സുധീർ കോസറെ ചാർപോയിൽ അല്പം ബുദ്ധിമുട്ടി ഇരുന്നാണ് തന്റെ ശരീരത്തിലെ മുറിവുകൾ എന്നെ കാണിക്കുന്നത് - വലത് കാല്പാദത്തിനടിയിൽ ആഴത്തിലുള്ള ഒരു മുറിവ്, വലത്തേ തുടയിൽ ഏകദേശം അഞ്ച് സെന്റിമീറ്റർ നീളത്തിലുള്ള ഒരു മുറിവ്, വലത്തേ കൈമുട്ടിന് താഴെയായി, തുന്നൽ ഇടേണ്ടിവന്ന വലിയൊരു മുറിവ്, പിന്നെ ശരീരം മുഴുവനുമുള്ള പരിക്കുകളും.
വെളിച്ചം അധികം കടന്നുചെല്ലാത്ത, പെയിന്റടിക്കാത്ത വീട്ടിലെ രണ്ടുമുറികളിലൊന്നിൽ ഇരുന്ന് എന്നോട് സംസാരിക്കവേ, സുധീർ ഭയചകിതനാണെന്ന് മാത്രമല്ല, കടുത്ത വേദനമൂലം അസ്വസ്ഥനുമാണ്. അദ്ദേഹത്തിന്റെ അമ്മയും ഭാര്യയും സഹോദരനും അടുത്തുതന്നെയുണ്ട്. പുറത്ത് മഴ തിമിർത്തു പെയ്യുന്നു. ദീർഘവും അലോസരപ്പെത്തുന്നതുമായ കാത്തിരിപ്പിനുശേഷം വന്നെത്തിയ മഴ ഇപ്പോൾ ആ പ്രദേശത്താകെ കനത്തിട്ടുണ്ട്.
2023 ജൂലായ് 2 വൈകീട്ട്, സുധീർ - ലോഹാർ-ഗഡി സമുദായത്തിലെ - (ഗഡി ലോഹാർ എന്നും അറിയപ്പെടുന്നു. സംസ്ഥാനത്ത് മറ്റ് പിന്നാക്കജാതിൽ ഉൾപ്പെട്ടവർ) ഒരു ഭൂരഹിത തൊഴിലാളിക്ക്, പാടത്ത് പണിയെടുക്കുമ്പോൾ ഒരു കാട്ടുപന്നിയുടെ ആക്രമണം നേരിടേണ്ടിവന്നു. ഗുരുതരമായി പരിക്കേറ്റെങ്കിലും, നെഞ്ചിലും മുഖത്തും കുത്തേൽക്കാത്തതിനാൽ, മെലിഞ്ഞ, എന്നാൽ ദൃഢഗാത്രനായ ആ 30-കാരൻ ഭാഗ്യംകൊണ്ട് രക്ഷപ്പെട്ടു
ജൂലൈ 8-ന് വൈകീട്ട്, സുധീറിന്റെ ഗ്രാമമായ കവാതിയിൽവെച്ചാണ് പാരി അദ്ദേഹത്തെ കണ്ടത്. ചന്ദ്രാപൂർ ജില്ലയിലെ സാവോലി തെഹ്‌സിലിൽ പ്രാദേശികവനങ്ങൾക്കകത്ത് സ്ഥിതി ചെയ്യുന്ന, തീർത്തും ഒരു സാധാരണ ഗ്രാമമാണ് കവാതി. ആശുപത്രിവാസം കഴിഞ്ഞ് സുധീർ വീട്ടിലെത്തിയിട്ടേ ഉണ്ടായിരുന്നുള്ളു.
ആക്രമണത്തിനിടെ തന്റെ നിലവിളി കേട്ട്, പാടത്ത് ട്രാക്ടർ ഓടിക്കുകയായിരുന്നു മറ്റൊരു തൊഴിലാളി ഓടിയെത്തിയതും സ്വന്തം സുരക്ഷപോലും അവഗണിച്ച് പന്നിയെ കല്ലെറിഞ്ഞ് ഓടിച്ചതുമെല്ലാം സുധീർ ഓർത്തെടുക്കുന്നു.
സുധീർ ഭയന്ന് വിറച്ച് നിസ്സഹായനായി നിലത്ത് വീണതോടെ ആ കാട്ടുമൃഗം - ഒരു പെൺപന്നിയായിരിക്കണം- അതിന്റെ തേറ്റകൊണ്ട് അദ്ദേഹത്തെ ആക്രമിച്ചു. "അത് പുറകിലേക്ക് പോയി, വീണ്ടും വീണ്ടും എന്റെ ദേഹത്തേയ്ക്ക് ചാടി നീണ്ട തേറ്റകൾ കുത്തിയിറക്കുകയായിരുന്നു," സുധീർ ഇത് പറയുമ്പോൾ, നടന്നത് വിശ്വസിക്കാനാകാതെ അദ്ദേഹത്തിന്റെ ഭാര്യ ദർശന പിറുപിറുക്കുന്നുണ്ട്; തന്റെ ഭർത്താവ് മരണത്തിൽനിന്ന് കഷ്ടി രക്ഷപ്പെട്ടതാണെന്ന് അവർക്കറിയാം.
സുധീറിനെ ഗുരുതരമായി പരിക്കേൽപ്പിച്ചശേഷം ആ മൃഗം സമീപത്തുള്ള കുറ്റിച്ചെടികൾക്കിടയിലേയ്ക്ക് രക്ഷപ്പെട്ടു.


2023 ജൂലൈയിൽ കാട്ടുപന്നിയുടെ ആക്രമണത്തിനിരയായ സുധീർ കോസറെ സുഖം പ്രാപിച്ചുവരുന്നു. സാവോലി തെഹ്‌സിലിലെ കവാതി ഗ്രാമത്തിലുള്ള സുധീറിന്റെ വീട്ടിൽ അദ്ദേഹം ഭാര്യ ദർശനയ്ക്കും അമ്മ ശശികലയ്ക്കുമൊപ്പം. ആക്രമണത്തിൽ, വലത്തേ കാൽപ്പാദത്തിലുണ്ടായ ആഴത്തിലുള്ള മുറിവ് (വലത്) ഉൾപ്പെടെ സുധീറിന് ഒട്ടേറെ പരിക്കുകൾ പറ്റുകയുണ്ടായി
ഇടവിട്ട് പെയ്ത മഴയിൽ, സുധീർ ജോലി ചെയ്തിരുന്ന പാടത്ത് വെള്ളം ലഭിച്ച ദിവസമായിരുന്നു അന്ന്. പതിവിലും രണ്ടാഴ്ച വൈകിയെങ്കിലും ഒടുവിൽ വിത തുടങ്ങിയിരുന്നു. കാടിനോട് ചേർന്നുകിടക്കുന്ന വരമ്പുകൾ ശക്തിപ്പെടുത്തുകയായിരുന്നു സുധീറിന്റെ ചുമതല. ആ ജോലിയ്ക്ക് അദ്ദേഹത്തിന് 400 രൂപ ദിവസക്കൂലി ലഭിക്കും; ഇതടക്കം വിവിധ ജോലികൾ ചെയ്താണ് അദ്ദേഹം കുടുംബം പുലർത്തുന്നത്. ഈ പ്രദേശത്തെ മറ്റ് ഭൂരഹിതർ ചെയ്യുന്നതുപോലെ ദൂരസ്ഥലങ്ങളിലേയ്ക്ക് കുടിയേറ്റം നടത്തുന്നതിനേക്കാൾ ഇവിടെ ലഭ്യമായ ജോലികൾ കണ്ടെത്താനാണ് സുധീറിന് താത്പര്യം.
