പാരിയുടെ ഫിലിം ഡിവിഷന് ഈ വർഷം ചാരിതാർത്ഥ്യത്തിന്റേതായിരുന്നു. ഇന്ത്യൻ ഗ്രാമങ്ങളിലെ മനുഷ്യരെക്കുറിച്ചുള്ള വീഡിയോകളും, ഡോക്യുമെന്ററികളും, ഹ്രസ്വ ക്ലിപ്പുകളും ഫീച്ചർ ഫിലിമുകളുമെല്ലാം ചേർന്ന ഒന്ന്.
ഒരു ഓൺലൈൻ മാധ്യമം എന്ന നിലയ്ക്ക്, നമുക്ക് ചുറ്റുമുള്ള വാർത്തകൾക്കും സംഭവങ്ങൾക്കും നേരെ സൂക്ഷ്മമായി നോക്കുന്ന സിനിമകളെയാണ് ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നത്. ബിഹാറിലെ ബിഹാർഷെറീഫ് എന്ന പട്ടണത്തിലെ 113 വർഷം പഴക്കമുള്ള ഒരു വായനശാലയെ വർഗ്ഗീയതയുടെ അഗ്നിക്കിരയാക്കിയതിനെക്കുറിച്ചുള്ള സിനിമയാണ് മദ്രസ അസീസിയ . പുനരുപയോഗോർജ്ജം ഉത്പാദിപ്പിക്കാനുള്ള സംരംഭത്തിന് ജയ്സാൽമറിലെ ഒറാനെന്ന കന്യാവനങ്ങൾ കൈയ്യേറുകയും ആ ലക്ഷ്യം നിർവ്വഹിക്കാനായി, കുറ്റിക്കാടുകളെ ‘തരിശുഭൂമി’യായി തരംതിരിച്ച് സൌര, കാറ്റാടി ഊർജ്ജ പ്ലാന്റുകൾക്ക് വിൽക്കുന്നതിനെക്കുറിച്ചുള്ളതായിരുന്നു മറ്റൊരു സിനിമ .
അസമിലെ ബ്രഹ്മപുത്രയിൽ എരുമകളെ മേയ്ക്കുന്ന ഒരു ആദിവാസി ഇടയൻ പാടുന്ന മനോഹരമായ പ്രണയഗാനത്തോടെയാണ് കഴിഞ്ഞുപോയ വർഷത്തിന് ഞങ്ങൾ തുടക്കമിട്ടത്. പശ്ചിമ ബംഗാൾ, ചത്തീസ്ഗഢ്, കർണ്ണാടക, രാജസ്ഥാൻ തുടങ്ങി, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പാട്ടുകളും നൃത്തങ്ങളും ഞങ്ങൾ ഞങ്ങളുടെ ശേഖരത്തിൽ ഉൾച്ചേർക്കുകയുണ്ടായി.
ഈ വർഷം ഞങ്ങൾ അവസാനിപ്പിക്കുന്നതാകട്ടെ, പാരിയുടെ ഗ്രൈൻഡ്മിൽ സോംഗ്സ് പ്രോജക്ടിനെക്കുറിച്ചുള്ള ഒരു സിനിമയോടെയാണ്. പതിറ്റാണ്ടുകൾ നീണ്ടുനിന്ന ഒരസാധാരണ ശേഖരണ പ്രക്രിയയുടെ കഥയാണ് ഞങ്ങൾ അതിൽ രേഖപ്പെടുത്തിയിട്ടുള്ളത്.
