എല്ലാ പ്രഭാതത്തിലും ഹിമാൻഷി കുബാൽ ഒരു പാന്‍റ്സും ടീഷർട്ടും അണിഞ്ഞു തങ്ങളുടെ ചെറിയ തുഴവള്ളം വെള്ളത്തിലേക്ക് തള്ളിയിറക്കാൻ തന്‍റെ ഭർത്താവിന്‍റെയൊപ്പം കൂടും. വൈകുന്നേരങ്ങളിൽ വർണപ്പകിട്ടുള്ള സാരിയുടുത്തു മിക്കപ്പോഴും മുടിയിൽ അബോലി (കനകാംബരം) പുഷ്പങ്ങളണിഞ്ഞ് ആവശ്യക്കാർക്ക് മത്സ്യങ്ങൾ വൃത്തിയാക്കിയും മുറിച്ചും കൊടുക്കുന്നത് കാണാം.
ഇപ്പോൾ മുപ്പതുവയസ്സിലധികം പ്രായമുള്ള ഹിമാൻഷി ചെറുപ്പത്തിലേ മീൻപിടിക്കാൻ തുടങ്ങി. ആദ്യം തന്‍റെ കുടുംബത്തിനൊപ്പം മാൽവൻ താലൂക്കിലെ പുഴകളിലും അഴിമുഖങ്ങളിലുമായിരുന്നു പ്രവർത്തനം. മൂന്ന് വർഷങ്ങൾക്ക് ശേഷം ഈ ബോട്ട് വാങ്ങിയപ്പോൾ തന്‍റെ ഭർത്താവിന്‍റെയൊപ്പം അറബിക്കടലിൽ പോകാൻതുടങ്ങി. മാൽവനിലെ ദണ്ഡി കടപ്പുറത്തു ജോലിചെയ്യുന്ന സ്ത്രീകളിൽ വേഗത്തിൽ വലയെറിയാൻ സാധിക്കുന്ന ചുരുക്കംചിലരിൽ ഒരാളാണ് അവർ. താലൂക്കിലെ 111,807 ജനസംഖ്യയിൽ 10,635 നിവാസികൾ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നു.
"ഞാൻ മറ്റു ബോട്ടുകളിൽ മത്സ്യങ്ങളെ വേർതിരിക്കുന്ന ജോലി ചെയ്യുമായിരുന്നു," അവർ പറഞ്ഞു. "മൂന്ന് വർഷങ്ങൾക്കു മുൻപ് ഞങ്ങൾക്ക് സ്വന്തമായി ഈ ചെറിയ ബോട്ട് വാങ്ങാനുള്ള പണമുണ്ടായി. അപ്പോൾ മുതൽ ഞങ്ങൾ ഒരുമിച്ചാണ് മീൻ പിടിക്കാൻ പോകുന്നത്."
അടുത്തുനിന്ന ഒരു ലേലക്കാരൻ "തീൻഷെ, തീൻഷെ ദാഹ, തീൻഷെ വീസ് !" [300, 310, 320 രൂപ] എന്നുറക്കെ വിളിച്ചുപറഞ്ഞു. കുറെ മീൻപിടുത്തക്കാർ അവരുടെ ബോട്ടുകളിൽ നിന്ന് മീൻനിറച്ച പെട്ടികൾ വലിച്ചിറക്കി കടപ്പുറത്ത് അട്ടിയിട്ടു നിരത്തി. വ്യാപാരികളും അവരുടെ പ്രതിനിധികളും ആൾക്കൂട്ടത്തിനിടയിലൂടെ ഏറ്റവും മികച്ച കച്ചവടത്തിനുവേണ്ടി വിലപേശി നടന്നു. അലഞ്ഞുതിരിയുന്ന നായകളും പൂച്ചകളും വേഗത്തിൽ പറന്നിറങ്ങുന്ന പക്ഷികളോടൊപ്പം വിരുന്നിൽ അവരവർക്കുള്ള പങ്കുപറ്റിക്കൊണ്ടിരുന്നു.
"പൊതുവെ എല്ലാ പ്രഭാതങ്ങളിലും ഞങ്ങൾ മീൻ പിടിക്കും," ഹിമാൻഷി പറഞ്ഞു. "മോശം കാലാവസ്ഥ അല്ലെങ്കിൽ മറ്റു കാരണങ്ങൾകൊണ്ട് ഞങ്ങൾ പോയില്ലെങ്കിൽ മത്സ്യം മുറിക്കാനും കഴുകാനും രാവിലത്തെ ചന്തയിൽ പോകും. പിന്നെ എല്ലാ വൈകുന്നേരങ്ങളിലും ഞങ്ങൾ ലേലത്തിനുണ്ടാകും."
ഇന്ത്യയിലുടനീളം മീൻപിടുത്തം പുരുഷന്മാരുടെ തൊഴിലാണ്. എന്നാൽ മിക്കവാറും ഹിമാൻഷിയെ പോലുള്ള സ്ത്രീകളാണ് മത്സ്യങ്ങളെ നന്നാക്കുക, വിൽക്കുക തുടങ്ങി ഈ വ്യവസായത്തിന്‍റെ മറ്റുകാര്യങ്ങളിൽ പ്രധാനികൾ. രാജ്യത്തെ മത്സ്യബന്ധനവ്യവസായ കേന്ദ്രങ്ങളിൽ മത്സ്യം പിടിച്ചതിനു ശേഷമുള്ള തൊഴിലുകൾ ചെയ്യുന്നവരിൽ 66.7 ശതമാനം വരുന്ന ഈ സ്ത്രീകൾ ഈ തൊഴിലിന്‍റെ ഒരു അവിഭാജ്യഘടകമാണ്. ഏതാണ്ട് നാലുലക്ഷം സ്ത്രീകൾ മീൻപിടുത്തമൊഴികെ മത്സ്യബന്ധനത്തിന്‍റെ മറ്റു മേഖലകളിൽ ജോലിചെയ്യുന്നതായി 2010-ലെ മറൈൻ ഫിഷറീസ് സെൻസസ് രേഖപെടുത്തിയിട്ടുണ്ട്. മാത്രമല്ല നാല്പത്തിനായിരത്തോളം സ്ത്രീകൾ മത്സ്യകൃഷിക്കു വേണ്ടി മത്സ്യവിത്തുകൾ (മീൻമുട്ടകൾ) ശേഖരിക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്നു.
"ഇത് വളരെ തളർത്തുന്ന ഒരു തൊഴിലാണ് - വാങ്ങുക, കൊണ്ടുപോകുക, ഐസ് ഇട്ടു സൂക്ഷിക്കുക തുടങ്ങി മുറിക്കുന്നതും വിൽക്കുന്നതും വരെ. എല്ലാം ഞങ്ങൾ സ്വയം ചെയ്യും," ദണ്ഡി കടപ്പുറത്തെ ഒരു കച്ചവടക്കാരിയായ ജുവാനിറ്റ (മുഴുവൻ പേര് രേഖപെടുത്തിയിട്ടില്ല) പറഞ്ഞു. ഇഷ്ടികയും ആസ്ബെസ്റ്റോസും കൊണ്ടുള്ള അവരുടെ ഒറ്റമുറി വീടിന്‍റെ ഭിത്തിയിലെ ഒരു കമ്പിയിൽ ലേലത്തിൽ അവർ മത്സ്യം വാങ്ങിയതിന്‍റെ അനവധി ബില്ലുകൾ കോർത്തിട്ടിരുന്നു.

