“ഈ ശവകുടീരം ഞങ്ങൾ നിർമ്മിച്ച താത്ക്കാലിക സംവിധാനമാണ്. സാവ്‌ല പീറിന്റെ യഥാർത്ഥ മന്ദിരം, ഇന്തോ-പാക് മാരിടൈം അതിർത്തിയുടെ തന്ത്രപ്രധാനമായ മേഖലയിലാണ്,” ഫക്കീരാനി ജാട്ടുകളുടെ ആത്മീയനേതാവായ 70 വയസ്സുള്ള ആഗാ ഘാൻ സവ്‌ലാനി പറയുന്നു. താത്കാലിക സംവിധാനം എന്ന വാക്കുകൊണ്ട് അദ്ദേഹം ഉദ്ദേശിച്ചത്, ഒറ്റപ്പെട്ട് നിൽക്കുന്ന ഇളം പച്ച നിറത്തിലുള്ള ചെറിയ ശവകുടീരത്തെയാണ്. ലാഖ്പത് താലൂക്കിലെ പീപർ കോളണിക്കടുത്തുള്ള തുറസ്സായ ഒരു സ്ഥലത്തിന്റെ നടുക്കാണത് നിൽക്കുന്നത്. ഏതാനും മണിക്കൂറിനുള്ളിൽ, ആ സ്ഥലം, സാവ്‌ല പീർ ഉത്സവം ആഘോഷിക്കാൻ വരുന്ന ആളുകളെക്കൊണ്ട് നിറയും.
യഥാർത്ഥ മന്ദിരം നിൽക്കുന്നത് ഒരു ദ്വീപിലാണ്. സുരക്ഷാകാരണങ്ങളാൽ, 2019 മുതൽ അത് അടച്ചുപൂട്ടി ആരാധന വിലക്കിയിരിക്കുന്നു. ആ സ്ഥലത്ത് അതിർത്തി രക്ഷാസേനയ്ക്ക് (ബോർഡർ സെക്യൂരിറ്റി ഫോഴ്സ് – ബി.എസ്.എഫ്) ഒരു പോസ്റ്റുണ്ട്. “സ്വാതന്ത്ര്യത്തിനുമുൻപ്, മേള നടത്തിയിരുന്നത്, കോടേശ്വറിന്റെ അപ്പുറത്തുള്ള കോരി ക്രീക്കിലുള്ള ദ്വീപിലെ സാവ്‌ല പീറിന്റെ മന്ദിരത്തിലാണ്. ആ കാലത്ത്, ഇന്നത്തെ പാക്കിസ്താനിലെ സിന്ധിൽനിന്നുള്ള ജാട്ട് കന്നുകാലിമേച്ചിലുകാർ ബോട്ടിൽ വന്ന് പൂജ അർപ്പിച്ചിരുന്നു,” എന്ന് ഒരു ബയോകൾച്ചറൽ കമ്മ്യൂണിറ്റി പ്രൊട്ടൊക്കോൾ പറയുന്നു.
എല്ലാ ജാതിവിഭാഗങ്ങളിൽനിന്നുമുള്ള ഹിന്ദു, മുസ്ലിം കുടുംബങ്ങൾ ഈ മേളയിൽ പങ്കെടുക്കുകയും പ്രാർത്ഥിക്കുന്നതും ഈ മേഖലയിലെ പാരമ്പര്യമാണ്. ഗുജറാത്തി കലണ്ടർ പ്രകാരം, എല്ലാ വർഷവും ചൈത്രമാസത്തിലെ മൂന്നാമത്തെയോ നാലാമത്തെയോ ദിവസം (മാർച്ച്, ഏപ്രിലിനോടടുപ്പിച്ച്) നടക്കുന്ന ഈ മേള സംഘടിപ്പിക്കുന്നത് ഫക്കീരാനി ജാട്ട് സമുദായമാണ്.
“സവ്‌ല പീറിന്റെ മന്ദിരത്തിൽ എല്ലാവർക്കും വന്ന് പ്രാർത്ഥിക്കാം. ഒരു വിവേചനവുമില്ല. ആർക്കും വന്ന്, അനുഗ്രഹങ്ങൾ തേടാം. വൈകീട്ടുവരെ കാത്തിരുന്നാൽ നിങ്ങൾക്ക് തിരക്ക് കാണാൻ സാധിക്കും,” കച്ചിലെ പീപർ കോളണിയിലെ താമസക്കാരനായ 40-കളിലെത്തിയ സോണു ജാട്ട് പറയുന്നു. ഈ കൊളണിയിൽ 50-80 ഫക്കീരാണി ജാട്ട് കുടുംബങ്ങൾ താമസിക്കുന്നുണ്ട്.