അന്ന് രാത്രി, സാവോലി സർക്കാർ ഗ്രാമീണാശുപത്രിയിൽ സുധീറിന് പ്രാഥമികചികിത്സ നൽകിയതിന് ശേഷം, അദ്ദേഹത്തെ 30 കിലോമീറ്റർ അകലെ, ഗഡ്‌ചിറോളി പട്ടണത്തിലുള്ള ജില്ലാ ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു. അവിടെ അദ്ദേഹത്തിന്റെ മുറിവുകൾ തുന്നിക്കെട്ടുകയും ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നത്തിനായി ആറ് ദിവസത്തേയ്ക്ക് അഡ്മിറ്റ് ചെയ്യുകയും ചെയ്തു.
കവാതി ഗ്രാമം ചന്ദ്രാപൂർ ജില്ലയ്ക്ക് കീഴിലാണ് വരുന്നതെങ്കിലും, 70 കിലോമീറ്റർ അകലെയുള്ള ചന്ദ്രാപൂർ പട്ടണത്തേക്കാൾ സുധീറിന് എളുപ്പത്തിൽ യാത്ര ചെയ്തെത്താനാകുന്നത് ഗഡ്‌ചിറോളി പട്ടണത്തിലേയ്ക്കാണ്. തുടർചികിത്സയുടെ ഭാഗമായി, പേവിഷബാധയോ മറ്റു അണുബാധകളോ ഉണ്ടാകാതിരിക്കാനായി എടുക്കേണ്ട റാബിപൂർ കുത്തിവയ്‌പ്പുകൾക്കായും മുറിവ് ഡ്രസ്സ് ചെയ്യാനും അദ്ദേഹത്തിന് സാവോലിയിലുള്ള കോട്ടേജ് (സർക്കാർ) ആശുപത്രിയിലേയ്ക്ക് പോകേണ്ടതുണ്ട്.
സുധീറിന് നേരെയുണ്ടായ കാട്ടുപന്നി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, കാർഷികവൃത്തിയിൽ ഏർപ്പെടുന്നവർ നേരിടുന്ന വെല്ലുവിളികൾക്ക് തീർത്തും വ്യത്യസ്തമായൊരു മാനം കൈവരുന്നതായി കാണാം. കാലാവസ്ഥാവ്യതിയാനം, വിളകൾക്ക് ലഭിക്കുന്ന വിലയിലുള്ള ഏറ്റക്കുറച്ചിലുകൾ തുടങ്ങിയ ഒട്ടേറെ ഘടകങ്ങൾമൂലം ഏറ്റവും അപകടകരമായ തൊഴിലുകളിലൊന്നായി കൃഷി മാറിയിരിക്കുന്ന സാഹചര്യമാണ് ഇന്നുള്ളത്. എന്നാൽ ഇവിടെ ചന്ദ്രാപൂരിലും, എന്തിന് ഇന്ത്യയിലെ സംരക്ഷിതവും അല്ലാത്തതുമായ വനങ്ങളുടെ പരിസരത്തുള്ള പല പ്രദേശങ്ങളിലും, കൃഷി എന്നത് ചോരക്കളിയായി തീർന്നിരിക്കുകയാണ്.
വന്യമൃഗങ്ങൾ വിളകൾ തിന്നുതീർക്കുന്നത് തടയാനായി ഉറക്കമിളച്ച് കാവലിരിക്കാൻ നിർബന്ധിതരാകുകയാണ് കർഷകർ; അവരുടെ ഏക ജീവനോപാധിയായ വിളകൾ സംരക്ഷിക്കാൻ വിചിത്രമായ പല മാർഗ്ഗങ്ങളും അവർക്ക് സ്വീകരിക്കേണ്ടിവരുന്നു. വായിക്കുക: 'മറ്റൊരു തരം വരൾച്ചയാണ് ഇത്'
പുലിയും കടുവയും അടക്കമുള്ള വന്യമൃഗങ്ങളുടെ ആക്രമണത്തിൽനിന്ന് ഗുരുതരമായ പരിക്കുകളോടെ രക്ഷപ്പെട്ട സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെയുള്ള കർഷകരെയും സുധീറിനെപ്പോലെയുള്ള കർഷക തൊഴിലാളികളെയും ഈ ലേഖകൻ പലപ്പോഴും സന്ദർശിക്കുകയും അവരുമായി അഭിമുഖം നടത്തുകയും ചെയ്തിട്ടുണ്ട്. 2022 ഓഗസ്റ്റ് മുതൽക്കിങ്ങോട്ടും അതിനുമുൻപും. ചന്ദ്രാപൂർ ജില്ലയിലെ സംരക്ഷിതവനമായ തടോബാ-അന്ധാരി ടൈഗർ റിസേർവിന് (ടി.എ.ടി.ആർ) ചുറ്റുമുള്ള, മൂൽ, സാവോലി, സിന്ദേവാഹി, ബ്രഹ്മപുരി, ഭ്രദ്രാവതി, വറോറ, ചിമൂർ എന്നീ വനനിബിഡമായ തെഹ്‌സിലുകളിൽ താമസിക്കുന്നവരും ജോലി ചെയ്യുന്നവരുമാണിവർ. രണ്ട് പതിറ്റാണ്ടായി, മനുഷ്യ-വന്യജീവി സംഘർഷം, പ്രത്യേകിച്ചും പുലിയുടെ ആക്രമണം ഈ പ്രദേശത്ത് ഒരു തുടർക്കഥയായിരിക്കുകയാണ്.

ചന്ദ്രാപൂർ ജില്ലയിലുള്ള തടോബാ-അന്ധാരി ടൈഗർ റിസേർവിന്റെ (ടി.എ.ടി.ആർ) അതിരിലായി, തുടർച്ചായി വന്യജീവികൾ ഇറങ്ങി നാശനഷ്ടം ഉണ്ടാക്കുന്ന കൃഷിയിടങ്ങൾ
ഈ ലേഖകൻ വനംവകുപ്പിൽനിന്ന് ശേഖരിച്ച ജില്ലാതല വിവരങ്ങളനുസരിച്ച്, കഴിഞ്ഞ വർഷം ചന്ദ്രാപൂർ ജില്ലയിൽ മാത്രം 53 പേർ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്; ഇവരിൽ 30 പേർ സാവോലി, സിന്ദേവാഹി പ്രദേശത്തുനിന്നുള്ളവരാണ്. മനുഷ്യരും കടുവകളും തമ്മിലുള്ള സംഘർഷം മൂർച്ഛിച്ച് നിൽക്കുന്ന ഒരു പ്രദേശമാണ് ഇതെന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.
തുടർച്ചയായ വന്യജീവി ആക്രമണങ്ങളിൽ മരണങ്ങളും ഗുരുതര പരിക്കുകളും ഉണ്ടാകുന്നുവെന്ന് മാത്രമല്ല, ഇതുമൂലം ടി.എ.ടി.ആറിന്റെ ബഫർ സോണിലും പുറത്തുമുൾപ്പെടെ പദ്ധതി പ്രദേശത്തുള്ള ഗ്രാമങ്ങളിൽ ഒന്നാകെ ഭീതിദമായ ഒരു അന്തരീക്ഷം നിലനിൽക്കുന്ന സാഹചര്യവുമുണ്ട്. കാർഷികവൃത്തിയിൽ ഇതിന്റെ സ്വാധീനം ഇതിനകംതന്നെ പ്രകടമാണ്-വന്യമൃഗങ്ങളെ ഭയന്നും കാട്ടുപന്നിയും മാനുകളും നീലക്കാളകളും വിളവൊന്നും ബാക്കിവെച്ചേക്കില്ലെന്ന നിരാശകൊണ്ടും കർഷകർ റാബി വിളകൾ (ശൈത്യകാല വിളകൾ) കൃഷി ചെയ്യുന്നത് ഉപേക്ഷിച്ചുതുടങ്ങിയിരിക്കുന്നു.
