുക്കാൻ എനിക്ക് സന്തോഷമാണ്, പക്ഷേ എന്റെ പേരക്കുട്ടി രുദ്രന് ചോളം ഇഷ്ടമാണ്’, അവർ പറയുന്നു. കോസടി നിർമ്മാണത്തിലുള്ള തന്റെ താത്പര്യത്തെ പിന്തുണയ്ക്കുന്ന രണ്ട് പുത്രവധുമാരോടും അവർക്ക് വലിയ കടപ്പാടുണ്ട്. “അവരുള്ളതുകൊണ്ട്, വീട്ടുജോലികളൊന്നും എനിക്ക് ചെയ്യേണ്ടിവരാറില്ല”, ആജി പറയുന്നു.
74 വയസ്സിലും സൂചികൊണ്ട് അവർ ഇന്ദ്രജാലം കാണിക്കുന്നു. ഒരു തുന്നൽപോലും വിട്ടുപോവില്ല. ഇപ്പോഴും പഴയ അതേ നൈപുണ്യം. “ഇതിൽ മറക്കാനെന്താണുള്ളത്? ഇതിന് പ്രത്യേകിച്ച് കഴിവൊന്നും വേണ്ടല്ലോ”, വിനയാന്വിതയാവുന്നു അവർ.
എല്ലാവർക്കുമായി കൊടുക്കാൻ തനുബായിയുടെ പക്കൽ ഒരു ചെറിയ ഉപദേശമുണ്ട്. “ഏത് സാഹചര്യത്തിലായാലും സത്യസന്ധമായി ജീവിക്കുക”. കോസടിയുടെ വിവിധ അടരുകളെ കൂട്ടിക്കെട്ടുന്ന തുന്നൽപോലെ, കുടുംബത്തെ ആശ്ലേഷിച്ച് ഒരുമിച്ച് നിർത്തി തന്റെ ജീവിതം ജീവിച്ചുതീർക്കുന്നു അവർ. “ജീവിതകാലം മുഴുവൻ തുന്നിത്തീർത്തു”, അവർ പറയുന്നു.

പന്ത്രണ്ട് മണിക്കൂർ പണിയെടുത്ത് രണ്ടുമാസം കൊണ്ടാന് തനുബായ് ഈ കോസടി തീർത്തത്

ഒമ്പത് സാരികൾ, 216 കഷണങ്ങൾ, 97,800 തുന്നലുകൾ, 6.8 x 6.8 അടിയുള്ള കോസടിക്ക് 7 കിലോഗ്രാമിന് മീതെ ഭാരമുണ്ട്
ഗ്രാമങ്ങളിലെ കരകൌശലക്കാരെക്കുറിച്ച് നടത്തിയ ഒരു പരമ്പരയുടെ ഭാഗമായി, സങ്കേത് ജെയിൻ എഴുതിയ ലേഖനമാണ് ഇത്. മൃണാളിനി മുഖർജി ഫൌണ്ടേഷനാണ് ഈ പരമ്പരയ്ക്കുള്ള സഹായം നൽകുന്നത്
പരിഭാഷ: രാജീവ് ചേലനാട്ട്