“ഞങ്ങളുടെ പൂർവ്വികരുടെ ആത്മാക്കൾ ഇവിടെയുണ്ട്”, മേൽക്കൂരയും ചുമരുകളും നിലവുമെല്ലാം മുളകൊണ്ടുണ്ടാക്കിയ അടുക്കളയുടെ മധ്യത്തിലെ കട്ടിയുള്ള കളിമൺതട്ടിലേക്ക് ചൂണ്ടിക്കൊണ്ട് മൊഞ്ജിത് റിസോംഗ് പറയുന്നു.
ഇളംതവിട്ട് നിറത്തിൽ ദീർഘചതുരത്തിലുള്ള ചട്ടക്കൂടിന് ഒരടി ഉയരമുണ്ട്. അതിന്റെ മുകളിൽ വിറകുകൾ അട്ടിയായി വെച്ചിരിക്കുന്നു. ഇവിടെയാണ് ഭക്ഷണം പാചകം ചെയ്യുന്നത്. “ഇതിന് മാറോം എന്നാണ് പറയുക. ഞങ്ങളുടെ പ്രാർത്ഥനാമുറിയാണ് ഇത്. മിസിങ് സമുദായത്തിന്റ് എല്ലാമാണ് ഈ മുറി”, അയാൾ കൂട്ടിച്ചേർത്തു.
മൊഞ്ജിത്തും ഭാര്യ നയൻമൊണി റിസോങുമാണ് ഈ രാത്രിയിലെ വിരുന്നിന്റെ ആതിഥേയർ. പരമ്പരാഗത മിസിങ് വിഭവങ്ങളുടെ താലി (വ്യത്യസ്തമായ ഒന്നിലധികം ഭക്ഷണങ്ങൾ വിളമ്പിയ പാത്രം) ഉൾപ്പെടെയാണ് വിരുന്ന്. മിസിങ് സമുദായക്കാരായ ഈ ദമ്പതികൾ (അസമിൽ പട്ടികവർഗ്ഗ സമുദായമാണ് ഇക്കൂട്ടർ) ഒരുമിച്ചാണ് റിസോംഗിന്റെ അടുക്കള നടത്തുന്നത്. അസമിലെ നദീദ്വീപായ മജൂലിയിലെ ഗരാമുർ എന്ന പട്ടണത്തിലുള്ള അവരുടെ വീട്ടിലെ അടുക്കളയാണ് അത്.
ബ്രഹ്മപുത്ര നദിയിലെ ഏകദേശം 352 ചതുരശ്ര കിലോമീറ്റർ വലിപ്പമുള്ള, ഇന്ത്യയിലെത്തന്നെ ഏറ്റവും വലിയ നദീദ്വീപാണ് മജൂലി. അനന്തമായി പരന്നുകിടക്കുന്ന പച്ച നെൽപ്പാടങ്ങളും, ചെറിയ തോടുകളും, കാട്ടുമുളകളും, ചതുപ്പുപ്രദേശത്തെ കൃഷികളുമെല്ലാമുള്ള ഭൂപ്രകൃതിയാണ് മജൂലിയുടേത്

മൊഞ്ജിത്തും ഭാര്യ നയൻമൊണി റിസോംഗും മാറോമിന്റെ സമീപത്തിരിക്കുന്നു. മാറോമിന്റെ മുകളിലുള്ള പരാപ് എന്ന് വിളിക്കുന്ന പലകത്തട്ടിലാണ് മഴക്കാലത്ത്, ഉണങ്ങിയ മത്സ്യവും മരങ്ങളും ശേഖരിച്ചുവെക്കുന്നത്

ബ്രഹ്മപുത്രയിലെ വെള്ളത്തെ ആശ്രയിച്ചാണ് മജൂലിയിലെ നെൽപ്പാടങ്ങളുടെ നിലനില്പ്
വിനോദസഞ്ചാരവുമായി ബന്ധപ്പെട്ടാണ് 43 വയസ്സുള്ള മൊഞ്ജിത്തിന്റെയും 35 വയസ്സുള്ള നയൻമോണിയുടേയും ജീവിതം. ആ പ്രദേശത്ത് അവർ മൂന്ന് ഹോംസ്റ്റേകൾ നടത്തുന്നു. റിസിംഗ്, ലാ മൈസോൺ ഡി അനന്ത, എൻചാന്റഡ് മജൂലി എന്നിവ. റിസോംഗിന്റെ അടുക്കളയുടെ മുളഞ്ചുമരിൽ ഒരു ഫ്രെയിമിനുള്ളിൽ, ലോകത്തെ പല രാജ്യങ്ങളിലേയും കറൻസികൾ പ്രദർശിപ്പിച്ചിരിക്കുന്നു.