ഗുജറാത്തിലെ ലാഖ്‌പത് താലൂക്കിലെ കച്ച് പ്രവിശ്യയിലെ പിപാർ ഗ്രാമത്തിലാണ് സാവ്‌ല പീറിന്റെ പുതിയ മന്ദിരം സ്ഥിതിചെയുന്നത്
ഒട്ടകങ്ങളെ മേയ്ക്കുന്ന ഫക്കീരാനി ജാട്ടുകൾ എത്രയോ തലമുറകളായി കച്ച് തീരമേഖലയിലെ ഊഷര, അർദ്ധ-ഊഷര പ്രദേശങ്ങളിൽ ജീവിക്കുന്നു. ഖരായ്, അഥവാ, കച്ചി എന്നും വിളിക്കപ്പെടുന്ന സവിശേഷമായ ഒരു ഒട്ടകയിനത്തെ മേയ്ക്കുന്നവരാണ് ഇക്കൂട്ടർ. തൊഴിൽപരമായി ഇടയരാണെങ്കിലും നാടോടി ജീവിതം നയിക്കുന്നവരാണ്. പട്ടണങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും ആവശ്യമായ വെണ്ണ, നെയ്യ്, പാൽ, കമ്പിളി, വളം എന്നിവ വിതരണം ചെയ്യുന്ന ഡെയറി കർഷകരാണ് ഇക്കൂട്ടർ പരമ്പരാഗതമായി ഫക്കീരാനി ജാട്ടുകാർ. ചെമ്മരിയാട്, ആട്, എരുമ, പശുക്കൾ, മറ്റ് സവിശേഷ ഇനം വളർത്തുമൃഗങ്ങൾ എന്നിവയെയാണ് മേയ്ക്കുന്നത്. എന്നാൽ, പ്രാഥമികമായി അവർ സ്വയം അടയാളപ്പെടുത്തുന്നത് ഒട്ടകങ്ങളെ വളർത്തുന്നവരായിട്ടാണ്. തങ്ങളുടെ ഒട്ടകങ്ങളും കുടുംബങ്ങളുമായി അവർ ഈ മേഖലയിലുടനീളം യാത്രചെയ്തുകൊണ്ടിരിക്കുന്നു. ഒട്ടകക്കൂട്ടങ്ങളെ പരിപാലിക്കുന്നതും, നവജാത ഒട്ടകക്കുഞ്ഞുങ്ങളെ നോക്കിവളർത്തുന്നതും ഫക്കീരാനി സ്ത്രീകളുടെ ജോലിയാണ്.
“എന്നാൽ ആരംഭത്തിൽ ഞങ്ങൾ ഒട്ടകസൂക്ഷിപ്പുകാരായിരുന്നില്ല. ഒരിക്കൽ രണ്ട് രാബറി സഹോദരന്മാർ തമ്മിൽ ഒരു ഒട്ടകത്തിന്റെ ഉടമസ്ഥതയെച്ചൊല്ലി അഭിപ്രായവ്യത്യാസമുണ്ടായി,” ഫക്കീരാനി ജാട്ടുകളുടെ ഉപജീവനത്തെക്കുറിച്ചുള്ള കഥ പറയുകയാണ് മേഖലയിലെ സൂഫി കവിയായ ഉമർ ഹാജി സുലൈമാൻ. “പ്രശ്നപരിഹാരത്തിനായി അവർ ഞങ്ങളുടെ സന്ന്യാസിവര്യൻ സാവ്‌ല പീറിനെ സമീപിച്ചു. തേനീച്ചയുടെ മെഴുകുകൊണ്ടുള്ള ഒരു ഒട്ടകത്തിന്റെ പ്രതിമയെ സൃഷ്ടിച്ച