ഈ വർഷം ഞങ്ങൾ ഒരു സുപ്രധാന സിനിമ, ‘വർത്ത്’ (മൂല്യം) ചേർത്തിട്ടുണ്ട്. പുനെയിലെ ശുചീകരണത്തൊഴിലാളികളായ സ്ത്രീകളുടെ ശബ്ദം നിങ്ങൾക്കതിൽ കേൾക്കാം. “മാലിന്യങ്ങൾ ഉണ്ടാക്കുന്നത് നിങ്ങളാണെന്നിരിക്കേ, ഞങ്ങളെങ്ങിനെയാണ് ‘മാലിന്യത്തൊഴിലാളികൾ’ ആവുക? എന്നാണ് അവർ ചോദിക്കുന്ന ചോദ്യം. കാലാവസ്ഥാവ്യതിയാനത്തിന്റെ സ്വാധീനത്തെക്കുറിച്ചുള്ള ഞങ്ങളുടെ സിനിമകളിൽ ഉൾപ്പെടുത്തിയിട്ടുള്ളത് അൽഫോൺസാ മാങ്ങയെക്കുറിച്ചുള്ള ഒരു സിനിമയാണ്. കാലാവസ്ഥയിലെ മാറ്റങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന ആ മാങ്ങാക്കർഷകരെക്കുറിച്ചുള്ളത്.
സമൂഹങ്ങളെക്കുറിച്ചുള്ള സിനിമകളുടെ ശേഖരത്തിലേക്ക് ഈ വർഷം മുഴുവൻ ഞങ്ങൾ പുതിയ കഥകൾ ചേർത്തുകൊണ്ടിരുന്നു. മേദപുരത്തെ മഡിഗ സമൂഹത്തിന്റെ ഉഗാദി ആഘോഷത്തെക്കുറിച്ചുള്ള കഥ, പുതിയൊരു ദളിത് ആചാരത്തിന്റെ നിറവും ശബ്ദവും കാണിച്ചുതരുന്നു. മലബാർ പ്രദേശത്തെ വിവിധ ജാതിക്കാരും സമുദായക്കാരും നിർവ്വഹിച്ചുകൊണ്ടിരിക്കുകയും നിലനിന്നുപോരാൻ ബുദ്ധിമുട്ടുകയും ചെയ്യുന്ന തോൽപ്പാവക്കൂത്ത് എന്ന കലയെക്കുറിച്ചുള്ള ദീർഘമായ സിനിമ, പാവകളിയിലൂടെ പറഞ്ഞുതരുന്നത് വിവിധ സംസ്കാരങ്ങളെക്കുറിച്ചുള്ള കഥയാണ്. അയൽസംസ്ഥാനമായ കർണ്ണാടകയിലെ, ഭൂതാരാധന യെക്കുറിച്ചുള്ള സിനിമയിൽ, ആ ആചാരവുമായി അഭേദ്യമായി ബന്ധപ്പെട്ട ഒരു നാദസ്വര കലാകാരന്റെ ജീവിതത്തിന്റെ വിശദാംശങ്ങൾ നിങ്ങൾക്ക് കാണാം. മെഴുക് വാർപ്പുപയോഗിച്ച് ലോഹരൂപങ്ങളുണ്ടാക്കിയിരുന്ന, പശ്ചിമ ബംഗാളിൽനിന്നുള്ള അപ്രത്യക്ഷമായ ഡോക്ര കലയെക്കുറിച്ചുള്ള സിനിമയും ശ്രദ്ധേയമാണ്
ഈ സിനിമകൾ കാണുക!