അടുക്കളയുടേയും തീൻമുറിയുടേയും അതിർത്തികൾ ഇല്ലാതാവുന്ന ഒരു അസാധാരണ അനുഭവമാണ് റിസോംഗിലെ ഭക്ഷണം. മിക്കവാറും എല്ലാ ഭക്ഷണവും പാചകം ചെയ്യപ്പെടുന്ന മാറോമിന്റെ ചുറ്റിലുമിരുന്നാണ് സംഭാഷണം പുരോഗമിക്കുക. വിറകിൽനിന്ന് പുക ഉയരുമെങ്കിലും, ധാരാളം വായുസഞ്ചാരമുള്ള അടുക്കളയിൽ ഒരിക്കലും ശ്വാസംമുട്ടൽ അനുഭവപ്പെടില്ല.
അത്താഴത്തിനായി, മത്സ്യത്തിന്റെ മാംസളമായ ഭാഗങ്ങളും, കോഴിയിറച്ചിയും, ആരൽ മത്സ്യവും പച്ചിലകളും, വഴുതനങ്ങയും, ഉരുളക്കിഴങ്ങും ചോറുമൊക്കെ നയൻമൊണി തയ്യാറാക്കുകയായിരുന്നു. “മിസിങ് സമുദായക്കാർ സുഗന്ധവ്യഞ്ജനങ്ങൾ ധാരാളം ഉപയോഗിക്കും. ഇഞ്ചി, ഉള്ളി, വെളുത്തുള്ളി എന്നിവയൊക്കെ. ഞങ്ങൾ മസാലകൾ അധികം കഴിക്കാറില്ല. ഞങ്ങൾ ഭക്ഷണം വേവിക്കുകയോ ആവിയിൽ പുഴുങ്ങുകയോ ആണ് ചെയ്യുക“.
ഏതാനും മിനിറ്റിനുള്ളിൽ അവർ ചില ചേരുവകൾ മിക്സിയിലിട്ടടിക്കാനും മറ്റ് ചിലത് വിറകടുപ്പിന് മുകളിൽ വെച്ച ചീനച്ചട്ടിയിലിട്ട് ഇളക്കാനും തുടങ്ങി. ശ്രദ്ധയോടെ അവർ കൈകാര്യം ചെയ്യുന്ന സുഗന്ധവ്യഞ്ജനങ്ങളുടേയും പച്ചിലകളുടേയും ഹൃദയഹാരിയായ വാസന അടുക്കളയിൽ പതുക്കെ പരക്കാൻ തുടങ്ങി.