സന്ന്യാസിവര്യൻ, സഹോദരന്മാരോട്, ആ രണ്ട് ഒട്ടകങ്ങളിലൊന്നിനെ തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടു. സഹോദരന്മാരിൽ മൂത്തയാൾ ജീവനുള്ള ഒട്ടകവുമായി സ്ഥലംവിട്ടു. ഇളയവനായ ദേവീദാസ് രാബറിക്ക് കിട്ടിയത് മെഴുകിന്റെ ഒരു ഒട്ടകത്തെയായിരുന്നു. യാത്ര കഴിഞ്ഞ് മടങ്ങുമ്പോൾ ഒരു വലിയ ഒട്ടകക്കൂട്ടം അനുഗമിക്കുമെന്ന് സാവ്‌ല പീർ ദേവീദാസിനെ അനുഗ്രഹിച്ചു. വീട്ടിലെത്തുന്നതുവരെ തിരിഞ്ഞുനോക്കില്ലെന്ന് വാക്ക് കൊടുത്താൽ ആ ഒട്ടകക്കൂട്ടത്തിന്റെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുമെന്നും പീർ പറഞ്ഞു.
“ദേവീദാസിന് തന്റെ ആകാംക്ഷ അടക്കാനായില്ല. വീട്ടിലെത്തുന്നതിന് തൊട്ടുമുമ്പ്
അയാൾ തിരിഞ്ഞുനോക്കി. വലിയൊരു ഒട്ടകക്കൂട്ടം അയാളെ പിന്തുടരുന്നുണ്ടായിരുന്നു. എന്നാൽ
പീറിന് കൊടുത്ത വാക്ക് തെറ്റിച്ചതിനാൽ, ഒട്ടകങ്ങളുടെ എണ്ണം പിന്നെ വർദ്ധിച്ചില്ല. ധാരാളം
ഒട്ടകങ്ങൾ കൈവശം വന്നാൽ, അവയെ പരിപാലിക്കാൻ ജാട്ടുകളെ ഏൽപ്പിക്കണമെന്നും സാവ്‌ല പീർ
ദേവീദാസനോട് ആവശ്യപ്പെട്ടിരുന്നു. അതുകൊണ്ടാണ് ഇന്നും, രാബറികൾ തങ്ങളെ ഏൽപ്പിക്കുന്ന
ഒട്ടകങ്ങളെ ജാട്ട് സമുദായക്കാർ പരിപാലിച്ചുപോരുന്നത്,” അദ്ദേഹം പറയുന്നു. “അതിനുശേഷം
എല്ലാവരും സാവ്‌ല പീറിനെ ആരാധിക്കാൻ തുടങ്ങിയെന്ന് നിങ്ങൾക്ക് കാണാൻ കഴിയും.”
ഫക്കീരാനി ജാട്ടുകൾ മുസ്ലിമുകളാണ്. 400 വർഷം മുമ്പ്, കോറി ക്രീക്കിൽ തന്റെ ഒട്ടകക്കൂട്ടങ്ങളുമായി ജീവിച്ചിരുന്ന ‘സാവ്‌ല പീർ’ അവരുടെ പ്രിയപ്പെട്ട സൂഫി സന്ന്യാസിയുമാണ്. എല്ലാ വർഷത്തേയുംപോലെ ഈ വർഷവും അവർ രണ്ടുദിവസത്തെ മേള – സാവ്‌ല പീർ നോ മേളോ – ലാഖ്പത്തിൽ സംഘടിപ്പിച്ചു. 2024 ഏപ്രിൽ 28, 29 തീയതികളിൽ.