ഭാഗ്യവശാൽ, സുധീറിനെ ആക്രമിച്ചത് പുലിയല്ല, കാട്ടുപന്നിയാണ് എന്നതുകൊണ്ട് മാത്രമാണ് അദ്ദേഹം ജീവനോടെ രക്ഷപ്പെട്ടത്. വായിക്കുക: ഖൊൽദോദയിൽ ഒരു ഏറുമാടം: അതിലൊരു കാവൽക്കാരൻ
*****
2022 ഓഗസ്റ്റിൽ മഴ പെയ്യുന്ന ഒരു ഉച്ചനേരത്ത്, 20 വയസ്സുകാരനായ ഭവിക് സർക്കാർ മറ്റ് തൊഴിലാളികൾക്കൊപ്പം പാടത്ത് നെല്ല് നട്ടുകൊണ്ടിരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ അച്ഛന്റെ സുഹൃത്ത് വസന്ത് പിപാർഖേഡെയുടെ ഫോൺ വന്നത്.
ഭവിക്കിന്റെ അച്ഛൻ ഭക്താദയെ അൽപനേരം മുൻപ് ഒരു കടുവ അക്രമിച്ചെന്ന വിവരം അറിയിക്കാനാണ് പിപാർഖേഡെ വിളിച്ചത്. ആക്രമണത്തിൽ കൊല്ലപ്പെട്ട ഭക്താദയുടെ ശരീരം കടുവ കാടിനുള്ളിലേക്ക് വലിച്ചുകൊണ്ടുപോകുകയും ചെയ്തിരുന്നു.
45 വയസ്സുകാരനായ ഭക്താദയും അദ്ദേഹത്തിന്റെ മൂന്ന് സുഹൃത്തുക്കളും കാടിന്റെ അതിരിലുള്ള ഒരു പാടത്ത് ജോലിചെയ്യുന്നതിനിടെയാണ്, പൊടുന്നനെ പ്രത്യക്ഷപ്പെട്ട ഒരു കടുവ, അൽപനേരം വിശ്രമിക്കാനായി നിലത്തിരുന്ന ഭക്താദയ്ക്ക് മേൽ ചാടിവീണത്. ഇരമൃഗമെന്ന് തെറ്റിദ്ധരിച്ചാകണം, പുറകിൽനിന്ന് പാഞ്ഞുവന്ന കടുവ ഭക്താദയെ കഴുത്തിനാണ് പിടിച്ചത്.
"ഞങ്ങളുടെ സുഹൃത്തിനെ കടുവ കുറ്റിക്കാടിനുള്ളിലേയ്ക്ക് വലിച്ചിഴയ്ക്കുന്നത് നോക്കിനിൽക്കുകയല്ലാതെ ഞങ്ങൾക്ക് വേറൊന്നും ചെയ്യാൻ കഴിഞ്ഞില്ല," ദാരുണമായ ആ സംഭവം നിസ്സഹായനായി കണ്ടുനിൽക്കേണ്ടിവന്നതിന്റെ കുറ്റബോധത്തോടെ പിപാർഖേഡെ വിവരിച്ചു.
"ഞങ്ങൾ വലിയ ശബ്ദമുണ്ടാക്കി നോക്കി," സംഭവത്തിന്റെ മറ്റൊരു ദൃക്‌സാക്ഷിയും പണിക്കാരിലൊരാളുമായ സഞ്ജയ് റാവുത്ത് പറയുന്നു. "പക്ഷെ അപ്പോഴേയ്ക്കും കടുവ ഭക്താദയ്ക്കുമേൽ പിടിമുറുക്കിയിരുന്നു."
ഒരുപക്ഷേ സ്ഥലത്ത് ഭക്താദയില്ലായിരുന്നെങ്കിൽ, ഈ ഗതി തങ്ങളിലാർക്കെങ്കിലും വന്നേനേ എന്ന് ഇരുസുഹൃത്തുക്കളും പറയുന്നു.


ഹീരാപൂർ ഗ്രാമത്തിൽ, 45 വയസ്സുകാരനായ ഭക്താദ സർക്കാർ ടി.എ.ടി.ആറിലും സമീപത്തുമായി വളർന്നുവരുന്ന മനുഷ്യ-കടുവാ സംഘർഷത്തിന്റെ ഇരയായി മാറി. അദ്ദേഹത്തിന്റെ മക്കൾ (ഇടത്) ഭവിക്കും രാഗിണിയും അവരുടെ അച്ഛന്റെ ദാരുണമായ മരണത്തിന്റെ വിശദാംശങ്ങൾ വിവരിക്കുന്നു. ഭക്താദയുടെ സുഹൃത്തുക്കളായ (വലത്) സഞ്ജയ് റാവുത്തും വസന്ത് പിപാർഖേഡെയും സംഭവത്തിന് ദൃക്‌സാക്ഷികളായിരുന്നു. 'ഞങ്ങളുടെ സുഹൃത്തിനെ കടുവ കുറ്റിക്കാടിനുള്ളിലേയ്ക്ക് വലിച്ചിഴയ്ക്കുന്നത് നോക്കിനിൽക്കാനല്ലാതെ ഞങ്ങൾക്ക് വേറൊന്നും ചെയ്യാൻ കഴിഞ്ഞില്ല,' പിപാർഖേഡെ പറയുന്നു
കടുവ ആ പ്രദേശത്ത് ഇറങ്ങിയിട്ടുണ്ടെന്ന് കേട്ടിരുന്നെങ്കിലും തങ്ങളുടെ പാടത്ത് അത് എത്തുമെന്ന് അവർ പ്രതീക്ഷിച്ചിരുന്നില്ല. ഗ്രാമത്തിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്ന ആദ്യത്തെ വ്യക്‌തിയായിരുന്നു ഭക്താദ; നേരത്തെ പല ഗ്രാമീണർക്കും കന്നുകാലികളെയും ചെമ്മരിയാടുകളെയും നഷ്ടപ്പെട്ടിരുന്നു. കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളിലായി, സാവോലിയിലും ചുറ്റുമുള്ള മറ്റ് തെഹ്‌സിലുകളിലുമാണ് മനുഷ്യജീവനുകൾ നഷ്ടപ്പെട്ടിരുന്നത്.
"ഞാൻ സ്തംഭിച്ചുപോയി," സുധീറിന്റെ ഗ്രാമത്തിൽനിന്ന് അധികം അകലെയല്ലാത്ത ഹീരാപൂർ ഗ്രാമത്തിലുള്ള വീട്ടിലിരുന്ന് ഭവിക് ഓർത്തെടുക്കുന്നു. അദ്ദേഹത്തിന്റെ സഹോദരി 18 വയസ്സുകാരിയായ രാഗിണി തൊട്ടടുത്തുതന്നെയുണ്ട്. അപ്രതീക്ഷിതമായി സംഭവിച്ച ഈ ദുരന്തം തനിക്കും കുടുംബത്തിനും കനത്ത ആഘാതമായിരുന്നെന്ന് ഭവിക് പറയുന്നു. തന്റെ അച്ഛന് സംഭവിച്ച ദാരുണമായ അന്ത്യം ഇനിയും വിശ്വസിക്കാനാകാത്തതിന്റെ പകപ്പ് ആ യുവാവിന്റെ മുഖത്ത് കാണാം.
ഭവിക്കും സഹോദരിയും ചേർന്നാണ് ഇപ്പോൾ വീട് നോക്കുന്നത്; പാരി അവരുടെ വീട്ടിലെത്തുമ്പോൾ അവരുടെ അമ്മ ലതാബായി സ്ഥലത്തുണ്ടായിരുന്നില്ല. "അമ്മ ഇപ്പോഴും ദുരന്തത്തിന്റെ ആഘാതത്തിലാണ്," രാഗിണി പറയുന്നു. " അച്ഛൻ ഒരു കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നതുമായി ഇനിയും ഞങ്ങൾക്ക് പൊരുത്തപ്പെടാനായിട്ടില്ല.", അവർ പറയുന്നു.
"ഇപ്പോഴും ആരും തനിയെ പുറത്ത് പോകാറില്ല," ഗ്രാമത്തെയാകെ ചൂഴ്ന്നുനിൽക്കുന്ന ഭയാശങ്കയുടെ നിഴലിൽ കർഷകർ പറയുന്നു.
