ഫാൽഗുന മാസം കഴിയാറായി. സുരേന്ദ്രനഗർ ജില്ലയിലെ ഖരഘോഡ സ്റ്റേഷന്റെ സമീപത്തുള്ള ചെറിയ കനാലിലെ വെള്ളത്തിനുമുകളിൽ, അലസമായ ഒരു ഞായറാഴ്ച പകൽ തൂങ്ങിനിന്നു. താത്ക്കാലികമായുണ്ടാക്കിയ ഒരു തടകൊണ്ട് കനാലിലെ വെള്ളത്തിനെ ഒരു ചെറിയ കുളമാക്കി മാറ്റിയിരിക്കുന്നു. അതിന്റെ തീരത്തിരുന്ന് ധ്യാനിക്കുന്ന കുട്ടികളുടെ നിശ്ശബ്ദതയെ ഭഞ്ജിച്ചുകൊണ്ട് വെള്ളത്തിന്റെ ശബ്ദം കേൾക്കാം. തീരത്ത് ആ ഏഴ് ആൺകുട്ടികൾ കുളത്തിൽ വലവിരിച്ച്, മീൻ കുടുങ്ങുന്നതും നോക്കി അനങ്ങാതിരിക്കുന്നു. ചൂണ്ട ഒന്ന് വലിഞ്ഞ് മുന്നോട്ടാഞ്ഞാൽ, ആ ചെറിയ കൈകളിൽ പിടിച്ചിരിക്കുന്ന ചൂണ്ട പ്രവർത്തിക്കാൻ തുടങ്ങുകയായി. ഒരു മീൻ വെള്ളത്തിൽനിന്ന് പുറത്തെത്തും. കുറച്ച് മാത്രകൾ അത് കരയിൽ പിടപിടയ്ക്കും. പിന്നെ നിശ്ചലമാവും.
തീരത്തുനിന്ന് കുറച്ചുകൂടി അകലെയായി അക്ഷയ് ദരോദരയും മഹേഷ് സിപാരയും അങ്ങോട്ടുമിങ്ങോട്ടും ഒച്ചയിട്ട്, ചീത്ത വിളിച്ച്, കൈയ്യിലുള്ള വാക്കത്തികൊണ്ട് മീൻ വൃത്തിയാക്കി, മുറിച്ച്, ചിതമ്പലുകൾ കളയുന്നു. മഹേഷിന് പതിനഞ്ച് വയസ്സാവാറായി. മറ്റ് ആറുപേരും ചെറിയ കുട്ടികളാണ്. മീൻ പിടുത്തം കഴിഞ്ഞു. ഇനി ഒളിച്ചുകളിയും, വർത്തമാനം പറച്ചിലും, ആർത്തട്ടഹസിക്കലുമാണ്. മീൻ വൃത്തിയായി. അടുത്തത് സമൂഹപാചകമാണ്. തമാശ തുടരുന്നു, പങ്കുവെപ്പുകളും. ആവോളം ചിരി ചേർത്ത ഒരു ഊണ്.
അല്പം കഴിഞ്ഞ് ആ ആൺകുട്ടികൾ കുളത്തിലേക്ക് ചാടി നീന്താൻ തുടങ്ങി. പിന്നെ തീരത്തെ പുല്ലിലിരുന്ന് ദേഹമുണക്കാൻ തുടങ്ങി. അവരിൽ മൂന്ന് ആൺകുട്ടികൾ ഇടയഗോത്രമായ ചുംവാലിയ കോലിക്കാർ, രണ്ടുപേർ മുസ്ലിം സമുദായക്കാർ. മറ്റ് രണ്ടുപേരും ചിരിച്ചും വർത്തമാനം പറഞ്ഞും, പരസ്പരം ചീത്തവിളിച്ചും അവിടെയൊക്കെ ചുറ്റിനടന്ന് സമയം കളയുന്നു. ഞാൻ മെല്ലെ അവരുടെയടുത്തേക്ക് ചെന്ന് പുഞ്ചിരിച്ചുകൊണ്ട്, അപരിചിതത്വം ഭേദിക്കാൻ ആദ്യത്തെ ചോദ്യം ചോദിച്ചു, ഹേയ്, എത്രാം ക്ലാസ്സിലാണ് നിങ്ങളൊക്കെ?”
നൂൽബന്ധമില്ലാത്ത ശരീരത്തോടെ പവൻ ചിരിച്ചുകൊണ്ട് പറയുന്നു, “ഈ മഹേഷിയോ (മഹേഷ്) ഒമ്പതിലാണ്, വിലാസിയോ (വിലാസ്) ആറിലും. ബാക്കിയാരും സ്കൂളിൽ പോകുന്നില്ല. ഞാനും.” അവൻ ഒരു അടയ്ക്കാപ്പൊടിയുടെ (സുപാരി) പാക്കറ്റ് കീറി, മറ്റൊരു പാക്കറ്റിൽനിന്നും പുകയിലയെടുത്ത് രണ്ടുംകൂടി തിരുമ്മി. ഒരു നുള്ളെടുത്ത്, തൊണ്ണിനിടയിൽ വെച്ച്, ബാക്കിയുള്ളത് കൂട്ടുകാർക്ക് നീട്ടി. ചുവന്ന നിറത്തിലുള്ള ദ്രാവകം വെള്ളത്തിലേക്ക് തുപ്പി അവൻ മെല്ലെ കൂട്ടിച്ചേർത്തു: “പഠിക്കാൻ ഒരു സുഖം തോന്നുന്നില്ല. ആ ടീച്ചർ ഞങ്ങളെ എപ്പോഴും തല്ലും,” എന്റെയുള്ളിൽ ഒരു തണുപ്പ് പടർന്നു.