മനോഹരമായി അലങ്കരിച്ച മരത്തിന്റെ ചെറിയ ബോട്ട് മാതൃകകളുമായി മന്ദിരത്തിലേക്ക് പോവുന്ന ഭക്തർ. സാവ്‌ല പീർ എന്ന സന്ന്യാസി ദ്വീപുകൾക്കിടയിൽ സഞ്ചരിക്കാനായി തന്റെ ബോട്ട് ഉപയോഗിച്ചിരുന്നതിന്റെ പ്രതീകമാണ് ഈ മരത്തിന്റെ ചെറിയ ബോട്ടുകളെന്ന് സൂഫി കവിയായ ഉമർ ഹാജി സുലൈമാൻ പറയുന്നു
*****
നിറങ്ങളും ശബ്ദങ്ങളും വ്യാപാരവുംകൊണ്ട് മുഖരിതമായിരുന്നു മേള. വൈകീട്ടത്തെ പരിപാടിക്കായി ജാട്ടുകൾ ഒരു വലിയ പ്ലാറ്റ്ഫോമിന് മുകളിൽ പന്തലൊരുക്കിയിരുന്നു; തുണിയും ഭക്ഷണവും വീട്ടുസാധനങ്ങളും കരകൌശലവസ്തുക്കളും വിൽക്കുന്ന ചെറിയ കടകൾ ഉയർന്നുവന്നു. ചായ കുടിച്ചുകൊണ്ടിരിക്കുകയായിരുന്ന മുതിർന്ന ചിലർ എന്നെ സ്വാഗതം ചെയ്തുകൊണ്ട് പറയുന്നു, “ഇത്ര ദൂരത്തുനിന്ന് ഇതിൽ പങ്കെടുക്കാൻ താങ്കൾ വന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്.”
അപ്പോഴേക്കും ധാരാളം തീർത്ഥാടകർ കാൽനടയായും, വണ്ടികളിലും അധികവും സംഘങ്ങളായി ടെമ്പോ ട്രാവലറുകളിലുമായി വരാൻ തുടങ്ങി. നിറമുള്ള വസ്ത്രങ്ങളണിഞ്ഞ ധാരാളം സ്ത്രീകൾ മേളയിൽ സന്നിഹിതരായിരുന്നു. എന്നാൽ സംസാരിക്കാനും ഫോട്ടോയിൽ നിൽക്കുന്നതിനും വിമുഖരായിരുന്നു അവർ.
രാത്രി 9 മണിയായതോടെ കൊട്ടുകാർ സംഗീതമാലപിക്കാൻ തുടങ്ങി. താളാത്മകമായി ചെറിയ രീതിയിൽ ആരംഭിച്ച മേളം അന്തരീക്ഷത്തിൽ മുഴങ്ങാൻ തുടങ്ങി. പ്രായംചെന്ന ഒരാൾ പെട്ടെന്ന് ഒരു ഭക്തിഗീതം ഉച്ചത്തിൽ ആലപിക്കാൻ തുടങ്ങി. സാവ്‌ല പീറിനുവേണ്ടി സിന്ധി ഭാഷയിലുള്ള ഒരു ഗാനം. ഏതാനും നിമിഷങ്ങൾക്കകം, കൂടുതൽ ആളുകൾ പാട്ടിൽ ചേർന്നു. മറ്റ് ചിലർ വട്ടത്തിൽനിന്ന് പാട്ടിനും താളത്തിനുമൊപ്പിച്ച് നൃത്തം ചെയ്യാൻ തുടങ്ങി. പാതിരാത്രിവരെ അത് നീണ്ടു.
പിറ്റേന്ന്, ഏപ്രിൽ 29-ന്, ഉത്സവത്തിന്റെ പ്രധാന ദിവസം, രാവിലെ മുതൽ സമുദായ നേതാക്കന്മാർ മതപ്രഭാഷണം ചെയ്യാൻ തുടങ്ങി. കടകളെല്ലാം വന്നുകഴിഞ്ഞു. ആളുകൾ അനുഗ്രഹം തേടിയും മേളയിൽ പങ്കെടുക്കാനുമായി ഒഴുകിയെത്താൻ തുടങ്ങി.