*****
പൊക്കമുള്ള തേക്കുകളും മുളകളും ഇടകലർന്ന് നിൽക്കുന്നതിനിടയിലായി, മഴവെള്ളം കെട്ടിനിർത്താൻ തീർത്ത വരമ്പുകൾ അതിരിടുന്ന പാടങ്ങൾ ചതുരാകൃതിയിലും സമചതുരാകൃതിയിലുമുള്ള പെട്ടികളാണെന്ന് തോന്നും. ചന്ദ്രാപൂർ ജില്ലയിലെതന്നെ ഏറ്റവും ജൈവൈവിധ്യസമ്പന്നമായ ഭാഗങ്ങളിലൊന്നാണ് ഈ പ്രദേശം.
കടുവാസംരക്ഷണം വിജയകരമായി മുന്നേറുന്ന തടോബാ കാടുകളുടെ തെക്കുഭാഗത്തുള്ള പ്രദേശങ്ങളാണ് സാവോലിയും സിന്ദേവാഹിയും. നാഷണൽ ടൈഗർ കൺസർവേഷൻ അതോറിട്ടി (എൻ.ടി.സി.എ) 2023-ൽ പ്രസിദ്ധീകരിച്ച 2022-ലെ സ്റ്റാറ്റസ് ഓഫ് ടൈഗർ കോ-പ്രിഡേട്ടർസ് റിപ്പോർട്ട് അനുസരിച്ച്, 2018-ൽ ടി.എ.ടി.ആറിൽ 97 കടുവകളുണ്ടായിരുന്നത് ഈ വർഷം 112 ആയി ഉയർന്നിട്ടുണ്ട്.
![Women farmers of Hirapur still fear going to the farms. 'Even today [a year after Bhaktada’s death in a tiger attack] , no one goes out alone,' they say](/media/images/05a-20230712_105603-JH-Chandrapurs_cultiva.max-1400x1120.jpg)
![Women farmers of Hirapur still fear going to the farms. 'Even today [a year after Bhaktada’s death in a tiger attack] , no one goes out alone,' they say](/media/images/05b-20230711_162655-JH-Chandrapurs_cultiva.max-1400x1120.jpg)
ഹീരാപൂരിലെ കർഷകസ്ത്രീകൾക്ക് ഇന്നും പാടത്ത് പോകാൻ പേടിയാണ്. 'ഇപ്പോഴും (ഭക്താദയുടെ മരണം നടന്ന് ഒരുവർഷത്തിന് ശേഷവും) ആരും തനിയെ പുറത്ത് പോകാറില്ല,' അവർ പറയുന്നു
ഇതിൽ പല കടുവകളും സംരക്ഷിതവനങ്ങൾക്ക് (പ്രൊട്ടക്റ്റഡ് ഏരിയാസ്-പി.എ) പുറത്ത്, മനുഷ്യവാസമുള്ള പ്രാദേശിക വനങ്ങളിലാണുള്ളത്. അതുകൊണ്ടുതന്നെ, സംരക്ഷിത വനങ്ങളിൽനിന്ന് പുറത്തേയ്ക്ക് നീങ്ങി, മനുഷ്യർ ഇടതിങ്ങി പാർക്കുന്ന പ്രദേശങ്ങളിൽ വിഹരിക്കുന്ന കടുവകളുടെ എണ്ണം കൂടിവരികയുമാണ്. ബഫർ സോണിലുള്ള കാടുകളിലും പാടങ്ങളിലും സമീപപ്രദേശങ്ങളിലുമാണ് മിക്ക കടുവാ ആക്രമണങ്ങളും ഉണ്ടായിട്ടുള്ളത് എന്നതിൽനിന്ന് ചില കടുവകൾ റിസർവിന് പുറത്തേയ്ക്ക് സഞ്ചരിക്കുന്നുണ്ടെന്നത് വ്യക്തമാണ്.
2013-ൽ ടി.എ.ടി.ആർ. പദ്ധതി പ്രദേശത്ത് നടത്തിയ ഒരു പഠന മനുസരിച്ച്, സംരക്ഷിതവനങ്ങൾക്ക് പുറത്ത് ബഫർസോണിലും പരിസരപ്രദേശങ്ങളിലുമാണ് മിക്ക ആക്രമണങ്ങളും നടന്നിട്ടുള്ളത്; ഏറ്റവുമധികം ആക്രമണങ്ങൾ ഉണ്ടായിട്ടുള്ളത് കാടുകളിലും അതിനുശേഷം കൃഷിഭൂമികളിലും നാശോന്മുഖമായ വനങ്ങളിലുമാണ്. റിസർവിനെയും ബഫർസോണിനെയും നാശോന്മുഖമായ വനങ്ങളെയും ബന്ധിപ്പിക്കുന്ന വടക്കു-കിഴക്കൻ ദിശയിലുള്ള ഇടനാഴി കേന്ദ്രീകരിച്ചാണ് ആക്രമണങ്ങൾ കൂടുതലുണ്ടായിട്ടുള്ളതെന്നും ഈ പഠനം കാണിക്കുന്നു.
കടുവാസംരക്ഷണത്തിന് ലഭിക്കുന്ന അതീവപ്രാധാന്യത്തിന്റെ ദോഷഫലമാണ് വർധിച്ചുവരുന്ന മനുഷ്യ-കടുവാ സംഘർഷം. 2023 ജൂലൈയിൽ, മുംബൈയിൽവെച്ച് നടന്ന മഹാരാഷ്ട്രാ നിയമസഭയുടെ വർഷകാലസമ്മേളനത്തിൽ, സംസ്ഥാന വനം വകുപ്പ് മന്ത്രിയായ സുധീർ മാംഗത്തിവാർ ഒരു ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിന് മറുപടിയായി ഈ വസ്തുത സാധൂകരിക്കുന്ന ഒരു പ്രസ്താവന നടത്തുകപോലുമുണ്ടായി. സർക്കാർ ഒരു 'ടൈഗർ ട്രാൻസ്‌ലോക്കേഷൻ' (കടുവകളെ മാറ്റിപ്പാർപ്പിക്കൽ) പരീക്ഷണത്തിന്റെ ഭാഗമായി രണ്ട് മുതിർന്ന കടുവകളെ ഗോണ്ടിയയിലെ നാഗ്‌സിരാ കടുവാസങ്കേതത്തിലേയ്ക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ടെന്നും കൂടുതൽ കടുവകളെ മറ്റ് കാടുകളിലേയ്ക്ക് മാറ്റുന്നത് പരിഗണിക്കുന്നുണ്ടെന്നുമാണ് അദ്ദേഹം സഭയെ അറിയിച്ചത്.
അതേ മറുപടിയിൽത്തന്നെ, കടുവയുടെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെടുന്നവരുടെ കുടുംബത്തിനും പരിക്കേൽക്കുന്നവർക്കും കന്നുകാലികൾ നഷ്ടപ്പെടുന്നവർക്കും വിളനഷ്ടം ഉണ്ടാകുന്നവർക്കുമെല്ലാം അനുവദിക്കുന്ന നഷ്ടപരിഹാരത്തുക വർധിപ്പിക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു. ഇതിനുപിന്നാലെ, കടുവയുടെ ആക്രമണത്തിൽ മരണം സംഭവിക്കുന്നവരുടെ കുടുംബത്തിന് നൽകുന്ന നഷ്ടപരിഹാരത്തുക സർക്കാർ 20 ലക്ഷത്തിൽനിന്ന് 25 ലക്ഷമാക്കി ഉയർത്തി. എന്നാൽ, കന്നുകാലികൾ നഷ്ടപ്പെടുന്നവർക്ക് നൽകിവരുന്ന 50,000 രൂപയോ വിളനഷ്ടം ഉണ്ടായിട്ടുള്ളവർക്ക് നൽകിവരുന്ന 25,000 രൂപയോ ഇതുവരെ വർധിപ്പിച്ചിട്ടില്ല.
ഹ്രസ്വകാലാടിസ്ഥാനത്തിൽ, ഈ പ്രതിസന്ധിയ്ക്ക് യാതൊരു പരിഹാരവും തെളിഞ്ഞുവന്നിട്ടില്ല എന്നതാണ് സത്യം.