ഷാരൂഖും (ഇടത്ത്) സൊഹിലും മീൻപിടുത്തത്തിൽ ശ്രദ്ധിച്ചിരിക്കുന്നു

മഹേഷും അക്ഷയും മീൻ വൃത്തിയാക്കുന്നു

മൂന്ന് കല്ലുകൾ കൂട്ടിവെച്ച് ഒരു അടുപ്പുണ്ടാക്കിയിട്ടുണ്ട്. കൃഷ്ണ കുറച്ച് അകേഷ്യാ കൊമ്പുകളും കുറച്ച് പ്ലാസ്റ്റിക്ക് ബാഗുകളുമിട്ട്, അടുപ്പിന് തീ കൊടുക്കുന്നു

അക്ഷയ് പാത്രത്തിൽ എണ്ണ ഒഴിക്കുമ്പോൾ, കൃഷ്ണയും വീശാലും പവനും ആകാംക്ഷയോടെ കാത്തിരിക്കുന്നു

ഒരു കുട്ടി, അവൻ കൊണ്ടുവന്ന പരന്ന പാത്രത്തിൽ മീൻ വെക്കുന്നു. സോഹിൽ എണ്ണയും, വിശാൽ മുളകുപൊടിയും ഉപ്പും മഞ്ഞൾപ്പൊടിയും കൊണ്ടുവന്നു

ഊണിന് കാത്തിരിക്കുന്ന കൃഷ്ണ

പാചകം പുരോഗമിക്കുന്നു. കുട്ടികൾ ആകാംക്ഷയോടെ തീയിനരികെ

സ്വന്തമായി വിരിച്ച ഒരു ടർപോളിൻ ഷെഡ്ഡിന്റെ തണലിൽ, വീട്ടിൽനിന്ന് കൊണ്ടുവന്ന റൊട്ടിയും കൂട്ടി സ്വയം പാചകം ചെയ്ത ഭക്ഷണം കുട്ടികൾ ആസ്വദിക്കുന്നു

നല്ല എരിവുള്ള മീൻകറിയും, നല്ല ചൂടുള്ള ഉച്ചനേരവും

ചൂടും വിയർപ്പുമായ സ്ഥിതിക്ക് ഇനിയൊന്ന് നീന്താം

‘വാ നീന്താം’ കനാൽ വെള്ളത്തിലേക്ക് ചാടിക്കൊണ്ട് മഹേഷ് പറയുന്നു

സ്കൂളിലെ ടീച്ചർ തല്ലുമെന്ന് ഭയന്ന്, ആ ഏഴ് ആൺകുട്ടികളിൽ അഞ്ചുപേരും സ്കൂളിൽ പോകുന്നില്ല

നീന്തുമ്പോൾ അവർ നീന്തുന്നു, അല്ലാത്ത സമയം മുഴുവൻ കളിക്കുന്നു, ജീവിതം പഠിപ്പിക്കുന്നത് പഠിക്കുകയും ചെയ്യുന്നു
പരിഭാഷ: രാജീവ് ചേലനാട്ട്