“ഞങ്ങൾ ഘോഷയാത്രയ്ക്ക് തയ്യാറായിരിക്കുന്നു; എല്ലാവരും പ്രാർത്ഥനാസ്ഥലത്ത് ഒത്തുകൂടുക,” 3 മണിക്ക് ഉച്ചഭാഷിണിയിൽ അറിയിപ്പ് വന്നു. വെളുത്ത പായകൾ കെട്ടി, നിറപ്പകിട്ടോടെ അലങ്കരിച്ച മരംകൊണ്ടുള്ള ചെറിയ ബോട്ടുകളുടെ മാതൃകകൾ തലയ്ക്കുമുകളിലുയർത്തിക്കൊണ്ട്, ആൾക്കൂട്ടം ആഹ്ലാദാരവം പുറപ്പെടുവിക്കുകയും പാടുകയും സാവ്‌ല പീറിന്റെ നാമം ഉച്ചരിച്ചുകൊണ്ട് മേളയ്ക്ക് ചുറ്റും വലംവെക്കുകയും ചെയ്തതിനുശേഷം കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചത്തിന്റേയും പൊടിപടലങ്ങളുടേയും ഇടയിലൂടെ മന്ദിരം ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരുന്നു. ദ്വീപുകൾക്കിടയിലെ തോടുകളിലൂടെ സഞ്ചരിക്കാൻ ആ പുണ്യാത്മാവ് ബോട്ടുകളുപയോപയോഗിച്ചിരുന്നതിന്റെ പ്രതീകമാണ് ആ ചെറിയ ബോട്ടുകളുടെ മാതൃകകൾ. .
“ഞാൻ എല്ലാവർഷവും ഇവിടെ വരുന്നു. ഞങ്ങൾക്ക് സാവ്‌ല ബാബയുടെ അനുഗ്രഹം വേണം,” മേളയ്ക്കിടയിൽ ഞാൻ പരിചയപ്പെട്ട 40 വയസ്സുള്ള ജയേഷ് രാബറി പറയുന്നു. അഞ്ജാറിൽനിന്നാണ് അദ്ദേഹം വരുന്നത്. “രാത്രി മുഴുവൻ ഞങ്ങളിവിടെ ചിലവഴിക്കുന്നു. ഫക്കീരാനി സഹോദരരോടൊപ്പമിരുന്ന് ചായ കുടിച്ച്, ഉത്സവം കഴിയുമ്പോൾ സന്തോഷം നിറഞ്ഞ മനസ്സോടെ വീട്ടിലേക്ക് തിരിച്ചുപോകും.”
“എന്റെ കുടുംബത്തിന് എന്തെങ്കിലും ബുദ്ധിമുട്ടോ പ്രയാസങ്ങളോ നേരിടുമ്പോൾ ഇവിടെ വന്ന് ഞങ്ങൾ പ്രാർത്ഥിക്കും. അപ്പോൾ ബുദ്ധിമുട്ടുകളൊക്കെ മാറും. കഴിഞ്ഞ 14 കൊല്ലമായി ഞാൻ വരുന്നുണ്ട്,” 30 വയസ്സുള്ള ഗീതാ ബെൻ രാബറി പറയുന്നു. ഭുജ് എന്ന സ്ഥലത്തുനിന്ന് വരികയായിരുന്നു അവർ, ഈ മേളയിൽ പങ്കെടുക്കാൻ.
“എല്ലാ മതങ്ങളും സ്നേഹത്തിൽ അടിയുറച്ചതാണ്. സ്നേഹമില്ലെങ്കിൽ പിന്നെ മതമില്ലെന്ന് ഓർമ്മ വേണം,” യാത്ര പറയാൻ ചെന്നപ്പോൾ ഉമർ ഹാജി സുലേമാൻ എന്ന കവി എന്നെ ഓർമ്മിപ്പിക്കുന്നു.