ഭക്ഷണം തയ്യാറായിക്കൊണ്ടിരിക്കുമ്പോൾ അപോംഗ് മദ്യം നിറച്ച ഗ്ലാസ്സുകൾ പിച്ചളപ്പാത്രത്തിൽ എത്തിച്ചേർന്നു. പരമ്പരാഗത മിസിങ് വാറ്റ് അല്പം മധുരമുള്ളതും ഒരു ചെറിയ ലഹരി തരുന്നതുമാണ്. എല്ലാ മിസിങ് ഗൃഹങ്ങളിലും അവരവരുടെ സ്വന്തം മദ്യമുണ്ടാവും. തൊട്ടടുത്ത് താമസിക്കുന്ന മൊഞ്ജിത്തിന്റെ ഭർത്തൃസഹോദരി ജുനാലി റിസൊംഗിന്റെ വീട്ടിൽനിന്നാണ് മദ്യം കൊണ്ടുവന്നത്. ഈ മദ്യം ഉണ്ടാക്കുന്നതിനെക്കുറ്ച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഇവിടെ വായിക്കാം: മജൂലിയിൽ മിസിങ് മദ്യം തയ്യാറാക്കുമ്പോൾ


ഇടത്ത്: കഷണമാക്കി മുറിച്ച് ആരൽ മത്സ്യം ആവി കയറ്റാൻ വെച്ചിരിക്കുന്നു. വലത്ത്: ഖെട്ടിയ കറിയുണ്ടാക്കാനായി മത്സ്യം മുറിച്ച് വൃത്തിയാക്കിവെച്ചിരിക്കുന്നു


ഇടത്ത്: അപോംഗ് ബീർ. വലത്ത്: നയൻമൊണി വെട്ടുകയും വൃത്തിയാക്കുകയും ചെയ്യുന്നു
മുറിക്കുകയും വെട്ടുകയും ഇളക്കുകയും ചെയ്യുന്നതിനിടയ്ക്ക് മെനുവിലെ അടുത്ത വിഭവം ചൂടാക്കുന്നതിനായി നയൻമൊണി വിറകടുപ്പ് പരിശോധിക്കുകയും തീയൂതുകയും ചെയ്യുന്നു. കോഴിയിറച്ചി ചുടുന്നതിനായി കമ്പികളിൽ കുത്തിവെച്ചിരിക്കുന്നു.
നയൻമൊണി നോക്കുന്ന ഭാഗത്തേക്ക് ഞങ്ങളുടെ ശ്രദ്ധ തിരിഞ്ഞു. മാരാമിന്റെ മുകളിലായി പരാപ് എന്ന് വിളിക്കുന്ന ഒരു പലകത്തട്ട്. അതിന്മേലാണ് വിറകുകളും മീനും ശേഖരിച്ച് ഉണക്കാൻ വെക്കുന്നത്. പ്രത്യേകിച്ചും മീനുകളുടെ പ്രജനന കാലത്ത്.
“ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിൽ മീൻപിടുത്തം നിരോധിച്ചിരിക്കുന്നു. കാരണം, ആ സമയങ്ങളിലാണ് മീനുകളുടെ പ്രജനനം. ആവശ്യത്തിൽക്കൂടുതൽ മീനുകൾ സൂക്ഷിക്കാനും ഞങ്ങൾക്ക് താത്പര്യമില്ല”, മൊഞ്ജിത്ത് പറയുന്നു.
ചംഘാർ എന്ന് വിളിക്കുന്ന പരമ്പരാഗതമായ മിസിങ് വീടുകളുടെ ഭാഗമാണ് അടുക്കളയും തീൻമുറിയും ചേർന്ന ഭാഗം. കോൺക്രീറ്റും മുളന്തൂണുകളും ഉപയോഗിച്ച് നിലത്തിൽനിന്ന് രണ്ടടി ഉയരത്തിലാണ് അത് സ്ഥാപിച്ചിരിക്കുന്നത്. തറയിൽ ചെറിയ ദ്വാരങ്ങളുണ്ടാവും. മജൂലി വീടുകളിൽനിന്ന് പ്രളയജലം ഒഴുകിപ്പോവുന്നതിന് ബോധപൂർവ്വം നിലനിർത്തുന്നതാണ് ആ ദ്വാരങ്ങൾ.
മഴക്കാലത്ത് ഭക്ഷണരീതി മാറുമെന്ന് മൊഞ്ജിത്ത് പറയുന്നു. “മഴമൂലം, വളരെ കുറച്ച് പച്ചക്കറികൾ മാത്രമേ വിളവെടുക്കാറുള്ളു. തണുപ്പുകാലമാണ് പച്ചക്കറികളുടെ കാലം. ആ സമയത്ത് ഞങ്ങൾ ധാരാളം സസ്യങ്ങൾ കഴിക്കുന്നു”.