റിസർവിന്റെ ബഫർ സോണിലുള്ള കാടുകളിലും പാടങ്ങളിലുമാണ് കടുവാ ആക്രമണങ്ങൾ ഭൂരിഭാഗവും ഉണ്ടാകുന്നത് എന്നത് ചില കടുവകൾ ടി.എ.ടി.ആറിന്റെ പുറത്തേയ്ക്ക് നീങ്ങുന്നതിന്റെ സൂചനയാണ്
"ഇന്ത്യയുടെ മധ്യഭാഗത്തുള്ള സംസ്ഥാനമായ മഹാരാഷ്ട്രയിലുള്ള തടോബാ-അന്ധാരി ടൈഗർ റിസേർവിന്റെ പരിസരപ്രദേശങ്ങളിൽ, കഴിഞ്ഞ രണ്ട് ദശാബ്ദങ്ങൾക്കിടെ മാംസഭോജികളായ മൃഗങ്ങൾ മനുഷ്യരെ ആക്രമിക്കുന്ന സംഭവങ്ങളിൽ ഗണ്യമായ വർദ്ധനവുണ്ടായിട്ടുണ്ട്," ടി.എ.ടി.ആറിന്റെ പദ്ധതിപ്രദേശത്ത് (റിസർവിന് പുറത്ത്, ബഫർസോണിലും പരിസരത്തുമായി) നടത്തിയ ഒരു സമഗ്രപഠനം ചൂണ്ടിക്കാട്ടുന്നു.
2005-11 കാലയളവിൽ നടത്തിയ ഈ പഠനം, "തടോബാ-അന്ധാരി ടൈഗർ റിസർവിലും ചുറ്റുമായി കടുവകളും പുള്ളിപ്പുലികളും മനുഷ്യർക്കുനേരെ നടത്തിയ ആക്രമണങ്ങളുടെ മാനുഷികവും പാരിസ്ഥിതികവുമായ സവിശേഷതകൾ പഠിച്ച്, മനുഷ്യർക്കും വലിയ മാംസഭോജികൾക്കും ഇടയിലുള്ള സംഘർഷം തടയാനും ലഘൂകരിക്കാനും ഉതകുന്ന ശുപാർശകൾ നൽകി." ആകെയുണ്ടായ 132 ആക്രമണങ്ങളിൽ 78 ശതമാനം പുലികളും 22 ശതമാനം പുള്ളിപുലികളുമാണ് നടത്തിയത്.
"മറ്റ് ജോലികളുമായി താരതമ്യം ചെയ്യുമ്പോൾ, ചെറുകിട വനവിഭവങ്ങൾ ശേഖരിക്കുന്ന ജോലിയ്ക്കിടെയാണ് മിക്കവരു ആക്രമണത്തിനിരയായത് എന്നത് ശ്രദ്ധേയമായ ഒരു വസ്തുതയാണ്," പഠനം പറയുന്നു. കാടുകളിലും ഗ്രാമങ്ങളിലുംനിന്ന് അകലേക്ക് നീങ്ങുംതോറും അക്രമിക്കപ്പെടാനുള്ള സാധ്യതയും കുറഞ്ഞുവന്നു. മനുഷ്യ മരണങ്ങളും മറ്റ് സംഘർഷങ്ങളും കുറയ്ക്കുന്നതിനായി ടി.എ.ടി.ആറിന്റെ പരിസരത്തുള്ള മനുഷ്യസാന്നിധ്യം പരമാവധി കുറയ്ക്കുകയും നിയന്ത്രിക്കുകയും വേണമെന്ന നിർണ്ണയത്തിലെത്തിയ പഠനം പാരമ്പര്യേതര ഊർജ്ജസ്രോതസ്സുകളുടെ (ജൈവഇന്ധനം, സോളാർ പവർ തുടങ്ങിയവ) ലഭ്യത വർധിപ്പിക്കുന്നത് സംരക്ഷിതവനങ്ങളിൽ കയറി വിറക് ശേഖരിക്കേണ്ടതിന്റെ ആവശ്യകത കുറയ്ക്കുമെന്നും കൂട്ടിച്ചേർത്തു.
പലയിടത്തായി കാണപ്പെടുന്ന മാംസഭോജികളുടെ വ്യത്യസ്ത സ്വഭാവപ്രകൃതവും മനുഷ്യസാന്നിധ്യം വർധിച്ചുവരുന്ന ഭൂപ്രകൃതികളിൽ മറ്റ് ഇരമൃഗങ്ങളുടെ അഭാവവും കൂടിയാകുമ്പോൾ കടുവകൾ മനുഷ്യരെ ആക്രമിക്കുന്ന സംഭവങ്ങൾ ഇനിയും കൂടാനാണ് സാധ്യത.
എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന്ന സംഭവങ്ങൾ പരിശോധിച്ചാൽ, കാട്ടിൽ വനവിഭവങ്ങൾ ശേഖരിക്കാനും കാലികളെ മേയ്ക്കാനും പോകുന്നവർ മാത്രമല്ല, കൃഷിയിടങ്ങളിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്ന ആളുകളും കൂടുതലായി കടുവയുടെ ആക്രമണത്തിന് ഇരകളാകുന്നതായി കാണാം. വന്യമൃഗങ്ങൾ, പ്രത്യേകിച്ചും സസ്യഭുക്കുകൾ, വലിയ തോതിൽ വിളകൾ തിന്നുതീർക്കുന്നത് ചന്ദ്രാപൂർ ജില്ലയിലെ മിക്ക പ്രദേശത്തുമുള്ള കർഷകർക്ക് തലവേദനയാണെങ്കിലും ടി.എ.ടി.ആറിന്റെ സമീപപ്രദേശങ്ങളിലെ കൃഷിയിടങ്ങളിലും കാടരികുകളിലും വർധിച്ചുവരുന്ന പുലി, പുള്ളിപ്പുലി ആക്രമണങ്ങൾ പരിഹാരമില്ലാത്ത, കടുത്ത ഒരു പ്രതിസന്ധിയായി ഇതിനകം മാറിയിട്ടുണ്ട്.
ഇവിടെയുള്ള ആളുകളെ ആശങ്കയിലാഴ്ത്തുന്ന പ്രധാന പ്രശ്നം വന്യജീവി, കടുവാ ആക്രമണങ്ങൾ ആണെന്ന് ഈ പ്രദേശത്തുകൂടി സഞ്ചരിക്കുന്ന ഏതൊരാൾക്കും മനസ്സിലാക്കാൻ സാധിക്കും. ദീർഘകാലാടിസ്ഥാനത്തിൽ, ഇന്ത്യയുടെ സംരക്ഷണ ലക്ഷ്യങ്ങളെ ഇത് പ്രതികൂലമായി ബാധിക്കുമെന്ന് മഹാരാഷ്ട്ര കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വൈൽഡ്‌ലൈഫ് ബയോളജിസ്റ്റായ ഡോക്ടർ മിലിന്ദ് വാത്വെ പറയുന്നു. മനുഷ്യ-വന്യജീവി സംഘർഷം തുടർക്കഥയായാൽ പ്രദേശവാസികൾ സ്വാഭാവികമായും വന്യജീവികൾക്കെതിരേ തിരിയുമെന്നിരിക്കെ, എങ്ങനെയാണ് സംരക്ഷിതവനങ്ങൾക്ക് പുറത്തും വന്യജീവികൾ സുരക്ഷിതരായിരിക്കുക !