‘മൂന്ന് വർഷങ്ങൾക്കു മുൻപ് ഞങ്ങൾക്ക് സ്വന്തമായി ചെറിയ ബോട്ട് വാങ്ങാനുള്ള പണമുണ്ടായി,’ ഹിമാൻഷി കുബാൽ പറയുന്നു. ‘അപ്പോൾ മുതൽ ഞങ്ങൾ ഒരുമിച്ചാണ് മീൻ പിടിക്കാൻ പോകുന്നത്’
മത്സ്യലേലം ജുവാനിറ്റയെ പോലുള്ള കച്ചവടക്കാരില്ലാതെ പൂർണമാകില്ല. ഇവർ വിവിധതരം മീനുകൾ വാങ്ങി അടുത്തുള്ള അങ്ങാടിയിലോ ചെറുപട്ടണങ്ങളിലോ വിൽക്കും. ലേലക്കാരുമായി വിലപേശൽ ഇവരുടെ ദിനചര്യയുടെ ഭാഗമാണ്. മികച്ച വില ലഭിക്കാൻ ഓരോരുത്തർക്കും അവരുടേതായ തന്ത്രങ്ങളുണ്ട് - ചിലർ ലേലത്തിനൊടുവിൽ അവസാന വില കൊടുക്കാമെന്നു സമ്മതിക്കുന്നതിനൊപ്പം കുട്ടയിൽ കുറച്ച് അധികം മത്സ്യങ്ങളെ ഇടാൻ ലേലക്കാരനെ പ്രേരിപ്പിക്കും. മറ്റുചിലർ ലേലം അവസാനിക്കുമ്പോൾ അഞ്ചു രൂപ പോലുള്ള ചെറിയ ഇളവുകൾക്കു നിർബന്ധിക്കും.
മത്സ്യവില്പനയുടെ ഒരു നീണ്ടദിവസം അവസാനിക്കുന്നത് നർമ്മസംഭാഷണങ്ങളിലും മത്സ്യലഭ്യത കുറഞ്ഞു വരുന്നതിനെകുറിച്ചും അത്താഴത്തിന് ഏതു മീൻ പാചകം ചെയ്യണം എന്നിങ്ങനെയുള്ള ചർച്ചകളിലുമാണ്. ഇവിടെ സ്ത്രീകളാണ് പൊതുവെ മീൻ കഴുകുന്ന ജോലികൾ ചെയ്യുന്നത്. കഴുകുന്നതും ചെതുമ്പൽകളയുന്നതും തുടങ്ങി കുടൽവേർപ്പെടുത്തുന്നതും മുറിക്കുന്നതും വരെയുള്ള പ്രക്രിയകളിൽ വളരെ കൃത്യമായാണ് അവർ മീനുകളെ കൈകാര്യം ചെയ്യുന്നത്.
"ഒൻപതാം ക്ലാസ്സിൽ സ്കൂൾപഠനം അവസാനിപ്പിച്ചത് മുതൽ ഞാൻ മത്സ്യം ഉണക്കുന്ന ജോലി ചെയ്യുന്നുണ്ട്. വിശപ്പടക്കാൻ എനിക്കെന്തെങ്കിലും ജോലി വേണമായിരുന്നു," 42 വയസ്സുള്ള ബെന്നി ഫെർണാണ്ടസ് പറഞ്ഞു. മാൽവൻ താലൂക്കിലെ ദേവ്‌ബാഗ് ഗ്രാമത്തിലെ തൊഴിലാളിയായ അവർ പ്രതിമാസം 4,000 രൂപയോളം സമ്പാദിക്കുന്നുണ്ട്. ഒരു കൈയ്യിൽ തന്‍റെ കുഞ്ഞിനെ പിടിച്ചുകൊണ്ടു അവർ നല്ല ചാതുര്യത്തോടെ മറുകൈയിൽ ഉണക്കമത്സ്യത്തിന്‍റെ ഒരു