വിറകടുപ്പിൽ തീ ശോഷിക്കുമ്പോൾ മൊഞ്ജിത്ത് സഹായിക്കുന്നു. “ഒരു ലോഡ് ഭാരം ചുമന്ന് മല കയറാൻ എനിക്ക് സാധിക്കും. പക്ഷേ പാചകം ചെയ്യാനാവില്ല”, ചിരിച്ചുകൊണ്ട് അയാൾ പറയുന്നു. “എനിക്കത് ആസ്വദിക്കാനാവുന്നില്ല. മിസിങ് സമുദായത്തിൽ 99 ശതമാനം ഭക്ഷണവും ഉണ്ടാക്കുന്നത് സ്ത്രീകളാണ്”.
പാചകത്തിന്റെ ഉത്തരവാദിത്തം അധികവും സ്ത്രീകളിലാണെന്ന്, മിസിങ് സമുദായത്തിന്റെ നാടോടി സാഹിത്യം എന്ന പുസ്തകമെഴുതിയ ഡോ. ജവഹർ ജ്യോതി പറയുന്നു. സമുദായത്തിന്റെ ശീലങ്ങളെക്കുറിച്ച്, അവരുടെ വാമൊഴി വരമൊഴി സാഹിത്യത്തിന്റെ സഹായത്തോടെ എഴുതപ്പെട്ട പുസ്തകമാണ് അത്. മറ്റ് ജോലികൾക്ക് പുറമേ, മിസിങ് സ്ത്രീകൾ പാചകത്തിലും തുന്നലിലും സമർത്ഥകളാണ്. എന്തെങ്കിലും അത്യാവശ്യം വന്നാലല്ലാതെ തങ്ങൾ പാചകം ചെയ്യാറില്ലെന്ന് പുരുഷന്മാരും സമ്മതിക്കുന്നു.


ഇടത്ത്: ‘റിസോംഗ് കിച്ചണിൽ, മുളകൊണ്ടുള്ള ചുമരിൽ ഘടിപ്പിച്ച ഒരു ഫ്രെയിമിൽ ലോകമൊട്ടുക്കുള്ള കറൻസികൾ വെച്ചിരിക്കുന്നു. വലത്ത്: ‘ഒരു ലോഡ് ഭാരം ചുമന്ന് മല കയറാൻ എനിക്ക് സാധിക്കും. പക്ഷേ പാചകം ചെയ്യാനാവില്ല, മൊഞ്ജിത്ത് പറയുന്നു


ഇടത്ത്: കുകുറഖോരിക എന്ന പേരുള്ള ആവി കയറ്റിയ ചിക്കൻ വിഭവം കമ്പികളിൽ കോർത്തിരിക്കുന്നു. വലത്ത്: നയൻമൊണിയെപ്പോലെയുള്ള സ്ത്രീകൾ പാചകത്തിലും തുന്നലിലും സമർത്ഥകളാണ്
എന്നാലും, മൊഞ്ജിത്തും നയൻമൊണിയും തങ്ങൾക്കിടയിൽ ഒരു സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. റിസോംഗ് കിച്ചണിൽ ‘മുതലാളി’ നയൻമൊണിയാണ്. ഹോംസ്റ്റേയിലെ വിരുന്നുകാരുടെ കാര്യങ്ങൾ നോക്കുന്നത് മൊഞ്ജിത്തും. രാത്രി പുരോഗമിക്കുന്നതോടെ, മൊഞ്ജിത്ത് റൂമുകളിൽ കയറിയിറങ്ങി വിരുന്നുകാരുടെ ക്ഷേമകാര്യങ്ങൾ നോക്കിനടത്തുന്നു.