ചാന്ദ്‌ലി ബുദ്രുക് ഗ്രാമത്തിന് സമീപത്തുള്ള ചായക്കടയിൽ (ഇടത്) നിൽക്കുന്ന ഗ്രാമീണർ. രാവിലെ 10 മണിക്ക് തുറക്കുന്ന ഈ ചായക്കട, പുലി, കാട്ടുപന്നി ആക്രമണങ്ങൾ ഭയന്ന് സന്ധ്യയ്ക്ക് മുൻപ് അടയ്ക്കുകയാണ് പതിവ്. ഭാഗികമായി കന്നുകാലി വളർത്തലുകാരായ കുർമാർ സമുദായത്തിന്റെ കാർഷികവൃത്തിയ്ക്ക് ഇത്തരം സംഭവങ്ങൾ കടുത്ത വെല്ലുവിളി ഉയർത്തുന്നു; ദിവസേന കുറഞ്ഞത് 2-3 മൃഗങ്ങളെ ഇക്കൂട്ടർക്ക് നഷ്ടപ്പെടാറുണ്ട്
നിലവിലെ പ്രതിസന്ധി ഒരു കടുവ കാരണം ഉണ്ടാകുന്നതല്ല; ഇരമൃഗങ്ങളാണെന്ന് തെറ്റിദ്ധരിച്ച് മനുഷ്യരെ ആക്രമിക്കുന്ന കടുവകൾ ഒന്നിലധികമുണ്ട്. ഇത്തരം ആക്രമണങ്ങളിൽ പ്രിയപ്പെട്ടവർ നഷ്ടമാകുന്ന കുടുംബങ്ങളും സംഭവത്തിന് ദൃക്‌സാക്ഷികളാകുന്നവരും ഒരിക്കലും മായാത്ത മാനസികാഘാതവുമായാണ് പിന്നീടുള്ള കാലം ജീവിക്കുന്നത്.
ഹീരാപൂരിൽനിന്ന് 40 കിലോമീറ്റർ അകലെ, സവോലി തെഹ്‌സിലിലുള്ള ചാന്ദ്‌ലി ബുദ്രുക് ഗ്രാമത്തിൽ താമസിക്കുന്ന പ്രശാന്ത് യെലത്തിവാറിന്റെ കുടുംബത്തിനും സമാനമായ കഥയാണ് പറയാനുള്ളത്. 2022 ഡിസംബർ 15-ന്, ഗ്രാമത്തിലെ മുതിർന്ന അഞ്ച് സ്ത്രീകൾ ഭയപ്പാടോടെ നോക്കിനിൽക്കുമ്പോൾ, പ്രശാന്തിന്റെ ഭാര്യയായ സ്വരൂപയുടെ മേൽ ഒരു കടുവ ചാടി വീഴുകയും അവരുടെ ശരീരം കാട്ടിലേക്ക് വലിച്ചുകൊണ്ടുപോകുകയും ചെയ്തു. പകൽ 11 മണിയോടടുത്താണ് സംഭവം നടന്നത്.
"അവർ മരിച്ചിട്ട് ആറു മാസമായി," 2023-ൽ ഞങ്ങളോട് സംസാരിക്കവേ യെലത്തിവാർ പറയുന്നു. "എന്താണ് സംഭവിച്ചതെന്ന് എനിക്ക് മനസ്സിലാകുന്നില്ല."
കഷ്ടി ഒരേക്കർ ഭൂമി സ്വന്തമായുള്ള യെലത്തിവാർ കുടുംബം കർഷകത്തൊഴിലാളികളായും ജോലി ചെയ്തിരുന്നു. സ്വരൂപയും മറ്റ് സ്ത്രീകളും ഗ്രാമീണരിലൊരാളുടെ ഉടമസ്ഥതയിലുള്ള പാടത്ത് പരുത്തി - നെൽക്കൃഷി പ്രബലമായിട്ടുള്ള ഈ പ്രദേശത്ത് ഈയിടെയാണ് പരുത്തിക്കൃഷി ചെയ്തുതുടങ്ങിയത്- പറിക്കുന്നതിനിടെയാണ് സംഭവമുണ്ടായത്. ഗ്രാമത്തിനരികിലായുള്ള പാടത്തുവെച്ച് കടുവ സ്വരൂപയുടെ നേർക്ക് കുതിച്ചുചാടുകയും അവരെ അര കിലോമീറ്ററോളം ദൂരെ കാടിനുള്ളിലേക്ക് വലിച്ചിഴയ്ക്കുകയുമായിരുന്നു. ദാരുണമായ ഈ സംഭവം നടന്ന് ഏതാനും മണിക്കൂറുകൾക്കുശേഷം, വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും ഗാർഡുമാരുടെയും സഹായത്തോടെ ഗ്രാമീണർ സ്വരൂപയുടെ ചലനമറ്റ, വലിച്ചുകീറിയ ശരീരം കാട്ടിൽനിന്ന് തിരികെ കൊണ്ടുവന്നു. ഈ പ്രദേശത്ത് കടുവയുടെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ നീണ്ട പട്ടികയിൽ മറ്റൊരു പേരായി സ്വരൂപ മാറി.
"ഞങ്ങൾ പ്ളേറ്റുകൾ തട്ടിയും പെരുമ്പറ കൊട്ടിയുമെല്ലാം വലിയ ശബ്ദം ഉണ്ടാക്കിയിട്ടാണ് കടുവയെ പേടിപ്പിച്ചോടിച്ചത്," അന്ന് സ്വരൂപയുടെ ശരീരം കൊണ്ടുവരാൻ പോയ ഗ്രാമീണരിൽ ഒരാളായ വിസ്‌താരി അല്ലൂർവാർ പറയുന്നു.
"ഞങ്ങൾ അതെല്ലാം നടുക്കത്തോടെ കണ്ടുനിന്നു," യെലത്തിവാർ കുടുംബത്തിന്റെ അയൽവാസിയും സ്വന്തമായി ആറേക്കർ ഭൂമിയുമുള്ള സൂര്യകാന്ത് മാരുതി പഡേവാർ എന്ന കർഷകൻ പറയുന്നു. അതിനുശേഷം എന്ത് സംഭവിച്ചു? "ഭയം തുടിച്ചുനിൽക്കുന്ന അന്തരീക്ഷമാണ് ഗ്രാമത്തിലുള്ളത്," അദ്ദേഹം പറയുന്നു.


2022 ഡിസംബറിൽ കടുവയുടെ ആക്രമണത്തിൽ ഭാര്യ സ്വരൂപ കൊല്ലപ്പെട്ടതുമായി പ്രശാന്ത് യെലത്തിവാറിന് (ഇടത്) ഇനിയും പൊരുത്തപ്പെടാൻ സാധിച്ചിട്ടില്ല. വലത്: സ്വരൂപയുടെ അമ്മ സായത്രിഭായി, സഹോദരഭാര്യ നന്ദ്തായി യെലത്തിവാർ, സഹോദരപുത്രി ആചൽ എന്നിവർ. പ്രശാന്തിന് ഭാര്യയുടെ മരണശേഷം നഷ്ടപരിഹാരമായി 20 ലക്ഷം രൂപ ലഭിച്ചു
സ്വരൂപയുടെ മരണത്തെത്തുടർന്ന് ഗ്രാമീണർക്കിടയിൽ രോഷം പടർന്നു; വനം വകുപ്പ് അക്രമകാരികളായ കടുവകളെ കൊല്ലുകയോ മയക്കുവെടിവെക്കുകയോ ചെയ്ത് അവയുടെ ഭീഷണി ഇല്ലാതാക്കണമെന്ന് ആവശ്യവും ഉയർന്നു. എന്നാൽ സമയം കടന്നുപോയതിനൊപ്പം പ്രതിഷേധങ്ങളും ആറിത്തണുത്തു.
സ്വരൂപയുടെ മരണശേഷം അവരുടെ ഭർത്താവിന് ഇതുവരെയും ജോലിയ്ക്ക് തിരികെ പോകാനുള്ള മനോധൈര്യം വന്നിട്ടില്ല. ഒരു കടുവ ഇപ്പോഴും തന്റെ ഗ്രാമത്തിൽ റോന്തുചുറ്റുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു.