കുട്ടയെടുത്തു. ഇന്ത്യയിലെമ്പാടും മത്സ്യം ഉണക്കുന്ന ജോലി മിക്കവാറും സ്ത്രീകളാണ് ചെയ്യുന്നത്. ഇവർ മണിക്കൂറുകളോളം കത്തുന്ന വെയിലത്ത് പണിയെടുക്കുന്നു. "മഴക്കാലത്ത് ഞങ്ങൾക്ക് മീനുണക്കുന്ന ജോലിയുണ്ടാകില്ല, അപ്പോൾ ഞങ്ങൾ മറ്റു ചെറിയ പണികൾ ചെയ്തു ജീവിക്കും," ബെന്നി കൂട്ടിച്ചേർത്തു.
ഹിമാൻഷി, ജുവാനിറ്റ, ബെന്നി ഇവരെപോലുള്ള സ്ത്രീകളാണ് മത്സ്യത്തൊഴിലാളി സമൂഹങ്ങളിൽ വളരെ ബുദ്ധിമുട്ടേണ്ടി വരുന്നവരെന്നു പഠനങ്ങൾ കാണിച്ചിട്ടുണ്ട്. അമിതമായ മീൻപിടുത്തം, യന്ത്രവൽകൃത മത്സ്യബന്ധനത്തിന്‍റെ മേൽക്കോയ്മ, കുറഞ്ഞുവരുന്ന മത്സ്യലഭ്യത, കാലാവസ്ഥാവ്യതിയാനം തുടങ്ങി മറ്റു പ്രശ്നങ്ങൾ മൂലമുള്ള മത്സ്യബന്ധന തൊഴിലിന്‍റെ ഇപ്പോഴത്തെ പരിതാപകരമായ അവസ്ഥ മുഖ്യമായും ബാധിക്കുന്നത് ഈ സ്ത്രീകൾ ഉൾപ്പെടുന്ന ചെറുകിട മത്സ്യത്തൊഴിലാളികളെയാണ്.
മാത്രമല്ല ഈ തൊഴിലിൽ ഉൾപ്പെട്ടിരിക്കുന്ന മിക്കവാറും സ്ത്രീകൾക്ക് അവരെ പോലെതന്നെ മത്സ്യബന്ധനവ്യവസായത്തെ ആശ്രയിച്ചു ജോലിചെയ്യുന്ന പുരുഷന്മാർക്ക് ലഭിക്കുന്ന അതെ ആനുകൂല്യങ്ങളും ഇളവുകളും ലഭിക്കുന്നില്ല. ഉദാഹരണത്തിന് മഴക്കാലത്തു മത്സ്യബന്ധനത്തിന് വിലക്കുള്ളപ്പോൾ ചില സംസ്ഥാനങ്ങളിലെ പുരുഷ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് സർക്കാരിൽനിന്നും പ്രതിമാസ നഷ്ടപരിഹാരം ലഭിക്കുന്നുണ്ട്. എന്നാൽ വനിതാ മത്സ്യത്തൊളിലാളികളുടെ കുടുംബങ്ങൾക്ക് (മത്സ്യബന്ധനത്തിൽ ഏർപ്പെട്ട പുരുഷന്മാരില്ലാത്ത) ഇതേ ആനുകൂല്യം കൊടുക്കുന്നില്ല.
ദണ്ഡി കടപ്പുറത്തു വൈകുന്നേരമായി. കുട്ടികളെ നോക്കുക, വീട്ടുജോലി തുടങ്ങിയ മറ്റു ജോലികൾ ചെയ്യാൻ സ്ത്രീകൾ ഒരുങ്ങുകയാണ്. സൂര്യൻ അസ്തമിക്കുന്നതോടെ അവരുടെ തൊഴിലിടം കടപ്പുറത്തുനിന്നു വീടുകളിലേക്ക് മാറി.