മദ്രസ അസീസിയയുടെ ഓർമ്മയിൽ
ബിഹാർഷെറീഫിൽ 113 വർഷം പഴക്കമുള്ള ഒരു മദ്രസയ്ക്കും 4,000-ലേറെ പുസ്തകങ്ങളുള്ള ഒരു ലൈബ്രറിക്കും കലാപകാരികൾ തീയിട്ടു
മേയ് 12, 2023 | ശ്രേയ കാത്യായനി

ഓറാനുകളെ രക്ഷിക്കാനുള്ള പോരാട്ടം
സൌരോർജ്ജ, കാറ്റാടി സംരംഭങ്ങൾ രാജസ്ഥാനിലെ ഓറാനുകളെ നിരന്തരം കൈയ്യേറിക്കൊണ്ടിരിക്കുന്നു. പുൽമേട്ടിലെ ഈ കന്യാവനങ്ങളെ ‘തരിശുഭൂമി’യായി തെറ്റായി പട്ടികപ്പെടുത്തുകയാണ് സർക്കാർ രേഖകളിൽ. അവയുടെ വർദ്ധിച്ചുവരുന്ന സാന്നിധ്യം പരിസ്ഥിതിയേയും ഉപജീവനമാർഗ്ഗങ്ങളേയും ഗുരുതരമായി മാറ്റിമറിക്കുന്നു
ജൂലായ് 25, 2023 | ഊർജ

എരുമ മേച്ചിലുകാരൻ പ്രണയഗാനം പാടുന്നു
അസമിലെ മിസിംഗ് ഗോത്രക്കാരനാണ് സത്യജിത്ത് മോറാംഗ്. ഈ വീഡിയോയിൽ അയാൽ ഓയിനിടോം ശൈലിയിൽ ഒരു പ്രണയഗാനം പാടുകയും, ബ്രഹ്മപുത്ര നദിയിൽ രൂപംകൊണ്ട് ദ്വീപുകളിൽ എരുമകളെ മേയ്ക്കുന്നതിനെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്നു
ജനുവരി 2, 2023 | ഹിമാൻശു ചുട്ടിയ സൈക്കിയ

ഗ്രാമീണ ഇന്ത്യയിലെ അടുക്കളയിൽനിന്നുള്ള ഗാനങ്ങൾ
100,000-ലധികം പാട്ടുകളും, നൂറുകണക്കിന് ഗ്രാമങ്ങളിലായി 3,000-ലധികം ഗായകരുമടങ്ങുന്ന ഗ്രൈൻഡ്മിൽ സോംഗ്സ് പ്രോജക്ട് (അരകൽ ഗാനപദ്ധതി- ജി.എസ്.പി.) സാധാരണക്കാരായ സ്ത്രീകളുടെ – കൃഷിക്കാർ, തൊഴിലാളികൾ, മുക്കുവർ എന്നിവരുടേയും പെണ്മക്കളുടേയും അമ്മമാരുടേയും പെങ്ങന്മാരുടേയും – ശബ്ദങ്ങൾ പിടിച്ചെടുക്കാനുള്ള ബൃഹത്തായ ഒരു സംരംഭമാണ്. അരകല്ലിന്റെ പാട്ടുകളാണ് – അഥവാ, ജാത്യവർച്യോവ്യ - അവർ പാടുന്നത്. ജി.എസ്.പി.യുടെ കാവ്യപൈതൃകത്തേയും ഉത്പത്തിയേയുംകുറിച്ചുള്ള ഒരു പാരി ഡോക്യുമെന്ററി
ഡിസംബർ 7, 2023 | പാരി സംഘം

വർത്ത്
ഒക്ടോബർ 2, സ്വച്ഛ ഭാരത് ദിവസം, പുണെയിലെ മാലിന്യശേഖരണ തൊഴിലാളികളെക്കുറിച്ചൊരു സിനിമ
ഒക്ടോബർ 2, 2023 | കവിത കാർനെറോ

അൽഫോൺസോയുടെ കാലം കഴിയുന്നു
മഹാരാഷ്ട്രയിലെ കൊങ്കൺ മേഖലയിൽ, അൽഫോൺസാ മാങ്ങയുടെ വിളവിലുണ്ടായ ഭീമമായ കുറവ് കർഷകരെ ആശങ്കയിലാഴ്ത്തുന്നു
ഒക്ടോബർ 13, 2023 | ജയ്സിംഗ് ചവാൻ

മേദാപുരത്തെ ഉഗാദി: ആചാരം, അധികാരം, സ്വത്വം
ആന്ദ്രാ പ്രദേശിലെ മേദാപുരത്തെ ഉഗാദി ഉത്സവം വിപുലമായ ഒന്നാണ്. പട്ടണത്തിലേക്ക് ഈ വിഗ്രഹം കൊണ്ടുവന്ന മഡിഗ സമുദായമാണ് ഇത് സംഘടിപ്പിക്കുന്നത്
ഒക്ടോബർ 27, 2023 | നാഗ ചരൺ