"ഒരാഴ്ച മുൻപ് എന്റെ കൃഷിയിടത്തിൽ ഞങ്ങൾ ഒരു കടുവയെ കണ്ടിരുന്നു," ഏഴേക്കർ ഭൂമി സ്വന്തമായുള്ള കർഷകൻ, 49 വയസ്സുകാരനായ ദിദ്ദി ജഗ്‌ലു ബദ്ദംവാർ പറയുന്നു. "ഞങ്ങൾ പിന്നീട് അവിടെ ജോലിചെയ്യാൻ പോയിട്ടില്ല," ജൂലൈ മാസത്തിന്റെ തുടക്കത്തിൽ നല്ല മഴ ലഭിച്ചതിന് പിന്നാലെ വിത തുടങ്ങിയ സമയത്താണ് അദ്ദേഹം ഇത് പറഞ്ഞത്. "ഈ സംഭവത്തിനുശേഷം ആരുംതന്നെ റാബി വിളകൾ കൃഷി ചെയ്തില്ല."
ഭാര്യ മരിച്ചതിനുള്ള നഷ്ടപരിഹാരമായി 20 ലക്ഷം രൂപ ലഭിച്ചെങ്കിലും അത് തന്റെ ഭാര്യയെ ജീവനോടെ തിരികെ കൊണ്ടുവരില്ലല്ലോ എന്ന് പ്രശാന്ത് പറയുന്നു. ഒരു മകനെയും മകളെയും ഭൂമിയിൽ ബാക്കിയാക്കിയാണ് സ്വരൂപ യാത്രയായത്.
*****
2022-ൽനിന്ന് ഒട്ടും വ്യത്യസ്തമല്ല 2023-ലെ സ്ഥിതി -ചന്ദ്രാപൂരിലെ ടി.എ.ടി.ആർ പ്രദേശത്തുടനീളം കടുവാ ആക്രമണങ്ങളും വന്യജീവികൾ വരുത്തിവെക്കുന്ന വിളനഷ്ടങ്ങളും ഇന്നും തുടരുന്നു.
ഒരുമാസം മുൻപ് (2023 ഓഗസ്റ്റ് 23), ഗോത്രവർഗ്ഗക്കാരിയായ കർഷക സ്ത്രീ, തൊണ്ണൂറുകളിലെത്തിയ ലക്ഷ്മീബായ് കണ്ണകെ കടുവാ ആക്രമണത്തിന്റെ ഒടുവിലത്തെ ഇരയായി മാറി. ഭദ്രാവതി തെഹ്‌സിലിൽ ടി.എ.ടി.ആറിന്റെ അതിരിലായി, അതിവിശാലമായ ഈ വനത്തിലേക്കുള്ള പ്രവേശനകവാടമായ മൊഹാർലി മലനിരയ്ക്ക് സമീപത്തായാണ് അവരുടെ ഗ്രാമമായ തെകതി സ്ഥിതിചെയ്യുന്നത്.
ദൗർഭാഗ്യകരമായ ആ ദിവസം വൈകീട്ട്, ലക്ഷ്മീബായ് മരുമകൾ സുലോചനയ്‌ക്കൊപ്പം ഇറായ് അണക്കെട്ടിനോട് ചേർന്നുള്ള കായലിന് സമീപത്തെ തന്റെ കൃഷിയിടത്തിൽ ജോലി ചെയ്യുകയായിരുന്നു. വൈകീട്ട് അഞ്ചരമണിയോടടുത്ത്, ലക്ഷ്മിബായിയെ പിറകിൽനിന്ന് ഒരു കടുവ നോട്ടമിടുന്നതും കാട്ടുപുല്ലുകൾക്കിടയിലൂടെ പതിയെ അവർക്കരികിലേയ്ക്ക് നടന്നടുക്കുന്നതും സുലോചന കണ്ടു. എന്നാൽ സുലോചനയ്ക്ക് ഉറക്കെ നിലവിളിച്ച് ലക്ഷ്മിബായിക്ക് മുന്നറിയിപ്പ് കൊടുക്കാൻ കഴിയുന്നതിനുമുൻപുതന്നെ, കടുവ ആ വയോധികയുടെ നേർക്ക് കുതിക്കുകയും കഴുത്തിന് പിടിച്ച് അണക്കെട്ടിലെ വെള്ളത്തിലേക്ക് കൊണ്ടുപോകുകയും ചെയ്തിരുന്നു. എങ്ങനെയൊക്കെയോ സുരക്ഷിതസ്ഥാനത്തേയ്ക്ക് ഓടിയെത്തിയ സുലോചന ബഹളംവെച്ച് ആളുകളെ വിളിച്ചുകൂട്ടി. മണിക്കൂറുകൾക്ക് ശേഷമാണ് ലക്ഷ്മിബായിയുടെ മൃതശരീരം വെള്ളത്തിൽനിന്ന് വീണ്ടെടുക്കാനായത്.


കർഷകനായ റാംറാം കണ്ണനെ (ഇടത്ത്) 2023 ഓഗസ്റ്റ് 25-ന് തെകതി ഗ്രാമത്തിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഭാര്യ, പരേതയായ ലക്ഷ്മിബായിയുടെ ചില്ലിട്ട ചിത്രവുമായി. ഭദ്രാവതി തെഹ്‌സിലിൽ ടി.എ.ടി.ആറിന്റെ അതിരിലായി, പ്രശസ്‌തമായ മൊഹാർലി മലനിരയുടെ സമീപത്താണ് തെകതി ഗ്രാമം സ്ഥിതിചെയ്യുന്നത്
ഗ്രാമീണർക്കിടയിൽ ഉയർന്നേക്കാവുന്ന രോഷവും പൊതുപ്രതിഷേധങ്ങളുണ്ടാകാനുള്ള സാധ്യതയും കണക്കിലെടുത്ത്, വനംവകുപ്പുദ്യോഗസ്ഥർ ലക്ഷ്മിബായിയുടെ സംസ്കാരചടങ്ങുകൾക്കായി അടിയന്തിരമായി 50,000 രൂപ അനുവദിക്കുകയും ഏതാനും ദിവസങ്ങൾക്കുള്ളിൽത്തന്നെ വർധിപ്പിച്ച നഷ്ടപരിഹാരത്തുകയായ 25 ലക്ഷം അവരുടെ ഭർത്താവ്, 74 വയസ്സുകാരനായ റാംറാവു കണ്ണനെയ്ക്ക് കൈമാറുകയും ചെയ്തു.
തെകതിയിൽ വലിയൊരു സംഘം ഗാർഡുമാർ കാവലിന് അണിനിരന്നിട്ടുണ്ട്; കടുവയുടെ ചലനങ്ങൾ നിരീക്ഷിക്കാൻ ക്യാമറ ട്രാപ്പുകൾ സജ്ജമാക്കിയിരിക്കുന്നു. ഭയന്നുവിറച്ച നാട്ടുകാർ സംഘങ്ങളായാണ് കൃഷിയിടങ്ങളിൽ പണിയ്ക്ക് പോകുന്നത്.
ഭദ്രാവതി തെഹ്‌സിലിൽത്തന്നെയാണ് ഞങ്ങൾ 20 വയസ്സുകാരനായ മനോജ് നീൽകാന്ത് ഖേറേയെ കണ്ടത്. രണ്ടാംവർഷ ബിരുദ വിദ്യാർത്ഥിയായ മനോജ്, 2023 സെപ്റ്റംബർ 1-ന് കാട്ടുപന്നിയുടെ ആക്രമണത്തിൽ പറ്റിയ പരിക്കുകളിൽനിന്ന് സുഖം പ്രാപിച്ചുവരുന്നതേയുള്ളൂ.
"എന്റെ അച്ഛന്റെ കൃഷിയിടത്തിൽ കള പറിക്കുന്ന ജോലികൾക്ക് മേൽനോട്ടം വഹിയ്ക്കുകയായിരുന്നു ഞാൻ," മനോജ് പറയുന്നു. "അപ്പോഴാണ് ഒരു കാട്ടുപന്നി പിറകിൽനിന്ന് വന്ന് അതിന്റെ തേറ്റകൾകൊണ്ട് എന്നെ കുത്തിവീഴ്ത്തിയത്."