*****
വിശദമായ താലി ഒരുക്കലാണ് ഏറ്റവും അദ്ധ്വാനമുള്ള ജോലി. രണ്ടരമണിക്കൂറായി നയൻമൊണി അടുപ്പും വിറകും പാത്രം കഴുകുന്ന സിങ്കുമായി മല്ലിടുന്നു. മാറോമിലെ പാചകം അല്പം സമയമെടുക്കുന്ന പരിപാടിയാണെങ്കിലും വിരുന്നുകാർക്ക് അതൊരു ദൃശ്യവിരുന്നാണ്. വിറകടുപ്പിന്റെ വെളിച്ചത്തിൽ പുക ഉയരുമ്പോൾ ഭക്ഷണം പാകമാവുന്നത് നോക്കി അവരിരിക്കുന്നു.
എത്ര തവണ അവർ ഇത് ചെയ്യാറുണ്ട്? “ചിലപ്പോൾ ഞാൻ മാസത്തിലൊരിക്കൽ താലി ഉണ്ടാക്കും. ചിലപ്പോൾ ഉണ്ടാക്കേണ്ടിവരാറേയില്ല”. കോവിഡിന് മുമ്പ് ഇടയ്ക്കിടയ്ക്ക് ചെയ്യേണ്ടിവന്നിരുന്നു എന്ന് അവർ പറയുന്നു. കഴിഞ്ഞ 15 വർഷമായി അവരീ ജോലി ചെയ്യുന്നു. 2007-ൽ വിവാഹിതയായതിൽപ്പിന്നെ.
“ആദ്യത്തെ കാഴ്ചയിൽത്തന്നെ ഞാൻ പ്രണയത്തിലായി”, വിറകടുപ്പിലേക്ക് നോക്കിക്കൊണ്ട് മൊഞ്ജിത്ത് പറയുന്നു.
“അല്ലെങ്കിൽ, 30 മിനിറ്റ് എടുത്തു അതിന്. അങ്ങിനെയും പറയാം”, ചിരിച്ചുകൊണ്ട് അയാൾ തിരുത്തി.
അയാളുടെയടുത്തിരുന്ന് മത്സ്യം വെട്ടുകയായിരുന്ന അവർ ചിരിച്ചുകൊണ്ട് അയാൾക്ക് ഒരടി കൊടുത്ത് ചിരിക്കുന്നു. “30 മിനിറ്റ് എടുത്തു എന്ന് തോന്നുന്നു”, അവർ പറയുന്നു.
“അവൾ പറഞ്ഞത് ശരിയാണ്”, ഇപ്പോൾ ഉറപ്പായി എന്ന മട്ടിൽ മൊഞ്ജിത്ത് പറയുന്നു. “രണ്ട് ദിവസമേ വേണ്ടിവന്നുള്ളു. അതിനുശേഷം ഞങ്ങൾ രഹസ്യമായി പുഴയുടെ സമീപത്ത് കണ്ടുമുട്ടി കുറച്ച് സമയം ചിലവഴിക്കും. നല്ല ദിവസങ്ങളായിരുന്നു അത്”, 20 വർഷം മുമ്പാണ് അവർ വിവാഹിതരായത്. ഇപ്പോൾ അവർക്ക് ബബ്ലിയെന്ന കൌമാരക്കാരിയായ മകളും ബാർബി എന്നുപേരായ ഒരു ചെറിയ കുഞ്ഞുമുണ്ട്.
ഏറ്റവുമവസാനം അവരുണ്ടാക്കിയ വിഭവം ആരൽ മത്സ്യമായിരുന്നു. ഈ പ്രദേശത്തെ ഇഷ്ടവിഭവമാണ് അത്. “ഞങ്ങളിത്, പച്ചമുളയുടെ കൂടെയാണ് പാചകം ചെയ്യുക. നല്ല രുചിയാണ് അതിന്. ഇന്ന് പച്ചമുള കിട്ടിയില്ല. അതുകൊണ്ട് വാഴയിലയിൽ ഉണ്ടാക്കി”.