നിഴലിൽനിന്നുള്ള കഥകൾ: മലബാറിലെ തോൽപ്പാവക്കൂത്ത്
കേരളത്തിലെ മലബാർ മേഖലയിലെ ഗ്രാമങ്ങളിൽ നടക്കുന്ന നിഴൽപ്പാവക്കൂത്തുകളെക്കുറിച്ച് ഒരു സിനിമ
മേയ് 29, 2023 | സംഗീത് ശങ്കർ

തുളുനാട്ടിലെ ഭൂതങ്ങൾ
കർണ്ണാടകയിൽ, അറേബ്യൻ സമുദ്രത്തിന്റെ തീരത്തെ ഈ മേഖലയിൽ, വിവിധ സമുദായക്കാർ ഭൂതാരാധനയ്ക്കായി ഒത്തുചേരുന്നു. സയ്യദ് നാസിറിന്റെ പൈതൃകത്തെയും, ഈ ആരാധന നടത്തുന്ന അദ്ദേഹത്തിന്റെ സംഗീതസംഘത്തെയും കുറിച്ച് ഒരു സിനിമ
ഏപ്രിൽ 26, 2023 | ഫൈസൽ അഹമ്മദ്

ഡോക്ര: രൂപപരിണാമത്തിന്റെ കല
നിലച്ചുപോയ മെഴുക് വാർപ്പ് സാങ്കേതികവിദ്യ ഉപയോഗിച്ച് പിജൂഷ് മൊണ്ടൽ ലോഹരൂപങ്ങൾ ഉണ്ടാക്കുന്നു. ഈ പ്രക്രിയയ്ക്ക് ആവശ്യമായവിദഗ്ദ്ധനായ ഈ ഡോക്ര നിർമ്മാതാവ്
ഓഗസ്റ്റ് 26, 2023 | ശ്രേയഷി പോൾ
ഫിലിം, വീഡിയോ എന്നിവ ഞങ്ങൾക്കയയ്ക്കാൻ
contact@ruralindiaonline.org
–ലേക്ക് ബന്ധപ്പെടുക
ഈ കഥ നിങ്ങൾക്ക് ഇഷ്ടപ്പെടുകയും പാരിയിലേക്ക് നിങ്ങളുടെ കൃതികൾ നൽകണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ contact@ruralindiaonline.org.എന്ന മേൽവിലാസത്തിൽ ബന്ധപ്പെടുക. ഫ്രീലാൻസായും സ്വതന്ത്രമായും പ്രവർത്തിക്കാൻ താത്പര്യമുള്ള എഴുത്തുകാർ, റിപ്പോർട്ടർമാർ, ഫോട്ടോഗ്രാഫർമാർ, സിനിമനിർമ്മാതാക്കൾ, പരിഭാഷകർ, എഡിറ്റർമാർ, ചിത്രകാരന്മാർ, ഗവേഷകന്മാർ എന്നിവരെ ഞങ്ങൾ ഞങ്ങളോടൊപ്പം പ്രവർത്തിക്കാൻ ക്ഷണിക്കുന്നു.
പാരി ഒരു ലാഭാധിഷ്ഠിത സംഘമല്ല. ഞങ്ങളുടെ ബഹുഭാഷാ ഓൺലൈൻ മാധ്യമവും സമാഹരണദൌത്യവും ഇഷ്ടപ്പെടുന്നവരിൽനിന്നുള്ള സംഭാവനകളെ മാത്രമാണ് ഞങ്ങൾ ആശ്രയിക്കുന്നത്. പാരിയിലേക്ക് സംഭാവന ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഡോണേറ്റ് എന്ന ലിങ്കിൽ അമർത്തുക.
പരിഭാഷ: രാജീവ് ചേലനാട്ട്