ഭദ്രാവതി തെഹ്‌സിലിൽത്തന്നെയുള്ള പിർലി ഗ്രാമത്തിൽ താമസിക്കുന്ന അമ്മാവൻ മങ്കേഷ് അസുത്ക്കറുടെ വീട്ടിലെ കട്ടിലിൽ കിടന്ന്, മനോജ് ആക്രമണത്തിന്റെ വിശദാംശങ്ങൾ ഓർത്തെടുത്തു. "30 സെക്കന്റിനുള്ളിലാണ് എല്ലാം സംഭവിച്ചത്," അദ്ദേഹം പറയുന്നു.
മനോജിന്റെ വലത്തേ തുടയിലേക്ക് പല്ലുകളാഴ്ത്തിയ പന്നിയുടെ ശക്തമായ കടിയേറ്റ് അദ്ദേഹത്തിന്റെ തുടയിലെ പേശി ഒന്നാകെ കാലിൽനിന്ന് വേർപെട്ടു. നിലവിൽ തുടയിൽ ബാൻഡേജ് കെട്ടിയിരിക്കുകയാണെങ്കിലും പേശി പുനർനിർമ്മിക്കാൻ പ്ലാസ്റ്റിക് സർജ്ജറി ചെയ്യേണ്ടിവരുമെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. തുടർച്ചികിത്സയ്ക്കായി അദ്ദേഹത്തിന്റെ കുടുംബം വലിയൊരു തുക കണ്ടെത്തേണ്ടിവരുമെന്ന് ചുരുക്കം. "ഭാഗ്യംകൊണ്ടാണ് ജീവനോടെ രക്ഷപ്പെട്ടത്," മനോജ് പറയുന്നു. ആക്രമണത്തിൽ മറ്റാർക്കും പരിക്കേറ്റില്ല.


2023 സെപ്റ്റംബറിന്റെ തുടക്കത്തിലുണ്ടായ കാട്ടുപന്നി ആക്രമണത്തിൽനിന്ന് മനോജ് നീൽകാന്ത് ഖേറേ (ഇടത്) കഷ്ടിച്ച് ജീവനോടെ രക്ഷപ്പെട്ടെങ്കിലും അദ്ദേഹത്തിന് ഗുരുതരമായ പരിക്കുകൾ സംഭവിച്ചു. 20 വയസ്സുകാരനായ ഈ യുവാവ് വാഡ്ഗാവ് ഗ്രാമത്തിൽ തൻറെ അച്ഛന് സ്വന്തമായുള്ള കൃഷിയിടത്തിൽ ജോലി ചെയ്തുകൊണ്ടിരിക്കവെയാണ്, 'പന്നി പിറകിൽനിന്ന് വന്ന് തേറ്റകൾകൊണ്ട് ആക്രമിച്ചത്.' വന്യമൃഗങ്ങൾ വരുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ ഒരാളെ ചുമതലപ്പെടുത്തി, കൂട്ടമായിട്ടാണ് (വലത്) കർഷകത്തൊഴിലാളികൾ ഇപ്പോൾ ജോലി ചെയ്യുന്നത്
ദൃഢഗാത്രനായ മനോജ് കർഷകരായ അച്ഛനമ്മമാരുടെ ഏക മകനാണ്. അദ്ദേഹത്തിന്റെ ഗ്രാമമായ വാഡ്ഗാവ് ഏറെ ദൂരത്തായതിനാലും അവിടെ പൊതുഗതാഗതം ലഭ്യമല്ലാത്തതിനാലും അദ്ദേഹത്തെ അമ്മാവൻ പിർലിയിലേക്ക് കൊണ്ടുവരികയായിരുന്നു. 27 കിലോമീറ്റർ അകലെ, ഭദ്രാവതി പട്ടണത്തിലുള്ള ആശുപത്രിയിലേയ്ക്ക് ഇവിടെനിന്ന് പോകുന്നതാണ് എളുപ്പം.
മനോജ് തന്റെ സ്മാർട്ട് ഫോണിൽ അന്നത്തെ ആക്രമണത്തിൽ പറ്റിയ പരിക്കുകളുടെ ചിത്രം കാണിച്ചുതന്നു; എത്രത്തോളം ഗുരുതരമായിരുന്നു മുറിവുകളെന്ന് ചിത്രങ്ങളിൽനിന്ന് വ്യക്തമാണ്.
വന്യജീവി ആക്രമണങ്ങളിൽ ആളുകൾ കൊല്ലപ്പെടുകയോ അംഗഭംഗം സംഭവിക്കുകയോ ചെയ്യുന്നത് കൂടാതെ, ഇത്തരം സംഭവങ്ങൾ കാർഷികജോലികളെ പ്രതികൂലമായി ബാധിക്കുന്നതായി സാമൂഹികപ്രവർത്തകനായ ചിന്തമാൻ ബലംവർ പറയുന്നു. ചാന്ദ്‌ലി സ്വദേശിയും ഭാഗികമായി കന്നുകാലി വളർത്തൽ നടത്തുന്ന കുർമാർ സമുദായത്തിലെ അംഗവുമാണ് അദ്ദേഹം. സംസ്ഥാനത്ത് മറ്റു പിന്നാക്കവിഭാഗമായി പരിഗണക്കപ്പെടുന്നവരാണ് ഈ സമുദായക്കാർ. "കർഷകർ അപൂർവമായേ റാബി വിളകൾ കൃഷി ചെയ്യുന്നുള്ളൂ എന്ന് മാത്രമല്ല തൊഴിലാളികൾ കൃഷിയിടങ്ങളിലേക്ക് പോകാൻപോലും ഭയപ്പെടുകയാണ്," അദ്ദേഹം പറയുന്നു.
വന്യജീവി ആക്രമണവും കടുവയുടെ സഞ്ചാരവും പല ഗ്രാമങ്ങളിലെയും റാബി വിളകളുടെ കൃഷിയെയാണ് കൂടുതലും ബാധിച്ചിട്ടുള്ളത്; കൃഷിയിടങ്ങളിൽ രാത്രി കാവലിരിക്കുന്ന സമ്പ്രദായം ഏറെക്കുറെ നിലച്ചിരിക്കുന്നു. വൈകുന്നേരമായാൽ, അടിയന്തിരഘട്ടങ്ങളിൽപോലും നേരത്തെ ചെയ്തിരുന്നതുപോലെ ഗ്രാമം വിട്ട് പുറത്തേയ്ക്ക് പോകാൻ ആളുകൾ ഭയപ്പെടുകയാണ്.
അതേസമയം കവാതിയിൽ സുധീറിന്റെ അമ്മ, നേരത്തെ കർഷകത്തൊഴിലാളിയായിരുന്ന ശശികലാബായിക്ക് തന്റെ മകൻ കാട്ടുപന്നിയുടെ ആക്രമണം നടന്ന ആ നശിച്ച ദിവസം തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് നല്ല ബോധ്യമുണ്ട്.
"അജി മാജാ പോർഗ വാച്ലാ ജി," ദൈവത്തെ സ്തുതിച്ചുകൊണ്ട് അവർ മറാത്തിയിൽ ആവർത്തിച്ചുകൊണ്ടിരുന്നു. അന്ന് എന്റെ മകൻ മരണത്തിൽനിന്ന് രക്ഷപ്പെട്ടു എന്നാണ് അവർ പറയുന്നത്. "അവനാണ് ഞങ്ങളുടെ ആശ്രയം." സുധീറിന്റെ അച്ഛൻ ഏറെക്കാലം മുൻപേ മരണപ്പെട്ടതാണ്. "അന്ന് കാട്ടുപന്നിയ്ക്ക് പകരം കടുവയാണ് അക്രമിച്ചതെങ്കിൽ എന്തായിരിക്കും സംഭവിച്ചിട്ടുണ്ടാവുക?" ആ അമ്മ ചോദിക്കുന്നു.
പരിഭാഷ: പ്രതിഭ ആര്‍. കെ .