‘ഇത് വളരെ തളർത്തുന്ന ഒരു തൊഴിലാണ് - വാങ്ങുക , കൊണ്ടുപോകുക , ഐസ് ഇട്ടു സൂക്ഷിക്കുക തുടങ്ങി മുറിക്കുന്നതും വിൽക്കുന്നതും വരെ. എല്ലാം ഞങ്ങൾ സ്വയം ചെയ്യും , ’ ഒരു കച്ചവടക്കാരിയായ ജുവാനിറ്റ പറയുന്നു


ഇടത്: ‘വയറുനിറയ്ക്കാൻ ഞങ്ങൾക്കെന്തെങ്കിലും ജോലി വേണം , ’ മുതിർന്ന വനിതാ മത്സ്യത്തൊഴിലാളി പറയുന്നു. മാൽവനിലെ ദണ്ഡി കടപ്പുറത്തുനിന്നും ഒരു കിലോമീറ്റർ അകലെയുള്ള ലേലസ്ഥലത്തേക്ക് തന്‍റെ കുടുംബം പിടിച്ച തർളി (മത്തി) മീനുകൾ വിൽക്കാൻ പോവുകയാണവര്‍. വലത്: ഉപ്പു പുരട്ടാനും ഉണക്കാനുമുള്ള മീനുകൾ സ്ത്രീകൾ കഴുകുന്നു

മാൽവൻ താലൂക്കിലെ ദണ്ഡി കടപ്പുറത്തെ മത്സ്യച്ചന്ത. ഇന്ത്യയിലുടനീളം വ്യാപിച്ചുകിടക്കുന്ന മത്സ്യവ്യവസായത്തിലെ തൊഴിലാളികളിൽ 66.7 ശതമാനത്തോളം വരുന്ന സ്ത്രീകൾ ഈ മേഖലയുടെ മുഖ്യഘടകമാണ്