ഇടത്ത്: വാഴയിലയിൽ ആരൽ മത്സ്യം ചുടുന്ന നയൻമൊണി. വലത്ത്: ഘെട്ടിയ എന്ന് വിളിക്കുന്ന മീൻകറി


ഇടത്ത്: വിളമ്പാൻ ഏകദേശം തയ്യാറായ താലി ഒരുക്കുന്ന നയൻമൊണി. വലത്ത്: തയ്യാറായിക്കൊണ്ടിരിക്കുന്ന ഒരു മിസിങ് താലി
എങ്ങിനെയാണ് അവരിത് പഠിച്ചത്? “മൊഞ്ജിത്തിന്റെ അമ്മയാണ് ഇത് പാചകം ചെയ്യാൻ എന്നെ പഠിപ്പിച്ചത്”, അവർ പറയുന്നു. ദീപ്തി റിസോംഗ് സ്ഥലത്തില്ല. അടുത്തുള്ള ഗ്രാമത്തിൽ മകളെ സന്ദർശിക്കാൻ പോയിരിക്കുകയായിരുന്നു അവർ.
ഒടുവിൽ ആ കാത്തിരുന്ന മുഹൂർത്തം വന്നു. എല്ലാവരും മുളകൊണ്ടുള്ള കസേരകളെടുത്ത് അടുക്കളയുടെ മൂലയ്ക്കലുള്ള മുളകൊണ്ടുണ്ടാക്കിയ നീളമുള്ള തീൻമേശയിലേക്ക് നീങ്ങി
മീനും ഉരുളക്കിഴങ്ങുംകൊണ്ട് ഉണ്ടാക്കിയ ഘെട്ടിയ എന്ന മധുരവും പുളിയുമുള്ള മീൻകറി, വാഴയിലയിൽ പുകച്ച ആരൽമത്സ്യവും കുകുറഖോരിക എന്ന കമ്പിയിൽ കോർത്ത് പുകച്ചെടുത്ത കോഴിയിറച്ചിയും ബേംഗൻ അഭജ എന്ന വഴുതനയും വാഴയിലയിൽ വേവിച്ച ചോറും എല്ലാമുണ്ട് മെനുവിൽ. നാരങ്ങ ചേർത്ത കറികൾ, പുകച്ചെടുത്ത ഇറച്ചി, രുചികരമായ ചോറ് എന്നിവ ഈ ഭക്ഷണത്തെ ആഹ്ലാദപ്രദമാക്കുന്നു.
ഓരോ താലിയും 500 രൂപയ്ക്കാണ് വിൽക്കുന്നത്.
“ഇത്തരത്തിലുള്ള താലിയുണ്ടാക്കാൻ വളരെ ബുദ്ധിമുട്ടാണ്”, ക്ഷീണിതയായ നയൻമൊണി പറയുന്നു. “ഏതാനും ദിവസങ്ങൾക്കുള്ളിൽ, 35 പേർക്കുള്ള ഉച്ചയൂണ് എനിക്കുണ്ടാക്കണം”, അവർ കൂട്ടിച്ചേർത്തു.
അദ്ധ്വാനിച്ച് ക്ഷീണിച്ച ഒരു ദിവസത്തിനുശേഷം ഒരിക്കൽ ജോർഹട്ടിലേക്ക് പോകണമെന്നതാണ് അവരുടെ സ്വപ്നം. പുഴയ്ക്കപ്പുറത്തുള്ള ഒരു വലിയ നഗരമാണത്. ദിവസേന ഫെറിയുണ്ട് അങ്ങോട്ട് പോകാൻ. എന്നാലും, മഹാവ്യാധിമൂലം മൂന്ന് വർഷമായി അവർ അങ്ങോട്ട് പോയിട്ടില്ല. “അവിടെ ജോർഹട്ടിൽ എനിക്ക് കുറച്ച് ഷോപ്പിംഗ് നടത്തുകയും ഏതെങ്കിലും ഹോട്ടലിൽ പോയി ഭക്ഷണം കഴിക്കുകയുമൊക്കെ ചെയ്യാം. അവിടെ പാചകം വേറെയാരെങ്കിലും ചെയ്യുമല്ലോ”, ചിരിച്ചുകൊണ്ട് അവർ പറയുന്നു.
പരിഭാഷ: രാജീവ് ചേലനാട്ട്