ഫക്കീരാനി ജാട്ട് സമുദായത്തിലെ ആളുകളുടെ സംഘം ഒട്ടകപ്പാലുപയോഗിച്ച് ചായ തയ്യാറാക്കുന്നു. അവരുടെ സംസ്കാരത്തിന്റെ ഒരു പ്രധാനഭാഗമാണ് അത്

സമുദായത്തിലെ മുതിർന്ന അംഗമായ മാറൂഫ് ജാട്ട് ദൈവത്തോട് പ്രാർത്ഥിക്കുന്നു. ‘നിങ്ങളും നിങ്ങളുടെ കുടുംബവുമടക്കം എല്ലാവരുടേയും നന്മയ്ക്കുവേണ്ടിയാണ് ഞാൻ പ്രാർത്ഥിക്കുന്നത്’, അദ്ദേഹം പറയുന്നു

പിപാർ ഗ്രാമത്തിലെ സന്ധ്യാ നിസ്കാരത്തിന് സമുദായാംഗങ്ങൾ തയ്യാറെടുക്കുന്നു

വസ്ത്രങ്ങളും ഭക്ഷണവും വീട്ടുസാമാനങ്ങളും കരകൌശലവസ്തുക്കളും വിൽക്കുന്ന കടകൾ തലേന്ന് വൈകീട്ടുതന്നെ ഉയർന്നുവന്നു

രാത്രി എല്ലായിടത്തും നിശ്ശബ്ദതയും ശാന്തതയും പരന്നതോടെ, ഭക്തർ അവരുടെ സംഗീതപരിപാടികൾ ആരംഭിച്ചു. രാത്രി 10 മണിയോടെ കാഴ്ചക്കാരെല്ലാം മൈതാനത്തിന്റെ നടുവിൽ ഒത്തുകൂടി. അവതരണം തുടങ്ങാറായെന്ന് കൊട്ടുകാർ പ്രഖ്യാപിച്ചു

അവതരണം നടത്തുന്ന ആളുകളും അവരുടെ നിഴലും ചേർന്ന് അർദ്ധരാത്രിവരെ അലൌകികമായ ഒരു ലോക സൃഷ്ടിക്കപ്പെടുന്നു

എല്ലാ ജാതിസമുദായങ്ങളിൽനിന്നുമുള്ള, സ്ത്രീകളും പുരുഷന്മാരും കുട്ടികളും രണ്ടുദിവസം നീളുന്ന ആഘോഷത്തിൽ പങ്കെടുക്കുന്നു

അലങ്കരിച്ച മരത്തിന്റെ ബോട്ടുകളുമായി തീർത്ഥാടകർ ഘോഷയാത്രയായി വന്ന് അവയെ മന്ദിരത്തിൽ സമർപ്പിക്കുന്നു

പുരുഷന്മാരാണ് ഘോഷയാത്ര നയിക്കുന്നത്. വലിയ അളവിൽ സ്ത്രീകളും മേളയിലേക്ക് വരാറുണ്ടെങ്കിലും ഘോഷയാത്രയിലോ നൃത്തത്തിൽ അവർ പങ്കെടുക്കാറില്ല

വാർഷിക തീർത്ഥാടനത്തിനായി ഒത്തുകൂടിയ ഭക്തസമുദ്രത്തിന് മുകളിലൂടെ, പീറിന്റെ നാമവും, അലങ്കരിച്ച ബോട്ടുകളും ഒഴുകിനീങ്ങുന്നു

ഘോഷയാത്ര കടന്നുപോകുമ്പോൾ, മേളയുടെ എല്ലാ ഭാഗത്തുനിന്നും സാവ്‌ല പീറിന്റെ നാമം പ്രതിദ്ധ്വനിക്കുന്നു

ആൾക്കൂട്ടം ആഹ്ലാദാരവം മുഴക്കിക്കൊണ്ട്, പാട്ടുപാടി, സാവ്‌ല പീറിന്റെ നാമം ഉച്ചരിച്ച്, മേളയെ വലംവെക്കുകയും ശേഷം വഴിപാടുകളർപ്പിക്കാൻ മന്ദിരത്തിലേക്ക് നീങ്ങുകയും ചെയ്യുന്നു

മന്ദിരത്തിൽ അല്പനേരം പ്രാർത്ഥിച്ച്, വൈകീട്ടത്തെ പ്രാർത്ഥനകൾക്കുശേഷം തീർത്ഥാടകർ വീടുകളിലേക്ക് മടങ്ങുന്നു
പരിഭാഷ: രാജീവ് ചേലനാട്ട്