സുർമൈ (നെയ്മീൻ) മുറിക്കുന്നു. കഴുകുന്നതും ചെതുമ്പൽകളയുന്നതും തുടങ്ങി കുടൽവേർപ്പെടുത്തുന്നതും മുറിക്കുന്നതും വരെയുള്ള പ്രക്രിയകളിൽ വളരെ കൃത്യമായാണ് മീനുകളെ കൈകാര്യം ചെയ്യുന്നത്

ചന്തയിൽ വിൽക്കാനുള്ള ബാംഗ്‌ദ മീൻ (അയല) വൃത്തിയായി പൊതിഞ്ഞു വച്ചിരിക്കുന്നു

' നാട്ടിലെ സ്ത്രീകൾ മിക്കവാറും മീൻവില്പനയിലാണ്. അതുകാരണം അവർക്കു മീൻപിടിക്കാൻ പോകാൻ അവസരമില്ല. മറ്റാരും സഹായത്തിന് ഇല്ലാത്തതിനാൽ എനിക്ക് വേറെ വഴിയില്ല ,' ദിവസം മുഴുവൻ കടലിൽ മീൻപിടിക്കാൻ പോയ ഹിമാൻഷി പറയുന്നു. ധാരാളം മീൻപിടുത്തക്കാർ മീൻ തരംതിരിക്കുന്നതിൽ സഹായിക്കാൻ ആളുകളെ (മിക്കവാറും ആണുങ്ങൾ) 500 രൂപയോളം ദിവസക്കൂലിക്ക് നിർത്താറുണ്ട്

ഹിമാൻഷിയും ഭർത്താവും ഒരുമിച്ചു മീൻപിടിക്കാൻ പോകുകമാത്രമല്ല ദണ്ഡി കടപ്പുറത്തു ഒരുമിച്ചിരുന്നു മീൻ നന്നാക്കുകയും ചെയ്യുന്നു


ഇടത്: വൈകുന്നേരത്തെ ലേലത്തിൽ മീൻവിൽക്കുന്നു . വലത്: വൈകുന്നേരങ്ങളിലെ കുശലം പറയൽ. മറൈൻ ഫിഷറീസ് സെൻസസ് ( 2010) പ്രകാരം മത്സ്യസംസ്കരണ മേഖലയിൽ ഏകദേശം നാലു ലക്ഷം സ്ത്രീകൾ ജോലിചെയ്യുന്നുണ്ട്


ഇടത്: മാൽവനിലെ വനിതാ മത്സ്യത്തൊഴിലാളി സമിതിയായ സിന്ധുസാഗർ മഛി വിക്രി മഹിളാ സംഘടന അധ്യക്ഷ മനീഷ ജാദവ് ചന്തയിൽ മീൻവിൽക്കാൻ ഇരിക്കുമ്പോൾ ആത്‌മവിശ്വാസം പ്രകടിപ്പിക്കുന്നു. വലത്: സമുദായത്തിലെ സ്ത്രീകൾ

മാൽവനിലെ സിന്ധുസാഗർ മഛി വിക്രി മഹിളാ സംഘടനയിലെ അംഗങ്ങളായ വനിതകളുടെ ചിത്രങ്ങൾ അടങ്ങിയ ഒരു ഫലകം ദണ്ഡി മത്സ്യച്ചന്തയിൽ പ്രദർശിപ്പിച്ചിരിക്കുന്നു

പ്രഭാതത്തിലെ മീനെല്ലാം
വിറ്റതിനുശേഷം ഒരു സ്ത്രീ കുട്ടകൾ കഴുകുന്നു
ദക്ഷിണ്‍ ഫൗണ്ടേഷനിലെ ഒരു പ്രോജക്റ്റിന്‍റെ ഭാഗമായി ചെയ്ത പ്രവര്‍ത്തനത്തിന്‍റെ അടിസ്ഥാനത്തില്‍ എഴുത്തുകാര്‍ തയ്യാറാക്കിയതാണ് ഈ ലേഖനം .
പരിഭാഷ: ജ്യോത്സ്ന വി.